ഹദീസ് വിജ്ഞാനീയം: ക്രോഡീകരണത്തിന്റെ നാൾവഴികൾ
ഇസ്‍ലാമിന്റെ പ്രമാണ സ്തംഭങ്ങളിലെ രണ്ടാം സ്തംഭായ ഹദീസിന്റെ ചരിത്രത്തിൽ പ്രധാനപ്പട്ടെ പങ്ക് വഹിക്കുന്ന ഒന്നാണ് ക്രോഡീകരണം. പല ഘട്ടങ്ങളിലായി നടന്ന ഹദീസ് ക്രോഡീകരണത്തിൽ ഒരുപാട് സംവാദങ്ങളും വഴിത്തിരിവുകളും ചർച്ചകളും നടന്നിട്ടുണ്ട്. പ്രവാചകൻ മുഹമ്മദ് നബി (സ്വ) തങ്ങളിൽ നിന്ന് തുടങ്ങി അനുചരരിലൂടെ കടന്ന് വന്ന ഹദീസ് താബിഈങ്ങളിലൂടെ കൃത്യമായ സനദിലൂടെയാണ് നിവേദനം ചെയ്യപ്പെട്ട് വരുന്നത്. പ്രവാചകൻ മുഹമ്മദ് നബി (സ്വ) തങ്ങളുടെ ചലന നിശ്ചലനങ്ങളെല്ലാം, കൃത്യമായി തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടതിൽ ഹദീസ് ക്രോഡീകരണം നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഹദീസിന്റെ ക്രോഡീകരണം പ്രധാനമായും നാല് ഘട്ടങ്ങളിലൂടെയാണ് പൂർണ്ണത പ്രാപിച്ചിട്ടുള്ളത്. ഹിജ്റ ഒന്ന് മുതൽ എഴുപത് വരെയുള്ള (1 - 70) രേഖപെടുത്തിവെക്കലിന്റെ ഘട്ടം, ഹിജ്റ എഴുപത് മുതൽ നൂറ്റി ഇരുപത് വരെയുള്ള ഹദീസ് ക്രോഡീകരണ കാലം (70 - 120), ഹിജ്റ നൂറ്റി ഇരുപത് മുതൽ നൂറ്റി അമ്പത് വരെയുള്ള രചനാ ഘട്ടം (ഹി. 120 - 150), ഹിജ്റ നൂറ്റി അമ്പത് മുതൽ ഇരുന്നൂർ വരെ നടന്ന ബൃഹത്തായ ഹദീസ് വിജ്ഞാന കോശങ്ങളുടെ ഘട്ടം (ഹി. 150 - 200) എന്നിവയാണ് അവ.
ഒന്നാം ഘട്ടം (ഹിജ്റ 1-70)
പ്രവാചകൻ മുഹമ്മദ് നബി (സ്വ) തങ്ങളുടെ കാലത്ത് ഖുർആൻ അവതരണ ഘട്ടമായതിനാൽ ഹദീസ് എഴുതുന്നത് വിലക്കിയ സാഹചര്യം ചരിത്രത്തിൽ കാണാനാവുമെങ്കിലും ചില സ്വഹാബാക്കൾക്ക് ഹദീസുകൾ രേഖപ്പെടുത്താൻ പ്രത്യേക സമ്മതം തന്നെ നബി കൊടുത്തതായി കാണാം. അതോടൊപ്പം തന്നെ പ്രവാചകൻ തന്നെ കൽപ്പിച്ച പ്രകാരം എഴുതി വെച്ചവയും നബി തങ്ങൾ തന്നെ എഴുതിയ കരാറുകളും ഉടമ്പടികളും ഈ ഘട്ടത്തിൽപ്പെടുന്നു. പ്രവാചകൻ മദീനയിലേക്ക് പലായനം (സെപ്റ്റംബർ-622) ചെയ്തതിനു ശേഷം അവിടത്തെ നിവാസികളുമായി ഉണ്ടാക്കിയ കരാറായ മദീന ചാപ്റ്റർ, സുറാഖക്ക് നൽകിയ അഭയപത്രം, മുഹാജിറുകളുടെയും അൻസാരികളുടെയും ഇടയിൽ ഉണ്ടാക്കിയ കരാർ തുടങ്ങിയവ ഇതിനുള്ള ഉദാഹരണങ്ങളാണ്. സകാതുമായി ബന്ധപ്പെട്ട രീതിയും സാഹചര്യവും വിശദീകരിക്കുന്ന "കിതാബു സ്സ്വദഖാത്ത്" ഈ ഗണത്തിൽ ഉള്ളതാണ്. മറ്റൊന്ന് പ്രവാചകൻ അംറു ബ്നു ഹസ്മിനെ(റ) യമനിലേക്ക് അയച്ചപ്പോൾ ശരീഅത്ത് സംബന്ധിയായതും മറ്റുകാര്യങ്ങളും ഉൾപ്പെടുത്തി എഴുതിയ ഏട്, സക്കാത്, ശിക്ഷാ നടപടി തുടങ്ങിയ വിഷയങ്ങളിൽ നബി തങ്ങളുടെ കൽപ്പന പ്രകാരം അലി(റ) രേഖപ്പെടുത്തി വെച്ചിട്ടുള്ള ഏട്, മക്കാവിജയ സമയത്ത് (ക്രിസ്താബ്ദം അറുന്നൂറ്റി മുപ്പത് - 630 ) നബിയുടെ പ്രഭാഷണങ്ങൾ എഴുതിവെച്ചത് തുടങ്ങിയവ ഈ കൂട്ടത്തിൽ പ്രധാനപെട്ടതാണ്.
പ്രവാചകൻ പ്രത്യേക സമ്മതം കൊടുത്തവരിൽ പ്രധാനിയാണ് നബിയുടെ വഹ്‍യ് എഴുത്തുകാരനായിരുന്ന അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വ് (റ)- (വഫാത്ത് എഡി 683). നബി തങ്ങളുടെ തിരുവചനങ്ങൾ രേഖപ്പെടുത്തി വെച്ചതിന്റെ പേരിൽ ഖുറൈശികൾ വിലക്കേർപെടുത്തിയ സന്ദർഭവും നബി തങ്ങൾ എഴുത്തു തുടരാൻ ആവശ്യപ്പെട്ട സംഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. ആയിരത്തിലധികം ഹദീസുകൾ രേഖപ്പെടുത്തി വെച്ചിരുന്ന സ്വഹീഫത്തുൽ സ്വാദിഖ മഹാനവർകളുടെ ഹദീസുകൾ ഒരുമിച്ചു കൂട്ടി രചിച്ചതാണ്. ആ ഗണത്തിൽ പെടുന്ന മറ്റൊരു സ്വഹാബിയാണ് പ്രവാചകന്റെ സേവകനായിരുന്ന അനസ് ബ്നു മാലിക്ക് (റ) (വഫാത്ത് ഹി.93), സഅ്ദ് ബിൻ ഉബാദ(റ) തുടങ്ങിയവർ. ഹിജ്റ 58-ൽ വഫാത്തായ സമുറതുബ്നു ജുന്ദുബ് (റ) തന്റെ വസിയ്യത്തിൽ ഹദീസ് രേഖപ്പെടുത്തി അനന്തരർക്ക് കൈമാറ്റം ചെയ്യുകയും അതിൽ ഒരുപാട് ഹദീസുകൾ ഉൾക്കൊള്ളിക്കുകയും ചെയ്ത മഹാനാണ്. മനപ്പാഠമാക്കുന്നതിന് മുഖ്യപരിഗണന നൽകിയതിനാൽ തന്നെ എഴുത്തിന് വേണ്ടവിധത്തിൽ പ്രോത്സാഹനം ലഭിച്ചിരുന്നില്ലെന്നത് വസ്തുതയാണ്. എന്നിരുന്നാലും ഖലീഫമാരുടെ കാലത്ത് നബിയുടെ ഹദീസുകൾ ഉൾപ്പെടുത്തിയ കത്തുകൾ അയക്കുകയും അബ്ദുള്ളാഹിബ്നു അബ്ബാസ്(റ) നെ പോലോത്തവർ മറ്റു സ്വഹാബികളില്‍ നിന്ന് കേട്ടു പഠിച്ചു മനസ്സിലാക്കിയ ഹദീസുകൾ ദീനി മജ്ലിസുകളിൽ പഠിപ്പിക്കുകയും ചെയ്തതായി ചരിത്രത്തിൽ കാണാം.
ക്രോഡീകരണ ഘട്ടം (ഹിജ്റ 70-120)
സ്വഹാബികൾ മുഖേന വാമൊഴിയിലൂടെ അഥവാ ഓറൽ ട്രാൻസ്മിഷനിലൂടെ കൈമാറി പോന്നിരുന്ന ഹദീസിന്റെ ക്രോഡീകരണം പൂർവാധികം ശക്തിയോടെ നടക്കുന്നത് ഈ ഘട്ടത്തിലാണ്. ഔദ്യോഗികമായ ഹദീസ് ക്രോഡീകരണത്തിനു നേതൃത്വം നൽകിയ ഇബ്നു ശിഹാബ് സുഹ്‍രിയും മക്ഹൂലു ശാമിയും, റബീഅത്ത് ബ്നു അബ്ദുള്ളയുമെല്ലാം ഈ സമയത്ത് നിറഞ്ഞു നിന്നവരായിരുന്നു.
പ്രധാനമായും ഈ സമയത്ത് രണ്ടുവിധത്തിൽ ആയിരുന്നു ഹദീസ് ക്രോഡീകരണവും രചനകളും ഉയിരെടുത്തിരുന്നത്. ഒന്നാമതായി പല നാടുകളിൽ ആയിട് അധിവസിച്ചിരുന്ന സ്വഹാബികളും അവരുടെ സന്താനങ്ങളും പണ്ഡിതരായ സ്വഹാബിവര്യന്മാരിൽ നിന്ന് അവർ മനപ്പാഠമാക്കിയതിനെ എഴുതിവെക്കുന്നതായിരുന്നു.
മറ്റൊരു രീതി ഖലീഫമാരും അമീറുമാരും പ്രവാചകരുടെ ഹദീസ് ക്രോഡീകരിക്കാൻ വേണ്ടി പല ഭാഗത്തേക്കും കത്തെഴുതി അയക്കുമായിരുന്നു. അമവി ഖലീഫയായിരുന്ന ഉമറുബിൻ അബ്ദുൽ അസീസ് ഇത്തരത്തിലുള്ളവരിൽ പ്രധാനിയാണ്. മാത്രമല്ല ഉമർ രണ്ടാമന്റെ പിതാവായ അബ്ദുൽ അസീസ് ബിനു മർവാനും പിതാമഹൻ മർവാനുബ്നു ഹക്കമും ഈ ഉദ്യമത്തിന് ശ്രമിച്ചവരാണ്. അവരുടെയൊക്കെ ഖജനാവിൽ ഹദീസ് സൂക്ഷിപ്പിന് വേണ്ടി പ്രത്യേക സംവിധാനം തന്നെ ഒരുക്കി ഹദീസിന്റെ സംരക്ഷണത്തിനുവേണ്ടി ശക്തമായി നിലകൊണ്ടവരായിരുന്നു അവർ. ഉമർ ബിൻ അബ്ദുൽ അസീസ്(റ) മദീനാ ഗവർണർ ആയിരുന്ന അബൂബക്കർ ബിൻ ഹസ്മിന് കത്തെഴുതി പ്രവാചക ഹദീസുകൾ അന്വേഷിച്ചു കണ്ടെത്തി എഴുതി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കാണാം. ഇത്തരത്തിൽ ഔദ്യോഗികമായ ക്രോഡീകരണത്തിനു തുടക്കം കുറിക്കുമ്പോൾ ഉമർ ബിൻ അബ്ദുൽ അസീസ്(റ) രണ്ട് പണ്ഡിതന്മാരെയായിരുന്നു ഈ ഉദ്യമം പ്രധാനമായും ഏൽപ്പിച്ചിരുന്നത് വിശുദ്ധ ഇസ്‍ലാമിന്റെ ദ്വിതീയ പ്രമാണമായ തിരുസുന്നത്തിന്റെ ലിഖിതരൂപത്തിൽ ക്രോഡീകരണത്തിൽ ഇവർ വഹിച്ച പങ്ക് നിസ്തുലമാണ്.
1- അബൂബക്കർ ബ്നു മുഹമ്മദ് ബ്നു അംറ് ബ്നു ഹസം
ഹിജ്റ 120ൽ വഫാത്തായ ഇദ്ദേഹം, വിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിജ്ഞാനത്തില്‍ അഗ്രഗണ്യനായിരുന്നു. ഹദീസ് പണ്ഡിതനായിരുന്ന അബൂബക്കർ, ഉമർ രണ്ടാമന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിച്ചെങ്കിലും പിന്നീട് ആ കിത്താബ് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായി.
2- മുഹമ്മദ് ബ്നു ശിഹാബ് സുഹ്‍രി
ഹദീസ് ക്രോഡീകരണ ചരിത്രത്തിലെ അതിപ്രധാനിയാണ് മുഹമ്മദ് ബിൻ ഉബൈദില്ല എന്ന ഇമാം ഇബ്നു ശിഹാബ് സുഹ്‍രി. ഹിജ്റ അമ്പത്തിയൊന്നിൽ മദീനയിലാണ് ജനിക്കുന്നത്. വിവിധ വിഷയങ്ങളിൽ അവഗാഹം ഉണ്ടായ താബിഈ പണ്ഡിതനായ ഇബ്നു ശിഹാബ് സുഹ്രിയുടെ ഗുരുനാഥന്മാരാണ് പ്രമുഖ പണ്ഡിതർ ആയിരുന്ന സഈദ് ബിൻ മുസയ്യബ് (റ), ഉർവത്ത് ബ്നു സുബൈർ (റ), ഇബ്നു ഉമർ (റ), അബൂ ഹുറൈറ (റ), അനസ് ബ്നു മാലിക്(റ), ജാബിർ(റ), സഹൽ ബ്നു സഅദ് (റ) തുടങ്ങിയവർ.
മുഴു സമയം അറിവന്വേഷണത്തിനും അവ പഠിക്കാനും വ്യാപിപ്പിക്കാനും ശ്രമിച്ച ഇബ്നു ശിഹാബ് സുഹ്‍രിക്ക് ഇരുന്നൂറിലധികം ശിഷ്യന്മാർ ഉണ്ടായിരുന്നു. ഇമാം മാലിക് ബ്നു അനസ് (റ), ഇമാം അബൂ ഹനീഫ, അത്വാഅ് ബിൻ അബീ റബാഹ് (റ), ഉമർ ബിൻ അബ്ദിൽ അസീസ്, ഇബ്നു ഉയയ്ന (റ), ലൈസ് ബ്ന് സഅദ്, ഔസാഈ (റ), ഇബ്നു ജുറൈജ് തുടങ്ങിയവർ അവരിൽ പ്രമുഖരാണ്.
മനപ്പാഠമാക്കുവാൻ ഏറെ കഴിവുണ്ടായിരുന്ന അദ്ദേഹത്തിൻറെ ഒരുപാട് സംഭവങ്ങൾ പ്രസിദ്ധമാണ്. ഒരിക്കൽ രാജാവായ ഹിഷാം ബിൻ അബ്ദുൽ മാലിക് ഇമാം സുഹ്‍രിയെ പരീക്ഷിക്കാൻ തീരുമാനിച്ചു. എന്റെ മകന് അല്പം ഹദീസുകൾ പറഞ്ഞുകൊടുക്കണമെന്ന് സുഹ്‍രി തങ്ങളോട് പറയുകയും ബഹുമാനപ്പെട്ടവർ ഏകദേശം നാന്നൂറോളം (400) ഹദീസുകൾ പറഞ്ഞുകൊടുക്കുകയുമുണ്ടായി. എന്നാൽ പിന്നീട് ആ എഴുതിവെച്ച ഗ്രന്ഥം നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് ഒന്നും കൂടി പറഞ്ഞു നൽകണമെന്ന് പറഞ്ഞപ്പോൾ മഹാനവർകൾ വീണ്ടും പറഞ്ഞു കൊടുത്തു. ഹിഷാം ബിൻ അബ്ദുൽ മലിക് നേരത്തെ സുഹ്‍രി തങ്ങളിൽ നിന്ന് കേട്ട് എഴുതി വെച്ച ലിഖിതവും ഇപ്പോഴത്തെ ലിഖിതവും പരിശോധിച്ചപ്പോൾ രണ്ടും തമ്മിൽ ഒരു വ്യത്യാസം പോലും കണ്ടെത്താനായില്ല. ഈ സംഭവം ഇമാം സുഹ്‍രിയുടെ ഓർമ്മ ശക്തിയാണ് വിളിച്ചോതുന്നത്.
ഹദീസിൽ സുപ്രധാനമായ മാറ്റങ്ങളും ചലനങ്ങളും കൊണ്ടുവന്ന വ്യക്തിയെന്ന നിലയിൽ ഹദീസ് വിജ്ഞാന ശാഖയുടെ പിതാവ് എന്ന രീതിയിൽ വരെ അറിയപ്പെടുന്ന ഇമാം സുഹ്‍രി തന്റെ ഇരുപതാം വയസ്സിലാണ് ഹദീസ് ക്രോഡീകരണം തുടങ്ങുന്നത്. ഹദീസിൽ ആദ്യമായി സനദ് ചേർത്തത് ഇമാം സുഹ്‍രിയാണെന്ന് ഇമാം മാലിക്(റ)വും ഏറ്റവും നല്ല ഹദീസും ഏറ്റവും ശുദ്ധമായ സനദും ഇബ്നു ശിഹാബ് സുഹ്‍രിയുടെതാണന്ന് ഇമാം അഹ്മദ് ബിൻ ഹമ്പല്‍(റ)വും പറഞ്ഞു വെച്ചിട്ടുണ്ട്. ഹിജ്റ നൂറ്റിഇരുപത്തി നാലിൽ(124) വഫാത്തായ ഇമാം സുഹ്‍രിയുടെ ഗ്രന്ഥങ്ങൾ അങ്ങാടികളിൽ വിൽക്കപ്പെടുകയും പലരും അത് മനപ്പാഠമാക്കുകയും വരെ ചെയ്തിട്ടുണ്ടായിരുന്നു.
ഉമർ രണ്ടാമൻ ഇമാം സുഹ്‍രിയുടെയും അബൂബക്കർ മുഹമ്മദ് ബിനു അംറ് ബ്ന് ഹസ്മിന്റെയും കൂടെ തന്നെ തൻറെ അമ്മാവൻ കൂടിയായ സാലിം ബിൻ അബ്ദുല്ലാഹിബ്നു ഉമറിനോട് ബഹുമാനപ്പെട്ട ഉമർ ബിൻ ഖത്താബ് (റ) തങ്ങളുടെ സകാത്ത് വിഷയത്തിലെ അളവിലെയും വിതരണത്തിലെയും ചര്യ എഴുതിവെക്കാനും പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.
ഇക്കാലത്ത് തന്നെ ഹദീസ് ക്രോഡീകരണ അനുബന്ധ ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്ന സ്വഹാബികളുടെ ശിഷ്യന്മാരായ താബിഈ പണ്ഡിതന്മാർ ഒരുപാട് ഉണ്ടായിരുന്നു. ജാബിർ ബ്നു അബ്ദുല്ല അൻസാരിയിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസുകൾ ഒരുമിച്ചുകൂട്ടി സുലൈമാൻ ബ്നു ഖൈസുൽ യഷ്കരി, സ്വഹീഫത്തുൽ ജാബിർ രചിക്കുകയും ഒരുപാട് പണ്ഡിതന്മാർ അതിൽ നിന്ന് വിജ്ഞാനം നുകരുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ അന്ന് സജീവമായി രംഗത്തുണ്ടായിരുന്നവരാണ് സ്വഹാബിയായ സുബൈറുബ്നു അവ്വാമിന്റെ മകനായ ഉർവത്ത് ബ്നു സുബൈർ. മാതൃ സഹോദരിയായ ആയിഷ ബീവിയിൽ(റ) നിന്നും മറ്റ് സ്വഹാബാക്കളിൽ നിന്നും നിരവധി ഹദീസുകൾ പഠിച്ച ഉർവയിൽ നിന്ന് മുന്നൂറിൽ പരം റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്. ഈ ഗണത്തിൽ തന്നെ പെടുന്ന മഹാനാണ് തഫ്സീറിലും ഹദീസിലും ഒക്കെ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ഇബ്നു അബ്ബാസ്(റ)ന്റെയും ഇബ്നു ഉമര്‍(റ)ന്റെയും ശിഷ്യനായ സഈദ് ബിൻ ജുബൈര്‍(റ)വും സഹാബാക്കളിൽ നിന്ന് ഹദീസ് പഠിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്തിരുന്ന സാലിം ബിൻ അബിൽ ജഹ്ദും ഇബ്നു അബ്ബാസ്(റ)ന്റെ സേവകനായിരുന്ന കുറൈബുമടക്കം ഇക്കാലത്ത് വൈജ്ഞാനിക സംരംഭത്തിൽ തങ്ങളുടെ ഭാഗധേയം നിർവഹിച്ച പണ്ഡിത വര്യന്മാരാണ്.
പ്രമുഖ സ്വഹാബിയായ അനസ് ബ്നു മാലിക്കിന്റെയും (റ) ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത സ്വഹാബിയായ അബൂ ഹുറൈറ(റ)ന്റെയും ശിഷ്യനായ ബസറയിലെ പണ്ഡിതനും ഹദീസ് വിജ്ഞാനത്തിലെ കുലപതിയുമായിരുന്ന മുഹമ്മദ് ബിനു സീരീൻ (വഫാത്ത് - ഹിജ്റ 110), ഫിഖ്ഹ്, ഹദീസ്, സൂഫിസം തുടങ്ങി വിവിധ മേഖലകളിൽ പണ്ഡിതനും ഇമാമുമായിരുന്ന ഹസനുൽ ബസ്വരി (വഫാത്ത് - ഹിജ്റ 110), ശാമിലെ താബിഈ പണ്ഡിതരിൽ പ്രമുഖനായ, ഫിഖ്ഹ്, ഹദീസ് തുടങ്ങി നിരവധി മേഖലയിൽ രചന നിർവഹിച്ച മക്ഹൂലുൽ ശാമിയും ഹിജ്റ നൂറ്റിപ്പതിനേഴിൽ വഫാത്തായ പ്രവാചകചര്യ ഏത് സമയത്തും കൂടെ കൂട്ടിയിരുന്ന ഇബ്നു ഉമറിന്റെ(റ) സേവകൻ ആയിരുന്ന നാഫിഅ്, അബൂ ഹുറൈറ(റ)ന്റെ പ്രധാന ശിഷ്യനായിരുന്ന ഹമ്മാം ബ്നു മുനബ്ബഹ് സ്വൻഹാനീ (വഫാത്ത് - ഹിജ്റ 132) തുടങ്ങിയ പണ്ഡിത ശ്രേഷ്ടരും രണ്ടാം ഘട്ടത്തിൽ ഹദീസ് വിജ്ഞാനീയ ചർച്ചകളിലും ക്രോഡീകരണങ്ങളിലും സംഭാവന ചെയ്തവരാണ്.
സനദ് കൊണ്ടുള്ള റിപ്പോർട്ടുകൾക്ക് ഏറെ പ്രചാരം ലഭിച്ച കാലഘട്ടമായ ഈ സമയത്ത് മദീന, മക്ക, ബസ്വറ, കൂഫ, യമൻ, ശാം, മിസ്റ് തുടങ്ങിയ പ്രദേശങ്ങളിൽ ഹദീസിന്റെ വരമൊഴി വ്യാപിക്കുകയുണ്ടായി. അതോടെപ്പം തന്നെ വിവിധ മേഖലയിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങൾ രചിക്കപ്പെടുകയും ചെയ്ത സമയമായിരുന്നു ഇത്. ശഅ്ബി "ജിനായത്തിലും" "അനന്തരവകാശവുമായി" ബന്ധപ്പെട്ടതിലും "ത്വലാഖ്" വിഷയസംബന്ധിയായതിലും ഒട്ടനവധി ഗ്രന്ഥങ്ങൾ രചിച്ചതായി താരീഖുൽ ബഗ്ദാദിൽ പറയുന്നുണ്ട്.
രചനാ ഘട്ടം കര്‍മ്മശാസ്ത്ര ക്രമത്തിൽ (ഹി.120-150)
ഹദീസ് ക്രോഡീകരണ ചരിത്രത്തിലെ മൂന്നാം ഘട്ടമായ മർഹലത്തുൽ തസ്നീഫിൽ ധാരാളം പണ്ഡിതമഹത്തുക്കൾ ഫിഖ്ഹിന്റെ ക്രമത്തിലുള്ള രചന സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. ഇബ്നു ശിഹാബ് സുഹ്‍രിയുടെ ശിഷ്യന്മാരമായ ഒരുപാട് പേർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. സുഹ്‍രിയുടെ ശിഷ്യനായ അബ്ദുൽ മലിക്ക് ബ്നു ജുറൈഹ് (ഹി. 80 - 150) ആദ്യമായി തസ്നീഫ് നടത്തിയ പണ്ഡിതനാണെന്ന് അബ്ദുർറസാഖ് സ്വൻആനിയെ പോലോത്ത പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖുമാരിൽ നിന്നും കേട്ട ഹദീസുകൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ധാരാളം ഗ്രന്ഥങ്ങളുണ്ടായിരുന്ന ഇബ്നു ജുറൈഹിന്റെ കിതാബുകളെ കുതുബുൽ അമാന എന്നായിരുന്നു ഉലമാക്കൾ വിളിച്ചിരുന്നത്. പ്രസ്തുത ഗ്രന്ഥങ്ങളിൽപെട്ടതാണ് പിൽകാലത്ത് ഉരുവം കൊണ്ട കുതുബ് സിത്തയിലും മുസ്നദ്കളിലുമൊക്ക വന്നിട്ടുള്ള ഹദീസുകൾ ഉൾകൊള്ളിച്ച ഇബ്നു ജുറൈഹിന്റെ സുനനും ജാമിഅുമെല്ലാം.
രചനയിലും തസ്നീഫിലുമായി ജീവിതം ഉഴിഞ്ഞുവെച്ച മറ്റൊരു മഹാപണ്ഡിതനാണ് ബസ്വറയിൽ ആദ്യമായി തസ്നീഫ് നടത്തിയ സഈദ് ബ്നു അബീ ഉർവ (ഹി. 80- 156). വിവിധ വിഷയങ്ങളിൽ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്, ത്വലാഖ് വിഷയ സംബന്ധിയായതടക്കം ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു. സ്വാഹാബത്തിന്റെ അവസാന കാലത്ത് ജനിച്ച ശാം പണ്ഡിതനായ അബ്ദുർറഹ്മൻ ബ്നു അംറുൽ ഔസാഈ (ഹി. 88- 156) ശാമിൽ ആദ്യമായി തസ്നീഫ് നടത്തിയ പണ്ഡിതനാണ്. ഫിഖ്ഹിൽ സ്വന്തമായി മദ്ഹബ് വരെ ഉണ്ടായിരുന്ന ഇദ്ധേഹത്തിനു ഒരുപാട് ഗ്രന്ഥങ്ങൾ ഉണ്ട്. യമനിൽ ആദ്യമായി തസ്നീഫ് നടത്തിയ സുഹ്‍രി തങ്ങളുടെ ശിഷ്യനായ മഅ്മറുബ്നു റാശിദുൽ യമാനി (ഹി. 95- 152) രചിച്ച ജാമിഇൽ (ഫിഖ്ഹ് ബാബ് ക്രമത്തിൽ) ആയിരത്തി അറുന്നൂറ്റിപതിമൂന്ന് ഹദീസുകളോളം ഉൾപ്പെടുത്തുകയുണ്ടായി. പ്രസ്തുത പണ്ഡിതകൂട്ടത്തിൽ പ്രധാനിയായ മഹാപണ്ഡിതനാണ് മുപ്പത്തി മൂവായിരത്തോളം ഹദീസുകൾ മനപ്പാഠമായിരുന്ന കൂഫയിൽ തസ്നീഫിനു തുടക്കം കുറിച്ച ഇറാഖി പണ്ഡിതനായ സുഫ്‍യാനുസ്സൗരി (ഹി. 97- 161) ജാമിഅ് കബീർ, ജാമിഅ് സ്വഗീർ, കിതാബുൽ ഫറാഇള് എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്.
തസ്നീഫ് കാലഘട്ടത്തിലെ അതിപ്രശസ്ത പണ്ഡിതനാണ്, നൂറിൽപരം ശൈഖന്മാരും, ആയിരത്തി എഴുന്നൂറിലധികം ശിഷ്യന്മാരുമുള്ള ഇമാം മാലിക്ക് ബ്നു അനസ് (ഹി. 93 - 179). ആദ്യമായി മദീനയിൽ മുവത്വയിലൂടെ തസ്നീഫ് രംഗത്തിൽ നാന്ദികുറിച്ചത് അദ്ദേഹമാണ്. തന്റെ നാൽപതാം വയസ്സിൽ മദീനപള്ളിയിൽ വിജ്ഞാനസദസ്സിനു തുടക്കം കുറിച്ച മഹാനായ മാലിക്ക് തങ്ങൾ രചിച്ച മുവത്വയെ ഇമാം ശാഫിഈ വിശേഷിപ്പിച്ചത്. ഖുർആനിനു ശേഷം ഏറ്റവും വിശ്വാസതയുള്ള ഗ്രന്ഥമായിട്ടാണ്. അക്കാലത്തുണ്ടായിരുന്ന പല പണ്ഡിതന്മാരും മുവത്വയെ പോലെയുള്ള ഗ്രന്ഥങ്ങൾ രചിച്ചെങ്കിലും പ്രസ്തുത ഗ്രന്ഥങ്ങൾ ഒന്നും മാലിക് ബ്നു അനസ് തങ്ങളുടെ(റ) മുവത്വയെ പോലെ സ്വീകാര്യമായില്ല. അബ്ബാസി ഖലീഫയായ അബൂ ജഅ്ഫറുൽ മൻസൂർ (എഡി 714 - 775) മുവത്വയെ നിയമമാക്കാൻ പോലും ശ്രമിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുവത്വയുടെ രചന മാലിക് ബിൻ അനസ് (റ) തങ്ങൾ പൂർത്തിയാക്കിയത് ഏകദേശം നാല്പതു വർഷം കൊണ്ടാണ്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച മുവത്വാ പല പണ്ഡിതന്മാരും മാലിക്ക് ബ്നു അനസ് തങ്ങളിൽ നിന്ന് ഓതുകയും മുവത്വയെ അടിസ്ഥാനമാക്കി വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്.
ബൃഹത്തായ ഹദീസ് വിജ്ഞാന കോശ ഘട്ടം (ഹി.150-200)
ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ പകുതി മുതൽ അവസാനം വരെയുള്ള നാലാമത്തെ ഘട്ടത്തിൽ ഒരുപാട് ഹദീസ് ഗ്രന്ഥങ്ങൾ രചിക്കപ്പെടുകയും അതുവരെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഘടന രീതികളിൽ നിന്ന് വ്യത്യാസം വരുത്തി വിഷയങ്ങൾ, ക്രമം, ഘടന, തോത് എന്ന നിലയിൽ ഇനങ്ങൾ ആയി രൂപം പ്രാപിക്കാൻ ഹദീസ് വിജ്ഞാനം തുടങ്ങുകയും ചെയ്തു. അത്തരം രചനകൾ പിന്നീട് ഹദീസിന്റെ കാതലായി വർത്തിക്കുന്നതിൽ ഏറെ മുമ്പിലായിരുന്നു. ഇസ്‍ലാമിക വൈജ്ഞാനിക വികസനത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്ന ഹാറൂൺ റഷീദ് (ഹി. 170- 203) ഭരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തസ്നീഫുകളുടെ രചനയും മറ്റു ഫിഖ്ഹ്, തഫ്സീർ, നഹ്‍വ്, സാഹിത്യം തുടങ്ങിയ വിജ്ഞാന ശാഖകളിലെന്ന പോലെ, ഹദീസ് മേഖലയിലും വിപുലമയിതന്നെ രചനകള്‍ നടന്നു.
ഈ കാലത്ത് പ്രധാനമായും മൂന്നാം ഘട്ടത്തിലെ ഹദീസ് ക്രോഡീകരണത്തിനും രചനകൾക്കും നേതൃത്വം നൽകിയിരുന്ന പണ്ഡിതന്മാരായ ഇബ്നു ജുറൈഹിന്റെയും (റ) മാലിക്കിന്റെയും (റ) ബസഡ്വറയിൽ അബീ ഉർവ്വയോടൊപ്പം ആദ്യമായി തസ്നീഫ് നടത്തിയ ഹമ്മാദ് ബിൻ സലമിന്റെയും (റ) അബ്ദുർറഹ്മാൻ ബ്നു അംറുൽ ഔസായി (റ) അടക്കമുള്ള മറ്റു പണ്ഡിതന്മാരുടെയും ഗ്രന്ഥങ്ങൾ അവലംബിച്ചായിരുന്നു ഗ്രന്ഥ രചനകൾ ഉണ്ടായിരുന്നത്. വ്യത്യസ്ത വഴിയിലൂടെ കടന്ന് വരുന്ന ഒരുപാട് സനദ്കൾ ഉൾക്കൊള്ളിച്ചു ബൃഹത്തായ ഹദീസ് ഗ്രന്ഥ രചനകൾ കൊണ്ട് ഇക്കാലം സമ്പന്നമായിരുന്നു. സഹാബികളുടെ നാമങ്ങളുടെ ക്രമത്തിൽ ഹദീസുകൾ ഒരുമിച്ചുകൂട്ടി ഇമാം അഹ്മദ് (റ) ന്റെ മുസ്നദ് പോലോത്ത ധാരാളം മുസ്നദുകൾ ഇക്കാലത്ത് ഉടലെടുത്തതാണ്.
പ്രവാചക അധ്യാപനങ്ങളും സ്വഹാബാക്കളുടെയും താബിഈങ്ങളുടെയും ഫിഖ്ഹി പരമായതും മറ്റുമായ അഭിപ്രായങ്ങളും ഹദീസുകളുടെ സനദുകളും കൃത്യമായി ഉൾക്കൊള്ളിച്ചുകൊണ്ട് രചിക്കപ്പെട്ട മുസഫാത്തിൽ ഇബ്നു അബീശൈബയുടെ (വഫാത്ത് ഹി. 221) നാൽപ്പതിനായിരത്തോളം റിപ്പോർട്ടുകൾ അടങ്ങിയ ഗ്രന്ഥവും ഇരുപതിനായിരത്തോളം ഹദീസുകൾ ഉൾക്കൊള്ളുന്ന അബ്ദുറസാഖ് (വഫാത്ത് ഹി. 211) എന്നവരുടെ ഗ്രന്ഥവും പ്രസ്തുത സമയത്ത് ഉദയം കൊണ്ടതാണ്.
ഫിഖ്ഹി സംബന്ധമായ ബാബ് അടിസ്ഥാനത്തിൽ പ്രവാചകൻ തിരുനബി(സ്വ) തങ്ങളുടെ വചനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സുനനുകൾ, സിഹാഹുകൾ, റാവിമാരുടെ ചരിത്രം പ്രതിപാദിക്കുന്ന രചനകൾ, വിശ്വസ്തരായ റാവിമാരെ മാത്രം ഉൾക്കൊള്ളിച്ച ഗ്രന്ഥശേഖരങ്ങൾ, ന്യൂനതയുള്ള റാവിമാരെ മാത്രം വിവരിച്ച കിതാബുകൾ, സ്വഹാബാക്കളുടെ ഹദീസുകളും ജീവിതചരിത്രവും മാത്രം ഉൾക്കൊള്ളിക്കപ്പെട്ട കിതാബുകൾ, ഹദീസ് നിരൂപണം നടത്തുന്ന പഠനങ്ങൾ, കെട്ടിച്ചമക്കപ്പെട്ട ഹദീസുകൾ വിവരിക്കുന്ന കിതാബുകൾ തുടങ്ങിയവ ഹദീസ് ക്രോഡീകരണ ചരിത്രത്തിലെ നാലാം ഘട്ടത്തിനുശേഷമാണ് (ഹിജ്റ നൂറ്റി അമ്പത് മുതൽ ഇരുന്നൂർ-നാലാം ഘട്ടം)ഉയിരെടുത്തത്.
സ്വഹീഹായ ഹദീസുകൾ ബാബുകളുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട സിഹാഹുകളിൽ ഹിജ്റ ഇരുന്നൂറ്റി അമ്പത്തിയാറിൽ (ഹിജ്റ 256) ൽ വഫാത്തായ ഇമാം ബുഖാരി(റ)യുടെയും ഹിജ്റ ഇരുന്നൂറ്റിയറുപത്തിയൊന്നിൽ (ഹിജ്റ 261) വഫാത്തായ ഇമാം മുസ്‍ലിം (റ)യുടെയും സ്വഹീഹുകൾ അതിപ്രശസ്തമാണ്. സുനനുകളിൽ അബൂ ദാവൂദ്, (വഫാത്ത് എഡി 889), തുർമുദി (വഫാത്ത് എഡി 892), ഇബ്നുമാജ (വഫാത്ത് എഡി 886), നസാഈ (വഫാത്ത് ഹി. 303 ), ദാരിമി (വഫാത്ത് ഹി. 255). ദാറഖുത്നി (വഫാത്ത് ഹി. 385 ) എന്നിവരുടെ ഗ്രന്ഥങ്ങൾ പ്രധാനപ്പെട്ടതാണ്.
റാവിമാരുടെ ചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ അനൽപമായ സംഭാവനകൾ ചെയ്ത ഇമാം ബുഖാരിയുടെ(റ) "താരീഖുൽ കബീറും" അറബി അക്ഷരമാല ക്രമത്തിൽ ഹദീസ് റാവിമാരെ ഉൾക്കൊള്ളിച്ച് ഇമാം റാസിയുടെ "അൽ ജുർഹു വതഅദീല്‍" തുടങ്ങിയ ഗ്രന്ഥങ്ങൾ, വിശ്വസ്തരായ റിപ്പോർട്ടർമാരെ മാത്രം ഉൾക്കൊള്ളിച്ചു രചിച്ച ഗ്രന്ഥങ്ങളിൽ പ്രസിദ്ധമാണ്. ഇബ്നു ഹിബ്ബാന്റെ (റ) "അൽ സിഖാത്", ഹജലി (റ)എന്നവരുടെ "അൽ സിഖാത്ത” തുടങ്ങിയവയും ഏറെ പ്രശസ്തമാണ്. ഇബ്നു ഹിബ്ബാന്റെ(റ) തന്നെ "അൽ മജ്റൂഹീൻ", ബഹുമാനപ്പെട്ട ഇമാം ബുഖാരി തങ്ങളുടെയും (റ) നസാഈ (റ) തങ്ങളുടെയും "കിതാബുൽ ളുഹഫാഅ്" എന്നീ കിതാബുകൾ, ഇബ്നു അദിയ്യിന്റെ "അൽകാമിൽ" തുടങ്ങിയവ ന്യൂനത പറയപ്പെട്ടിരുന്ന റാവിമാരെ വിവരിക്കുന്ന രചനകളും സ്വഹാബാക്കളുടെ ജീവിത സംഭവങ്ങളും കുടുംബ ചരിത്രവും എല്ലാം പ്രതിപാദിക്കുന്ന അബീ നഈം അസ്ബഹാനിയുടെ "അസ്വഹാബ", അബ്ദുൽ ബർറിന്റെ "അൽ ഇസ്തീആബ്" തുടങ്ങിയ ഗ്രന്ഥങ്ങളും ഹദീസ് ക്രോഡീകരണ ഘട്ടങ്ങളിലെ ബൃഹത്തായ ഹദീസ് വിജ്ഞാന കോശങ്ങളുടെ സമയത്തിന് ശേഷം ഉടലെടുത്തതാണ്.
ബാഗ്ദാദിൽ ജീവിച്ച പതിനായിരക്കണക്കിന് പണ്ഡിതന്മാരുടെ ചരിത്രം ഉൾക്കൊള്ളിച്ച് ഖത്തീബുൽ ബാഗ്ദാദി എഴുതിയ താരീഖുൽ ബഖ്ദാദ്, ഡമസ്കസിലെ പണ്ഡിത സമൂഹത്തെ സംബന്ധിച്ച് അൽ ഹാഫിള് ഇബ്നു അസാകിർ രചിച്ച താരീഖുൽ ദിമശ്ഖ് തുടങ്ങിയ കിതാബുകൾ ഉലമാക്കളുടെ ജീവിതത്തെ സംബന്ധിയായി വാചാലമാകുന്ന വൈജ്ഞാനികമായി സ്വാധീനം ചെലുത്തുന്ന പ്രസ്തുത സമയത്ത് ഇറങ്ങിയ ഗ്രന്ഥങ്ങളാണ്. ഹിജ്റ നൂറ്റിഅമ്പത് മുതൽ ഇരുന്നൂർ (150-200) വരെയുള്ള മർഹലത്തുൽ റാബിഅക്ക് ശേഷം ഹദീസ് വിജ്ഞാനിക ഗ്രന്ഥങ്ങളിൽ ഒട്ടേറെ പഠന ചർച്ചകൾക്ക് വിധേയമായ ഹദീസുകളെയും രിവായത്തുകളെയും നിരൂപണം ചെയ്യുന്ന ഇബ്നു അബി ഹാത്തിമു റാസിയുടെ "കിതാബുൽ ഇലൽ" ദാറഖുതനിയുടെ (ഹി 306-385) "കിതാബുൽ ഇലൽ", കെട്ടിച്ചമക്കപ്പെട്ട ഹദീസ് സംബന്ധിയായ പഠനങ്ങളുള്ള ജൗസഖാനിയുടെ "അബാതീൽ", ഇബ്നു ജൗസിയുടെ "അൽ മൗളൂഹാത്" തുടങ്ങിയ വൈജ്ഞാനിക രചനകൾ കൊണ്ട് അക്കാലം സമ്പന്നമായിരുന്നു. ഹദീസ് വിജ്ഞാന ശാഖക്ക് പുതിയ രൂപം നൽകിയ ഹദീസ് വിജ്ഞാനീയ ഉപയോഗങ്ങൾ പ്രസരിപ്പിക്കുന്ന ഹാക്കിമിന്റെ "മഅരിഫത്തുൽ ഉലൂമുൽ ഹദീസ്", ഖത്തീബുൽ ബഗ്ദാദിയുടെ (ജനനം-ഹിജ്റ 392 ജുമാദുൽ ആഖിർ 24-മരണം ഹിജ്റ 463 ദുൽഹിജ്ജ 7) "അൽകിഫായ", ഇബ്നു സ്വലാഹിന്റെ (ജനനം-ക്രിസ്താബ്ദം 1181/ഹിജ്റ 577 -മരണം 1245/ഹിജ്റ 643) മുഖദ്ദിമയുമെല്ലാം ഹദീസിൻറെ വൈജ്ഞാനിക ശാഖയെ ലോകോത്തരമാക്കിയതിൽ നിർണായക പങ്കുവഹിച്ചവയാണ്.
ഇത പര്യന്തമുള്ള മഹത്തായ വൈജ്ഞാനിക മുന്നറ്റേങ്ങൾ നിറഞ്ഞിരുന്ന കാലഘട്ടത്തിലാണ് ഹദീസ് വിജ്ഞാന ശാഖ ഉയിരെടുക്കുന്നതും വളരുന്നതും. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യിൽ നിന്ന് കേട്ട് പഠിച്ചു മനസ്സിലാക്കി ഹൃദ്യസ്ഥമാക്കിയിരുന്ന ഹദീസുകൾ കൃത്യമായ വഴിയിലൂടെ ഒരു പോറൽ പോലും ഏൽക്കാതെ യഥാവിധി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതിൽ ഹദീസ് വിജ്ഞാനീയത്തിന്റെ ക്രോഡീകരണം വഹിച്ച പങ്ക് വിവരണാതീതമാണ്. ഹദീസ് കടുന്നുവന്ന രീതിയും സാഹചര്യവും മനസ്സിലാക്കി വ്യത്യസ്ത രീതിയിൽ ഹദീസിന്റെ സ്ഥാനത്തെ ക്രമപ്പെടുത്തുകയും ഇത്തരം രീതിയിൽ ഹദീസ് ഗ്രന്ഥ പ്രവർത്തനം നടത്തുകയും ചെയ്ത പണ്ഡിതന്മാർ ഇവിടെ പ്രസ്താവിക്കപ്പെട്ടതിലും അധികമാണ്. അനൽപമായ വൈജ്ഞാനിക താൽപര്യം കൈമുതലാക്കി ജീവിതം അറിവ് അന്വേഷണത്തിലാക്കി മനുഷ്യൻ ജീവിതത്തിൽ അനുവർത്തിക്കേണ്ട ചെയ്തികൾ, രീതികൾ തുടങ്ങി ഒട്ടേറെ മേഖലകൾ കൈകാര്യം ചെയ്യുന്ന ഹദീസിനെ യഥാക്രമം റിപ്പോർട്ട് ചെയ്യുന്നതിൽ അവരുടെ പങ്ക് നിസ്തുലമാണ്.
പ്രവാചക ഘട്ടത്തിൽ തന്നെ ഉരുവം കൊള്ളാന്‍ തുടങ്ങിയ ഹദീസ് നേരത്തെ പ്രസ്താവിക്കപ്പെട്ട കാല സമയ-സന്ദർഭങ്ങളിലൂടെ വിവിധ രീതിയിലുള്ള ഘടന രൂപത്തിൽ വളർച്ച പ്രാപിക്കുകയും ചെയ്ത ഒട്ടനവധി ഹദീസ് ചർച്ചകളും ഗ്രന്ഥങ്ങളും ഇന്നും അഭംഗുരം തുടരുകയാണ്.
അവലംബം:
-تاريخ تدوين السنة وشبهات المستشرفين حاكم المطيري
تقييد العلمالخطيب البغدادي
اسير
علل احمد
الرسالة المستطرفة محمد بن جعفر بن إدريس الحسني الكتاني
Leave A Comment