സത്യത്തില്‍, ബാബരി നമുക്കൊരു തിരിച്ചറിവായിരുന്നു
മതേതരത്വത്തിന്റേയും മത മൈത്രിയുടെയും മതസൗഹാര്‍ദത്തിന്റേയും കളി തൊട്ടിലെന്ന് അവകാശപ്പെടുന്ന ഇന്ത്യാ മാഹാരാജ്യത്തിന്റെ അഭിമാനത്തെ പിച്ചിചീന്തിയ നടുക്കുന്ന ഓര്‍മകളുണര്‍ത്തി വീണ്ടും ഒരു ഡിസംബര്‍ ആറ് നമുക്ക് മുന്നിലെത്തി. മുസ‍്‍ലിമിന്റെ മാനസാന്തരങ്ങളില്‍ വേദനകളുടെയും കണ്ണീരിന്റെയും രാക്കഥകള്‍ സമ്മാനിച്ച ബാബരിയുടെ സ്‌മരണകള്‍ വീണ്ടും നമ്മെ പിടിച്ചുലക്കുമ്പോള്‍ ബാബരിയാനന്തരം നമ്മുടെ സമൂഹത്തിനിടയില്‍ സംഭവിച്ച ചില മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണിവിടെ.
1498 ല്‍ വാസ്‌ഗോഡ ഗാമ കപ്പലിറങ്ങിയത് മുതല്‍ 1947 ആഗസ്റ്റ് 14 അര്‍ധ രാത്രി യൂനിയന്‍ ജാക്കിന് പകരം ഇന്ത്യയുടെ ത്രിവര്‍ണ പതാക വാനിലുയരുന്നത് വരെ നീണ്ട സ്വാതന്ത്ര സമര പോരാട്ടത്തില്‍ നിന്ന് മോചിതരായി സ്വാതന്ത്രത്തിന്റെ ആശ്വാസവായു ശ്വസിക്കാന്‍ തുടങ്ങിയ ഭാരതീയ ജനതയുടെ ഹൃദയാന്തരങ്ങളില്‍ ഒരിക്കലും ഭേദമാവാത്ത നീറുന്ന നോവായി അവശേഷിക്കുന്ന രണ്ട് മഹാ ദുരന്തങ്ങളാണ് ഇന്ത്യാ വിഭജനവും ബാബരി ധ്വംസനവും. ഇത് രണ്ടും മറ്റേതൊരു സമുദായത്തെക്കാളും കൂടുതല്‍ ബാധിച്ചത് ഇന്ത്യയിലെ മുസ്‌ലിംകളെയായിരുന്നു.എന്നാല്‍ ഇന്ത്യാ വിഭജനത്തിന് വേദനയുടെയും കണ്ണീരിന്റെയും കഥകള്‍ മാത്രമാണ് പറയാനുള്ളതെങ്കില്‍ ബാബരി മസ്‌ജിദ് തകര്‍ച്ചക്ക് ശേഷം മുസ്‌ലിം സമൂഹത്തില്‍ പോസിറ്റീവായ ചില കാര്യങ്ങള്‍ കൂടി സംഭവിച്ചു എന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്രദിനത്തിന്റെ സര്‍വ ആഘോഷങ്ങളെയും തകര്‍ത്തെറിഞ്ഞ് കൊണ്ടാണ് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഇന്ത്യാ-പാക് വിഭജനം അരങ്ങേറിയത്. സൗഹൃദത്തിന്റെ മാലയില്‍ ഒരു പോലെ ബന്ധിക്കപെട്ടിരുന്ന മുസ്‌ലിമും ഹിന്ദുവും വര്‍ഗീയ സംഘട്ടനങ്ങള്‍ നടത്തി പരസ്‌പരം കൊലവിളി നടത്തി തെരുവോരങ്ങളെ ചെഞ്ചോരകൊണ്ട് ചെഞ്ചായമണിയിച്ച വിഭജനത്തെക്കേള്‍ മാരകമായ മുറിവുകളൊന്നും അതിന് ശേഷം ഭാരതാംബക്ക് സംഭവിച്ചിട്ടില്ല. എന്നാല്‍ വിഭജനത്തിന് ശേഷം മുസ്‌ലിം സമൂഹം കൂടുതല്‍ ബലഹീനരാകുന്ന ദയനീയ കാഴ്‌ചക്കാണ് ഇന്ത്യ വേദിയായത്. പാക്കിസ്‌താന്‍ എന്ന പുതിയ സ്വര്‍ഗ രാജ്യം അതും ഇന്ത്യാ രാജ്യത്ത് അവകാശങ്ങള്‍ ഹനിക്കപെടുന്ന ഒരു സമുദായത്തിന് മുന്നില്‍ തുറക്കപെട്ടപ്പോള്‍ കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് പണമുള്ളവരെല്ലാം പാക്കിസ്ഥാനിലേക്ക് പലായനം ചെയ്‌തു.അത്രം കാലം മുസ്‌ലിം സമൂഹത്തിന് രക്ഷാകവചം വിരിച്ചിരുന്ന രാഷ്‌ട്രീയ നേതാക്കളും മുസ്‌ലിം സമ്പന്നരുമെല്ലാം പാക്കിസ്‌താനിലേക്ക് പലായനം ചെയതതോടെ പിന്നെ ഇന്ത്യയില്‍ അവശേഷിച്ചത് ദരിദ്ര നാരായണന്മാരായ മുസ്‌ലിംകളായിരുന്നു. വിദ്യാഭ്യാസപരവും സാമുഹികപരവും രാഷ്‌ട്രീയപരവുമായ മേഖലകളില്‍ ദേശീയ തലത്തില്‍ അവരെ വഴി നടത്താന്‍ അതിന് പ്രാപ്‌തനായ ഒരു വഴികാട്ടി ഇല്ലാത്ത അവസ്ഥയായിരുന്നു അന്ന് മുസ്‌ലിം സമൂഹത്തിന്. അത് കൊണ്ട് തന്നെ വിഭജനാനന്തരം മുസ്‌ലിം സമൂഹത്തിന് മുഖ്യധാരയില്‍ നിന്ന് പലപ്പോഴും അകന്ന് നില്‍കേണ്ടി വന്നു. പിന്നെ ഭരണഘടന നല്‍കുന്ന അല്ലറ ചില്ലറ സംവരണങ്ങളുടെ വിരലില്‍ തൂങ്ങി ജീവിതം കരുപിടിപ്പിക്കേണ്ട ദയനീയമായ ഒരു ദുരന്തത്തിലേക്കായിരുന്നു മുസ്‌ലിം സമൂഹം ചെന്നെത്തിയത്. മുസ്‌ലിം സമൂഹത്തിലെ സമ്പന്നെരല്ലാം നാടു നീങ്ങിയപ്പോള്‍ സാമ്പത്തികമായ വന്‍ തകര്‍ച്ചയായിരുന്നു മുസ്‌ലിംകള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. ദളിതരെക്കാള്‍ അധ:സ്ഥിത വിഭാഗമായിട്ട് മുസ്‌ലിം സമൂഹം പരിണമിക്കാന്‍ അത് കാരണമായിത്തീര്‍ന്നു. വിദ്യാഭ്യാസപരമായി ഉന്നതിയിലെത്താന്‍ പണം അത്യന്താപേക്ഷിതമാണെന്ന നിലക്ക് ഉന്നത വിദ്യഭ്യാസത്തിന്റെ വാതിലുകള്‍ അതോടെ അവര്‍ക്ക് മുന്നില്‍ ഒന്നൊന്നായി കൊട്ടിയടക്കപെട്ടു.ചുരുക്കത്തില്‍ ഇന്ത്യാ വിഭജനത്തിന് നഷ്‌ടങ്ങളുടെയും കണ്ണീരിന്റെയും കഥകള്‍ മാത്രമാണ് പറയാനുള്ളത്. എന്നാല്‍ ബാബരിയാനന്തരം കാര്യങ്ങള്‍ സംഭവിച്ചത് മറ്റൊരു രീതിയലായിരുന്നു. പരസ്‌പരം ചിന്നിച്ചിതറി കിടന്നിരുന്ന മുസ്‌ലിം സമൂഹത്തിന് മുന്നില്‍ ബാബരി ധ്വംസനം ഐക്യത്തിന്റെ പുത്തന്‍ വാതിലുകള്‍ തുറന്നിടുകയായിരുന്നു. ബാബരി ധ്വംസനത്തിന് ശേഷം മുസ്‌ലിംകള്‍ കൂടുതല്‍ ഭിന്നിക്കുകയല്ലേ ചെയ്‌തത് എന്ന് ചിലപ്പോള്‍ നിങ്ങള്‍ സംശയിച്ചേക്കാം ഒരര്‍ത്ഥത്തില്‍ അത് ശരി തന്നെയാണ് എന്നാല്‍ വിദ്യഭ്യാസപരമായി പുരോഗതി നേടുകയും സാമ്പത്തിക മേഖലയില്‍ ഉന്നതി കൈവരിക്കുകയും ചെയ്‌ത വരേണ്യ മുസ്‌ലിം വിഭാഗത്തെ അധഃസ്ഥിത വിഭാഗത്തോടടുപ്പിച്ചത് തീര്‍ച്ചയായും ബാബരിയാനന്തര സംഭവ വികാസങ്ങളായിരുന്നു. ഇന്ത്യന്‍ ഭരണഘടനയെ തന്നെ പരസ്യമായി വെല്ലുവിളിക്കുന്ന രീതിയില്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയും ``ഞാനൊരു രാഷ്‌ട്രീയക്കാരനാണ് എത്രയോ നിയമങ്ങള്‍ ഞാന്‍ ലംഘിച്ചിട്ടുണ്ട്,ഇനിയും നിയമങ്ങള്‍ ലംഘിക്കുമെന്ന് ''പരസ്യമായി പ്രഖ്യാപിച്ച എല്‍.കെ അദ്വാനിയും `പോലീസ് ഹമാരേ സാഥ് ഹേ' എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് ഉത്തര്‍ പ്രദേശില്‍ അഴിഞ്ഞാടിയ കര്‍സേവകരും ഇന്ത്യാ രാജ്യത്ത് നിയമത്തിന് പുല്ലുവില പോലും കല്‍പിക്കാതെ ജീവിക്കുമ്പോള്‍ അതിനെ പൂര്‍ണമായും അനുകൂലിക്കുന്ന നിലപാടുകളായിരുന്നു പോലീസടക്കമുളള നിയമപാലകര്‍ സ്വീകരിച്ചത്.തങ്ങളുടെ മതത്തിനോ ആരാധനാലങ്ങയങ്ങള്‍ക്കോ ` നാനാത്വത്തില്‍ ഏകത്വമെന്ന സുന്ദര സുമോഹന മുദ്രാവാക്യമുയര്‍ത്തുന്ന രാജ്യത്ത് സുരക്ഷയില്ലെന്ന് മനസ്സിലാക്കിയ അവര്‍ ഇനി ഒന്നിക്കുക മാത്രമാണ് തങ്ങളുടെ മോചനത്തിലുള്ള ഏക പോംവഴി എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നു വന്നു. ബാബരി ധ്വംസനത്തിന് മുമ്പ് സമ്പന്നരും പാവപെട്ടവരും ഒരേ സമുദായത്തില്‍ പെട്ടവരായിട്ട് കൂടി വിഭിന്ന ചേരിയിലായിരുന്നു ജീവിച്ചിരുന്നത്. നിന്നെ കണ്ടാല്‍ ഒരു മുസ്‌ലമാണെന്ന് തോന്നുകയേ ഇല്ല എന്ന അന്യ വിഭാഗങ്ങളുടെ പരാമര്‍ശങ്ങളെ പ്രശംസാ വചനങ്ങളായിട്ടായിരുന്നു അന്ന് അഭ്യസ്‌ത വിദ്യര്‍ കണ്ടിരുന്നത് കാരണം അത്രക്ക് മോശപെട്ട ഒരവസ്‌ഥയിലായിരുന്നു അന്ന് മുസ്‌ലിം സമുദായം. എന്നാല്‍ ബാബരിയാന്തരം മുസ്‌ലിം ജീവിതത്തില്‍ സമൂല മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. സമ്പന്ന വിഭാഗത്തില്‍ പെട്ടവര്‍ സമുദായത്തിലുള്ളവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ പണമിറക്കാന്‍ തുടങ്ങിയതോടെ തകര്‍ന്നടിഞ്ഞ് കിടന്നിരുന്ന മുസ്‌ലിം സാമുഹികാന്തരീക്ഷം പതുക്കെ പതുക്കെ പുരോഗതിയിലേക്ക് ഒളികണ്ണിട്ടു നോക്കാന്‍ തുടങ്ങി. പാവപെട്ടവരെ പഠിപ്പിക്കാന്‍ സമ്പന്ന വിഭാഗത്തില്‍ പെട്ട പലരും തയ്യാറായി. ബാബരി ധ്വംസനമടക്കം മുസ്‌ലിംകള്‍ക്കേറ്റ സകല ആഘാതങ്ങള്‍ക്കും കാരണം ഉദ്യോഗസ്ഥ മേഖലകളില്‍ മുസ്‌ലിം പ്രാതിനിത്യം ഇല്ലാത്തതാണെന്ന തിരിച്ചറിവ് മുസ്‌ലിം വിദ്യഭ്യാസത്തിന്റെ കുതിച്ച് ചാട്ടത്തിന് കാരണമായി.അതോടെ അരികുവത്കരണത്തിന് മാത്രം വിധേയമായിരുന്ന ഒരു വിഭാഗം മുഖ്യധാരയിലേക്ക് കൂടുതല്‍ കരുത്തോടെ കടന്നു വരാന്‍ തുടങ്ങി. അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥ യാത്രയും നാടും നഗരവും തകര്‍ത്തെറിഞ്ഞ് നടമാടിയ വര്‍ഗീയ കലാപങ്ങളും മുസ്‌ലിം സമൂഹത്തിന്റെ മേല്‍ ഭീതിയുടെ കരിനിഴല്‍ വീഴ്‌ത്തിയപ്പോള്‍ സമാധാനവും ശാന്തിയുമെല്ലാം അവരുടെ സ്വപ്‌നങ്ങളില്‍ മാത്രം നിറയുന്ന സുന്ദര കാഴ്‌ചകള്‍ മാത്രമായി അവശേഷിച്ചു. മുസ്‌ലിമാണെന്ന് സൂചിപ്പിക്കുന്ന പേരുകള്‍ പോലും പലപ്പോഴും അക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കാരണമായിത്തീര്‍ന്നു. കലാപങ്ങളും അക്രമങ്ങളുമുണ്ടായാല്‍ പണ്ഡിതനെന്നോ പാമരനെന്നോ പണക്കാരെനെന്നോ ദരിദ്രനെന്നോ വിത്യാസമില്ലാതെ മുസ്‌ലിം സമൂഹം പീഡിപ്പിക്കപെടാന്‍ തുടങ്ങി.പലപ്പോഴും അബ്ബ,അല്ല തുടങ്ങിയ പദങ്ങളുച്ചരിച്ച് പോയി എന്നത് മാത്രമായിരുന്നു പരശ്ശതം പിഞ്ചുകുഞ്ഞുങ്ങളുടെ ക്രൂരമായ കൊലപാതങ്ങള്‍ക്ക് കാരണമായി വര്‍ത്തിച്ചത്. അഭിപ്രായ സ്വാതന്ത്രത്തിനും ഭരണഘടന പ്രദാനം ചെയ്യുന്ന വിശ്യാസ സ്വാതന്ത്രത്തിനും കൂച്ചുവിലങ്ങിടപെട്ട ഒരു സാഹചര്യത്തിലും അവര്‍ക്ക് രക്ഷാകവചം തീര്‍ക്കാന്‍ തങ്ങള്‍ വിയര്‍പ്പൊഴുക്കി പ്രചരണം നടത്തിയിരുന്ന രാഷ്‌ട്രീയ നേതാക്കള്‍ പോലും അവര്‍ക്ക് കൂട്ടിനുണ്ടായിരുന്നില്ല എന്നതാണ് സത്യം. തങ്ങള്‍ ഇത്രകാലം കെട്ടിപടുത്തിയ പ്രതീക്ഷാകൊട്ടാരങ്ങളും സ്വപ്‌ന കോട്ടകളും ഒന്നൊന്നായി തകര്‍ന്നടിഞ്ഞപ്പോള്‍ മുസ്‌ലിം സമുദായം പുതിയ രാഷ്‌ട്രീയ നേതാക്കളെ അന്യേഷിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസിനെ കൊണ്ടും വര്‍ഗീയ വാദികളായ ബി.ജെ.പിയെ കൊണ്ടും മുസ്‌ലിം സമുദായത്തിന് യാതൊരു ഉപകാരവുമില്ലെന്ന് തിരിച്ചറിഞ്ഞ അവര്‍ക്ക് മുന്നില്‍ പിന്നെ രാഷ്‌ട്രീയ മേഖലയില്‍ വഴി തെളിക്കാനുണ്ടായിരുന്നത് മുലായം സിംഗ് യാദവിനെയും ലാലുപ്രസാദ് യാദവിനെയും രാമറാവുവിനെയും പോലുള്ള നേതാക്കളായിരുന്നു. ഇന്ത്യാ വിഭജനത്തിന് ശേഷം രാഷ്‌ട്രീയ രംഗത്ത് സജീവമല്ലാതിരുന്ന മുസ്‌ലിം സമുദായത്തിന് ബാബരിയാനന്തരം രാഷ്‌ട്രീയ മേഖലയില്‍ മൂല്യം വര്‍ധിച്ചു. മുസ്‌ലിം വോട്ടിന് വേണ്ടി അതിന് ശേഷം രാഷ്‌ട്രീയ പാര്‍ട്ടികള്‍ വല വിരിക്കാന്‍ തുടങ്ങി. മുസ്‌ലിം സമൂഹത്തിന്റെ ദയനീയാവസ്ഥ പഠിക്കാനും അതിന് പരിഹാരം കാണാനും സച്ചാര്‍ കമ്മീഷനെയും രംഗനാഥ മിശ്ര കമ്മീഷനെയും പോലുള്ള സമിതികളെ നിയോഗിക്കാന്‍ വ്യത്യസ്‌ത സര്‍ക്കാറുകള്‍ നിര്‍ബന്ധിതരായതും ബാബരിധ്വംസനത്തിന് ശേഷം മുസ്‌ലിം സമൂഹം രാഷ്‌ട്രീയപരമായി സജീവമായത് കൊണ്ടായിരുന്നു.സ്വാതന്ത്രത്തിന് മുമ്പ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം ലീഗ് വിഭജനത്തിന് ശേഷം മലബാറിന്റേയോ ദക്ഷിണേന്ത്യയുടെയോ ഇട്ടാവട്ടങ്ങളിലൊതുങ്ങി കൂടിയപ്പോയും മുസ്‌ലിം സമൂഹത്തെ അല്‍പമെങ്കിലും പരിഗണിക്കാന്‍ രാഷ്‌ട്രീയ പാര്‌ട്ടികള്‍ തയ്യാറായത് നമ്മുടെ ഈ ഉണര്‍ച്ച കണ്ടത് കൊണ്ട് മാത്രമായിരുന്നു. ചുരുക്കത്തില്‍ ബാബരി ധ്വംസനം നമ്മുടെ ഹൃദയാന്തരങ്ങളില്‍ ഒരിക്കലും മാറാത്ത നീറുന്ന നോവായി അവശേഷിക്കുമ്പോഴും അത് കൊണ്ട് വന്ന ചില ഉപകാരങ്ങളെ നമുക്കൊരിക്കലും വിസ്‌മരിക്കാന്‍ സാധ്യമല്ല.അസ്തിത്വം നഷ്‌ടപെട്ട മുസ്‌ലിം സമൂഹത്തിനിടയില്‍ വിപ്ലവാത്‌മക ചലനങ്ങള്‍ സൃഷ്‌ടിക്കാനും ഒരിക്കലും ഐക്യപെടാന്‍ സാധ്യതതയില്ലായിരുന്ന സമ്പന്ന വിഭാഗത്തെയും പാവപെട്ടവരെയും പരസ്‌പരം ഒന്നിപ്പിക്കാനും ബാബരി തകര്‍ച്ചക്ക് സാധിച്ചിരുന്നു. ന്യൂനപക്ഷാവാകാശങ്ങള്‍ നേടിയെടുക്കാന്‍ പരസ്‌പരം ശബ്‌ദിക്കുന്നതിനോടപ്പം ഓരോ ഡിസംബര്‍ 6നും പരസ്‌പര ഐക്യത്തിന്റെ പാതകള്‍ വെട്ടിത്തെളിക്കാനുള്ള പുതിയ മാര്‍ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും അതിലൂടെ കൂടുതല്‍ കരുത്ത് നേടാനും നമുക്ക് സാധിക്കണം.
-മുഹ്‌സിനുല്‍ ഖര്‍നി നീരുട്ടിക്കല്‍
Leave A Comment