ബഹുസ്വര സമൂഹത്തിലെ ആഘോഷങ്ങള്‍: മുസ്‌ലിം എന്തിന് ചര്‍ച്ചയാവണം?
bahuമതസൗഹാര്‍ദത്തിനു കേളികേട്ട നാടാണ് നമ്മുടെ കേരളം. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനും മതമുള്ളവനും ഇല്ലാത്തവനുമെല്ലാം പരസ്പരം ഒരുമയോടെ ജീവിച്ച് രാജ്യത്തിനു മാതൃക കാണിച്ച സംസ്ഥാനം. വര്‍ഗീയതയുടെ വിഷ വിത്തുകള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേരോട്ടമുണ്ടായപ്പോഴും ശാന്തിയും സമാധാനവും സഹിഷ്ണതയും പുലര്‍ത്തി നമ്മുടെ ‘ദൈവത്തിന്റെ നാട്’ മാതൃകതീര്‍ത്തിരുന്നു. എന്നാല്‍ ഭരണസിരകളില്‍ ഫാസിസം കലരുകയും രാജ്യത്താകമാനം വര്‍ഗീയ ചേരിതിരിവുകളുണ്ടാവുകയും ചെയ്തുതുടങ്ങിയപ്പോഴാണ് മതസൗഹാര്‍ദ്ദത്തിനു വിള്ളലേറ്റിട്ടുണ്ടെന്ന ധാരണ പലര്‍ക്കും വന്നുതുടങ്ങിയത്. അങ്ങനെ മതകീയാദര്‍ശങ്ങള്‍ പോലും ബലി നല്‍കി സൗഹാര്‍ദ്ദം ഉണ്ടാക്കിത്തീര്‍ക്കേണ്ട ദുര:വസ്ഥയിലേക്ക് നമ്മുടെ നാട്ടകങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് പലരുടെയും ധാരണ. ഇതര മതചടങ്ങുകളില്‍ സംബന്ധിക്കുകയും അവരുടെ മതീകയാചാരങ്ങളില്‍ പങ്കുകൊള്ളുകയും ആഘോഷിക്കുകയും ചെയ്തില്ലെങ്കില്‍ ഇവിടെ വര്‍ഗീയ സാഹചര്യങ്ങലും കലാപാന്തരീക്ഷവും സൃഷ്ടിക്കപ്പെടുമെന്ന് പോലും പലരും ധരിച്ചുവശായിരിക്കുകയാണ്. ഓരോ വിശ്വാസിക്കും സ്വന്തം മതത്തില്‍ നിലകൊള്ളാനുള്ള സാതന്ത്ര്യം അനുവദിച്ചുകൊടുക്കലാണ് യഥാര്‍ഥ മതസൗഹാര്‍ദ്ദം വിവക്ഷിക്കുന്നത്; അതായിരുന്നു നമ്മുടെ പൂര്‍വിക മാതൃകയും. വിവിധ മതങ്ങള്‍ക്കിടയില്‍ ഐകൃത്തോടെ ജീവിക്കണമെന്ന് മതപണ്ഡിതന്മാര്‍ അനുയായികളെ പ്രത്യേകം ബോധവാന്മാരാക്കിയിരുന്നു. മമ്പുറം തങ്ങളും സാമൂതിരി രാജാവുമെല്ലാം കേരള ചരിത്രത്തില്‍ ഇന്നും സ്മരിക്കപ്പെടുന്നതും ഈയൊരു കാരണത്താലാണ്. പള്ളികളില്‍ ബാങ്കുവിളിക്കുന്നവരെ നിശ്ചയിക്കാനും അവര്‍ക്ക് മാസപ്പടി നല്‍കാനും പ്രത്യേകം താത്പര്യം കാണിച്ച കോഴിക്കോട്ടെ സാമൂതിരി രാജാവും ജാതിവൈജാത്യങ്ങളുടെ പേരില്‍ അരികുവ്തകരിക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിന് അവരുടെ മതാഘോഷങ്ങള്‍ക്കു വേണ്ടി അനുയോജ്യ സമയവും സ്ഥലവും നിര്‍ണയിച്ചു നല്‍കിയ മമ്പുറം തങ്ങളും കാണിച്ച മതസൗഹാര്‍ദ്ദ മനോഭാവമാണ് നാ അനുവര്‍ത്തിക്കേണ്ടതും അംഗീകരിക്കേണ്ടതും. മതങ്ങള്‍ക്കിടയിലെ സൗഹാര്‍ദാന്തീക്ഷം സൃഷ്ടിച്ചെടുക്കാന്‍ മത നിയമങ്ങളുടെ സര്‍വ സീമകളും ലംഘിച്ചുകൊണ്ടിരിക്കുകയാണ് പുതിയകാലത്തെ ചില രാഷ്ട്രീയ പ്രതിനിധികളും സാമൂഹികവാദികളും. വിവിധ മതസ്ഥര്‍ക്കിടയില്‍ ഐക്യത്തോടെ വര്‍ത്തിക്കുകയും അവരുടെ മതാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും തടസ്സം നില്‍ക്കാതിരിക്കുകയും ചെയ്യലാണ് യഥാര്‍ഥ മതസൗഹാര്‍ദ്ദം ലക്ഷ്യമാക്കുന്നത്. മതേതരഇന്ത്യയിലെ ഇസ്‌ലാമിക കാഴ്ചപ്പാടും അതുതന്നെയാണ്. പകരം നാട്ടിലെ മത സൗഹാര്‍ദ്ദവാദികളുടെയും അന്യമതസ്ഥരുടെയും ദേശീയ മുസ്‌ലിംകളുടെയും ലിബറല്‍ ആശയക്കാരുടെയുമിടയില്‍ പൊതുസ്വീകാര്യനാവാനും അവരുടെ ആഘോഷപരിപാടികളില്‍ മതമുള്ള മതേതര രാഷ്ട്രീയ പ്രതിനിധിയായി വേഷമണിയാനും വേണ്ടി മതം വിലക്കിയ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഭാഗഭാക്കാകുന്നതിനെ ഇസ്‌ലാം ന്യായീകരിക്കുന്നില്ല. പറഞ്ഞു വരുന്നത് നിലവിളക്ക് കൊളുത്തന്നതും ഓണം ആഘോഷിക്കുന്നതുമാണ്. ഇസ്‌ലാമിക ശരീഅത്ത് മുസ്‌ലിംകള്‍ മാത്രമുള്ള ലോകം മുന്നില്‍ കണ്ട് ആവിഷ്‌കരിക്കപ്പെട്ടതല്ലെന്ന കാര്യം നാം മനസ്സിലാക്കണം. മറിച്ച്, ഇതര ദര്‍ശനങ്ങളും മതങ്ങളും ഉള്‍ക്കൊള്ളുന്ന ബഹുസ്വര സമൂഹത്തെ പരിഗണിച്ച് തന്നെയാണ് ഇസ്‌ലാമിക സംഹിതകള്‍ നിലവില്‍ വന്നിട്ടുള്ളത്. ഇതര മതവിഭാഗങ്ങളുടെ ആഘോഷങ്ങളും ആചാരങ്ങളും മുസ്‌ലിംകള്‍ അനുഷ്ഠിക്കുന്നതും കൊണ്ടാടുന്നതും നിഷിദ്ധമാണ്. ഇതര വിഭാഗങ്ങളുടെ മതപരമോ, സാമൂദായികമോ ആയ ആചാരങ്ങളില്‍ ക്ഷണം സ്വീകരിച്ച് പങ്കെടുക്കുന്നതും ജനജാഗരണത്തിനു സഹായകമായ പ്രഭാഷണങ്ങള്‍ നടത്തുന്നതും നിഷിദ്ധമാണെന്ന് ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. എന്നാല്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുകയെന്നത് അവ ആഘോഷിക്കാനോ, അവരുടെ മതാചാരങ്ങള്‍ നിര്‍വഹിക്കുവാനോ ഉള്ള അനുവാദമല്ല. സ്വന്തമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇതര വിശ്വാസികളുടെ ആഘോഷാചാരങ്ങളെ കാണാനാകുമ്പോഴാണ് യഥാര്‍ത്ഥ ഇസ്‌ലാമിക ചൈതന്യം പ്രകടമാവുന്നത്. ഇവിടെയാണ് വിളക്ക് കത്തിക്കുന്നതും ഓണം ആഘോഷിക്കുന്നതും ചര്‍ച്ചയാവുന്നത്. ഇവരണ്ടും ഹൈന്ദവ സഹോദരങ്ങളുടെ മതകീയ ചിഹ്നങ്ങളാണ്. മറിച്ചൊരഭിപ്രായത്തിന് ചരിത്രപരമായ യാതൊരു നിലനില്‍പ്പുമില്ല. ഓണം കേവലം ദേശീയ ഉത്സവമായി പരിചയപ്പെടുത്താന്‍ ചിലര്‍ പാഴ്ശ്രമം നടത്താറുണ്ടെങ്കിലും അതിന്റെ പ്രാരംഭ ചരിത്രം പരിശോധിച്ചാല്‍ ആ വാദം തീര്‍ത്തും ബാലിശമാണെന്നു കാണാം. നിലവിളക്കിന്റെ സാംസ്‌കാരിക പൈതൃകവും ചരിത്രപരമായ നാള്‍വഴിയും തഥൈവ. സര്‍വശക്തനായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും താദാത്മ്യം പ്രാപിക്കാത്തതോ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമായ തൗഹീദിനു നിരക്കാത്തതോ ആയ ആചാരങ്ങളും ആരാധനകളും നിര്‍വഹിക്കുന്നതും ബഹുദൈവ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ കോലം കെട്ടുന്നതും ഇസ്‌ലാം കര്‍ശനമായി വിലക്കിയതാണ്. മറ്റുള്ളവരുടെ ആരാധനയുടെ ഭാഗമായ നിലവിളക്ക് കത്തിക്കുക, ഭസ്മം തൊടുക, പരദൈവങ്ങളുമായി ബന്ധപ്പെട്ടും അവയുടെ സ്മരണകള്‍ അയവിറക്കിക്കൊണ്ടും ഓണം ആഘോഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈയര്‍ത്ഥത്തില്‍ നിഷിദ്ധമാണ്. അത്തരം കാര്യങ്ങള്‍ മതഭ്രഷ്ടിനു വരെ കാരണമാകുമെന്നാണ് പണ്ഡിതന്മാര്‍ പ്രതിപാദിച്ചിരിക്കുന്നത്. പ്രവാചകന്‍ തിരുമേനി (സ്വ) മദീനയിലെത്തിയ കാലത്ത് ചിലര്‍ കളിയിലേര്‍പ്പെടുന്നത് കണ്ടപ്പോള്‍ കാര്യമന്വേഷിച്ചു. ഞങ്ങള്‍ അജ്ഞതാ യുഗത്തില്‍ ഈ ദിനം ആഘോഷിക്കാറുണ്ടെന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ നിങ്ങള്‍ക്ക് അതിനേക്കാള്‍ ഉത്തമമായ രണ്ട് ദിനങ്ങള്‍ അല്ലാഹു പകരം നല്‍കിയിട്ടുണ്ടെന്നായിരുന്നു തിരുനബിയുടെ പ്രതികരണം (ഇമാം അഹ്മദ്). ചെറിയ പെരുന്നാളും വലിയ പെരുന്നാളുമായിരുന്നു നബിയുടെ വിവക്ഷ. അതായത് ഇതര മതങ്ങളുടെ ആചാരങ്ങളും ആഘോഷദിനങ്ങളും കൊണ്ടാടുന്നതും ഇതര സമുദായങ്ങളെയും അവരുടെ മതകീയ ശീലങ്ങളെയും അത്തരമൊരു പരിപ്രേക്ഷ്യത്തില്‍ അനുകരിക്കുന്നതും ഇസ്‌ലാമില്‍ വിലക്കിയിട്ടുണ്ടെന്നര്‍ത്ഥം. ഒരര്‍ത്ഥത്തില്‍ ഓണാഘോഷങ്ങളിലും ഗണേശാദി ഉത്സവങ്ങളിലും പങ്കെടുക്കുന്നതും വേദിയില്‍ തന്റെ മതത്തിന്റെ സന്ദേശം പങ്കുവെക്കുന്നത് വിമര്‍ശിക്കപ്പെടുകയില്ല. മറിച്ച്, ഓണപ്പൂക്കളമിടുമ്പോഴും തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുമ്പോഴും നിലവിളക്ക് കത്തിക്കുമ്പോഴുമാണ് പ്രശ്‌നം. പ്രവാചകന്‍ തിരുനബി (സ്വ) പ്രബോധനത്തിന്റെ ആദ്യകാലങ്ങളിലൊക്കെ കഅ്ബാലയത്തിന്റെ തിരുമുറ്റത്തായിരുന്നു ഇസ്‌ലാമിക സന്ദേശ കൈമാറ്റത്തിനായി തന്റെ അനുചരരോടൊപ്പം സന്നിഹിതനായിരുന്നത്. അവിടെ നഗ്നരായി പ്രദക്ഷിണം നടത്തുന്നവരും അശ്ലീലതകളും ബഹുദൈവവിശ്വാസത്തിലധിഷ്ഠിതമായ കാര്യങ്ങളും പ്രവര്‍ത്തിക്കുന്നവരുമുണ്ടായിരുന്നു താനും. പക്ഷെ, വിവിധ നാടുകളില്‍ നിന്നു ഹജ്ജിനായെത്തുന്നവരെ സമീപിക്കാനും അവര്‍ക്ക് ഇസ്‌ലാമികാദര്‍ശങ്ങള്‍ കൈമാറാനും തന്നെ സന്ദര്‍ശിക്കാന്‍ വരുന്നവരുമായി ഇടപഴകാനും പ്രവാചകന്‍ (സ്വ) ഈയവസരം ഉപയോഗപ്പെടുത്തി. ഇന്ന് രാജ്യത്തെ പൊതുസാംസ്‌കാരിക ബോധം സവര്‍ണമയമാണ്. ഫാസിസം സൃഷ്ടിച്ചെടുക്കുന്ന പൊതുബോധത്തെ അംഗീകരിച്ച്, അവര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളും ആഘോഷങ്ങളും ആരാധനാപരവും വിശ്വാസപരവുമായി ബഹുമാനിക്കുന്ന തരത്തില്‍ നമ്മുടെ സാമുദായിക-രാഷ്ട്രീയ അസ്തിത്വത്തെ ബലി നല്‍കുന്നിടത്താണ് പ്രശ്‌നങ്ങളുടെ കാതല്‍. മുസ്‌ലിം സമൂഹത്തിന്റെ അഭിമാനകരമായ അസ്തിത്വത്തിന്റെ വീണ്ടെടുപ്പിനായി ജന്മമെടുത്ത സാമുദായിക പാര്‍ട്ടിയിലെ ചിലരുടെ ആത്മഹത്യാപരമായ ‘പുരോഗമന'(?!) ചിന്തകള്‍ മുഖേനെ ഏറെ വിനാശകരമായ പര്യവസാനത്തിനായിരിക്കും വഴിതെളിക്കുക. അതുവഴി ഒരു ബഹുസ്വര സമൂഹത്തില്‍ ഒരന്യ മതത്തിന്റെ ആചാരവും അനുഷ്ഠാനവും അനുകരിക്കാത്തവരെ രാജ്യദ്രോഹികളായി മുദ്രണം ചെയ്യപ്പെടുന്ന അതിദാരുണാവസ്ഥയിലേക്ക് നാം എത്തിപ്പെടുകയും ചെയ്യും. ചുരുക്കത്തില്‍ മതസൗഹാര്‍ദത്തിന്റെ വികലമായ കാഴ്ചപ്പാടില്‍ സ്വന്തം അസ്തിത്വത്തെ ബലികൊടുക്കുന്ന പുതിയ കാലത്തെ രാഷ്ട്രീയ ചിന്തകളും സാമൂഹിക ബോധവും തിരുത്തപ്പെടുക തന്നെ വേണം. അത്തരം തെറിച്ച കാഴ്ചപ്പാടുകാരെ കണ്ടെത്തി ആവശ്യമായ പരാഹര മാര്‍ഗങ്ങള്‍ ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണം. കോണ്‍വെന്റ്-പര മതവിദ്യാലയങ്ങളിലും സാഹചര്യങ്ങളിലും പഠിക്കുകയും വളരുകയും ചെയ്തതാണ് അത്തരക്കാരുടെ രോഗം; കുഴപ്പം ഇസ്‌ലാമിന്റേതല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter