റമദാന്‍ 3. ഇപ്പോള്‍ എന്നെ ഞാന്‍ തന്നെയാണല്ലോ നിയന്ത്രിക്കുന്നത്

രണ്ട് മൂന്ന് ദിവസമായി  നമ്മുടെയൊക്കെ ജീവിതശൈലിയില്‍ കാര്യമായ മാറ്റം കാണുന്നില്ലേ. ഇപ്പോള്‍ നേരത്തെ എണീക്കാന്‍ നമുക്ക് ഒട്ടുമേ പ്രയാസം തോന്നുന്നില്ല, നിസ്കാരങ്ങള്‍ യഥാസമയത്ത് തന്നെ ജമാഅതായി നിസ്കരിക്കാന്‍ സാധിക്കുന്നുണ്ട്, സുബ്ഹിയുടെയും മഗ്‍രിബിന്റെയുമൊക്കെ സമയം കൃത്യമായി നമുക്ക് അറിയാം, ഭക്ഷണം പോലും നിശ്ചിത സമയങ്ങളിലായിരിക്കുന്നു.

രണ്ട് ദിവസം മുമ്പ് വരെ, ഇതില്‍ പലതും നമുക്ക് ഏറെ പ്രയാസകരമായിരുന്നില്ലേ. ജോലിത്തിരക്കും ക്ഷീണവുമൊക്കെ പലപ്പോഴും നാം അതിന് കാരണമായി സ്വയം പറഞ്ഞിരുന്നില്ലേ. എന്നാല്‍, ആ കാരണങ്ങളെല്ലാം ഇപ്പോഴുമുണ്ട് എന്നതല്ലേ സത്യം. എന്നിട്ടും അക്കാര്യങ്ങളെല്ലാം ചെയ്യാന്‍ നമുക്ക് പ്രയാസമേതുമില്ല.
ആരാണ് ഇത്തരം ഒരു മാറ്റം നമ്മുടെ ജീവിതത്തില്‍ വരുത്തിയത്... പുറത്ത് നിന്ന് വന്ന ആരുമല്ല, നാം തന്നെ. റമദാന്‍ സമാഗതമായെന്ന് നാം അറിഞ്ഞു, അതിനനുസൃതമായി മാറണമെന്ന ബോധം നമ്മുടെ മനസ്സിലുണ്ട്.. അതോടെ ശരീരവും അതനുസരിച്ചു, അഥവാ, ഈ ക്രമീകരണങ്ങളിലെല്ലാം നമ്മെ നിയന്ത്രിച്ചത് നാം തന്നെ എന്നര്‍ത്ഥം. അതാണ് ആത്മനിയന്ത്രണം. 
വിശുദ്ധ റമദാന്‍ ആത്മനിയന്ത്രണത്തിന്റെ മാസമാണെന്ന് പറയുന്നതും അതുതന്നെയാണ്. മനുഷ്യമനസ്സാണ് ഏറ്റവും വലിയ അല്‍ഭുതം എന്ന് പലരും പറയാറുണ്ട്. വേണമെന്ന് കരുതിയാല്‍ നേടിയെടുക്കാന്‍ അതിന് മുമ്പില്‍ അസാധ്യമായി ഒന്നുമില്ലെന്നത് തന്നെ കാരണം. ഉള്ളിലുള്ള ഈ വലിയ ശക്തിയെകുറിച്ചുള്ള ബോധം സ്വയം ഉണ്ടാവുകയെന്നതാണ്, അത് നേടിയെടുക്കുന്നതിന്റെ ആദ്യപടി. അതിന് വിശുദ്ധ റമദാനോളം പോന്നത് വേറെ ഇല്ലെന്ന് പറയാം. നാം ഇത് വരെ പ്രയാസകരമെന്നോ ചിലപ്പോഴെങ്കിലും അസാധ്യമെന്നോ കരുതിയ പലതും ഈ ഒരു മാസക്കാലം നമുക്ക് സാധ്യമായി വരുന്നു, അഥവാ മനസ്സ് വെച്ചാല്‍ അവയൊക്കെ ചെയ്യാനാവുമെന്ന് നാം സ്വയം തിരിച്ചറിയുന്നു. 
അതിലുപരി, അവയെല്ലാം പ്രയോഗതലത്തില്‍ തന്നെ നമ്മെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ് വിശുദ്ധ റമദാന്‍ ചെയ്യുന്നത്. ഈ ആത്മ നിയന്ത്രണം ജീവിതത്തിലുടനീളം പാലിക്കാന്‍ നമുക്കാവട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter