സെക്‌സും അമേരിക്കന്‍ രാഷ്ട്രീയവും: ട്രംപ് തുറക്കുന്ന വഴികള്‍
hilary-trumpപ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് ഇനി 15 ദിവസം മാത്രം ബാക്കി നില്‍ക്കെ അമേരിക്കന്‍ രാഷ്ട്രീയം രതി ചര്‍ച്ചകളുടെ രംഗവേദിയാകുന്നു. ഇതിനകം പതിനൊന്ന് സ്ത്രീകളാണ് ലൈംഗിക ആരോപണവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖരും പ്രധാനികളുമാണ് ഇതില്‍ പലരും. കേവലം ആരോപണങ്ങള്‍ എന്നതിലപ്പുറം ചിത്രങ്ങളടക്കം നിഷേധിക്കാനാവാത്ത തെളിവുകളുമായാണ് പലരുടെയും രംഗപ്രവേശം. ഏറ്റവും ഒടുവില്‍ പോണ്‍ സ്റ്റാര്‍ ജെസീക്ക ഡ്രെയ്ക്കാണ് ട്രംപിനെതിരെ രംഗത്തു വന്നത്. പത്തു വര്‍ഷം മുമ്പ് ലേക്ക് താഹോയില്‍ ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്നെ കടന്നു പിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ജെസീക്കയുടെ ആരോപണം. ടൂര്‍ണമെന്റിനിടെ ട്രംപ് ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് വൈകീട്ട് ഹോട്ടല്‍ മുറിയിലെത്താന്‍ പറഞ്ഞുവെന്നും ജെസീക്ക പറയുന്നു. ഇതിനായി ട്രംപ് തനിക്ക് പതിനായിരം ഡോളര്‍ വാഗ്ദാനം ചെ്തുവെന്നാണ് ജെസീക്ക മുന്നോട്ടുവെക്കുന്ന ആരോപണം. ഇതിനായി താനും ട്രംപും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോയും ജെസീക്ക മുന്നോട്ടു വെക്കുന്നു. ഇതോടെ ട്രംപ് സ്ത്രീ ലമ്പടന്‍, സ്ത്രീ അവകാശങ്ങളുടെ നിഷേധി തുടങ്ങിയ ആക്ഷേപങ്ങള്‍ അമേരിക്കന്‍ തെരുവ് ചര്‍ച്ചകളില്‍ സജീവമായിക്കഴിഞ്ഞു. എതിര്‍ പാര്‍ട്ടി ഹിലരി ക്ലിന്റനാണ് ഈ അവസരം നല്ലപോലെ ഉപയോഗപ്പെടുത്തുന്നത്. ഏറ്റവും ഒടുവില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബാറ്റില്‍ പോലും ട്രംപിന്റെ സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം വലിയൊരു വിഷയമായിരുന്നു. പീഡനവീരന്‍ എന്നുവരെ ഈ ഡിബാറ്റിനിടെ ഹിലരി ട്രംപിനെ വിശേഷിപ്പിക്കുകയുണ്ടായി. ഇതിനിടെ തന്റെ ഭര്‍ത്താവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി ട്രംപിന്റെ ഭാര്യ മെലാനിയയും രംഗത്തെത്തിയിരുന്നു. ട്രംപിന്റെ വാക്കുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതും നിന്ദ്യവുമാണെന്നായിരുന്നു മെലാനിയയുടെ ആരോപണം. സ്ത്രീകളോട് മോശമായി പെരുമാറിയതിന് വാഷിംഗ്ടന്‍ പോസ്റ്റ് തെളിവുകളുമായി രംഗത്തെത്തിയതോടെ ട്രംപ് മാപ്പപേക്ഷയുമായി കടന്നുവന്നതാണ് ഈ നാടകത്തിലെ പുതിയ ടേണിംഗ്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും ആസന്നമായ ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുമാണെന്നാണ് ട്രംപിന്റെ പ്രത്യാരോപണം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഇങ്ങനെ തുടരുമ്പോഴും അമേരിക്കന്‍ രാഷ്ട്രീയ രംഗം ഉയര്‍ത്തുന്ന ലജ്ജാകരമായ ചില സംഗതികളുണ്ട്. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഒരാളെക്കുറിച്ചാണ് ഇത്രയേറെ ആരോപണങ്ങളുമായി ഇത്രയും സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. അമേരിക്കന്‍ ഡിക്ഷ്ണറിയില്‍ രാഷ്ട്രീയ സദാചാരം എന്നൊരു വാക്ക് തന്നെ നിലനില്‍ക്കുന്നില്ലായെന്ന് ഇത് വ്യക്തമാക്കുന്നു. മുമ്പ് ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരുന്നപ്പോഴും ഇതേ പോലെ സ്ത്രീ ബന്ധങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നുവെന്നതാണ് ട്രംപിന് ആകെയുള്ള പിന്‍ബലം. വൈറ്റ് ഹൗസിലെ ജോലിക്കാരിയായ മോണിക്ക ലെവിന്‍സ്‌കിയുമായിട്ടായിരുന്നു അന്ന് അദ്ദേഹത്തിന്റെ ബന്ധം. 2008 ലാണ് ഇത് മറ നീക്കി പുറത്തുവന്നിരുന്നത്. ഇന്ന് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയപ്പോഴേക്കും ഒരു ഡസനോളം ആരോപണങ്ങളാണ് ട്രംപിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇവിടെയാണ് ഓരോരുത്തരും അറിയാതെ ചോദിച്ചുപോകുന്നത്; അമേരിക്കന്‍ പ്രസിഡന്റും സെക്‌സും തമ്മിലെന്ത് എന്ന്!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter