ആനന്ദമഠത്തിലെ മുസ്‌ലിംവിരുദ്ധ സീനുകളുടെ പുനരാവിഷ്‌കരണമായിരുന്നു ഗുജറാത്ത് കലാപം

2002 ല്‍ ആര്‍.എസ്.എസ് കേഡര്‍മാര്‍ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കുനേരെ നടത്തിയ അതിവ്യാപകമായ സംഘടിത കൊലയും അവരുടെ സ്വത്തുകള്‍ക്കുനേരെ അഴിച്ചുവിട്ട നശീകരണ പ്രവര്‍ത്തനങ്ങളും എഴുപത്തിയഞ്ച് വര്‍ഷത്തിലേറെയായി തങ്ങള്‍ രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വെറുപ്പിന്റെ ഫലമായി അരങ്ങേറിയതായിരുന്നുവെന്നതില്‍ സംശയമില്ല. ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ഫാസിസ്റ്റ് ഹിന്ദു ദേശീയവാദത്തെ ശരിക്കും മനസ്സിലാക്കണമെങ്കില്‍ അതിന്റെ ഉല്‍ഭവവും വികാസവും എങ്ങനെയായിരുന്നുവെന്ന് കൃത്യമായി രേഖപ്പെടുത്തുന്ന അതിന്റെ ചരിത്രം ഒരാവര്‍ത്തി വായിക്കേണ്ടതുണ്ട്.

19 ാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ ഉന്നത ജാതിക്കാരായ ഹിന്ദു നേതൃത്വത്തിനു കീഴില്‍ രൂപംകൊണ്ട ഹിന്ദു ദേശീയവാദം എന്ന ആശയത്തിന് രണ്ട് അടിസ്ഥാന ഘടകങ്ങളാണുള്ളത്. തീവ്രമായ മുസ്‌ലിം വെറുപ്പും അക്രമവഴിയിലൂടെ മുസ്‌ലിംകളെ നശിപ്പിച്ചുകളയുകയെന്ന ശക്തമായ ആവശ്യവുമാണ് അതിലൊന്ന്. സാമ്രാജ്യത്വ ഭരണാധികാരികളോട് അടുത്ത ബന്ധവും സ്‌നേഹവും നിലനിറുത്തുകയെന്നതാണ് രണ്ടാമത്തേത്. തങ്ങളുടെ ഹിന്ദു രാഷ്ട്രമെന്ന ആശയത്തില്‍ ഈ രണ്ടു ഘടകങ്ങളും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നു.

ഹിന്ദു രാഷ്ട്രം എന്ന ആശയത്തെ അടിവരയിടുന്ന ആദ്യത്തെ സുപ്രധാന രചനയാണ് ബക്കിങ് ചന്ദ്ര ചാറ്റര്‍ജി എഴുതിയ ആനന്ദമഠം എന്ന ബംഗാളി നോവല്‍. ഹിന്ദു ദേശീയവാദികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ രണ്ടു ഘടകങ്ങളും ഇതില്‍ വ്യക്തമായി ഉള്‍കൊള്ളുന്നത് കാണാം. ഹിന്ദു രാഷ്ട്രം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇന്നും അവരുടെ ബൈബിളായി വര്‍ത്തിക്കുന്നു ആനന്ദമഠം. തല്‍വിഷയകമായ അതിന്റെ ഉള്ളടക്കത്തിലേക്കു കടക്കുംമുമ്പ് ആ നോവലിനെ കുറിച്ചും അതിന്റെ രചയിതാവിനെ കുറിച്ചും ചില കാര്യങ്ങള്‍ മനസ്സിലാക്കിവെക്കല്‍ അനിവാര്യമാണ്.

വന്ദേമാതരം എന്ന കവിതയെ ബക്കിം ആദ്യമായി അവതരിപ്പിച്ചതും ആനന്ദമഠം എന്ന ഈ നോവലില്‍ തന്നെയായിരുന്നു. 18 ാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ ഉത്തര ബംഗാളില്‍ ഹിന്ദു സന്യാസിമാര്‍ നടത്തിയ അവിടത്തെ മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരെയുള്ള ഒരു കലാപത്തിന്റെ കഥയാണ്, അടിസ്ഥാനപരമായും, ഈ നോവല്‍ പറയുന്നത്. സന്താന്‍ (കുട്ടികള്‍) എന്നാണ് ഈ റബല്‍ വിഭാഗം സ്വന്തത്തെ നാമകരണം ചെയ്ത് വിളിക്കുന്നത്. 1882-85 കാലഘട്ടത്തില്‍ ഈ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടു; പ്രചരിച്ചു. 1857 ല്‍ നടന്ന മഹത്തായ ഒന്നാം സ്വതന്ത്ര്യ സമരത്തില്‍ ഇന്ത്യക്കാര്‍ പരാജയപ്പെട്ടതിന്റെ 25 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. മുസ്‌ലിം ഭരണാധികാരികളുടെ സര്‍വ്വ അധികാരങ്ങളും നശിച്ചില്ലാതായിപ്പോയ ഒരു സമയം. എന്നാല്‍, 1857 ല്‍ നടന്ന ഈയൊരു സമരനിരയുടെ പ്രധാന ഉത്തരവാദികള്‍ മുസ്‌ലിംകളായിരുന്നുവെന്ന് ബ്രിട്ടീഷുകാര്‍ മുദ്രകുത്തുകയും അതിന്റെ പേരില്‍ അവരെ ശക്തമായി കുറ്റവാളികളാക്കുകയും ചെയ്തിരുന്നുവെന്നത് ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം.

ഇന്ത്യയുടെ വലിയൊരു ഭാഗം പൂര്‍ണമായും ബ്രിട്ടീഷുകാരുടെ അധികാരത്തിനു കീഴില്‍ വന്നുതുടങ്ങിയതിനു ശേഷമാണ് ആനന്ദമഠം എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇതിന്റെ രചയിതാവായ ബക്കിം ചന്ദ്ര ചാറ്റര്‍ജിയെ 1858 ല്‍ ബംഗാളിലെ ബ്രിട്ടീഷ് ലെഫ്. ഗവര്‍ണര്‍ അവിടത്തെ ഡെപ്യൂട്ടി മജിസ്‌ത്രേറ്റായി നിയമിച്ചിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. 1957 നു ശേഷം ഇത്തരമൊരു പോസ്റ്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. 1891 ല്‍ ഡിസ്ട്രിക്ട് മജിത്രേറ്റായി അദ്ദേഹം റിട്ടയര്‍ ചെയ്തപ്പോള്‍, രാജ്യത്തിനും സാമ്രാജ്യത്തിനും താന്‍ ചെയ്ത കൂറുള്ള സേവനങ്ങള്‍ പരിഗണിച്ച് ബ്രിട്ടീഷ് രാജ്ഞി റായ് ബഹദൂര്‍, സി.ഐ.ഇ തുടങ്ങിയ പട്ടങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

ഇനി നമുക്ക് ആനന്ദമഠം എന്ന നോവലിന്റെ ചില പ്രത്യേക ഭാഗങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം. ഹിന്ദു ധര്‍മത്തെ പിന്താങ്ങുന്ന റബല്‍ സന്യാസികളെ കുറിച്ച് ബക്കിം തന്റെ നോവലില്‍ ഇങ്ങനെ എഴുതുന്നു:

ana1‘ശേഷം അവര്‍ ഒന്നിനു പിറകെ ഒന്നായി ഓരോ ഗ്രാമത്തിലേക്കും ചാരന്മാരെ പറഞ്ഞയക്കാന്‍ തുടങ്ങി. ഗ്രാമങ്ങളിലേക്കു കടന്നുചെല്ലുകയും അവിടെ ഹിന്ദുക്കളെ കണ്ടുമുട്ടുകയും ചെയ്തപ്പോള്‍ ചാരന്മാര്‍ അവരോടു ചോദിച്ചു: ‘സുഹൃത്തുക്കളെ, നിങ്ങള്‍ ലോര്‍ഡ് വിഷ്ണുവിനെ ആരാധിക്കുക?’ ഇതോടെ അവര്‍ 20/25 പേരടങ്ങുന്ന സംഘങ്ങളായി ചേര്‍ന്നുനിന്നു. ശേഷം, മുസ്‌ലിം ഗ്രാമങ്ങളിലേക്കു കടന്നുചെല്ലുകയും അവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. തങ്ങളുടെ ജീവന്റെ സുരക്ഷയില്‍ മുസ്‌ലിംകള്‍ അസ്വസ്ഥരായി. സന്താനങ്ങള്‍ അവരുടെ സമ്പത്തുകളെല്ലാം കൊള്ളയടിക്കുകയും വിഷ്ണുവിന്റെ പുതിയ ഭക്തന്മാര്‍ക്കിടയില്‍ വിഹിതിച്ചുനല്‍കുകയും ചെയ്തു. തങ്ങള്‍ക്കുള്ള വിഹിതം ലഭിച്ചതോടെ ഗ്രാമീണ ജനങ്ങള്‍ക്ക് സംതൃപ്തിയായി. ശേഷം, അവര്‍ വിഷ്ണുവിന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരപ്പെട്ടു. അവിടെനിന്നും ബിംബത്തിന്റെ പാദങ്ങള്‍ സ്പര്‍ശിച്ചുകൊണ്ട് അവര്‍ സന്താനങ്ങളുടെ ആശയത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. സന്താനങ്ങള്‍ തങ്ങള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ നല്‍കിയതായി ജനങ്ങള്‍ മനസ്സിലാക്കി. അവര്‍ ഗ്രൂപ്പുകളായി സംഘടിക്കുകയും മുസ്‌ലിംകളെ കീഴടക്കാനായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. വീടുകളില്‍ കയറി കൊള്ള നടത്തി, പണം സമാഹരിച്ചു. കണ്ടുമുട്ടുന്നിടത്തുവെച്ചെല്ലാം മുസ്‌ലിം ഗ്രാമങ്ങളെ തീയിട്ടു ചാരമാക്കി.’32

സന്താനങ്ങളുടെ ഒരു യോഗത്തിന്റെ മിനുട്‌സ് നോവലില്‍ വിശദീകരിച്ചത് ഇപ്രകാരമാണ്:
‘കൊല്ലുക, കൊല്ലുക, മുസ്‌ലിംകളെ കൊന്നുകളയുക, ചിലര്‍ ആക്രോശിച്ചു. വിജയം, വിജയം, മഹ്‌രാജിന് വിജയം; മറ്റു ചിലര്‍ അട്ടഹസിച്ചു. സുഹൃത്തുക്കളെ, ഞായറാഴ്ചയായാല്‍ ഞാന്‍ പള്ളി പൊളിച്ച് രാധാമാധവ് ക്ഷേത്രം പണിയും; ചിലര്‍ ഉറക്കെ പറഞ്ഞു.’33

മുസ്‌ലിം ഉന്മൂലനത്തിന്റെയും ഹിന്ദു വിജയത്തിന്റെയും വിജയാരവം ആനന്ദമഠം ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്:

‘രാത്രിയില്‍ നാട് ഹരേ വിളികളെക്കൊണ്ട് മുഖരിതമായിരുന്നു. സന്താനങ്ങള്‍ സംഘങ്ങളായി അങ്ങുമിങ്ങും ചുറ്റിനടന്നു. ചിലര്‍ ഗ്രാമങ്ങള്‍ക്കു നേരെ ഭ്രാന്തമായി ഓടുന്നു. മറ്റു ചിലര്‍ പട്ടണത്തിനു നേരെ ഓടുന്നു. യാത്രക്കാരെയും വീട്ടിലിരിക്കുന്നവരെയും പിടികൂടി ‘വന്ദേ മാതരം’ ഉരുവിടാന്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം, കൊന്നുകളയുമെന്ന് ആക്രോശിക്കുന്നു. ചിലര്‍ മധുരപലഹാരങ്ങള്‍ നിര്‍മിക്കുന്ന കടകള്‍ കൊള്ളയടിക്കുന്നു. ചിലര്‍ പശുത്തൊഴുത്തില്‍ പോയി മണ്‍ പാത്രങ്ങളില്‍ പാല്‍ കറക്കുന്നു. ചിലര്‍, ഞങ്ങള്‍ ബ്രാജയില്‍നിന്നും വരുന്ന പാല്‍ക്കാരാണെന്നും പാല്‍ കറക്കുന്ന ഗോപികമാരെവിടെയെന്നും ചോദിച്ച് അലമുറയിടുന്നു. അങ്ങനെ, ഒരു രാത്രി നേരത്തിനുള്ളില്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആകെ വലിയ ശബ്ദകോലാഹലങ്ങള്‍ ഉയര്‍ന്നു. മുസ്‌ലിംകള്‍ പരാജയപ്പെട്ടുവെന്നും രാജ്യം ഒരിക്കലൂടെ ഹിന്ദുക്കളുടെ കൈകളില്‍ വന്നുവെന്നും എല്ലാവരും വിളിച്ചുപറഞ്ഞു. ഹരി, ഹരി എന്നിങ്ങനെ ഉച്ചത്തില്‍ ആവര്‍ത്തിച്ചുചെല്ലാന്‍ ജനങ്ങള്‍ ആഹ്വാനം ചെയ്യപ്പെട്ടു. മുസ്‌ലിംകളെ കണ്ടുമുട്ടുന്നിടങ്ങളില്‍വെച്ചെല്ലാം അവരെ കശാപ്പ് ചെയ്യാന്‍ ഗ്രാമീണര്‍ പാഞ്ഞടുത്തു. രാത്രിയില്‍ ചിലര്‍ സംഘങ്ങളായി സംഘടിക്കുകയും മുസ്‌ലിംകള്‍ താമസിക്കുന്ന ഏരിയകളിലേക്ക് പുറപ്പെടുകയും ചെയ്തു. അവരുടെ വീടുകളും സ്വത്തുക്കളും അഗ്നിക്കിരയാക്കി. ധാരാളം മുസ്‌ലിംകള്‍ വധിക്കപ്പെട്ടു. പലരുടെയും താടി വടിക്കപ്പെട്ടു. പല ശരീരങ്ങളും ചെളിയില്‍ പുരണ്ട് കിടന്നു. അവിടെ ഹരി വിളികളും പാട്ടുകളും ഉയരാന്‍ തുടങ്ങി. ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു; തങ്ങള്‍ ഹിന്ദുക്കളാണെന്ന്. പേടിച്ചരണ്ട മുസ്‌ലിംകള്‍ കൂട്ടമായി പട്ടണത്തിനു നേരെ ഓടിപ്പോയി. അല്ലാഹ്, അല്ലാഹ് എന്ന വിളികള്‍ അവരില്‍നിന്നും ഉയരുന്നുണ്ടായിരുന്നു. കാലങ്ങള്‍ക്കു ശേഷം ഖുര്‍ആന്‍ മുഴുവനും തെറ്റാണെന്ന് തെളിയുകയാണോ? ഞങ്ങള്‍ ദിവസവും അഞ്ചു നേരം നമസ്‌കരിക്കുന്നു. എന്നിട്ടും കളഭാഭിഷേകം ചെയ്ത ഹിന്ദുക്കളെ ഞങ്ങള്‍ക്ക് കീഴടക്കാനായില്ല! ജഗം മുഴുക്കെയും മിഥ്യയാണോ? അവര്‍ പറഞ്ഞുകൊണ്ടിരുന്നു.’34

ഈയിടെ ഗുജറാത്തില്‍ അരങ്ങേറിയ മുസ്‌ലിം വംശഹത്യ ആനന്ദമഠത്തിലെ ഇത്തരം സീനുകളുടെ പുനരാവിഷ്‌കരണമായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. തീര്‍ച്ചയായും, ആര്‍.എസ്.എസ് തങ്ങളുടെ വിവിധ ശാഖകളില്‍ പുനരവതരിപ്പിച്ച ഒരു സംഭവം തന്നെയായിരുന്നു ഇത്.

ana 3ഹിന്ദുരാഷ്ട്രം എന്ന ആശയത്തിന്റെ ആദ്യകാല വക്താവ് എന്ന നിലയില്‍ ബക്കിങ്ങിന്റെ ബ്രിട്ടീഷ് ഭരണാധികാരികളുമായുള്ള നിലപാട് വളരെ വ്യക്തമാണ്. ബ്രിട്ടീഷ് ഭരണാധികാരികളെ മുസ്‌ലിംകളുമായി അദ്ദേഹം നടത്തിയ താരതമ്യം വളരെ അര്‍ത്ഥവത്തും തന്റെ മുന്‍ഗണന എന്താണെന്ന് വ്യക്തമാക്കിത്തരുന്നതുമാണ്. ഭവാനന്ദ് എന്ന ഒരു ഹിന്ദു സൈനിക മേധാവി പുതുതായി വന്ന ഒരാള്‍ക്ക് ഈ വ്യതാസങ്ങള്‍ വിവരിച്ചുകൊടുക്കുന്നത് നോവലില്‍ ഇങ്ങനെ വായിക്കാം:

‘ഒരു ഇംഗ്ലീഷുകാരന്‍ സ്വന്തം ജീവന്‍ അപകടത്തില്‍ പെട്ടാല്‍ പോലും ഓടിപ്പോവുകയില്ല. എന്നാല്‍, ഒന്ന് വിയര്‍ക്കുമ്പോഴേക്കും മുസ്‌ലിം ഓടി രക്ഷപ്പെടുന്നു. പിന്നെ, അവന് കുടിക്കാന്‍ വെള്ളം വേണം. ഇംഗ്ലീഷുകാര്‍ക്ക് അവരുടെതായ ഇച്ഛാശക്തിയുണ്ട്. എന്തൊരു കാര്യം അവര്‍ തുടങ്ങിയാലും അത് നിര്‍വഹിച്ചിരിക്കും. എന്നാല്‍, മുസ്‌ലിംകള്‍ ബദ്ധിശൂന്യരാണ്. മണ്ടത്തരത്തിനുള്ള ധീരതയേ അവര്‍ക്കുള്ളൂ. പിന്നെ, അവസാനമായി ധീരതയുടെ കാര്യം. ഒരു പീരങ്കിയുണ്ട വര്‍ഷിക്കുന്നത് കണ്ടാല്‍ മുസ്‌ലിംകള്‍ കൂടെയുള്ളവരെയും കൂട്ടി ഓടി രക്ഷപ്പെടും. എന്നാല്‍, പീരങ്കിയുണ്ടകളുടെ വിലയ കൂട്ടം തന്നെ ഒന്നിച്ചുകണ്ടാലും ഒരു ഇംഗ്ലീഷുകാരനും ഓടിപ്പോവുകയില്ല.’

സാമ്രാജ്യത്വ ഏമാന്മാരെ ഇതിലും നല്ല നിലയില്‍ പ്രശംസിക്കുക അസാധ്യമാണ്! അത്രമാത്രം ഭവ്യതയാര്‍ന്നവിധത്തിലാണ് ബക്കിം ഈ വരികളിലൂടെ ബ്രിട്ടീഷുകാരെ സുഖിപ്പിച്ചിരിക്കുന്നത്. ഇന്ത്യാരാജ്യത്തെ കൂച്ചുവിലങ്ങിട്ട ബ്രിട്ടീഷ് ഏമാന്മാരെ വിസ്മയകരമായ സമ്പൂര്‍ണ ആത്മാക്കളായിട്ടാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. അവര്‍ മഹോന്നതരും, അതുകൊണ്ടുതന്നെ, നമ്മുടെ മോക്ഷമാര്‍ഗവുമാണെന്നും ഇത് ഉത്‌ഘോഷിക്കുന്നു!

ആനന്ദമഠത്തിന്റെ അവസാന വരികളിലും ചൂഷകരായ ബ്രിട്ടീഷ് ഏമാന്മാരോടുള്ള ഈ വല്ലാത്ത ആദരവ് നിറഞ്ഞുനില്‍ക്കുന്നതായി കാണാന്‍ കഴിയും. ഹിന്ദുരാഷ്ട്രം എന്ന സംവാദം ഈ വാക്കുകളിലൂടെ പൂര്‍ണത പ്രാപിക്കുകയാണിവിടെ:

‘ഒരു ബ്രിട്ടീഷ് ചക്രവര്‍ത്തി അധികാരത്തില്‍ വരാതെ സനാതന മൂല്യങ്ങള്‍ പുന:സ്ഥാപിക്കപ്പെടാനുള്ള സാധ്യത കാണുന്നില്ല ഇവിടെ. ഹിന്ദു രാജാക്കന്മാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ സന്തുഷ്ടരായിരിക്കും. അവര്‍ക്കവിടെ യാതൊരു പ്രയാസവും കൂടാതെ മൂല്യങ്ങള്‍ പ്രയോഗവല്‍കരിക്കാന്‍ സാധിക്കും. ആയതിനാല്‍, ഓ വിവേകമുള്ളവനേ, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍നിന്നും നീ മാറി നില്‍ക്കുക. എന്നിട്ട്, എന്നെ പിന്തുടരുക. താങ്കളുടെ ഉദ്ദ്യമം വിജയകരമായിരിക്കും. ഭാരതമാതാവിന് നന്മയാണ് താങ്കള്‍ ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് ഭരണം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തിന്റെയും ശത്രുതയുടെയും സാഹചര്യങ്ങള്‍ നിങ്ങള്‍ വെടിയുക. ജനങ്ങളെ കാര്‍ഷിക വൃത്തിയില്‍ വ്യാപൃതരാവാന്‍ അനുവദിക്കുക. ഭൂമി നിറയെ ധാന്യവിളകള്‍കൊണ്ട് സമൃദ്ധമാവട്ടെ. ജന ജീവിതം സമൃദ്ധിയിലും ഐശ്വര്യത്തിലും വിളങ്ങിനില്‍ക്കട്ടെ. ഇനി ഇവിടെ ഒരു ശത്രുവേ ഇല്ല. ഇംഗ്ലീഷുകാര്‍ നമ്മുടെ രാജാക്കന്മാരാണ്. ഒരാള്‍ക്കും അവരെ കീഴ്‌പ്പെടുത്തി വിജയം നേടാന്‍ സാധ്യമല്ല.’35

ഹിന്ദു ദേശീയവാദ പ്രസ്ഥാനത്തിന് മുന്നോടിയായി വര്‍ത്തിച്ച ആനന്ദമഠം എന്ന നോവല്‍ മുഴുക്കെയും ഇത്തരം വാദഗതികള്‍കൊണ്ട് നിറഞ്ഞതാണ്.

ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ഫാസിസ്റ്റ് നയങ്ങളോടുകൂടിയ ഹിന്ദു ദേശീയവാദം, സത്യത്തില്‍, ആനന്ദമഠം മുന്നോട്ടുവെച്ച പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. ഒരു ഹിന്ദു രാഷ്ട്രം പണിതുയര്‍ത്താന്‍ മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യല്‍ അനിവാര്യമാണെന്ന് ആനന്ദമഠം പ്രചരിപ്പിച്ചു.

പാകിസ്താന്‍ ഇന്റലിജന്‍സ് വിഭാഗമായ ഐ.എസ്.ഐ ഏറ്റവും വലിയ ജനാധിപത്യ-മതേതരത്വ രാജ്യമായ ഇന്ത്യയെ തകിടംമറിക്കാന്‍ എല്ലാവിധ പദ്ധതികളും ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. രണ്ട് അഭിപ്രായങ്ങള്‍ക്ക് വകയില്ലാത്ത ഒരു വസ്തുതയാണിത്. (അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സി.ഐ.എയും റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ കെ.ജി.ബിയും ഒരു അഖണ്ഠ ഭാരത്തെ ഇഷ്ടപ്പെടുമോ എന്നതും ഗ്യാരണ്ടി പറയാന്‍ കഴിയാത്ത കാര്യം തന്നെ.) ഇന്ത്യയെ വെട്ടിനുറുക്കാന്‍ ഐ.എസ്.ഐ മുന്നോട്ടുവെക്കുന്ന നിഗൂഢമായ പദ്ധതികളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്. കൃത്യമായ മറുപടിയും പ്രതികരണവുമുണ്ടാവേണ്ട ധാരാളം ചോദ്യങ്ങളുണ്ട് ഇവിടെ. നമ്മുടെ രാജ്യത്ത് വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഐ.എസ്.ഐ മാത്രമാണെന്ന വാദം പൂര്‍ണമായും സത്യമാണോ? 1992 ല്‍ ആര്‍.എസ്.എസ് കേഡര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ബാബരി മസ്ജിദ് ധ്വംസനം, പിന്നീട് ഗുജറാത്തില്‍ നടന്ന മുസ്‌ലിം വംശഹത്യ പോലെയുള്ള കമ്യൂണല്‍ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ വര്‍ഗീയതയുടെ പൊട്ടിത്തെറിയിലേക്ക് എത്തിച്ചിട്ടില്ലേ? അതുവഴി ഐ.എസ്.ഐ പോലെയുള്ള ചാരസംഘടനകള്‍ക്ക് ആനന്ദിക്കാന്‍ അവസരമുണ്ടാക്കിയിട്ടില്ലേ? സാമുദായിക സൗഹൃതം തകര്‍ക്കുന്ന, സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന, സാമുദായിക ഘടകങ്ങളുമില്ലേ നമ്മുടെ രാജ്യത്ത്? ഐ.എസ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്ന ഘടകങ്ങള്‍ തന്നെയല്ലേ ഇതെല്ലാം?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter