രാഷ്ട്രീയം കയ്യിട്ടുവാരലല്ല; തുറന്ന സേവനമാണ്
hhhഅഴിമതിയും സ്വജനപക്ഷപാതവും ചൂഷണ മനോഭാവവും മുഖമുദ്രയാക്കിയ രാഷ്ട്രീയ നേതാക്കള്‍ നമ്മുടെ മാതൃരാജ്യത്തെ ന്യൂനപക്ഷത്തിന്റെ നരകമാക്കി മാറ്റിയിരിക്കുന്നു. ഇന്ത്യാമഹാരാജ്യത്തിന്റെ ക്രാന്തദര്‍ശികളായ മുന്‍നേതൃസമൂഹം സ്വപ്നം കണ്ടതില്‍ നിന്നേറെ അകന്ന് ചീഞ്ഞുനാറുന്ന പ്രവര്‍ത്തനമേഖലയായി രാഷ്ട്രീയം അധഃപതിച്ചിരിക്കുന്നു. പൊതുസമൂഹം നാശത്തിലേക്കെടുത്തെറിയപ്പെടുമ്പോള്‍ രക്ഷയുടെ വാതായനങ്ങള്‍ തുറന്ന് അവരെ ആനയിക്കേണ്ട ബാധ്യത മുസ്‌ലിമിനുണ്ട്. ഇസ്‌ലാം എന്നത് ഒരു കേവല പ്രത്യയശാസ്ത്രത്തിന്റെ നാമധേയമല്ല. മറിച്ച് മനുഷ്യ ജീവിതത്തിന്റെ സകലമാന തുറകളെയും അത്ഭുതകരമാംവിധം ഉള്‍ക്കൊള്ളിച്ച വിശാല ജീവിതശാസ്ത്രമാണത്. അതില്‍ മതവും രാഷ്ട്രീയവും തമ്മില്‍ ചേരിതിരിവുകളില്ല. രാഷ്ട്രീയത്തിന്റെ പോരായ്മകള്‍ മാത്രം പറഞ്ഞ് മുസ്‌ലിമിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍നിന്ന് അന്യംനിര്‍ത്തപ്പെടേണ്ടതുമല്ല അത്. പൊതുസമൂഹം ഇടയനില്ലാത്ത ആട്ടിന്‍പറ്റം കണക്കെ വേലിചാടി വിഷപ്പുല്‍ നാമ്പുകള്‍ കടിച്ചുപറിക്കുമ്പോള്‍ അവരെ സമ്പുഷ്ടവും സുരക്ഷിതവുമായ പുല്‍മേടുകളിലേക്ക് വഴിതെളിക്കാനുള്ള നിയോഗമാണ് മുസ്‌ലിമിന്റെ ചുമലില്‍ ഭദ്രമായിട്ടുള്ളത്. 'മതം ഗുണകാംക്ഷയാണ്; അല്ലാഹുവോടും റസൂലിനോടും മുസ്‌ലിം നേതൃത്വത്തോടും പൊതുസമൂഹത്തോടും'.(ഹദീസ്) ആത്മീയ ലോകത്തോട് രാഷ്ട്രീയത്തെ ഇത്രത്തോളം താദാത്മ്യംവരുത്തിയ മറ്റൊരു മതകീയ പ്രസ്ഥാനം ഇസ്‌ലാമല്ലാതെയില്ല. അന്ത്യപ്രവാചകര്‍(സ്വ) ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ ആത്മീയാചാര്യനും വിശ്വം ജയിച്ച അതിശക്തനായ രാഷ്ട്രീയ നായകനുമായിരുന്നു. ഒന്നാം ഖലീഫയായ ഇമാം അബൂബക്ര്‍(റ) ആവട്ടെ സ്വര്‍ഗസ്ഥനായ ഇസ്‌ലാമിക മതാചാര്യനും ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ഒന്നാമത്തെ പരമാധികാരിയായ രാഷ്ട്രീയ നേതാവുമായിരുന്നു. അറ്റ്‌ലാന്റിക് സമുദ്രതീരം മുതല്‍ ഹിമാലയത്താഴ്‌വാരം വരെ പരന്നുകിടക്കുന്ന അതിവിശാല സാമ്രാജ്യത്തിന്റെ അധിപനായ ഉമറി(റ)നെ കുറിച്ച് റസൂല്‍(സ്വ) പറഞ്ഞത് 'എനിക്കു ശേഷം ഇല്ലാതെ പോയ പ്രവാചകന്‍' എന്നാണ്. കടലിലും കരയിലും ഇസ്‌ലാമിക വിജയത്തിന്റെ ആവേശം വിതറിയ ഇമാം ഉസ്മാനെ(റ) കുറിച്ച് റസൂല്‍ (സ്വ) പറഞ്ഞത് സ്വര്‍ഗത്തിലെ എന്റെ കൂട്ടുകാരന്‍ എന്നാണ്. ധീരതയുടെ ധിഷണ ശബ്ദവും ധിഷണതയുടെ ധീര ശബ്ദവുമായിരുന്ന നാലാം ഖലീഫ ഇമാം അലി(റ) ഇസ്‌ലാമിക ലോകത്തിന്റെ എക്കാലത്തെയും അത്യുന്നതനായ ആത്മീയ നേതൃത്വമാണ്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയെന്ന് ചരിത്രം അവിതര്‍ക്കിതമായി പ്രഖ്യാപിച്ച ഇമാം ഉമര്‍ബ്ന്‍ അബ്ദില്‍ അസീസ്(റ) കേവലം ഒരു മതപണ്ഡിതന്‍ മാത്രമായിരുന്നില്ല. പ്രത്യുത, ഉമവീ ഖിലാഫത്തിന്റെ ശക്തനായ ഭരണാധികാരി കൂടിയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഉമവീ ഭരണത്തില്‍ അദ്ദേഹം നേതൃത്വം നല്‍കിയ രാഷ്ട്രീയ നവോത്ഥാനങ്ങളാണ് ചരിത്രത്തില്‍ ഇത്രത്തോളം മഹോന്നതമായ സ്ഥാനലബ്ധിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയത്. ആത്മീയ രംഗം പൂത്തു പുഷ്‌കലമാകുകയും ലോകം കണ്ട അതുല്യരായ ആത്മീയാചാര്യര്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്ത, ഏറ്റവും പവിത്രമായ ഒന്നാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ ചരിത്ര പ്രതിഷ്ഠ എന്നത് അത്യധികം ശ്രദ്ധേയവുമാണ്. തൊഴിലിന് അര്‍ഹമായ പ്രതിഫലം നല്‍കാത്തതിന് ധിക്കാരിയായ അബൂജഹ്‌ലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ പ്രയോക്താവായ മുഹമ്മദ് നബി(സ്വ)യാണ് മുസ്‌ലിമിന്റെ രാഷ്ട്രീയ ഗുരു. ഈന്തപ്പനകള്‍ പോലും അകാരണമായി വെട്ടിനശിപ്പിക്കരുതെന്ന് തന്റെ ബെറ്റാലിയന് നിര്‍ദേശം നല്‍കിയ അബൂബക്ര്‍(റ)ന്റേതാണ് മുസ്‌ലിമിന്റെ രാഷ്ട്രീയം. അങ്ങകലെ കാതങ്ങള്‍ക്കപ്പുറത്തെ യൂഫ്രട്ടീസ് നദിക്കു കുറുകെയുള്ള പാലത്തിന്റെ പലകയിലെ വിടവ് ഒരാട്ടിന്‍കുട്ടിയുടെ കാലില്‍ പരിക്കുപറ്റാന്‍ കാരണമായാല്‍ അതിന് നാളെ ഞാന്‍ സമാധാനം പറയേണ്ടിവരുമെന്ന് ചരിത്രത്തോട് പ്രഖ്യാപിച്ച ഇമാം ഉമറി(റ)ന്റേതാണ് ഇസ്‌ലാമിക രാഷ്ട്രീയം. ''രാഷ്ട്രീയം ഞാനും ജനങ്ങളും തമ്മിലുള്ള നൂല്‍ബന്ധമാണ്; ജനങ്ങള്‍ അതിനെ മുറുക്കുമ്പോള്‍ ഞാന്‍ അയച്ചിടുന്നു, ജനങ്ങള്‍ അതിനെ അയച്ചിടുമ്പോള്‍ ഞാന്‍ അതിനെ കെട്ടിമുറുക്കുന്നു'' എന്നു പ്രഖ്യാപിച്ച മുആവിയ(റ)യാണ് ഇസ്‌ലാമിക രാഷ്ട്രതന്ത്രജ്ഞതയുടെ പ്രയോക്താവ്. നീതിപൂര്‍ണവും സമത്വസുന്ദരവുമായ ഇസ്‌ലാമിക രാഷ്ട്രീയമാണ് ചീഞ്ഞുനാറുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന് മറുമരുന്നാവേണ്ടത് എന്നു വിളിച്ചു പറഞ്ഞ് സാക്ഷാല്‍ മഹാത്മജി തന്നെയാണ്. ''ഒരു സമൂഹത്തോടുള്ള പക നീതിനിര്‍വ്വഹണത്തില്‍ നിന്ന് നിങ്ങളെ പിറകോട്ട് വലിക്കാതിരിക്കട്ടെ, നീതിയാണ് ദൈവഭയത്തിന്റെ നിദാനം'' എന്ന് ഖുര്‍ആന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter