ഐ.എസ് യുഗം അവസാനിക്കുകയാണോ?
ispഇറാഖി സൈന്യം മൊസൂളിന്റെ കിഴക്കന്‍ പ്രവിശ്യകളിലേക്ക് കടക്കുകയും സിറിയയിലെ റഖയോട് യുദ്ധം ചെയ്യാന്‍ കോപ്പ് ഒരുക്കുകയും ചെയ്തതോടെ ഐ.എസ് ശക്തി ക്ഷയിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയാണോ? തങ്ങളുടെ സ്വയം പ്രഖ്യാപിത സ്റ്റേറ്റ് തകര്‍ച്ചയുടെ വക്കിലേക്കു നീങ്ങുകയാണെന്നാണ് ചില നിരീക്ഷണങ്ങള്‍. നിലവിലെ സൈനിക സാഹചര്യങ്ങള്‍ക്കപ്പുറം ഈ ഭീകര സംഘടനയുടെ പ്രത്യയശാസ്ത്രപരമായ സ്വാധീനവും ഇവിടങ്ങളില്‍നിന്നും മങ്ങിത്തുടങ്ങുന്നുവോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം. രാഷ്ട്രീയമായ ഗ്രൂപ് വഴക്കങ്ങളും ഇതിന്റെ മുന്നേറ്റത്തെ സാരമായും ബാധിച്ചിട്ടുണ്ടോ എന്നതും ഉയര്‍ന്നുവരുന്ന ഒരു സംശയമാണ്. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കണമെങ്കില്‍ വിവിധ തലങ്ങളില്‍നിന്നും നാം ഈയൊരു അവസ്ഥയെ നിരീക്ഷിക്കേണ്ടതുണ്ട്. വര്‍ത്തമാനത്തിലെ പ്രത്യക്ഷാവസ്ഥ മാത്രം നോക്കി കാര്യങ്ങളുടെ ഭാവി പ്രവചിക്കുക ഒരിക്കലും സാധ്യമല്ല. ചരിത്രത്തില്‍ സമാനമായ പല ഭീകരകൂട്ടായ്മകള്‍ക്കും ഇത്തരം ഘട്ടങ്ങള്‍ വന്നപ്പോഴും തിരിച്ചുവരവ് നടത്തിയതായി കാണാന്‍ കഴിയും. തകരുന്നതിനു പകരം അവ കൂടുതല്‍ ശക്തിയോടെ മടങ്ങിവരികയായിരുന്നു പലപ്പോഴും. 2001 ലെ അഫ്ഗാന്‍ യുദ്ധത്തിനു ശേഷം താലിബാന് സംഭവിച്ചതും 2008 ലെ സഹ്‌വത് മുന്നേറ്റത്തിനു ശേഷം അല്‍ ഖാഇദക്ക് സംഭവിച്ചതും അതായിരുന്നു. ഇതുതന്നെയാണോ ഐ.എസിനും സംഭവിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. അത് ശരിക്കും പിന്‍വാങ്ങുകയാണോ അതോ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരാന്‍ താല്‍ക്കാലികമായി ഉള്‍വലിയുകയാണോ? ഇങ്ങനെ നോക്കുമ്പോള്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഇറാഖിലും സിറിയയിലും ഐ.എസിന്റെ ഭാവി നിര്‍ണയിക്കുന്നത് എന്നു മനസ്സിലാക്കാം. ഒന്ന്, നിലവിലെ അവിടത്തെ രാഷ്ട്രീയ പശ്ചാത്തലം. വിശിഷ്യാ, സുന്നി വിഭാങ്ങളുമായി ബന്ധപ്പെട്ട അവസ്ഥകള്‍. അമ്പേ പരാജയപ്പെട്ട പുതിയ ഈ ഭരണ മോഡല്‍ അവര്‍ക്ക് പ്രയാസങ്ങള്‍ മാത്രമാണ് കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ, അതൊരിക്കലും തുടര്‍ന്നു പോകാന്‍ പറ്റില്ലായെന്ന സുന്നിപക്ഷ വ്യാഖ്യാനം. iisരണ്ട്, ഐ.എസിന്റെ വ്യതിരിക്തമായ വ്യക്തിത്വം. അല്‍ ഖാഇദ ഉള്‍പ്പടെ സമാനമായ മറ്റു മൂവ്‌മെന്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു നിലപാടാണ് ഐ.എസ് വെച്ചുപുലര്‍ത്തുന്നത്. യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാകാത്തവിധം വ്യക്തമായ ജിഹാദി സലഫിസത്തെയാണ് ഇത് പിന്തുണക്കുന്നത്. അതുകൊണ്ടുതന്നെ, വലിയൊരു വിഭാഗം ഈ പ്രത്യശാസ്ത്രത്തെ അംഗീകരിക്കാത്തവരായി മറുപക്ഷത്തുണ്ട്. ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്ര ഖിലാഫത്ത് പ്രഖ്യാപിച്ചിരിക്കുന്നത് മുസ്‌ലിം ലോകത്തുനിന്നുള്ള ശക്തമായ വിമര്‍ശനങ്ങള്‍ക്കും വഴി തുറന്നിട്ടുണ്ട്. ഈയൊരു തലത്തില്‍ നിരീക്ഷിക്കുമ്പോള്‍, ഇപ്പോള്‍ ചില തകര്‍ച്ചകള്‍ നേരിടുന്നുണ്ടെങ്കിലും മിഡില്‍ ഈസ്റ്റില്‍ ഐ.എസിന്റെ ഭാവിയെക്കുറിച്ച് കൃത്യമായി പറയുകയെന്നത് തീര്‍ത്തും അസാധ്യം തന്നെയാണ്. ഇപ്പോഴത്തെ അവസ്ഥകളെ മുന്‍നിറുത്തി ഐ.എസിനോടുള്ള ആളുകളുടെ സമീപനങ്ങളെ രണ്ടു നിലയില്‍ വായിച്ചെടുക്കാന്‍ കഴിയും. ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ അതിനെ പിന്തുണക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിന്റെ ആത്യന്തിക ലക്ഷ്യങ്ങളില്‍ ഒരേയൊരു ലക്ഷ്യം മാത്രമല്ല. മറിച്ച്, അതിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിലേക്കുള്ള ഒരു വഴി മാത്രമാണ്. ഇതാണ് അതില്‍ പ്രധാനപ്പെട്ട ഒരു സമീപനം. അതുകൊണ്ടുതന്നെ, ഇത്തരം സൈനിക തിരിച്ചടികള്‍ നേരിടുന്നതുകൊണ്ടോ പലയിടങ്ങളില്‍നിന്നും പിന്‍വാങ്ങേണ്ടി വരുന്നതുകൊണ്ടോ അവര്‍ ഒരിക്കലും ഐ.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരാശരാകാന്‍ പോകുന്നില്ല. പിന്‍വാങ്ങുമ്പോഴും ആയിരക്കണക്കിന് ഐ.എസ് പോരാളികള്‍ ഇപ്പോഴും അവിടങ്ങളില്‍ നിലയുറച്ചുനില്‍ക്കുന്നുണ്ട് എന്നാണ് അവര്‍ വിശ്വസിക്കുന്നത്. മാത്രവുമല്ല, ഈയൊരു മൂവ്‌മെന്റ് എന്തിനു വേണ്ടിയാണോ ഉയര്‍ന്നുവന്നത് ആ ഒരു സാഹചര്യം ഇന്നും നിലനില്‍ക്കുന്നതായും അവര്‍ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ, എന്തു പ്രതികൂല സാഹചര്യങ്ങള്‍ വന്നാലും ഇത്തരം അനുയായികള്‍ ഇതില്‍നിന്നും മാറിനില്‍ക്കാന്‍ പോകുന്നില്ല. മനസ്സുകൊണ്ടും ശരീരംകൊണ്ടും എപ്പോഴും അവര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നവരായിരിക്കും. ഈയൊരു സമീപനത്തില്‍നിന്നും തീര്‍ത്തും ഭിന്നമാണ് രണ്ടാമത്തേത്. ഒരു ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുകവഴി വലിയ പ്രതീക്ഷകളാണ് ഐ.എസ് അതിന്റെ അനുയായികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, യഥായോഗ്യം അത് സ്ഥാപിക്കാന്‍ കഴിയാതെ ഇപ്പോള്‍ തിരിച്ചടി നേരിടുമ്പോള്‍ തങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങളാണ് പൊളിഞ്ഞുപോകുന്നത്. ഇത് അനുയായികളായ യുവാക്കളെ ഇതില്‍നിന്നും പിന്തിരിയാന്‍ വഴിയൊരിക്കുന്നുണ്ട്. തങ്ങള്‍ സ്വപ്‌നം കണ്ട കാര്യങ്ങള്‍ ഐ.എസ് വൃത്തങ്ങളില്‍നിന്നും ലഭിക്കാതെ വരുമ്പോള്‍ അവര്‍ ഒരുപക്ഷെ, അല്‍ ഖാഇദയിലേക്കോ മറ്റോ തിരിഞ്ഞുനടക്കാനാണ് ഉദ്ദേശിക്കുന്നത്. അല്ലെങ്കില്‍, ഇത്തരം ഭീകര കൂട്ടായ്മകളില്‍നിന്നും പൂര്‍ണമായി മാറി നില്‍ക്കാനും അവര്‍ ചിന്തിക്കുന്നു. ഈ രണ്ടു സമീപനങ്ങളും അനുയായികളില്‍നിന്നും ഐ.എസിനു വന്നുപെട്ട വര്‍ത്തമാന സാഹചര്യത്തിനു നേരെ പ്രതികരണങ്ങളായി ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം സാധ്യതകള്‍ക്കിടയില്‍നിന്നുകൊണ്ടു മാത്രമേ ഐ.എസിന്റെ ഭാവിയെക്കുറിച്ച് നമുക്ക് പ്രവചനം നടത്താന്‍ സാധിക്കുകയുള്ളൂ. അവലംബം: www.middleeastmonitor.com വിവ. സിനാന്‍ അഹ്മദ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter