നാട് ജലയുദ്ധങ്ങളിലേക്കു നീങ്ങുമ്പോള്‍ ഖുര്‍ആന്റെ ജലപാഠങ്ങള്‍ക്ക് പ്രസക്തിയേറുന്നു
വെള്ളം ജീവന്റെ നിലനില്‍പിന് അനുപേക്ഷണീയമായ ഒന്നാണ്. വെള്ളത്തില്‍ നിന്നാണ് ജീവന്റെ ഉത്ഭവം എന്നാണല്ലോ വേദവും ശാസ്ത്രവുമെല്ലാം പഠിപ്പിക്കുന്നത്. ജലസാമീപ്യമുള്ള നദീതടങ്ങളിലാണ് മഹത്തായ നാഗരിക സംസ്‌കാരങ്ങളെല്ലാം ജന്മംകൊണ്ടതും വളര്‍ച്ച പ്രാപിച്ചതും. വെള്ളമില്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. കുടിക്കാനും കുളിക്കാനും കാര്‍ഷിക വ്യാവസായിക ആവശ്യങ്ങള്‍ക്കുമെല്ലാം വെള്ളം വേണം.
ഇന്ന് വെള്ളത്തെക്കുറിച്ചുള്ള ആകുലതകളും ചര്‍ച്ചകളും ഏറെ ശക്തമായിക്കൊണ്ടിരിക്കയാണ്. മരിക്കുന്ന പുഴകളും വറ്റുന്ന കിണറുകളും മലിനമാക്കപ്പെടുന്ന ജലാശയങ്ങളുമെല്ലാം ഭൂമിയില്‍ മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ഭാവിക്കുമുമ്പില്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്നു. ഒരു ഭാഗത്ത് വെള്ളത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, മറുഭാഗത്ത് അത് കുറയാനുള്ള സാധ്യതയേറുകയും ഉള്ള ജലം തന്നെ അതിവേഗം മലിനമാക്കപ്പെടുകയും ചെയ്യുന്നു. കോടിക്കണക്കിന് മനുഷ്യര്‍ ഇന്ന് കുടിവെള്ളത്തിനായി കേഴുകയാണ്. ഈ നൂറ്റാണ്ടില്‍ മാനവരാശി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ജലദൗര്‍ലഭ്യമായിരിക്കുമെന്നാണ് പ്രവചനം.
ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗവും വെള്ളമാണെന്ന് നമുക്കറിയാം. പക്ഷേ, ഈ ജലത്തിന്റെ 97 ശതമാനവും കടലിലെ ഉപ്പുവെള്ളമാണ്. ഇത് നമുക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ബാക്കിയുള്ള മൂന്ന് ശതമാനം വെള്ളത്തില്‍ 69 ശതമാനവും ധ്രുവപ്രദേശങ്ങളിലും, പര്‍വത ശിഖരങ്ങളിലും മഞ്ഞുകട്ടയായും മഞ്ഞുപാളിയായും ഉറഞ്ഞുകിടക്കുന്നു. ചുരുക്കത്തില്‍ ഭൂമിയിലുള്ള ആകെ ജലത്തില്‍ 0.008 ശതമാനം മാത്രമാണ് മനുഷ്യന് ഉപയോഗയോഗ്യമാംവിധം ഭൂമിയിലെ ജലാശയങ്ങളില്‍ കാണുന്നത്. എക്കാലത്തെയും മനുഷ്യന്റെ നിലനില്‍പിന് ഇത് മതിയാകും. എന്നാല്‍ ആധുനിക മനുഷ്യന്റെ ലാഭക്കൊതിയും അനിയന്ത്രിതമായ ചൂഷണവും പ്രകൃതിക്കുമേലുള്ള കടന്നുകയറ്റവും മൂലം ഭൂമുഖത്ത് ജലലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഏകദേശം 80 ശതമാനം വെള്ളവും മലനീകരണത്തിന് വിധേയമായിക്കഴിഞ്ഞു എന്നാണ് വിദഗ്ധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മിക്കവാറും എല്ലാ നദികളും തുറന്ന ഓട്ടച്ചാലുകളായി തീര്‍ന്നിരിക്കുന്നുവത്രെ. 44 നദികളുള്ള കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. മാനവസംസ്‌കാരങ്ങള്‍ രൂപം കൊണ്ടത് നദീതീരങ്ങളിലാണെങ്കില്‍ ആധുനിക നാഗരികത നദികളെ നശിപ്പിച്ചുകൊണ്ട് അതിന് ചരമഗീതം രചിക്കാനുള്ള തിരക്കിലാണ്.
ശരാശരി ഒരാള്‍ക്ക് ലഭ്യമാവുന്ന വെള്ളത്തിന്റെ അളവ് 1000 ക്യൂബിക് മീറ്ററില്‍ താഴെയാണെങ്കില്‍ ആ രാജ്യത്തെ ജലക്ഷാമം അനുഭവിക്കുന്ന നാടായി കണക്കാക്കാം. ഈ മാനദണ്ഡപ്രകാരം 1998-ല്‍ ലോകത്തില്‍ 28 രാജ്യങ്ങളാണ് ജലക്ഷാമം നേരിടുന്നത്. 2025 ആകുമ്പോഴേക്കും ഇത് 56 ആയിമാറും. അഥവാ 2025-ല്‍ 320 കോടി ജനങ്ങള്‍ (അന്നത്തെ ജനസംഖ്യയുടെ 40 ശതമാനം) കുടിവെള്ളക്ഷാമം അനുഭവിക്കും എന്നര്‍ത്ഥം. ലോകത്താകെ ജലജന്യരോഗങ്ങള്‍കൊണ്ട് മരണമടയുന്നവരുടെ എണ്ണം ഏകദേശം 250 ലക്ഷമായി കണക്കാക്കിയിട്ടുണ്ട്. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ആകെ മരണത്തില്‍ മൂന്നില്‍ രണ്ടുഭാഗവും ജലജന്യരോഗങ്ങള്‍ കൊണ്ടാണത്രെ!
കേരളം ലോകത്തില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശമായിട്ടുകൂടി വേനല്‍ തുടങ്ങുംമുമ്പെ ഇവിടെ ജലാശയങ്ങളെല്ലാം വറ്റിവരളും. വേനല്‍ രൂക്ഷമാവുമ്പോള്‍ ഒരുകൂട്ടം വെള്ളത്തിനായി നാഴികകളോളം താണ്ടേണ്ടിവരും. പാതിരാക്കുപോലും വെള്ളത്തിന്റെ വരവും കാത്ത് വാട്ടര്‍ടാപ്പിന്റെ ചുവട്ടില്‍ പാത്രങ്ങളുടെ നീണ്ട നിര കാണാം. ജലസംരക്ഷണത്തെ കുറിച്ചുള്ള അവബോധമില്ലായ്മയാണ് ഒരു പരിധിവരെ വെള്ളക്ഷാമത്തിനുള്ള കാരണങ്ങളിലൊന്ന്. അമിതചൂഷണവും അശ്രദ്ധയും മൂലം അമൂല്യമായ ജലം പാഴാക്കിക്കളയുന്ന പ്രവണത പ്രകടമാണിന്ന്. നമ്മുടെ ജീവിതരീതിയിലും ചിന്താഗതിയിലും വന്ന മാറ്റങ്ങളും ഈ പ്രക്രിയക്ക് ആക്കം കൂട്ടിയിട്ടുണ്ട്. പണവും സമ്പത്തും സൂക്ഷിച്ചും പിശുക്കിയും ചെലവഴിക്കുന്നവര്‍ പോലും അമൂല്യമായ ജീവജലം ധൂര്‍ത്തടിച്ചുകളയുന്നു. പുരോഗതിയുടെയും പത്രാസിന്റെയും സ്തംഭങ്ങളായി നാം പടുത്തുയര്‍ത്തിയിരിക്കുന്ന കോണ്‍ക്രീറ്റ് ബംഗ്ലാവുകളില്‍ ഒരു ദിവസം സ്വിമ്മിംഗ് പൂളിലും ടോയ്‌ലറ്റുകളിലും ഷവറുകളിലും മറ്റും ധൂര്‍ത്തടിച്ചു പാഴാക്കിക്കളയുന്ന ശുദ്ധജലത്തിന്റെ അളവെത്രയാണ്! നിറഞ്ഞൊഴുകുന്ന പുഴയില്‍ നിന്ന് അംഗസ്‌നാം ചെയ്യുകയാണെങ്കില്‍ പോലും അനാവശ്യമായി വെള്ളം ഉപയോഗിക്കരുതെന്ന പ്രവാചകനിര്‍ദ്ദേശം നമ്മുടെ ബോധമണ്ഡലത്തെ സ്വാധീനിക്കാതെ പോകുകയാണോ?
ഒരാള്‍ക്ക് ഒരു ദിവസം കുടിക്കാനും അടുക്കളയാവശ്യങ്ങള്‍ക്കും കൂടി 10 ലിറ്റര്‍ വെള്ളം മതി. കുളിക്കാനും അലക്കാനും മറ്റുമായി 30-40 ലിറ്റര്‍ വെള്ളം വേണം. അങ്ങനെ ഒരാളുടെ അത്യാവശ്യങ്ങള്‍ക്കെല്ലാം കൂടി ഒരു ദിവസത്തില്‍ 50 ലിറ്റര്‍ വെള്ളം ധാരാളമാണ്. എന്നാല്‍ ഇന്ന് നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ വെള്ളത്തിന്റെ ഉപയോഗം ഇതിന്റെയൊക്കെ എത്രയോ ഇരട്ടിയാണ്. വെള്ളം ദുരുപയോഗം ചെയ്യുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക. ഒരിറ്റ് വെള്ളത്തിനായി നെട്ടോട്ടമോടുന്ന കോടിക്കണക്കിന് മനുഷ്യര്‍ ലോകത്തുണ്ട്.
ജനസംഖ്യാ വര്‍ദ്ധനവ് മൂലമുള്ള ആഗോള ജലഉപയോഗത്തിലുള്ള വര്‍ദ്ധനവിനേക്കാള്‍ നഗരവല്‍ക്കരണം, വ്യവസായ വല്‍ക്കരണം, വനനശീകരണം, വയല്‍ നികത്തല്‍, അമിതമായ ഭൂഗര്‍ഭജല ചൂഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയാണ്. പ്രത്യക്ഷമായോ പരോക്ഷമായോ ജലസ്രോതസ്സുകളെ ബാധിക്കുന്ന പ്രധാനഘടകങ്ങള്‍. നമ്മുടെ ജീവിത സൗകര്യങ്ങളില്‍ വന്ന മാറ്റവും പ്രസക്തമാണ്. വെള്ളം കോരി ഉപയോഗിച്ചിരുന്ന പഴയ രീതിയില്‍നിന്നു പമ്പുസെറ്റുകളുടെയും ഷവറുകളുടെയും വാഷ്‌ബേസിനുകളുടെയും സംസ്‌കാരത്തിലേക്ക് നാം മാറി. ആദ്യകാലത്ത് കുടിവെള്ളത്തിന് മാത്രമേ നാം കിണറുകളെ ആശ്രയിച്ചിരുന്നുള്ളൂ. കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കും പുഴകളെയും കുളങ്ങളെയുമൊക്കെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് അണുകുടുംബ വ്യവസ്ഥിതി ജലഉപയോഗത്തെ ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഈ അമിത ജലചൂഷണം ഭൂഗര്‍ഭ ജലവിതാനം താഴാനിടയാക്കുന്നു എന്നു മാത്രമല്ല, പരിസ്ഥിതി സന്തുലനത്തെയും തകരാറിലാക്കുന്നുണ്ട്. ഭൂമിക്കടിയില്‍ അതീവ ഭദ്രമായി സംരക്ഷിച്ചിരിക്കുന്ന ഭൂഗര്‍ഭജലം പോലും കുഴല്‍കിണറുകളിലൂടെയും മറ്റും അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നത് വ്യാപകമായിരിക്കുന്നു. ഇത് സമീപത്തുള്ള കിണറുകള്‍ വറ്റാനും ജലവിതാനം കൂടുതല്‍ താഴാനും ഇടയാക്കുന്നു.
ശുദ്ധജല ദുരുപയോഗത്തിന്റെ കാര്യത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകളും വലിയ പങ്കു വഹിക്കുന്നുണ്ട്. ഒരു ദിവസത്തെ ഉല്ലാസത്തിന് വേണ്ടിമാത്രം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം അവിടെ ആവശ്യമായി വരുന്നു. കേരളത്തിലെ പ്രശസ്തമായ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കണക്കനുസരിച്ച് അവര്‍ക്ക് ഒരുദിവസം 10 ലക്ഷം മുതല്‍ 12 ലക്ഷം ലിറ്റര്‍ വരെ വെള്ളം വേണം. അതും ശുദ്ധജലം. സന്ദര്‍ശകര്‍ക്ക് ഉല്ലസിക്കാനും വിവിധ ജലകേളികളില്‍ ഏര്‍പ്പെടാനുമുള്ള വെള്ളത്തിന്റെ കണക്കാണിത്. മലയാളിയുടെ സുഖാനന്ദതൃഷ്ണയുടെ പ്രതീകമെന്നോണം കേരളത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇവിടങ്ങളിലെല്ലാം പാഴാക്കിക്കളയുന്ന വെള്ളമുണ്ടെങ്കില്‍ പതിനായിരക്കണക്കിന് ആളുകളുടെ ആവശ്യത്തിനത് മതിയാകും. മനുഷ്യന്റെയും, ജീവിവര്‍ഗത്തിന്റെയും നിലനില്‍പിന്റെ ആധാരമായ ജലത്തോട് തിരിച്ചൊരു ബാധ്യതയും നമുക്കില്ലേ? ജലത്തിന്റെ സ്വാഭാവിക സംരക്ഷണ സ്രോതസ്സുകളായ വയലുകളും കുളങ്ങളും മണ്ണിട്ടുനികത്തിയും, പുഴകളിലെ മണല്‍ വാരിയും മണിമാളിക പണിതുയര്‍ത്തുമ്പോള്‍ നാം ജലത്തിന്റെ അന്തകരായിത്തീരുകയാണ്.
വെള്ളമിന്ന് വിലയേറിയ ഒരു വസ്തുവായി മാറിക്കൊണ്ടിരിക്കുന്നു. ഇതുവരെ സൗജന്യമായി ലഭിച്ചിരുന്നത്‌കൊണ്ട് നമുക്കതിന്റെ മൂല്യം മനസ്സിലായിരുന്നില്ല. പൊതുസ്വത്ത് എന്ന കാഴ്ചപ്പാടില്‍നിന്നു ബഹുരാഷ്ട്രകുതത്തകകളുടെ സ്വകാര്യസ്വത്ത് എന്ന നിലയിലേക്ക് വെള്ളം മാറിക്കൊണ്ടിരിക്കുകയാണ്. ജലസ്വകാര്യവല്‍ക്കരണത്തിനുള്ള മുറവിളികളാണ് പല ഭാഗത്തുനിന്നു മുഴങ്ങിക്കേള്‍ക്കുന്നത്. ചില വിദേശരാജ്യങ്ങളില്‍ അവരുടെ ജീവിതത്തിന്റെ പകുതിയോളവും വെള്ളം വാങ്ങാനായി നീക്കിവെക്കണമത്രെ. ഈയൊരു അവസ്ഥ നമ്മുടെ നാട്ടിലും എത്തിക്കൂടായ്കയില്ല. ഒരുകിലോ അരിയുടേതിനേക്കാള്‍ വില ഒരു ബോട്ടില്‍ വെള്ളത്തിന് കൊടുക്കണമിന്ന്. എത്രപേര്‍ക്കിതിന് സാധ്യമാകും?
ഈ വര്‍ഷം മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് ഏറെ ആശങ്കയുണര്‍ത്തുന്ന താണ്. ഈ വര്‍ഷം മാത്രമല്ല, വരും വര്‍ഷങ്ങളിലും സ്ഥിതി വിഭിന്നമായിരിക്കില്ല. വെള്ളം ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചല്ല, അത് സംരക്ഷിക്കേണ്ടതിനെയും കരുതലോടെ ഉപയോഗിക്കേണ്ടതിനെയും പറ്റിയുള്ള ചിന്തകളാണ് നമ്മില്‍ ഉണ്ടാവേണ്ടത്. ഓരോ തുള്ളി ജലവും വളരെ വിലപ്പെട്ടതാണെന്ന ബോധവും നമുക്കുണ്ടാവണം. ആവശ്യത്തിലുമധികം വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവാണ് ഏറെ പ്രധാനം. അയല്‍ക്കാരന്റെ വഴിമുടക്കുന്നതുപോലും കുറ്റമാണെന്ന് പഠിപ്പിക്കുന്നുവെങ്കില്‍ സഹജീവികളുടെ ജീവനും നിലനില്‍പിന് തന്നെയും ഭീഷണിയാകുന്ന വെള്ളത്തിന്റെ ദുരുപയോഗം കടുത്ത പാതകമാണെന്ന കാര്യത്തില്‍ സംശയമില്ല. സാങ്കേതികരംഗത്തെ പുരോഗതിയും പുതിയ കണ്ടുപിടിത്തങ്ങളും മൂലം പലതിനും പകരം വെക്കാന്‍ മറ്റുവല്ല വസ്തുക്കളും ആധുനിക മനുഷ്യന് കണ്ടെത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ വെള്ളത്തിന് പകരം വെക്കാന്‍ അവന്റെ കൈയിലെന്താണുള്ളത്? വെള്ളത്തിനു സമം വെള്ളം മാത്രം.
''ആകാശത്ത് നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് നാമതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചുകളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.'' (വി.ഖു: 23:18)



Leave A Comment