ഖുര്‍ആന്‍ നമ്മോട് ചിന്തിക്കാന്‍ ആവശ്യപ്പെടുന്നു
sardarമുസ്‌ലിം ചരിത്രം പലരുടെയും ബൗദ്ധിക സംഭാവനകളും ജീവിത ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സിയാഉദ്ദീന്‍ സര്‍ദാറിന്റെ ചിന്തകളും ഇവിടെയാണ് ശ്രദ്ധേയമാകുന്നത്. അനവധി രചനകളുടെ ഉടമയായ അദ്ദേഹം തന്റെ ആശയ ലോകം സമ്പുയ്ഷ്ഠമായതിനനുസരിച്ച് ഇന്തോ-ഇസ്‌ലാമിക് ചിന്താ പരിസരത്തുനിന്നും സമ്പന്നമായ ഇസ്‌ലാമിക സിദ്ധാന്തങ്ങളുടെ മുടിനാരിഴ കീറിയ ചര്‍ച്ചകളിലേക്കു കടന്നുവരുന്നതായി കാണാം. പാകിസ്താനിലെ ദിപാല്‍പൂരില്‍ 1951 ലായിരുന്നു സര്‍ദാറിന്റെ ജനനം. വളരെ ചെറുപ്പത്തില്‍തന്നെ തന്റെ കുടുംബത്തോടൊപ്പം ലണ്ടനിലേക്കു മാറിത്താമസിച്ചു. ലണ്ടനിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍നിന്നും ഫിസിക്‌സില്‍ ഗ്രാജ്വേഷന്‍ നേടി. ശേഷം, നാലു പതിറ്റാണ്ടിനിടക്ക് കലാലംപൂരില്‍ അന്‍വര്‍ ഇബ്‌റാഹീമിന്റെ ഉപദേഷ്ടാവായും ലണ്ടനില്‍ ഈസ്റ്റേണ്‍ ഐ റിപ്പോര്‍ട്ടറായും ഫ്യേൂച്ചര്‍സ് എഡിറ്ററായും മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് കൊളോണിയല്‍ സ്റ്റഡീസില്‍ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ മുസ്‌ലിം സമൂഹത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുകയും ആദര്‍ശപരമായി ഒരു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന ഒരു കമ്യൂണിറ്റിയെക്കുറിച്ച ചിന്തയില്‍ വ്യാപൃതനാവുകയും ചെയ്തു. ഇസ്‌ലാമും സാംസ്‌കാരിക പഠനങ്ങളും എന്ന വിഭാഗത്തില്‍ ആഴത്തിലുള്ള ചിന്തകള്‍ക്ക് തുടക്കം കുറിച്ച അദ്ദേഹം മുപ്പത് വര്‍ഷങ്ങള്‍ക്കിടയിലായി ശ്രദ്ധേയമായ അമ്പതോളം രചനകള്‍ നടത്തിയിട്ടുണ്ട്. സ്വര്‍ഗം തേടി നിരാശയോടെ (Desperately Seeking Paradise), ഖുര്‍ആനിനെ വായിക്കുമ്പോള്‍ (Reading the Quran), Balti Britain തുടങ്ങിയവ അതില്‍ ചിലതാണ്. ഈയിടെ കറാച്ചിയില്‍നിന്ന് ആസിം അക്തര്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍നിന്നും ചില ഭാഗങ്ങള്‍: -ആസിം: ഇസ്‌ലാമിക പഠനങ്ങളില്‍ താങ്കള്‍ക്ക് താല്‍പര്യം ജനിക്കുന്നത് എന്നു മുതലാണ്, എങ്ങനെയാണ്? സര്‍ദാര്‍: എന്റെ കുടുംബം ഒന്നല്ലെങ്കില്‍ മറ്റൊരു നിലക്ക് എന്നും മതബോധമുള്ളവരായിരുന്നു. ഒരളവോളം എന്റെ പിതാവിനെ സൂഫിസവും സ്വാധീനിച്ചിരുന്നു. അതിനെല്ലാം പുറമെ എന്റെ അമ്മൂമ വളരെ ട്രഡീഷ്ണലായി ജീവിച്ച ഒരു സ്ത്രീയുമായിരുന്നു. അതുകൊണ്ടുതന്നെ, ഇസ്‌ലാമിക സംസ്‌കാരം ഒട്ടുമില്ലാത്ത ഇംഗ്ലണ്ടില്‍ നിന്നും ഈ കുഞ്ഞ് എങ്ങനെയാവണമെന്നതില്‍ അവര്‍ക്ക് ശ്രദ്ധയുണ്ടായിരുന്നു. മറ്റൊരുനിലക്കു പറഞ്ഞാല്‍, ഇസ്‌ലാമിക കാര്യങ്ങളില്‍ താല്‍പര്യം ജനിപ്പിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്റെ പിതാവ് സാഹിവാലിലെ ഒരു ബിസ്‌ക്കറ്റ് കമ്പനിയില്‍ എഞ്ചിനിയറായി ജോലി ചെയ്തിരുന്നയാളാണ്. അന്ന് ബിസ്‌ക്കറ്റിനും കാരാഗ്രഹങ്ങള്‍ക്കും പേരു കേട്ട നാടാണ് സാഹിവാല്‍. പിതാവ് ഒരു യൂണിയന്‍ നേതാവായിരുന്നു. 1956 കളില്‍ അദ്ദേഹം സമരങ്ങള്‍ സംഘടിപ്പിച്ചു. പലപ്പോഴും അത് സംഘര്‍ഷങ്ങളില്‍വരെ എത്തി. ഇങ്ങനെ സമരങ്ങള്‍ സംഘടിപ്പിച്ചാല്‍ ജയിലിലടക്കുമെന്ന് അദ്ദേഹത്തിനു നേരെ ഭീഷണികള്‍ ഉയര്‍ന്നു. അല്ലാത്തപക്ഷം നാട് വിടണമെന്നതായിരുന്നു ഉയര്‍ന്നുവന്ന ആവശ്യം. സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ പിതാവ് അയ്യൂബ് ഖാന്റെ മാര്‍ഷ്യല്‍ ലോ വരുന്നതിനു മുമ്പ്, 1958 ല്‍ നാടുവിടാന്‍തന്നെ തീരുമാനിച്ചു. അങ്ങനെ ലണ്ടനിലേക്കു വണ്ടി കയറി. 1961 വരെ ഞങ്ങള്‍ അവിടെയായിരുന്നു. അവിടെ പട്ടാള ഭരണം തുടങ്ങിയ ആദ്യ രണ്ടു വര്‍ഷമായിരുന്നു അത്. എന്റെ പിതാവിന് പക്ഷെ അവിടെ പല വിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നു, ജോലിപരമായും കുടുംബമായും. എന്റെ പേര് തന്നെ നിങ്ങള്‍ക്കത് മനസ്സിലാക്കിത്തരും. കുടുംബപരമായി ദുര്‍റാനികളാണ് ഞങ്ങള്‍. പക്ഷെ, സര്‍ദാര്‍ എന്നാണ് ഞങ്ങള്‍ ഉപയോഗിച്ചുവരുന്നത്. അതിനു കാരണം മറ്റൊന്നുമല്ല. എന്റെ ഉപ്പാപ്പ ബ്രിട്ടീഷ് ആര്‍മിയില്‍ അംഗമായിരുന്നു. എന്റെ ഉപ്പ ഉപ്പാപ്പയോട് വളരെ അടുത്തയാളും. ബ്രിട്ടീഷുകാര്‍ ഉപ്പാപ്പക്കു നല്‍കിയ സ്ഥാനപ്പേരാണ് സര്‍ദാര്‍. അത് പിന്നെ, ഞങ്ങളും ഉപയോഗിച്ചുപോന്നു. -ഇസ്‌ലാമിക വിഷയത്തില്‍ എങ്ങനെയാണ് ശ്രദ്ധ പതിപ്പിച്ചുതുടങ്ങുന്നത്? അതിന്റെ കാരണക്കാരന്‍ പ്രധാനമായും എന്റെ മാതാവ് തന്നെയാണ്. ഉറുദു സാഹിത്യം പഠിപ്പിക്കലായിരുന്നു പിതാവിന്റെ താല്‍പര്യം. വിശിഷ്യാ, ഗാലിബിന്റെയും മറ്റും രചനകള്‍. ഇംഗ്ലീഷില്‍ അന്ന് വലിയ കഴിവുണ്ടായിരുന്നില്ല. ഇംഗ്ലണ്ടില്‍ എത്തിയപ്പോഴും തൗബത്തു ന്നസൂഹ് പോലെയുള്ള കൃതികള്‍ തന്ന് ഉപ്പ ഉറുദു സാഹിത്യത്തില്‍ പിടിച്ചുനിര്‍ത്തി. ഉപ്പയുടെ ആ ഒരു ശ്രമമില്ലായിരുന്നുവെങ്കില്‍ ഉറുദുവില്‍ ഇന്ന് വളരെ പിന്നിലാകുമായിരുന്നു. എന്നാല്‍, ഖുര്‍ആനും ഹദീസും പഠിക്കാനാണ് ഉമ്മ എന്നെ നിര്‍ബന്ധിച്ചത്. ഞാന്‍ മൂത്ത മകനായതിനാല്‍ ഈ സമ്മര്‍ദ്ദം നല്ലപോലെയുണ്ടായി. ശനിയും ഞായറും പ്രത്യേകിച്ചും. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വിദ്യാര്‍ത്ഥികളുടെ ഇസ്‌ലാമിക സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങളോളം ഞാനായിരുന്നു അതിന്റെ ജനറല്‍ സെക്രട്ടറി. അന്ന് ഷിയ, സുന്നി എന്നിങ്ങനെയുള്ള ഡിവിഷനൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. എല്ലാവരും ഒന്നിച്ചായിരുന്നു. ഒരു വിദ്യാര്‍ത്ഥിയെന്ന നിലക്ക് ഇസ്‌ലാമിനുവേണ്ടി സേവനം ചെയ്യാന്‍ ഏറ്റവും ബന്ധപ്പെട്ടവനാണ് താനെന്ന് ഞാനന്ന് ശരിക്കും മനസ്സിലാക്കിയിരുന്നു. അങ്ങനെ ഞങ്ങള്‍ ഇസ്‌ലാം പഠനത്തിന് ഉസ്‌റ എന്ന പേരില്‍ ഒരു വ്യവസ്ഥാപിത സംവിധാനം വികസിപ്പിച്ചു. ഒരു പണ്ഡിതനു കീഴില്‍ പരമ്പരാഗത രീതിയില്‍ അറിവ് പഠിക്കുകയെന്നതായിരുന്നു ഇതിന്റെ പ്രവര്‍ത്തന രീതി. പിന്നീട് ഞങ്ങള്‍ കാംപ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഒരു പി.എച്ഛ്.ഡി വിദ്യാര്‍ത്ഥിയായ ജാഫര്‍ ശൈഖ് ഇദ്‌രീസ് എന്നയാളെ ക്ഷണിച്ചു. എല്ലാ വ്യാഴാഴ്ചയും ഞങ്ങള്‍ 6-7 പേര്‍ സംഗമിക്കും. ക്ലാസ്സിക്കല്‍ ടെക്സ്റ്റുകള്‍ വായിക്കും. തഫ്‌സീറു ഇബ്‌നു കസീറും മസ്‌നവിയും അതില്‍ ചിലതാണ്. ശൈഖ് ഇദ്‌രീസ് നല്ലൊരു പണ്ഡിതനായിരുന്നു. അദ്ദേഹം ഞങ്ങളെ നല്ലപോലെ പഠിപ്പിച്ചു. സുഡാന്‍കാരനായ അദ്ദേഹം വഹാബി പശ്ചാത്തലമുള്ള വ്യക്തിയാണ്. ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നതിനാല്‍ അദ്ദേഹം ചോദ്യങ്ങളെ പ്രോത്സാഹിപ്പിച്ചു. ഞങ്ങള്‍ പരസ്പരം സംവാദത്തിലേര്‍പ്പെട്ടും ചോദ്യങ്ങള്‍ ചോദിച്ചും ചര്‍ച്ചകള്‍ നടത്തിയും ചിന്ത വികസിപ്പിച്ചു. -ഖുര്‍ആന്‍ മുന്‍കാല വേദങ്ങളുടെ പരിഷ്‌കരിച്ച പതിപ്പാണെന്ന് പറയുന്നുണ്ടല്ലോ. അതിനെക്കുറിച്ച് എന്തു പറയുന്നു? ഇസ്‌ലാം പുതിയൊരു മതമാണെന്ന് പ്രവാചകന്‍ (സ്വ) പോലും അവകാശപ്പെടുന്നില്ലല്ലോ. മറിച്ച്, ഇബ്‌റാഹീമീ പാരമ്പര്യത്തില്‍ സമ്പൂര്‍ണമായി വന്ന ഒന്നാണത് എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. മുന്‍ കാല വേദങ്ങളുടെയെല്ലാം പൂര്‍ത്തീകരണമായിട്ടാണ് ഖുര്‍ആനിന്റെ അവതരണം. അതുകൊണ്ടുതന്നെ, ഖുര്‍ആനില്‍ ചര്‍ച്ച ചെയ്യപ്പെട്ട പല കാര്യങ്ങളും തൗറാത്തിലും ബൈബിളിലും വന്നത് വിഷയമാകുന്നില്ല. പക്ഷെ, മുന്‍കാല വേദങ്ങളെക്കാളെല്ലാം തീര്‍ത്തും വ്യത്യസ്തമായൊരു ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ബൈബിളിന് ഒരു തുടക്കവും ഒടുക്കവും മധ്യവുമുണ്ട്. എന്നാല്‍, ഖുര്‍ആനില്‍ നമുക്കിത് കാണാന്‍ കഴിയില്ല. ബൈബിളിന് വിശദമായൊരു വിവരണ രീതിയാണുള്ളത്. ഖുര്‍ആനിന്റെ രീതി നേരെ മറിച്ചാണ്. അങ്ങനെ നോക്കുമ്പോള്‍ ഖുര്‍ആന്‍ എല്ലാ അര്‍ത്ഥത്തിലും തീര്‍ത്തും വ്യത്യസ്തം തന്നെയാണ്. അതിനു സമാനമായി മറ്റൊന്നുമില്ല. പ്രവാചക ജീവിതത്തിന്റെ സുദീര്‍ഘമായ 23 വര്‍ഷങ്ങള്‍കൊണ്ടാണ് അത് അവതരിച്ചത് എന്നതാണ് ്തിന്റെ പ്രധാനപ്പെട്ടൊരു പ്രത്യേകത. അതിന്റെ അവതരണത്തിന് പ്രത്യേകം കാരണങ്ങളും പശ്ചാത്തലങ്ങളുമുണ്ടായിരിക്കും. ആ പശ്ചാത്തലത്തില്‍ വേണം അതിനെ വായിക്കാനും മനസ്സിലാക്കാനും. ഖുര്‍ആനില്‍നിന്ന് എവിടെനിന്നെങ്കിലും ഒരു സൂക്തമെടുത്ത് മുന്‍ പിന്‍ നോക്കാതെ അതിനെ വ്യാഖ്യാനിക്കാന്‍ നോക്കുന്നത്, അതുകൊണ്ടുതന്നെ, പൂര്‍ണാര്‍ത്ഥം നല്‍കിക്കൊള്ളണമെന്നില്ല. അങ്ങനെ അര്‍ത്ഥം വെക്കുന്നതിന് ഞാന്‍ എതിരാണ്. അവതരണം പശ്ചാത്തലം നോക്കിവേണം ഖുര്‍ആനിനെ മനസ്സിലാക്കാന്‍. അപ്പോഴേ ഓരോ സൂക്തത്തിന്റെയും പൂര്‍ണാര്‍ത്ഥം നമുക്ക് സുഗ്രാഹ്യമാകുന്നുള്ളൂ. -കാലികമായി ഖുര്‍ആനിനെ വായിക്കമെന്നു പറയുന്നത് എങ്ങനെയാണ്? അത് എങ്ങനെ സാധ്യമാകും? മുമ്പ് സൂചിപ്പിച്ച പോലെ ഖുര്‍ആനിലെ ഓരോ സൂക്തത്തിനും അതിന്റെതായ പശ്ചാത്തലങ്ങളും പരിസരങ്ങളുമുണ്ട്. ആ പശ്ചാത്തലത്തില്‍ വേണം അതിനെ മനസ്സിലാക്കാന്‍. ഉദാഹരണത്തിന് അബൂലഹബിന്റെ നാശത്തെക്കുറിച്ച പരാമര്‍ശം. അത് അദ്ദേഹവുമായി ബന്ധപ്പെട്ടതാണ്. അത് കഴിഞ്ഞുപോയൊരു സംഭവവുമാണ്. ഇന്ന് നാം ഈ അധ്യായത്തെ വ്യാഖ്യാനിക്കുമ്പോള്‍ ആ ചരിത്ര പശ്ചാത്തലത്തിലാണ് അതിനെ വ്യാഖ്യാനിക്കേണ്ടത്. ഇങ്ങനെ പല സംഭവങ്ങളും ഖുര്‍ആനില്‍ കാണാന്‍ കഴിയും. ഇനി, ഇങ്ങനെ കാലിക ബന്ധങ്ങളില്ലാത്ത സൂക്തങ്ങളും ഖുര്‍ആനില്‍ കാണാന്‍ കഴിയും. മതത്തില്‍ ബലാല്‍ക്കാരമില്ല എന്ന പരാമര്‍ശം ഉദാഹരണം. അത് എന്നെന്നും ഒരേപോലെ വര്‍ക്ക് ചെയ്യുന്ന ഒരു പ്രാപഞ്ചിക സത്യമാണ്. എന്നും അതിന് ജീവനുണ്ട്. ഒരു ചരിത്ര വസ്തുതക്കപ്പുറം ഒരു സന്ദേശമാണ് അത് നല്‍കുന്നത്. -നിങ്ങളുടെ അഭിപ്രായത്തില്‍ ഏതാണ് ഏറ്റവും നല്ല പ്രാവചക ചരിത്ര ഗ്രന്ഥം? ചിലര്‍ മാര്‍ട്ടിന്‍ ലിങ്‌സിനെയും മുഹമ്മദ് ഹൈക്കലിനെയും മുന്തിക്കുന്നതു കാണാം. ചിലര്‍ ആഡംസണെയും റോഡിന്‍സനെയും കരണ്‍ ആംസ്‌ട്രോങ്ങിനെയും മുന്തിച്ചു പറയുന്നു. ഇതിനെക്കുറിച്ച് എന്തു പറയുന്നു? സീറ എന്നത് നമുക്ക് വളരെ പ്രധാനപ്പെട്ടൊരു സ്രോതസ്സാണ്. കാരണം, നമ്മുടെ വിശ്വാസത്തിന്റെ രണ്ടാം പ്രമാണമാണത്. പുതിയ കാലഘട്ടത്തില്‍ പുതിയ രീതിയില്‍ എഴുതി ചിട്ടപ്പെടുത്തേണ്ട ഒരു കാര്യം കൂടിയാണിത്. പഴയ അറബി രചനകളില്‍ സ്വീകരിക്കപ്പെട്ട അതേ രീതി തന്നെയാണ് ഇന്നും പലരും പ്രവാചക ചരിത്ര രചനയില്‍ സ്വീകരിച്ചുവരുന്നത്. പുതിയ കാലത്ത് കൂടുതല്‍ ഉചിതമായ പുതിയ രീതികള്‍ സ്വീകരിക്കാവുന്നതാണ്. സീറ ഇബ്‌നു ഇസ്ഹാഖാണ് ഇതില്‍ ആദ്യത്തേത്. ഇതിനെ എഡിറ്റ് ചെയ്ത് നന്നാക്കിയതാണ് സീറ ഇബ്‌നു ഹിശാം. പിന്നീടു വന്ന രചനകളെല്ലാം ഇതേ രീതി സ്വീകരിച്ചു വന്നവയാണ്. ഇസ്‌ലാമിനു മുമ്പത്തെ അറേബ്യ, പ്രവാചകരുടെ ജന്മം, കുട്ടിക്കാലം, വിവാഹം, ഖദീജ ബീവി തുടങ്ങിയ ഓഡറിലാണ് അതിലെല്ലാം ചര്‍ച്ചകള്‍ പോകുന്നത്. മാര്‍ട്ടിന്‍ ലിങ്‌സും അതേ രീതി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഖുര്‍ആനിനെ സീറയുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് അദ്ദേഹം ചെയ്ത ശ്രദ്ധേയമായൊരു കാര്യം. -ലോകത്ത് നടന്ന വലിയ സംഘര്‍ഷങ്ങളും കലാപങ്ങളുമെല്ലാം മതവുമായി ബന്ധപ്പെട്ട് അരങ്ങേറിയതാണെന്ന് പറയുന്നവരുണ്ട്. രക്തച്ചൊരിച്ചിലുകള്‍ക്കെല്ലാം കാരണം മതമാണെന്ന് അവര്‍ പറയുന്നു. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു? എനിക്ക് ഇതുമായി ബന്ധപ്പെട്ട് യാതൊന്നും പറയാനില്ല. ചരിത്രം ഇതിനു വ്യകമായയ മറുപടി തരും. ഇരുപതാം നൂറ്റാണ്ടാണ് ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ നൂറ്റാണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന യുദ്ധങ്ങളില്‍ മരിച്ചവരുടെ എണ്ണം ലോകചരിത്രത്തില്‍ എല്ലാ കാലത്തും നടന്ന യുദ്ധങ്ങളില്‍ മരിച്ചവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്. രണ്ട് ലോക മഹായുദ്ധങ്ങള്‍, വിയത്‌നാം, കമ്പോഡിയ, ചൈനയിലെ കള്‍ച്ചറല്‍ റവലൂഷ്യന്‍ തുടങ്ങിയവ നോക്കുക. ലക്ഷങ്ങളാണ് അതിലെല്ലാം മരിച്ചുവീണത്. അതൊന്നും മതവുമായി ബന്ധപ്പെട്ടതായിരുന്നില്ല. മതമാണ് കലാപങ്ങള്‍ക്ക് വഴിമരുന്നിടുന്നത് എന്നത് മഥ്യാധാരണ മാത്രമാണ്. മതങ്ങളുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ യുദ്ധങ്ങളുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. കുരിശു യുദ്ധങ്ങള്‍ ഉദാഹരണം. പക്ഷെ, അതൊന്നും മത പ്രചോദിതമായിരുന്നില്ല. പിന്നെ, മതമാണ് കലാപങ്ങള്‍ക്ക് നമിത്തമാകുന്നത് എന്നത് വസ്തുത മനസ്സിലാക്കാതെയുള്ള ചിലരുടെ പ്രസ്താവനകള്‍ മാത്രമാണ്. അതില്‍ യാഥാര്‍ത്ഥ്യമേതുമില്ല. വെസ്റ്റ് ബാങ്കില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ പോലും മതവുമായി ബന്ധപ്പെടുത്തിക്കൂടാ. അധികാരവും ഭൂമിയും ബന്ധപ്പെട്ട് നടക്കുന്നതാണത്. എന്തിനേറെ, കര്‍ബല പോലും ഒരു മത പ്രേരിത യുദ്ധമെന്ന് പറയാന്‍ പറ്റില്ല. അതില്‍ ഒരു പക്ഷത്ത് പ്രവാചകരുടെ പൗത്രന്‍ ഹുസൈന്‍ (റ) ആണ്. മറുപക്ഷത്താവട്ടെ അധികാരം സ്വന്തമാക്കാനുദ്ദേശിക്കുന്ന ഒരു രാജാവും. അതുകൊണ്ടുതന്നെ, അതൊരു രാഷ്ട്രീയ ഇടപാടായി മാത്രമേ കാണാനാവൂ. -താങ്കളെ എപ്പെഴും മാധ്യമങ്ങള്‍ ഒരു നിരൂപകനോ വിമര്‍ശകനോ ആയിട്ടാണ് പരിചയപ്പെടുത്താറുള്ളത്. ഈ പ്രയയോഗത്തെക്കുറിച്ച് എന്തു പറയുന്നു? സ്വാഭാവികമായും ഞാനൊരു വേറിട്ട മനസ്സ് നിലനിര്‍ത്തുന്ന വ്യക്തി തന്നെയാണ്. ചിന്തയാണ് വിമത ശബ്ദം ജനിപ്പിക്കുന്നത്. നിങ്ങള്‍ എന്നോട് കുറേ സംസാരിക്കുകയാണെങ്കില്‍ ്അതില്‍ എനിക്ക് ദഹിക്കാത്ത പലതുമുണ്ടാകും. ആ ദഹിക്കായ്മ താങ്കളോട് പല ചോദ്യങ്ങളും ചോദിക്കാന്‍ എന്നെ പ്രേരിപ്പിക്കും. ഇത് സ്വാഭാവികമായ ഒരു കാര്യമല്ലേ. അവലംബം: tns.thenews.com വിവ. മോയിന്‍ മലയമ്മ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter