കളവ് എപ്പോള്‍ പറഞ്ഞാലും തെറ്റുതന്നെയാണ്
lieഇംഗ്ലീഷ് മാസത്തിലെ നാലാമത്തെ മാസമാണ് ഏപ്രില്‍. ഈ മാസത്തിന്റെ എടുത്തുപറയേണ്ടുന്ന വിശേഷത സസ്യലതാതികള്‍ തളിരിട്ട് വസന്തം മുളപൊട്ടുന്ന മാസമാണ് എന്നതാണ്. ഇംഗ്ലീഷിലെ ഏപ്രില്‍ (April) എന്ന പദത്തിന്റെ ഉല്‍ഭവം തന്നെ 'വസന്തം തുറക്കുക' എന്ന ര്‍ത്ഥം വരുന്ന 'എപേരിയ' (Aperia) എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്. വസന്തത്തിന്റെ വരവോടെ മനുഷ്യകുലത്തിന് നന്മമാത്രം സമ്മാനിക്കുന്ന ഈ മാസത്തിന്റെ തുടക്കത്തിലാണ് കളവ് പറയാനായി ആഗോളതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏപ്രില്‍ഫൂള്‍ ദിനം. ഫ്രാന്‍സിലെ രാജാവായിരുന്ന ചാള്‍സ് ഒമ്പതാമന്റെ സംഭാവനയാണ് ഈ ദിനം. ഫ്രാന്‍സുകാര്‍ ഏപ്രില്‍ ഒന്നിനായിരുന്നു ന്യൂ ഇയര്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ 1564 ഓഗസ്റ്റ് ഒമ്പതിന് ചാള്‍സ് രാജാവ് മറ്റു രാജ്യക്കാരെ പോലെ തന്നെ ജനുവരി ഒന്നിന് ന്യൂഇയര്‍ ആഘോഷിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാലും ചിലര്‍ തങ്ങളുടെ കൂട്ടുകാര്‍ക്ക് ഏപ്രില്‍ ഒന്നിന് ന്യൂഇയര്‍ സന്ദേശം നേര്‍ന്നുകൊണ്ട് കാര്‍ഡ് അയച്ചു. കാര്‍ഡ് കൈപറ്റിയ ആള്‍ ന്യൂ ഇയര്‍ അല്ലാത്ത ദിവസം ഗ്രീറ്റിംഗ്‌സ് കാര്‍ഡ് കൈ പറ്റിയതിന്റെ പേരില്‍ വിഡ്ഢിയായി. ഫ്രാന്‍സുകാര്‍ തുടങ്ങിവെച്ച ഈ വിഡ്ഢിദിനം പിന്നീട് ലോകത്തിന്റെ നാനാഭാഗത്തേക്കും വ്യാപിച്ചു. ഏപ്രില്‍ ഒന്നിന് വിഡ്ഢിയാക്കപ്പെട്ടവന്‍ ഫ്രാന്‍സില്‍ 'ഏപ്രില്‍ മത്സ്യം' എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്വിറ്റ്‌സര്‍ലണ്ടില്‍ അവിടത്തെ കാമുകി കാമുകന്മാര്‍ വീട്ടുമുറ്റത്ത് ചെടികളും മറ്റും നട്ട് ഈ ദിവസം ആഘോഷിക്കുന്നു. പ്രേമത്തിന്റെ പ്രതീകമായാണ് സ്വിറ്റ്‌സര്‍ലണ്ടുകാര്‍ ഈ ചെടിയെ പരിഗണിച്ചിരിക്കുന്നത്. ജാതിമത വര്‍ഗഭേദമന്യേ ആഗോളതലത്തില്‍ എല്ലാവരും ഈ ദിവസത്തില്‍ കളവ് പറഞ്ഞ് അപരനെ വിഡ്ഢിയാക്കുന്നു. മഹിതദര്‍ശനത്തിന്റെ വക്താക്കളായ മുസ്‌ലിംകളും ഇതില്‍ പങ്കുചേരുന്നുവെന്നതാണ് കൗതുകകരം. ബ്രിട്ടീഷ് കുറ്റാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സര്‍ സിറില്‍ബര്‍ട്ട് കളവിനെ എട്ടായി തരം തിരിച്ചിരിക്കുന്നു. 1. ഫലിതത്തിന് പറയുന്ന കളവുകള്‍ (Playful lies), 2. ആശയക്കുഴപ്പത്തിലാക്കുന്ന കളവുകള്‍ (Confusing lies), 3. വിചിത്രകല്‍പ്പനകളവുകള്‍ (Fantacy lies), 4. രോഗസംബന്ധമായ കളവുകള്‍ (Pathological lies), 5. കൂറു പുലര്‍ത്താനുള്ള കളവുകള്‍ (lies of loyality), 6. സ്വാര്‍ത്ഥതാപരമായ കളവുകള്‍ (Selfish lies), 7. പൊങ്ങച്ചം ഉയര്‍ത്തിക്കാണിച്ചുകൊണ്ടുള്ള കളവുകള്‍ (Vanity arousing lies), 8. പ്രതികാരേച്ഛാപരമായ കളവുകള്‍ (Revengeful lies). മേല്‍പറഞ്ഞ കളവുകളില്‍ ഫലിതത്തിന് പറയുന്ന കളവുകളും ആശയക്കുഴപ്പത്തിലാക്കുന്ന കളവുകളുമാണ് ഏപ്രില്‍ ഒന്നിന് കൂട്ടുകാരനെയോ കൂട്ടുകാരിയെയോ മറ്റുള്ളവരെയോ വിഡ്ഢിയാക്കാന്‍ മിക്കവാറും ആളുകള്‍ ഉപയോഗിക്കുന്നത്. കളവ് പറയല്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ തെറ്റാണ്. ഏപ്രില്‍ ഫൂളിന് കളവ് പറയാം എന്നാണ് ചില അല്‍പജ്ഞാനികളായ മുസ്‌ലിംകള്‍ കരുതിയിരിക്കുന്നത്. എന്നാല്‍ പരിശുദ്ധ ഇസ്‌ലാമില്‍ കളവ് പറയാനായി ഒരു ദിവസവും നിശ്ചയിച്ചിട്ടില്ല. നബി(സ) ഒരിക്കല്‍ പറഞ്ഞു: ''സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. സത്യസന്ധത പാലിക്കുന്ന ഒരു വ്യക്തി അല്ലാഹുവിന്റെയടുക്കല്‍ 'സത്യസന്ധന്‍' എന്നെഴുതപ്പെട്ടിരിക്കുന്നു. കളവ് തെറ്റിലേക്കും തെറ്റ് നരകത്തിലേക്കും നയിക്കുന്നു. ഒരു വ്യക്തി സദാ കളവ് പറയുന്നുവെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ അയാളെ കുറിച്ച് 'കള്ളം പറയുന്നവന്‍' എന്നെഴുതപ്പെട്ടിരിക്കും.'' (മുത്തഫഖുന്‍ അലൈഹി) നബി(സ) തന്റെ അനുയായികളോട് ചോദിക്കുമായിരുന്നു- നിങ്ങളില്‍ ആരെങ്കിലും സ്വപ്നം കാണാറുണ്ടോ? അല്ലാഹു ഉദ്ദേശിച്ച ചില വ്യക്തികള്‍ തങ്ങള്‍ ദര്‍ശിച്ച സ്വപ്നം പ്രവാചകര്‍ക്ക് വിവരിച്ചുകൊടുക്കും. ഒരിക്കല്‍ മുഹമ്മദ് നബി(സ) പറഞ്ഞു: കഴിഞ്ഞ രാത്രി രണ്ടുപേര്‍ എന്റെയടുത്തുവന്ന് ഞാന്‍ അവരുടെ കൂടെ യാത്ര ചെയ്യണമെന്ന് പറഞ്ഞു. ഞങ്ങള്‍ യാത്രയായി. പല അത്ഭുതസംഭവങ്ങളും ആ യാത്രയില്‍ കണ്ടു. ഞാന്‍ കണ്ട സംഭവങ്ങളെ കുറിച്ചെല്ലാം അവരോട് ചോദിച്ചു. അപ്പോള്‍ അവരെന്നോട് പറഞ്ഞു. ''നടക്കൂ. നടക്കൂ...'' ആ യാത്രയില്‍ പ്രവാചകന്‍ കണ്ട സംഭവം ഇപ്രകാരമായിരുന്നു. ഒരാള്‍ മലര്‍ന്നുകിടക്കുന്നു. അടുത്ത് തന്നെ ഇരുമ്പിന്റെ കൊളുത്തുമായി വേറെ ഒരാള്‍ നില്‍ക്കുന്നു. അയാള്‍ മലര്‍ന്നുകിടക്കുന്നവന്റെ കവിളില്‍ കൂടി അവന്റ വായ പിരടി വരെ വലിച്ചുകീറുന്നു. പിന്നീട് മുഖത്തിന്റെ മറുഭാഗത്തേക്ക് നീങ്ങി ആദ്യഭാഗത്ത് ചെയ്തതുപോലെ അവിടെയും ചെയ്യുന്നു. ഒരു ഭാഗത്ത് നിന്നയാള്‍ ഒഴിവാകുമ്പോഴേക്കും മറുഭാഗം പൂര്‍വസ്ഥിതി പ്രാപിച്ചിരിക്കും. ഈ പ്രവൃത്തി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ കൂടെയുള്ള ഇരുവരോടും ചോദിച്ചു: 'ആരാണിവര്‍?' അവര്‍ പറഞ്ഞു: ''നടക്കൂ.. നടക്കൂ..'' അവസാനം ഈ അനുഭവത്തെ കുറിച്ച് അവരെന്നോട് പറഞ്ഞു: ''യാത്രയില്‍ കണ്ട വായും മുഖവും പിരടി വരെ കുത്തിക്കീറപ്പെട്ടവന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയാല്‍ ലോകം മുഴുവന്‍ കേള്‍ക്കുമാറ് കളവ് കെട്ടിപ്പറയുന്നവനാണ്.'' ഏപ്രില്‍ഫൂള്‍ ദിനത്തില്‍ കളവ് പറയുന്നവരേ, നിങ്ങളെ കാത്തിരിക്കുന്നതും മേല്‍പറഞ്ഞ രീതിയിലുള്ള ഭയാനകമായ ദൈവിക ശിക്ഷയായിരിക്കും. സത്യവിശ്വാസി കളവ് പറയില്ലെന്നാണ് മഹദ്‌വചനം. ആളുകളെ ചിരിപ്പിക്കാന്‍ കളവ് പറയുന്നവര്‍ക്ക് വന്‍ നാശമുണ്ടെന്ന് ഹദീസുകളില്‍ കാണാം. സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ പോലും കളവ് പറയാതെ സത്യവിശ്വാസത്തിന്റെ മാറ്റ് കാത്തുസൂക്ഷിക്കാന്‍ പൂര്‍വസൂരികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ചരിത്രം. ആപല്‍ഘട്ടങ്ങളിലും ഏപ്രില്‍ ഫൂള്‍ ദിനത്തിലും, നിത്യജീവിതത്തിലും സത്യം മാത്രമേ പറയൂ എന്ന് പ്രതിജ്ഞ ചെയ്യുകയും അത് ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്യുക. അതാണ് ഇഹത്തിലും പരത്തിലും നമുക്ക് വിജയം. കള്ളം പറയുന്നവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. (വി.ഖു: 51:10)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter