ഈ രക്തത്തിൽ നമുക്കുമുണ്ട് പങ്ക്!
കോവിഡ് ബാധിച്ച് ആരോഗ്യനില ഏറെ പരിതാപാകരമായ സിദ്ധീഖ് കാപ്പനെ എയിംസിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ച് കേരള മുഖ്യമന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് കത്തെഴുതിയതാണ് ഈ കുറിപ്പെഴുതാനിരിക്കുമ്പോഴുള്ള ഏറ്റവും പുതിയ വാർത്ത. നല്ലത്; ഒരു ദിവസമായി സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി 'റിലീസ് കാപ്പൻ' എന്ന ഹാഷ്ടാഗ് പരക്കുന്നതും രാജ്യമൊന്നടങ്കം പ്രതിഷേധം കനക്കുന്നതും ശുഭോദർക്കകം. എന്നാൽ, വന്യമായ ഫാഷിസ്റ്റ് വേട്ടയ്ക്കിരയായ ഈ യുവ മാധ്യമ പ്രവർത്തകന്റെ നീതി ഉടൻ ലഭ്യമാവുമെന്ന പ്രത്യാശ വെറുതെയായിരിക്കുമെന്നതാണ് ചിത്രം. എന്ത് കൊണ്ട് എന്ന ചോദ്യത്തിന് എതിർപക്ഷത്ത് ഫാഷിസമാണ് എന്നതാണ് പ്രഥമവും ലളിതവുമായ ഉത്തരം. തുടർന്നുള്ള ഉത്തരങ്ങളിൽ ഫാഷിസത്തിന് വഴി വെട്ടിയ അനേകം തെറ്റുകളുടെയും അക്ഷന്തവ്യമായ മൗനത്തിന്റെയും പാപക്കറ കൂടിയുണ്ട് എന്നതാണ് പറയാതിരിക്കാനാവാത്ത സത്യം.
ഒക്ടോബർ അഞ്ചിനാണ് ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യുന്നത്. തുടർന്ന്, കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ കാപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ലഖ്‌നൗവിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രം, രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് പ്രതികള്‍ അനധികൃത പണസമാഹരണം നടത്തിയെന്ന് ആരോപിക്കുന്നിടത്തേക്ക് വരെയെത്തി കാര്യങ്ങൾ. എത്ര, തന്ത്രപരമായാണ് ഒരു കേസ് അട്ടിമറിക്കപ്പെടുന്നതെന്ന് നോക്കൂ. പുറം ലോകം അറിയരുതെന്ന് ആർക്കോ നിർബന്ധ ബുദ്ധിയുള്ള ഒരു ജാതിക്കൊലയുടെ വാർത്ത അതേക്കാൾ എരിവ് കൂടിയ രാജ്യദ്രോഹക്കേസിലേക്ക് രൂപാന്തരം പ്രാപിക്കുകയല്ലാതെ ഫാഷിസത്തെ സഹായിക്കാൻ എന്ത് സ്വയം നിർമ്മിത ഭാഗ്യമാണവിടെ അവതരിക്കേണ്ടത്? നാല് പേരെ ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ പോകുന്നതിനിടെ അറസ്റ്റ് ചെയ്തുവെന്നായി പിറ്റേന്നത്തെ വാർത്ത. കാപ്പനടക്കമുള്ള സംഘം ഇതിനായുള്ള ഗൂഢാലോചനയുടെ ഭാഗമായെന്നും ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തിയെന്നും വാർത്തയുടെ മേമ്പൊടി. ഇവരുടെ അക്കൗണ്ടിലേക്ക് 100 കോടി രൂപ എങ്കിലും എത്തിയിട്ടുണ്ടെന്ന കണ്ടെത്തലും പ്രാഥമിക നിയമ നടപടിയെന്നോണം യു.എ.പി.എ ചുമത്തലും കൂടിയായതോടെ ഹത്രാസ് ഒരു നടുങ്ങലിലൊതുങ്ങുകയും കാപ്പൻ ഒരു എസ്‌ക്ലൂസിവ് ആവുകയുമായി. ശരിയായാലും തെറ്റായാലും ഫാഷിസം ആഗ്രഹിച്ചതും അത് മാത്രമാണ്.
Also Read:യു.എ.പി.എ മുസ്‌ലിംകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കയാണോ?
സമർത്ഥവും ഇത്രമേൽ സുഗമവുമായി ഫാഷിസത്തിന് ഇത് സാധ്യമായെങ്കിൽ അതിന് പിന്നിൽ അവരുടേതല്ലാത്ത പരോക്ഷ കാരണങ്ങളും പ്രവർത്തിച്ചിട്ടുണ്ടെന്ന് കരുതേണ്ടി വരും. യു.എ.പി.എ എന്ന ഫാഷിസ്റ് നിർമ്മിതമല്ലാത്ത കാടൻ നിയമമാണ് അതിൽ ഏറ്റവും പ്രധാനം. യു.എ.പി.എ 43 ഡി (2) വകുപ്പ് പ്രകാരം പ്രാഥമിക തടങ്കലിൽ വയ്ക്കാനുള്ള പരമാവധി കാലയളവി(180 ദിവസം)ലാണ് യു.പി പോലീസ് കാപ്പനെ ഇത്രയും നാൾ അകത്തിട്ടിരിന്നത്. കാലാവധി കഴിഞ്ഞാലുള്ള കാര്യമാണ് ബഹുരസം. സാധാരണ ഗതിയിൽ കുറ്റം ആരോപിക്കപ്പെട്ടാലും അയാൾ നിരപരാധിയായാണ് രാജ്യത്തെ നിയമം കണക്കാക്കുന്നതെങ്കിൽ, കുറ്റാരോപിതർ ചെയ്ത കുറ്റം തെളിയിക്കേണ്ടത് പ്രോസിക്യൂഷൻ ആണെങ്കിൽ, യു.എ.പി.എ അനുസരിച്ച് കൂറ്റാരോപിതൻ തന്നെ താൻ നിരപരാധിയെന്ന് തെളിയിക്കണം. വിചാരണക്കിടെ അഡീഷനലായി കുറ്റപത്രങ്ങൾ സമർപ്പിക്കാനുള്ള അധികാരം കൂടി ഈ നിയമം അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രോസിക്യൂഷനും നൽകുന്നുണ്ട്. വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോവാൻ ഇത് തന്നെ ധാരാളം. മാത്രവുമല്ല, യു.എ.പി.എ 43 ഡി (5) പ്രകാരം, പബ്ലിക് പ്രോസിക്യൂട്ടർ അനുവദിക്കാത്തിടത്തോളം 'പ്രതി'ക്ക് ജാമ്യവും ലഭിക്കില്ല.നോക്കൂ, ഇവിടെ ആരാണ് തങ്ങൾക്കിഷ്ടമില്ലാത്തവരെ വെറും സംശയത്തിന്റെ പേരിൽ മാവോയിസ്റ്റും ഭീകരപ്രവർത്തകനുമാക്കാൻ ഭരണകൂടത്തെ സഹായിക്കുന്നത്? യു.എ.പി.എ എന്ന 1967 ൽ പാർലിമെന്റിൽ അവതരിപ്പിക്കപ്പെട്ട് 1969, 1972, 1986, 2004, 2008, 2012 എന്നീ വർഷങ്ങളിൽ കൂടുതൽ പൗര വിരുദ്ധ ഭേദഗതികൾക്ക് വിധേയമായ ഈ വന്യ നിയമത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന്, ഇന്ന് ആ നിയമത്തിന്റെ ചൂഷണങ്ങൾക്കെതിരെ സംസാരിക്കുന്ന നമുക്കെങ്ങനെ ഒഴിഞ്ഞ് നിൽക്കാനാവും? മേൽ ചൊന്ന വർഷങ്ങളിലൊന്നും സംഘപരിവാർ ഭരണത്തിലില്ലായിരുന്നിരിക്കെ ഇന്ന് വ്യാപകമായി ദുർവിശേഷം ചെയ്യപ്പെടുന്ന ഈ നിയമത്തിനും അതിന്റെ ഇരകൾക്കും നമ്മൾ കൂടി ഉത്തരം പറയേണ്ടി വരും. കാപ്പൻ ഒരാൾ മാത്രമാണ്. കുറ്റമെന്തെന്ന് പോലും തെളിയിക്കപ്പെടാത്ത, 2014 മുതൽ ഇതുവരെയും തീർപ്പ് കല്പിക്കപ്പെടാത്ത നാലായിരത്തിൽ പരം യു.എ.പി.എ കേസുകൾ ഇപ്പോഴും രാജ്യത്തുണ്ട്. ഈ നിയമം, നിലനിൽക്കുന്നിടത്തോളം, പാറ്റയുടെ ആയുസ്സുള്ള ഹാഷ്ടാഗ് ക്യാമ്പയ്‌നുകൾ മാത്രമായിരിക്കും മഅദനിയെ പോലെ കാപ്പനെയും ആശ്വസിപ്പിക്കുക!
കേസിലെ നിയമവും നീതിയും വിടാം! പ്രതിയാണെന്ന് വെച്ചാൽ പോലും ഒരു പൗരനോട് ഭരണ കൂടം സ്വീകരിക്കുന്ന മനുഷ്യത്വ വിരുദ്ധമായ നീക്കങ്ങളുടെ ചിത്രമാണ് ഹത്രാസിലേത് പോലെ ഇപ്പോൾ നമ്മെ നടുക്കിക്കൊണ്ടിരിക്കുന്നത്. കോവിഡ് ബാധിതനായി കഴിയവേ കട്ടിലിൽ ചങ്ങല ഉപയോഗിച്ച് കെട്ടിയിടാനും ശുചിമുറിയിൽ പോലും പോകാൻ അനുവദിക്കാതിരിക്കാനും എന്ത് രാജ്യ ദ്രോഹമാണ് അയാൾ ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നത്? ആരോഗ്യാവസ്ഥ അനുദിനം മോശമായിട്ടും മധുരയിലെ കെഎം മെമ്മോറിയൽ ആശുപത്രിയിൽ തന്നെയാണ് ഇപ്പോഴും ചികത്സ തുടരുന്നത്. വിദഗ്ധ ചികിത്സ നിഷേധിച്ച് ഒരു സാധാരണ മാധ്യമ പ്രവർത്തകനെ പോലും ഫാഷിസത്തിന്റെ ഭയം കലർന്ന പകയുടെ നാളം എരിച്ച് കൊണ്ടിരിക്കുന്നെങ്കിൽ ഇത് മറയ്ക്കാനുള്ള അടുത്തയാൾ നമ്മളായിരിക്കില്ലെന്ന് ആര് കണ്ടു? ക്യാമ്പയ്‌നുകൾ നല്ലത് തന്നെ. എന്നാൽ വേണ്ടത് നിയമ പോരാട്ടത്തിനുള്ള കൂട്ടായ ശ്രമങ്ങളാണ്. ജീവൻ നിലനിർത്താൻ കാപ്പന് ചികിത്സയാണു വേണ്ടതെങ്കിൽ നീതി നിലനിർത്താൻ അയാൾ മോചിപ്പിക്കപ്പെട്ടേ തീരൂ. പൗരനാണ്, പൗര വിരുദ്ധമായ നിയമമല്ല ജനാധിപത്യത്തിൽ പ്രധാനം.
Leave A Comment