അശാന്തിയൊടുങ്ങാതെ മദ്ധ്യപൂര്‍വ്വദേശം
kobani 3മൂന്നരക്കോടിയോളം വരുന്ന ഇറാഖീ ജനതയുടെ 70 ശതമാനത്തോളം വരുന്ന ശിയാ ജനവിഭാഗത്തിന് -ലോകത്തെല്ലായിടത്തുമെന്ന പോലെ- ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും നിണഗന്ധം പേറുന്ന മാസമാണ് മുഹറം. ഹുസൈനു ബിന്‍ അലി(റ)യുടെ രക്തസാക്ഷിത്വ സ്മരണയില്‍ നജഫിലും കര്‍ബലയിലും ഇതര ശിയാ ഭൂരിപക്ഷ പ്രദേശങ്ങളിലും അവര്‍ നടത്തുന്ന പ്രതീകാത്മക വിലാപയാത്രകള്‍ അതിഭീതിദമായ ആവേശം വിതക്കുന്ന രക്തച്ചൊരിച്ചിലുകളിലാണ് കലാശിക്കുക പതിവ്. എന്നാല്‍ മാസങ്ങളായി ഇറാഖിനു മുകളില്‍ വട്ടമിട്ടു പറക്കുന്ന ഭീതിയുടെ കരിമുകില്‍ക്കൂട്ടങ്ങള്‍ മുഹറത്തിന്റെ വിലാപഘോഷങ്ങള്‍ക്ക് സമയത്തിന്റെയും സന്ദര്‍ഭത്തിന്റെയും ബന്ധനങ്ങളില്‍ നിന്ന് ശാശ്വതമായി മോചനം നല്‍കിയിരിക്കുകയാണ്. അല്ലെങ്കിലും കുറച്ച് കാലങ്ങളായി ഇറാഖി ജനതയുടെ ജീവിതാനുഭവങ്ങള്‍ക്ക് കടും ചുവപ്പു നിറമാണ്; ഉള്ളില്‍ ഭീതി നിറക്കുന്ന അപായത്തിന്റെ നിറം.... വിമോചനവിപ്ലവത്തിന്റെ പ്രത്യാശാകിരണങ്ങള്‍ വഹിക്കുന്നതെങ്കിലും വിലാപങ്ങളുടെയും ആര്‍ത്തനാദങ്ങളുടെയും നിഴലായി കൂടെയുള്ള നിറം.. അതിജീവനത്തിന്റെ ഇളംകിനാക്കളെ മൃത്യുവിന് ബലികൊടുക്കാന്‍ നിരന്തരം ശാഠ്യം പിടിക്കുന്ന കൊടും നിരാശയുടെ നിറം.. അമേരിക്കന്‍ അധിനിവേശത്തിന്റെ പുളിച്ചു തികട്ടലുകളില്‍ നിന്നും പൂര്‍ണ്ണ സമാധാനത്തിന്റെ നാളുകളിലേക്ക് കരകയറിയിട്ടില്ലാത്ത ഒരു ജനതക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശ നാളുകള്‍ ഭീതിയുടെ പുത്തന്‍ അനുഭവങ്ങളാണ് പകര്‍ന്ന് നല്‍കിയത്. പ്രതിയോഗികളെന്ന് സ്വയം പ്രതിഷ്ഠിച്ചവരുടെ തലയറുത്തും, അധിനിവേശ പ്രദേശങ്ങളില്‍ വ്യാപകമായ അതിക്രമമഴിച്ചു വിട്ടും, നട്ടെല്ലില്ലാത്തതെങ്കിലും ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അധികാരത്തിലേറിയ ഭരണകൂടത്തിന്റെ പരമാധികാരത്തെ നിഷ്പ്രയാസം വെല്ലുവിളിച്ച് പല പ്രദേശങ്ങളും തങ്ങളുടെ അധീനതയിലാക്കിയും, ആഗോള ഇസ്ലാമിക ഖിലാഫത്തിന്റെ പ്രയോക്താക്കളായി സ്വയം അഭിഷേകം ചെയ്തും ബാഹ്യശക്തികള്‍ക്ക് കയറിക്കളിക്കാനുള്ള നിസ്സഹായ ഭൂമികയായി അവര്‍ വീണ്ടും ഇറാഖിനെ മാറ്റിത്തീര്‍ത്തു. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തലും ഇറാഖിലെ ഭരണമാറ്റവുമൊന്നും മദ്ധ്യേഷ്യയിലെ സമാധാനപ്പുലര്‍ച്ചക്ക് സഹായകമല്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഓരോ ദിവസവും മേഖലയില്‍ നിന്ന് വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇറാഖിലും സിറിയയിലും അറുതിയില്ലാത്ത ആക്രമണ-പ്രത്യാക്രമണങ്ങളിലൂടെ സമാധാനാന്തരീക്ഷം നാള്‍ക്കുനാള്‍ മോശമായിക്കൊണ്ടിരിക്കുമ്പോള്‍ ഫലസ്തീനില്‍ നിന്നും യമനില്‍ നിന്നുമെല്ലാം വരുന്ന വാര്‍ത്തകളും അസ്വസ്ഥപൂര്‍ണ്ണമായ മദ്ധ്യേഷ്യയുടെ ചിത്രമാണ് പ്രതിഫലിപ്പിക്കുന്നത്. യമനില്‍ ഒരു മാസത്തോളമായി രാഷ്ട്ര തലസ്ഥാനം കൈയ്യേറിയ ഹൂത്തി ശിയാക്കള്‍ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചു കൊണ്ടുള്ള പുതിയ ഭരണകൂടത്തിന് പത്തുദിനങ്ങള്‍ക്കകം രൂപം നല്‍കണമെന്ന് പ്രസിഡണ്ട് അബ്ദു റബ്ബ മന്‍സൂറുല്‍ ഹാദിക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഐക്യാരാഷ്ട്ര സഭയുടെ മദ്ധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ ഭാഗമായ സര്‍വ്വാംഗീകൃത സര്‍ക്കാര്‍ രൂപീകരണത്തിന് പ്രസിഡണ്ട് തയ്യാറാകാത്ത പക്ഷം ബദല്‍ ഭരണകൂട രൂപീകരണമടക്കമുള്ള ഏത് നടപടികള്‍ക്കും തങ്ങള്‍ മുതിര്‍ന്നേക്കാമെന്ന സന്ദേശമാണ് വിമത നേതാക്കള്‍ നല്‍കുന്നത്. qudusഫലസ്തീനില്‍ ഗസ്സ അധിനിവേശത്തിന് താല്‍ക്കാലിക വിരാമമായതിന് പിറകെ ഖുദ്‌സ് വിഭജന നടപടികളുമായി രംഗത്ത് വന്നിരിക്കുകയാണ് ഇസ്രായേല്‍ അധികൃതര്‍. ഇതിന്റെ ഭാഗമായി 1967നു ശേഷം ആദ്യമായി മുസ്ലിംകള്‍ക്ക് മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. നിരോധനം പിന്നീട് സോപാധിക നിയന്ത്രണമായി ലഘൂകരിച്ചെങ്കിലും കാലങ്ങളായുള്ള തങ്ങളുടെ വിഭജന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഉഗ്രശപഥമെടുത്താണ് ഇസ്രായേലിന്റെ ഒരുമ്പെട്ടിറങ്ങലെന്ന് തെളിയിക്കും വിധമാണ് മേഖലയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. മസ്ജിദുല്‍ അഖ്‌സക്ക് സമീപം തീവ്രജൂത വിഭാഗം നടത്തിയ പ്രകടനത്തിനിടെ വധിക്കപ്പെട്ട പുരോഹിതന്റെ ജീവഹാനിക്കുത്തരവാദികള്‍ മുസ്ലിംകളാണെന്നാരോപിച്ചാണ് ഇസ്രായേല്‍ വിശുദ്ധ ഗേഹ പ്രവേശത്തിന് മുസ്ലിംകള്‍ക്ക് അനുമതി നിഷേധിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ മറപിടിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറുള്ള ഇസ്രായേലിന്റെ മറ്റൊരടവായി ഇതിനെ കാണാനേ നിഷ്പക്ഷമതികള്‍ക്ക് കഴിയൂ, ഈയിടെ നടന്ന ഗസ്സ അധിനിവേശത്തിന്റേതടക്കമുള്ള ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുള്ളപ്പോള്‍ പ്രത്യേകിച്ചും. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സ്വതന്ത്ര ഫലസ്തീന്‍ ആശയത്തിന് വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയും പിന്തുണയും ഇസ്രായേലിനെ ചെറുതല്ലാത്ത വിധം അസ്വസ്ഥമാക്കുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പു നടന്ന ഉച്ചകോടിയില്‍ മദ്ധ്യപൂര്‍വ്വദേശത്തിന്റെ തലവര തിരുത്തിക്കുറിക്കുന്ന രീതിയിലുള്ള നയപ്രഖ്യാപനങ്ങള്‍ നടത്തിയ അറബ് ലീഗ് കാര്യത്തോടടുത്തപ്പോള്‍ പതിവ് നോക്കുകുത്തി റോളിലേക്ക് മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഗതകാലാനുഭവങ്ങള്‍ പ്രതീക്ഷക്ക് വകതരുന്നതല്ലാതിരുന്നിട്ടും ആഗോള രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്ന തിരുത്തെഴുത്തുകള്‍ക്കനുസൃതമായി സ്വയം പരിവര്‍ത്തിതരാകാന്‍ അറബ് ലീഗ് നേതൃത്വം തയ്യാറാകുമെന്ന നേരിയ പ്രതീക്ഷ പലരും വെച്ചു പുലര്‍ത്തിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിദ്ധ്യം തുടച്ചു നീക്കാനുള്ള ശ്രമങ്ങളില്‍ പാശ്ചാത്യ ശക്തികളും ആഭ്യന്തര സേനയും കുര്‍ദ് പോരാളികളും അയല്‍രാഷ്ട്രങ്ങളും ഒന്നിച്ച് നടത്തുന്ന പ്രത്യാക്രമണങ്ങള്‍ക്ക് ഇതുവരെയും വിജയം കാണാനാകാത്തത് ലോകത്തിന് വളരെ അപകടകരമായ ഒരു സന്ദേശമാണ് പകര്‍ന്ന് നല്‍കുന്നത് എന്നതും ഈ സന്ദര്‍ഭത്തില്‍ എന്തുകൊണ്ടും പ്രസ്താവ്യമാണ്. ഇറാഖിനെ അശാന്തിയുടെ ശാശ്വത ഇടമാക്കുന്നു എന്നു മാത്രമല്ല ഇതിലൂടെ വിഘടനവാദികള്‍ക്ക് ലഭിക്കുന്ന അപ്രതിരോധ്യതയുടെയും അജയ്യതയുടെയുമായ ഒരു പരിവേഷം ലോകത്തുടനീളമുള്ള സമാനചിന്താഗതിക്കാര്‍ക്ക് അനല്‍പമായ ധൈര്യം പകരുന്നതും സമാധാനകാംക്ഷികളുടെ ചങ്കിടിപ്പേറ്റുന്നതുമാണ്. മദ്ധ്യപൂര്‍വ്വ ദേശം കടുത്ത ശൈത്യത്തിന്റെ നാളുകളിലേക്ക് നീങ്ങുമ്പോള്‍ തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ അഭയാര്‍ത്ഥി ക്യാമ്പുകളുടെ സംരക്ഷണം പോലുമില്ലാതെ വയോധികരും കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന ലക്ഷങ്ങള്‍ ഇറാഖില്‍ നരകിക്കുകയാണ്, തങ്ങളുടെ വിമോചന സ്വപ്നങ്ങള്‍ക്കെങ്കിലും ആത്മാവിനെ മരവിപ്പിക്കുന്ന ഈ കോടമഞ്ഞു വീഴ്ചയെ അതിജീവിക്കാന്‍ കഴിയട്ടെയെന്ന പ്രാര്‍ത്ഥനയോടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter