ഈ ഒബാമയിത് എന്തിനുള്ള ഒരുങ്ങിപ്പുറപ്പാടാണ്?
ഒബാമ മിഡിലീസ്റ്റ് സന്ദര്‍ശിക്കാനൊരുങ്ങുകകയാണ്. അടുത്ത ബുധനാഴ്ചയാണ് അദ്ദേഹം ഇസ്റായേലിലെത്തുന്നത്. ഫലസ്തീന്‍-ഇസ്റായേല്‍ പ്രശ്നത്തില്‍ അമേരിക്ക എന്തു ചെയ്യുമെന്നാണ് ലോകം ചോദിച്ചു കൊണ്ടിരിക്കുന്നത്. ഒബാമയുടെ സന്ദര്‍ശനം പ്രദേശത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് വഴുതിക്കുമോ എന്ന് കാത്തിരുന്നു കാണാം.
ഒബാമയുടെ സന്ദര്‍ശനത്തിനെതിരെ ഹമാസ് നേരത്തെ രംഗത്തു വന്നിട്ടുണ്ട്. മസ്ജിദുല്‍അഖസ സന്ദര്‍ശിക്കുന്നതിനെതിരെ എതിര്‍പ്പ് ശക്തവുമാണ്. അപ്പോഴും അമേരിക്ക ഒരുങ്ങിപ്പുറപ്പെട്ട് വരികതന്നെയാണ്. മിഡിലീസ്റ്റില്‍ ഇടപെടാനെന്ന പേരില്‍.
പ്രദേശത്തെ ജനങ്ങള്‍ അമേരിക്കക്കെതിരെയാണെന്ന് പുതിയ സര്‍വെകള്‍ വ്യക്തമാക്കുന്നുണ്ട്. ഒബാമയുടെ വെറും വാഗ്ദാനങ്ങളെ അവര്‍ മുഖലവിലക്കെടുക്കുന്നില്ലെന്നര്‍ഥം. അവര്‍ക്ക് വേണ്ടത് വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണാണ്. അതാകട്ടെ ഏറെ അസാധ്യമായി തോന്നുകയും ചെയ്യുന്നു.
ഈയടുത്ത് പുറത്ത് വന്ന ഗാലപ് സര്‍വെ ഫലമനുസരിച്ച് മിഡിലീസ്റ്റും തെക്കുകിഴക്കേഷ്യയുമാണ് അമേരിക്കയെ ഏറ്റവും കൂടുതല്‍ വെറുക്കുന്നത്. ഫലസ്തീനിലെയും പാകിസ്താനിലെയുമെല്ലാം ജനങ്ങളില്‍ 75 ശതമാനം പേരും അമേരിക്കയെ ശക്തമായി എതിര്‍ക്കുന്നു. മിഡിലീസ്റ്റില്‍ ലിബിയയാണ് അമേരിക്കക്ക് അനുകൂലമായി ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. അവിടെ പോലും അത് 54 ശതമാനം മാത്രമാണ്.
ഗാലപ് സര്‍വെ അനുസരിച്ച് ലോകം മൊത്തം തന്നെ അമേരിക്കന്‍ നയങ്ങളോട് എതിരാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് ഏറെ പ്രകടമാണെന്ന് സര്‍വെ ഫലം സൂചിപ്പിക്കുന്നുണ്ട്. എന്നിട്ടും ഒബാമ ഇറങ്ങിപ്പുറപ്പെടുക തന്നെയാണ്. മിഡീലിസ്റ്റിലെ പ്രശ്നങ്ങളും സംഘര്‍ഷങ്ങള്‍ക്കും മധ്യസ്ഥം വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് താത്പര്യപ്പെടുന്നു.
അല്ലെങ്കിലും കഴിഞ്ഞ മുമ്പത്തെ പ്രസിഡന്‍സി കാലത്ത് ഇസ്റായേല്‍ സന്ദര്‍ശിച്ചില്ല എന്നത് ഒബാമയുടെ വലിയൊരു കുറ്റമായി ജൂതശക്തികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉടനെ ഇസ്റായേല്‍ സന്ദര്‍ശിക്കുമെന്ന് 2012 ലെ തെരെഞ്ഞെടുപ്പ് പ്രചരണ കാലത്ത് ഒബാമ പ്രസ്താവിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. അതായത് ചിലരെ തൃപ്തിപ്പെടുത്താനാണ് ഈ ഒരുങ്ങിപ്പുറപ്പാട്. ചിലരെ മനപ്പൂര്‍വം ഇരകളാക്കാനും.
ഇറാന്‍ ഭയക്കുക തന്നെ വേണം. ആണവോത്പാദത്തിന്‍റെ പേരില്‍ പ്രദേശം കുട്ടിച്ചോറാക്കാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഇസ്റായേല്‍ ഒബാമയെ നിര്‍ബന്ധിച്ചു കൂടെന്നില്ല. അതിന് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്റായേല്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്ന് മാത്രമല്ല, അടുത്ത ഒരു വര്‍ഷത്തിനുള്ളില് ഇറാന്‍ ആണവോര്‍ജം ഉത്പാദിപ്പിക്കില്ലെന്ന് ഒബാമ പ്രസ്താവിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ആ പ്രസ്താവം അറിയാതെ അമേരിക്ക നടത്തിപ്പോയത് ഇസ്റായേലിന്‍റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് മനസ്സിലാകും. ഒരു വര്‍ഷം കഴിഞ്ഞു മാത്രം നോക്കിയാല്‍ മതി ഇറാനെന്ന ഇരയെ എന്നും അതിനു വേണ്ടി ഇപ്പോള്‍ തന്നെ മുറവിളി കൂട്ടേണ്ടതില്ല എന്നുമാണ് ഒബാമ ആ പ്രസ്താവത്തിലൂടെ പറയാതെ പറഞ്ഞത്. അത് പക്ഷെ ഇറാന് മനസ്സിലായിട്ടുണ്ട്. അത് കൊണ്ടാണ് അമേരിക്കയുടെ ഏത് തരത്തിലുള്ള അക്രമത്തെയും നേരിടാന്‍ രാജ്യം സന്നദ്ധമാണെന്ന് അടുത്ത ദിവസം തന്നെ ഇറാന്‍ പ്രസ്താവനയിറക്കിയത്.
രണ്ടു രാജ്യങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുമ്പോള്‍ അതിന് നിരവധി താത്പര്യങ്ങളെ പരിഗണിക്കേണ്ടതായുണ്ട്. അതിനെ എല്ലാം ഒരുപോലെ പരിഗണിച്ചാകണം പരിഹരഫോര്‍മുല നിര്‍ദേശിക്കേണ്ടത്. അത് ശ്രദ്ധിക്കാതെ ഒരുവിഭാഗത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചതുകൊണ്ടാണ് 2003 മുതല് തുടങ്ങിയെന്ന് പറയപ്പെടുന്ന അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ പ്രദേശത്ത് ഇപ്പോഴും മരീചികയായി തുടരുന്നത്.
പുതിയ കാലത്ത് ഈ വിഷയത്തില്‍ ഇടപെടുകയാണെങ്കില്‍ അത് കൂടുതല്‍ ശ്രദ്ധിച്ചു വേണം. മിഡിലീസ്റ്റ് മൊത്തം ജനാധിപത്യത്തിലേക്കു വിപ്ലവത്തിന്‍റെ ഏണിപ്പടി കയറി വന്നുകൊണ്ടിരിക്കുന്ന സമയമാണ്. ഇനി അമേരിക്കകക്ക് ഇവിടെ വിലപേശാനുളള്ളത് ചില വ്യക്തികളോടല്ല, നാട് ഭരിക്കുന്ന ചില ഭരണാധികാരികളുടെ താത്പര്യങ്ങളോടുമല്ല. മറിച്ച് എന്തെങ്കിലും മുന്നോട്ട് വെച്ച് വിലപേശുന്നുവെങ്കില്‍ അവിടത്തെ ജനാധിപത്യരീതിയിലെത്തിയ ജനതയെ മൊത്തത്തില്‍ വിലപേശാനാകണം. അതല്ലാതെ ഇടപെടുന്നത് മഹാ അബദ്ധമായി പോകും.
പ്രദേശത്ത് നടന്ന ഈ മാറ്റം ഒരു വലിയ സാധ്യതയിലേക്കും ഒരു വലിയ അപകടത്തിലേക്കും ഒരുപോലെ വഴിവെക്കുന്നുണ്ട്. അതു മനസ്സിലാക്കാനായാല്‍ നന്ന്, അമേരിക്കക്കും മിഡിലീസ്റ്റിനും.
ഏതായാലും ഇസ്റായേല്‍-ഫലസ്തീന്‍ പ്രശ്നം ഒബാമയുടെ യാത്രോദ്ദ്യേശ്യമല്ലെന്ന് വൈറ്റ്ഹൌസ് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. വാഷിംഗ്ടണിലെ ഇസ്റായേല്‍ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. എങ്കില്‍ പിന്നെ ഈ തിരക്കിട്ട പുറപ്പാട് ഇസ്റായേലിനെ സന്തോഷിപ്പിക്കാന്‍ തന്നെയാണ്. അതിനായി എന്തെല്ലാം ചെയ്താണ് ഒബാമ മടങ്ങുകയെന്ന് കാത്തിരുന്ന് കാണാം.
ആദ്യഘട്ടത്തിന്‍റെ തുടക്കത്തില്‍ ചരിത്രപരമായ കൈറോ പ്രസംഗം നടത്തി മുസ്‌ലിം ലോകത്തെ ഒബാമക്ക് കൈയിലെടുക്കാനായി എന്നത് ശരി തന്നെ. ഒരുപക്ഷെ ഒബാമ മുസ്‌ലിംലോകത്തിന്‍റെ വലിയ കൂട്ടാളിയായിരിക്കുമെന്ന് മുസ്‌ലിം ലോകം ചിന്തിച്ചു തുടങ്ങിയുമിരുന്നു. അതിന് ശേഷം നടന്ന ചില അഭിപ്രായസര്‍വേകളില്‍ അക്കാര്യം ഏറെ വ്യക്തമായിരുന്നു.
എന്നാല്‍ പിന്നെ പിന്നെ ഇസ്റായേലിനെ ഒഴിവാക്കുക സാധ്യമല്ലെന്ന് മനസ്സിലാക്കിയ പോലെയായിരുന്നു ഒബാമയുടെ നടപടികള്‍. ഇക്കഴിഞ്ഞ ഗാസ ആക്രമണം കാലം വരെ അതിന് നിരവധി തെളിവുകള്‍ ലഭിക്കുകയും ചെയ്തു. അപ്പോഴും ഔദ്യോഗികമായി ഇസ്റായേല്‍ സന്ദര്‍ശിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്നത് വലിയ കാര്യം തന്നെയായിരുന്നു. എന്നാല്‍ രണ്ടാം ഊഴം തുടങ്ങുന്നത് തന്നെ ഇസ്റായേല്‍ സന്ദര്‍ശനത്തോടെയാണ്. ഒബാമ ഇസ്റായേലിനോട് കൂടുതല്‍ അടുക്കുകയാണോ, അതായത് ലോകത്തിന് അദ്ദേഹം അന്യനാകുയാണോ?



Leave A Comment