സെക്യുലര്‍ സ്‌റ്റേറ്റ് വ്യക്തിയുടെ മതകാര്യങ്ങളില്‍ ഇടപെടരുത്
മുത്ത്വലാഖിനെ പിന്തുണക്കുന്ന ആളല്ല ഞാന്‍. എന്നിരുന്നാലും സ്റ്റേറ്റ് ഏതെങ്കിലും ജാതിയുടെയോ മത വിഭാഗങ്ങളുടെയോ വ്യക്തി നിയമങ്ങളില്‍ ഇടപെടുന്നതിനെ എനിക്ക് ഒരിക്കലും സമ്മതിക്കാനാകില്ല. ഇനി, നിയമം മുത്ത്വലാഖിനെ നിരോധിച്ചാലും ശരി മതപണ്ഡിതന്മാര്‍ അത് ശരിയല്ലെന്ന് പ്രഖ്യാപിക്കാത്ത കാലത്തോളം അതൊരിക്കലും നില്‍ക്കാനും പോകുന്നില്ല. സത്യം പറഞ്ഞാല്‍, മുത്ത്വലാഖുമായി ബന്ധപ്പെട്ട ഈ കോലാഹലങ്ങളൊന്നും സ്ത്രീയുടെ കണ്ണീരൊപ്പുക എന്ന ഒരു ഉദ്ദേശ്യത്തോടെത്തന്നെയല്ല ഉണ്ടായിരിക്കുന്നത്. മറിച്ച്, മുസ്‌ലിം സമൂഹത്തെ പ്രതിരോധത്തിലാക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി മാത്രമാണ്.
അല്ലെങ്കിലും, ഇങ്ങനെയൊരു നിയമം നടപ്പിലാവുന്നതിനു പ്രത്യേകം പ്രസക്തിയൊന്നും കാണാനും കഴിയില്ല. കാരണം, ഈ നിയമത്തിലൂടെ ഉദ്ദേശിക്കപ്പെടുന്ന സംഗതി ആ നിയമം ഇല്ലാതെത്തന്നെ നടക്കുന്നുണ്ട്. മുത്ത്വലാഖ് വിഷയവുമായി അതിനെ അംഗീകരിക്കാത്ത ഒരു മുഫ്തിയുടെ അടുത്തു ചെന്നാല്‍ അതുകൊണ്ട് വിവാഹ മോചനം സംഭവിച്ചിട്ടില്ലായെന്നാണ് അയാള്‍ വിധിയെഴുതുക. അങ്ങനെ ചെന്നു കാണാനുള്ള സാധ്യത നിലനില്‍ക്കെ ഇങ്ങനെയൊരു നിയമം വരുന്നതിനു പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല.
വ്യക്തമായ ഒരു വര്‍ഗീയ-കോര്‍പറേറ്റ് അജണ്ടയുമായാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയിരിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തെ അവരുടെ ഓരോ പ്രവര്‍ത്തനങ്ങളും ഇതിനുള്ള തെളിവാണ്. ഈയൊരു കാലയളവില്‍ ഒരു ദിവസം പോലും വര്‍ഗീയ പ്രശ്‌നങ്ങള്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്യപ്പെടാത്തതായി കടന്നുപോയിട്ടില്ല. മതത്തിന്റെയോ വര്‍ഗത്തിന്റെയോ ഭാഗത്തുനിന്നും കോര്‍പറേറ്റ് അജണ്ടകള്‍ക്ക് വല്ല ഭീഷണിയും അഭിമുഖീകരിക്കേണ്ടി വരുന്ന പക്ഷം കോര്‍പറേറ്റ് അജണ്ടകള്‍ക്കാണ് ആത്യന്തികമായ പ്രാമുഖ്യം കല്‍പിക്കപ്പെട്ടിരുന്നത്. അല്ലാതെ, ഹിന്ദു ധര്‍മം തങ്ങളുടെ ചാലകശക്തിയായി കാണുന്ന ഒരു പാര്‍ട്ടി നിയന്ത്രിക്കുന്ന ഭരണകൂടത്തിന് രാജ്യത്ത് വര്‍ധിച്ചുവരുന്ന വ്യഭിചാരത്തെക്കുറിച്ചോ മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചോ യാതൊരു ആശങ്കയുമില്ല. മറ്റാരെക്കാളും സ്ത്രീകളെയാണ് ഇതെല്ലാം കൂടുതലായും ബാധിക്കുന്നത്. എന്നിട്ടും വേശ്യാവൃത്തിയെയോ മയക്കുമരുന്നിന്റെ ഉപയോഗത്തെയോ നിരോധിക്കുന്ന ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും എന്തുകൊണ്ട് ഉണ്ടാകുന്നില്ല? മാതാപിതാക്കളുടെ സ്വത്തില്‍ ഹിന്ദു സ്ത്രീകള്‍ക്ക് അവകാശം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല? പെണ്‍ ഭ്രൂണ ഹത്യക്കെതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് പദ്ധതി ആവിഷ്‌കരിക്കുന്നില്ല? മുസ്‌ലിം സ്ത്രീയുടെ മുത്ത്വലാഖ് മാത്രമാണോ അവരെ ആകെ സങ്കടപ്പെടുത്തുന്ന ഒരേയൊരു കാര്യം?
ഇന്ത്യയില്‍ അവിഹിത ലൈംഗികവേഴ്ച്ച കുത്തനെ കൂടിക്കൊണ്ടിരിക്കയാണ്. എന്നുമാത്രമല്ല, അത് എച്ച്.ഐ.വി വൈറസിനെ വളര്‍ത്തുകയും ചെയ്യുന്നു. നൂപര്‍ ഡോഗ്ര തയ്യാറാക്കിയ Prostitution in India: The Staggering Numbers And The Stagnant Legality എന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ട്: 'ഇന്ന് ലൈംഗികത എന്നത് 40,000 കോടി വരെ ലാംഭം കൊയ്യാവുന്ന ഒരു വാര്‍ഷിക ബിസിനസാണ് ഇന്ത്യയില്‍. ഈ പണം എന്തിനു വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് ആര്‍ക്കുമറിയില്ല. സമൂഹത്തെ നശിപ്പിക്കുന്ന കുറ്റകൃത്യങ്ങളിലേക്കാണ് ഇത് ചെന്നെത്തുന്നത്. ഒരു സര്‍വേ പ്രകാരം ഇന്ത്യയില്‍ 10 മില്യനോളം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 1,00,000 പേര്‍ ഏഷ്യയിലെ ഏറ്റവും വലിയ ലൈംഗിക വ്യവസായ കേന്ദ്രമായ ബോംബയില്‍ മാത്രം കാണപ്പെടുന്നു. 3,00,000 മുതല്‍ 5,00,000 വരെ കുട്ടികള്‍ ലൈംഗികതക്ക് അടിമപ്പെട്ടുകഴിഞ്ഞിട്ടുണ്ട് ഇന്ത്യയില്‍. ഇതില്‍ 80 ശതമാനവും ബാംഗ്ലൂരിലും മറ്റു പ്രധാന അഞ്ചു പട്ടണങ്ങളിലുമാണ്. ഇന്ത്യയിലെ ലൈംഗികതയുടെ ഇന്നത്തെ കണക്കാണിത്.'
രജിസ്റ്റര്‍ ചെയ്ത 'ലൈംഗിക തൊഴിലാളി'കളെ മാത്രമേ ഔദ്യോഗിക വൃത്തങ്ങള്‍ അംഗീകരിക്കുന്നുള്ളൂ. ആ കണക്കുതന്നെ അല്‍ഭുതകരമാംവിധം വര്‍ധിച്ചതാണ്. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് ഇതിലും ഭീകരമാണ്: 'സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 2007 ല്‍ മൂന്നു മില്യനിലേറെ പെണ്‍ ലൈംഗിക തൊഴിലാളികള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 35. 47 ശതമാനം ആളുകളും തങ്ങളുടെ 18 വയസ്സിനു മുമ്പുതന്നെ ഈ തൊഴിലില്‍ പ്രവേശിക്കുന്നവരാണ്. 1997 നും 2004 നുമിടക്ക് ലൈംഗിക തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്.'
ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം പുറത്തുവിട്ടതനുസരിച്ച് തെക്കന്‍ സംസ്ഥാനങ്ങളിലാണ് ലൈംഗിക തൊഴിലാളികള്‍ കൂടുതലായും കാണപ്പെടുന്നത്. ആന്ധ്രാപ്രദേശില്‍ ഒരു ലക്ഷത്തിലേറെ രജിസ്റ്റര്‍ ചെയ്ത പെണ്‍ ലൈംഗിക തൊഴിലാളികള്‍ ഉണ്ട് എന്നാണ് കണക്ക്. കര്‍ണാടകയിലിത് 79,000 വരും. തമിഴ്‌നാട്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ തുടങ്ങിയവയാണ് എണ്ണത്തില്‍ ഇതിനു തൊട്ടുപിന്നില്‍ വരുന്ന സംസ്ഥാനങ്ങള്‍. ജമ്മു കാശ്മീരാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 259 ലൈംഗിക തൊഴിലാളികളാണ് അവിടെയുള്ളത്. ഇന്ത്യയിലെ മെട്രോ സിറ്റികളില്‍ ഡല്‍ഹിയാണ് ഈ വിഷയത്തില്‍ മുന്‍പന്തിയില്‍. ഔദ്യോഗികമായി ജി.ബി റോഡ് എന്ന ഒരു ഏരിയയാണ് അവിടെ അവര്‍ക്കുള്ളത്.
വേശ്യകളെ മാത്രമല്ല ഈ വൃത്തി ബാധിക്കുന്നത്. വിവിധ രൂപങ്ങളിലായി അത് മറ്റു സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. മൂന്നു ലക്ഷത്തിലേറെ പേര്‍ ഇന്ത്യയില്‍ എച്ച്.ഐ.വി ബാധിതരാണ്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ മാത്രമല്ല ഇതിലുള്ളത്. വേശ്യകളുമായി ബന്ധപ്പെടുന്ന തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍നിന്നോ ബോയ്ഫ്രണ്ടില്‍നിന്നോ പകര്‍ന്നവരാണ് വലിയൊരു ഭാഗം.
പക്ഷെ, എന്നിട്ടും വേശ്യാവൃത്തിക്കോ പോര്‍ണോഗ്രഫിക്കോ എതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് യാതൊരു നടപടിയും എടുക്കുന്നില്ല? അത് മാര്‍ക്കറ്റിന്റെ താല്‍പര്യത്തിനെതിരാവുമെന്നതാണോ അവക്കെതിരെ നിരോധന പ്രഖ്യാപിക്കാത്തതിനു പിന്നിലെ രഹസ്യം? അപ്പോള്‍, സ്ത്രീയുടെ യഥാര്‍ത്ഥ അവകാശങ്ങളെ സംരക്ഷിക്കുകയെന്നതല്ല, മാര്‍ക്കറ്റ് സ്‌പോണ്‍സേഡ് ഫെമിനിസം എന്ന അജണ്ടയെ പ്രമോട്ട് ചെയ്യുക മാത്രമാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യം.
മയക്കുമരുന്നിന്റെ ഉപയോഗം നോക്കിയാലും വസ്തുത ഇതുതന്നെ. ചെന്നൈയിലെ ടി.ടി. രംഗനാഥന്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 62.5 മില്യന്‍ പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ലോകത്തു തന്നെ ആല്‍കോഹോളിക് ബീവറേജുകളുടെ ഏറ്റവും വലിയ മൂന്നാമത്തെ മാര്‍ക്കറ്റാണ് ഇന്ത്യ എന്നാണ് കണക്ക്. ആല്‍കോഹോള്‍ കലര്‍ന്ന വസ്തുക്കളുടെ വിപണിക്ക് ഇന്ത്യയില്‍ വര്‍ഷംപ്രതി 8 ശതമാനം വളര്‍ച്ച ഉണ്ടാകുന്നതായാണ് കണക്കുകള്‍ പറയുന്നത്.
മയക്കുമരുന്നിന്റെ ഉപയോഗം മാരകമായ അസുഖങ്ങളാണ് അതിന്റെ ഉപയോക്താക്കളില്‍ ഉണ്ടാക്കുന്നത്. കാന്‍സര്‍ മുതല്‍ മരണത്തില്‍ കലാശിക്കുന്ന വിവിധ തരത്തിലുള്ള രോഗങ്ങള്‍ അതുവഴി ഉണ്ടാകുന്നു.
കുടിക്കുന്നവരെ മാത്രമല്ല ആല്‍കോഹോള്‍ കൊല്ലുന്നത്. മറിച്ച്, ഇവിടെ നടക്കുന്ന വലിയൊരു അളവോളം ആക്‌സിഡന്റുകള്‍, കൊല, ആ്ത്മഹത്യ, ബലാല്‍സംഗം തുടങ്ങിയവയുടെ പിന്നിലെല്ലാം ഇതാണ് മുഖ്യ പങ്ക് വഹിക്കുന്നത്. ഒരു കണക്കനുസരിച്ച് ഒരു വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന 1.34 ലക്ഷം റോഡ് അത്യാഹിതങ്ങളില്‍ 70 ശതമാനവും മയക്കുമരുന്ന് കഴിച്ച് ഡ്രൈവിംഗ് ചെയ്യുക വഴി വന്നുചേരുന്നതാണത്രെ.
ഇത്തരുണത്തില്‍, ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും വിശിഷ്യാ, ഇവിടത്തെ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ ആവശ്യപ്പെടുന്നതാണ് ആല്‍കോഹോള്‍ നിരോധനമെന്നത്. ടൈംസ് ഓഫ് ഇന്ത്യ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 98 ശതമാനം സ്ത്രീകളും 86 ശതമാനം പുരുഷന്മാരും കേരളത്തില്‍ മദ്യനിരോധനത്തെ പിന്തുണക്കുന്നവരാണ്.
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉല്‍കണ്ഠയുള്ളവരാണ് സര്‍ക്കാറെങ്കില്‍ ഈ രണ്ടു വിഷയങ്ങളിലാണ് ഏറ്റവും ആദ്യം നിരോധന കൊണ്ടുവരേണ്ടത്. അതാണ് യഥാര്‍ത്ഥ ഹിന്ദു ധര്‍മയുടെ സംരക്ഷണം. അതല്ല, തങ്ങളുടെ ധര്‍മയുടെ സംരക്ഷണത്തെക്കാള്‍ മാര്‍ക്കറ്റിംഗ് ഫെമിനിസവും തങ്ങളുടെ അജണ്ട നടപ്പാക്കലുമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇന്നത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.
മോദി സര്‍ക്കാര്‍ ആത്മാര്‍ത്ഥതയോടെയാണ് സ്ത്രീ സുരക്ഷാവിഷയം ഏറ്റെടുത്തതെങ്കില്‍ സ്വന്തം മാതാപിതാക്കളുടെ സ്വത്തില്‍ സ്ത്രീകള്‍ക്ക് അവകാശം നേടിക്കൊടുക്കാന്‍ ആവശ്യമായ നടപടികളാണ് ഏറെ മുന്‍ഗണന നല്‍കി ചെയ്യേണ്ടിയിട്ടുള്ളത്. മുസ്‌ലിംകളെക്കാള്‍ ഹിന്ദു സഹോദരിമാര്‍ക്കിടയിലാണ് ഈ വിഷയം കൂടുതല്‍ സങ്കീര്‍ണം. പുതിയ നിമയങ്ങള്‍കൊണ്ടുവന്ന് അവര്‍ക്ക് അതിലുള്ള അവകാശം ഉറപ്പുവരുത്താത്ത കാലത്തോളം അവര്‍ക്കതില്‍ അര്‍ഹിക്കുന്ന ഒരു പങ്കും ഉണ്ടാകാന്‍ പോകുന്നില്ല.
ചുരുക്കത്തില്‍, രാജ്യത്ത് മുത്ത്വലാഖിന്റെ പേരില്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം, സ്ത്രീ ജീവിതത്തിന് ഭീഷണിയാകുംവിധം നാട്ടില്‍ പ്രചാരം നേടിയ വേശ്യാവൃത്തി, ആല്‍കോഹോള്‍ ഉപയോഗം, പെണ്‍ ഭ്രൂണഹത്യ, മാതാപിതാക്കളുടെ സ്വത്തിലുള്ള അവകാശങ്ങള്‍ തടയുന്ന ഘടകങ്ങള്‍ തുടങ്ങിയവക്കെതിരെയാണ് സര്‍ക്കാര്‍ എത്രയുംവേഗം നിയമനടപടികള്‍ കൊണ്ടുവരികയും അവയെ നിയന്ത്രിക്കുകയും ചെയ്യേണ്ടത്. അല്ലാതെ, വര്‍ഗീയത ഇളക്കിവിട്ട് തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസത്തെയോ ആചാരങ്ങളെയോ ചോദ്യം ചെയ്യുകയല്ല.
വിവ. അനീസ് അഹ്മദ്
Leave A Comment