സംഘ്പരിവാര്‍ സ്വപ്‌നം കാണുന്ന ഇന്ത്യ അപകടകരമാണ്
ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തില്‍ മതനിരപേക്ഷതക്കും മതസഹിഷ്ണുതക്കും എല്ലാ സന്ദര്‍ഭങ്ങളിലും ഭീഷണിയുയര്‍ത്തുന്ന ഒരു സാന്നിധ്യമാണ് യഥാര്‍ഥത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാരം. ബി.ജെ.പി എന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും അതിനെ നിയന്ത്രിക്കുന്നതും അതിന്റെ അജണ്ട തീരുമാനിക്കുന്നതും ആര്‍.എസ്.എസ് എന്ന സംഘടനയാണ്. ആര്‍.എസ്.എസ് ഇന്ത്യയില്‍ രൂപപ്പെടുന്നത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ തന്നെയാണ്. അന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഐക്യപ്പെടുത്തുകയും സമരത്തിലിറക്കുകയും ചെയ്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഗാന്ധിയുടെയും ആശയങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ വേണ്ടി സവര്‍ണ ബ്രാഹ്മണ സമൂഹത്തിന്റെ ഒരു ലോബി എന്ന നിലക്കാണ് ഈ സംഘടന രൂപപ്പെടുന്നത്. അത് കൊണ്ട് ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരെ പറഞ്ഞയക്കുക എന്നതിനേക്കാള്‍ അവര്‍ക്ക് വേണ്ടിയിരുന്നത് ഇന്ത്യയിലെ ജാതിവ്യവസ്ഥയും ഇന്ത്യയിലെ പഴയ നാടുവാഴി വ്യവസ്ഥയും നിലനിര്‍ത്തുകയും അങ്ങനെ ഇന്ത്യയെ സവര്‍ണ ഹിന്ദുക്കള്‍ക്ക് ആധിപത്യമുള്ള പഴയ ഒരു ജാതി ജന്മി നാടുവാഴി വ്യവസ്ഥയില്‍ നിര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ്.
അടിസ്ഥാനപരമായി ആര്‍. എസ്. എസ് ഒരു യാഥാസ്ഥിക സംഘടനയാണ്. എല്ലാത്തരം പുരോഗതികളെയും മാറ്റങ്ങളെയും അവര്‍ വെറുക്കുന്നു. അവരംഗീകരിച്ച ഇന്ത്യയുടെ ചരിത്രം ജയിംസ് മില്‍ എന്ന ബ്രിട്ടീഷുകാരന്‍ എഴുതിയ ചരിത്രമാണ്. അദ്ദേഹം പറയുന്നത് ഇന്ത്യക്ക് ഒരു സുവര്‍ണ ഭൂതകാലമുണ്ടായിരുന്നു. ആ ഭൂതകാലം വേദങ്ങളുടെയും ഉപനിഷത്തുകളുടെയും കാലമാണ്. ബ്രാഹ്മണര്‍ക്ക് ആധിപത്യമുണ്ടായിരുന്ന, മറ്റുള്ള ജാതിക്കാര്‍ അടിയാളരായി ജീവിച്ചിരുന്ന, സമ്പല്‍ സമൃദ്ധമായ കാലം. ഇത് തകര്‍ത്തത് മുഗള്‍ സാമ്രാജ്യമാണ്. അഥവാ ഇന്ത്യയിലേക്ക് വന്ന മുസ്‌ലിംകളാണ് ഈ പറഞ്ഞ സുവര്‍ണ ഭൂതകാലത്തെ ഇല്ലാതാക്കിയത്.
ഈ മുസ്‌ലിം ഭരണകാലത്തെ ഇരുണ്ടകാലം എന്ന് വിശേഷിപ്പിക്കുകയും അതിന് ശേഷം മുസ്‌ലിം ഭരണത്തെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യയെ അതിന്റെ പഴയ പ്രതാപകാലത്തേക്ക് കൊണ്ട് വരാന്‍ ശ്രമിച്ച ആളുകളായാണ് അവര്‍ ബ്രിട്ടീഷുകാരെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതേ ചരിത്ര ബോധമാണ് ആര്‍.എസ്.എസുകാര്‍ പിന്‍പറ്റുന്നത്. അത്‌കൊണ്ട് തന്നെ ആര്‍.എസ്.എസിന്റെ മുഖ്യശത്രുക്കള്‍ യൂറ്യോപ്യന്മാരോ ഇന്നത്തെ സന്ദര്‍ഭത്തില്‍ പറഞ്ഞാല്‍ അമേരിക്കയോ സാമ്രാജ്യത്തമോ മുതലാളിത്തമോ ഒന്നുമല്ല. അവരുടെ മുഖ്യശത്രു ഇന്ത്യയിലേക്ക് വന്ന മുസ്‌ലിംകളോ ക്രിസ്ത്യാനികളോ അതല്ലെങ്കില്‍ ഇന്ത്യയിലേക്ക് കടന്ന് വരികയും ജനകീയ രാഷ്ട്രീയത്തെ സ്വാധീനിക്കുകയും ചെയ്ത കമ്മ്യൂണിസം, സോഷ്യലിസം, മതേതരത്വം തുടങ്ങിയവ ആണ്. ഇത്തരം വിദേശീയം എന്നവര്‍ വിളിക്കുന്ന എല്ലാത്തിനെയും ഇവിടെ നിന്ന് പുറത്താക്കണമെന്നും പഴയ ജാതി-ജന്മി വ്യവസ്ഥയെ തിരിച്ച് കൊണ്ട് വരണമെന്നും ആഗ്രഹിക്കുന്ന അതിന്റെ അജണ്ടയും കാര്യപരിപാടികളും നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു സംഘടനയാണ് ആര്‍.എസ്.എസ്.
അവര്‍ക്ക് പലപേരുകളിലുള്ള സംഘടനകളുമുണ്ട്. ഹിന്ദുഐക്യവേദി, ശിവസേന തുടങ്ങിയ പലപേരുകളില്‍ അവ അറിയപ്പെടുന്നു. എന്നാല്‍ ഇവയെല്ലാം ഒന്നു തന്നെയാണ്. ഇവയെല്ലാം ചേര്‍ത്ത് നാം സംഘ്പരിവാരം എന്ന് പേര് വിളിക്കുന്നു. ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വളരെ വലിയൊരു ജനകീയ മുന്നണിയായിത്തീരുകയും ഇന്ത്യയിലെ വിവിധ മതങ്ങളെയും സമുദായങ്ങളെയും ഭാഷാസമൂഹങ്ങളെയും സംസ്‌കാരങ്ങളെയുമൊക്കെ ഒന്നിച്ച് കൊണ്ട് പോകാന്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ കഴിയുകയും ചെയ്തത് കൊണ്ട് ഒരിക്കല്‍ പോലും ഇന്ത്യയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്ന് വരാന്‍ അക്കാലത്തെ ഹിന്ദു മഹാസഭക്കോ ആര്‍.എസ്.എസിനോ കഴിഞ്ഞില്ല. അത്‌കൊണ്ട് തന്നെ ഇന്ത്യയില്‍ ഒട്ടും പ്രസക്തിയില്ലാത്ത ഒരു പ്രസ്ഥാനമായിരുന്നു ആര്‍.എസ്.എസ്. അത് തങ്ങളുടെ സാന്നിധ്യം ഇന്ത്യയില്‍ പ്രകടമാക്കിയത് ഗാന്ധിവധത്തിലൂടെയാണ്. നാം രാഷ്ട്രപിതാവെന്നും സ്വാതന്ത്ര്യം നേടിത്തന്ന വലിയ ജനകീയ പ്രസ്ഥാനത്തിന്റെ നേതാവെന്നും വിശേഷിപ്പിക്കുന്ന മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന് കൊണ്ടാണ് അവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രംഗപ്രവേശം നടത്തിയത്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ സ്വന്തം പിതാവിനെ കൊന്നിട്ടാണ് ആര്‍.എസ്.എസ് അതിന്റെ രാഷ്ട്രീയ രംഗപ്രവേശം ചെയ്യുന്നത്. അതുകൊണ്ടു തന്നെ അവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നുമൊരു ബ്ലാക്ക് മാര്‍ക്ക് ഉണ്ടായിരുന്നു. അന്നുമുതല്‍ അവര്‍ ഈയൊരു ചീത്തപ്പേരില്‍ നിന്നും പുറത്ത്കടക്കാനുള്ള വഴികള്‍ അന്വേഷിച്ച് കൊണ്ടിരുന്നു.
സ്വാതന്ത്ര്യാനന്തരം നെഹ്‌റുവിയന്‍ ഭരണകാലത്ത് മുതലാളിമാരെയും മുതലാളിത്തത്തെയും പ്രീതിപ്പെടുത്താനാണ് ശ്രമിച്ചതെങ്കിലും വലിയ ജനോപകാരപ്രദമായ പലകാര്യങ്ങളും കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ ചെയ്തിട്ടുണ്ട്. വളരെ ദ്രുതഗതിയിലുള്ള പുരോഗതിയാണ് 1947 മുതല്‍ 1960 വരെ ഉണ്ടായത്. പ്രത്യേകിച്ച്, നെഹ്‌റു യുഗം എന്ന് പറയുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഒരു കാലമാണ്. പക്ഷേ, നെഹ്‌റുവിന് ശേഷം ഇന്ദിരാഗാന്ധി വന്നപ്പോഴേക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. പ്രാദേശികമായ പല സംഘടനകളും കടന്നുവന്നു. ഏറ്റവും വലിയ ദുരന്തമുണ്ടാകുന്നത് 1975ലെ അടിയന്തരാവസ്ഥയോടെയാണ്. തനിക്ക് രാഷ്ട്രീയത്തില്‍ മേല്‍കോയ്മ നഷ്ടപ്പെടുമെന്ന് തോന്നിയ സന്ദര്‍ഭത്തിലാണ് ഇന്ദിരാഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ നടപ്പിലാക്കുന്നത്. അടിയന്തരാവസ്ഥയുടെ കാലം വളരെ ഫലപ്രദമായി ചെറുത്തു നില്‍ക്കുന്നു എന്ന പ്രതീതി ജനിപ്പിച്ച് ആര്‍.എസ്.എസിന്റെ രംഗപ്രവേശനം സാധ്യമായി. മാത്രമല്ല, ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കന്മാരും ആര്‍.എസ്.എസിന്റെ പഴയ ചരിത്രം മറന്ന് ഇതിനോടൊപ്പം ചേരാനും തയ്യാറായി.
അടിയന്തരാവസ്ഥയോടെ കോണ്‍ഗ്രസിന്റെ ഇമേജ് തകരുകയും ആര്‍.എസ്.എസിന്റെ സഖ്യത്തിന് വലിയ തോതില്‍ ദേശീയ ശ്രദ്ധ കിട്ടാന്‍ കാരണമാവുകയും ചെയ്തു. 1980ലാണ് ബി.ജെ.പി ഉണ്ടായത്. അന്ന് മുതല്‍ അവര്‍ ഇന്ത്യയില്‍ അധികാരം പിടിച്ചടക്കാന്‍ ശ്രമിച്ച് തുടങ്ങി. ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍, കോണ്‍ഗ്രസുകാര്‍ തുടങ്ങിയ സര്‍വ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളെ പലവിധത്തില്‍ സംഘടിപ്പിച്ചും സമരം ചെയ്തും ദീര്‍ഘകാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടാണ് പഞ്ചായത്ത് ഇലക്ഷനില്‍ പോലും ജയിക്കുന്നത്. എന്നാല്‍ ബി.ജെ. പിയെ സംബന്ധിച്ചിടത്തോളം അത്തരം ഒരു പ്രവര്‍ത്തനങ്ങളും അവര്‍ക്ക് നടത്തേണ്ടതില്ല. ഒരു സമരമോ മൗലികമായ മുദ്രാവാക്യമോ അവര്‍ ഇതുവരെ മുന്നോട്ടു വച്ചിട്ടില്ല. ഇന്ത്യയുടെ വികസനവുമായി ബന്ധപ്പെട്ട് ഒന്നും നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ല. അവര്‍ ആകെ പറയാറുളള ഒരേയൊരു കാര്യം കോണ്‍ഗ്രസിനെ എതിര്‍ക്കുന്നു എന്നതാണ്. എന്നാല്‍ കോണ്‍ഗ്രസ് നടപ്പിലാക്കുന്ന ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ അതിനേക്കാള്‍ ശക്തമായിട്ടാണ് അധികാരത്തിലിരുന്നപ്പോള്‍ വാജ്‌പെയ് നടപ്പിലാക്കിയതും അധികാരത്തിലിരിക്കുന്ന മോദി നടപ്പിലാക്കുന്നതും. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ കോണ്‍ഗ്രസുമായി അവര്‍ക്ക് യാതൊരു ഭിന്നതയുമില്ല.
പ്രാദേശിക തലത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി ഇലക്ഷന്‍ വരുന്ന സമയത്ത് ആളുകളുടെ ഇടയില്‍ തെറ്റിദ്ധാരണയും പരസ്പര അവിശ്വാസവും ജനിപ്പിച്ച് കൊണ്ട് മതപരമായ ധ്രുവീകരണം നടത്തി വോട്ട് ബാങ്ക് ഉണ്ടാക്കി അധികാരത്തില്‍ വരിക എന്ന് മാത്രമാണ് ബിജെപി കഴിഞ്ഞ ഒരു 35 വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ലീഗ് പോലുള്ള സമുദായ സംഘടനകള്‍ പോലും ജനങ്ങള്‍ക്ക് സേവനം ചെയ്തു എന്നത് കൊണ്ട് മാത്രമാണ് വോട്ട് നേടി വിജയിക്കുന്നത്. എന്നാല്‍ അത്തരത്തിലുള്ള ഒരു ഇടപെടലുകളും തൃണമൂല തലത്തില്‍ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ബിജെപി ഹിന്ദുത്വത്തിന് വേണ്ടി നിലനില്‍ക്കുന്നു എന്നാണല്ലോ പറയുന്നത്. അങ്ങനെയാണെങ്കില്‍ ഹിന്ദുവിന്ന് വേണ്ടി, അവരില്‍ കഷ്ടപ്പെടുന്ന ദളിതര്‍ക്കോ പാവപ്പെട്ടവര്‍ക്കോ വേണ്ടി ബി.ജെ.പി. എന്തെങ്കിലും ചെയ്തതായി കാണാന്‍ കഴിയുമോ? ഹിന്ദുമതത്തില്‍ ഏറ്റവും വലിയ പ്രശ്‌നം ജാതീയതയാണല്ലോ. കീഴാള ജാതിയില്‍പ്പെട്ട പാവങ്ങളുടെ ജാതീയ പ്രശ്‌നങ്ങള്‍ അകറ്റാനും പട്ടിണി മാറ്റാനും എന്തെങ്കിലും പദ്ധതി ഗ്രാമീണ തലത്തില്‍ പോലും വിഭാവനം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
അവര്‍ക്കാകെയുള്ള പദ്ധതി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങളിലേക്ക് ആളുകളെ കൊണ്ടുവരിക, മതവും വിശ്വാസവും പറയുക എന്നുള്ളതാണ്. മുസ്‌ലിം ലീഗ് എന്ന സമുദായ സംഘടന മുസ്‌ലിംകള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. പള്ളിക്കമ്മിറ്റിയിലും മറ്റും അവര്‍ക്ക് സ്വാധീനമുണ്ട്. പക്ഷെ, ജനങ്ങളുടെ ഭൗതിക ജീവിതത്തിലും അവര്‍ ഇടപെടും. അശരണരും ദുര്‍ബലരുമായ സമുദായക്കാരോട് അവര്‍ കാരുണ്യത്തോടെ പെരുമാറുന്നു. ഭൗതിക ജീവിതത്തില്‍ ഇടപെട്ടുള്ള ഒരു കാര്യവും ബിജെപി ഇന്നുവരെ ചെയ്തിട്ടില്ല. എന്നിട്ടും അവര്‍ എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയായി മാറിയത് എന്നതാണ് ചോദ്യം? അപ്പോഴാണ് ഇന്ത്യയിലെ മറ്റു മതനിരപേക്ഷ രാഷ്ട്രീയ സംഘടനകളുടെ എന്തൊക്കെ മൂല്യച്യുതികളാണ് ഇവര്‍ക്ക് വളരാന്‍ കാരണമായതെന്ന് പരിശോധിക്കേണ്ടി വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ കക്ഷിയായ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുതന്നെയാണ് ഇത് വിശദീകരിക്കേണ്ടി വരിക. കോണ്‍ഗ്രസ് കഴിഞ്ഞ 20 വര്‍ഷമായി നടത്തിവരുന്ന സാമ്പത്തിക നയങ്ങള്‍ കൃഷിക്കാര്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും വലിയ തോതിലുള്ള അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധി ഈയടുത്ത് കൃഷിക്കാരെ സംഘടിപ്പിച്ചാണ് സമരം നടത്തിയത്. അതൊരു നല്ല കാര്യമാണ്. പക്ഷെ, കൃഷിക്കാരെ ഈ രീതിയിലേക്കെത്തിച്ചതില്‍ വലിയ സംഭാവന നല്‍കിയത് കോണ്‍ഗ്രസ് തന്നെ വിഭാവനം ചെയ്ത സാമ്പത്തിക നയങ്ങളാണ് എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. വിലക്കയറ്റം, അഴിമതി തുടങ്ങിവ അസഹനീയമായപ്പോഴാണ് ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തത്. അതല്ലാതെ ബി.ജെ.പിയോടുള്ള മതിപ്പ് കൊണ്ടല്ല. അഥവാ ഇന്ന് ബിജെപി ഭരണത്തിലിരിക്കുന്നത് കോണ്‍ഗ്രസിനോടുള്ള നെഗറ്റീവ് വോട്ടിന്റെ അടിസ്ഥാനത്തിലാണ്. 31% വോട്ടിന്റെ ബലത്തിലാണ് അവര്‍ ഭരണത്തിലുള്ളത്. എന്നു പറഞ്ഞാല്‍ 69% ഇന്ത്യക്കാരും ഇപ്പോഴും തീര്‍ത്തും ബിജെപിക്കെതിരാണെന്നാണര്‍ഥം. അതുകൊണ്ട് തന്നെ ഇന്ത്യയുടെ മതനിരപേക്ഷതക്ക് കാതലായ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഇന്ത്യയിലെ പൊതുജനങ്ങള്‍ ഏത് മതസ്ഥരാണെങ്കിലും മുസ്‌ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് ജീവിക്കുന്ന ഒരു നാടിനെ തന്നെയാണ് സങ്കല്‍പ്പിക്കുന്നത്. അവര്‍ക്ക് പരസ്പരം സ്പര്‍ധയൊന്നുമില്ല.
ഇന്ത്യയിലെ മതനിരപേക്ഷ പാര്‍ട്ടികള്‍ തെറ്റു തിരുത്തി, സാമൂഹിക നന്മ ലക്ഷ്യമാക്കി, അവസരോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ബിജെപിക്ക് കിട്ടിയ ഈ വോട്ട് തരിച്ചുപിടിക്കാന്‍ യാതൊരു പ്രയാസവുമില്ല. ഈ കാര്യങ്ങള്‍ ഇവര്‍ക്കും അറിയാം. പക്ഷെ ഇവരുടെ അജണ്ട ഓരോ പ്രാവശ്യം അധികാരത്തില്‍ വരുമ്പോഴും നമ്മുടെ സാംസ്‌കാരിക മേഖലകളില്‍ വലിയ കടന്നുകയറ്റങ്ങള്‍ നടത്തുക എന്നതാണ്. അവര്‍ ഓരോ ഘട്ടത്തിലും ഉണ്ടാക്കിവെക്കുന്ന മുറിവുകള്‍ അത്ര എളുപ്പത്തില്‍ ഉണങ്ങുന്നതല്ല. എപ്പോള്‍ വേണമെങ്കിലും മാന്തിപ്പുണ്ണാക്കാവുന്ന വിധത്തില്‍ അത് അടിയില്‍ നീറിപ്പുകഞ്ഞു കൊണ്ടിരിക്കുകയാണ്.
മോദി ഭരണത്തില്‍ വന്നപ്പോള്‍ മുമ്പത്തെ എന്‍.ഡി.എ ഗവണ്‍മെന്റ് ചെയ്തതുപോലെ ഇന്ത്യയുടെ ചരിത്ര മേഖലയില്‍ കടന്നുകയറുകയാണ് ആദ്യം ചെയ്തത്. ഐ.സി.എച്ച്.ആറിന്റെ ചെയര്‍മാനായിട്ട് നിയമിച്ചിട്ടുള്ളത് വൈ.എസ്.ആര്‍ റാവുവിനെയാണ്. അദ്ദേഹം അറിയപ്പെടുന്ന ഒരു വര്‍ഗീയ ചരിത്രകാരനാണ്. ഈയടുത്ത് ഐ.സി.എച്ച്.ആറിന്റെ ജേണല്‍ എഡിറ്റര്‍ രാജിവെച്ചത് ഇദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ കാരണത്താലാണ്. ഇവര്‍ പറയുന്നവിധം ചരിത്രം മാറ്റിയെഴുതിയാല്‍ നേരത്തെ പറഞ്ഞ മില്ലിന്റെ ചരിത്രം പോലെയുള്ള ചരിത്രങ്ങള്‍ പാഠപുസ്തകങ്ങളില്‍ ചേര്‍ക്കപ്പെടും. ഒരുപക്ഷേ, മറ്റൊരു ചരിത്രബോധം പകര്‍ന്നുകിട്ടിയതുകൊണ്ട് നമ്മുടെ തലമുറ ഇവ തിരിച്ചറിഞ്ഞാലും അടുത്ത ഒരു തലമുറക്ക് ഇത് തിരിച്ചറിയാനുള്ള അവസരമില്ലാതാകും.
ചരിത്രബോധം എന്നത് ഒരു വലിയ കാര്യമാണ്. ഇക്കാര്യം നന്നായി അറിയുന്നത് കൊണ്ട് തന്നെ ഇന്ത്യയിലെ ശാസ്ത്രം, സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടുന്നതിനേക്കാള്‍ ചരിത്രത്തിലാണ് സംഘപരിവാരം കടന്നുകയറുന്നത്. ചരിത്രം പതിയെപ്പതിയെ അടുത്ത തലമുറകളിലേക്ക് പകരുന്നതിലൂടെ ചരിത്രബോധമില്ലാത്ത ഒരു തലമുറയാണവര്‍ സ്വപ്‌നം കാണുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ അടിസ്ഥാനപരമായ, ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത, വിടവ് നിലനില്‍ക്കുന്നുണ്ടെന്ന പകയുടെ ചരിത്രമാണ് അവര്‍ പഠിക്കുക. ഹിന്ദുക്കളോ മുസ്‌ലിംകളോ വ്യത്യാസമില്ലാതെ ഈയൊരു ചരിത്രബോധത്തിലേക്ക് മാറും. ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത രണ്ട് വിഭാഗങ്ങളുടേതായി ഇന്ത്യ മാറിയാല്‍ പിന്നെ ഒരു രാഷ്ട്രീയത്തിനും ഇന്ത്യയെ രക്ഷിക്കാനാവില്ല. ഈ 31% ജനവിഭാഗമല്ല, 100% ജനങ്ങളും വര്‍ഗീയ പാര്‍ട്ടികളുടെ പിന്നണിയില്‍ ചേരും. പുറംതള്ളപ്പെട്ടവര്‍ തീവ്രവാദ പ്രവര്‍ത്തനവും മറ്റുമായി ജീവിക്കുകയും ചെയ്യും. അങ്ങനെ അശാന്തമായ ഒരു ഇന്ത്യയെ സൃഷ്ടിക്കുക എന്നതാണ് ഇവരുടെ അജണ്ട.
യഥാര്‍ഥത്തില്‍ ഇന്ത്യ അങ്ങനെയുള്ള ഒരു രാഷ്ട്രമേയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വര്‍ഗീയത വളരെ ചുരുങ്ങിയ ആളുകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒരു പ്രതിഭാസമാണ്. അത് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെ സ്പര്‍ശിക്കുന്നേയില്ല. അവര്‍ മതപരമായ കാര്യങ്ങള്‍ നിര്‍വഹിച്ച്, സ്വന്തമായി തൊഴിലെടുത്താണ് ജീവിക്കുന്നത്. അവരുടെ ആചാരങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യാസമാണെന്നേയുള്ളൂ. ആ വ്യത്യാസം ഹിന്ദു മതത്തിനുള്ളില്‍ തന്നെയുണ്ട്. ഹിന്ദു മതത്തിലെ ഉയര്‍ന്ന വിഭാഗവും താഴ്ന്ന വിഭാഗവും തമ്മിലുള്ള ആചാരങ്ങള്‍ വളരെയധികം വ്യത്യസ്തമാണ്. പ്രദേശങ്ങള്‍ മാറുന്നതിനനുസരിച്ചും ആചാരങ്ങളില്‍ വ്യത്യാസങ്ങളുണ്ടാവാറുണ്ട്. ഇതു കൊണ്ടൊക്കെത്തന്നെയാണ് ഇസ്‌ലാം ഇന്ത്യയിലേക്ക് കടന്നുവന്നപ്പോഴും ഒരു സ്പര്‍ധയും ഉണ്ടാവാതിരുന്നത്. വ്യത്യസ്ത ആചാരങ്ങള്‍ നിര്‍വഹിക്കുന്ന പല വിഭാഗങ്ങള്‍ക്കിടയില്‍ ഒരു പുതിയ വിഭാഗം കൂടി കൂടിയെന്നേ അന്നത്തെ ഇന്ത്യയിലെ ജന വിഭാഗങ്ങള്‍ കരുതിയുള്ളൂ.
ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നതു പോലുള്ള ഒരു സ്പര്‍ധയും ഒരു മതം കടന്നുവന്നപ്പോഴും ഇന്ത്യയിലുണ്ടായിട്ടില്ല. ഹിന്ദു മതം എന്ന ഒന്നുണ്ടാക്കിയത് തന്നെ ബ്രട്ടീഷുകാരാണ്. ഇവിടെ ജാതി സമൂഹങ്ങളാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ വ്യത്യസ്തതകളുടെയും ബഹുസ്വരതയുടെയും നാടാണ് എന്നേ പറയാന്‍ കഴിയൂ. ഇവര്‍ അധികാരത്തില്‍ വന്നാല്‍ ലക്ഷ്യമിടുന്നത് ജനങ്ങള്‍ക്കിടയില്‍ പരസ്പര സംശയങ്ങളുണ്ടാക്കുക, സ്പര്‍ധയുണ്ടാക്കുക എന്നാണ്. അതിനുവേണ്ടി ഇവര്‍ ചെറിയ ചെറിയ നുണബോംബുകള്‍ ഇടുന്നു. ഉദാഹരണത്തിന് ഇന്ത്യയില്‍ മുസ്‌ലിം ജനസംഖ്യ കൂടുന്നു എന്നൊക്കെപ്പോലെ. പിന്നെ ചര്‍ച്ച അതിലേക്ക് നീങ്ങും. യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത അത്തരമൊരു വിഷയം ഒരു ഹിന്ദുവിന്റെ ചിന്താമണ്ഡലത്തിലേക്ക് കടന്നുവരേണ്ട കാര്യമേയല്ല.
മറ്റൊരു ഉദാഹരണം ബീഫ് നിരോധനം തന്നെ. കാലങ്ങളായി ഇന്ത്യക്കാരുടെ പ്രത്യേകിച്ച് ഇന്ത്യയിലെ ദളിത് വിഭാഗത്തിന്റെ പ്രധാനപ്പെട്ട ഭക്ഷണമാണ് ബീഫ്. ഗോപൂജയുടെ ഭാഗമായി ബീഫ് നിരോധിക്കണമെന്നാണ് അവര്‍ വാദിക്കന്നത്. പശുക്കളെ യാഗം ചെയ്ത് ജീവിച്ച ഒരു 'സുവര്‍ണ' ഭൂതകാലം ഹിന്ദുവിന് ഉണ്ടായിരുന്നു എന്ന കാര്യം അവര്‍ മറക്കുന്നു. ആവശ്യമില്ലാത്ത പല ചിന്തകളിലേക്കും ചര്‍ച്ചകളിലേക്കും ഇത്തരം പ്രസ്താവനകള്‍ നീളുന്നു. പ്രത്യേകമായ ഒരു ഭക്ഷണം കഴിക്കണമെന്നോ കഴിക്കേണ്ട എന്നോ പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. അതൊക്കെ ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി, താല്‍പര്യം എന്നിവയെ അടിസ്ഥാനമാക്കി നില്‍ക്കുന്നു. ഭക്ഷണം, വസ്ത്രം, ആശയം, വിശ്വാസം എന്നിവയെല്ലാം വ്യക്തിപരമായ കാര്യമാണ് എന്നത് ഒരാധുനിക ബോധ്യമാണ്. അതു കൊണ്ട് ആര്‍. എസ്. എസ് അടിസ്ഥാനപരമായി ആധുനികവും മാനവികവുമായ മൂല്യങ്ങളെ നിഷേധിക്കുന്ന ഒരു സ്ഥാപനമാണ്.
ലോകത്തേക്ക് കടന്നുവന്ന രണ്ട് ആധുനിക മതങ്ങള്‍ ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയുമാണ്. പണ്ട് ദൈവത്തെ് പലവസ്തുക്കളിലായി കണ്ടിരുന്ന ഒരു സ്ഥിതിയില്‍ നിന്ന് മാറി ദൈവം അമൂര്‍ത്തമായ ഒരു ശക്തിയാണെന്നതിലേക്ക് ഈ മതങ്ങള്‍ എത്തിച്ചു. ഇതിനപ്പുറത്തേക്ക് ഇനിയൊരു ദൈവചിന്തയുണ്ടാവില്ല. അതുകൊണ്ടാണ് ഈ മതങ്ങളെ മോഡേണ്‍ റിലീജ്യന്‍ എന്ന് വിളിക്കുന്നത്. ഇത്തരം ആധുനിക മതങ്ങളോട് ഒരുനിലക്കും യോജിച്ചുപോകാന്‍ ആര്‍.എസ്.എസിനു കഴിയില്ല. കാരണം അവര്‍ ആധുനികതക്കുതന്നെ എതിരാണ്. ജാതി, ജന്മി, നാടുവാഴി വ്യവസ്ഥ അതിലെ ബ്രാഹ്മണ്യം തുടങ്ങിയവ അതുപോലെ നിലനിര്‍ത്തുക എന്നതാണ് അവര്‍ക്ക് പ്രധാനം.
മലപ്പുറത്തുനടന്ന ഹിന്ദു ഐക്യവേദിയുടെ സമ്മേളന പോസ്റ്റര്‍ വായിച്ചാല്‍ തന്നെ അതു മനസ്സിലാകും. 'വെന്നേരിനാട്, വെട്ടത്തുനാട്, വള്ളുവനാട്.. എന്തൊരു ഐശ്വര്യമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്' എന്നാണ് അവര്‍ അതിശയിക്കുന്നത്. ഈ നാടുകളിലൊക്കെ എന്ത് ഐശ്വര്യമാണ് ഉണ്ടായിരുന്നത്? ജന്മിയുടെ വീട്ടുമുറ്റത്ത് കുഴികുഴിച്ച് കഞ്ഞികുടിച്ചവരുടെ പിന്‍തലമുറയാണ് അക്കാലത്തെ ഐശ്വര്യം പറഞ്ഞുനടക്കുന്നത്. ആ കാലം മാറി നമ്മള്‍ ഇത്രമുന്നോട്ട് വന്നതിന് ശേഷം അക്കാലം എത്ര ഐശ്വര്യം നിറഞ്ഞതായിരുന്നു എന്ന് പറയുന്നതിലെന്ത് സത്യസന്ധതയാണുള്ളത്. ഇവര്‍ നടത്തുന്ന ഓരോ പ്രസ്താവനകളും എടുത്ത് പരിശോധിക്കേണ്ട ആവശ്യമൊന്നുമില്ല. കാരണം അവര്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല എന്നത് മാത്രമല്ല ചര്‍ച്ച ചെയ്യപ്പെടാന്‍ പോലും യോഗ്യതയില്ല എന്നതാണ് വാസ്തവം. പക്ഷേ ചരിത്രബോധമില്ലാത്ത സാധാരണക്കാര്‍ ഇത് ചര്‍ച്ച ചെയ്ത് കൊണ്ടേയിരിക്കും. കാരണം ഇവരെ നയിക്കുന്നത് പൊതുബോധമാണ്. ചരിത്രബോധമില്ലാത്തതുകൊണ്ടാണ് ആര്‍.എസ്.എസ് ചരിത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ചരിത്രം മാറ്റിയെഴുതി ചരിത്രബോധത്തെ പൊതു ബോധമാക്കാനാണവര്‍ ശ്രമിക്കുന്നത്. എന്നിട്ട് അതിനകത്ത് സങ്കുചിതമായ വാദങ്ങളും ആശയങ്ങളും കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഉദാഹരണത്തിന് ഘര്‍ വാപ്പസി. ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത മടങ്ങാന്‍ പറ്റിയ ഒരു വീടാണൊ ഹിന്ദുത്വം എന്നുള്ളതാണ്.ഒരു വീട്ടിലേക്ക് ക്ഷണിക്കുമ്പോള്‍ അവിടെ അനുകരിക്കപ്പെടേണ്ടതോ അനുഭവിക്കേണ്ടതോ ആയ എന്തെങ്കിലും ഒന്നുണ്ടായിരിക്കണം. ജാതി, വിഭാഗീയത, അടിമത്തം തുടങ്ങിയവ കൊണ്ട് മലിനമായ ഒരു പ്രേതാലയമാണ് മടങ്ങാന്‍ ആവശ്യപ്പെടുന്ന ആ വീട്. എങ്കില്‍ ആ ക്ഷണത്തിന്റെ പ്രസക്തി എന്താണ്? ഹിന്ദു മതം ജീര്‍ണതയുടെ ഒരു കൂടാണ്. ഇത്തരമൊരു വര്‍ണാശ്രമത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയല്ല വേണ്ടത്. ആര്‍. എസ്. എസിന് കുറച്ചെങ്കിലും ആത്മാര്‍ഥയുണ്ടെങ്കില്‍ ഹിന്ദു മതത്തെ നവീകരിക്കുകയാണു വേണ്ടത്. ഇതിന് ഇന്ത്യയിലാരും തടസ്സം നില്‍ക്കുകയില്ല. കാരണം, അമര്‍ത്യാ സെന്നിന്റെ ''ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യ'' എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ ഇന്ത്യ തര്‍ക്കങ്ങളുടെ നാടാണ്.
മലയാളത്തിലെ ആദ്യത്തെ ആത്മകഥ എഴുതിയത് കൊച്ചി രാജവംശത്തിലെ രാജാവായിരുന്ന യാക്കോബ് രാമവര്‍മയാണ്. ഇദ്ദേഹം രാജാവായിരുന്നിട്ടും ക്രിസ്തു മതത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ച് ആ മതത്തില്‍ ആകൃഷ്ടനായി ആ മതം സ്വീകരിച്ചു. അതു കൊണ്ട് സമൂഹത്തിലൊരു പ്രശ്‌നവും ഉണ്ടായില്ല. പക്ഷെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായി അതിനെക്കുറിച്ച് എഴുതിയ പുസ്തകമാണ് മലയാളത്തിലെ ആദ്യത്തെ ആത്മകഥ.
ഹിന്ദു മതത്തെ നവീകരിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ശ്രീ നാരായണ ഗുരു. അദ്ദേഹം ഏകദൈവ വിശ്വാസത്തെ വളര്‍ത്തിയ ഒരാളായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അംഗീകരിക്കാന്‍ ആര്‍.എസ്.എസിനാവില്ല. 'ഞാനൊരു സനാതന ഹിന്ദുവാണ്. എനിക്ക് ഈ മതത്തിന്റെ ധര്‍മ്മങ്ങളിലൂടെ മറ്റെല്ലാം മതങ്ങളെയും മനസിലാക്കാന്‍ കഴിയും. ഞാന്‍ പഠിച്ച ഹിന്ദു മതത്തില്‍ ജാതീയതയില്ല.' എന്നൊക്കെ ഗാന്ധി പറഞ്ഞിട്ടുണ്ട്. ആ ഗാന്ധിയെ ഇവര്‍ വെടിവെച്ചു കൊന്നു. ഹിന്ദു മതത്തെ നവീകരിക്കാനും പരിഷ്‌കരിക്കാനും ആധുനികവല്‍കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടും അവര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയും അവയെ അടിച്ചമര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടിവര്‍ ചെയ്യുന്നത് എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് എന്നിവയെ കൂട്ടുപിടിക്കുകയെന്നതാണ്. ചട്ടമ്പിസ്വാമികള്‍, മന്നത്ത് പത്മനാഭന്‍ എന്നിവരെന്തു പറഞ്ഞുവെന്നുള്ളത് ഇവര്‍ക്ക് വിഷയമല്ല. ഇവര്‍ക്ക് ആരെ കൂട്ടുപിടിച്ചാണെങ്കിലും വോട്ടുബാങ്ക് നിര്‍മ്മിക്കുകയെന്നത് മാത്രമാണ് ലക്ഷ്യം.
മതംമാറ്റം എന്നത് ഇന്ത്യയില്‍ ഒരു പ്രശ്‌നമേ ആയിരുന്നില്ല. മുസ്‌ലിംകള്‍ ക്രിസ്ത്യാനിറ്റിയിലേക്ക് കൂട്ടമായി മാറിയതായി നമുക്ക് ചരിത്രത്തില്‍ കാണാന്‍ കഴിയും. അതുകൊണ്ടാണ് സനാഉല്ലാ മക്തി തങ്ങള്‍ മലബാറില്‍ മുഴുവന്‍ നടന്ന് എങ്ങനെയാണ് ഇസ്‌ലാം മതം മെച്ചപ്പെട്ട മതമാകുന്നത് എന്ന് പ്രസംഗിച്ചു നടന്നത്.
അഥവാ തര്‍ക്കങ്ങള്‍ ഇന്ത്യയില്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹിന്ദു മതത്തിലെ അടിസ്ഥാന തത്വങ്ങളെ മുന്‍നിര്‍ത്തി തര്‍ക്കിക്കുന്നതിലോ അത് പ്രചരിപ്പിക്കുന്നതിലോ തെറ്റില്ല. മാത്രമല്ല തര്‍ക്കങ്ങള്‍ കൊണ്ട് വിരുദ്ധത കാണുന്നതിനൊപ്പം സാമ്യതകളും കണ്ടെത്താന്‍ കഴിയും. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ജീവിച്ച ദാരാശിഖോവ് ഉപനിഷത്തുകളെ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയും ഉപനിഷത്തുകളിലും ഖുര്‍ആനിലും ഉള്ള ദൈവസങ്കല്‍പം ഒന്നുതന്നെയാണെന്ന് വാദിക്കുകയും ചെയ്യുന്നുണ്ട്. അഥവാ വിരുദ്ധതക്കൊപ്പം യോജിപ്പും തര്‍ക്കങ്ങളില്‍ നിന്ന് ഉടലെടുത്തിട്ടുണ്ട് എന്നര്‍ഥം. കുംഭമേളകള്‍ പന്ത്രണ്ട് വര്‍ഷത്തെ ധ്യാനത്തില്‍ ഉരിത്തിരിഞ്ഞ ചിന്തകളെ മുന്‍നിര്‍ത്തി തര്‍ക്കിക്കാനുള്ള സംഗമസ്ഥലങ്ങളാണെന്ന യാഥാര്‍ഥ്യം നമ്മള്‍ ഓര്‍ക്കേണ്ടതാണ്. സൂഫീ സംസ്‌കാരങ്ങളിലും തര്‍ക്കങ്ങളുടെ സാന്നിദ്ധ്യം ചെറുതല്ല. ലോകത്ത് ഏത് രാജ്യത്തിന് ഉള്ളതിനേക്കാളും നല്ലൊരു തര്‍ക്കപാരമ്പര്യം ഉള്ള രാജ്യമാണ് ഇന്ത്യ. ആ പാരമ്പര്യം ഹിന്ദു ഐക്യവേദിക്കും തുടരാവുന്നതാണ്. അപ്പോള്‍ അവര്‍ ചെയ്യേണ്ടത് സംവാദാത്മകമായ മതചിന്തയുടെ മുന്നണിയില്‍ വരിക എന്നതാണ്. കലഹത്തിലേക്കും ഹിംസയിലേക്കും ജനങ്ങളെ നയിക്കുകയല്ല വേണ്ടത്. ഹിന്ദു മതവേദങ്ങളിലും ഉപനിഷത്തുകളിലുമൊക്കെയുള്ള കാര്യങ്ങള്‍ എങ്ങനെ മറ്റു മത ഗ്രന്ഥങ്ങളോട് വേര്‍തിരിഞ്ഞ് നില്‍ക്കുന്നുവെന്ന് പഠിച്ച് നല്ല തര്‍ക്കങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും എതിരെയുള്ള തര്‍ക്കങ്ങളെ സ്വാഗതം ചെയ്യുകയുമാണ് ഹിന്ദുത്വവാദികള്‍ ചെയ്യേണ്ടത്. സംവാദാത്മക ഹിന്ദുത്വത്തിന് ആരും എതിരല്ല. വേണമെങ്കില്‍ സമുന്വയത്തിന്റെ പാത കണ്ടെത്താനും അവര്‍ക്ക് ശ്രമിക്കാവുന്നതാണ്.
ആദിവാസികളെയും മറ്റു ദരിദ്രരെയും കാശും മരുന്നും കൊടുത്ത് മതം മാറ്റുന്നുവെന്നതാണ് ഒരു ആരോപണം. അവര്‍ ദരിദ്രരായതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന കാര്യം സംഘപരിവാരം സൗകര്യപൂര്‍വം മറക്കുന്നു. സ്വാഭാവികമായും തങ്ങള്‍ക്ക് മരുന്നും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നവരുടെ മതത്തിലേക്ക് മാറുക എന്നത് നടന്നേക്കാം. പക്ഷേ അതിന് ചെയ്യേണ്ടത് അവരുടെ ദാരിദ്ര്യം മാറ്റുകയാണ്. എന്നാല്‍ മോദി ഭരണത്തിലേറിയ ശേഷം ഈ ദാരിദ്ര്യം നീക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്തതായി കാണാന്‍ കഴിയില്ല. കൃഷിക്കാരെ ഭൂമിയില്‍ നിന്ന് അകറ്റിയും വ്യവസായങ്ങള്‍ തകര്‍ത്തും കുത്തകകളെ കൊണ്ടുവന്നും ദരിദ്രരെ വീണ്ടും ദരിദ്രരാക്കുകയാണ്. ഹിന്ദുക്കളോട് ഇവര്‍ക്കും എന്തെങ്കിലും ആഭിമുഖ്യമുണ്ടെങ്കില്‍ തെറ്റായ സാമ്പത്തിക നയത്തില്‍ നിന്നും പിന്മാറുകയാണ് വേണ്ടത്.
ഹിംസയുടെ രാഷ്ട്രീയത്തെ ഒതുക്കാന്‍ മതനിരപേക്ഷ പാര്‍ട്ടികളുടെ സഖ്യം ഉണ്ടാവുക എന്നത് മാത്രമാണ് പ്രതിവിധി. മലപ്പുറത്ത് നടന്ന ഹിന്ദു ഐക്യവേദിയുടെ സമ്മേളനത്തില്‍ ക്ഷേത്രങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടായി. അന്നത്തെ ആര്‍കിടെക്ചറിനെക്കുറിച്ച് അറിയുന്ന ഒരാള്‍ക്ക് മനസ്സിലാകും ഇവിടെ അമ്പലവും പള്ളിയും ഉണ്ടാക്കിയത് ഒരേ കൂട്ടര്‍ തന്നെയായിരുന്നു എന്ന്; അഥവാ ഇവിടുത്തെ ആശാരിമാര്‍. അവര്‍ പള്ളിയാണെങ്കിലും അമ്പലമാണെങ്കിലും അവര്‍ക്കറിയാവുന്ന ഒരു രൂപത്തിലാണ് നിര്‍മ്മിച്ചത്. കേരളത്തില്‍ അമ്പലങ്ങളുണ്ടാകുന്നത് 9ാം നൂറ്റാണ്ടിനു ശേഷം മാത്രമാണ്. അതിനു മുമ്പുണ്ടായിരുന്നത് ബുദ്ധവിഹാരങ്ങളും ജൈന ക്ഷേത്രങ്ങളുമാണ്. അഥവാ ഇന്നത്തെ പല ക്ഷേത്രങ്ങളും അന്നത്തെ ബുദ്ധ സന്യാസികളില്‍ നിന്ന് പിടിച്ചെടുത്തതാണ്. തൃശൂരിലെ തേക്കിന്‍കാടുമൈതാനം എന്ന സ്ഥലം യഥാര്‍ഥത്തില്‍ തേക്കിന്‍കാടു മൈതാനം എന്നതിന്റെ പരിണിത രൂപമാണ്. ചുടലപ്പറമ്പ് എന്നര്‍ഥം. ജൈന സന്യാസിമാരെ കൂട്ടമായി കൊന്നു കുഴിച്ചിട്ട സ്ഥലമാണത്. തൃശൂരിലെ വടക്കുനാഥ ക്ഷേത്രവും മറ്റു അനുബന്ധ ക്ഷേത്രങ്ങളും ബുദ്ധമതത്തിന്റെയോ ജൈനമതത്തിന്റെയോ ആരാധനാ കേന്ദ്രങ്ങളായിരുന്നു. ശ്രീ ശങ്കരാചാര്യര്‍ ഹിന്ദു മതത്തെ പുനരുദ്ധരിക്കാന്‍ ശ്രമിച്ചിരുന്ന കാലത്ത് ഈ ക്ഷേത്രങ്ങളൊക്കെ ബ്രാഹ്മണര്‍ പിടിച്ചെടുക്കുകയാണ് ചെയ്തത്. ക്ഷേത്രങ്ങളിലെ പൂരവും മറ്റും ഹിന്ദുക്കളുടേതല്ല, ബുദ്ധമതത്തിന്റെ ആചാരവുമായി ബന്ധപ്പെട്ടതാണ്. ശബരിമല ബുദ്ധ മതവുമായി ബന്ധപ്പെട്ടതാണ്. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം ബുദ്ധമതാരാധനാ കേന്ദ്രമായിരുന്നു. ചമ്രവട്ടത്തപ്പന്റെ ക്ഷേത്രത്തില്‍ ഇപ്പോഴും നെയ്യ് വിതരണം ചെയ്യാറുണ്ട്. ഇതും ബുദ്ധമത ചര്യയാണ്. ക്ഷേത്രത്തോട് ചേര്‍ന്ന് ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ബുദ്ധമതത്തിലെ പതിവാണ്. അഥവാ ഇന്നത്തെ ഹിന്ദുക്കളുടെ പല ആചാരങ്ങളും ബുദ്ധമതത്തിന്റേതാണ്, തെക്കോട്ടു പോയാല്‍ ഹിന്ദുക്കള്‍ ആരാധിക്കുന്ന കരിമാടിക്കുട്ടന്‍ ബുദ്ധനാണ്. പുത്തരച്ചന്‍മാര്‍ എന്ന പേരിലുള്ള ഒരുപാട് മൂര്‍ത്തികള്‍ തെക്കന്‍ കേരളത്തിലുണ്ട്. പുത്തരച്ചന്‍ എന്നു പറയുന്നതു തന്നെ ബുദ്ധനാണ്. ചുരുക്കിപ്പറഞ്ഞാല്‍ പലവിധത്തില്‍ ബുദ്ധമതത്തെ തകര്‍ത്തു കൊണ്ടാണ് ബ്രാഹ്മണ്യം ഇവിടെ കൊടിക്കൂറ നാട്ടിയത്. പിടിച്ചെടുക്കലിന്റെ കഥ പറഞ്ഞാല്‍ ബ്രാഹ്മണ്യം ചെയ്തത്ര ഹിംസ ഇന്ത്യയില്‍ മറ്റാരും ചെയ്തിട്ടില്ല. ടിപ്പുവിനെ കുറിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കാറുണ്ട്. മതപരിവര്‍ത്തനം നടത്താന്‍ മാത്രം സമയം ടിപ്പുവിന് കേരളത്തില്‍ ലഭിച്ചിട്ടില്ല. ടിപ്പു വന്നതോടെ പല രാജാക്കന്മാരും ഓടിപ്പോയെന്നതു ശരിയാണ്. സ്വാഭാവികമായും അന്നത്തെ രാജാക്കന്മാരുടെ പടയോട്ടം കൊള്ളയടിക്കാന്‍ വേണ്ടിയായതു കൊണ്ടാണ് ഈ രാജാക്കന്മാര്‍ ഓടിപ്പോയത്. അത് മതപരമായ പ്രശ്‌നങ്ങള്‍ കൊണ്ടൊന്നുമായിരുന്നില്ല. മറ്റൊരാരോപണം പറയുന്നത് മലബാര്‍ സമരത്തെ കുറിച്ചാണ്. അന്നത്തെ സമരം ഒരിക്കലും ഹിന്ദുക്കള്‍ക്കെതിരെയായിരുന്നില്ല. മറിച്ച് ജന്മികള്‍ക്കെതിരെയായിരുന്നു. മാത്രമല്ല, ഇവിടുത്തെ ദലിത് സമൂഹം ഈ മുസ്‌ലിം ഭടന്മാരോടു കൂടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നതാണു വാസ്തവം. യഥാര്‍ഥത്തില്‍ ഒരു സ്പര്‍ധയില്ലെങ്കില്‍ പോലും പുതിയ ആശങ്കകളുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മാപ്പിളസ്ഥാന്‍ എന്ന് മലപ്പുറത്തെ വിളിക്കുന്നത്. വിഷലിപ്തമായ ഇത്തരം പ്രചാരണങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ പൊതുബോധത്തെ ആഴത്തില്‍ വെട്ടിപ്പിളര്‍ക്കും. അത് അശാന്തമായ ഒരു ഇന്ത്യയെ സൃഷ്ടിക്കും. അതിനെതിരെ നിതാന്ത ജാഗ്രത പാലിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ബാധ്യതയുണ്ട്.
Leave A Comment