ഖുതുബിയുടെ അനുഗ്രഹവും  ബാഫഖി തങ്ങളുടെ സ്‌നേഹലാളനയും
ckസംസാരത്തില്‍ നിറയെ അറബി പദാവലികള്‍. ലൈബ്രറിയില്‍ മാപ്പിള മുസ്‌ലിം എഴുത്തുകാര്‍ തയ്യാറാക്കിയ ധാരാളം ഇസ്‌ലാമിക പുസ്തകങ്ങളും ഖുര്‍ആന്റെ വിവിധ മലയാള ഭാഷ്യങ്ങളും. പിന്നെ, ഷോകെയ്‌സില്‍ ഫ്രയിം ചെയ്തുവെച്ച സയ്യിദന്മാരുടെയും മലബാറിലെ മാപ്പിളപ്രമാണിമാരുടെയും ചിത്രങ്ങള്‍. ഇവയ്ക്കിടയില്‍ കൊച്ചിയിലെ സ്വന്തം വീട്ടില്‍ ഓര്‍മകളുടെ പെരുമഴ തീര്‍ത്ത്, അനുഭവങ്ങളില്‍ മുത്തമിട്ട് തന്റെ വിശ്രമജീവിതം നയിക്കുകയാണ് ഡോ.രാമചന്ദ്രന്‍ സാര്‍. മലബാറിന്റെ നാഡീമിടിപ്പും ഹൃദയസ്പന്ദനവുമറിഞ്ഞ്, ഭൂതത്തിന്റെ സമൃദ്ധമായ ഓര്‍മകളുടെ ചേരുവയില്‍ വര്‍ത്തമാനത്തിന്റെ രോഗങ്ങളെ ചികിത്സിക്കുന്ന തിരക്കിലാണദ്ദേഹം. നാലു പതിറ്റാണ്ടു കാലത്തെ ചികിത്സാവൃത്തി മലബാറിന്റെ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളെ മുച്ചൂടും മനസ്സിലാക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കി. 1933ല്‍ കൊച്ചിയിലെ പരമ്പരാഗത ആയുര്‍വേദ വൈദ്യകുടുംബത്തില്‍ ജനിച്ച അദ്ദേഹം നാട്ടിലെ ഹൈസ്‌കൂള്‍ പഠനം, തിരുവനന്തപുരത്തെ വൈദ്യകലാനിധി, മഹാരാജാസിലെ ഇന്റര്‍മീഡിയറ്റ്, ചെന്നൈയിലെ മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ സേവനം, ഇംഗ്ലണ്ടിലെ മെഡിക്കല്‍ ഡിപ്ലോമ, ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളേജിലെ രജിസ്ത്രാര്‍ വൃത്തി എന്നിവയ്‌ക്കൊടുവില്‍ 1961ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ ഫിസിഷ്യനും തുടര്‍ന്ന് മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസറുമായി രംഗത്തുവന്നു. പിന്നീടുള്ള 40ഓളം വര്‍ഷങ്ങള്‍ ഇവിടെയായിരുന്നു ജീവിതം. സ്വാതന്ത്യാനന്തര കേരളത്തിന്റെ നിര്‍ണായകമായ മത-സാമൂഹിക-രാഷ്ട്രീയ ചലനങ്ങളെ പച്ചയായ അനുഭവങ്ങളോടെ അടുത്തറിയാനും വിലയിരുത്താനും ഇതിനിടയില്‍ അദ്ദേഹത്തിനു സാധിച്ചു. ചികിത്സ ഒരു ജോലി എന്നതിലപ്പുറം സമൂഹത്തെ അറിയാനും സമൂഹത്തില്‍ ഇടപെടാനുമുള്ള ഒരു മാധ്യമമാണ് എന്നു വിശ്വസിക്കുന്ന അദ്ദേഹത്തിന് ഇവിടത്തെ അനവധി പൗരപ്രധാനികളുടെ ജീവിതത്തിലേക്കു ഇറങ്ങിച്ചെല്ലാനുള്ള അവസരമുണ്ടായി. മത-രാഷ്ട്രീയ മേഖലകളില്‍ വിശാലമായ സൗഹൃദ്ബന്ധങ്ങള്‍ രൂപപ്പെട്ടു. ഒട്ടധികം വി.വി.ഐ.പികളെ അവസാന നിമിഷങ്ങളില്‍ ചികിത്സിക്കാനുള്ള ഭാഗ്യം ലഭിച്ചു. വിശിഷ്യാ, അനവധി സയ്യിദന്മാരുടെയും പണ്ഡിതന്മാരുടെയും സമസ്ത നേതാക്കളുടെയും ജീവിതത്തിന്റെ അവസാന കാലങ്ങള്‍ അദ്ദേഹത്തിനു മുമ്പിലായിരുന്നു. അതുകൊണ്ടുതന്നെ, അവരുടെ സ്വകാര്യ ജീവിതങ്ങള്‍ക്ക് ഓജസ്സും തെളിച്ചവും പകര്‍ന്നിരുന്ന പല മൂല്യങ്ങളെയും തിരിച്ചറിയാനും ഭൗതിക സൗകര്യങ്ങള്‍ക്കപ്പുറം അവരുടെ ജീവിതങ്ങള്‍ക്ക് പ്രകാശം പകര്‍ന്നിരുന്ന ആത്മീയ സ്രോതസ്സുകള്‍ കണ്ടെത്താനും അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ ദീര്‍ഘകാലത്തെ ചികിത്സാ അനുഭവങ്ങള്‍ക്കിടയില്‍ പലനിലയ്ക്കും ആവേശിക്കുകയും സ്വാധീനിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത അനവധി വ്യക്തികളുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍. പലരുടെയും പേരുകള്‍ മറന്നുപോയി. മരിച്ചുപോയെങ്കിലും പലരുടെയും ഓര്‍മകള്‍ മനസ്സില്‍ ഇന്നും പച്ചയായി ശേഷിക്കുന്നു. സമസ്തയുടെ ആത്മീയ മണ്ഡലത്തില്‍ അനുഗ്രഹധാവള്യം ചുരത്തിയ ചില സാത്വികരുടെ ഓര്‍മകളാണ് അദ്ദേഹമിവിടെ അയവിറക്കുന്നത്. ഒപ്പം, കേരള മുസ്‌ലിംകളില്‍ സമസ്ത സാധിച്ച നവോത്ഥാനത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തില്‍ മുസ്‌ലിംകളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം വാചാലനാവുന്നു. അദ്ദേഹവുമായി നടത്തിയ സംസാരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. നാലു പതിറ്റാണ്ടുകാലം കോഴിക്കോട് മെഡിക്കല്‍കോളേജില്‍ സേവനം ചെയ്തിട്ടുണ്ടല്ലോ താങ്ക ള്‍. അതിനിടയില്‍ മലബാറിലെ പല പൗരപ്രധാനികളുമായും അടുത്തിടപഴകുവാനും പല പണ്ഡിതരുടെയും അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയാകുവാനും അവസരം ലഭിച്ചിട്ടുണ്ടെന്നു കേട്ടു? തീര്‍ച്ചയായും. 1961 ജനുവരി ഒന്നുമുതല്‍ മെഡിക്കല്‍ കോളേജില്‍ ഫിസിഷ്യനായും പിന്നീട് പ്രൊഫസറായും ഞാന്‍ സേവനം തുടങ്ങി. കൊച്ചി കടവത്ര ചിങ്ങനേഴത്ത് കൃഷ്ണന്‍ വൈദ്യരായിരുന്നു അച്ഛന്‍. കുടുംബത്തില്‍നിന്ന് ഒരാള്‍ തീര്‍ച്ചയായും പരമ്പരാഗത വൈദ്യ മേഖലയില്‍തന്നെ നിലനിന്നുപോരണമെന്നത് കുടുംബത്തിന്റെ മൊത്തമായുള്ള നിര്‍ബന്ധമായിരുന്നു. ആ ഊഴം എനിക്കാണ് വന്നത്. സ്വദേശത്തെയും വിദേശത്തെയും പഠനവും അച്ഛന്റെ വൈദ്യശാലയിലെ പരിശീലനവും കഴിഞ്ഞ് അവസാനം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയമിതനായതോടെ പിന്നെ താമസവും കുടുംബവും, അവിടെയായി. പുതിയൊരു ജീവിതത്തിന്റെ പ്രതീതിയായിരുന്നു അവിടെ. പുതിയ കുടുംബം. പുതിയ ജനങ്ങള്‍, പുതിയ പരിചയക്കാരും പുതിയ സുഹൃത്തുക്കളും. അനവധി പരിചയങ്ങളും ബന്ധങ്ങളും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇക്കാലത്ത് എനിക്കു ലഭിച്ച വലിയൊരു ഭാഗ്യം. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള വലിയ മനുഷ്യന്മാരെ അടുത്തറിയാനും അവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിഞ്ഞു. ധാരാളം പ്രധാനികളെ അവസാന നിമിഷങ്ങളില്‍ ചികിത്സിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ജീവിതത്തിലെ വലിയൊരു കാര്യമായി ഇവയെ ഞാന്‍ കാണുന്നു. ഇതുതന്നെയായിരുന്നു എന്റെ ജീവിതവും. ചികിത്സയുമായി ബന്ധപ്പെട്ട് അടുത്തിടപഴകിയിരുന്ന ഉന്നതര്‍ ആരെല്ലാമായിരുന്നു? അനവധിയാളുകളുണ്ട്. ഓര്‍മിച്ചെടുക്കുന്നതിലും അപ്പുറമാണവര്‍. പലരുടെയും പേര് മറന്നുപോയി. ഇപ്പോള്‍ ഓര്‍ത്തിട്ട് കിട്ടുന്നില്ല. കോഴിക്കോട്ടെ ഒരുപിടി നേതാക്കന്മാരുമായി ഞാന്‍ അടുത്തിടപഴകിയിട്ടുണ്ട്. കെ.പി. കേശവമേനോനടക്കം മാതൃഭൂമി കുടുംബവുമായി വളരെ നല്ല ബന്ധത്തിലായിരുന്നു. അവരില്‍ പലരെയും ഞാനാണ് ചികിത്സിച്ചിരുന്നത്. പിന്നെയും ഒരുപാട് നേതാക്കന്മാര്‍. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, അബ്ദുല്ല ബാഫഖി, ചെറിയ മമ്മു കേയി തുടങ്ങി നിരവധി പേര്‍. ചാക്കീരി കുടുംബം. അവരുമായെല്ലാം നല്ല ബന്ധത്തിലും സ്‌നേഹത്തിലുമായിരുന്നു. ചികിത്സാ ബന്ധത്തിലപ്പുറം വലിയ മാനസിക അടുപ്പം കൂടിയായിരുന്നു അവരോട്. പാണക്കാട് കുടുംബം, ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കുതുബി മുഹമ്മദ് മുസ്‌ലിയാര്‍.... പിന്നെ, ധാരാളം ലീഗ് നേതാക്കന്മാര്‍, കാസര്‍കോട്ടെ ഒരു ലീഗ് നേതാവ്; പേര് ഓര്‍ക്കുന്നില്ല. ഇങ്ങനെ അനവധി പേര്‍. അവര്‍ ഓരോരുത്തരുമായും ബന്ധപ്പെട്ട് അനവധി അനുഭവങ്ങളുണ്ട്. ഇന്നും ചിലതെല്ലാം ഓര്‍മയില്‍ മരിക്കാതെ നിലനില്‍ക്കുന്നു. ബാഫഖി തങ്ങളുടെ ഓര്‍മയില്‍ ഇതില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി? ആരുമായിട്ടാണ് കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്നത്? ബാഫഖി തങ്ങള്‍. സ്വന്തം വീട്ടിലെ ഒരംഗം പോലെയായിരുന്നു അദ്ദേഹം. ഇത്രയും ജനകീയനും ധിഷണാശാലിയുമായ ഒരു നേതാവിനെ ഞാന്‍ കണ്ടിട്ടില്ല. ഉന്നതങ്ങളില്‍ വിരാജിക്കുമ്പോഴും പാവപ്പെട്ടവനോടൊപ്പവും തങ്ങളുണ്ടാകുമായിരുന്നു. ബാഫഖി തങ്ങളുമായുള്ള ബന്ധം തുടങ്ങുന്നത്? കോഴിക്കോട് വന്നതുമുതല്‍തന്നെ ബാഫഖി തങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഒരു വ്യക്തിബന്ധം മാത്രമായിരുന്നില്ല അത്. രണ്ടു കുടുംബങ്ങള്‍ തമ്മിലും വലിയ സ്‌നേഹത്തിലായിരുന്നു. പലപ്പോഴും തങ്ങളും കുടുംബവും എന്റെ വീട്ടിലേക്കും ഞാനും കുടുംബവും തങ്ങളുടെ വീട്ടിലേക്കും പോവാറുണ്ട്. തങ്ങളുടെ കൊയിലാണ്ടി പാണ്ടികശാല ഞങ്ങളുടെ ഒരു നിത്യസന്ദര്‍ശന കേന്ദ്രമായിരുന്നു. പലപ്പോഴും വീട്ടില്‍ വരുമ്പോള്‍ ചെറുമകള്‍ നഫീസയുമായാണ് തങ്ങള്‍ വരിക. അവള്‍ കുട്ടികളുമായി കളിച്ചിരിക്കും. ഞങ്ങള്‍ തങ്ങളുമായി പല കാര്യങ്ങളും സംസാരിച്ചിരിക്കുകയും ചെയ്യും. തങ്ങളുടെ ജീവിതത്തില്‍ ഏറെ വിസ്മയിപ്പിച്ച സംഭവങ്ങള്‍, ശീലങ്ങള്‍? തങ്ങളുടെ അല്‍ഭുതകരമായ വ്യക്തിത്വംതന്നെയാണ് ഏറെ വിസ്മയിപ്പിച്ചത്. ആരെയും സന്തോഷിപ്പിക്കുന്ന സ്വഭാവമായിരുന്നു തങ്ങളുടേത്. അധികം വെള്ളിയാഴ്ചകളിലും തങ്ങള്‍ എന്റെ വീട്ടില്‍ വരുമായിരുന്നു. ഏതു തിരക്കിനിടയിലും ഈ ശീലം തെറ്റാതെ കാത്തു സൂക്ഷിച്ചു. പലപ്പോഴും പല നേതാക്കന്മാരെയും പ്രമുഖരെയും കൂടെ കൂട്ടിയാണ് വരിക. അവരുമായെല്ലാം ബന്ധം സ്ഥാപിക്കാനും പരിചയം നിലനിര്‍ത്താനും ഇതുവഴി സാധിച്ചു. പലതവണ തങ്ങള്‍ എന്റെ വീട്ടിലെ ഗസ്റ്റ് റൂമില്‍നിന്ന് നിസ്‌കരിച്ചിട്ടുണ്ട്. സംസാരത്തിനിടെ നിസ്‌കാരത്തിന്റെ സമയമായാല്‍ തങ്ങള്‍ ആ റൂമില്‍ പോയി അത് നിര്‍വഹിക്കുമായിരുന്നു. ആര്‍ക്കും വശംവദരാവുകയോ സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവിഹിതമായ വഴികള്‍ സ്വീകരിക്കുകയോ ചെയ്യുകയില്ലായെന്നതാണ് ഏറെ വിസ്മയിപ്പിച്ച തങ്ങളുടെ ഒരു സ്വഭാവം. അന്ന് ഒരു സംഭവമുണ്ടായി. തങ്ങള്‍ക്ക് കല്‍ക്കത്തയില്‍ അരി ബിസിനസ് ഉണ്ടായിരുന്നു. ഒരിക്കല്‍ അരി ഇറക്കുമതി ചെയ്യുന്നതില്‍ എന്തോ പ്രശ്‌നം നേരിട്ടു. വേണ്ടപോലെ ഇറക്കുമതി ചെയ്യാന്‍ പറ്റാതെയായി. ഇതു കണ്ട പല പ്രമുഖരും ചില അവിഹിത മാര്‍ഗങ്ങളിലൂടെ ലൈസന്‍സ് ലഭ്യമാക്കിത്തരാമെന്നു പറഞ്ഞു. പക്ഷേ, തങ്ങള്‍ അത് സമ്മതിച്ചില്ല. ഞാന്‍ സ്വന്തമായി നേടിയെടുത്തത് മാത്രം മതി തനിക്ക് എന്നായിരുന്നു തങ്ങളുടെ പ്രതികരണം. സൂക്ഷ്മത ജീവിതത്തിന്റെ ഒരു അനിവാര്യ കാര്യമായി നിലനിര്‍ത്തിയിരുന്നു തങ്ങള്‍. തങ്ങളുമായി ഏതെല്ലാം കാര്യങ്ങളാണ് സംസാരിച്ചിരുന്നത്? പല പൊതുവിഷയങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു. പല കാര്യങ്ങളിലും അഭിപ്രായം ചോദിക്കാറുണ്ട്. തന്റെ സംഘടനയില്‍ ശേഷം എടുക്കാന്‍ പോകുന്ന പല തീരുമാനങ്ങളും പങ്കുവെക്കുമായിരുന്നു. കേരളത്തിലെ പ്രഥമ മന്ത്രിസഭയില്‍ മുസ്‌ലിം ലീഗ് അംഗമായപ്പോള്‍ അതില്‍ നാമനിര്‍ദ്ദേശം നല്‍കാനുള്ള ആളുകളെ വരെ നേരത്തേ പങ്കുവച്ചിരുന്നു. അന്ന് ഔദ്യോഗിക തീരുമാനമെടുത്ത് സി.എച്ഛിനും കുരിക്കള്‍ക്കും എഴുതിക്കൊടുക്കുന്ന ഫോട്ടോ ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് തങ്ങള്‍ എനിക്ക് നല്‍കുകയുണ്ടായി. അത് ഇന്നും എന്റെ വീട്ടില്‍ സൂക്ഷിച്ചിരിപ്പുണ്ട്. ആരോടും വല്ലാത്ത സ്‌നേഹമായിരുന്നു തങ്ങള്‍ക്ക്. ഇടക്കിടെ തന്റെ ബിസിനസ് പാര്‍ട്‌ണേഴ്‌സിനെ തന്റെ വീട്ടില്‍ വിളിച്ചുവരുത്തി സദ്യ നല്‍കും. പലപ്പോഴും ആ പരിപാടിയിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടു. സദ്യ വിളമ്പിയാല്‍ എന്നെ നിര്‍ബന്ധപൂര്‍വം തങ്ങളുടെ വലതുഭാഗത്തിരുത്തും. ഭക്ഷണം സ്വന്തമായി വിളമ്പിത്തരും. വേഗം നിര്‍ത്തിയാല്‍ വീണ്ടും വീണ്ടും വിളമ്പിത്തരും. പലതവണ ഇങ്ങനെ സദ്യയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ അല്‍ഭുതകരമായ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന വല്ല സംഭവങ്ങളും? ധാരാളം സംഭവങ്ങള്‍. എന്നെ ഏറെ ചിന്തിപ്പിച്ചത് അങ്ങാടിപ്പുറം ക്ഷേത്ര സംബന്ധമായി ഉണ്ടായ ഒരു സംഗതിയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കാലം. ക്ഷേത്രപരിസരത്തെ ഒരു സ്ഥലത്തെ ചൊല്ലി ഹിന്ദു-മുസ്‌ലിം തര്‍ക്കം ഉടലെടുത്തു. ക്രമേണ അത് മൂര്‍ച്ഛിച്ചു. ജനങ്ങളാകെ അങ്കലാപ്പിലായി. പ്രശ്‌നം രമ്യമായി പരിഹരിച്ച് പൂര്‍വസ്ഥിതി പ്രാപിക്കല്‍ എല്ലാവരുടെയും ആവശ്യമായിരുന്നു. താമസിയാതെ ക്ഷേത്രത്തിന്റെ സംരംക്ഷണം ഉറപ്പുവരുത്തണമെന്നും അതിനായി ആ സ്ഥലം വിട്ടുകിട്ടണമെന്നും പറഞ്ഞ് കെ. കേളപ്പന്‍ ക്ഷേത്രപ്പരിസരത്ത് നിരാഹാര സമരം തുടങ്ങി. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. അങ്ങനെയിരിക്കെ ഒരു ദിവസം തങ്ങള്‍ കോഴിക്കോട്ടെ എന്റെ വസതിയില്‍ വന്നു. ഞാന്‍ അങ്ങാടിപ്പുറത്തു പോവുകയാണെന്നും കൂടെ ആരെയും കൂട്ടുന്നില്ലെന്നും പറഞ്ഞു. സാധാരണ തങ്ങള്‍ എവിടെയെങ്കിലും പോവുകയാണെങ്കില്‍ കൂടെ മൂന്നോ നാലോ ആളുകള്‍ ഉണ്ടാകുമായിരുന്നു. അങ്ങാടിപ്പുറത്തു പോയിട്ട് തങ്ങളെന്തു ചെയ്യുമെന്നു ചോദിച്ചപ്പോള്‍, അതെല്ലാം ഞാന്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. അങ്ങനെ ഒരാളെയും കൂട്ടാതെ അങ്ങാടിപ്പുറത്തേക്കു പുറപ്പെട്ടു. നിരാഹാരത്തിന് പിന്തുണയുമായി വലിയൊരു ജനാവലിതന്നെ അവിടെ തടിച്ചുകൂടിയിരുന്നു. കൂടിനില്‍ക്കുന്ന ഹൈന്ദവ സുഹൃത്തുക്കളിലേക്ക് തങ്ങള്‍ ഏകാകിയായി കടന്നുചെന്നു. എല്ലാവരും ശാന്തരായി. തങ്ങളെ ആദരിച്ച് എഴുന്നേറ്റുനിന്നു. തങ്ങള്‍ നേരെ നടന്ന് സമരപ്പന്തലില്‍ കയറി കേളപ്പനടുത്തിരുന്നു. കുറേ നേരം സംസാരിച്ചു. പല കാര്യങ്ങളും ചര്‍ച്ച നടത്തി. ഹിന്ദുക്കളെയും മുസ്‌ലിംകളെയും വേദനിപ്പിക്കാത്ത വിധത്തില്‍ പ്രശ്‌നം പരിഹിക്കുകയെന്നതായിരുന്നു തങ്ങളുടെ തീരുമാനം. അതിനായി തങ്ങള്‍ ഒരു പോംവഴി പറഞ്ഞുകൊടുക്കുകയും ചെയ്തു. കുറേ നേരത്തെ അനുരജ്ഞന സംസാരത്തിനൊടുവില്‍ കേളപ്പന്‍ വഴങ്ങി. പ്രശ്‌നം പരിഹരിക്കപ്പെട്ടു. തങ്ങള്‍തന്നെ നാരങ്ങാനീര് നല്‍കി കേളപ്പന്റെ നിരാഹാര സമരം അവസാനിപ്പിച്ചു. ഈ കാഴ്ച കണ്ട് ജനം അമ്പരന്നുപോയി. അവര്‍ മുഖത്തോടുമുഖം നോക്കി ശാന്തരായി സ്ഥലം വിട്ടു. ഇത്രമാത്രം അല്‍ഭുതപ്പെടുത്തുന്നതായിരുന്നു തങ്ങളുടെ വ്യക്തിത്വം. ഏതു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തങ്ങളുടെ അടുത്ത് ചില സൂത്രവാക്യങ്ങളുണ്ടായിരുന്നു. തങ്ങളുമായുള്ള ബന്ധത്തെ എങ്ങനെ അനുഭവിച്ചു, ആസ്വദിച്ചു? മലബാറിലെ മുസ്‌ലിംകളെ മനസ്സിലാക്കാനുള്ള ഒരു മാധ്യമമായിരുന്നു എനിക്കു തങ്ങള്‍. ഇവിടത്തെ ഓരോ കാര്യങ്ങളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും തങ്ങള്‍ കാരണമായി. തങ്ങളിലൂടെയാണ് ഇവിടത്തെ പലരെയും ഞാന്‍ പരിചയപ്പെടുന്നതും. ഇടയില്‍ ഒരു നേരിയ അകല്‍ച്ച പോലും ബാക്കിവയ്ക്കാത്ത ബന്ധമായിരുന്നു തങ്ങളുടേത്. നിഷ്‌കളങ്കമായ സ്‌നേഹബന്ധം. പല യാത്ര കഴിഞ്ഞുവരുമ്പോഴും തങ്ങള്‍ എന്റെ വീട്ടില്‍ വരുമായിരുന്നു. ചിലപ്പോള്‍, ഗെയ്റ്റിനു മുമ്പില്‍ വന്ന് ഭാര്യയുടെ പേര് വിളിക്കും. വാതില്‍ തുറന്നാല്‍ തങ്ങള്‍ അകത്തുകയറിവരും. ആയിടെ ഒരു സംഭവമുണ്ടായി. എന്റെ വീട്ടില്‍ കാണാന്‍ ചന്തമുള്ള ഒരു പ്രത്യേക തരം കുഷ്യന്‍ ചെയറുകളുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ തങ്ങള്‍ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ആയിടെയാണ് ചന്ദ്രിക പ്രസ്സ് വാങ്ങി പത്രം തുടങ്ങുന്നത്. തങ്ങള്‍ തന്നെയായിരുന്നു അതിന്റെയും പിന്നില്‍. പ്രസ്സ് ഉദ്ഘാടനം അന്നത്തെ കേരളാ ഗവര്‍ണറാണ്. പരിപാടി ദിവസം വേദിയില്‍ നിരത്താന്‍ ഈ ചെയറുകള്‍ ലഭിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചു. ഒടുവില്‍ സമ്മതം ചോദിച്ച് തങ്ങള്‍തന്നെ അത് കൊണ്ടുപോവുകയും ചെയ്തു. അന്ന് പൗരപ്രമുഖരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഇരുന്നത് ആ ചെയറുകളിലായിരുന്നു. ഈ യോഗത്തില്‍ രസകരമായ മറ്റൊരു സംഭവംകൂടിയുണ്ടായി. ബാഫഖി തങ്ങള്‍ സ്വാഗത പ്രസംഗം നടത്തുകയാണ്. എല്ലാവരെയും പേര് പറഞ്ഞ് സ്വാഗതം ചെയ്യുന്നതിനിടയില്‍ കെ.പി. കേശവമേനോനും സ്വാഗതം പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ ഡെസിഗ്നേഷനായി അറിയാതെ പറഞ്ഞുപോയത് ചന്ദ്രിക എഡിറ്റര്‍ എന്നാണ്. മനസ്സ് നിറയെ ചന്ദ്രികയായതിനാല്‍ തങ്ങള്‍ ഓര്‍ക്കാതെ അങ്ങനെ പറഞ്ഞുപോവുകയായിരുന്നു. ഇത് സദസ്സിന് വല്ലാത്ത ചിരിക്ക് വക നല്‍കി. ബാഫഖി തങ്ങളും സമസ്തയും...? അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വല്ലതും പങ്കുവയ്ക്കാനുണ്ടോ? ബാഫഖി തങ്ങളിലൂടെത്തന്നെയാണ് ഞാനിതിനെ മനസ്സിലാക്കുന്നത്. തങ്ങളോടൊപ്പം ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ട്. പലപ്പോഴും യാത്രകളില്‍ തങ്ങള്‍ ഇത്തരം കാര്യങ്ങള്‍ പറയുമായിരുന്നു. ഒരിക്കല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വാര്‍ഷിക സമ്മേളനത്തിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. തങ്ങളാണ് എന്നെ ക്ഷണിച്ചിരുന്നത്. വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ല. ഒരു വന്‍ ജനാവലിതന്നെയായിരുന്നു അന്നവിടെ കാണാന്‍ സാധിച്ചത്. അനവധി മദ്‌റസകളും സ്ഥാപനങ്ങളും മാനേജ് ചെയ്യുന്ന സമസ്ത വിദ്യാഭ്യാസ മേഖലയില്‍ ഉത്തമ സേവനങ്ങള്‍തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബാഫഖി തങ്ങളെപ്പോലെ സമസ്തയ്ക്കു വേണ്ടി ഇത്രയധികം പ്രവര്‍ത്തിച്ച മറ്റൊരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. സമസ്തയായിരുന്നു തങ്ങളുടെ വ്യക്തിത്വത്തിന്റെ രഹസ്യം. തങ്ങളുടെ ചികിത്സാനുഭവങ്ങള്‍? വളരെ ശക്തമായ രോഗങ്ങള്‍ പിടിപെട്ടാല്‍ മാത്രമേ തങ്ങള്‍ ചികിത്സിക്കുമായിരുന്നുള്ളൂ. ചെറിയ രോഗങ്ങളെല്ലാം സഹിക്കും; ക്ഷമിക്കും. ഒരിക്കല്‍ തങ്ങളുടെ കാലിലും കണ്ണിലും വ്രണം വന്നു. അദ്ദേഹം ചികിത്സ തേടി എന്റെയടുത്തെത്തി. തന്റെ പിതാവ് മരിക്കുന്നത് ഇതുപോലുള്ളൊരു രോഗംമൂലമായതിനാല്‍ തങ്ങള്‍ ഇതിനെ വളരെ ജാഗ്രതയോടെയാണ് കണ്ടിരുന്നത്. അന്ന് വലിയ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ എന്റെ അടുത്തുതന്നെ ഒരു റൂം സജ്ജീകരിച്ച് തങ്ങളെ അതില്‍ കിടത്തിചികിത്സിച്ചു. കണ്ണിനും കാലിനും അവയുടെ എക്‌സ്‌പേര്‍ട്ടുകളെ വിളിച്ചുവരുത്തി പരിശോധിച്ചു. പരമാവധി മേത്തരം ചികിത്സകളാണ് നല്‍കിയത്. എല്ലാം വേണ്ടപോലെ ചെയ്തതിനാല്‍ രോഗം വേഗത്തില്‍ ഭേദമായി. രോഗിയായ തങ്ങളെക്കുറിച്ച്? എനിക്കു ലഭിച്ച രോഗികളില്‍ ഏറ്റവും നല്ല രോഗിയായിരുന്നു തങ്ങള്‍. ഏറ്റവും അനുസരണയുള്ള രോഗി. എല്ലാം ഒരു കൊച്ചുകുട്ടിയെപ്പോലെ അനുസരിക്കും. മറുത്തൊന്നും ചോദിക്കില്ല. നിര്‍ദ്ദേശങ്ങളെല്ലാം വളരെ കൃത്യതയോടെ ചെയ്യും. വീഴ്ച വരുത്തില്ല. തന്റെ സ്ഥാനമാനങ്ങളുടെ വലുപ്പമോ ഗര്‍വോ മനസ്സിലുണ്ടാവില്ല. രോഗിയായി മുമ്പിലെത്തിയാല്‍ ശരിക്കും ഒരു രോഗിതന്നെയായിരുന്നു. എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട് തങ്ങളുടെ ഈ എളിമത്തം. ഹോസ്പിറ്റല്‍ കിടക്കയിലും അത്ത്യുദാരനായിരുന്നു തങ്ങള്‍. വളരെ വലിയ സല്‍ക്കാരപ്രിയനായിരുന്ന അവര്‍ താന്‍ കിടക്കുന്നിടത്ത് ഒരു പാത്രം ചായയും ഒരു പാത്രം നാരങ്ങാ നീരും സജ്ജീകരിക്കാന്‍ പ്രത്യേകം കല്‍പ്പിച്ചിരുന്നു. തന്നെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് നല്‍കാനായിരുന്നു അത്. തന്നെ ചികിത്സിക്കാന്‍ വരുന്ന നഴ്‌സുമാരോടും അത് കുടിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിച്ചു. ആര് വന്നാലും അതില്‍നിന്ന് കുടിപ്പിച്ചിട്ടല്ലാതെ തങ്ങള്‍ വിടുമായിരുന്നില്ല. ഹോസ്പിറ്റല്‍ കിടക്കയിലായിരിക്കുമ്പോഴും ആരാധനയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. സമയമായാല്‍ അവ നിര്‍വഹിച്ചിരിക്കണം. അത് തങ്ങളുടെ നിര്‍ബന്ധമായിരുന്നു. ഒരിക്കല്‍ ചികിത്സയിലായിരിക്കെ ഒരു വെള്ളിയാഴ്ച വന്നു. പുറത്തുപോകരുതെന്നായിരുന്നു ഞങ്ങളുടെ നിര്‍ദേശം. പക്ഷേ, ആരും കാണാതെ തങ്ങളന്ന് വെള്ളിയാഴ്ച നിസ്‌കാരം നിര്‍വഹിക്കാനായി പള്ളിയില്‍ പോയി. അടുത്ത ദിവസം പത്രക്കാര്‍ ഈ വാര്‍ത്ത ഹൈലൈറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. ഡോക്ടര്‍മാര്‍ വിലക്കിയിട്ടും തങ്ങള്‍ പള്ളിയില്‍ എന്ന ശീര്‍ഷകത്തില്‍ ആ വാര്‍ത്ത വന്നു. തങ്ങളുടെ അവസാനകാലം? അവസാന കാലങ്ങളിലും തങ്ങള്‍ക്ക് ചില രോഗങ്ങളുണ്ടായിരുന്നു. വലിയൊരു യാത്രചെയ്യാന്‍ മാത്രം ആയുരാരോഗ്യമുണ്ടായിരുന്നില്ല. അതിനാല്‍, അത്തവണ ഹജ്ജിന് പോവണ്ട എന്നായിരുന്നു ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നത്. അനവധി ഹജ്ജ് ചെയ്ത തങ്ങള്‍ക്ക് പക്ഷേ, അത്തവണ ഹജ്ജിന് പോവാതിരിക്കാന്‍ പറ്റിയിരുന്നില്ല. എന്തോ മുന്‍കൂട്ടിക്കണ്ട് തീരുമാനിച്ചുറച്ചപോലെയായിരുന്നു തങ്ങളുടെ പെരുമാറ്റം. എന്തായാലും ഹജ്ജിനു പോകും എന്ന തീരുമാനത്തില്‍ തങ്ങള്‍ ഉറച്ചു നിന്നു. ഏതായാലും ആ ഹജ്ജ് യാത്രയില്‍തന്നെ, ഹജ്ജിന്റെ എല്ലാ കര്‍മങ്ങളും നിര്‍വഹിച്ച ശേഷം തങ്ങള്‍ അവിടെവച്ച് മരണപ്പെട്ടു. കേരളത്തില്‍ വല്ലാത്തൊരു ദിവസമായിരുന്നു അത്. എല്ലാവര്‍ക്കും വേണ്ടപ്പെട്ട തങ്ങളുടെ വിയോഗം വളരെ വേദനയോടെയാണ് ജനങ്ങള്‍ വരവേറ്റത്. സത്യത്തില്‍, അതാണ് ഒരു പുരുഷന്റെ മരണം. മരിക്കുകയാണെങ്കില്‍ അങ്ങനെയാണ് മരിക്കേണ്ടത്. എല്ലാം മുന്‍കൂട്ടിക്കണ്ട പ്രതീതിയായിരുന്നു തങ്ങളുടെ ഓരോ സമീപനത്തിലും ഉണ്ടായിരുന്നത്. അതുതന്നെ സംഭവിക്കുകയും. ശരിക്കും, തന്റെ ജീവിതം സഫലമാണെന്ന് തെളിയിക്കുകയായിരുന്നു തങ്ങള്‍ ഈ വിശുദ്ധഭൂമിയിലെ മരണത്തിലൂടെ. തങ്ങളോടൊപ്പം പല പ്രധാനികളും ഹജ്ജിന് പോയിരുന്നു അന്ന്. കണ്ണൂരിലെ ചെറിയ മമ്മു കേയി തങ്ങളുടെ മരിച്ചുകിടക്കുന്ന ഫോട്ടോകള്‍ എനിക്ക് അയച്ചുതന്നിരുന്നു. പക്ഷെ, ഞാന്‍ അത് എവിടെയും പ്രദര്‍ശിപ്പിക്കുകയോ ആര്‍ക്കെങ്കിലും പ്രസിദ്ധീകരിക്കാന്‍ നല്‍കുകയോ ചെയ്തിട്ടില്ല. അത് കാണുമ്പോള്‍തന്നെ വല്ലാത്തൊരു വിഷമമാണ്. ഒരു യുഗപുരുഷനായിരുന്നു തങ്ങള്‍. ആ വേര്‍പ്പാട് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ബാഹ്യമായ ഇടപെടലുകള്‍ക്കും നേതൃത്വപാടവത്തിനുമപ്പുറം തങ്ങളുടെ ആത്മീയ ശക്തിയെക്കുറിച്ച് എന്തു പറയുന്നു? ശരിയാണ്. ഒരു പ്രത്യേക കഴിവുണ്ടായിരുന്നു തങ്ങള്‍ക്ക്. എവിടെപ്പോയാലും ചികിത്സയ്ക്കും മറ്റുമായി ആളുകള്‍ തങ്ങള്‍ക്കു ചുറ്റും തടിച്ചുകൂടുമായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും ഉണ്ടായിരുന്നത്. തങ്ങളുടെ വീട് വലിയൊരു കോടതിയായിരുന്നു. വന്‍ജനക്കൂട്ടമാണ് എപ്പോഴും അവിടെ ഉണ്ടായിരുന്നത്. എല്ലാവരും വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറാന്‍ വേണ്ടി വരുന്നവരായിരുന്നു. എന്തുതന്നെയായാലും എല്ലാവര്‍ക്കും സമാശ്വാസം നല്‍കിയിട്ടേ തങ്ങള്‍ തിരിച്ചയച്ചിരുന്നുള്ളൂ. ഇതിനിടയില്‍ പല രസകരമായ സംഭവങ്ങളും നടക്കാറുണ്ട്. തങ്ങളും വലിയ രസികനായിരുന്നു. ഒരിക്കല്‍ എന്തോ ആവശ്യത്തിന് തങ്ങള്‍ ഒരിടത്ത് വന്നതാണ്. പതിവുപോലെ അവിടെയും ആളുകള്‍ തടിച്ചുകൂടി. തങ്ങളോട് പായാരം പറയാന്‍ തുടങ്ങി. തങ്ങള്‍ പറഞ്ഞു: നിങ്ങളുടെ വീട്ടില്‍ കോഴിയുണ്ടോ? അത് മുട്ടയിടാറുണ്ടോ? ഉണ്ടെങ്കില്‍ അതില്‍ ഒരെണ്ണമെടുത്ത് വില്‍ക്കുക. ഒരണ കിട്ടും. അതുകൊണ്ട് ചന്ദ്രിക പത്രം വാങ്ങുക. അതില്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമുണ്ട്. ഓര്‍മകളുടെ പാണക്കാടന്‍ തീരത്ത് പാണക്കാട് തങ്ങന്മാരുമായി എങ്ങനെയായിരുന്നു ബന്ധം? വളരെ വലിയ അടുപ്പത്തിലായിരുന്നു. ആ കുടുംബവുമായിത്തന്നെ നല്ല ബന്ധത്തിലാണ്. അത് ഇന്നും നിലനില്‍ക്കുന്നുണ്ട്. ആ വഴി പോകുമ്പോള്‍ പലപ്പോഴും ഞാന്‍ അവിടെ കയറിയിട്ടുണ്ട്. തങ്ങന്മാരുമായി സംസാരിക്കും. അവര്‍ നല്ല ആതിഥേയ മര്യാദയുള്ളവരാണ്. ഈ ബന്ധം തുടങ്ങുന്നത്? ബാഫഖി തങ്ങളിലൂടെ തന്നെയാണ് പാണക്കാടുമായുള്ള ബന്ധവും ആരംഭിക്കുന്നത്. അങ്ങനെ പി.എം.എസ്.എ. പൂക്കോയ തങ്ങളുമായി അടുക്കാന്‍ അവസരം ലഭിച്ചു. പൂക്കോയ തങ്ങള്‍ എന്നു പറഞ്ഞാല്‍ അന്നൊക്കെ ഇവിടത്തെ ഏറ്റവും വലിയ സ്വാധീനമുള്ള മനുഷ്യനാണ്; നല്ല മനുഷ്യന്‍. ബാഫഖി തങ്ങളുടെ മറ്റൊരു പതിപ്പായിരുന്നു അതും. ജനങ്ങള്‍ എപ്പോഴും പാണക്കാട്ട് നിറഞ്ഞുനില്‍ക്കുമായിരുന്നു. അവസാന കാലം. രോഗം പിടിപെട്ടപ്പോള്‍ ചികിത്സാര്‍ത്ഥം പൂക്കോയ തങ്ങള്‍ എന്റെ അടുത്തുവന്നു. നേരത്തേയുള്ള ബന്ധം തന്നെയായിരുന്നു കാരണം. പക്ഷേ, അപ്പോഴേക്കും രോഗം വല്ലാതെ മൂര്‍ച്ഛിച്ചിരുന്നു. കരള്‍ സംബന്ധമായ അസുഖമാണ് ഉണ്ടായിരുന്നത്. തങ്ങള്‍ വല്ലാതെ പുകവലിച്ചിരുന്ന ആളായിരുന്നല്ലോ. ഞാന്‍ തങ്ങളെ അഡ്മിറ്റാക്കി. പല പ്രധാന ഡോക്ടര്‍മാരെയും കൊണ്ടുവന്നു ചികിത്സിച്ചു. വെല്ലൂരില്‍നിന്നു എക്‌സ്‌പേര്‍ട്ടുകള്‍ വന്നു. പക്ഷേ, ഫലമുണ്ടായില്ല. അന്ന് മൂത്ത മകന്‍ ശിഹാബ് ഈജിപ്തിലെ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ്. ഞങ്ങള്‍ അവനെ വിളിച്ച് ഉപ്പയോടൊപ്പം നില്‍ക്കാന്‍ പറഞ്ഞു. അങ്ങനെ അവര്‍ നാട്ടില്‍വന്നു. ഉപ്പയെ പരിചരിച്ചു. നല്ല ഗൗരവമുള്ള ആളായിരുന്നു പൂക്കോയ തങ്ങള്‍. ഞങ്ങളോടെല്ലാം വളരെ എളിമയോടെയാണ് പെരുമാറിയിരുന്നത്. തങ്ങളുടെ അടുത്ത് പലവിധ രോഗങ്ങള്‍ പറഞ്ഞ് ചികിത്സയ്ക്കായി ആളുകള്‍ വരുമായിരുന്നു. തങ്ങള്‍ തന്നെ അവര്‍ക്ക് ചെറിയ ചെറിയ ചികിത്സകള്‍ കുറിച്ചുകൊടുക്കും. തങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണെങ്കില്‍ എന്റെയടുത്തേക്ക് റഫര്‍ ചെയ്യാറുണ്ടായിരുന്നു. അവരുടെ അടുത്ത് തങ്ങള്‍ കത്ത് നല്‍കി വിടാറായിരുന്നു പതിവ്. തങ്ങള്‍ മരിക്കുമ്പോള്‍ ഞാനന്ന് അവിടെ ഉണ്ടായിരുന്നില്ല. കൊയമ്പത്തൂരിലായിരുന്നു. ചികിത്സയ്ക്കായി രണ്ടുപേരെ കൂടെ നിര്‍ത്തിയാണ് ഞാന്‍ പോയിരുന്നത്. എന്തു സംഭവിച്ചാലും എന്നെ അറിയിക്കണമെന്ന് അവരെ പ്രത്യേകം ധരിപ്പിച്ചിരുന്നു. മരണവിവരം ലഭിച്ചപാടെ ഞാന്‍ പാണക്കാട്ടേക്കു തിരിച്ചു. മലപ്പുറത്തെത്തി. അവിടംമുതല്‍ പാണക്കാട് വരെ തങ്ങളെ കാണാന്‍ വരുന്നവരുടെ വന്‍ പ്രളയമായിരുന്നു. എന്തെന്നില്ലാത്ത തിരക്ക്. അതിലൂടെ തങ്ങളുടെ വീട്ടിലെത്തുക ഒരിക്കലും സാധിക്കുമായിരുന്നില്ല. തങ്ങളുടെ ഡോക്ടര്‍ വരുന്നെന്ന് പറഞ്ഞ് ജനങ്ങള്‍ എനിക്ക് വഴിമാറിത്തന്നു. അങ്ങനെ ഞാന്‍ വീട്ടിലെത്തി. പൂക്കോയ തങ്ങള്‍ക്കു ശേഷം പാണക്കാടുമായുള്ള ബന്ധം? പിന്നീട്, മുഹമ്മദലി തങ്ങളുമായിട്ടായി ബന്ധം. അവരെയും ഞാന്‍ ചികിത്സിച്ചിട്ടുണ്ട്. ആ വഴിപോകുമ്പോള്‍ ഞാന്‍ പാണക്കാട് വീട്ടില്‍ കയറി തങ്ങളെ സന്ദര്‍ശിക്കുമായിരുന്നു. രാവും പകലും അവിടെ ആളുകളാണ്. എല്ലാവര്‍ക്കും ചായയും കഞ്ഞിയും കിട്ടും. എത്രയെത്ര ആളുകളാണ് ഈ തണലില്‍ കഴിയുന്നത്. അവസാന കാലത്ത് തങ്ങള്‍ക്ക് വല്ലാത്ത ക്ഷീണം പിടിപെടുകയുണ്ടായി. ഒരു തരം അസുഖമായിരുന്നു അത്. ഇവിടത്തെ ചികിത്സകള്‍ തങ്ങള്‍ക്കത്ര പിടിച്ചിരുന്നില്ല. അമേരിക്കയില്‍ അതിന് പ്രത്യേകം സ്‌പെഷ്യലിസ്റ്റുകളുണ്ടായിരുന്നു. അങ്ങനെയാണ് തങ്ങള്‍ അമേരിക്കയില്‍ പോകുന്നത്. വളരെ പെട്ടെന്നുതന്നെ അവിടെനിന്നു രോഗം മാറി തിരിച്ചുവരികയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഹൈദരലി തങ്ങളാണല്ലോ നേതൃസ്ഥാനത്ത്. അവരുമായും മരിക്കാത്തൊരു ബന്ധം നിലനില്‍ക്കുന്നുണ്ട്. ഖുതുബിയുടെ അനുഗ്രഹം ധാരാളം പണ്ഡിതരെയും ചികിത്സിച്ചിട്ടുണ്ടാകുമല്ലോ. മനസ്സില്‍ തങ്ങിനില്‍ക്കുന്ന വല്ല ഓര്‍മകളും? അതെ, ധാരാളം പണ്ഡിതരെയും ഉസ്താദുമാരെയും ചികിത്സിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ പേരുകളെല്ലാം മറന്നുതുടങ്ങി. കണ്ണൂര്‍... മാഹിക്കാരനായ ഒരു ഉസ്താദുണ്ടല്ലോ, ഖുതുബി എന്നു പേരുള്ള. അദ്ദേഹത്തെ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. നല്ലൊരു മനുഷ്യന്‍. തന്റെ രോഗികളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ഹൃദയാഘാതമായിരുന്നു പ്രശ്‌നം. വളരെ നീളമുള്ള ശരീരമായിരുന്നു അദ്ദേഹത്തിന്റേത്. കട്ടിലില്‍ കിടന്നാല്‍ കാല് പുറത്തുചാടും. ഒരു സ്റ്റൂള്‍ വച്ച് അതിന്മേലാണ് കാല് വച്ചിരുന്നത്. നല്ല സ്ഫുടമായ മലയാളത്തിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്. പലപ്പോഴും മതകാര്യങ്ങളും ഞാന്‍ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നു. ഖുതുബിയുടെ ചികിത്സാ കാലത്ത് വല്ല വിശേഷങ്ങളും? എന്നുവച്ചാല്‍.... അദ്ദേഹത്തിന്റെ പേരാണ് ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നത്. അദ്ദേഹം എന്നെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് ആളുകള്‍ പറയാറുണ്ട്. അതിന് ഒരു കാരണമുണ്ടായിരുന്നു. ഒരിക്കല്‍, അദ്ദേഹത്തിന് രോഗം മൂര്‍ച്ഛിച്ച സമയം. ഞാന്‍ ചികിത്സിക്കാനായി അടുത്തേക്കു ചെന്നു. അദ്ദേഹം എന്റെ തലയില്‍ തന്റെ വലതു കൈവച്ചു. എന്നെ അനുഗ്രഹിക്കുന്നപോലെയായിരുന്നു അത്. സാധാരണ ഇടതുകൈകൊണ്ടാണത്രെ ഖുതുബി എല്ലാവരെയും അനുഗ്രഹിക്കാറ്. എന്നാല്‍, എന്റെ തലയില്‍ വലതുകൈവെച്ചപ്പോള്‍ ജനങ്ങള്‍ക്കെല്ലാം അതൊരു വലിയ കാര്യമായി തോന്നി. അവരെല്ലാം ഉയര്‍ന്ന ശബ്ദത്തില്‍ എന്തോ ഒന്ന് കൂട്ടമായി ഉരുവിട്ടു. സന്തോഷമുണ്ടാവുമ്പോള്‍ സാധാരണ വിശ്വാസികള്‍ മുഴക്കാറുള്ള ഒരു മന്ത്രമായിരുന്നു അത്. അന്നുമുതല്‍ ഖുതുബി അനുഗ്രഹിച്ച ഡോക്ടര്‍ എന്ന് ആളുകള്‍ പറയുന്നു. അത് ശരിയായിരിക്കാം. ഇസ്‌ലാമിക വൈദ്യശാസ്ത്രം വേദ്യമേഖലയില്‍ അനവധി ഗവേഷണങ്ങള്‍ നടത്തിയ ആളാണല്ലോ താങ്കള്‍. ഇസ്‌ലാമിക വൈദ്യശാസ്ത്രത്തെ എങ്ങനെ കാണുന്നു? മദ്ധ്യകാല മുസ്‌ലിംകള്‍ കൊണ്ടുവന്ന വൈദ്യശാസ്ത്ര സമ്പത്താണ് ആധുനിക മെഡിക്കല്‍ സയന്‍സിന്റെ കരുത്തും ആത്മാവുമെന്ന് സമ്മതിക്കേണ്ടതുണ്ട്. ഈ വിഷയകമായി ആഴത്തില്‍ പഠിക്കുന്ന ഏതൊരാള്‍ക്കും ഇത് ശരിക്കും മനസ്സിലാക്കാന്‍ സാധിക്കും. താങ്കള്‍ ഈ വിഷയകമായി കൂടുതല്‍ ചിന്തിച്ചിട്ടുണ്ടോ? തീര്‍ച്ചയായും. ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന കാലത്ത് ഈ വിഷയകമായി ചിന്തിക്കാന്‍ എനിക്ക് അവസരമുണ്ടായി. അതിനു ചില കാരണങ്ങളുണ്ടായിരുന്നു. അന്ന് സുഡാന്‍കാരനായ ഒരു പി.ജി. സ്‌കോളറുണ്ടായിരുന്നു അവിടെ. നല്ലൊരു മനുഷ്യനായിരുന്നു അയാള്‍. നല്ല പാണ്ഡിത്യവും ഉണ്ടായിരുന്നു. അദ്ദേഹവുമായുള്ള ഫ്രന്റ്ഷിപ്പ് ഖുര്‍ആനിനെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ എനിക്ക് അവസരമൊരുക്കി. അദ്ദേഹത്തില്‍നിന്നു ഫാത്തിഹയും ഖുര്‍ആനിലെ മറ്റുചില സൂക്തങ്ങളും പഠിച്ചു. പിന്നീട് മുസ്‌ലിംകളുടെ പല പ്രോഗ്രാമുകളിലും ഞാന്‍ ഇവ അറബി മൂല്യത്തോടെതന്നെ ഓതി പ്രസംഗിച്ചിട്ടുണ്ട്. ഇദ്ദേഹത്തില്‍നിന്ന് ഇസ്‌ലാമിക വൈദ്യശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞു. അങ്ങനെ ഖുര്‍ആനിലെ വൈദ്യശാസ്ത്ര വശങ്ങള്‍ ഞാന്‍ അനലൈസ് ചെയ്തു. എന്നെ അല്‍ഭുതപ്പെടുത്തുന്നതായിരുന്നു അതിലെ ഓരോ കാര്യങ്ങളും. ലണ്ടന്‍ യൂനിവേഴ്‌സിറ്റി ലൈബ്രറിയില്‍ ഇസ്‌ലാമിക വൈദ്യശാസ്ത്രത്തെ മാത്രം ചര്‍ച്ചചെയ്യുന്ന പുസ്തകങ്ങളുടെ വലിയൊരു ഭാഗം തന്നെയുണ്ട്. അദ്ദേഹത്തിന്റെ പ്രേരണയോടെ ഞാന്‍ അതില്‍നിന്നു കുറേ വായിച്ചു. അതോടെ എന്റെ ചിന്ത മുഴുവനും അങ്ങനെയായി. ആ വിഷയത്തില്‍ കുറേ ചര്‍ച്ചകളും സംവാദങ്ങളും നടക്കുമായിരുന്നു. പിന്നീട് ഇസ്‌ലാമിക് മെഡിസിനെക്കുറിച്ച് ഞാന്‍ ധാരാളം പ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്. ഇസ്‌ലാമിലെ ഉപവാസം പലപ്പോഴും എന്റെ ചര്‍ച്ചാവിഷയമായിരുന്നു. ഖുര്‍ആനും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പല ലേഖനങ്ങളും മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെ പ്രപിതാക്കള്‍ മുസ്‌ലിംകളാണെന്നു തന്നെ പറയാം. എട്ടാം നൂറ്റാണ്ടുമുതല്‍ 12ാം നൂറ്റാണ്ടുവരെയുള്ള അവരുടെ സംഭാവനകള്‍ ഇല്ലായിരുന്നുവെങ്കില്‍ ആധുനിക വൈദ്യശാസ്ത്രം ഇത്രമാത്രം വികസിക്കുമായിരുന്നില്ല. അതിന്റെ പരിണാമങ്ങള്‍ ഏറെ വിത്യസ്തമാകുമായിരുന്നു. ആധുനിക ശാസ്ത്ര പുരോഗതിക്ക് ആക്കം കൂട്ടിയത് തീര്‍ച്ചയായും മുസ്‌ലിം സംഭാവനകളാണ്. റോമന്‍-ചൈനീസ് ഗ്രന്ഥങ്ങള്‍ ഭാഷാന്തരം നടത്തിയായിരുന്നു അവരുടെ ആരംഭം. പിന്നീട് വികസിച്ച് വികസിച്ച് അവര്‍ക്ക് സ്വന്തമായിത്തന്നെ ഒരു വൈദ്യശാസ്ത്ര മുഖം കൈവന്നു. പിന്നെ, അത് പുരോഗതി നേടി. ഇബ്‌നു സീനയും അബൂബക്ര്‍ റാസിയും ഇസ്‌ലാമിക വൈദ്യശാസ്ത്രത്തിലെ മഹാരഥന്മാരായിരുന്നു. അവരുടെ കണ്ടുപിടിത്തങ്ങളുടെ തുടര്‍ച്ചയാണ് സത്യത്തില്‍ ആധുനിക വൈദ്യശാസ്ത്രം. കിഴക്കില്‍ ബാഗ്ദാദും പടിഞ്ഞാറില്‍ കൊര്‍ഡോബയുമായിരുന്നു മുസ്‌ലിംകളുടെ ആസ്ഥാനം. ബാഗ്ദാദ് മരുന്ന് ഉല്‍പ്പാദനത്തിലും കൊര്‍ഡോബ സര്‍ജറിയിലും പ്രസിദ്ധി നേടിയിരു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter