രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനൊരു തുറന്ന കത്ത്

പ്രിയപ്പെട്ട രാംനാഥ് കോവിന്ദ് ജി,

നമസ്‌കാരം. ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ ആദ്യമായി താങ്കളെ അഭിനന്ദിക്കുന്നു. ഔന്നത്യങ്ങള്‍ സ്വായത്തമാക്കാന്‍ ക@ിനാധ്വാനം ചെയ്ത ദലിതന്‍ എന്ന് ബി.ജെ.പി പ്രസിഡന്റ് താങ്കളെ വിശേഷിപ്പിച്ചത് ഏറെ ഹൃദ്യമായി തോന്നുന്നു. ഈ വരുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ താങ്കളെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത് താങ്കളുടെ ദലിത് ഐഡന്റിറ്റി കണക്കിലെടുത്തുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രിസഭയിലെ ദലിത് മന്ത്രിയായ രാം വിലാസ് പാസ്വാനും വ്യക്തമാക്കുകയുണ്ടായി. താങ്കളുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്യുന്നവര്‍ ദലിത് വിരുദ്ധരാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഏതായാലും, രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും ക്രിസ്ത്യാനികളും മുസ്‌ലിംകളുമടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളും ദിലിതരും മര്‍ദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് താങ്കളുടെ സ്ഥാനാര്‍ത്ഥിത്വം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. 

എന്നാല്‍, ഒരു സ്വയംസേവക് പ്രവര്‍ത്തകനായതുകൊണ്ടാണ് താങ്കള്‍ തെരഞ്ഞെടുക്കപ്പെട്ടത് എന്നാണ് ആര്‍.എസ്.എസ് നേതാക്കന്മാര്‍ അവകാശപ്പെടുന്നത്. താങ്കള്‍ ഒരു ഹിന്ദു ദേശീയ വാദിയാണെന്ന് ഇത് വ്യക്തമാക്കുന്നു. കാന്‍പൂര്‍ ദേഹാതില്‍ പരമ്പരാഗതമായി ലഭിച്ച വീട് താങ്കള്‍ ആര്‍.എസ്.എസ്സിന് സംഭാവന ചെയ്തതായും ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്.

ഇത്തരം വസ്തുതകളുടെ വെളിച്ചത്തില്‍, താങ്കള്‍ ഏറ്റെടുക്കാന്‍ പോകുന്ന മതേര-ജനാധിപത്യ രാജ്യമായ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരമോന്നത സ്ഥാനമായ രാഷ്ട്രപതിയാവുക എന്നതിനും താങ്കള്‍ വെച്ചുപുലര്‍ത്തുന്ന ആദര്‍ശത്തിനുമിടയില്‍ വലിയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതായി എനിക്ക് തോന്നുന്നു. അത് ഞാന്‍ വളരെ വിനയത്തോടെ താഴെ കുറിക്കുകയാണ്:

1. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്കും ആര്‍.എസ്.എസ്സുകാരന്റെ സത്യപ്രതിജ്ഞക്കുമിടയിലെ സംഘര്‍ഷം.

ഒരു പ്രസിഡന്റ് എന്ന നിലക്ക് താങ്കള്‍ ഇങ്ങനെയായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക: 

'ഞാന്‍ രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ പ്രസിഡന്റ് പദവി വളരെ സത്യസന്ധമായി വിനിയോഗിക്കുമെന്ന് ദൈവനാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു. രാജ്യത്തിന്റെ നിയമത്തെയും ഭരണഘടനയെയും കഴിവിന്റെ പരമാവധി ഞാന്‍ സംരക്ഷിക്കുമെന്നും അതിനുവേണ്ടി നിലനില്‍ക്കുമെന്നും ഞാന്‍ ഉറപ്പുതരുന്നു. രാജ്യത്തിനും ഇവിടത്തെ പൗരന്മാര്‍ക്കും ഞാന്‍ എന്റെ സേവനങ്ങളെ സമര്‍പ്പിക്കുന്നതാണ്.'

പക്ഷെ, ഒരു ആര്‍.എസ്.എസ്സുകാരന്‍ എന്ന നിലക്ക് താങ്കളുടെ പ്രതിജ്ഞ ഇങ്ങനെയായിരിക്കും: 

'സര്‍വ്വ ശക്തനായ ദൈവത്തിനും എന്റെ പൂര്‍വ്വ പിതാക്കള്‍ക്കും മുമ്പില്‍ ഞാന്‍ സഗൗരവം പ്രതിജ്ഞയെടുക്കുന്നു. പരിശുദ്ധമായ ഹിന്ദു മതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ഹിന്ദു സംസ്‌കാരത്തിന്റെയും വളര്‍ച്ചയെ ശക്തിപ്പെടുത്തുകവഴി ഭാരതവര്‍ഷയുടെ മഹത്വം നേടിയെടുക്കുന്നതിനായി ഞാന്‍ ആര്‍.എസ്.എസ്സില്‍ അംഗമാകുന്നു. വളരെ ആത്മാര്‍ത്ഥതയോടെയും സത്യന്തതയോടെയും ഞാന്‍ സംഘത്തിന്റെ ജോലികള്‍ ചെയ്യുന്നതാണ്. എന്റെ ജീവിതത്തിലുടനീളം ഈ ലക്ഷ്യസാക്ഷാല്‍കാരത്തിനായി ഞാന്‍ ഉറച്ചുനില്‍ക്കുന്നതായിരിക്കും. ഭാരത് മാതാ കീ ജെയ്.'

മാത്രവുമല്ല, എല്ലാവരെയും ഉള്‍കൊള്ളുന്ന ഒരു മതേതര ഇന്ത്യയെ ആര്‍.എസ്.എസ് ഒരിക്കലും അംഗീകരിക്കുന്നില്ല.

സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പത്തെ ദിവസം പുറത്തിറങ്ങിയ ഓര്‍ഗനൈസറില്‍ രാജ്യത്തിന്റെ ബഹുസ്വര സങ്കല്‍പത്തെ തള്ളിക്കളയുന്ന ഭാഗങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചിരുന്നു. 1947 ഓഗസ്റ്റ് 14 ന് രാജ്യം 'എങ്ങോട്ട്?' എന്ന തലക്കെട്ടില്‍ വന്ന എഡിറ്റോറിയലില്‍ ഇങ്ങനെ കാണാം:

'ദേശീയതയെക്കുറിച്ച തെറ്റായ സങ്കല്‍പങ്ങള്‍ നമ്മെ ഒരിക്കലും സ്വാധീനിക്കരുത്. ഇന്ത്യയില്‍ ഹിന്ദുക്കള്‍തന്നെ രാഷ്ട്രം രൂപീകരിക്കുമെന്ന തീരുമാനം അംഗീകരിക്കപ്പെടുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവിധ ആശയക്കുഴപ്പങ്ങളും നീങ്ങിപ്പോകുന്നതാണ്. ഹിന്ദു പാരമ്പര്യം, സംസ്‌കാരം, ആദര്‍ശം, താല്‍പര്യം തുടങ്ങിയവയുടെ മേല്‍ ഹിന്ദുക്കള്‍തന്നെ രൂപീകരിക്കുന്ന ഒരു രാജ്യമായിരിക്കണം അത്.'

2. ത്രിവര്‍ണ പതാകക്കും കാവിക്കുമിടയിലെ സംഘര്‍ഷം

സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ആര്‍.എസ്.എസ് എന്നും രാജ്യത്തിന്റെ ത്രിവര്‍ണ പതാകക്ക് എതിരായിരുന്നു.

1946 ജൂലൈ 14 ന് നാഗ്പൂറില്‍ നടന്ന ഗുരുപൂര്‍ണിമ സംഗമത്തില്‍ തങ്ങളുടെ സംസ്‌കാരത്തെ പ്രനിധീകരിക്കുന്നത് കാവി പതാകയാണെന്ന് ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കിരുന്നു. ഇത് ദൈവത്തിന്റെ മൂര്‍ത്തീകരണമാണ് എന്നു സൂചിപ്പിച്ച അദ്ദേഹം പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: 'ഒടുവില്‍, ഒരു ദിവസം രാജ്യം മുഴുവനും ഈ കാവി പതാകയുടെ മുമ്പില്‍ കുമ്പിടുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.'

