ഇറാഖും അഫ്ഗാനും തകര്‍ത്ത്, ഇനി വെനിസ്വേലയിലേക്ക്
അന്താരാഷ്ട്ര നിയമങ്ങൾക്കതീതമായും ഐക്യരാഷ്ട്ര സഭയുടെ അനുച്ഛേദം രണ്ടിന് വിരുദ്ധമായും വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെ അമേരിക്കൻ സൈന്യം അറസ്റ്റ് ചെയ്തത് ലോക രാഷ്ട്രങ്ങൾ ഏറെ അമ്പരപ്പോടെയാണ് നോക്കി കണ്ടത്. ധാർമികതയെന്ന പേരിൽ തല്ലിതലോടുന്ന രാഷ്ട്രീയ നയം നവ-ആധുനികതയിൽ അധിനിവേശ രൂപത്തിൽ അമേരിക്ക വീണ്ടും പ്രയോഗവത്കരിച്ചതോടെ താൻ പിടിച്ച മുയലിന് മൂന്ന് ചെവി എന്ന രാഷ്ട്രീയ അധാർമിക നയം തന്നെയാണ് അമേരിക്ക വീണ്ടും ആവർത്തിക്കുന്നത്.
2001 ലാണ് വെനിസ്വേല രാഷ്ട്രീയത്തിൽ കാര്യമായ മാറ്റങ്ങൾക്ക് തുടക്കമാകുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതക്കും സംവാദസംവേദനങ്ങൾക്കും വേദിയായ നയങ്ങളാണ്, "അന്യന്റെ ചിലവിൽ അധിനിവേശപ്പെടുത്തുക" എന്ന നവകൊളോണിയൽ ചിന്താഗതിയിലേക്ക് അമേരിക്കയെ കൊണ്ടെത്തിച്ചത്. അത് തന്നെയാണ് ഇത് വരെ വെനിസ്വേലയിലും അങ്കിള്‍ സാം പയറ്റിയിരുന്നത്. ഇതിനായി വെനിസ്വേലയിലെ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം തുറന്ന മനസ്സോടെ സ്വീകരിക്കുന്നതായിരുന്നു ഇത് വരെ ചെയ്തത്.
ദൈവശാസ്ത്രപരമായും രാഷ്ട്രീയപരമായും കൊളോണിയൽ വ്യവഹാരങ്ങൾക്കെതിരെ വെനിസ്വേല രാഷ്ട്രീയവും ജനതയും കൈകൊണ്ടത് സൈമൺ ബൊളിവറിന്റെ ബൊളിവേറിയൻ സോഷ്യലിസം അടിസ്ഥാനമാക്കിയായിരുന്നു. സാമ്രാജ്യത്വ വിരുദ്ധവും പൊതുതാല്‍പര്യ കേന്ദ്രീകൃതവുമായ ജനാധിപത്യത്തെ പ്രതിഷ്ഠിക്കുന്ന ബൊളിവേറിയൻ സോഷ്യലിസം എണ്ണയുടെ സാമ്പത്തിക തലോടലിലാണ് മുന്നോട്ട് ഗമിക്കുന്നതും. ആത്യന്തികമായി ഈ പ്രത്യായശാസ്ത്രത്തെ പിന്തുടരുന്ന വെനിസ്വേല സമീപ കാലങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഇസ്റാഈല്‍ വിഷയങ്ങളിലെല്ലാം ഫലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. സമാധാന നോബൽ ജേതാവ് മരീന മച്ചാഡോയുടെ വിഷയത്തിലും അവര്‍ അതിനർഹയാണോ എന്ന ചർച്ചക്ക് തന്നെ തുടക്കമിടുന്നത് അമേരിക്കൻ താല്പര്യങ്ങളും വ്യക്തിപരമായ വാദി-പ്രതീകാത്മക വാദങ്ങളുടെയും അടിസ്ഥാനമാക്കിയായിരുന്നു.
2001ൽ തന്നെ അമേരിക്ക, വെനിസ്വേല സര്‍ക്കാരിനെതിരെ ഫണ്ടിങ് തുടങ്ങുകയും പ്രതിപക്ഷത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. coup de'tet പോലെയുള്ള സായുധ പോരാട്ടങ്ങളുടെ അകമ്പടികൾക്ക് അമേരിക്ക പൂർണ്ണാർത്ഥത്തിൽ പിന്തുണ പ്രഖ്യാപിക്കുകയും സാമ്പത്തിക മേഖലയിൽ പണപ്പെരുപ്പം കൂടിയായതോടെ രാജ്യം പരിഗണിക്കേണ്ട വിഷയങ്ങൾ പോലും ഭീകരതയായി ചിത്രീകരിക്കുകയും പരിഗണിക്കേണ്ട ധാര്മികതയെന്ന പേരിൽ അധിനിവേശവും തുടങ്ങി കഴിഞ്ഞിരുന്നു. 2015 ൽ ഒബാമ ഇത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇനി അധിനിവേശത്തിലേക്ക് കടക്കാം എന്ന നിലയിൽ മാത്രമായി സ്ഥിതിഗതികൾ. 2020 ൽ ആദ്യപടിയായി കിഡ്നാപ്പിംഗ് ശ്രമവും അമേരിക്ക നടത്തിയതായി കാണാം. ഈ സമയത്തെല്ലാം ഒരു നിയമവ്യവസ്ഥയോ അന്താരാഷ്ട്ര സംഘടനകളോ ഇതിനെതിരെ പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
ഇത് വിജയത്തിന്റെ പ്രതീകല്ല, മറിച്ച് ഏകപക്ഷീയതുടെ അടയാളമാണ് എന്നാണ് BBC അക്രമത്തെ വിലയിരുത്തിയത്. അധാർമികമായി നാർക്കോ ഭീകരതയെ (Narcoterrorism) പിന്തുണക്കുകയും അമേരിക്കക്കെതിരെ ആയുധ ശേഖരം നടത്തുകയും ചെയ്തു എന്നാണ്, മദുറോയെ അറസ്റ്റ് ചെയ്തതിനുള്ള അമേരിക്കൻ ന്യായീകരണം. ഇവിടെ നൈതികതക്കപ്പുറം യാഥാർത്യമുണ്ടോ എന്ന പരിഗണനകൾക്കതീതമായി തന്നിഷ്ടം പോലെ ധാർമികതയെ നിർവചിക്കുകയാണ് അമേരിക്ക ചെയ്തത്. അനന്തരമായി അമേരിക്കൻ കോൺഗ്രസിൽ ഹർഷാരവങ്ങളോടെ നിർമിത ധാർമികതയെ (Instrumental morality) ആഘോഷിക്കുകയും ഒരുതരത്തിലുമുള്ള നിയമ ലംഘനവും നടത്തിയ ഭാവമില്ലാതെ പ്രചാരണം നടത്തുകയും ലോക ജനതയെ അറിയിക്കുകയും ചെയ്യുന്നു. ഇത് കേവല യാഥാർഥ്യങ്ങൾക്കപ്പുറത്തെ അത്ഭുതാവഹമായ വസ്തുതയെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. അധികാര അധിനിവേശത്തിനും സാമ്പത്തിക മേൽക്കോയ്മക്കും നടത്തിയ ആക്രമണത്തെ ധാർമികതയെന്ന ഭാവത്തിൽ അവതരിപ്പിക്കുമ്പോൾ, അസ്തിത്വം നഷ്ടപ്പെട്ട ലോക ജനത ആരുടെ മുന്നിലാണ് അവകാശവും സമാധാനവും ചോദിക്കേണ്ടത് എന്ന വലിയ ആശങ്ക ഈ നിർമിത ധാർമികത ബാക്കി വെക്കുന്നതായി കാണാം.
അമേരിക്കയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ചരിത്രത്തിൽ ഉടനീളം ഇത്തരത്തിൽ ധാർമികതയുടെ തല്ലി തലോടൽ രാഷ്ട്രീയവും അധിനിവേശപ്പെടുത്തലുകളും കാണാൻ സാധിക്കും. അവ മതമൂല്യങ്ങളെ നിരാകരിച്ചായാലും അവയെ വക്രീകരിച്ചായാലും അമേരിക്കയാണ് ലോകനയം നിർവചിക്കുന്നത് എന്ന പ്രത്യായശാസ്ത്രത്തിൽ ഇവയെല്ലാം അലിഞ്ഞില്ലാതാകും. 2002ൽ ഇറാഖ്, ഇറാൻ, ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങളെ തിന്മയുടെ അച്ചുതണ്ട് എന്ന പേരിട്ട വിളിക്കുകയും അതേസമയം തന്നെ 2003 മാർച്ച് 20ന് ഇറാഖ് എന്ന പരമാധികാര രാഷ്ട്രത്തിൽ അധിനിവേശം തുടങ്ങുകയും ചെയ്തു. എണ്ണയുല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളാണ് ഇറാഖും വെനിസ്വേലയും. അമേരിക്കൻ മുതലാളിത്വ നയങ്ങൾക്കെതിരെ തുറന്നടിക്കുന്ന ശൈലിയും ഇരുവരും വെച്ച് പുലര്‍ത്തിയിരുന്നു. ഇറാഖിനെതിരെ തിരിഞ്ഞപ്പോഴും, അത് ധാർമികതയാണെനന്നും ലോകത്തിന്റെ സമാധാനവും സന്തോഷവുമാണ് അമേരിക്കയുടെ ലക്ഷ്യമെന്നും പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ CNN, New York Times, Fox news എന്നിവയിലൂടെ കോളിൻ പവലും ഡൊണാൾഡ് റംസ്ഫീൽഡും പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
ധാർമികതയുടെ പേര് പറഞ്ഞ്, അമേരിക്ക ഇറാഖിൽ കൊന്ന് തള്ളിയത് 6,55,000 നിരപരാധികളെയാണ് എന്നത് ചരിത്ര യാഥാർഥ്യമാണ്. ഇതിന് പുറമെ 2000 ഒക്ടോബറിൽ നാഷണൽ പ്രൗഡ് ലോ കൂടി ലോകമറിയാതെ ലോകത്തെ ജനാധിപത്യത്തിന്റെ വക്താക്കൾ നടപ്പിൽ വരുത്തിയപ്പോൾ, ഭീകരതയ്ക്കെതിരെയുള്ള യുദ്ധത്തിൽ അമേരിക്കൻ നിയമങ്ങൾ പോലും ഭേദഗതി ചെയ്യാനുള്ള അധികാരം അനിയന്ത്രിതമായി നൽകുകയും ചെയ്തതോടെ സകല രാഷ്ട്രങ്ങളിലേക്കും ധാർമികത എന്ന പേരിൽ കയറി ചെല്ലാനുള്ള കവാടം കൂടിയായിരുന്നു തുറക്കപ്പെട്ടത്. ഒപ്പം ആധുനിക നാഗരികതയുടെ (Modern Civilization) അനന്തരമായി കൊളോണിയലിസവും ചുവട് വെച്ചതോടെ മുതലാളിത്വം അത് ദുരുപയോഗം ചെയ്യുകയും സോഷ്യലിസത്തിന്റെ സാമ്പത്തിക രീതിശാസ്ത്രത്തെ ആഗോളമാക്കുകയും അവയെ തങ്ങൾക്കതീതമായ മാർക്കറ്റുകൾക്കും അധിനിവേശങ്ങൾക്കും വേണ്ടി ഉപയോഗിക്കാൻ അമേരിക്ക തിരക്ക് കൂട്ടുകയും ചെയ്തു.
2001ൽ അഫ്ഗാൻ അധിനിവേശ സമയത്ത് അമേരിക്കയുടെ വാദം തീവ്രവാദത്തെ നിഷ്ഫലമാക്കുക എന്നായിരുന്നു. പ്രസിഡന്റ് ബുഷിന്റെ പത്നി അധിനിവേശത്തെ മഹത്വവത്കരിച്ചത് സ്ത്രീ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവെപ്പ് എന്ന് പറഞ്ഞായിരുന്നു. വിശ്വാസവും ദൈവ ശാസ്ത്രവും സമ്മിശ്രപ്പെടുത്തി നടത്തിയ പല മുന്നേറ്റങ്ങൾക്കും ചെങ്കോലേന്തിയത് ഈ തെക്കേ അമേരിക്കയിൽ തന്നെയായിരുന്നു. സമാധാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ക്രിസ്ത്യന്‍ മിഷനറിമാര്‍ പോലും ഇതിന് പിന്തുണ നല്കിയെന്നതും പറയാതെ വയ്യ. കെവിൻ ഫിലിപ്സിന്റെ The peril and politics of radical religion, oil, and borrowed money in the 21st century എന്ന കൃതിയിൽ എണ്ണ കൊതിയുടെ ദുർഗന്ധ വ്യാപനം അമേരിക്ക ഒരു ക്രിസ്‌തീയ സാമ്രാജ്യത്തിനടിമപ്പെട്ടതോടെയാണ് എന്ന് വ്യക്തമാക്കുന്നതായി കാണാം.
ഈ കാലഘട്ടത്തിൽ ഉടലെടുത്ത പല പ്രത്യായശാസ്ത്രങ്ങൾക്കു പിറകിലും മേല്പറഞ്ഞ രീതിയിലുള്ള ധാർമികതയുടെ മൂടുപടം കാണാൻ സാധിക്കും. രാഷ്ട്രീയത്തിന്റെ നിർണായക നിമിഷം പൗരാധിപത്യമല്ലെന്നും ശത്രുതയാണെന്നും ലക്ഷ്യങ്ങൾ പര്യാപ്തമാക്കുവാൻ ഏതറ്റം വരേയും പോകാവുന്നതാണെന്നുമുള്ള കാൾഷ്മിറ്റിന്റെ ആധുനിക സിദ്ധാന്തം വന്നത് ഈ താല്പര്യങ്ങൾക്ക് പുറത്താണ്.
പനാമയിലും അഫ്‌ഗാനിലും ഇറാഖിലും അവക്ക് മുമ്പ് വിയറ്റ്നാമിലും ധാർമികത കൊട്ടിഘോഷിച്ച അമേരിക്ക ആധുനിക രാഷ്ട്രീയത്തിൽ ധാർമികതയെ വെച്ചുകെട്ടിയത്, ധാതു ശേഖരണത്തിനും സാമ്പത്തിക മേൽക്കോയ്മക്കും വേണ്ടിയാണ്. It's all about Oil എന്നാണ് അൽ ജസീറ ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. സകല സീമകളും ലംഘിച്ച്, അഫ്ഗാനിസ്താനും ഇറാഖുമെല്ലാം കുട്ടിച്ചോറാക്കി, വീണ്ടും മുന്നോട്ട് എന്ന പോലെ വെനിസ്വേലയിലേക്ക് ആ ചുവടുകള്‍ നീങ്ങുമ്പോള്‍, ഉത്തരാധുനിക രാഷ്ട്രീയത്തിൽ നവഅധിനിവേശത്തിന്റെ മുഖവുര മാത്രമാണ് ഇതെന്ന് പറയാതെ വയ്യ. തങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി ആരെയും ഏത് രാഷ്ട്രത്തെയും അക്രമിക്കുന്ന അമേരിക്കയുടെ യഥാര്‍ത്ഥ മുഖം വൈകാതെ ലോകത്തിന് കാണേണ്ടിവരും. ലോകരാഷ്ട്രങ്ങളുടെ ഈ നിശബ്ദത അതിന് വളം വെക്കുന്നതാണ്.



Leave A Comment