ദേശീയത ഒരു സങ്കുചിത രാഷ്ട്രീയ അജണ്ടയുടെ വിളിപ്പേരോ?!
അതിര്‍ത്തികളില്‍ വിശ്വസിക്കുന്നവരോട്
ഉറവകളും നക്ഷത്രങ്ങളും സംസാരിക്കുകയില്ല.
മണല്‍ തരികള്‍ക്കറിയുമോ അവര്‍ കിടക്കുന്നത്
ഏത് നാട്ടിലാണെന്ന്.
ആപ്പിള്‍ മരങ്ങളുടെ വേരുകള്‍
മനുഷ്യരുണ്ടാക്കിയ മതിലുകള്‍ക്കിടയിലൂടെ
അന്യോന്യം കൈകോര്‍ക്കുന്നു,
കാറ്റും ജലവും വേരുകളും
മതിലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു.
കിളികള്‍ കൂര്‍ത്ത ചിറകുകള്‍കൊണ്ട്
അതിരുകള്‍ മുറിച്ചുകളയുന്നു.
ഭൂപടത്തിലെ വരകള്‍ കരിയിലയെപോലും
തടുത്തുനിര്‍ത്തുന്നില്ല.
നമുക്ക് പുഴകളാവുക. (സച്ചിദാനന്ദന്‍)
ദേശീയതെയെക്കുറിച്ചുള്ള ചര്‍ച്ചക്ക് ഒരാമുഖമായി സച്ചിദാനന്ദന്റെ ഈ കവിത ഏറെ പ്രസക്തമാണെന്ന് മനസ്സിലാക്കുന്നു. ദേശീയത എന്ന സങ്കല്‍പ്പത്തിന്റെ മറവിലുള്ള കോപ്രായത്തങ്ങളെ ഇത്രമേല്‍ പരിഹസിച്ച മറ്റൊരു കവിത മലയാളത്തിലുണ്ടാകുമെന്ന് തോന്നുന്നില്ല.
ഇന്ന് വാര്‍ത്തകളിലും ചാനലുകളിലുമെല്ലാം നാം ഏറെ കേട്ട് വരുന്ന പദപ്രയോഗമാണ് ദേശീയത എന്നത്. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ 2014ല്‍ പതിനാറാം ലോക്‌സഭാ ഇലക്ഷനില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലേറുകയും നരേന്ദ്രദാമോദര്‍ ദാസ് മോദി പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്തതതോടെ ദേശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ പല തലങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇന്ന് ഏറെ അപകടം പിടിച്ച ഒരു പ്രയോഗം കൂടിയാകുന്നു ദേശവും ദേശീയതയുമൊക്കെ.
എന്താണ് ദേശീയത?
രാജ്യത്തോടുള്ള കൂറ്, ഐകമത്യബോധം എന്നിവയുടെ അടിസ്ഥാനത്തില്‍ ഉണ്ടായിത്തീരുന്ന സവിശേഷമായ ഒരു വൈകാരിക അവസ്ഥയാണ് ദേശീയത. അത്‌കൊണ്ടാണ് രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്നവരും നിയമം ലംഘിക്കുന്നവരും ദേശദ്രോഹികളും ദേശക്കൂറില്ലാത്തവരുമായി മാറുന്നത്.
നാഷണാലിസം (ദേശീയത) എന്ന പദം തന്നെ വലിയ പഴക്കമില്ലാത്ത ഒന്നാണ്. 1844ലാണ് ഇംഗ്ലീഷില്‍ നാഷണാലിസം എന്ന പദപ്രയോഗം തന്നെ പിറവിയെടുക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടോടുകൂടിയാണ് ദേശീയത വലിയ മൂല്യമുള്ള സങ്കല്‍പ്പമായി ആഗോളതലത്തില്‍ മാറുന്നത്. ചരിത്രം വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ നാഷണാലിസം എന്ന കണ്‍സെപ്റ്റിന് യൂറോപ്യന്‍ മുതലാളിത്തവുമായി അഭേദ്യമായ ബന്ധമുള്ളതായി കാണാം. ഫ്രഞ്ച് വിപ്ലവത്തോടുകൂടിയായിരുന്നു ദേശീയതക്കും ദേശരാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്കും കൂടുതല്‍ ശക്തി ലഭിക്കുന്നത്.
ചരിത്രം പരിശോധിക്കുമ്പോള്‍ ദേശീയത എന്ന സങ്കല്‍പ്പത്തെ ഒരു സമൂഹത്തിന്റെ സുരക്ഷിതത്വത്തിനും അതേസമയം മറ്റൊരു സമൂഹത്തിന്റെ ഉന്മൂലനത്തിനും വേണ്ടി ഉപയോഗപ്പെടുത്തിയതായി നാം വായിക്കുന്നു.
ജനാധിപത്യ തെരെഞ്ഞെടുപ്പിലൂടെ ജര്‍മ്മനിയുടെ അധികാരം പിടിച്ചെടുക്കാന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്കും, ഇറ്റലിയുടെ പരമാധികാരിയായി മാറാന്‍ മുസ്സോളിനിക്കും സാധിച്ചത് ദേശീയത യെ നന്നായി ഇളക്കിവിട്ടത് കൊണ്ടായിരുന്നു. തങ്ങളുടെ എല്ലാ ക്രൂര്യകൃത്യങ്ങളും അവര്‍ ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കുകയുണ്ടായി. തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്തവരെയൊക്കെ അവര്‍ ദേശക്കൂറില്ലാത്തവരായി മുദ്രകൂത്തി. ഇനി ഇന്ത്യന്‍ ദേശീയതയിലേക്ക് വരാം.
ഇന്ത്യന്‍ ദേശീയത
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ 565 നാട്ടുരാജ്യങ്ങളായിരുന്നു ഇവിടെ നിലനിന്നിരുന്നത്. അത്‌കൊണ്ട് തന്നെയായിരുന്നു ഈ രാജ്യം സ്വതന്ത്ര്യമായപ്പോള്‍ പല രാഷ്ട്രീയ വിചക്ഷകരും വിധിയെഴുതിയത്, വിവിധ മതങ്ങളും സംസ്‌കാരങ്ങളും ജാതികളും ഭാഷകളും നാട്ടുരാജ്യങ്ങളുമുള്ള ഒരു രാജ്യം അധിക നാള്‍ മുന്നോട്ട് പോകില്ല എന്ന്. അവരുടെ പ്രസ്താവനക്ക് ബലം നല്‍കുന്നതായിരുന്നു അന്നത്തെ ഇവിടുത്തെ അന്തരീക്ഷം. ഓഗസ്റ്റ് പതിനാലിന്റെ അര്‍ധരാത്രിയില്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പരസ്പരം കൈകോര്‍ത്ത് പോരാടിയ പലരും ഇന്ത്യ-പാക് വിഭജനത്തോടെ മറ്റൊരു രാഷ്ട്രത്തിലേക്ക് പറിച്ചു നടപ്പെട്ട ദുഖസാന്ദ്രമായ നിമിഷമായിരുന്നു അത്. ഒപ്പം, രാജ്യത്തെ ഏറ്റവും മികച്ച സൗന്ദര്യഭൂമികയായ കാശ്മീര്‍ ആര്‍ക്കുമില്ലാത്തവിധം മുറിച്ചു വെച്ചു ഇവിടുത്തെ ബ്രിട്ടീഷ് കുബുദ്ധികള്‍. എന്നാല്‍ ഈ വൈവിധ്യങ്ങളെ രാജ്യത്തിന്റെ ഏറ്റവും മികച്ച സൗന്ദര്യമായി സ്വീകരിക്കുകയായിരുന്നു ഭാരതം.
ഫ്രാന്‍സ്, ജര്‍മ്മനി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഒരേ ഭാഷ സംസാരിക്കുന്നവര്‍ എന്നനിലക്കായിരുന്നു ദേശീയത നിശ്ചയിക്കപ്പെട്ടത്. ഒരേ വംശത്തില്‍ പെട്ടവരുടെ കൂട്ടായ്മ എന്ന നിലക്കായിരുന്നു ഇസ്രായീല്‍ തങ്ങളുടെ ദേശീയതയെ അടയാളപ്പെടുത്തിയത്. ഒരേ മതത്തില്‍ വിശ്വസിക്കുന്നവര്‍ എന്ന നിലക്കാണ് അറബ് മുസ്ലിം രാജ്യങ്ങളിലും ക്രൈസ്തവ രാജ്യങ്ങളിലും ദേശീയത നിലനില്‍ക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നമ്മുടെ ഇന്ത്യ. അപ്പോള്‍ ഇന്ത്യന്‍ ദേശീയത പറഞ്ഞു പ്രചരിപ്പിക്കപ്പെട്ട മിഥയാണെന്നും, തത്വത്തില്‍ മാത്രം നിലകൊള്ളുന്ന സങ്കല്‍പ്പമാണെന്നും നമുക്ക് ബോധ്യപ്പെടുന്നു.
പുതിയകാലത്തെ തീവ്രദേശീയതക്ക് പിന്നില്‍
ഇന്ന് ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള ആഖ്യാന-വ്യാഖ്യാനങ്ങള്‍ മറ്റുപല തലങ്ങളിലേക്കും വഴിവിട്ടിരിക്കുകയാണ്. ദേശസ്‌നേഹവും ദേശദ്രോഹവും തീരുമാനിക്കാനുള്ള മാനദണ്ഢം ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്ന ചില വര്‍ഗ്ഗീയ കാപാലികരാണ് തീരുമാനിക്കുന്നത്. ഒരാള്‍ ദേശസ്‌നേഹിയാണോ ദേശദ്രോഹിയാണോ എന്ന സര്‍ട്ടിഫിക്കറ്റ് അവര്‍ തന്നെ നല്‍കിക്കൊള്ളും.
ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ചില വിചിത്ര പ്രസ്താവനകളും നാം വായിക്കുകയുണ്ടായി. തീയേറ്ററുകളില്‍ ദേശീയ ഗാനം കേട്ടാല്‍ എഴുന്നേറ്റുനിന്നില്ലെങ്കില്‍ ദേശദ്രോഹിയാകും പോലും. അതേസമയം, ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മുന്നില്‍ നിന്ന് പോരാടിയ മഹാത്മാഗാന്ധിയെ പ്രാര്‍ഥനാലയത്തില്‍ വെച്ച് മാറിടത്തിലേക്ക് നിറയൊഴിച്ച നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയായി വാഴ്ത്തപ്പെടുന്നു. ഗാന്ധിയുടെ ദര്‍ശനങ്ങള്‍ പഠിപ്പിക്കപ്പെടുന്നതിനേക്കാള്‍ ഗോഡ്‌സെയുടെ ദര്‍ശനങ്ങള്‍ പഠിപ്പിക്കപ്പെടുന്നു.
ഇന്നിപ്പോള്‍ ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് ശക്തമായ സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തീവ്രദേശീയതയുടെ ഉന്മാദ ആശയങ്ങള്‍ ആളിക്കത്തിച്ചായിരുന്നു ബി.ജെ.പി അധികാരത്തിലേറിയത്. കാശ്മീരിലും പഞ്ചാബിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തങ്ങളുടെ സ്വത്വം അംഗീകരിച്ചുകിട്ടാനായി ശബ്ദങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. തമിഴ്ജനത ജെല്ലിക്കെട്ടിനെതിരെയുള്ള സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങിയപ്പോള്‍ നാം കണ്ടതും അത് തന്നെയാണ്. അവിടെയൊന്നും ഒരു പരിഹാരവും കാണാതെ പിന്നെങ്ങനെയാണ് ദേശീയതെയെ ഇത്രമേല്‍ വലിയ വീരപരിവേഷം നല്‍കി പുതിയ ഭരണ കൂടം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ ദേശീയതയില്‍ നിന്നും ഹിന്ദുത്വ ദേശീയതയിലേക്കുള്ള വഴിദൂരം
സംഘ്പരിവാര്‍ നിലപാടുകള്‍ ദേശീയ നിലപാടുകളായി വ്യാഖ്യാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരു പ്രത്യേക മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഒരു ദേശത്തിന്റെ മൊത്തം സംസ്‌കാരമായി പരിവേഷം നല്‍കപ്പെടുന്നതും നാം കാണുന്നു. ഒരുദാഹരണത്തിന്, രണ്ട് വര്‍ഷം മുമ്പ് വരെ യോഗയും സൂര്യനമസ്‌ക്കാരവുമെല്ലാം ഇവിടെയുള്ള ഹിന്ദുക്കളുടെ മാത്രം അനുഷ്ഠാനമായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ അത് രാജ്യത്തിന്റെ മൊത്തം ആചാരമായി വ്യാഖ്യാനിക്കപ്പെട്ടു കഴിഞ്ഞു. യോഗയേയോ സൂര്യനമസ്‌ക്കാരത്തെയോ എതിര്‍ക്കുകകയോ ചോദ്യം ചെയ്യുകയോ ചെയ്താല്‍ അവന്‍ ദേശദ്രോഹിയായി ചിത്രീകരിക്കപ്പെടുന്ന കാലമാണിത്. അതായത്, ബി.ജെ.പി അധികാരത്തിലേറിയതിന് ശേഷം ഇന്ത്യന്‍ ദേശീയതയില്‍ നിന്ന് ഹിന്ദുത്വ ദേശീയതയിലേക്ക് കാര്യങ്ങള്‍ വഴിമാറിയിരിക്കുകയാണെന്നര്‍ഥം.
അവകാശങ്ങള്‍ നേടിയെടുക്കാനായി ന്യൂനപക്ഷങ്ങള്‍ നടത്തുന്ന പോരാട്ടങ്ങള്‍ രാഷ്ട്രവിരുദ്ധമായ പ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ചാനലുകളും മാധ്യമങ്ങളും നീതിപീഠങ്ങള്‍ പോലും പലപ്പോഴും അതിന് കൂട്ടുനില്‍ക്കുന്നു. അര്‍ണബ് ഗോസ്വാമിയുടെ ടൈംസ്‌നൗ ചാനല്‍ ഇതില്‍ മുന്‍പന്തിയിലാണ്. കുറ്റാരോപിതര്‍ വല്ല മുസ്ലിമുമാണെങ്കില്‍ രാജ്യദ്രോഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്വാമിക്ക് വല്ലാത്ത തിടുക്കമാണ്. അതേസമയം അതേ കുറ്റം മറ്റൊരുത്തനാണ് ചെയ്തതെങ്കില്‍ അതിനെ സമീപിക്കുന്ന രീതിയില്‍ മാറ്റം വരുന്നു. ഈ ഇരട്ടത്താപ്പിനെ എതിര്‍ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നവരെ ബഹളം വെച്ചുതോല്‍പ്പിക്കാന്‍ സ്വാമിക്ക് വല്ലാത്ത വൈദഗ്ധ്യവുമുണ്ട്. മുമ്പ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളായി അഴിമതിയും ഭരണകൂട വീഴ്ചയും ചര്‍ച്ച ചെയ്യുന്നതോടൊപ്പം സ്വാമി ചര്‍ച്ച ചെയ്തത് മുത്വലാഖായിരുന്നു. അതിലെ സാംഗത്യം ഇപ്പോഴും മനസ്സിലായിട്ടില്ല.
ദേശീയത;ആഖ്യാനത്തിലെ തെറ്റും ശരിയും
പുതിയ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ദേശീയതയെക്കുറിച്ചുള്ള ആഖ്യാനങ്ങളില്‍ പല പോരായ്മകളും കാണാവുന്നതാണ്. നേരത്തെ സൂചിപ്പിക്കപ്പെട്ടത് പോലെ ഇന്ത്യന്‍ ദേശീയത ഒരു സാങ്കല്‍പ്പിക ബിംബമാണ്. പ്രമുഖ ചരിത്രകാരനായ എം.ജി.എസ് പറയുന്നുണ്ട്: '' ഇന്ത്യക്ക് ഒരു ദേശീയത തന്നെ ഇല്ല എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യ ഒരു സിവിലൈസേഷന്‍ ആണ്. ഫെഡറേഷന്‍ ഓഫ് നാഷണാലിറ്റീസ് എന്നു പറയാം. അല്ലാതെ ഇന്ത്യ ഒരു നാഷന്‍ അല്ല. നേഷന്‍ ആണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇന്ത്യ ക്രമേണെ ഒരു ഫെഡറേഷനായി മാറുമെന്നാണ് എന്റെ വിശ്വാസം. ഇന്ത്യക്കാര്‍ എന്ന് പറഞ്ഞാല്‍ വാസ്തവത്തില്‍ മലയാളികളാണ്, തമിഴരാണ്, ആന്ധ്രക്കാരാണ്, ബംഗാളികളാണ്.. ഈ ബോധമാണ് അപ്പര്‍ മോസ്റ്റായി നമ്മുടെയൊക്കെ മനസ്സുകളിലുള്ളത്. ഇന്ത്യയുടെ നാഷണാലിസം എന്നു പറയുന്നത് ബ്രിട്ടീഷ് വിരുദ്ധ സമീപനത്തില്‍ നിന്നുണ്ടായതാണ്. ബ്രിട്ടനെ എതിര്‍ക്കാന്‍ വേണ്ടി ഒന്നിച്ചു നില്‍ക്കേണ്ടി വന്നു. അന്നുണ്ടായ നാഷണാലിസമേ നമുക്കുളളൂ.'(എം.ജി.എസ്. നാരായണ്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2017 ജനുവരി 1-7). അപ്പോള്‍ ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള വ്യവഹാരങ്ങളില്‍ പലപ്പോഴും അതിനെക്കുറിച്ചുള്ള അജ്ഞത മുഴച്ചുകാണുന്നു.
ലാസ്റ്റ് പീസ്
രാജ്യം സ്വതന്ത്ര്യമായിട്ട് 70 വര്‍ഷം പിന്നിടുമ്പോഴും, വിട്ടുമാറാത്ത അപവാദങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി ദേശീയതയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളിലെ വ്യതിയാനങ്ങള്‍ പ്രകടമായി നില്‍ക്കുന്നു. തെരുവ് പട്ടികളെ കൊല്ലുന്നത് പോലെ നിരപരാധികളായ പാവപ്പെട്ട മനുഷ്യജീവനുകളെ കൊന്നുതള്ളുന്നത് ഏത് ദേശീയതയുടെ പേരിലാണെന്ന് മനസ്സിലാവുന്നില്ല. ബീഫിന്റെ പേരില്‍ നിഷ്‌കളങ്കരായ നൂറുക്കണക്കിന് ആളുകളെ കൊല്ലാകൊല ചെയ്തത് ദേശീയതയുടെ പേരിലാണെന്ന് പറയുമ്പോഴാണ് ഭരണകൂടം പ്രതിനിധീകരിക്കുന്നത് മനുഷ്യരെയാണോ പശുക്കളെയാണോ എന്ന് സംശയം ജനിക്കുന്നത്.
ഇഷ്ടമുള്ളത് ഭക്ഷിക്കാനും ഭക്ഷിക്കാതിരിക്കാനും രാജ്യത്തിന്റെ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു എന്നിരിക്കെ, ഇന്നത് മാത്രമേ ഭക്ഷിക്കാവൂ എന്ന് ശാഠ്യം പിടിക്കാന്‍ ഏത് ദേശീയതയുടെ പേരിലാണ് സാധിക്കുന്നത്. എല്ലാവരും ഐക്യത്തോടെ എല്ലാവരുടേയും ക്ഷേമത്തിനായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ദേശീയത പൂര്‍ണ്ണമാവുന്നത്. അല്ലാതെ, അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ പോലും ന്യൂനപക്ഷത്തിന്റെ ഉന്മൂലനം ആഗ്രഹിക്കുന്നുവെങ്കില്‍ അവിടെ ദേശീയത സങ്കല്‍പ്പങ്ങളില്‍ പോലും ഇല്ലാതാവുന്നു.
Leave A Comment