1947 ജൂലൈ 22 നാണ് ത്രിവര്‍ണ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി സ്വീകരിക്കപ്പെടുന്നത്. ഇതിനു തൊട്ടുമുമ്പ് ജൂലൈ 17 ന് ഓര്‍ഗനൈസറില്‍ 'ദേശത്തിന്റെ പതാക' എന്ന തലക്കെട്ടില്‍ ഒരു എഡിറ്റോറിയല്‍ വന്നിരുന്നു. ദേശീയ പതാകയുമായി ബന്ധപ്പെട്ട് നടന്നുവന്ന ചര്‍ച്ചകളോടുള്ള പ്രതികരണമായിരുന്നു അത്. എല്ല പാര്‍ട്ടികള്‍ക്കും സമുദായങ്ങള്‍ക്കും സ്വീകാര്യമായതിനാല്‍ ത്രിവര്‍ണ പതാക രാജ്യത്തിന്റെ ദേശീയ പതാകയായി സ്വീകരിക്കപ്പെടുന്നുവെന്ന വാര്‍ത്തയെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു അതിലെ ഉള്ളടക്കം. അതിന്റെ ചില ഭാഗങ്ങള്‍ ഇങ്ങനെ വായിക്കാം:

'പതാക ഇന്ത്യയിലെ എല്ലാ പാര്‍ട്ടികള്‍ക്കും സമുദായങ്ങള്‍ക്കും സ്വീകാര്യമായിരിക്കണമെന്നത് നമ്മളാരും അംഗീകരിക്കുന്നില്ല. ഇതൊരു അസംബന്ധ വാദം മാത്രമാണ്. പതാക രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ ഒരേയൊരു രാജ്യം മാത്രമേയുള്ളൂ. അത് ഹിന്ദു രാജ്യമാണ്. 5000 ലേറെ വര്‍ഷം ഇടവിടാത്ത ചരിത്ര പാരമ്പര്യമുള്ള മണ്ണാണത്. അതാണ് നമ്മുടെ രാജ്യം. അതിനെ മാത്രം പ്രതിനിധീകരിക്കുന്നതായിരിക്കണം പതാക. ഇവിടത്തെ എല്ലാ സമുദായങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒരു പതാക കണ്ടെത്തുക നമുക്ക് സാധ്യമല്ല. അത് ഏറെ സങ്കീര്‍ണവും അനാവശ്യവുമായിരിക്കും. ഒരു തെയ്യല്‍കാരാന്‍ കുപ്പായം തെയ്യുന്നപോലെ ഉണ്ടാക്കാവുന്നതല്ലല്ലോ നമ്മുടെ ദേശീയ പതാക.'

3. ജനാധിപത്യത്തിനും ആര്‍.എസ്.എസ്സ് വെറുപ്പിനുമിടയിലെ സംഘര്‍ഷം

ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ക്കപ്പുറം ആര്‍.എസ്.എസ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഇന്ത്യ ഒരു ഏകാധിപത്യ ഭരണത്തിനു കീഴില്‍ വരണമെന്നതാണ്. 1940 ല്‍ നാഗ്പൂരില്‍ നടന്ന ആര്‍.എസ്.എസ് കേഡര്‍മാരുടെ ഒരുന്നത തല സംഗമത്തില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞു:

'ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന ആശയത്താല്‍ പ്രചോദിതമായ ആര്‍.എസ്.എസ്സാണ് രാജ്യത്തുടനീളം ഹിന്ദുത്വയുടെ ജ്വാലകള്‍ പടര്‍ത്തിക്കൊണ്ടിരിക്കുന്നത്.'76

ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന ഈയൊരു മുദ്രാവാക്യം ആര്‍.എസ്.എസ് കടമെടുത്തത് യൂറോപ്പിലെ ഫാസിസ്റ്റ്, നാസിസ്റ്റ് പാര്‍ട്ടികളില്‍നിന്നാണെന്നത് വ്യക്തമാണ്. 

4. ഭരണ ഘടനക്കും മനുസ്മൃതിക്കുമിടയിലെ സംഘര്‍ഷം

രാജ്യത്തിന്റെ ഭരണഘടനക്കു പകരം മനുസ്മൃതി കൊണ്ടുവരാനാണ് ആര്‍.എസ്.എസ് എന്നും ശ്രമിച്ചിരുന്നത്. പലയിടങ്ങളിലായി ആര്‍.എസ്.എസ് ആചാരന്യന്മാര്‍ ഇത് വ്യക്തമാക്കിയതായി കാണാം:

ഹിന്ദുത്വ സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കര്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

'നമ്മുടെ ഹിന്ദു രാജ്യത്ത് വേദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതല്‍ ആരാധനാ യോഗ്യമായ വേദഗ്രന്ഥമാണ് മനുസ്മൃതി. ആദ്യകാലങ്ങള്‍ മുതല്‍തന്നെ നമ്മുടെ സംസ്‌കാരം, ചിന്ത, ആചാരങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനവും അതായിരുന്നു. നൂറ്റാണ്ടുകളായുള്ള നമ്മുടെ നാടിന്റെ ആത്മീയ സഞ്ചാരം ഈ കൃതി ക്രോഡീകരിച്ചിട്ടുണ്ട്. ഇന്നു പോലും കോടിക്കണക്കിന് ഹിന്ദുക്കള്‍ അവരുടെ നിത്യ ജീവിതത്തില്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനവും അതുതന്നെയാണ്. ഇന്ന് മനുസ്മൃതിയെ നമുക്ക് ഹിന്ദു നിയമമെന്നു വിളിക്കാം.'

ഹിന്ദുക്കള്‍ക്കിടയിലെ ജാതി, വര്‍ണ വ്യവസ്ഥ എന്നിയവയെക്കുറിച്ച് മനുസ്മൃതിയാണ്. ഈ ജാതി വിവേചനത്തെ പുനസ്ഥാപിക്കാനാണ് ആര്‍.എസ്.എസ് എന്നും ശ്രമിച്ചിട്ടുള്ളത്. 

ദലിതുകളുമായി ബന്ധപ്പെട്ട ക്രൂരമായ ധാരാളം നിയമങ്ങള്‍ മനുസ്മൃതി പരിചയപ്പെടുത്തുന്നുണ്ട്. അതില്‍നിന്നും ചിലത് ഇങ്ങനെ മനസ്സിലാക്കാം:

1. ലോകങ്ങളുടെ ക്ഷേമത്തിനായി ദൈവം തന്റെ വായില്‍നിന്ന് ബ്രാഹ്മണരെയും കൈയില്‍നിന്ന് ക്ഷത്രിയരെയും തുടയില്‍നിന്ന് വൈശ്യരെയും പാദത്തില്‍നിന്ന് സൂദ്രരെയും സൃഷ്ടിച്ചു.

2. മറ്റു മൂന്നു ജാതിക്കാരെയും സേവിക്കുകയെന്നതാണ് സൂദ്രര്‍ക്ക് ദൈവം നിര്‍ദേശിച്ച ഒരേയൊരു ജോലി.

3. ഏക ജന്മമുള്ള ഒരു സൂദ്രന്‍ ദ്വിജന്മ ജാതിക്കാരെ അപമാനിച്ചാല്‍, താഴ്ന്ന ജാതിക്കാരനായതുകൊണ്ടുതന്നെ, അവന്റെ നാവ് അരിഞ്ഞെടുക്കണം.

4. ദ്വിജന്മ ജാതിക്കാരുടെ പേരോ ജാതിയോ സൂദ്രന്‍ അവജ്ഞയോടെ സൂചിപ്പിച്ചാല്‍ പത്തു വിരല്‍ നീളമുള്ള ചുട്ടെടുത്ത ഇരുമ്പാണി അവന്റെ വായില്‍ കുത്തിയിറക്കണം.

5. ബ്രാഹ്മണരെ ഉത്തരവാദിത്തം പഠിപ്പിക്കാനായി അവര്‍ മുന്നോട്ടു വന്നാല്‍ രാജാവ് അവരുടെ വായിലും ചെവികളിലും ചൂടുള്ള എണ്ണയൊഴിക്കണം. 

6. താഴ്ന്ന ജാതിക്കാരന്‍ ഉന്നത ജാതിക്കാരനെ വേദനിപ്പിച്ചാല്‍, ഏത് അവയവം കൊണ്ടാണോ അത് ചെയ്തത് ആ അവയവം ഛേദിക്കപ്പെടണം.

7. ഒരാള്‍ക്കു നേരെ കൈ ഉയര്‍ത്തുകയോ വടി ഓങ്ങുകയോ ചെയ്താല്‍ അവന്റെ കൈ മുറിക്കപ്പെടണം. ദേഷ്യം കാരണം കാലുകൊണ്ട് തട്ടുകയാണെങ്കില്‍ അവന്റെ കാല്‍ മുറിക്കപ്പെടണം.

8. മേല്‍ജാതിക്കാര്‍ ഇരിക്കുന്നിടത്ത് ഇരിക്കാന്‍ ശ്രമിച്ചാല്‍ അവന്റെ പൃഷ്ഠ ഭാഗത്ത് ചൂടുകൊണ്ട് മുദ്രവെക്കപ്പെടുകയും നാട് കടത്തപ്പെടുകയും വേണം. അല്ലെങ്കില്‍ ആസനം മുറിച്ചു മാറ്റപ്പെടണം.

9. മേല്‍ജാതിക്കാരനു നേരെ തുപ്പിയാല്‍ അവന്റെ ഇരു ചുണ്ടുകളും കത്രിക്കപ്പെടണം. മൂത്രമൊഴിച്ചാല്‍ അവന്റെ ലിംഗം അരിഞ്ഞെടുക്കണം. അവന്റെ മുമ്പില്‍ അധോവായു വിട്ടാല്‍ അവന്റെ ഗുദം മുറിക്കപ്പെടണം.

10. വ്യഭിചരിച്ചാല്‍ വധിക്കപ്പെടണം. ബ്രാഹ്മണനാണെങ്കില്‍ വെറുതെ വിടുകയാണ് വേണ്ടത്.

11. ഉന്നത ജാതിയില്‍പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായാല്‍ ഭീകരമായ ശിക്ഷ നല്‍കണം.

12. ചെയ്ത തെറ്റുകള്‍ നിമിത്തം ഒരു ബ്രാഹ്മണനും വധിക്കപ്പെടുകയില്ല. നാടുകടത്തപ്പെടാം. പക്ഷെ, അവനൊരിക്കലും ശാരീരികമായി ഉപദ്രവിക്കപ്പെടുകയോ സാമ്പത്തികമായി നഷ്ടം സംഭവിക്കുകയോ അരുത്.

ബഹുമാന്യരായ കോവിന്ദ് ജി,

വസ്തുതകള്‍ ഇങ്ങനെയെല്ലാം ആയിരിക്കെ, താങ്കള്‍ ആര്‍.എസ്.എസ് പ്രതിജ്ഞക്കപ്പുറം ഭരണഘടനാപരമായ പ്രതിജ്ഞക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. താങ്കള്‍ ഹിന്ദു ദേശീയവാദത്തിലപ്പുറം ഇന്ത്യന്‍ ദേശീയ വാദത്തിനു വേണ്ടി നിലകൊള്ളുമെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. മനുസ്മൃതിയെ പിന്തുടരുന്നതിനു പകരം രാജ്യത്തിന്റെ മഹത്തായ ഭരണഘടനയെ താങ്കള്‍ പിന്തുടരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍ നിയമം വഴി നിരോധിക്കപ്പെട്ട ജാതീയതയെ തിരിച്ചുകൊണ്ടുവരാന്‍ താങ്കള്‍ ശ്രമിക്കില്ലെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. രാഷ്ട്രപിതാവിനെ കൊല ചെയ്തവരെ താങ്കള്‍ മഹത്വവത്കരിക്കില്ലെന്നും രാജ്യത്തിന്റെ ദേശീയ പതാകയെ താങ്കള്‍ മഹത്വവല്‍കരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവസാനമായി, ഈയൊരു ബഹുസ്വര ഇന്ത്യയെ താങ്കള്‍ ഒരു ഹിന്ദു രാജ്യമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

താങ്കള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും.

താങ്കളുടെ സ്വന്തം,

ശംസുല്‍ ഇസ്‌ലാം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter