സാമൂഹ്യപ്രവര്‍ത്തനം ഇസ്‌ലാമില്‍ പുണ്യമാണ്
socialസാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും സാമുദായിക സേവനങ്ങള്‍ക്കും മറ്റേതു പ്രത്യയശാസ്ത്രങ്ങളെക്കാളും ഇസ്‌ലാം പ്രാധാന്യം കല്‍പിക്കുന്നുണ്ട്. നന്മയില്‍ നിങ്ങള്‍ പരസ്പരം സഹകരിക്കുക; അധര്‍മത്തിലും ശത്രുതയിലും നിങ്ങള്‍ നിസ്സകഹകരണം കാണിക്കുക (മാഇദ: 2) എന്ന ഖുര്‍ആന്‍ വാക്യത്തെ അടിസ്ഥാനമാക്കിയാണ് ഈയൊരു സംഗതി മനസ്സിലാക്കപ്പെടുന്നത്. ഇവിടെ സാമൂഹിക സേവനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് മനുഷ്യനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല. പ്രത്യുത, അവന്റെ ജീവിത പരിസരവുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രകൃതിയുമായും മറ്റു ജീവജാലങ്ങളുമായും ബന്ധപ്പെടുന്ന സേവനങ്ങളും ഈ ഗണത്തില്‍ മനസ്സിലാക്കപ്പെടണം. അവയെല്ലാം ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് മാനുഷ്യകത്തിന്റെ വളര്‍ച്ചക്ക് സംഭാവനകള്‍ ചെയ്തിട്ടുള്ളവയാണ്. ഉദാഹരണത്തിന് സ്മാര്‍ട് ഫോണുകളുടെ വിസ്മയകരമായ വിസ്‌ഫോടനം മാത്രമെടുക്കാം. ഇന്നിത് മനുഷ്യ ജീവിതത്തിന്റെ വഴിയെത്തന്നെ മുച്ചൂടും മാറ്റിമറിച്ചുകഴിഞ്ഞു. മറ്റൊരു ദിശയില്‍ പറഞ്ഞാല്‍, അര്‍ദ്ധരാത്രി, മറ്റൊരാളുടെയും ദഷ്ടിയില്‍ പെടാത്തവിധം, വഴിയില്‍നിന്നും യാത്രക്കാര്‍ക്ക് തടസ്സമായി നില്‍ക്കുന്ന മുള്ള് എടുത്തുമാറ്റുന്നതും സാമൂഹിക സേവനം തന്നെയാണ്. സാമൂഹ്യസേവനം എന്ന ആശയത്തെ ഈയൊരു വിശാലമായ ഫ്രയിംവര്‍ക്കിനുള്ളില്‍ മനസ്സിലാക്കുമ്പോള്‍ എല്ലാ സമൂഹങ്ങളിലുംപെട്ട എല്ലാ ആളുകളും ഒരുനിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് സാമൂഹിക സേവനം നടത്തിക്കൊണ്ടിരിക്കുന്നതായി കാണാന്‍ കഴിയും. ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ വാചികമായോ ശാരീരികമായോ ബൗദ്ധികമായോ സംഭവിക്കാം. ഏതുതന്നെയാണെങ്കിലും ആര്‍ക്കുനേരെയാണോ ഇതുണ്ടാകുന്നത് അവര്‍ക്ക് ഇതില്‍നിന്നും പോസിറ്റീവ് എനര്‍ജി ലഭിക്കുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ ഇതുമായി ബന്ധപ്പെട്ട് പറയുന്നത് ഇങ്ങനെയാണ്: ''നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. മറിച്ച് അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്മാരിലും വിശ്വസിക്കുകയും സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കന്നും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിനും നല്‍കുകയും പ്രാര്‍ത്ഥന (നമസ്‌കാരം) മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍'' (അല്‍ബഖറ: 177). ഈ സൂക്തം സൂചിപ്പിക്കുന്നത് ഒരാളുടെ വിശ്വാസത്തിന്റെ പൂര്‍ണത അയാളുടെ വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെട്ടോ ആരാധനകളുമായി ബന്ധപ്പെട്ടോ മാത്രമല്ല നിലകൊള്ളുന്നത്. മറിച്ച്, തന്റെ സഹലോകത്തെ സഹായിക്കാന്‍ അവര്‍ എപ്പോഴാണോ സാമ്പത്തികമായും ശാരീരികമായും സന്നദ്ധരാകുന്നത് അപ്പോള്‍ മാത്രമാണ് എന്നതാണ്. നിസ്സഹായരെയും അവശത അനുഭവിക്കുന്നവരെയും തിരിച്ചറിഞ്ഞ് അവരോടൊപ്പം നില്‍ക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നതാണ് വിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഒരു ഘടകം. മറ്റൊരു നിലക്കു പറഞ്ഞാല്‍, സാമൂഹിക സേവനത്തിനു നാം തീരുമാനിച്ച് ഇറങ്ങിത്തിരിക്കുന്നപക്ഷം നമുക്ക് അങ്ങേയറ്റം വേണ്ടപ്പെട്ട പലതും ത്യജിച്ച് സമര്‍പ്പണ മനസ്സോടെ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങേണ്ടതായി വരും. തികഞ്ഞ ക്ഷമയും സഹനവും മുറുകെ പിടിക്കുകയും സത്യസന്ധതയും കൃത്യനിഷ്ഠയും ശീലമാക്കുകയും ചെയ്യേണ്ടിവരും. ഈ സേവനപ്രവര്‍ത്തനങ്ങള്‍ രണ്ടു നിലക്ക് ഉണ്ടാകാവുന്നതാണ്. ഭക്ഷണം, വസ്ത്രം പോലെ അളന്നെടുക്കാനാവുന്ന സാധനങ്ങള്‍ കൈമാറിക്കൊണ്ടും അല്ലെങ്കില്‍ മാര്‍ഗദര്‍ശനം, അറിവ് പകരല്‍, കൗണ്‍സിലിംഗ് പോലെ അളന്നെടുക്കാനാവാത്ത അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും. അളന്നെടുക്കാവുന്ന വസ്തുക്കള്‍കൊണ്ടുള്ള സഹായം എന്നതുകൊണ്ട് നിര്‍ബന്ധിത സക്കാത്ത് ഒരിക്കലും ഉദ്ദേശിക്കപ്പെടുന്നതല്ല. അത് ഓരോരുത്തര്‍ക്കും തന്റെ കഴിവിനനുസരിച്ച് നല്‍കല്‍ അനിവാര്യമായ സംഗതിയാണ്. മറിച്ച്, തന്റെ അടുത്ത് മിച്ചമായിവരുന്ന സമ്പാദ്യം സ്വമനസ്സാ ദാനം ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കുകയും അവനുമായി സഹകരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും അവിടെ സ്‌നേഹവും ഐക്യവും വളര്‍ന്നുവരുന്നതാണ്. ഇനി ഹദീസുകളില്‍ സാമൂഹിക സേവനത്തിന്റെ മേന്മയിലേക്കു വെളിച്ചംവീശുന്ന പരാമര്‍ശങ്ങള്‍ നോക്കാം. ഇമാം അബൂഹുറൈറ (റ) യില്‍നിന്നും നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: ''ആരെങ്കിലും ഐഹിക ലോകത്തുവെച്ച് ഒരു മുസ്‌ലിമിനു വന്നുപെട്ട വല്ല വിപത്തും ദുരീകരിച്ചുകൊടുത്താല്‍ പാരത്രിക ലോകത്തുവെച്ച് അവന് അനുഭവപ്പെടുന്ന വെഷമങ്ങളെ അല്ലാഹു ദൂരീകരിച്ചുനല്‍കുന്നതാണ്. ആരെങ്കിലും തന്റെ സഹോദരന്റെ വല്ല ന്യൂനതയും രഹസ്യമാക്കിവെച്ചാല്‍ നാളെ അവന്റെ ന്യൂനതകളെ അല്ലാഹു രഹസ്യമാക്കിവെക്കുന്നതാണ്. ഒരാള്‍ തന്റെ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിക്കുന്നതായിരിക്കും.'' അന്യരുടെ കാര്യങ്ങള്‍ പക്വതയോടും സൂക്ഷ്മതയോടും മാത്രം കൈകാര്യം ചെയ്യണമെന്നാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. അന്യരെക്കുറിച്ചുള്ള കൊച്ചുകൊച്ചു കാര്യങ്ങള്‍ പോലും അവന്റെ ഇഷ്ടമില്ലാതെ  പുറത്ത് ഫ്‌ളാഷാക്കാന്‍ പാടില്ല. കാരണം, അതൊരുപക്ഷെ, കുടുംബ ശൈഥില്യത്തിലേക്കുവരെ കൊണ്ടെത്തിച്ചേക്കാം. അപ്പോള്‍ വലിയ വലിയ കാര്യങ്ങള്‍ പുറത്തുപറയുന്നതിനാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇതിനോട് ചേര്‍ന്ന് ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം ആര് എവിടെവെച്ച് എത്ര ചെറിയ നന്മ ചെയ്താലും അല്ലാഹു അതിനുള്ള പ്രതിഫലം നല്‍കും എന്നുള്ളതാണ്. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ എടുത്തുപറഞ്ഞിട്ടുണ്ട് (99:7). നന്മ ചെയ്യുന്നവരുടെ പ്രതിഫലത്തെ നാം ഒരിക്കലും പാഴാക്കിക്കളയുകയില്ലെന്ന് സൂറത്തുല്‍ കഹ്ഫിലും അല്ലാഹു വ്യക്തമാക്കുന്നുണ്ട്. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നവരെ തീര്‍ച്ചയായും അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യേണ്ടതുണ്ട്. കാരണം, അതിന് അവര്‍ തുനിഞ്ഞതു തന്നെ വലിയൊരു കാര്യമാണ്. അതാണ് ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞത്: ആരെങ്കിലും ഒരാളെ സല്‍പന്ഥാവിലേക്കു വഴി നടത്തിയാല്‍ സമാനമായ പ്രതിഫലം അവര്‍ക്കും ഉണ്ടായിരിക്കുന്നതാണ്. ആരെങ്കിലും ഒരാളെ വഴികേടിലേക്കു കൊണ്ടെത്തിച്ചാല്‍ സമാനമായ തിക്തഫലവും അവനുമുണ്ടാകുന്നതാണ്.' സ്വമേധയാ ഉള്ള സാമൂഹിക സേവനം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നതാണെന്നും മനുഷ്യരുടെ ഐക്യപൂര്‍ണമായ നിര്‍മിതിക്കും കെട്ടുറപ്പിനും അത് അനിവാര്യമാണെന്നും ഇത്തരം പ്രസ്താവനകളില്‍നിന്നും സുവ്യക്തമാകുന്നു. പ്രതിഫലേച്ഛയോടും പ്രത്യുപകാരേച്ഛയില്ലാതെയും ഇത്തരം സേവന പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ സാമൂഹിക വര്‍ക്കുകളും നടത്തുമ്പോഴാണ് ഇവയെല്ലാം ദൈവിക തൃപ്തിയിലധിഷ്ഠിതമായി മാറുന്നത്. അല്ലാത്തപക്ഷം അവയുടെ പ്രതിഫലം നാസ്തിയായിരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter