ജാമിഅമില്ലിയ്യ: കേന്ദ്രം ന്യൂനപക്ഷങ്ങളെ ഭയക്കുന്നതെന്തിന്?
അലിഗഢ് സര്‍വകലാശാലയുടെ ന്യൂനക്ഷ പദവി എടുത്തുമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് ജാമിഅ മില്ലിയ്യ സര്‍വകലാശാലയും ഇരയാകാന്‍ പോകുന്നു. ഇരു യൂനിവേഴ്‌സിറ്റികളുടെയും പദവി നഷ്ടപ്പെടുത്താനുള്ള കാരണങ്ങള്‍ കണ്ടെത്തിയ ആഹ്ലാദത്തിലാണ് മാനവ വിഭവശേഷി വികസന മന്ത്രാലയം. നിയമ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് മാനവ വിഭവശേഷി വികസന മന്ത്രാലയം രണ്ട് യൂനിവേഴ്‌സിറ്റികളുടെയും ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നീക്കം തകൃതിയായി മുന്നോട്ടു കൊണ്ടുപോകുന്നത്.
2011 ഫെബ്രുവരി 22ന് യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്താണ് ജാമിഅ മില്ലിയ്യക്ക് ദേശീയ കമ്മിഷന്‍ ന്യൂനപക്ഷ പദവി അനുവദിച്ചുകൊണ്ട് ഉത്തരവായത്. അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ നേരത്തേ തന്നെ സമീപിച്ചതാണ്. ഇതു സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി കേസ് ഏപ്രില്‍ 4ന് പരിഗണിക്കുവാന്‍ മാറ്റിവെച്ചിട്ടുമുണ്ട്. പിന്നാലെയാണിപ്പോള്‍ ജാമിഅ മില്ലിയ്യക്ക് നേരെയും കേന്ദ്രസര്‍ക്കാര്‍ വാളോങ്ങി നില്‍ക്കുന്നത്.
രണ്ട് സര്‍വകലാശാലകളുടെയും പിറവികള്‍ക്ക് പിന്നില്‍ ഒരു ദൗത്യനിര്‍വഹണത്തിന്റെ ചരിത്രമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്്‌ലിംകള്‍ വിദ്യാഹീനരായി പുറമ്പോക്കില്‍ അലയാന്‍ വിധിക്കപ്പെട്ട ഒരു കാലമായിരുന്നു 1920 കള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ മുസ്്‌ലിംകളെ പ്രഖ്യാപിത ശത്രുക്കളായാണ് കണ്ടിരുന്നത്. മുസ്്‌ലിംകളെ നിഷ്‌ക്കരുണം അടിച്ചമര്‍ത്തുകയായിരുന്നു അവര്‍. അതുവരെയുള്ള ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക രംഗങ്ങളില്‍ വിരാജിച്ചിരുന്ന മുസ്്്‌ലിംകളെ എല്ലാ രംഗങ്ങളില്‍ നിന്നും ബ്രിട്ടീഷുകാര്‍ തുരത്തി.
ഇതിനൊരു അറുതി വരുത്തുവാന്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ദൃഢനിശ്ചയമെടുക്കുകയും അദ്ദേഹത്തിന്റെ നിരന്തരമായ അഭ്യര്‍ഥന മാനിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്്്‌ലിംകള്‍ക്കായി ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ അനുമതി നല്‍കുയും ചെയ്തു. അങ്ങിനെയാണ് അലിഗഢ് സര്‍വകലാശാല ജന്മമെടുത്തത്. ന്യൂനപക്ഷ പിന്നോക്ക വിഭാഗമായി മാറിക്കഴിഞ്ഞിരുന്ന മുസ്്‌ലിംകളുടെ ഉന്നമനത്തിനായി മുസ്്‌ലിംകളാല്‍ സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം മുസ്്‌ലിംകള്‍ സ്ഥാപിച്ചതല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കോടതിയില്‍ വാദിക്കുന്നത്. ഇതിന് പിന്‍ബലമായി അവര്‍ ഉന്നയിക്കുന്നതാകട്ടെ സ്ഥാപനം കേന്ദ്രസര്‍വകലാശാലയായി ഉയര്‍ത്തിയതിനാല്‍ സാങ്കേതികമായി സ്ഥാപനം ന്യൂനപക്ഷ പദവിയില്‍ നിലനില്‍ക്കുന്നില്ല എന്നും. മതേതര സര്‍ക്കാരിന് മുസ്്്‌ലിംകള്‍ക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കാന്‍ പറ്റല്ലെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. 1967 സുപ്രിംകോടതി അലിഗഢ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
ജാമിഅ മില്ലിയ്യയുടെ ചരിത്രവും അലിഗഢ് സര്‍വകലാശാലയുടെ സ്ഥാപന ചരിത്രവുമായി സമാനത പുലര്‍ത്തുന്നതാണ്. തൊള്ളായിരത്തി ഇരുപതുകളില്‍ ദേശീയ മുസ്്‌ലിംകളടങ്ങുന്ന സ്വാതന്ത്ര്യ സമര സേനാനികളും സാധാരണക്കാരും ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ബ്രിട്ടീഷുകാരന്റെ എല്ലാ വസ്തുക്കളും ബഹിഷ്‌ക്കരിച്ചിരുന്നു. അതിന്റെ ഭാഗമായി അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബഹിഷ്‌ക്കരിക്കുകയുണ്ടായി. ഇത്തരമൊരു സാഹചര്യത്തില്‍ മുസ്്‌ലിംകള്‍ വിദ്യാഭ്യാസം നേടേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ഗാന്ധിജിയുടെ പരിശ്രമഫലമായി ദേശീയ രാഷ്ട്രീയത്തിലെ ഉജ്വല പ്രതിഭകളായ മുസ്്‌ലിം നേതാക്കളുടെ കഠിനാധ്വാനത്താലുമാണ് ജാമിഅ മില്ലിയ്യ സ്ഥാപിക്കപ്പെട്ടത്.
ഇന്ത്യയുടെ വൈസ് പ്രസിഡന്റായിരുന്ന ഡോ. സാക്കിര്‍ ഹുസൈന്‍ ഈ സ്ഥാപനത്തിലെ വൈസ് ചാന്‍സലറായിരുന്നു. 1988 ല്‍ ജാമിഅ മില്ലിയ്യക്ക് കേന്ദ്രസര്‍വകലാശാല പദവി ലഭിക്കുകയും സര്‍ക്കാരിന്റെ സംവരണ തത്വങ്ങളും മറ്റു മാനദണ്്ഡങ്ങളും പാലിച്ചു കൊണ്ട് മുന്നോട്ടു പോവുകയും ചെയ്തു. എന്നാല്‍ വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന മുസ്്‌ലിംകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി സംവരണം അനിവാര്യമാണെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് 2011 ല്‍ ദേശീയ കമ്മിഷന്‍ ജാമിഅ മില്ലിയ്യ സര്‍വകലാശാല ന്യൂനപക്ഷ പദവിയുള്ള സ്ഥാപനമായി പ്രഖ്യാപിച്ചത്.
വിദ്യാര്‍ഥി പ്രവേശനത്തില്‍ അന്‍പത് ശതമാനത്തോളം സംവരണം മുസ്്‌ലിംകള്‍ക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ ഉത്തരവ് നിയമപരമായ നിലനില്‍ക്കുന്നില്ലെന്നാണ് മന്ത്രി സ്മൃതി ഇറാനി ഭരിക്കുന്ന മാനവ വിഭവശേഷി വകുപ്പ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതേ മന്ത്രാലയം തന്നെയാണ് ഹൈദരാബാദ് കേന്ദ്ര യൂനിവേഴ്‌സിറ്റിയിലെ രോഹിത് അടക്കമുള്ള അഞ്ച് ദലിത് വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലക്ക് നിരന്തരം കത്തയച്ചത്.
ഇപ്പോള്‍ ജാമിഅ മില്ലിയ്യയുടെ മുസ്്്‌ലിം സംവരണം എടുത്തുകളയാന്‍ പറയുന്ന ന്യായമാകട്ടെ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രവേശനം ലഭിക്കാത്തതിനാലാണെന്നും. ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഇരട്ടമുഖമാണിവിടെ അനാവൃതമാകുന്നത്. ഒരു ഭാഗത്ത് ദലിത് വിദ്യാര്‍ഥികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കും വിധം മാനസികമായി പീഡിപ്പിക്കുകയും മറുവശത്ത് അവര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നു.
അലിഗഢിന്റെയും ജാമിഅ മില്ലിയ്യയുടെയും ന്യൂനപക്ഷ പദവി എടുത്തുമാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതികരിക്കുവാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ സമാന മനസ്‌കരുടെ യോഗം ഡല്‍ഹിയില്‍ ചേരാനിരിക്കുകയാണ്. ഈ നീക്കം ആശാവഹവുമാണ്. 2011 ലെ ഉത്തരവിനെ ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ ദേശീയ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് അങ്ങനെ ചെയ്തതെന്നും സര്‍ക്കാര്‍ ആ ഉത്തരവ് മാനിക്കുന്നുവെന്നും അന്ന് മാനവ ശേഷി വകുപ്പ് മന്ത്രിയായിരുന്ന കപില്‍ സിബല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്. ആ സത്യവാങ്മൂലത്തെ മാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.



Leave A Comment