സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയായിരുന്നു ആര്‍.എസ്.എസ്

സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ ജനങ്ങള്‍ക്കിടയിലെ, വിശിഷ്യാ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലെ ഐക്യം രൂപപ്പെടുന്നത് 1857 ലെ അതി മഹത്തായ ഒന്നാം സ്വാതന്ത്ര്യസമരത്തോടെയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പുതിയ മാറ്റങ്ങള്‍ക്ക് വിധേയമായ കാലത്ത് ഇതേ യൂണിറ്റി തന്നെയാണ് ഗാന്ധിജി നയിച്ച നിസ്സഹകരണ പ്രസ്ഥാന (1920-22) ത്തിന് അടിത്തറയായി വര്‍ത്തിച്ചതും. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിന്റെ ഏറെ സവിശേഷമായ ഒരു പ്രത്യേകതയും ഗാന്ധിജിയിലൂടെ സമാരംഭം കുറിക്കപ്പെട്ട ജന പങ്കാളിത്ത രാഷ്ട്രീയമാണ്. നിസ്സഹകരണ പ്രസ്ഥാനത്തെ തുടര്‍ന്ന് രാജ്യം വിവിധ തൊഴിലാളി, കര്‍ഷക കലാപങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. ഇവയെല്ലാം ഇവിടെ സംഘടിതമായ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ ശക്തിപ്പെടുത്താന്‍ കാരണമായി.

അതേസമയം, 1920 കളുടെ മധ്യത്തില്‍ ദേശീയ പ്രസ്ഥാനത്തില്‍ നിര്‍ഭാഗ്യകരമായ ചില പ്രവണതകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുകയായിരുന്നു. ചില പ്രമുഖ നേതാക്കള്‍ വര്‍ഗീയമായ ലൈനില്‍ ചിന്തിക്കാന്‍ തുടങ്ങി എന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. ബ്രിട്ടീഷുകാരും സാമ്രാജ്യത്വ ഭരണാധികാരികളും ഈ അവസരം നഷ്ടപ്പെടുത്തിയില്ല. ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ ആവതായതെല്ലാം ചെയ്തു. നിസ്സഹകരണ പ്രസ്ഥാന കാലത്ത് ശക്തിപ്പെട്ടുവന്നിരുന്ന ഹിന്ദു-മുസ്‌ലിം ഐക്യത്തിന് തുരങ്കം വെക്കാന്‍ ചില ഹിന്ദു-മുസ്‌ലിം ‘തീവ്ര ചിന്താഗതിക്കാര്‍’തന്നെ രംഗത്തുവന്നു. കോണ്‍ഗ്രസ് വലതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ഹിന്ദുമഹാസഭ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കി. മത സൗഹാര്‍ദ ചിന്തകളെ വെല്ലുവിളിക്കുംവിധം വര്‍ഗീയത ചീറ്റുന്നതായിരുന്നു അവരുടെ നിലപാട്. ചില മുസ്‌ലിം തീവ്രവിഭാഗക്കാര്‍ വിശിഷ്യാ അവര്‍ക്കിടയിലെ പരിഷ്‌കരണ വിരോധികള്‍ ഖിലാഫത്ത് വിഷയത്തെ മുസ്‌ലിം സമുദായവുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചു. വിഷയത്തിന്റെ മതപരമായ തലങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കി, മൂവ്‌മെന്റിന്റെ രാഷ്ട്രീയ, സാമ്രാജ്യത്വവിരുദ്ധ തലങ്ങളെ അവര്‍ വീര്യം കുറച്ചുകാട്ടി.

നിസ്സഹകരണ പ്രസ്ഥാനത്തിനു ശേഷം അവരില്‍ ചിലര്‍ സാമുദായിക രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്നു. അതേസമയം, മൗലാനാ അബുല്‍ കലാം ആസാദ്, സൈഫുദ്ദീന്‍ കിച്‌ല്യൂ പോലെയുള്ള ഹിന്ദു-മുസ്‌ലിം സൗഹാര്‍ദത്തെ പിന്തുണച്ചവര്‍ കോണ്‍ഗ്രസിന്റെ ഭാഗമായി നിലകൊള്ളുകയും ചെയ്തു. ഹിന്ദു-മുസ്‌ലിം വര്‍ഗീയവാദികള്‍ അതോടെ പരസ്പരം തങ്ങളുടെ പൊളിറ്റിക്‌സ് കളിച്ചുതുടങ്ങി. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇരു വിഭാഗങ്ങളെയും പരിപോഷിപ്പിക്കാന്‍ ആവശ്യമായതെല്ലാം നടത്തുകയും ചെയ്തു.

ഈയൊരു പശ്ചാത്തലത്തിലാണ് 1925 ല്‍ ഹെഡ്ഗ്വാര്‍ ആര്‍.എസ്.എസ് രൂപീകരിക്കുന്നത്. 1889 ല്‍ നാഗ്പൂരിലാണ് ഹെഡ്ഗ്വാറിന്റെ ജനനം. തന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം മെഡിസിന്‍ പഠിക്കാനായി കൊല്‍ക്കത്തയിലേക്കു പോയി (1910-1915). അവിടത്തെ വിപ്ലവ ഭീകര ഗ്രൂപുകളുമായി അദ്ദേഹം ബന്ധം സൂക്ഷിച്ചിരുന്നുവെന്ന് ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും തല്‍വിഷയകമായി സ്വതന്ത്രമായ തീര്‍പ്പുകള്‍ ലഭ്യമല്ല. ഈ അവകാശവാദത്തെ സ്ഥിരീകരിക്കുന്ന മറ്റു ഔദ്യോഗിക, ആര്‍ക്കിവല്‍ രേഖകളും ലഭ്യമല്ല. 1915 ല്‍ നാഗ്പൂരിലേക്കു മടങ്ങിയതിനു ശേഷമുള്ള അഞ്ചു വര്‍ഷത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച വിവരങ്ങളും അജ്ഞാതമാണ്. ഇത് സൂചിപ്പിക്കുന്നത് ഹെഡ്ഗ്വാര്‍ മെഡിക്കല്‍ പ്രാക്റ്റീസിന് ഇറങ്ങിയിരുന്നില്ല എന്നാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ‘രൂപീകരണ’ കാലത്തെക്കുറിച്ച വിവരങ്ങള്‍ തീര്‍ത്തും അവ്യക്തമാണ്. കുറഞ്ഞ കാലം അദ്ദേഹം കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിരുന്നു. മുമ്പ് നാം മനസ്സിലാക്കിയതുപോലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് അദ്ദേഹം ജയിലിലടക്കപ്പെടുകയും ചെയ്തിരുന്നതായി കാണാം.

കോണ്‍ഗ്രസില്‍ തീവ്ര വലതു പക്ഷമായ ഹിന്ദു മഹാസഭയുടെ നേതാവ് ഡോ. ബി.എസ്. മൂഞ്ചെയുമായി ഹെഡ്ഗ്വാര്‍ വളരെ അടുപ്പത്തിലായിരുന്നു. അക്കാലത്ത് മൂഞ്ചെ കോണ്‍ഗ്രസിലായിരുന്നു. എങ്കിലും ഹിന്ദു-മുസ്‌ലിം സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പിന്തുണച്ചിരുന്നില്ല. പകരം, ബ്രിട്ടീഷുകാരോടൊത്ത് ഭാഗികമായെങ്കിലും സഹകരിച്ചുപോകാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. വീര സവര്‍ക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വി.ഡി. സവര്‍ക്കറാണ് ഹെഡ്ഗ്വാറുടെ മറ്റൊരു മാര്‍ഗദര്‍ശി. സവര്‍ക്കറിന്റെ ഔദ്യോഗിക ജീവചരിത്രകാരന്‍ ധനന്‍ജയ് കീര്‍ എഴുതുന്നത് കാണുക:

‘രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന പേരില്‍ അറിയപ്പെടുന്ന സംഘടന തുടങ്ങുന്നതിനു മുമ്പ് ഹെഡ്ഗ്വാര്‍ അതിന്റെ ആദര്‍ശം, രൂപം, ഭാവി തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സവര്‍ക്കറുമായി ദീര്‍ഘമായ ചര്‍ച്ച നടത്തിയിരുന്നു. പ്രമുഖനായ ഹിന്ദു നേതാവും നിവര്‍ന്നുനില്‍ക്കുന്ന ദേശീയവാദിയുമായ ഹെഡ്ഗ്വാര്‍ ഒരു ഹിന്ദു രാജ്യം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലേക്ക് ഹിന്ദു യുവ ശക്തിയെ വഴിതിരിച്ചുവിടാനും അതിനെ പരിരക്ഷിക്കാനുമാണ് ആവശ്യപ്പെട്ടിരുന്നത്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനം തകര്‍ന്നടിയുകയും ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെടുകയും ചെയ്തതോടെ രാജ്യം നിലം പരിശാവുകയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങളും അവ്യവസ്ഥകളും പടര്‍ന്നുപിടിക്കുകയും ചെയ്തു. ഈ താറുമാറായ പരിതസ്ഥിതിയില്‍, സവര്‍ക്കറുമായി ചര്‍ച്ച ചെയ്ത ശേഷം, ഹിന്ദു സമൂഹത്തിന് ശക്തിയും അധികാരവും പകര്‍ന്നുനല്‍കാനായി ഒരു സംഘടന രൂപീകരിക്കാന്‍ ഹെഡ്ഗ്വാര്‍ തീരുമാനിച്ചു.’

ആര്‍.എസ്.എസ്സുമായി സവര്‍ക്കര്‍ എത്രമാത്രം അടുത്തുനിന്നിരുന്നുവെന്ന് കീറിന്റെ താഴെ പറയുന്ന വിവരണത്തില്‍നിന്നും മനസ്സിലാക്കാം:

‘എവിടെവെച്ചും എപ്പോഴും സവര്‍ക്കര്‍ പങ്കെടുത്തിരുന്ന മറ്റൊരു പരിപാടി ആര്‍.എസ്.എസ്സിന്റെ കേന്ദ്രങ്ങള്‍, സമ്മേളനങ്ങള്‍, പരേഡുകള്‍ തുടങ്ങിയവയിലേക്കുള്ള അദ്ദേഹത്തിന്റെ ആവേശകരമായ സന്ദര്‍ശനങ്ങളാണ്. അദ്ദേഹം ആര്‍.എസ്.എസ്സിനെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. തങ്ങളുടെ ജീവിതം അടങ്ങിയൊതുങ്ങി തീര്‍ത്തുകളയരുതെന്ന് അവരെ നിരന്തരം ഉപദേശിച്ച അദ്ദേഹം തങ്ങളുടെ ആദര്‍ശം സാക്ഷാല്‍കരിക്കാനായി പോരാടാന്‍ അവരോട് ആഹ്വാനം നടത്തി.’

ജയിലില്‍നിന്നും പുറത്തുവന്ന ശേഷം ഹെഡ്ഗ്വാര്‍ ഗന്ധിജിയെ വിമര്‍ശിച്ചു. ഹിന്ദു-മുസ്‌ലിം സൗഹാര്‍ദവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളായിരുന്നു കാരണം. ദേശീയവാദമെന്നാല്‍ ഹിന്ദുരാഷ്ട്രത്തിനു തുല്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തങ്ങളുടെ ഉല്‍ഭവം മുതല്‍ തന്നെ ആര്‍.എസ്.എസ് ഉയര്‍ത്തിക്കാണിക്കുന്ന അതിന്റെ വളരെ വലിയൊരു അവകാശവാദം മുസ്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും രാജ്യത്തോട് കൂറില്ല എന്നതാണ്. ഹെഡ്ഗ്വാര്‍ തന്നെ ഇത് പറയുന്നത് കാണുക:

‘ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അനന്തര ഫലമെന്നോണം രാജ്യത്ത് ദേശീയവാദത്തോടുള്ള ആവേശം മങ്ങിത്തുടങ്ങി. അതേസമയം, ആ മൂവ്‌മെന്റ് കാരണമായി ജന്മംകൊണ്ട പല സാമൂഹിക തിന്മകളും അപകടകരമാംവിധം ഇവിടെ തല പൊക്കാനാരംഭിച്ചു. ദേശീയ പോരാട്ടങ്ങളുടെ വേലിയേറ്റം മന്ദീഭവിച്ചുതുടങ്ങിയതോടെ പരസ്പര വിദ്വേഷവും അസൂയയും പ്രത്യക്ഷപ്പെട്ടു. വൈയക്തിക തര്‍ക്കങ്ങള്‍ എവിടെയും നുരഞ്ഞുപൊന്തി. വിവിധ സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ തലപൊക്കി. ബ്രഹ്മണനും അബ്രഹ്മണനും തമ്മിലുള്ള സംഘര്‍ഷങ്ങളും പച്ചയായി കണ്ടുതുടങ്ങി. ഒരു സംഘടനയും പരസ്പരം ഐക്യപ്പെടുകയോ ചേര്‍ന്നുനില്‍ക്കുകയോ ചെയ്തില്ല. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പാലിനാല്‍ വളര്‍ത്തപ്പെട്ട യവന സര്‍പ്പങ്ങള്‍ (അഥവാ മുസ്‌ലിംകള്‍) അവരുടെ വിഷലിപ്തമായ ചീറ്റലുകള്‍കൊണ്ട് രാജ്യത്ത് പ്രകോപനപരമായ കലാപങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.’

യുവാക്കള്‍ക്കിടയില്‍, വിശിഷ്യാ ടീനേജ് പ്രായക്കാരായ ആണ്‍കുട്ടികള്‍ക്കിടയില്‍ ഇത്തരം കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1925 ല്‍ അദ്ദേഹം ആര്‍.എസ്.എസ് സ്ഥാപിച്ചത്. യുവാക്കള്‍ക്കിടയില്‍ ഹിന്ദുരാജ്യം എന്ന ആശയത്തെക്കുറിച്ചുള്ള ഹെഡ്ഗ്വാറിന്റെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതില്‍ ആര്‍.എസ്.എസ് ശ്രദ്ധ കേന്ദ്രീകരിച്ചു. (അടിസ്ഥാനപരമായും സവര്‍ക്കറിന്റെതായിരുന്നു ഈ ആശയം). ബ്രിട്ടീഷുകാര്‍ക്കെതിരെ സമരങ്ങള്‍ നടത്താനോ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനോ ഈ സംഘടന തുനിഞ്ഞതേയില്ല. ഭഗത് സിംഗിനെപ്പോലെയുള്ള വിപ്ലവകാരികളും തന്റെ കൂട്ടാളികളും പോരാട്ടങ്ങളിലൂടെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അടിത്തറ ഇളക്കിക്കൊണ്ടിരുന്ന സമയമായിരുന്നു ഇത്. 1920 കളുടെ അവസാനങ്ങളെ കുറിച്ച ഔദ്യോഗിക രേഖകളിലൊന്നുംതന്നെ ആര്‍.എസ്.എസ്സിന്റെ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച യാതൊരു പരാമര്‍ശവും കണ്ടെത്താന്‍ കഴിയില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാംപയിന്‍ നടത്തുകയെന്നതായിരുന്നു ഈ സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ജോലി. മഹാരാഷ്ട്രയിലെ നഗര വാസികളായ മിഡില്‍ ക്ലാസ് ബ്രാഹ്മണ കുട്ടികളായിരുന്നു ഇതിന്റെ ഔപചാരിക ശ്രോതാക്കള്‍. ഇതായിരുന്നു സംഘടനയുടെ ആദ്യകാല സാമൂഹിക അടിത്തറയും. 1927 ല്‍ നാഗ്പൂരില്‍ നടന്ന ഹിന്ദു-മുസ്‌ലിം കലാപത്തെ തുടര്‍ന്ന് സംഘടനയുടെ മെമ്പര്‍ഷിപ്പില്‍ വലിയൊരു കുതിപ്പ് സംഭവിക്കുകയായിരുന്നു.

ആര്‍.എസ്.എസ് അതിന്റെ ‘വെറുപ്പിന്റെ കാംപയിന്‍’ (വമലേ രമാുമശഴി) തുടര്‍ന്നുകൊണ്ടിരുന്ന കാലം രാജ്യത്ത് സ്വാതന്ത്ര്യസമരം പുതിയൊരു ഘട്ടത്തിലേക്കു മാറുന്ന സമയമായിരുന്നു. 1927-28 കാലഘട്ടം. ഇരുപതുകളില്‍ തന്നെയാണ് ഇന്ത്യ ഇടതു പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ചക്കു സാക്ഷ്യം വഹിക്കുന്നതും.

സോഷ്യലിസ്റ്റ് ഗ്രൂപുകളുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും രൂപീകരണത്തോടെയായിരുന്നു ഇത്. ഇതോടെ ശക്തമായൊരു ട്രെയ്ഡ് യൂണിയന്‍ മൂവ്‌മെന്റും നിലവില്‍വന്നു. ഇരുപതുകളുടെ അവസാനത്തോടെ അനവധി തൊഴിലാളി സമരങ്ങള്‍ രാജ്യത്തെ പിടിച്ചുകുലുക്കി. 1927 ല്‍ മറ്റൊരു സംഭവംകൂടി ഉണ്ടായി. ഇന്ത്യയുടെ ഭരണഘടനാ പരിഷ്‌കരണങ്ങള്‍ക്കായി ബ്രിട്ടീഷ് ഗവണ്‍മെന്റ് സൈമണ്‍ കമീഷനെ പ്രഖ്യാപിച്ചു. നാഷ്ണലിസ്റ്റുകള്‍ കമീഷനെ എതിര്‍ക്കുകയും അതിനെ ഭഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം നടത്തുകയും ചെയ്തു. സൈമണ്‍ കമീഷനെതിരെയുള്ള ഈ ഭഹിഷ്‌കരണം പിന്നീട് വന്‍ ജനപിന്തുണയുള്ള ശക്തമായൊരു പ്രതിഷേധമായി മാറി. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുകവഴി ഇരുപതുകളുടെ സായാഹ്നത്തില്‍ ശക്തിപ്പെട്ടിരുന്ന സാമ്രാജ്യത്വ വിരുദ്ധ കൂട്ടായ്മകളെ തകിടംമറിക്കുകയെന്നതായിരുന്നു ബ്രിട്ടീഷുകാരുടെ അപ്പോഴത്തെ പ്രധാന പദ്ധതി. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുംവിധം ഇതുവഴി ഭരണഘടനാപരമായ ചില നീക്കുപോക്കുകള്‍ സാധിച്ചെടുക്കാനാകുമെന്നും അവര്‍ സ്വപ്‌നം കണ്ടു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter