ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മുസ്‌ലിം വിരുദ്ധത നട്ടുവളര്‍ത്തുന്നു; തെഹല്‍ക വെളിപ്പെടുത്തുന്നത് ഭീകര സത്യങ്ങള്‍
musl'പശുമാംസം ഭക്ഷിക്കുന്നത് ആരോ, അവരാണ് മുസ്‌ലിംകള്‍. മുസ്‌ലിംകളെ കൊലപ്പെടുത്താനും ഹിന്ദുക്കളെ രക്ഷിക്കാനുമാണ് ഞങ്ങള്‍ പരിശീലിക്കുന്നത് ' യാതൊരു ഭാവമാറ്റവുമില്ലാതെ ഒമ്പതുവയസുകാരന്‍ പറയുന്നു. തെഹല്‍ക്ക മാഗസിന്‍ തയാറാക്കിയ പ്രത്യേക ഡോക്യുമെന്ററിയാണ് രാജ്യത്ത് കുരുന്നു ഹൃദയങ്ങളില്‍ പോലും വര്‍ഗീയവിദ്വേഷം നിറയ്ക്കുന്ന ഹിന്ദുത്വ സംഘടന ഹിന്ദു സ്വാഭിമാന്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കാവിസേന എന്ന പേരുള്ള ഡോക്യുമെന്ററിയില്‍ അന്യമതവിദ്വേഷം അതിന്റെ പാരമ്യത്തിലെത്തിയ കുട്ടികളുടെയും പുരോഹിതരുടെയും സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് ഏറെ അകലെയല്ലാത്ത ഗാസിയാബാദില്‍ 'മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ല' എന്നു വലിയ ബാനറില്‍ എഴുതിവച്ച ക്ഷേത്രത്തിന്റെ അങ്കണത്തില്‍ നിന്നാണ് കുട്ടി തെഹല്‍ക്കയുടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്. ക്ഷേത്ര കോംപൗണ്ടില്‍ വെള്ളമെടുക്കാനെത്തിയ പത്തുവയസുള്ള മുസലിംബാലനെ പൊതിരെ തല്ലിയശേഷം ഓടിക്കുന്ന ദൃശ്യത്തോടെയാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. 'മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ലാത്ത' ക്ഷേത്ര കോംപൗണ്ടില്‍ കയറിയതാണ് മുസ്‌ലിംബാലന്‍ ചെയ്ത കുറ്റം. സംസാര ശേഷിയും കേള്‍വിശക്തിയുമില്ലാത്ത പ്രമോദ് എന്ന കൗമാരക്കാരനാണ് 'അതിക്രമിച്ചുകയറുന്നവരെ' ഓടിക്കാനുള്ള ചുമതല. ക്ഷേത്രത്തിലെ സ്വാമിജി അവനു ദൈവമാണ്. ഗുസ്തിതാരമായ പ്രമോദ് അടുത്തിടെ ഗോവയില്‍ നടന്ന മത്സരത്തില്‍ സ്വര്‍ണവും കരസ്തമാക്കുകയുണ്ടായി. എന്നാല്‍ 'അതിക്രമിച്ചു കടക്കുന്നവരെ' പിടിക്കാനുള്ള കാവല്‍ക്കാരനായ പ്രമോദ്, ഇന്ന് മുസ്‌ലിംകളെ വിദ്വേഷത്തോടെ മാത്രം നോക്കുന്നു. അത് എത്ര പരിചയമുള്ളവരോ കൊച്ചുകുട്ടിയോ ആവട്ടെ അവര്‍ കൊല്ലപ്പെടേണ്ടവരാണെന്നും താന്‍ അഭ്യസിച്ച ഗുസ്തി മുസ്‌ലിംകള്‍ക്കെതിരേ ഉപയോഗിക്കാനുള്ളതാണെന്നുമാണ് പ്രമോദ് കരുതുന്നത്. പ്രമോദിനോട് സംസാരിക്കുന്നതിനിടെ സ്വാമിജിയെ ആരോവിളിക്കുന്നു. 'പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ അടുത്തു തന്നെ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ ആഭ്യന്തരയുദ്ധം തന്നെ നടക്കും..' സ്വാമി ആരോടോ പറയുന്നു. റഷ്യയില്‍ നിന്ന് എം.ടെക് നേടിയ സ്വാമിജി സമാജ് വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവായിരുന്നു. പിന്നീട് പാര്‍ട്ടിവിട്ട് ദീപക് ത്യാഗി എന്ന തന്റെ പേര് ഉപേക്ഷിച്ചാണ് ഹിന്ദുത്വമാര്‍ഗത്തിലേക്കു തിരിഞ്ഞത്. ഉത്തര്‍പ്രദേശില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിവരുന്ന അയോധനപരിശീലന ക്ലാസുകളില്‍ നിന്നാണ് പ്രമോദ് ഗുസ്തി പഠിച്ചത്. സൈനികപരിശീലനത്തിനു തുല്യമായ ഈ ക്ലാസുകളില്‍ എട്ടുവയസുള്ള കുട്ടികള്‍ വരെ പങ്കെടുക്കുന്നു. ഇതുപോലുള്ള ക്ലാസുകളും കുട്ടികളും ഗാസിയാബാദിലെ ദസ്‌ന ജില്ലയില്‍ മാത്രമല്ല, ഉത്തര്‍പ്രദേശില്‍ അങ്ങോളമിങ്ങോളമുണ്ട്. ആയോധനപരിശീലനത്തോടൊപ്പം വര്‍ഗീയ വിദ്വേഷവും ക്ലാസുകളിലെ പാഠ്യവിഷയമാണ്. 2013ല്‍ ഈ പ്രദേശത്ത് ലൗജിഹാദ് ആരോപിച്ചു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ വ്യാപക ആക്രമണം നടന്നിരുന്നു. 'അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഐസിസ് ഭീകരന്മാര്‍ ഇന്ത്യയെ ആക്രമിക്കും. ഐസിസ് വരുമ്പോള്‍ ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളും അവര്‍ക്കൊപ്പം ചേരും. അവര്‍ പിന്നീട് രാജ്യത്തെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യും. അതിനു ഇപ്പോള്‍ തന്നെ ഹിന്ദുക്കളെ സജ്ജരാക്കുക- ഇതാണ് സ്വാമിയുടെ വിശ്വാസം. പരമതവിദ്വേഷം പ്രചരിപ്പിക്കലും കായികാഭ്യാസവും മാത്രമല്ല, ഹിന്ദുത്വ സംഘടനയില്‍പ്പെട്ടവര്‍ പിടിയിലാവുമ്പോള്‍ അവര്‍ക്കു വേണ്ടി പ്രതിരോധം സൃഷ്ടിക്കലും സ്വാമിജിയുടെ രീതിയാണ്. മാള്‍ഡയില്‍ അടുത്തിടെ വര്‍ഗീയകലാപം അഴിച്ചുവിട്ട കമലേഷ് തിവാരി സ്വാമിജിയുട അടുത്ത ശിഷ്യനാണ്. കമലേഷ് പിടിക്കപ്പെട്ടപ്പോള്‍ സ്വാമിജി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഹിന്ദുസ്വഭിമാന്‍ യു.പിയില്‍ മാത്രമല്ല ഉത്തരാഖണ്ഡിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും സജീവമാണ്. 'ഐസിസ് ഇന്ത്യയിലെത്തും മുമ്പ്' സേനയെ രാജ്യവ്യാപകമായി വളര്‍ത്താനാണ് തങ്ങളുടെ തീരുമാനമെന്ന് സ്വാമിജി പറയുന്നു. സല്‍വാജുദൂമിനെയും രണ്‍വീര്‍ സേനയെയും പോലെ തങ്ങള്‍ക്കു സ്വന്തമായി സേനയമുണ്ടെന്ന് സ്വാഭിമാന്‍ ജനറല്‍ സെക്രട്ടറി അനില്‍ യാദവ് പറയുന്നു. സംസ്ഥാനതല ഗുസ്തി ചാംപ്യനാണ് യാദവ്. മുന്‍ സൈനികന്‍ പര്‍മീന്ദര്‍ ആര്യയാണ് ഹിന്ദുസ്വാഭിമന്‍ സേനയുടെ അധ്യക്ഷന്‍. മുസഫര്‍നഗര്‍ കലാപ സമയത്ത് 'ഹിന്ദുക്കളെ രക്ഷിക്കാനായി' തങ്ങളുടെ ചില ആണ്‍കുട്ടികളെ അയച്ചിരുന്നതായി ആര്യ പറഞ്ഞു. ഗാസിയാബാദിനു പുറമെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ഗീയ കലാപങ്ങള്‍ക്കു കുപ്രസിദ്ധിയാര്‍ജിച്ച മീററ്റില്‍ എട്ടു പരിശീലനകേന്ദ്രങ്ങളാണുള്ളത്. മീററ്റ് ജില്ലാ കോടതയിലെ അഭിഭാഷക ചേതന ശര്‍മയ്ക്കാണ് മീററ്റിന്റെ ചുമതല. ആര്‍.എസ്.എസ് വിനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ നേതാവാണ് ചേതന.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter