യുദ്ധം, ഭീകരത: ഇസ്‌ലാമിന്റെ ബഹുസ്വരതക്ക് വിഘാതം നില്‍ക്കുന്നു
'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവര്‍ക്ക്' തങ്ങള്‍ അക്രമിക്കപ്പെട്ടെന്ന കാരണത്താല്‍ അല്ലാഹു യുദ്ധത്തിനു സമ്മതം നല്‍കിയിരിക്കുന്നുവെന്നും സഹായിക്കാന്‍ അല്ലാഹു ഏറ്റവും കഴിവുള്ളവനാണെന്നും പരിശുദ്ധ ഖുര്‍ആനില്‍ ആയത്ത് ഇറങ്ങിയിട്ടുണ്ട്. ഈ സമ്മതത്തിനു പിന്നിലെ കാരണം നാം അറിയേണ്ടതുണ്ട്. ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു: 'അല്ലാഹു പ്രതികരിക്കാന്‍ സമ്മതം നല്‍കിയിരുന്നില്ലെങ്കില്‍ അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളും സിനഗോഗുകളും തകര്‍ക്കപ്പെടുമായിരുന്നു.' ഇതുകൊണ്ടാണ് അല്ലാഹു ചിലരെ പ്രതിരോധിക്കാന്‍ കല്‍പ്പിച്ചത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഇവിടെ മത-വിശ്വാസ വിഭാഗങ്ങള്‍ നിലനില്‍ക്കണം. അവ ഒരിക്കലും തകര്‍ക്കപ്പെട്ടുകൂടാ.
മുമ്പു കഴിഞ്ഞുപോയ സമൂഹങ്ങള്‍ തങ്ങളുടെ മതത്തില്‍ വിശ്വസിക്കുന്നതോടൊപ്പം മത സഹിഷ്ണുതയുടെ വക്താക്കള്‍ കൂടിയായിരുന്നു. സ്വഹീഹുല്‍ ബുഖാരിയില്‍ മുമ്പു പറഞ്ഞ സൂക്തത്തിനു നല്‍കിയ വിശദീകരണം ഇപ്രകാരമാണ്.
ഇബ്‌നു ഉമര്‍ (റ) നോട് ഒരു സംഘം വന്നു കൊണ്ടു ചോദിച്ചു: അങ്ങയില്‍നിന്ന് കുറച്ച് നല്ല ഹദീസുകള്‍ പഠിക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. തല്‍ക്ഷണം സംഘത്തിലൊരാള്‍ ചോദിച്ചു: അല്ലാഹു ഖുര്‍ആനില്‍ കല്‍പ്പിച്ചിട്ടുള്ളത് ഫിത്‌ന ഇല്ലാതാകുന്ന കാലം വരെ യുദ്ധം ചെയ്യാനല്ലേ? ഉടനെ ഇബ്‌നു ഉമര്‍ (റ) പറഞ്ഞു: ഫിത്‌ന എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? ഫിത്‌ന എന്നാല്‍ മതത്തില്‍നിന്ന് നിര്‍ബന്ധ പരിവര്‍ത്തനം നടത്തുകയെന്നതാണ്. എന്നാല്‍, പ്രവാചകന്‍ മുശ്‌രിക്കുകളോട് യുദ്ധം ചെയ്തത് തങ്ങളുടെ വിശ്വാസ സംഹിതകളില്‍ സ്വതന്ത്രമായി അടിയുറച്ചുനില്‍ക്കാനുള്ള സാഹചര്യത്തിനായിരുന്നു. ഇബ്‌നു ഉമര്‍ (റ) ചോദിച്ചു: നിങ്ങള്‍ ഇപ്പോള്‍ യുദ്ധം നടത്തുന്നത് രാഷ്ട്രീയ അധികാരങ്ങള്‍ക്കുവേണ്ടിയല്ലേ?
യുദ്ധ വേളകളെ രക്തച്ചൊരിച്ചിലിന്റെ ദിനങ്ങളെന്ന് അനുചരര്‍ പറഞ്ഞപ്പോള്‍ യുദ്ധവേളകള്‍ പാപമോചനത്തിന്റെയും സ്വര്‍ഗ പ്രവേശത്തിന്റെയും അവസരങ്ങളാണെന്നാണ് പ്രവാചകന്‍ പ്രതികരിച്ചത്. പ്രവാചകരോ അനുചരന്മാരോ രാഷ്ട്രീയ അധികാരങ്ങള്‍ക്കു വേണ്ടി യുദ്ധം നടത്തിയിട്ടില്ല. അങ്ങനെ യുദ്ധം ചെയ്യാന്‍ ഒരു പ്രമാണവും കല്‍പ്പിക്കുന്നുമില്ല. രണ്ടു മുസ്‌ലിംകള്‍ തമ്മില്‍ ഏറ്റുമുട്ടുകയും അവിടെ ഫിത്‌ന ഉണ്ടാവുകയും ചെയ്താല്‍ അവര്‍ രണ്ടുപേരും നരകത്തിന്റെ ആളുകളാണെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ഇസ്‌ലാമിക വീക്ഷണത്തില്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തവനും തന്റെ മുസ്‌ലിമായ സഹോദരനോട് യുദ്ധം ചെയ്തവനും രക്തസാക്ഷികളെല്ലെന്നാണ് പ്രശസ്ത പണ്ഡിതന്മാര്‍ ഫത്‌വ നല്‍കിയത്. എന്നാല്‍, രക്തച്ചൊരിച്ചിലുകള്‍ക്കിടയിലും അക്രമങ്ങള്‍ക്കിടയിലും സല്‍പന്ഥാവിനെ നിര്‍ഭയം സ്വീകരിക്കുന്ന ഒരു വിഭാഗം വരും. അവര്‍ യഥാര്‍ത്ഥ വിശ്വാസികളായിരിക്കുമെന്നും ലോകാവസാനം വരെ അവര്‍ നിലനില്‍ക്കുമെന്നും പ്രവാചകന്‍ അരുളിയിട്ടുണ്ട്. അവസാന കാലം വരെ നിലനില്‍ക്കുന്ന വിശ്വാസി സമൂഹത്തെക്കുറിച്ച് ഇമാം ബുഖാരി (റ) പറഞ്ഞത് അവര്‍ മുസ്‌ലിം സമൂഹത്തിലെ പണ്ഡിതന്മാരാണെന്നാണ്.
യുദ്ധവേളയില്‍ ഒരു കൂട്ടം ആളുകളെ പ്രവാചകന്‍ കൂടെ കൊണ്ടുപോയിരുന്നില്ല. കാരണം, അറിവ് മുഖമുദ്രയാക്കി സമൂഹത്തില്‍ ഇസ്‌ലാമിന്റെ സുഭദ്രത ഉറപ്പുവരുത്തുകയായിരുന്നു ഈ സംഘത്തിന്റെ ദൗത്യം. ഇത് വ്യക്തമാക്കുന്നത് ഇസ്‌ലാമിന്റെ ജീവനാഡി അറിവാണ് എന്നതാണ്. അറിവ് മുസ്‌ലിമിന്റെ കളഞ്ഞുപോയ സ്വത്താണെന്നും അത് എവിടെ കണ്ടാലും പെറുക്കിയെടുക്കണമെന്നുമാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. പണ്ഡിത സമൂഹത്തിനും പ്രവാചകരും അനുചരന്മാരും നല്‍കിയിട്ടുള്ള വിലയെ നാം ഉള്‍ക്കൊള്ളണം.
അറിവില്ലാത്ത സമൂഹമാണ് ഇന്ന് ഭീകരതയുട വക്താക്കള്‍. മാത്രമല്ല, അല്ലാമാ ഗൂഗിളാണ് അവരുടെ നേതാവ്. ഇത്തരം കമ്പ്യൂട്ടര്‍ ഫത്‌വകള്‍ മാത്രമാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിന്തുടരുന്നത്. പരമ്പരാഗതമായി മുസ്‌ലിംകള്‍ പഠിക്കുന്ന അറിവിനെക്കുറിച്ച് അവര്‍ക്ക് ബോധമില്ല. നമ്മുടെ പണ്ഡിതന്മാരില്‍ 40 വര്‍ഷം അധ്യാപനം നടത്തിയവര്‍ക്കു പോലും ഫത്വ നല്‍കുന്ന കാര്യത്തില്‍ ഭയമായിരുന്നുവത്രെ. ഇമാം ശാഫിഈ (റ) 17 വര്‍ഷം മതപഠനം നടത്തിയിട്ടുണ്ട്. എന്നിട്ടും ഫത്‌വ നല്‍കാന്‍ ഭയമായിരുന്നു. പ്രവാചകരും ആ പാത പിന്തുടര്‍ന്നവരും അങ്ങനെയായിരുന്നു.
ഭീകരതയും യുദ്ധവും എന്തിനു വേണ്ടി?
ലോക ജനത തങ്ങളുടെ ശ്രദ്ധ സിറിയയില്‍ കേന്ദ്രീകരിച്ചിട്ട് നാളേറെയായി. കാരണം, അവരുടെ സ്മാര്‍ട് ഫോണില്‍ തെളിയുന്ന ചിത്രങ്ങള്‍ അതിക്രമത്തിന്റെയും ഭീകരതയുടെയും കഥയാണ് പറയുന്നത്. ഒരഭയാര്‍ത്ഥി പേറേണ്ട നോവുകളെക്കുറിച്ച് മണല്‍പ്പരപ്പില്‍ ചുണ്ടമര്‍ത്തി കിടന്ന ഐലന്‍ കുര്‍ദി ഒരുപാട് നമ്മോട് സംസാരിച്ചു. ആ ചിത്രം പകര്‍ത്തിയ നിലൂഫര്‍ ഡെമിര്‍ പറഞ്ഞത് ഞാന്‍ ഒരുപാട് നല്ല ഫോട്ടോകള്‍ സമര്‍പ്പിച്ചിട്ടുണ്ട്; പക്ഷെ, ഐലന്‍ കുര്‍ദിയുടെ ചിത്രം തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നാണ്. ഇസ്‌ലാമിന്റെയും സുന്നിസത്തിന്റെയും പേരില്‍ ഇവര്‍ താന്തോന്നിത്തരം ചെയ്യുകയാണ്. യഥാര്‍ത്ഥത്തില്‍, അവര്‍ ഖവാരിജുകളാണ്. അക്രമം നിഘണ്ടുവിലേ ഇല്ലാത്ത ജീവിതമാണ് പ്രവാചകന്‍ കാഴ്ച്ചവെച്ചത്. പിന്നെ, എങ്ങനെയാണ് അവര്‍ പ്രവാചകരില്‍നിന്ന് പ്രചോതിദരാവുക?
ഖുര്‍ആനിലെ ശത്രുക്കളോടുള്ള സമീപനങ്ങളെയും യുദ്ധങ്ങളെയും കുറിച്ച് പറയുന്ന ആയത്തുകളുടെ അര്‍ത്ഥതലങ്ങളെക്കുറിച്ച് ഗഹന പഠനം നടത്തിയ പണ്ഡിതന്മാര്‍ പറയുന്നത് യുദ്ധത്തിനു നല്‍കിയ സമ്മതം ഒരു ഇളവ് (റുഖ്‌സ) മാത്രമാണെന്നാണ്. അനുവദനീയവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമായ കാര്യങ്ങളില്‍ ഇളവ് നല്‍കുകയെന്നു പറയുന്നത് വൈരുദ്ധ്യമല്ലേ? ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം: നിങ്ങള്‍ ശത്രുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കരുത്. യുദ്ധത്തിലും ശത്രുതയിലും അമിതോല്‍സാഹം ഉണ്ടാവുകയെന്നത് ഹൃദയത്തിലുണ്ടാകുന്ന ഒരു തരം രോഗമാണ്. പ്രവാചകന്‍ ഫിത്‌നയെ പരിചയപ്പെടുത്തുന്നത് ഒന്നിനു ശേഷം മറ്റൊന്നായി ഇടതടവില്ലാതെ സമുദ്രത്തിലുണ്ടാവുന്ന തിരമാലകളോട് ഉപമിച്ചുകൊണ്ടാണ്. ജാഹിലിയ്യാ കാലത്ത് എഴുതപ്പെട്ട കാവ്യ ശകലങ്ങളില്‍ ഫിത്‌നയെ തരുണീമണികളോട് ഉപമിച്ചത് നമുക്ക് കാണാം. കാരണം, അത് വിഡ്ഢികളെ ആകര്‍ഷിക്കുകയും കെണിയില്‍പെടുത്തുകയും ചെയ്യും എന്നതാണ്. അറിവില്ലാത്ത യുവാക്കളാല്‍ സമൂഹം നശിക്കുന്നതിനെ ചര്‍ച്ച ചെയ്യുന്ന അധ്യായങ്ങള്‍തന്നെ ഹദീസ് ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാവുന്നതാണ്.
ഖുര്‍ആന്‍ മാനവികതയുടെ ദൗത്യത്തെക്കുറിച്ച് സംവദിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഭൂമിയില്‍ സൗകര്യം ചെയ്തുതന്നത് നിസ്‌കാരം നിലനിര്‍ത്താനു നന്മകൊണ്ട് കല്‍പ്പിക്കാനും തിന്മകൊണ്ട് വിരോധിക്കാനുമാണെന്നാണ് ഖുര്‍ആനികാഹ്വാനം. ഒരിക്കല്‍ തടവുപുള്ളികളെ ചില പ്രത്യേക കാരണങ്ങളാല്‍ ഖാലിദ് ബ്‌നുല്‍ വലീദ് (റ) കൊല ചെയ്തു. ശേഷം, പ്രവാചകരെ വിവരമറിയിച്ചപ്പോള്‍ അവര്‍ ഉടന്‍ തന്റെ കരങ്ങള്‍ സ്രഷ്ടാവിലേക്ക് ഉയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിച്ചത്, അല്ലാഹുവേ, ഖാലിദ് പ്രവര്‍ത്തിച്ച ഒന്നിനെത്തൊട്ട് ഞാന്‍ നിരപരാധിയാണ് എന്നാണ്. കൊല ചെയ്യാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടായിട്ടും തന്റെ സ്വഭാവ മേന്മ ഇത്തരമൊരു പ്രാര്‍ത്ഥനക്കു പ്രവാചകരെ പ്രോരിപ്പിക്കുകയായിരുന്നു. പ്രവാചകന്‍ തടവുപുള്ളികള്‍ക്കുപോലും മതിയായ രീതിയില്‍ ഭക്ഷണം നല്‍കിപ്പോന്നിരുന്നു.
എന്നാല്‍, ഇന്ന് അവസ്ഥകളെല്ലാം മാറി. പ്രവാചകന്‍ ചെയ്യരുതെന്നു പറഞ്ഞ കാര്യങ്ങളാണ് യുദ്ധമെന്ന പേരില്‍ ഇന്ന് പലരും ചെയ്തുകൊണ്ടിരിക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ ചരിത്രവിശുദ്ധിക്ക് ഒടുക്കം സമ്മാനിക്കാനായി ഇന്ന് മരുഭൂമിയില്‍ ഇസ്‌ലാം ചമയുന്നവര്‍ ചിലരുടെ തല വെട്ടുകയാണ്. അത്തരക്കാര്‍ക്ക് ഈ മതവുമായി യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ അവര്‍ ഉപയോഗിക്കുന്നത് കറുത്ത പതാകയാണ്. കാരണം, ഖുറാസാനില്‍നിന്നും വരുന്ന കറുത്ത പതാകയെക്കുറിച്ച് ഹദീസില്‍ പരാമര്‍ശമുണ്ട്. പക്ഷെ, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആളുകള്‍ കാണാതെ പോയ ഒരു ഹദീസില്‍ രണ്ടു തരത്തിലുള്ള കറുത്ത പതാകകളെ പരാമര്‍ശിച്ചിട്ടുണ്ട്. അതിലെ ഒന്നിനെക്കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് ഐ.എസ് വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നു. ആരാധനാലയങ്ങളും അഭയഗേഹങ്ങളും ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ നാടുവിടുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ഒഴുക്ക് നാം മാധ്യമങ്ങളിലൂടെ കണ്ടതാണ്. വരാനുള്ള ഫിത്‌നയെക്കുറിച്ച് പ്രവാചകന്‍ പരിചയപ്പെടുത്തിയത് അവര്‍ ദൗലയുടെ ആളുകളാണെന്നാണ് ദൗല എന്നതിന്റെ നേര്‍ ഭാഷാന്തരമാണ് സ്റ്റേറ്റ് എന്നത്. അവര്‍ പറയുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കാന്‍ കൊള്ളാത്തവയാണ്. അവരുടെ ഹൃദയങ്ങള്‍ ഹഖില്‍നിന്നു ശൂന്യമായിരിക്കെ അവര്‍ ഹഖിലേക്കു ക്ഷണിക്കും. അവര്‍ക്കു നിങ്ങള്‍ മറുപടി നല്‍കുന്ന പക്ഷം നിങ്ങള്‍ നരകത്തിന്റെ വക്താക്കളാകുമെന്ന് ഹദീസ് മുന്നറിയിപ്പ് നല്‍കുന്നു. ഹുദൈവ (റ) പ്രവാചകരോട് തിരക്കി; അന്ന് എ്താണ് ചെയ്യേണ്ടത് പ്രവാചകരേ? മു്‌സ്‌ലിം സമുദായത്തിലെ ഇമാമിനെ അനുസരിക്കുക. ഇമാമില്ലാത്ത പക്ഷം അത്തരം ദൗലകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക. അന്ന് ഖിലാഫത്ത് സ്ഥാപിക്കല്‍ ഫര്‍ള് കിഫയാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടില്ല. പത്രമാധ്യമങ്ങള്‍ അവരെ വിശേഷിപ്പിക്കുന്നത് സുന്നികള്‍ എന്നാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ സുന്നികളല്ല. പിശാചിന്റെ പാത സ്വീകരിച്ച ഖവാരിജുകളാണ്.
പദീസില്‍ തുടര്‍ന്നു പറയുന്നു: അവസാന കാലത്ത് നടക്കാന്‍ പോകുന്ന മുഴുവന്‍ സംഭവങ്ങളെക്കുറിച്ചും പ്രവാചകന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില നേതാക്കള്‍ സ്വീകരിക്കുന്ന പേരുവരെ പ്രവാചകന്‍ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ, അതെല്ലാം ഞങ്ങള്‍ മറന്നുപോയി. അവരുടെ നാമങ്ങള്‍ കുനിയത്ത് (ഓമനപ്പേര്) ആയിരിക്കും. അവരുടെ സ്ഥലങ്ങളിലേക്കു ചേര്‍ത്താണ് അവര്‍ അറിയപ്പെടുക. ബഗ്ദാദി, അമ്പരി, മുസ്‌രി എന്നിങ്ങനെയാണ് അവര്‍ പേര് സ്വീകരിച്ചിട്ടുള്ളത്. അവര്‍ക്ക് സ്ത്രീകളെപ്പോലെ നീണ്ട മുടിയുണ്ടായിരിക്കും.
ഹദീസ് ഗ്രന്ഥങ്ങളില്‍ വേറെയും ധാരാളം പരാമര്‍ശങ്ങള്‍ ഉണ്ട്. ദീര്‍ഘ കാലത്തെ എന്റെ പഠനത്തിന്റെ വെളിച്ചത്തില്‍ എനിക്ക് മനസ്സിലായത് പ്രവാചകന്‍ പ്രബോധനം ചെയ്ത മതം ഐ.എസ് ഇന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിനെക്കാള്‍ വളരെ അകലെയാണ് എന്നാണ്. സംശയാസ്പദമായ നിലപാടുകളില്‍ നാം പെട്ടുപോയിട്ടുണ്ടെങ്കില്‍ നിഷ്പക്ഷമായി ഇസ്‌ലാമിനെ പഠിക്കാന്‍ നാം തയ്യാറാവണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ നിഷ്ഠുരം വധിക്കപ്പെടുന്നതിനു പകരമായാണ് ഐ.എസ് സിറിയയില്‍ കൊല നടത്തുന്നതെന്ന് ഒരിക്കലും നമുക്ക് പറയാന്‍ കഴിയില്ല. കാരണം, നമ്മുടെ നായകന്‍ പഠിപ്പിച്ചത് ഫിത്‌നയെ ഫിത്‌നകൊണ്ട് തടുക്കാനല്ല. മറിച്ച്, ഫിത്‌നയെ നിഷ്‌കാസനം ചെയ്യേണ്ടത് നന്മയുടെ വഴഇകള്‍ തുറന്നുകൊണ്ടാവണം. തിന്മയെ തിന്മ കൊണ്ടുതന്നെ എതിര്‍ക്കല്‍ നമ്മുടെ രീതിയല്ല. രക്തച്ചൊരിച്ചിലുകളും സംഘര്‍ഷങ്ങളും നന്മയായി തോന്നിപ്പിക്കുന്നത് പിശാചാണ്. അത് നാം തിരിച്ചറിയണം.
Leave A Comment