അങ്ങനെയെങ്കില്‍, ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസ്സിനെയാണ്

(എസ്.ഡി.പി.ഐ പോലെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കാന്‍ കേന്ദ്രം ശ്രമം തുടങ്ങിയതായി അറിയുന്നു. രാജ്യത്തോടും അതിലെ പൗരന്മാരോടും കൂറുള്ളവരെങ്കില്‍, രണ്ടു തവണ ദേശവിരുദ്ധ പ്രവര്‍ത്തനം കാരണം നിരോധിക്കപ്പെടുകയും ഇന്നും ഭരണഘടന അനുശാസിക്കുന്ന മതേതരത്വ സങ്കല്‍പത്തിനെതിരെ നിരന്തരം കലഹിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ്സിനെയാണ് അത് ആദ്യം നിരോധിക്കേണ്ടത്.)

2014 ല്‍ അധികാരം ഏറ്റെടുത്തതു മുതല്‍ മോദി സര്‍ക്കാറിന്റെ പരിലാളനയോടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ-ദലിത് അധിക്രമങ്ങള്‍ ഏറെ ഭീകരമാണ്. 1998-2004 കാലത്ത് രാജ്യം ഭരിച്ച വാജ്‌പേയി സര്‍ക്കാറിന്റെ കാലത്തും ഇത് വളരെ പ്രകടമായിരുന്നു. സ്വയംസേവക് പ്രവര്‍ത്തകരായിരുന്ന ഇവരുടെയെല്ലാം ഭരണ കാലങ്ങളില്‍ ആര്‍.എസ്.എസ് അതിന്റെ ന്യൂനപക്ഷ ദ്രോഹവും രാജ്യത്തെ ജനാധിപത്യ-മതേതരത്വ-ഫെഡറല്‍ സംവിധാനങ്ങളോടുള്ള തങ്ങളുടെ വിയോജിപ്പും അതിന്റെ പാരമ്യതയില്‍തന്നെ പ്രകടിപ്പിക്കുകയാണ്. 

മുന്‍ ആര്‍.എസ്.എസ് പരമോന്നത നേതാവ് കെ. സുദര്‍ശന്‍ നാഗ്പൂരില്‍വെച്ചുനടന്ന ആര്‍.എസ്.എസ്സിന്റെ 75 ാമത് സ്ഥാപക ദിന ആഘോഷ പരിപാടിയില്‍ പ്രസംഗിക്കവെ രാജ്യത്തെ മുസ്‌ലിംകളോടും ക്രിസ്ത്യാനികളോടും തങ്ങളുടെ രാജ്യസ്‌നേഹം തെളിയിക്കാന്‍ ആഹ്വാനം നടത്തുകയുണ്ടായി. ശേഷം, 2002 മാര്‍ച്ച് ഏഴിന് ബാംഗ്ലൂരില്‍വെച്ചുനടന്ന ഇതിന്റെ സമാപന പരിപാടിയില്‍ മുസ്‌ലിംകള്‍ക്കെതിരെ മറ്റൊരു ഭീഷണിയുംകൂടി ആര്‍.എസ്.എസ് തൊടുത്തുവിട്ടു. 'തങ്ങളിവിടെ സുരക്ഷിതത്വത്തോടെ ജീവിക്കുന്നത് ഭൂരിപക്ഷത്തിന്റെ കാരുണ്യംകൊണ്ടാണെന്ന ബോധം മുസ്‌ലിംകള്‍ക്ക് ഉണ്ടായിരിക്കണം' എന്നതായിരുന്നു ആ ഭീഷണി. 2002 ല്‍ ഗുജറാത്തില്‍ ആര്‍.എസ്.എസ് നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന മുസ്‌ലിം കൂട്ടക്കൊലക്കു തൊട്ടുപിന്നാലെയായിരുന്നു ഇങ്ങനെയൊരു പ്രസ്താവന. മുസ്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ആര്‍.എസ്.എസ്സിന്റെ ഈയൊരു കരുണ എങ്ങനെ നേടിയെടുക്കാനാകുമെന്ന് അന്ന് പുറത്തിറങ്ങിയ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയലില്‍നിന്നും വ്യക്തമാണ്. 

ഗുജറാത്ത് കലാപത്തിന്റെ കെടുതികള്‍ വിവരിക്കവെ അതില്‍ ഇങ്ങനെ പറയുന്നു:

'സ്വന്തം പെണ്‍കുട്ടികള്‍ തങ്ങളുടെ പിതാക്കള്‍ക്കുമുമ്പില്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെടുകയും ശേഷം ശിരച്ഛേദം നടത്തപ്പെടുകയും ചെയ്തു. അവരുടെ പിതാക്കള്‍ പെട്രോള്‍ ഒഴിച്ച് അഗ്നിക്കിരയാക്കപ്പെട്ടു. അവരുടെ സമ്പാദ്യങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. അവരുടെ കച്ചവടസ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടു. പോലീസ് നിഷ്‌ക്രിയരായി ഇതെല്ലാം നോക്കിനില്‍ക്കുകയായിരുന്നു.'

സ്വാതന്ത്ര്യത്തിനു ശേഷം ചുരുങ്ങിയത് രണ്ടു തവണയെങ്കിലും ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം ഇന്ത്യന്‍ ഗവണ്‍മെന്റിനാല്‍ നിരോധിക്കപ്പെട്ട ഒരു സംഘടന രാജ്യത്ത് ജനങ്ങളുടെ ദേശസ്‌നേഹം അളക്കുന്ന അതോറിറ്റിയായി സ്വയം അവരോധിക്കപ്പെടുന്ന വിരോധാഭാസമാണ് നമ്മളിന്ന് കാണുന്നത്. ഇത് തീര്‍ച്ചയായും ക്രൂരതയാണ്. ഇവിടെ നാം ഒരിക്കലൂടെ ആര്‍.എസ്.എസ് അധികാരികളെ അവര്‍ ചെയ്ത ക്രൂരതകളെക്കുറിച്ച് ഓര്‍മപ്പെടുത്തേണ്ടതിന്റെ ആവശ്യകത തെളിഞ്ഞുവന്നിരിക്കുന്നു. അഥവാ, രാഷ്ട്രപിതാവ് മഹാത്മജിയെ വധിച്ചതില്‍ സഹകരിച്ചതിനാലായിരുന്നു 1948 ല്‍ സംഘടന ആദ്യം നിരോധിക്കപ്പെട്ടത്.

 അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് 1992 ല്‍ അത് വീണ്ടും നിരോധിക്കപ്പെട്ടു. ബാബരി ധ്വംസനം, ഗുജറാത്തിലെ മുസ്‌ലിം കൂട്ടഹത്യ, ക്രിസ്ത്യന്‍-ദലിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടങ്ങി അത് നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്ടചെയ്തികള്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ പോലുള്ള, ഇന്ത്യയെ എന്നും തകര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ ശത്രുക്കളുടെ നയതന്ത്ര ലക്ഷ്യങ്ങളെ മാത്രമാണ് സഹായിക്കുകയെന്നും അവരോട് നാം ഒരിക്കലൂടെ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ആര്‍.എസ്.എസ്സും അതിന്റെ നേതൃത്വവും ചരിത്രപരമായിത്തന്നെ ഹിറ്റലറിന്റെയും മുസോലിനിയുടെയും അവര്‍ മുന്നോട്ടുവെച്ച ആശയങ്ങളുടെയും ആരാധകരായിരുന്നു. നാസിസവും ഫാസിസവും തന്നെയാണ് സംഘടനാതലംപോലെത്തന്നെ ആര്‍.എസ്.എസ്സിന്റെ സൈദ്ധാന്തിക തലത്തെയും രൂപപ്പെടുത്തിയ പ്രധാന ഘടകങ്ങള്‍. ഒഴിച്ചുനിര്‍ത്താനാവാത്ത ഈ പരസ്പര ബന്ധത്തെ അവര്‍ മറച്ചുവെക്കാറുമില്ല എന്നത് മറ്റൊരു വസ്തുത. ന്യൂനപക്ഷവിരുദ്ധത മാത്രമല്ല ആര്‍.എസ്.എസ് മുന്നോട്ടുവെക്കുന്ന ആദര്‍ശം. മറിച്ച്, മനുവിന്റെ മനുഷ്യത്വവിരുദ്ധ ആശയങ്ങളുള്‍കൊള്ളുന്ന ഒരു ഇന്ത്യ പണിയുകയെന്നതാണ് അത് ഇന്ന് പ്രത്യക്ഷത്തില്‍തന്നെ ശ്രമിക്കുന്നത്. ദലിതുകള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും അധസ്ഥിതര്‍ക്കും ഹിന്ദുക്കള്‍ക്കിടയിലെ സ്ത്രീകള്‍ക്കുപോലും യാതൊരു മാനുഷിക പരിഗണനയും ആദരവും കല്‍പിക്കപ്പെടാത്ത ഒരു 'മനു ദൈവരാജ്യം' സൃഷ്ടിച്ചെടുക്കുകയെന്നതാണ് അവര്‍ മുന്നില്‍ കാണുന്ന പദ്ധതി.  

ആര്‍.എസ്.എസ്സിന്റെ ദേശക്കൂറും രാജ്യസ്‌നേഹവും എത്രമാത്രമുണ്ടായിരുന്നുവെന്നതിനെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ ഒരു സൂക്ഷ്മാന്വേഷണം നടത്താന്‍ സമയമധിക്രമിച്ചിരിക്കുന്നു. ന്യൂനപക്ഷങ്ങളില്‍നിന്നും വിട്ടുവീഴ്ച്ചയില്ലാത്ത രാജ്യക്കൂറും വിധേയത്വവും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ്, നിര്‍ഭാഗ്യകരമെന്നു പറയാം, ഇന്ത്യയുടെ ഭരണഘടനയോടോ ദേശീയ പതാകയോടോ ഒട്ടും കൂറില്ലാത്തവരായിരുന്നുവെന്നതാണ് ചരിത്രം. ഒരു ജനാധിപത്യ മതേതരത്വ ഫെഡറല്‍ ഇന്ത്യയുടെ നിലനില്‍പിനെ പോലും തുറന്ന് അധിക്ഷേപിച്ച ഒരു സംഘടനയാണ് ആര്‍.എസ്.എസ്. ഈ വിശേഷണങ്ങളാകട്ടെ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളാണുതാനും. ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളെ എതിര്‍ക്കുകമാത്രമല്ല, പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിപ്ലവ നായകരെ പരിഹസിക്കുകകൂടി ചെയ്തവരായിരുന്നു അവര്‍.

കാര്യങ്ങളുടെ നിജസ്ഥിതി തിരിച്ചറിയണമെങ്കില്‍ നാം ആര്‍.എസ്.എസ്സിന്റെയും അതുമായി ബന്ധപ്പെട്ട മറ്റു കൂട്ടായ്മകളുടെയും സാഹിത്യങ്ങളിലേക്കും പുസ്തകങ്ങളിലേക്കും കടന്നുചെല്ലേണ്ടതുണ്ട്. വിശിഷ്യാ, ആര്‍.എസ്.എസ്സിന്റെ സൈദ്ധാന്തിക തലവനായ എം.എസ്. ഗോള്‍വാള്‍ക്കറുടെ രചനകള്‍ വായിക്കുമ്പോഴേ അവരുടെ നിലപാടുകള്‍ ശരിക്കും മനസ്സിലാവുകയുള്ളൂ. കാരണം, അദ്ദേഹമാണ് ആര്‍.എസ്.എസ് അണികളും നേതാക്കളും അത്യാവേശത്തോടെ പിന്തുടരുന്ന അവര്‍ക്കിടയിലെ സുപ്രധാന വ്യക്തിത്വം. ഇവിടെ ആര്‍.എസ്.എസ്സിന്റെ ഔദ്യോഗികമായ പല കാഴ്ചപ്പാടുകളും ഇന്ത്യന്‍ ദേശീയതയുടെ പേരില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ ഇന്ന് നടന്നുവരുന്നത്. ആര്‍.എസ്.എസ് തെറ്റായി പ്രതിനിധീകരിക്കപ്പെടുകയല്ല ഇതിലൂടെ. പ്രത്യുത, കാര്യങ്ങളെ തങ്ങളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നതിലും അടിച്ചേല്‍പിക്കുന്നതിലും അത് വിജയിക്കുകയാണ് ചെയ്യുന്നത്. 

ആര്‍.എസ്.എസ്സിനെയും അതിന്റെ ഗൂഢ പദ്ധതികളെയും തിരിച്ചറിയല്‍ കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു ഇന്ന്. അതുകൊണ്ടാണ് അതിനെ ഏറെ ഊന്നലോടെ ഇവിടെ പരാമര്‍ശിക്കുന്നത്. ഇന്ന് ആര്‍.എസ്.എസ് ഒരു കുത്തഴിഞ്ഞ സംഘടനയല്ല. ഇന്നത്തെ ബി.ജെ.പി നേതാക്കള്‍ തങ്ങള്‍ക്ക് അതുമായുള്ള ബന്ധത്തെ തുറന്നുപ്രഖ്യാപിക്കുന്നതുതന്നെ അതാണ് വ്യക്തമാക്കുന്നത്. ഗാന്ധിജിക്ക് നെഹ്‌റു എങ്ങനെയായിരുന്നുവോ അതുപോലെയാണ് തങ്ങള്‍ക്ക് ആ്ര്‍.എസ്.എസ് എന്നുവരെ അവര്‍ രാജ്യത്തോട് തുറന്നുപറഞ്ഞിട്ടുണ്ട്. അല്‍ഭുതകരമെന്നുപറയട്ടെ, ഇത്രമാത്രം അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടായിട്ടും ആര്‍.എസ്.എസ് അതിന്റെ രാഷ്ട്രീയ പങ്കിനെ പൂര്‍ണമായും നിഷേധിക്കുന്നു. മറിച്ച്, ഇത് ഹിന്ദുക്കളുടെ ഒരു സാംസ്‌കാരിക സംഘടന മാത്രമാണെന്നാണ് അത് അവകാശപ്പെടുന്നത്. 

ലഭ്യമായ ഇത്തരം വസ്തുതകളുടെ പിന്‍ബലത്തില്‍ ഇന്ത്യ മാത്രമല്ല, ലോകം തന്നെയും ഈയൊരു സംഘടനയുടെ യഥാര്‍ത്ഥ മുഖത്തെയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം, നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തെ ഇതിന്റെ ഭീകരതയില്‍നിന്നും കാത്തുരക്ഷിക്കുന്നതില്‍ നാം പരാജയപ്പെട്ടുപോകും. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter