ജാമിഅ മില്ലിയ്യ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് മ്യൂസിയം ആരംഭിക്കുന്നു
Jamia_Millia_Islamia_Logo.svgഇന്ത്യയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളെക്കുറിച്ചുള്ള ഒരു മ്യൂസിയം നിര്‍മ്മിക്കാന്‍ അനുമതി തേടി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചതായി ഡല്‍ഹിയിലെ പ്രസിദ്ധ കലാലയമായ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ അധികൃതര്‍ അറിയിച്ചു. ഡല്‍ഹി ക്യാമ്പസില്‍ തന്നെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മ്യൂസിയത്തിന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങുടെ സംസ്‌ക്കാരം, ഭാഷ, കല, സാഹിത്യം, കരകൗശലം തുടങ്ങിയവയെക്കുറിച്ച് പൊതുജനത്തിന് അവബോധമുയര്‍ത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന് ജാമിഅ വൈസ് ചാന്‍സലര്‍ എസ്.എം സാജിദ് പത്രക്കുറിപ്പില്‍ അറിയിച്ചു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുകയും ഇത്തരം അക്രമങ്ങള്‍ക്ക് പ്രേരണയാകുന്ന മുന്‍വിധികളെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് സാധിക്കുമെന്ന നിഗമനത്തിലെത്തുകയും ചെയ്തു. വടക്കു കിഴക്കന്‍ പ്രദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ സെന്റര്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് സ്റ്റഡീസ് എന്ന പേരില്‍ രാജ്യത്ത് ആദ്യമായി പ്രത്യേക സെന്റര്‍ തുടങ്ങിയ യൂണിവേഴ്‌സിറ്റി എന്ന നിലക്ക് ഇത്തരമൊരു മ്യൂസിയം ആരംഭിക്കാനുള്ള എല്ലാ അര്‍ഹതയും ജാമിഅക്കുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വാരം അരുണാചല്‍ വിദ്യാര്‍ത്ഥി നിഡോ താനിയ ഡല്‍ഹിയില്‍ വെച്ച് തലക്ക് മര്‍ദ്ദനമേറ്റ് മരിച്ചത് മാദ്ധ്യമങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഡല്‍ഹിയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അധിക്ഷേപത്തിനും വിവേചനത്തിനും ഇരകളാക്കപ്പെടുന്നുണ്ടെന്ന് തുടര്‍ന്ന് നടന്ന പഠനങ്ങള്‍ പുറത്തു കൊണ്ടു വന്നു. ഈ പരിതസ്ഥിതിയില്‍ ഒരു അക്കാദമിക സ്ഥാപനം എന്ന നിലക്ക് പൊതു ഇടങ്ങളില്‍ സഹവര്‍ത്തിത്വത്തോടെയും സഹിഷ്ണുതയോടെയും വസിക്കാനുള്ള ഉല്‍ബോധനവും സന്ദേശവും ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ജാമിഅക്ക് കഴിയും എന്നാണ് വി.സി. എസ്.എം സാജിദിന്‍റെ അഭിപ്രായം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter