ഒരു പുതിയ നിങ്ങൾ- യഥാർത്ഥ പുനർജന്മം (3)

ഭയത്തിന്റെ ചാട്ടവാറുകളേറ്റ് ആട്ടിയോടിക്കപ്പെടുന്നതിനുപകരം, പ്രതീക്ഷയുടെ ചിറകുകളിലേറി ജനങ്ങള്‍ തങ്ങളുടെ നാഥനിലേക്ക് ഉയരാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അല്ലാഹുവിനെയും അവന്റെ മതത്തെയും കുറിച്ചുള്ള അജ്ഞതയാണ് ഈ മരവിപ്പിന്, അല്ലെങ്കിൽ അന്യതാബോധത്തിന് പിന്നിലെ കാരണം. മനുഷ്യർക്ക് തങ്ങളുടെ നാഥനേക്കാൾ ദയയും കരുണയുമുള്ള ഒരാളെ ഒരിക്കലും കണ്ടെത്താനാവില്ല. ദൈവത്തിന്റെ ദയയും ആർദ്രതയും പൂർണ്ണമായും ശുദ്ധമാണ്. ഏതെങ്കിലും സ്വാര്‍ത്ഥ താൽപ്പര്യങ്ങളോ ലോഭ ലക്ഷ്യങ്ങളോ കൊണ്ട് കളങ്കമില്ലാത്തതാണ് അത്. സമ്പൂർണ്ണതയുടെയും സമുന്നതമായ ഉത്തുംഗതയുടെയും ഗുണങ്ങളാണ്.

ഖുര്‍ആന്‍ പറയുന്നത് നോക്കാം, തീർച്ചയായും, നിങ്ങൾക്കു നാം ഭൂമിയിൽ സ്വാധീനം നൽകുകയും, നിങ്ങൾക്കവിടെ നാം ജീവിതമാർഗങ്ങൾ ഏർപെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച്‌ മാത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ. തീർച്ചയായും നിങ്ങളുടെ പിതാവായ ആദമിനെ നാം സൃഷ്ടിച്ചു. എന്നിട്ട് നിങ്ങൾക്ക് രൂപം നൽകി. എന്നിട്ട് മലക്കുകളോട് നാം പറഞ്ഞു: "ആദമിന് സുജൂദ് ചെയ്യുക." (അൽ അഅ്റാഫ് 10-11)

മനുഷ്യരുടെ ജീവിതത്തിൽ മതത്തിന്റെ പങ്ക് ഏറെ വലുതാണ്. തിന്മയിൽ നിന്ന് അകന്ന് നന്മയിലായി കഴിയുകയും സത്യത്തിലും നീതിയിലും പരസ്പര ബന്ധം കണ്ടെത്തുകയും അടിച്ചമർത്തലുകളോ കീഴടക്കുകലുകളോ അക്രമണങ്ങളോ ഇല്ലാതെ ഈ ജീവിതം നയിക്കുകയും ചെയ്യുക എന്നതാണ് അത്. ശരീരത്തിന് ഭക്ഷണമെന്ന പോലെ, മനുഷ്യരാശിയുടെ സുഗമമായ  നിലനിൽപ്പിന് മതം ആവശ്യമാണ്. അത് അവരുടെ സ്വഭാവത്തിനും ആവശ്യങ്ങൾക്കും അനുയോജ്യമായതും അവർക്ക് യഥാർത്ഥ സന്തോഷം നൽകുന്നതുമാണ്. പീഢിതനോടൊപ്പമാണ് എന്നും ദൈവവും അവന്റെ നിയമവുമുള്ളത്. അന്യരെ അന്യായമായി പീഢിപ്പിക്കുന്നവര്‍, മാതാപിതാക്കളോട് മര്യാദ കാണിക്കാത്ത മക്കള്‍, വലിയവരെ ആദരിക്കാത്തവര്‍, ചെറിയവരോട് കരുണ കാണിക്കാത്തവര്‍, ഉള്ളതില്‍നിന്ന് ഇല്ലാത്തവന് പങ്ക് വെക്കാത്തവന്‍, അപരന്റെ വേദനക്കും രോദനത്തിനും കാതോര്‍ക്കാത്തവര്‍, അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറയെ കഴിക്കുന്നവര്‍... ഇവരെല്ലാം അല്ലാഹുവിന്റെ കോടതിയില്‍ പ്രതികളാണ്. ഒരു പടി കൂടി കടന്ന് പറഞ്ഞാല്‍, വൈയ്യക്തിക ബാധ്യതകള്‍ നിറവേറ്റാത്തവനേക്കാള്‍ വലിയ പ്രതികളാണ് അല്ലാഹുവിന്റെ കോടതിയില്‍ സാമൂഹ്യബാധ്യതകള്‍ നിറവേറ്റാത്തവര്‍. 

നിശ്ചിത ആരാധനാ കർമ്മങ്ങൾ നിർവഹിക്കുന്നത് വളരെ എളുപ്പമാണ്. സ്വർഗ്ഗത്തിലെ നിത്യതയാണ് അല്ലാഹു മനുഷ്യർക്ക് ഇതിലൂടെ ആഗ്രഹിക്കുന്നത്. പക്ഷേ പലരും അത് നിരസിക്കുകയാണ്, നേർവഴി പിന്തുടരുന്നവര്‍ കുറച്ച് മാത്രം. ക്രമേണ, അതിക്രമങ്ങളും പീഢനങ്ങളും അന്യായങ്ങളും കൊണ്ട് ഭൂമി നിറയുന്നു. വളഞ്ഞ വഴികളിലൂടെ എത്ര സഞ്ചരിച്ചാലും, ജനങ്ങളെല്ലാം നാഥനിലേക്ക് മടങ്ങണമെന്നാണ് അല്ലാഹു സദാ ആവശ്യപ്പെടുന്നത്. തെറ്റ് ചെയ്തവര്‍ പശ്ചാത്തപിച്ച് വരുന്നത്, അല്ലാഹുവിന് അത്രമേല്‍ ഇഷ്ടമായത് വേറെയില്ല. പ്രവാചകര്‍ പറയുന്നു: "നിങ്ങൾ ഒരു മരുഭൂമിയിൽ സവാരി ചെയ്യുകയാണെന്ന് സങ്കല്‍പിക്കുക. നിങ്ങളുടെ ഭക്ഷണപാനീയങ്ങൾ എല്ലാം വഹിച്ച ഒട്ടകം നഷ്ടപ്പെട്ടുപോവുകയും അതിനെ കണ്ടെത്തുന്നതിൽ നിങ്ങൾ നിരാശരാവുകയും ചെയ്തുവെന്നും കരുതുക. അവസാനം, ഇനി എന്ത് ചെയ്യുമെന്നറിയാതെ ഒരു മരത്തണലിലിരിക്കുമ്പോള്‍, പെട്ടെന്ന് നിങ്ങളുടെ മുന്നിൽ ഒട്ടകം നിൽക്കുന്നതായി കണ്ടു. അപ്പോൾ നിങ്ങൾക്കുണ്ടാകുന്ന സന്തോഷം എത്രമാത്രമായിരിക്കും. എന്നാല്‍, അതേക്കാൾ സന്തുഷ്ടനാണ്, തന്റെ അടിമ അനുതപിച്ച് മടങ്ങുമ്പോൾ അല്ലാഹുവിനുണ്ടാകുന്നത്. (മുസ്‍ലിം)

ഇത്രയും ആത്മാർത്ഥമായ സന്തോഷം ഉണ്ടാകുമോ? സംശയിക്കേണ്ടതില്ല, ദൈവം അടിമകളോട് ഏറെ ദയയുള്ളവനാണ്. നമ്മുടെ പരിമിതമായ മനസ്സിന് സങ്കൽപ്പിക്കാൻ കഴിയുന്നതിലും എത്രയോ കൂടുതൽ ക്ഷമിക്കുന്നവനും പൊറുക്കുന്നവനുമാണ് അവന്‍. മനസ്സറിഞ്ഞ പശ്ചാത്താപം ഒരു സമ്പൂർണ്ണ പുനർജന്മമാണ് സമ്മാനിക്കുന്നത് എന്ന് പറയുന്നതും അത് കൊണ്ട് തന്നെ. പശ്ചാത്താപത്തിന് മുമ്പും ശേഷവും എന്ന രീതിയില്‍ ജീവിതത്തെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളാക്കി അത് മാറ്റുന്നു. ഇരുട്ടിനും വെളിച്ചത്തിനും ഇടയിലെ പ്രഭാതം പോലെ.
 
മുൻകാല അരാജകത്വത്തിലേക്കും അശ്രദ്ധയിലേക്കും വീണ്ടുമെത്തുന്ന ക്ഷണികമായ ഒരു തിരിച്ചുവരവല്ല യഥാര്‍ത്ഥ പശ്ചാത്താപം. ഇച്ഛാശക്തിയും സഹിഷ്ണുതയും സ്ഥിരോത്സാഹവും സമ്മാനിക്കാത്ത ഒരു കേവല അധരവ്യായാമവുമല്ല അത്. ബലഹീനതയെയും അലസതയെയുമെല്ലാം അതിജയിക്കുന്ന, പാപങ്ങളുടെയും അധമബോധത്തിന്റെയും അണുക്കളെ കാൽക്കീഴിൽ ചതച്ചുകളയുന്ന, ആഗ്രഹങ്ങളുടെയും നന്ദികേടുകളുടെയും ചങ്ങലകളിൽ നിന്ന് മോചനം നല്കുന്ന, വിശ്വാസത്തിന്റെയും നീതിയുടെയും ഉയർന്ന തലങ്ങളിലേക്ക് സ്വയം ഉയരുന്ന, ഏറെ വിശിഷ്ടമായ ഒരു പ്രക്രിയയാണ് പശ്ചാത്താപം. നാഥന്‍ പടച്ചപടിയുള്ള ഫിത്റതിലേക്കുള്ള തിരിച്ചുപോക്കാണ് അത്. അത് കൊണ്ട് തന്നെയാണ് അത് അല്ലാഹുവിനെ ഏറെ പ്രസാദിപ്പിക്കുന്നതും.

അത്തരത്തില്‍ പശ്ചാത്തപിക്കുന്നവരെ കുറിച്ച് അല്ലാഹു പറയുന്നത് കൂടി നോക്കാം: പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും, പിന്നെ നേർമാർഗത്തിൽ നിലകൊള്ളുകയും ചെയ്തവർക്ക്‌ തീർച്ചയായും ഞാൻ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ. (സൂറത്തു ത്വാഹ-82) ജലവും പോഷണവും സമൃദ്ധമായി നൽകുമ്പോൾ വരണ്ട് കിടക്കുന്ന ഭൂമി ഫലഭൂയിഷ്ഠമാകുന്നത് പോലെ, മനുഷ്യമനസ്സിനെ തൊട്ടുണര്‍ത്തുന്നതാണ് അത്. ആര്‍ദ്രനയനങ്ങളോടെ നാഥനിലേക്ക് കൈകളുയര്‍ത്തുമ്പോള്‍, അതിലൂടെ ജീവിതം പുനരാരംഭിക്കുകയാണ് ചെയ്യുന്നത്. സ്വയം പുതുക്കുകയും ജീവിതത്തെ പുനഃക്രമീകരിക്കുകയും ചെയ്ത്, ഭൂതകാലത്തിൽ നിന്നുള്ള ഒരു തിരിച്ചുവരവാണ് അത്. “അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ ഒരു ദൈവവുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്, ഞാൻ നിന്റെ അടിമ മാത്രമാണ്. എനിക്ക് കഴിയുന്നിടത്തോളം ഞാൻ എന്റെ ഉടമ്പടിയിലും നിനക്ക് നല്കിയ ഉറപ്പിലും വിശ്വസ്തത പാലിക്കും. ഞാൻ ചെയ്ത എല്ലാ തിന്മകളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. നീ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങളും ഞാൻ നിന്റെ മുമ്പാകെ അംഗീകരിക്കുന്നു. എന്റെ എല്ലാ പാപങ്ങളും ഞാൻ നിന്നോട് ഏറ്റുപറയുന്നു. ദയവായി എന്നോട് ക്ഷമിക്കൂ, കാരണം നീയല്ലാതെ ആർക്കും പാപങ്ങൾ ക്ഷമിക്കാൻ കഴിയില്ല.

മനസ്സറിഞ്ഞ് പശ്ചാത്തപിക്കാന്‍ നമുക്കും ശ്രമിക്കാം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter