സ്‌കൂളുകളില്‍ എന്തിന് യോഗ പരിശീലിപ്പിക്കണം?

സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പരിശീലനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രോഫ. രവീന്ദ്രനാഥ് വ്യക്തമാക്കിയതോടെ യോഗ ഒരിക്കലൂടെ ചര്‍ച്ചാവിഷയമാവുകയാണ്. ചില വിശ്വാസങ്ങളുമായി മാത്രം ബന്ധപ്പെട്ട യോഗ മതേതരത്വ സംവിധാനത്തില്‍ നടന്നുപോകുന്ന പൊതു സ്‌കൂളുകളില്‍ അടിച്ചേല്‍പിക്കപ്പെടുന്നത് ന്യായമാണോ എന്നതാണ് ഇതോടെ ഉയര്‍ന്നുവരുന്ന ചോദ്യം. നേരത്തെത്തന്നെ ശക്തമായ എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയ ഇത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിഗണിക്കപ്പെടാതിരിക്കുകയായിരുന്നു. പ്രത്യേകം പ്രേരണകളൊന്നുമില്ലാത്ത ഈയൊരു സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനവുമായി വരുന്നതിലെ ഔചിത്യം പരിശോധിക്കേണ്ടതുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് രാജ്യത്ത് യോഗ ചര്‍ച്ചാവിഷയമാകുന്നത്. പ്രധാനമന്ത്രിയായ ശേഷം പ്രഥമ അന്താരാഷ്ട്ര യോഗാദിനം കെങ്കേമമായി ആഘോഷിച്ച മോദി ക്രമേണ യോഗയെ രാജ്യത്തിന്റെ പൊതു രീതിയായി മാറ്റാനുള്ള വഴികള്‍ മെനയുകയായിരുന്നു. യോഗാപഠന കേന്ദ്രങ്ങള്‍ പണിതും വിദ്യാഭ്യാസ സ്ഥാപനങ്ങളെ അതിനായി ഉപയോഗപ്പെടുത്തിയുമാണ് ബി.ജെ.പി സര്‍ക്കാര്‍ ഇതിനുള്ള ശ്രമങ്ങളാരംഭിച്ചത്. അതിനെ തുടര്‍ന്ന് ബി.ജെ.പി അധികാരത്തിലുള്ള പല സംസ്ഥാനങ്ങളിലും ഇതിനുള്ള പല പദ്ധതികളും ആവിഷ്‌കരിക്കപ്പെട്ടിരുന്നു.

എന്നാല്‍, ഹിന്ദു വിശ്വാസവും ആചാരവുമായി മാത്രം ബന്ധപ്പെട്ട യോഗയെ എന്തിനാണ് രാജ്യത്തിന്റെ പൊതു രീതിയായി ആചരിക്കുന്നത് എന്ന ചോദ്യമുയര്‍ത്തി അന്നു തന്നെ രാജ്യത്ത് ഉടനീളം ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ചരിത്രപരമായും ആചാരപരമായും യോഗക്ക് ഹൈന്ദവതയുമായി മാത്രമേ ബന്ധം കണ്ടെത്താനാവുകയുള്ളൂ. എന്നാല്‍, ഇത് ഭാരതത്തിന്റെ ആചാര രീതിയാണെന്ന് പറഞ്ഞാണ് മോദി ഭരണകൂടം ഇതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചത്. രാജ്യത്തെ ഹിന്ദുത്വവല്‍കരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ മനസ്സിലാക്കാനാവുകയുള്ളൂ. അതുകൊണ്ടാണ്, മതേതര ഇന്ത്യ ഇതിനെ ശക്തമായി എതിര്‍ത്തു തോല്‍പിച്ചതും. 

രാജ്യത്ത് എല്ലാ മതക്കാര്‍ക്കും അവരുടെ വിശ്വാസവും ആചാരവും അനുഷ്ഠിക്കാനുള്ള എല്ലാ വിധ അവകാശവുമുണ്ട്. ഭരണഘടന ഉറപ്പുതരുന്ന അവകാശമാണിത്. പക്ഷെ, ഒരു വിഭാഗത്തിന്റെ വിശ്വാസാചാരങ്ങളെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. അതിന് മാനുഷികമായും സാമൂഹികമായും യാതൊരു പിന്തുണയുമില്ല. യോഗയുടെ കാര്യവും ഇതേ അര്‍ത്ഥത്തില്‍ തന്നെ വേണം ചിന്തിക്കാന്‍. ഇന്ത്യയില്‍ ഹിന്ദു ആചാരവുമായി ചിരപരിചിതമായ ഒരു അഭ്യാസമാണ് യോഗ. അതിനെ ഒരു സുപ്രഭാതത്തില്‍ പൊതുവല്‍കരിക്കുകയും രാജ്യത്തിന്റെ ആചാരവുമാക്കി മാറ്റുകയും ചെയ്യുന്നതില്‍ സംഘ്പരിവാര്‍ അജണ്ടകളാണ് പ്രവര്‍ത്തിക്കുന്നത്. അത് തിരിച്ചറിയപ്പെടാതെ പോകരുത്.

സംസ്ഥാനത്ത് ചില സ്‌കൂളുകളില്‍ യോഗ പരിശീലിപ്പുക്കുന്നത് ഏത് അര്‍ത്ഥത്തിലാണെങ്കിലും കറ കളഞ്ഞ മതേതര സങ്കല്‍പ്പത്തിനെതിരാണ്. വിദ്യാഭ്യാസ മന്ത്രി ഇതേ സംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ്: 'ശരീരത്തിന്റെ സന്തുലനമാണ് യോഗാഭ്യാസത്തിന്റെ ലക്ഷ്യം. ഏതെങ്കിലും മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല യോഗാഭ്യാസം. യോഗ അഭ്യസിക്കുന്നതോടൊപ്പം അതിന്റെ ശാസ്ത്രീയ വശങ്ങള്‍ നിരീക്ഷിക്കുകയും വേണം.' ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യോഗ ഒളിംപ്യാഡില്‍ പങ്കെടുക്കുന്ന കേരള ടീമംഗങ്ങള്‍ക്ക് സംഘടിപ്പിക്കപ്പെട്ട സ്വീകരണ യോഗത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. 

ഭരതനാട്യവും കുച്ച്പിടിയും കോല്‍ക്കളിയും പോലെ ഒരു മത്സര ഇനമായി മാത്രം ഗണിക്കപ്പെടേണ്ടതാണോ യോഗയും? അങ്ങനെ ആണെങ്കില്‍തന്നെ, അതിന് സ്‌കൂളുകളില്‍ പ്രത്യേകം പരിശീലനങ്ങള്‍ നല്‍കപ്പെടേണ്ടതുണ്ടോ? മറ്റുള്ള പല ഇനങ്ങളിലും സ്‌കൂളുകളില്‍ ഔദ്യോഗിക പരിശീലനം നടല്‍കപ്പെടാത്ത സ്ഥിതിക്ക്, ഇതിന് പ്രത്യേകം പരിഗണനയും പ്രാമുഖ്യവും നല്‍കപ്പെടുന്നത് ഏതോ ചില സമ്മര്‍ദ്ദങ്ങള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

നിസ്‌കാരത്തെ നിസ്‌കാരമായും കുര്‍ബാനയെ കുര്‍ബാനയായും യോഗയെ യോഗയായും തന്നെ കാണണം. പബ്ലിക് സ്‌കൂളുകളില്‍ നിസ്‌കാരം നിര്‍ബന്ധമാക്കുകയും അതിന്റെ ശാസ്ത്രീയവും ആരോഗ്യകരവുമായ വശങ്ങളാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് പ്രസ്താവിക്കുകയും ചെയ്യുന്നതുപോലെത്തന്നെ മൗഢ്യമാണ് യോഗ ആരോഗ്യ-ശാസ്ത്രീയ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് സ്‌കൂളുകളില്‍ പരിശീലിപ്പിക്കുന്നത് എന്നു പറയുന്നതും. അതിന് പ്രത്യേകം മതവും വിശ്വാസവും ആചാരവുമായി ബന്ധമുണ്ടെന്നത് പരക്കെ അറിയപ്പെട്ട കാര്യമാണ്. 

ജംബിങും ഷൂട്ടിങും പോലെ കോവലമൊരു സ്‌പോര്‍ട് ഐറ്റമായി യോഗയെ കാണാന്‍ കഴിയുമോ എന്നിടത്ത് വലിയൊരു പ്രശ്‌നം ദൃശ്യമാണ്. കുച്ച്പിടിയും ഭരതനാട്യവും ക്ഷേത്രകലകളാണെങ്കില്‍ തന്നെ അതിനൊരു ദൃശ്യാവിഷ്‌കാരം കൂടിയുണ്ട്. എന്നാല്‍, യോഗയുടെ കാര്യം അങ്ങനെയല്ല. അതിന് കേവല ചലനങ്ങള്‍ക്കപ്പുറം ആത്മാവുമായി ബന്ധപ്പെട്ടാണ് അതിന്റെ കിടപ്പ്. ഏതായാലും, സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗാ പരിശീലനം ആരംഭിക്കുമെന്നു പറയുമ്പോള്‍ അതിന്റെ ആരോഗ്യ-ശാസ്ത്രീയ വശങ്ങള്‍ക്കപ്പുറം മത-ആചാര ബാന്ധവം കൂടി കെട്ടഴിക്കപ്പെടേണ്ടതുണ്ട്; നിഗൂഢതകള്‍ നീങ്ങേണ്ടതുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter