അപ്പോള്‍, മതം മാറല്‍ കുറ്റകരമാണോ?
താന്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള പൂര്‍ണ സ്വാതന്ത്ര്യം ഒരു ഇന്ത്യക്കാരനെന്ന നിലക്ക് ഇവിടത്തെ ഓരോ പൗരനുമുണ്ട്. അതിന്റെ നിഷേധം ഭരണഘടനാ നിഷേധമാണ്. അതില്‍, പൗരന്റെ മൗലികാവകാശങ്ങളില്‍ സുപ്രധാനമായി എണ്ണിയ ഒന്നാണ് വിശ്വാസ സ്വാതന്ത്ര്യം. എന്നാല്‍, ഈയൊരു അവകാശത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. നിരന്തരമായ സ്വയം അന്വേഷണങ്ങളിലൂടെയും ബോധ്യത്തിലൂടെയും സത്യമതം കണ്ടെത്തി അത് പുല്‍കുന്നവരെ തീവ്ര ഹിന്ദു കൂട്ടായ്മ ആര്‍.എസ്.എസ് തിരഞ്ഞുപിടിച്ച് വകവരുത്തിക്കൊണ്ടിരിക്കുന്നു. മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗറിലെ പുല്ലാണി ഫൈസല്‍ എന്ന ചെറുപ്പക്കാരന്റെ അതിദാരുണമായ കൊലപാതകം ഈ നിരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ്.
വ്യക്തിയവകാശങ്ങള്‍ക്കും വിശ്വാസ വെളിച്ചത്തിനുമെതിരെ വാളെടുക്കുന്ന ഈ കാടന്‍ നിലപാട് ഇന്ത്യന്‍ മതേതരത്വ സങ്കല്‍പത്തിനെതിരെയുള്ള വെല്ലുവിളിയായി വേണം മനസ്സിലാക്കാന്‍. മറ്റു വിശ്വാസങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയും ഇരുട്ടിനോടുള്ള ചിലരുടെ അദമ്യമായ സ്‌നേഹവുമാണ് ഇത് വ്യക്തമാക്കുന്നത്. അധികാര ധാര്‍ഷ്ട്യത്തിന്റെയും വിശ്വാസ അന്ധതയുടെയും സ്വകാര്യാംശങ്ങളും ഇതില്‍ നിഴലിച്ചുകാണുന്നു.
മതസൗഹാര്‍ദത്തില്‍ പേരുകേട്ട മലപ്പുറത്തിന്റെ കുഗ്രാമങ്ങളില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഇറക്കാനും സാമുദായിക സംഘര്‍ഷങ്ങളുണ്ടാക്കി മുതലെടുപ്പു നടത്താനും കുറച്ചുകാലമായി തക്കം പാര്‍ത്തിരിക്കുകയാണ് ആര്‍.എസ്.എസ്. അതിനുവേണ്ടിയുള്ള പല ശ്രമങ്ങളും അവര്‍ കാലങ്ങളായി മെനഞ്ഞുകൊണ്ടിരിക്കുന്നു. സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ മലപ്പുറത്തെ മുസ്‌ലിംകളെ ഇകഴ്ത്തിക്കാണിക്കാനും ഈ നാടിനെ ഭീകരതയുടെ ഹബ്ബായി ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാണിക്കാനും അവര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈയിടെ മലപ്പുറത്തുണ്ടായ സ്‌ഫോടനം അതില്‍ ഒന്നായിരുന്നു. ഇസ്‌ലാം മതം സ്വീകരിച്ചതുകൊണ്ടുമാത്രം ഫൈസ്വലിനെതിരെ അവര്‍ സ്വീകരിച്ച ഈ ക്രൂരമായ നിലപാടും ഈയൊരു അജണ്ടയുടെ ഭാഗമായിത്തന്നെവേണം വായിക്കാന്‍. മലപ്പുറം മതം മാറ്റങ്ങളുടെ കേന്ദ്രമാണെന്ന് ഉയര്‍ത്തിക്കാണിക്കുകവഴി അവിടത്തെ മത സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഫൈസ്വലിന്റെ മാതാവ് മീനാക്ഷി വസ്തുതകള്‍ തുറന്നുപറഞ്ഞതോടെ അവരുടെ പണി പാളിയിരിക്കുകയാണ്. ഫൈസ്വല്‍ സ്വന്തം താല്‍പര്യത്തോടെയാണ് ഇസ്‌ലാം സ്വീകരിച്ചതെന്നും അതിന് ഞങ്ങളുടെയെല്ലാം സമ്മതമുണ്ടായിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കിയിരുന്നു. ഒരു ഭാര്യയെയും മൂന്നു പിഞ്ചു മക്കളെയും വഴിയാധാരമാക്കി എന്നിട്ടും എന്തിന് തെമ്മാടികള്‍ ഈ ക്രൂരകൃത്യം ചെയ്തുവെന്നത് ഇപ്പോഴും വ്യക്തത വരാത്ത കാര്യമാണ്.
ഫൈസവും യാസിറും ഒറ്റപ്പെട്ട സംഭവങ്ങളല്ല
ഫൈസ്വല്‍ വധം ഒരിക്കലും ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. വര്‍ഷങ്ങളായി മതം മാറുന്നവരെ വകവരുത്താന്‍, നിയമങ്ങളെയെല്ലാം വെല്ലുവിളിച്ച്, ഈ തീവ്ര സംഘടന രംഗത്തുണ്ട്. 1965 ല്‍ മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ സ്വദേശിയായ യുവാവിനെ ഇസ്‌ലാം സ്വീകരിച്ചതു കാരണം ആര്‍.എസ്.എസ് വകവരുത്തിയിരുന്നു. 1989 ല്‍ മതം മാറിയ യുവതിയെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സഹോദരനും ആര്‍.എസ്.എസ് വിഭാഗ് കാര്യവാഹകും ചേര്‍ന്ന് മഞ്ചേരി ജില്ലാ കോടതി കോംപൗണ്ടില്‍വെച്ച് വെട്ടി നുറുക്കുകയുണ്ടായി. അരീക്കോട് സ്വദേശിനിയായ ചിരുത എന്ന പെണ്‍കുട്ടി സ്വേഷ്ടപ്രകാരം ഇസ്‌ലാം സ്വീകരിച്ച് ആമിനക്കുട്ടിയായി മാറിയതായിരുന്നു കാരണം. 1994 ല്‍ പുറത്തൂരിലെ ഹംസ എന്ന സാധാരണക്കാരന്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടു. 1998 ല്‍ തിരൂരിലെ ആമപ്പാറക്കല്‍ യാസിര്‍ എന്ന പ്രബോധകന്‍ ക്രൂരമായി കഴുത്തറുക്കപ്പെട്ടത് ഇന്നും കേരള ജനത മനറന്നുപോയിട്ടില്ല. ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന യാസിര്‍ ഇസ്‌ലാമിനെ കുറിച്ച് പഠിച്ചതോടെ അതില്‍ ആകൃഷ്ടനാവുകയും മുസ്‌ലിമായി അതിന്റെ പ്രചാരകനായി മാറുകയുമായിരുന്നു. ധാരാളം ആളുകള്‍ക്ക് സത്യമതത്തിന്റെ വെളിച്ചം കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങനെയാണ് ആര്‍.എസ്.എസിന്റെ കണ്ണിലെ കരടാകുന്നതും ഒടുവില്‍ അദ്ദേഹത്തിന്റെ രക്തസാക്ഷ്യത്തില്‍ പര്യവസാനിക്കുന്നതും.
പൂര്‍ണ അസഹിഷ്ണുതയില്‍നിന്നും ഉരുവംകൊള്ളുന്ന ആര്‍.എസ്.എസിന്റെ ഈ മനുഷ്യത്വവിരുദ്ധ നിലപാട് സംഘടനയുടെ ക്രൂരവും രാജ്യവിരുദ്ധവുമായ മുഖത്തെയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഈ ഭീകര കൂട്ടായ്മയുടെ മാനവവിരുദ്ധമായ നിലപാടുകളെ രാജ്യം തിരിച്ചറിയേണ്ടതുണ്ട്. രാജ്യസ്‌നേഹത്തിന്റെ പേരില്‍ മനുവാദം പ്രചരിപ്പിക്കുന്ന ഇവര്‍ രാജ്യത്തെ ഇടുങ്ങിയ ഒരു ചിന്താഗതിക്കുള്ളില്‍ തിരുകിനിറുത്താനുള്ള ബദ്ധപ്പാടിലാണ്. സെക്യുലറിസ്റ്റ് കാഴ്ചപ്പാടുകളെ കാറ്റില്‍ പറത്തി, തങ്ങളുണ്ടാക്കിയ മാനദണ്ഡം ഉപയോഗിച്ച് മറ്റുള്ളവരുടെ രാജ്യസ്‌നേഹം അളക്കുകയാണ് അവരിന്ന്. ഇത് ഇന്ത്യ പോലുളള, മത ജാതി ഭേദമന്യേ എല്ലാവരും ഒരുമിച്ചു നിന്ന, ഒരുമയുടെ ബഹുസ്വര ഭൂമിയില്‍ വര്‍ഗീയതയുടെ വിഷവിത്തിറക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിയ ഡോ. അംബേദ്കര്‍ പോലും ഹിന്ദൂയിസത്തിലെ ബ്രഹ്മണമേധാവിത്വത്തില്‍ അസംതൃപ്തി പ്രകടിപിച്ച് ഇറങ്ങിപ്പോന്ന വ്യക്തിയാണെന്ന് ഇവിടെ തിരിച്ചറിയേണ്ടതുണ്ട്.
ഫ്രീഡം ഓഫ് ഫെയ്ത്തും ഭരണഘടനയും
ഭരണഘടനയനുസരിച്ച് ജനാധിപത്യ സെക്ക്യുലര്‍ റിപ്പബ്ലിക്കാണ് ഇന്ത്യ. അതനുസരിച്ച് രാജ്യത്തിന് ഔദ്യോഗികമായി യാതൊരു മതവുമില്ലെങ്കിലും പൗരന്മാര്‍ക്ക് ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും അത് അഭ്യസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. ഭരണഘടനയുടെ 25 ാം വകുപ്പ് ഇക്കാര്യം ഉറപ്പ് നല്‍കുന്നു. എല്ലാ വ്യക്തികള്‍ക്കും തുല്യമായ മന:സാക്ഷി സ്വാതന്ത്ര്യവും സ്വതന്ത്രമായി മതം ഏറ്റു പറയാനും പരസ്യപ്പെടുത്താനുമുള്ള സ്വാതന്ത്ര്യവും ഇന്ത്യക്കാര്‍ക്കു മാത്രമല്ല, ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്കും ഇവിടെ സന്ദര്‍ശനം നടത്തുന്നവര്‍ക്കുപോലും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ബലപ്രയോഗം, വഞ്ചന പോലെയുള്ള അവിഹിത വഴിയിലൂടെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം മാത്രമേ ഇവിടെ എതിര്‍ക്കപ്പെടുന്നുള്ളൂ. അതിന് വിശുദ്ധ ഇസ്‌ലാം ഒരിക്കലും അംഗീകാരം നല്‍കുന്നുമില്ല. മതത്തില്‍ നിര്‍ബന്ധക്കലില്ലായെന്ന് ഖുര്‍ആന്‍ കട്ടായം പറയുന്നുണ്ട്.
ഘര്‍വാപസി എന്ന പേരില്‍ ഇഷ്ടമതങ്ങളില്‍നിന്നും ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ധാര്‍ഷ്ട്യം കാണിച്ചത് ആര്‍.എസ്.എസ് തന്നെയായിരുന്നു. കൊടിയ അസഹിഷ്ണുതയുടെയും വര്‍ഗീയ വെറിയുടെയും പേരില്‍ ഒരുതരം അതിരുകടന്ന സങ്കുചിതത്വമാണ് ഈ തീവ്രകൂട്ടായ്മ സ്വന്തം അണികളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വരത്ക്കും മത ജാതി വിഭാഗങ്ങളുടെ ഒത്തൊരുമക്കും ഇത് വിഘാതം നില്‍ക്കുമെന്നത് ഉറപ്പാണ്. സത്യം തേടിപോകുന്ന നിഷ്‌കളങ്കരായ ഫൈസ്വല്‍മാര്‍ക്ക് ഇത് വലിയൊരു വെല്ലുവിളിയുമായിരിക്കും. ഇവിടത്തെ ഓരോ പൗരനും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ മുറപ്രകാരം ഉറപ്പുവരുത്താന്‍ ഇനിയും നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയാതെ വരുന്നത് ഏറെ ഖേദകരം തന്നെ. മതം മാറാന്‍ സംഘികളുടെ സര്‍ടിഫിക്കറ്റ് വാങ്ങണമെന്നു പറയുന്നത് എന്തുമാത്രം ആശാസ്യമല്ല!



Leave A Comment