പ്രസംഗത്തിലൂടെ മാത്രം തീരുന്നതാണോ നമ്മുടെ പ്രശ്‌നങ്ങള്‍?
speeമനുഷ്യജീവിതത്തില്‍ ആശയസംവേദനങ്ങള്‍ക്ക് അനര്‍ഗമായ സ്ഥാനമാണുള്ളത്. മനുഷ്യസംവേദനത്തിന്റെ പ്രഫുല്ലമായ മാര്‍ഗങ്ങളില്‍ പ്രഭാഷണകലയ്ക്കുള്ള സ്ഥാനം അനിഷേധ്യമാണ്. ചരിത്രഗതികളെമാറ്റിയെഴുതിയും പുനഃസൃഷ്ടിച്ചും പ്രഭാഷണകലകള്‍ ചരിത്രത്തിന്റെ ഔന്നത്യത്തില്‍തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇവയുടെ വികലവും വിചിത്രവുമായ ഉപയോഗങ്ങള്‍ ഒട്ടനവധി പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുമുണ്ട്. ഇത്തരം ഒരു വിലയിരുത്തലുകള്‍ക്ക് പ്രേരകമായത് നാം അഭിമാനപുരസ്സരം കൊട്ടിഘോഷിക്കാറുള്ള നമ്മുടെ ജനാധിപത്യ ശ്രീകോവിലില്‍ ഈയിടെയായി നടമാടിയ രസാവഹവും പരിഹാസ്യവുമായ ചിലരംഗങ്ങളാണ്. ഇന്നു കേരള നിയമസഭയിലെ സാമാജിക രംഗങ്ങള്‍ കാണുമ്പോള്‍ ഏതെങ്കിലും ഹിറ്റ് സിനിമകളുടെ റിഹേഴ്‌സലാണെന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ കുറ്റം പറയാനൊക്കില്ല. അത്രയും ബെസ്റ്റ് ആക്ടര്‍മാരായിട്ടാണ് പ്രബുദ്ധ കേരളത്തിന്റെ പ്രതിനിധികള്‍ കളംനിറഞ്ഞാടുന്നത്. വേലി തന്നെ വിളതിന്നുന്ന പ്രക്ഷുബ്ധ രംഗങ്ങള്‍ മനം കുളിര്‍ക്കെ കാണാന്‍ സൗഭാഗ്യം(?) ലഭിച്ചവരായി നാം മാറിയിരിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരെ വളരെ ബഹുമാനാദരവുകളോടെ നോക്കിക്കണ്ട ഒരു വസന്തകാലം കേരള രാഷ്ട്രീയത്തിന് അവകാശപ്പെടാനുണ്ട്. അവരുടെ പ്രസംഗങ്ങള്‍ക്കും സംസാരങ്ങള്‍ക്കും ജനം കാതോര്‍ത്ത് ആവേശഭരിതരായിട്ടുണ്ട്. ലോകക്രമത്തെ വരച്ചുകാട്ടി, വിലയിരുത്തിയും വിധിയെഴുതിയുമുള്ള രാഷ്ട്രീയ പ്രസംഗങ്ങള്‍ അയവിറക്കാന്‍ അധികമൊന്നും ചരിത്രം പറയേണ്ടതില്ല. ബാഫഖി തങ്ങളും സി.എച്ച്.മുഹമ്മദ് കോയ സാഹിബും തുടങ്ങി സമൂഹത്തില്‍ നന്മവിരിച്ച് പൊഴിഞ്ഞുപോയ അനവധി മികവുറ്റ പ്രാസംഗികന്മാരുടെ നിറസാന്നിധ്യമായിരുന്നു ഇത്രമേല്‍ പ്രശോഭിതമാക്കിയത്. പ്രഭാഷണ കലയ്ക്ക് സുന്ദരവും സുശക്തവുമായൊരു പൂര്‍വകാലം അവകാശപ്പെടാനുണ്ട്. മാനവ കുലത്തിന്റെ ഉത്ഭവകാലം മുതല്‍ പ്രഭാഷണകലയ്ക്ക് പ്രാരംഭം കുറിച്ചതായി ലിഖിത ചരിത്രങ്ങളില്‍ കണ്ടെത്താനാവുന്നു. മനുഷ്യനെ സൃഷ്ടിക്കുകയും ആത്മാക്കളുടെ സംഗമം വിളിച്ചുചേര്‍ക്കുകയും ചെയ്ത് സ്രഷ്ടാവായ അല്ലാഹു നടത്തിയ പ്രസംഗത്തെ പ്രമാണങ്ങളില്‍ അനിഷേധ്യമാം വിധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിക പ്രചാരണാര്‍ത്ഥം ഭൂമിലോകത്തേക്ക് അയച്ച അല്ലാഹുവിന്റെ പ്രവാചകന്‍മാരില്‍ അധികപേരും പ്രഭാഷണത്തെയാണ് പ്രബോധന മാര്‍ഗമായി സ്വീകരിച്ചത്. ചെറുപ്പകാലത്ത് ഒരു തീകനല്‍ വായിലിട്ടതിന്റെ ഫലമായി സംസാരത്തില്‍ വിക്ക് ഉടലെടുക്കുകയും പ്രഭാഷണം വഴിയുള്ള ആശയസംവേദനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തപ്പോള്‍ തന്റെ സുഹൃത്തായ ഹാറൂനെ ദൗത്യപൂര്‍ത്തീകരണത്തിന് സഹായിയായി നിശ്ചയിക്കാന്‍ മൂസാ നബി(അ) അല്ലാഹുവിനോട് ആവശ്യപ്പെടുകയായിരുന്നു. നല്ല പ്രാസംഗികനായിരുന്നുവെന്നതാണ് മൂസാ നബി ഹാറൂന്‍ നബിയെ തന്നെ തെരഞ്ഞെടുക്കാനുണ്ടായ പ്രധാന കാരണം. മാത്രമല്ല അധികാരത്തിന്റെ ഗര്‍വ് കൊണ്ട് അല്ലാഹുവിനെ വെല്ലുവിളിച്ച ഇസ്‌ലാമിന്റെ മുഖ്യശത്രു ഫിര്‍ഔന്റെ സന്നിധിയില്‍ ചെല്ലാന്‍ മൂസാനബിയോട് അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ മൂസാ നബി(അ) തിരിച്ചു പറഞ്ഞത് ഖുര്‍ആന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നുണ്ട്: ''നാഥാ! എനിക്ക് നീ ഹൃദയവിശാലത നല്‍കേണമേ, കാര്യങ്ങള്‍ എളുപ്പമാക്കിതരികയും നാവിന്റെ കുരുക്കിനെ അഴിച്ചു തരികയും ചെയ്യേണമേ. അപ്പോള്‍ എന്റെ വാക്കുകള്‍ അവര്‍ ശ്രദ്ധിക്കും.'' (വി.ഖുര്‍ആന്‍ 20:25-28) ഒരു പ്രാസംഗികനുണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങളെയും പ്രസംഗത്തിന്റെ ലക്ഷ്യത്തെയും ശൈലിയെയും കുറിക്കുന്ന വചനങ്ങളാണ് ഖുര്‍ആന്‍ ഇവിടെ വരച്ചുകാണിച്ചത്. ഇസ്‌ലാമിക പ്രബോധനത്തിനായി പ്രവാചകന്‍മാര്‍ അവലംബിച്ച മാര്‍ഗത്തെ അര്‍ത്ഥശങ്കയ്ക്കിടമില്ലാത്തവിധം ഖുര്‍ആനിലെ 11ാം അധ്യായം ഹുദ് സൂറത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. സൂറത്തിലെ 25 മുതല്‍ 49 വരെയുള്ള സൂക്തങ്ങളില്‍ നൂഹ് നബിയുടെ പ്രബോധന രീതിയെയും സമൂഹത്തോടുള്ള അഭിസംബോധനത്തെയും വളരെ സ്പഷ്ടമായി വിവരിക്കുന്നു. തുടര്‍ന്ന് 50 മുതല്‍ 60 വരെയുള്ള സൂക്തങ്ങളില്‍ സമൂദ് ഗോത്രത്തിലേക്കയച്ച അവരുടെ സഹോദരന്‍ സ്വാലിഹ് നബിയുടെയും 84 മുതല്‍ 95 വരെയുള്ള സൂക്തങ്ങളില്‍ മദ്‌യന്‍ ഗോത്രത്തിലേക്കയച്ച ശുഐബ് നബിയുടെയും പ്രബോധന സംവേദന രീതികളെ വളരെ സ്പഷ്ടമായി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഇവരുടെയെല്ലാം പ്രബോധന രീതി പ്രഭാഷണത്തെ അവലംബമാക്കിയായിരുന്നുവെന്ന് ഈ സൂക്തങ്ങള്‍ അടിവരയിടുന്നു. മാത്രമല്ല, ഇബ്‌റാഹീം നബിയുടെയും ഈസാ നബിയുടെയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ സുവിദിതമാണ്. മുത്ത് നബി(സ്വ)ക്ക് പ്രബോധനത്തിന്റെ പ്രഥമഘട്ടത്തില്‍, ജബല്‍ അബീഖുബൈസില്‍ കയറി പ്രസംഗം നടത്തിക്കൊണ്ടാണ് ഖുര്‍ആന്റെ ആഹ്വാനപ്രകാരം തന്റെ കുടുംബാംഗങ്ങള്‍ക്ക് ഇസ്‌ലാമിന്റെ വെള്ളിവെളിച്ചം പകര്‍ന്നത്. മനുഷ്യഹൃദയങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച നിരവധി ചരിത്ര പ്രഭാഷണങ്ങള്‍ക്ക് ലോകം സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഒരു വിജ്ഞാന സദസ്സില്‍ വച്ച് പ്രവാചകപ്രഭു വിവാഹത്തിന്റെ മഹത്വങ്ങളെ എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ സാമ്പത്തിക പരാധീനത മൂലം അവ തങ്ങള്‍ക്ക് അന്യമാവുമെന്ന് ഭയന്ന് കണ്ണീര്‍ കണങ്ങള്‍ ധാരധാരയായൊഴുക്കിയ പ്രവാചക സഹചാരികളെ ചരിത്രത്തില്‍ വായിച്ചറിഞ്ഞിട്ടുണ്ട്. പ്രവാചകര്‍ നടത്തിയ അറഫാ പ്രസംഗം ലോകപ്രസിദ്ധമാണ്. ഇവയുടെ സ്മരണയെന്നോണം വര്‍ഷാവര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് വിശ്വാസികളുടെ സംഗമഭൂമിയായി അറഫാ മൈതാനം മാറുന്നു. അറഫാ പ്രസംഗത്തിലെ മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലെ ഓരോ പരാമര്‍ശങ്ങളും ചരിത്രത്തില്‍ ജാജ്വല്യമാനമായി വെട്ടിത്തിളങ്ങുന്നുണ്ട്. റസൂല്‍ വഫാത്തായ വിവരം അവിശ്വസനീയമായി സ്വഹാബത്തിന് അനുഭവപ്പെട്ടപ്പോള്‍ ഇസ്‌ലാമിന്റെ ഒന്നാം ഖലീഫ അബൂബക്ര്‍(റ) നടത്തിയ ചരിത്ര പ്രസിദ്ധപ്രസംഗ ഫലമായി ഊരിപ്പിടിച്ച വാളുകളെ ഉറയിലേക്കുതന്നെ തിരിച്ചയക്കാന്‍ മഹാനവര്‍കള്‍ക്ക് സാധിക്കുകയുണ്ടായി. പ്രസംഗകലയ്ക്ക് ചരിത്രത്തിലുള്ള ഇടത്തിനപ്പുറം പ്രശ്‌നകലുഷിത അന്തരീക്ഷത്തിലും പക്വതയും വിവേകവും പാലിച്ച ഇത്തരം പ്രസംഗങ്ങള്‍ സങ്കീര്‍ണ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതില്‍ അനുഗുണമായി വര്‍ത്തിച്ചിട്ടുണ്ട് എന്നതിനെ ശരിവയ്ക്കുന്നതാണ് ഈ സംഭവം. ഇസ്‌ലാമിന്റെ നാലാം ഖലീഫ അലിയ്യുബ്‌നു അബീത്വാലിബ് നടത്തിയ അത്യജ്ജ്വലമായ പ്രസംഗങ്ങള്‍ സമാഹരിച്ച് അറബി ഭാഷാസാഹിത്യത്തില്‍ 'സഹ്‌ലുബലാഗ' യെന്ന ഒരു വിജ്ഞാന ശാഖ തന്നെ രൂപപ്പെട്ടു എന്നത് വിജ്ഞാന വിസ്‌ഫോടനത്തിലും മാനവ സംസ്‌കരണത്തിലും പ്രസംഗങ്ങള്‍ നടത്തിയ ശക്തമായ ഇടങ്ങളെ അടയാളപ്പെടുത്തുന്നതാണ്. മെഡിറ്ററേനിയന്‍ കടലിടുക്ക് കടന്ന് ഒരു വന്‍ശത്രുസൈന്യത്തെ കണ്‍മുമ്പില്‍ കാണവെ യാത്ര ചെയ്‌തെത്തിയ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി സൈനിക നേതാവ് താരീഖ്ബ്‌നു സിയാദ് നടത്തിയ പ്രസംഗം ചരിത്രത്തില്‍ ഒളിമങ്ങാതെ കിടപ്പുണ്ട്. ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ആധുനിക പതിപ്പായി ഉയര്‍ത്തിക്കാട്ടാനും ആവേശംകൊള്ളാനും നിഖില വിജ്ഞാന മേഖലകളിലും എണ്ണമറ്റ പ്രതിഭകളെ ലോകത്തിനു സംഭാവന ചെയ്ത മുസ്‌ലിം സ്‌പെയ്‌നിന്റെ പിറവിക്ക് കളമൊരുക്കിയത് ഈ പ്രസംഗമാണെന്ന് വിലയിരുത്തുന്നു. പ്രഭാഷണ പാഠവം കൊണ്ട് പ്രജകളെ വരച്ചവരയില്‍ നിറുത്തിയ ചരിത്രപുരുഷനായിരുന്നു അമവീ ഭരണാധികാരി ഹജ്ജാജുബ്‌നു യൂസുഫ്. കൂഫയിലെ ജനങ്ങള്‍ പ്രക്ഷുബ്ധരായി ഭരണാധികാരികള്‍ക്കെതിരേ തിരിഞ്ഞപ്പോള്‍ ഉമവീ ഖലീഫ യസീദുബ്‌നു മുആവിയ തന്റെ സൈനിക നേതാവായ ഹജ്ജാജിനെ കൂഫയിലേക്കയക്കുകയായിരുന്നു. കൂഫയുടെ പള്ളിമിമ്പറില്‍ കയറിയുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഇങ്ങനെ വായിച്ചെടുക്കാവുന്നതാണ്. ''എനിക്ക് അവകാശപ്പെട്ട, പറിച്ചെടുക്കാന്‍ പാകമായ തലകളെ നിങ്ങളില്‍ എനിക്ക് ദര്‍ശിക്കാനാവുന്നു.'' ഇന്നും ലോകം കണ്ട അജയ്യമായ പ്രാസംഗികരില്‍ ഗണനീയ സ്ഥാനമലങ്കരിക്കുകയാണിദ്ദേഹം. കൂടാതെ ഖുസ്സുബ്‌നു സആദയെയും സിയാദുബ്‌നു അബീഹിയെയും പോലോത്ത അനവധി പ്രഭാഷകരെ അറബി സാഹിത്യം ലോകത്തിനു പരിചയപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിക പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍വികര്‍ കാണിച്ച പാതപിന്‍പറ്റിക്കൊണ്ട് നമ്മുടെ കൊച്ചുകേരളത്തിലും പ്രസംഗങ്ങള്‍ വഴി ഇസ്‌ലാമിക പ്രചരണം തകൃതിയായി നടന്നു. രാപകല്‍ ഭേതമന്യേ നാല്‍പതും അറുപതും ദിനരാത്രങ്ങള്‍ പിന്നിടുന്ന വിജ്ഞാന സദസ്സുകളും അതിന്റെ ചൈതന്യവും പൂര്‍വികര്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഇവകള്‍ അചിന്തനീയമായേ നമുക്കനുഭവപ്പെടൂ. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ കണ്‍മുന്നില്‍ നിന്നും മറഞ്ഞ പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരും ഇ.കെ. ഹസ്സന്‍ മുസ്‌ലിയാരും ശംസുല്‍ ഉലമയും തുടങ്ങി നാട്ടിക മൂസ മുസ്‌ലിയാര്‍ വരെ എത്തിനില്‍ക്കുന്ന ഒരു പ്രഭാഷണ വൃന്ദം നമുക്കു ചുറ്റും പ്രഭ വിരിയിച്ച മഹാത്മാക്കളായിരുന്നു. ഇസ്‌ലാമിക പ്രബോധന പ്രചരണ സരണിയില്‍ മുസ്‌ലിം കൈരളിയെ വ്യതിരിക്തമാക്കുന്നത് പ്രബോധന മേഖലയില്‍ ഒരു കേരള മോഡല്‍ രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചു എന്നതിനാലാണ് പ്രഭാഷണകലയ്ക്ക് വ്യത്യസ്ഥവും ആകര്‍ഷകവുമായ രീതി സ്വയം രൂപപ്പെടുത്തിയെടുക്കാന്‍ കേരളീയര്‍ക്കായയത്. നമ്മുടെ പൂര്‍വികര്‍ മതപ്രഭാഷണ മേഖലയില്‍ വെള്ളിനക്ഷത്രം കണക്കെ വെട്ടിത്തിളങ്ങിയത് അവര്‍ സ്വയം രൂപപ്പെടുത്തിയെടുത്ത വഅള് കലാരീതികൊണ്ടായിരുന്നുവെന്ന് കണ്ടെത്താന്‍ അധികമൊന്നും പിന്നോട്ട് ചലിക്കേണ്ടതില്ല. ശ്രോതാക്കളില്‍ ആഴത്തില്‍ ചെന്ന് പതിക്കുകയും ജീവിതത്തില്‍ ഏറെ സ്വാധീനിക്കുകയും ചെയ്ത, പ്രബോധന മേഖലയില്‍നിന്നു മാറ്റിനിര്‍ത്താനാവാത്ത കലയായി വഅള് രീതി മാറി. പക്ഷേ, വിവര സാങ്കേതിക വളര്‍ച്ചയില്‍ ഗര്‍വ്വ് നടിക്കുന്ന ആധുനികന് ഇത്തരം ധാര്‍മിക ബോധമുണര്‍ത്തുന്ന പ്രഭാഷണരീതിയോട് പുച്ഛവും അരോചകവുമുണ്ടെങ്കില്‍ ഇത് അപകടകരമായ അവസ്ഥയിലേക്കാണ് നമ്മെ നയിക്കുക. പ്രഭാഷണത്തില്‍ മാസ്മരികതയുണ്ടെന്ന പ്രവാചകാധ്യാപനത്തിന്റെ പിന്‍ബലത്തില്‍ പ്രഭാഷണങ്ങളെ നിരീക്ഷണവിധേയമാക്കുമ്പോള്‍ ഇവ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം അനിര്‍വചനീയമാണ്. അപക്വവും അശ്ലീലതയും അന്യംനിര്‍ത്തി, പുതിയ താരോദയങ്ങളുടെ പേറ്റുനോവനുഭവിക്കുന്ന പ്രഭാഷണ മേഖലയില്‍ പക്വവും പാകവുമായ പ്രഭാഷകരെയാണ് കാലം തേടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter