ഫ്രഞ്ചുമാധ്യമങ്ങളും മുസ്‌ലിം വിരോധത്തിലേക്ക് കുടിയേറുമ്പോള്‍
ഫ്രാന്‍സിലെ വലതുപക്ഷ മാധ്യമങ്ങള്‍ രാജ്യത്തിന്റെ ഉദാത്തമായ മതേതര സംസ്കൃതിയെ ഹൈജാക്കു ചെയ്തു തുടങ്ങിയിരിക്കുന്നു. കാര്യമായും രാജ്യത്തെ മുസ്‌ലിംകളെ ഉന്നം വെച്ചുള്ള ഇസ്‌ലാംഭയത്തിന്റെ മാധ്യമങ്ങളായിത്തീര്‍ന്നിരിക്കുന്നു അവയെല്ലാം. മുസ്‌ലിം വിരുദ്ധ പത്രപ്രവര്‍ത്തനത്തിന്റെ വര്‍ത്തമാനത്തില് ആശങ്ക പങ്കുവെക്കുകയാണ് ലേഖകന്‍. ദി ഇന്‍ഡിപെന്‍‍ഡന്‍റില്‍ മേരി ദുമിരസ് ഇന്നലെ എഴുതിയ ലേഖനത്തിന്‍റെ വിവര്‍ത്തനം.  width=ഫ്രഞ്ചുമാഗസിനായ Le Point ന്റെ കഴിഞ്ഞ ലക്കം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പു അതിന്റെ കവര്‍പേജ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോള് വായനക്കാര്‍ പലരും കരുതി, അത് വ്യാജമായിരിക്കുമെന്ന്. കാരണം Le Point വായനക്കാരറിഞ്ഞിടത്തോളം ഒരു മഞ്ഞപ്പത്രമല്ല, മറിച്ച് ഏറെ വായിക്കപ്പെടുന്ന ഒരു സാമ്പ്രദായിക മാഗസിനാണ്. Brazen Islam...in school cafeterias, hospitals, and swimming pools എന്ന് വരും ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്താല്‍ അതിന്‍റെ തലക്കെട്ട്.  ഹിജാബണിഞ്ഞ ഒരു പെണ്ണ് ഒരു വനിതാപോലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന ഫോട്ടോസഹിതമായിരുന്നു ആ കവര്‍. പലതുമെന്ന പോലെ അതും ഇന്റര്‍നെറ്റ് കാലത്തെ തമാശയാകണേ എന്ന് എല്ലാവരും ആഗ്രഹിച്ചു, പക്ഷേ, അതൊരു തമാശയല്ലെന്ന് അധികം വൈകാതെ വ്യകതമായി. വായനക്കാരിലധികവും ഈയൊരു വിഷയത്തെ ഇത്രയും പ്രാധാന്യത്തോടെ പ്രഥമപേജില്‍ പ്രസിദ്ധീകരിച്ചതിനെ അപലപിക്കുകയാണു ചെയ്തത്. അധികം വൈകാതെ സോഷ്യല്‍നെറ്റുവര്‍ക്കങ്ങ് സൈറ്റുകളില്‍ പ്രസ്തുത കവറിന് നിരവധി പാരടികള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. “Brazen Judaism and its garlic humus", “Brazen gays and their trimmed eyebrows,” “The brazenly disabled and their parking spaces," തുടങ്ങി നിരവധി പാരടികള്‍ അല്‍പസമയം കൊണ്ട് തന്നെ പ്രകടമായി. ഏറെ പ്രേക്ഷകരുള്ള ഒരു ടി.വി ടോക്ക്ഷോയില്‍ അഭ്യന്തരമന്ത്രി മാനുവല്‍ വാള്‍സിനോട് ഇതു സംബന്ധമായി ചോദ്യമുണ്ടായി. മാഗസിന്‍ ഇത്തരത്തില്‍ ഒരു കവറു ചെയ്തത് അത്ഭുതപ്പെടുത്തിയോ എന്നായിരുന്നു അഭിമുഖക്കാരന്റെ ചോദ്യം. അത് ശരിയാണെന്ന് തോന്നുന്നതിനാല്‍ അത്ഭുതമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. മറിച്ച് ലേഖനത്തില്‍ പറയുന്ന പോലെ പൊതുഇടങ്ങളില്‍ സ്ത്രീകള്‍ ഹിജാബില്‍ പ്രത്യക്ഷപ്പെടുന്നത് കാണുമ്പോളാണ് അത്ഭുതം തോന്നാറുള്ളതെന്ന് പറയാന്‍ വരെ ധൈര്യം കാണിച്ചു അദ്ദേഹം. രാജ്യത്ത് ഏറെ വായിക്കപ്പെടുന്ന ഒരു മാഗസിനില്‍ രാജ്യത്തെ രണ്ടാമത്തെ മതത്തെ അവഹേളിച്ചു കൊണ്ട് കവര്‍ പ്രത്യക്ഷപ്പെടുന്നു. മൊത്തം പൌരന്‍മാരുടെ സുരക്ഷാചുമതലയുള്ള അഭ്യന്തരമന്ത്രി പ്ര്സതുത മാഗസിന്റെ നിലപാടിനോട് യോജിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഏറെ പ്രേക്ഷകരുള്ള ഒരു ടി.വി പരിപാടിയില്‍ നടത്തിയ ഈ പ്രസ്താവനക്ക് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ഭാഗത്ത് നിന്നും തിരുത്ത വന്നിട്ടുമില്ല. ഇസ്ലാമല്ലാത്ത വേറെ ഏതെങ്കിലും മതത്തെ കുറിച്ചോ മുസ്‌ലിംകളല്ലാത്ത സമുദായത്തെ കുറിച്ചോ ഇത്തരമൊരു വിശകലനം നടത്താന്‍ രാജ്യത്തെ മാധ്യമങ്ങള്‍ ധൈര്യം കാണിക്കില്ലെന്നാണ് സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളില്‍ നടന്ന ചര്‍ച്ചകള്‍ കൃത്യമായി സൂചിപ്പിക്കുന്നത്. 2011 ല്‍ ഹിജാബിന് പൊതുവിലക്ക് വന്ന സമയത്ത് ഫ്രാന്സിലെ 65 മില്യന്‍ വരുന്ന ജനസംഖ്യയിലെ വെറും 2000 ത്തിനടുത്ത് ആളുകള്‍ മാത്രമേ മുഖമക്കന ഉപയോഗിക്കുന്നുണ്ടായിരുന്നുള്ളൂവെന്ന യാഥാര്‍ഥ്യം ആര്‍ക്കും പ്രശ്നമായി തോന്നിയില്ല. എന്നു മാത്രമല്ല വിവാദമായ കവറിലെ ചിത്രം യഥാര്‍ഥസന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്താണ് ഉപയോഗിച്ചിരിക്കുന്നതെന്ന വിവരം പുറത്തുവന്നിട്ടും അതെ കുറിച്ചും ആര്‍ക്കും ഒന്നും പറയാനില്ല. പത്തില്‍ കുറഞ്ഞ വനിതകള്‍ ചേര്‍ന്ന് സെപതംബറില്‍ നടത്തിയ ഒരു ചെറുസമരത്തിന്റെ ഫോട്ടോകളിലൊന്നാണ് കവര്‍ചിത്രമായി ഉപയോഗിച്ചിരിക്കുന്നതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മാനുവല്‍ വാള്‍സ് അഭിപ്രാപ്പെട്ടതനുസരിച്ച് പത്തുപേര്‍ ഹിജാബില്‍ നടത്തിയ ഒരു പ്രതിഷേധം ദേശീയ മാഗസിന്റെ പ്രഥമപേജ് കവറേജ് ലഭിക്കാന്‍ തക്ക ഭീകരപ്രവര്‍ത്തനമാണെന്നു വരുന്നു. Le Point ഇസ്‌ലാംവരുദ്ധ കവര്ചെയ്ത് വായനക്ഷമമാകാന്‍ ശ്രമിക്കുന്ന സംഭവം ഇത് ആദ്യമൊന്നുമല്ല. ഈ വിഷയം പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായ ശേഷം ലേ പോയിന്‍റ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടെ ചെയ്ത മതാത്മക കവറുകളെ കുറിച്ച് പഠനം നടത്തുകയുണ്ടായി ഒരു ഫ്രഞ്ചു ബ്ലോഗര്‍‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനടയ്ക്ക് തന്നെ ഇസ്‌ലാം വിരുദ്ധമായ അഞ്ചോളം കവര്‍സ്റ്റോറികള്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടത്രെ. The Islamists and us: their strategy to infiltrate the West, Hunting the Christians - Islamic crusade, 2011 ഫെബ്രുവരിയില്‍ ചെയ്ത അറബ് വസന്തത്തെ സ്വാഗതം ചെയ്തു കൊണ്ട് പ്രസിദ്ധീകരിച്ച The Islamic spectre തുടങ്ങി അഞ്ച് കവറുകള്‍. ഫ്രാന്‍സിലെ ഇസ്ലാമിന്റെ ചിത്രം മോശമായിക്കൊണ്ടിരിക്കുന്നുവെന്ന തലക്കെട്ടില് Le figaro മാഗസിന്‍ ഒരു ദേശീയ സര്‍വേഫലം പ്രസിദ്ധീകരിച്ചത് രണ്ടാഴ്ച മുമ്പാണ്. അതില്‍ പങ്കെടുത്ത 43 ശതമാനം ഫ്രഞ്ചുകാരും ഇസ്‌ലാം രാജ്യത്തിന്റെ അസ്ഥിത്വത്തിന് ഒരു ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടുവത്രെ. തങ്ങളുടെ രാജ്യത്തെ ജനങ്ങളുമായി ഉള്‍ച്ചേരാനും ഇടപഴകാനും മുസ്‌ലിംകള്‍ താത്പര്യം കാണിക്കുന്നില്ലെന്നാണ് 68 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നതെന്നും സര്‍വെ ഫലം വിശദീകരിക്കുന്നു. പറഞ്ഞു കേള്‍ക്കുമ്പോള്‍ സര്‍വെഫലം പേടിപ്പെടുത്തുന്നതാണ്, പക്ഷെ പേടിക്കേണ്ട ആവശ്യമില്ലെന്നു വ്യക്തമാണ്- രാജ്യത്തെ ഇസ്‌ലാംഭിതിക്കെതിരെ പ്രവര്‍ത്തിക്കുന്ന കളക്ടീവ് എഗന്‍സ്റ്റ് ഇസ്ലാമോഫോബിയ എന്ന സംഘടനയുടെ നേതാവ് മര്‍വാന്‍ മുഹമ്മദ് പറയന്നു. ചോദ്യാവലിയില്‍ ഇസ്ലാമിനെ ഒരു ഭീഷണിയായി അവതരിപ്പിച്ച സ്ഥിതിക്ക് ഇത്തരമൊരു പ്രതികരണം ലഭിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ് മര്‍വാന്റെ പക്ഷം. കാരണം ചോദ്യങ്ങളുന്നയിക്കുന്ന രീതികളും അതുണ്ടാക്കുന്ന മറുപടികളെ സ്വാധീനിക്കുക സ്വാഭാവികമാണ്. മാധ്യമങ്ങള്‍ പുറത്ത് വിടുന്ന ഇത്തരം സര്‍വേഫലങ്ങള്‍ രാജ്യത്തെ പൊതുബോധത്തെ ബാധിക്കുമെന്ന് മനസ്സിലാക്കുമ്പോഴാണ് ഇതെല്ലാം നടത്തുന്നവരുടെ ഉത്തരവാദിത്ത ബോധത്തെ കുറിച്ച് നാം ആശങ്കപ്പെട്ടു തുടങ്ങേണ്ടത്- അദ്ദേഹം പറയുന്നു. കാലങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ചില വലതുപക്ഷ സംഘടനകള്‍ ഇസ്ലാമോഫോബിയ തങ്ങളുടെ പ്രവര്‍ത്തന അജണ്ടയാക്കി എടുത്തിരുന്നത് ഓര്‍ക്കുന്നു. ആ കാലമൊക്കെ പോയി. ഇന്നിപ്പോള്‍ രാജ്യത്തെ ചുറ്റുപാടാകെ മാറിക്കഴിഞ്ഞിട്ടുണ്ട്. യൂറോക്ക് മാന്ദ്യം സംഭവിച്ചിരുന്ന കഴിഞ്ഞ പ്രസിഡണ്ട് തെരഞ്ഞെടുപ്പു കാലത്ത് പോലും നിക്കോളസ് സാര്‍കോസി മുന്നോട്ടുവെച്ച തീമുകളില്‍ ഒന്ന് ഹലാല്‍ ഇറച്ചിയായിരുന്നുവെന്ന് ഓര്‍ക്കുക. റമദാന്‍ കാലത്ത് സ്കൂളിന് പുറത്തും കുട്ടികള്‍ക്ക് ഓക്സ് ചോക്കലേറ്റ് തിന്നാന് അനുവാദമില്ലെന്ന് കുറച്ച് മുമ്പ് പ്രസ്താവന ഇറക്കിയിരുന്നു ജീന്‍ ഫ്രാന്‍ക്വിസ് കോപ്. ഫ്രാന്ക്വിസ് ചില്ലറക്കാരനൊന്നുമല്ല, മുന്‍ഭരണകൂട വക്താവാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും സ്കൂളിലെ വേനലവധിക്കാലത്തായിരുന്നു മുസ്‌ലിംകളുടെ വ്രതമാസമായ റമദാന്‍. ആയാളത് ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. വെക്കേഷനായതിനാല്‍ എല്ലാ കുട്ടികളും അവരുടെ വീട്ടില്‍ തന്നെയായിരിക്കമല്ലോ. ഓക്സ് ചോക്കലേറ്റുകളോടൊപ്പം ബാക്കറികളില്‍ ഇപ്പോള്‍ ലേ പോയിന്‍റും വില്‍പനക്കുണ്ടെന്ന് ട്വിറ്റര്‍തമാശകളുടെ പശ്ചാത്തലമതാണ്. കളക്ടീവ് എഗന്‍സ്റ്റ് ഇസ്ലാമോഫോബിയ ഈ പുതിയ മാധ്യമരീതിക്കെതിരെ രംഗത്ത് വരാനിരിക്കുകയാണ്. നേരത്തെ ചോക്കലേറ്റു പ്രസ്താവന വിവാദമായ സമയത്ത് തെരുവില് കുട്ടികള്‍ക്ക്  ചോക്കലേറ്റ് വിതരണം ചെയ്ത് ക്രിയാത്മകമായി പ്രതിഷേധം തീര്‍ത്തവരാണീ സംഘം. അവരുടെ പുതിയ പദ്ധതികളും സാര്‍ഥകമാകട്ടെയെന്ന് ആശംസിക്കാം. ഫ്രാന്‍സ് അവരില്‍ നിന്ന് ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter