ഫാസിസം ഉന്നത കലാലയങ്ങളെ മാത്രം ഉന്നംവെക്കുന്നതിലെ രാഷ്ട്രീയം
വരാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം മതേതര ജനാധിപത്യ സ്വഭാവം നശിപ്പിച്ച് അവിടം സംഘ്പരിവാര്‍ അജന്‍ഡകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരും ആര്‍.എസ്.എസും. മികച്ച സര്‍വകലാശാലകൡലല്ലാം ഇപ്പോള്‍ നടക്കുന്നത് സംഘ്പരിവാര്‍ അജന്‍ഡകളുടെ ഘോഷയാത്രകളാണ്. ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്്‌റു യൂനിവേഴ്‌സിറ്റിയില്‍ അരങ്ങേറിയത്. ഇതൊന്നും യാദൃശ്ചിക സംഭവങ്ങളല്ലെന്ന തിരിച്ചറിവ് ഇന്ത്യന്‍ സമൂഹത്തിന് ഇല്ലാതെ പോവുകയാണെങ്കില്‍ ഗുരുതരമായ ഒരവസ്ഥയെയായിരിക്കും ഭാവിയില്‍ അഭിമുഖീകരിക്കേണ്ടിവരിക. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അസഹിഷ്ണുതയുടെ ആദ്യമുള പൊട്ടിയത്. ഉന്നതശീര്‍ഷരായ കലാകാരന്‍മാര്‍ നേതൃത്വം നല്‍കിയ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഒരു സീരിയല്‍ നടനെ അവരോധിച്ചതില്‍ നിന്നും തുടങ്ങുന്നു മതേതര ജനാധിപത്യ മൂല്യങ്ങളുടെ ധ്വംസനം. ചെയര്‍മാന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഇന്നും സമരരംഗത്താണ്. സമരം കണ്ടില്ലെന്ന് നടിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതാകട്ടെ ആര്‍.എസ്.എസ് നയം നടപ്പിലാക്കുന്നതിന്റെ ഭാഗവും. തൊട്ടുപിന്നാലെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് എത്തിച്ചു. അവിടെയും പ്രതിഷേധാഗ്നി അടങ്ങിയിട്ടില്ല. അലിഗഡ് സര്‍വകലാശാലയുടെയും ജാമിഅ മില്ലിയ്യ സര്‍വകലാശാലയുടെയും ന്യൂനപക്ഷ പദവി എടുത്തുമാറ്റാനുള്ള തകൃതിയായ ശ്രമവും അണിയറയില്‍ തുടങ്ങിയിരിക്കുന്നു. അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലേക്കും സംഘ്പരിവാര്‍ ഇപ്പോള്‍ കരങ്ങള്‍ നീണ്ടുചെന്നത് ബോധപൂര്‍വം തന്നെയാണ്. ജനാധിപത്യ മൂല്യം ഉള്‍ക്കൊണ്ട് എന്തിനെയും വിമര്‍ശിക്കുന്ന ഒരു സര്‍ഗാത്മക പാരമ്പര്യമാണ് ജെ.എന്‍.യുവിന്റേത്. സംഘ്പരിവാര്‍ അത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ക്യാംപസില്‍ ഇടതുപക്ഷ വിദ്യാര്‍ഥി യൂനിയന്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പാകിസ്താന് സിന്ദാബാദ് വിളിച്ചെന്നാക്ഷേപിച്ച് എ.ബി.വി.പി വിദ്യാര്‍ഥികള്‍ അലങ്കോലപ്പെടുത്തുകയായിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തി കോളജ് യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രോഹിത് വെമുലയുടെ മരണത്തിന്റെ തുടക്കം യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗമായിരുന്നു. തുടര്‍ന്നാണ് രോഹിത് വെമുല രാജ്യദ്രോഹിയായിത്തീര്‍ന്നതും അദ്ദേഹത്തിനെതിരേ പീഡനമുറകള്‍ തുടങ്ങിയതും. തനിയാവര്‍ത്തനമാണിപ്പോള്‍ ഡല്‍ഹി ജെ.എന്‍.യുവിലും. അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷിക അനുസ്മരണ ചടങ്ങിന് നേതൃത്വം നല്‍കിയ യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാറും രാജ്യദ്രോഹിയായി മാറിയിരിക്കുന്നു. ആരെയും തരംപോലെ രാജ്യദ്രോഹിയായി ചാപ്പകുത്തി ജയിലിലടക്കാനുള്ള നിഗൂഢ അജന്‍ഡയാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ തുറന്ന് എതിര്‍ക്കുന്നവരെല്ലാം ദേശദ്രോഹികളായി മാറ്റിനിര്‍ത്തപ്പെടുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ ഇതിന് വേണ്ട പ്രചാരണവും നല്‍കുന്നു. അഫ്‌സല്‍ ഗുരുവിന്റെയും യാക്കൂബ് മേമന്റെയും വധശിക്ഷ നടപ്പിലാക്കിയ രീതിയെ പ്രഗത്്ഭരായ വ്യക്തികളും അഭിഭാഷകരും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സുപ്രിംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു, അരുന്ധതി റോയ് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. എ.ബി.വി.പി നടത്തിയ ഗൂഡാലോചനയാണ് ജെ.എന്‍.യുവില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ അടിസ്ഥാനം. അനുസ്മരണ പരിപാടിയില്‍ നുഴഞ്ഞുകയറി എ.ബി.വി.പി പ്രവര്‍ത്തകര്‍ പാകിസ്താന് സിന്ദാബാദ് വിളിക്കുന്നതിന്റെ ദൃശ്യം ഇതിനകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാര്‍ ജെ.എന്‍.യു സംഭവത്തിന് പുതിയ ഭാവം രചിച്ചിരിക്കുകയാണ്. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ത്വയ്ബയുടെ പിന്തുണയോടെയാണ് വിദ്യാര്‍ഥി യൂനിയന്‍ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം സംഘടിപ്പിതെന്നാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ തെളിവ് ഹാജരാക്കാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചിരിക്കുകയാണ്. ദേശീയ സുരക്ഷ എന്ന ആവര്‍ത്തനത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി വേണം ഇതിനെയൊക്കെ കാണാന്‍. അത് ഫാസിസത്തിന്റെ ഒരു നയവുമാണ്. ഹാഫിസ് സഈദിന്റേതെന്ന് പറയപ്പെടുന്ന ട്വിറ്റര്‍ സന്ദേശത്തെ അധികരിച്ചാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. എന്നാല്‍ ഈ ട്വിറ്റര്‍ വ്യാജമാണെന്നും ഇതിനകം തന്നെ തെളിഞ്ഞിട്ടുമുണ്ട്. ജനരോഷത്തെ പ്രതിരോധിക്കാന്‍ വേണ്ടി മാത്രമാണ് ജെ.എന്‍.യുവിനെ തീവ്രവാദ കേന്ദ്രമാക്കി ചിത്രീകരിക്കുന്നത്. ഫാസിസത്തിന്റെ നയങ്ങളെയും തീരുമാനങ്ങളെയും തുറന്നെതിര്‍ക്കുന്നവര്‍ക്കെതിരേ പ്രയോഗിക്കാനുള്ളതല്ല രാജ്യസുരക്ഷാ നിയമം. സംവാദങ്ങള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും വേദിയൊരുക്കുന്നവരെ വേട്ടയാടാനാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ഉപയോഗിക്കുന്നത്. പഞ്ചാബിലെ സൈനിക ആസ്ഥാനത്ത് നുഴഞ്ഞുകയറിയവരെ കണ്ടെത്താന്‍ കഴിയാത്ത ആഭ്യന്തരവകുപ്പാണ് ജെ.എന്‍.യുവില്‍ രാജ്യദ്രോഹികളെ തെരയുന്നത്. ദേശീയതയും രാജ്യസുരക്ഷയും രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിറ്റഴിക്കാനുള്ള വില്‍പനച്ചരക്കാവരുത്. ദേശീയത എന്നത് ഹിന്ദുത്വമല്ല. ഹിന്ദുത്വത്തെ എതിര്‍ക്കുന്നവരെ ദേശീയ ദ്രോഹികളായി മുദ്രകുത്തുന്നതിനെ കരുതലോടെ കാണണമെന്നും ഇന്ത്യ ഫാസിസ്റ്റുകളുടെ കയ്യില്‍ അകപ്പെട്ടിരിക്കുകയാണെന്ന സന്ദേശവുമാണ് ജെ.എന്‍.യു സംഭവം വിളിച്ചുപറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter