അസഹിഷ്ണുതയുടെ കാലത്ത് ബാബരി ഓര്‍മകള്‍ക്ക് ഏറെ നീറ്റലുണ്ട്
കറുത്തിരുണ്ട ഓര്‍മ്മകളില്‍, ബാബ്‌രി മസ്‌ജിദിന്റെ മിനാരങ്ങള്‍ ഇന്നും തേങ്ങിക്കരയുന്നു. സംവത്സരങ്ങള്‍ക്ക് മുമ്പ് ഒരു ഡിസംബര്‍ ആറിനാണ് 464 വര്‍ഷത്തെ ചരിത്ര പാരമ്പര്യവും, ഒരു ജനതയുടെ അഭിമാനകരമായ അസ്‌തിത്വവും ജനാധിപത്യത്തിന്റെ ആണിക്കല്ലുമായ ബാബ്‌രി മസ്‌ജിദ് തകര്‍ക്കപ്പെട്ടത്.
464 വര്‍ഷങ്ങള്‍ പിന്നിട്ട ബാബ്‌രി മസ്‌ജിദ് മണ്‍കട്ടയുടെ കൂമ്പാരമായി അവശേഷിച്ചതും, ഭരണഘടനയുടെയും, നിയമ വാഴ്‌ച്ചയുടെയും അസ്‌തിത്വം തകര്‍ക്കപ്പെട്ടതും ഏതൊരു മഹാ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും ഉടമകളാണ് നമ്മളെന്ന് കരുതിയിരുന്നുവോ അതിന്റെ വിനാശംകുറിച്ചതും കണ്ടുകൊണ്ടാണ് ഡിസംബര്‍ ഏഴാം തിയ്യതി സൂര്യനുദിച്ചത്. അതെ, യുദ്ധങ്ങള്‍ അന്യമാകേണ്ടിയിരുന്ന അയോധ്യ സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവായത് അന്നു മുതലാണ്. കത്തിജ്വലിച്ചു നില്‍ക്കുന്ന നട്ടുച്ചയില്‍ സൂര്യന്‍ കെട്ടുപോയ അനുബ്‌ഭവമായിരുന്നു നമുക്കത്. ഇന്ത്യയുടെ ചരിത്രത്തില്‍ 1992 ഡിസംബര്‍ 6 ഏറെ പ്രസക്തമാണ്. നാടിന്റെ പ്രയാണത്തില്‍ ഒരു വഴിത്തിരിവ് കുറിച്ച ദിവസം.
1528 മുകള്‍ ചക്രവര്‍ത്തി ബാബറുടെ ഔധ് ഗവര്‍ണ്ണര്‍ മീര്‍ബാഖി നിര്‍മ്മിച്ചതാണ് ബാബ്‌രി മസ്‌ജിദ് എന്ന് ചരിത്രം ഉദ്‌ഘോഷിക്കുന്നു. 1949 അന്ത്യം വരെ പ്രസ്‌തുത പള്ളിയില്‍ മുസ്ലിംകള്‍ ആരാധന നടത്തിയിരുന്ന കാര്യം പകല്‍ വെളിച്ചം പോലെ പരമാരര്‍ത്ഥം. കണ്ണ് കാവിമയമായ ഫാസിസ്റ്റ് ദുര്‍ഭൂതങ്ങള്‍ക്ക് ഈ സത്യങ്ങള്‍ വിലങ്ങായില്ല.
അയോധ്യ ദുരന്തമെന്ന ഭീകരകൃത്യത്തിന് നാന്ദികുറിച്ച് കൊണ്ട് നിത്യ വൈരത്തിന്റെയും സന്ധിയില്ലാ സമരത്തിന്റെയും അടങ്ങാത്ത ക്രോധത്തിന്റെയും കാര്‍മേഘങ്ങള്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഘനീഭവിച്ചു കൊണ്ടിരിക്കുമ്പോള്‍, ഭരണഘടന വാഗ്‌ദാനം ചെയ്‌ത മൌലീകാവകാശത്തിന് നേരെ ഉയരുന്ന ഭീഷണിക്കെതിരെ ഫലപ്രദമായി നടപടിയെടുക്കേണ്ട പ്രാഥമിക ചുമതല ആരുടേതായിരുന്നു?
മതാതീത മാനവ സൌഹൃദം എന്ന നമ്മുടെ സങ്കല്പ്‌പത്തിന് കളങ്കം ചാര്‍ത്തിക്കൊണ്ട് അന്നട്ടെ ഭരണകൂടത്തിന്റെ കണ്ണടച്ച അനാസ്ഥയും ബോധപൂര്‍വ്വമായ അവജ്ഞയും ബാബ്‌രി മസ്‌ജിദിനെ ഒരു പിടി മണ്ണാക്കുകയായിരുന്നു.
വിവിധ മതങ്ങളുടെയും ദര്‍ശനങ്ങളുടെയും സംഗമ ഭൂമിയായ ഭാരതത്തിലെ അതെ, ലോകത്തിലേറ്റവും കൂടുതല്‍ അക്ഷരങ്ങളില്‍ എഴുതപ്പെട്ട ഒരു ഭരണ വ്യവസ്ഥ ദൃഡമായി കാഴ്‌ച്ചവെച്ച മോഹങ്ങള്‍ ദല്‍ഹി വാഴുന്നവര്‍ തന്നെ ചീന്തിയെറിഞ്ഞപ്പോള്‍ അയോധ്യ നമ്മുടെ സവിധത്തില്‍ പൊലിയാത്ത അഗ്നി ഗോളമായി ശേഷിക്കുന്നു. പുനര്‍ നിര്‍മ്മാണത്തെ കുറിച്ചുള്ള അധികൃതരുടെ ഓരോ വാഗ്‌ദാനവും പൊള്ളയായി മാറുകയാണൂണ്ടായത്. ഏറ്റവുമൊടുവില്‍ നിയമത്തിനും, തെളിവുകള്‍ക്കുമപ്പുറം ഐതിഹ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് ബാബ്‌രി മസ്‌ജിദിന്റെ വഖഫ് ഭൂമി മൂന്നു കക്ഷികള്‍ക്കിടയില്‍ വീതിച്ചു കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി രാജ്യത്തെ ഞെട്ടിച്ച സ്ഥിതി വിശേഷമാണുള്ളത്.
``ഞാന്‍ മരിക്കുകയാണെങ്കില്‍ ഹിന്ദു മുസ്ലിം മൈത്രിക്കു വേണ്ടിയായിരിക്കും മരിക്കുക എന്ന് ഉച്ചൈസ്‌തരം ഉദ്‌ഘോഷിച്ച രാഷ്ട്രപിതാവ് മാഹാത്മാഗാന്ധിയുടെ ഭാരതം, ഒരു രാഷ്ട്രമെന്ന നിലയില്‍ നില നില്‍ക്കണമെങ്കില്‍ ഇവിടെയുള്ള സാമൂഹികവും, സാസ്‌കാരികവും, വര്‍ഗ്ഗപരവും, മതപരവുമായ വൈവിധ്യമുള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു വലിയ മനസ്സ് നമുക്കുണ്ടായിരിക്കണം.
കവിയും ദാര്‍ശനികനും ചിന്തകനുമായ അല്ലാമ: സര്‍ മുഹമ്മദ് ഇഖ്‌ബാലിന്റെ വരികള്‍ ഇത്തരുണത്തില്‍ സ്‌മരണീയമാണ്. അദ്ദേഹം പാടി:
സാരെ ജഹാം സെ അച്ഛാ...
ഹിന്ദുസ്ഥാന്‍ ഹമാരാ
ഹം ബുല്‍ ബുലേം ഹയ് ഇസ്‌കീ
യഹ് ഗുല്‌സിതാന്‍ ഹമാര
(വിശ്വൈക ശ്രേഷ്ടമാനിന്ത്യ
നമ്മളിപ്പൂവനത്തിലെ പൂന്കുയുലുകള്‍
ദൂരദേശത്തു നാം വാഴുകിലും
മനസമുള്ളതീ ഭാരതത്തില്‍!)
നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിക്കോഗോവിലെ സര്‍വ്വമത സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ അഭിമാനപൂര്‍വ്വം പറഞ്ഞത് `ഭാരതം ലോക മതങ്ങളുടെ സംഗമ ഭൂമിയാണ് എന്നത്രെ.
അതെ, നാം ഭാരതീയര്‍ മറ്റു ലോകരാഷ്ട്രങ്ങളുറ്റെ മുമ്പില്‍ ഒരു വിസ്‌മയമായി മാറിയതും അങ്ങനെ തന്നെയാണ്.
അന്തിമ വിശകലനത്തില്‍ ബാബ്‌രി മസ്‌ജിദിന്റെ തകര്‍ച്ച, മുസ്ലിംകളെ മാത്രം വേദനിപ്പിച്ച സംഭവമല്ല. അവിടെ തകര്‍ന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്; ഭരണഘടനയാണ്. നമ്മള്‍ ഓമനിച്ച് വളര്‍ത്തിയ സംസ്‌കാരമാണ്. ആ തകര്‍ച്ചയില്‍ ദു:ഖിക്കുന്നവര്‍ക്ക് മാത്രമേ ഇന്ത്യയെ ഒന്നിച്ചു നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.



Leave A Comment