സമസ്ത: തൊണ്ണൂറാം വാര്‍ഷികത്തിന്റെ ആഹ്വാനം
സമസ്ത തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ സന്ദേങ്ങള്‍ പങ്കുവെക്കുന്നു:
തൊണ്ണൂറാം വാര്‍ഷികമാഘോഷിക്കുകയാണ് സമസ്ത. സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ത്ഥ രൂപമെന്നതാണ് ശംസുല്‍ ഉലമാ സമസ്തയെ പരിചയെപ്പെടുത്തുന്നത്. മറ്റു സംഘടനാ സംവിധാനങ്ങളിലുപരി സമസ്തയെ വേര്‍തിരിക്കപ്പെടുന്ന ഘടകം ?
ദീനിന്റെ യഥാര്‍ത്ഥ മാര്‍ഗമായ അഹ്‌ലുസുത്തുവല്‍ ജമാഅത്തിന്റെ ആശയ പ്രചരണമെന്ന ദൗത്യമാണ് സമസ്ത നിര്‍വ്വഹിച്ചു പോന്നത്. തിരുനബി(സ)യുടെ കാലം മുതലേ സ്വഹാബത്ത് മുഖേനെ കൈമാറി തന്നതാണ് കേരളത്തിന്റെ ദീനീ പാരമ്പര്യം. അവ സംരക്ഷിക്കുന്നതിനു ഉലമാക്കളുടെ യോജിച്ച കൂട്ടായ്മയായാണല്ലോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപം കൊണ്ടത്. അതു കൊണ്ടു തന്നെ, കേവല സംഘടന എന്ന ഗണത്തില്‍ സമസ്തയെ ഉള്‍പ്പെടുത്തികൂടാ. ഹഖായ ദീന്‍ നിലനിര്‍ത്തുക, അതു പ്രചരിപ്പിക്കുക അതാണ് സമസ്ത ഉലമാഅ് ഏറ്റെടുത്ത ദൗത്യം. സമസ്ത ഉള്‍ക്കൊള്ളുന്ന ആദര്‍ശം പാരമ്പര്യത്തിന്റേതാണ്. ആ തനിമ ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിക്കാനാണ് തൊണ്ണൂറ് വര്‍ഷം മുമ്പ് സമസ്ത രൂപീകരിച്ചത്. ഭൗതികമായ നേട്ടം അജണ്ട അല്ല എന്നതും പാരത്രികമായ വിജയം ലക്ഷ്യമായി കാണുന്നതും തന്നെയാണ് സമസ്ത സാധാരണ സംഘടനയല്ല എന്നു പറയാന്‍ കാരണം.
യാഥാസ്ഥികമെന്ന ആരോപണമാണ് പാരമ്പര്യ പണ്ഡിതന്‍മാര്‍ക്കു നേരെ ഉയരുന്ന മറുവാദം. പുരോഗമനപരമായ ആശയങ്ങളെ സമസ്ത എങ്ങനെയാണ് നോക്കികാണുന്നത്?
പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നതില്‍ സമസ്ത ഉലമാഇനു നിര്‍ബന്ധമുണ്ട്. ദീന്‍ എങ്ങനെ ഉള്‍ക്കൊള്ളണമെന്നു സ്വഹാബത്തു മാതൃക കാണിച്ചു തന്നതാണ് നമുക്ക്. ഇതേ രീതിയില്‍ നിന്നു വള്ളിപുള്ളി വ്യത്യാസമില്ലാതെ നിലനിര്‍ത്തണമെന്നതു തന്നെയാണ് സമസ്ത നിലപാട്. പാരമ്പര്യ തനിമ നിലനിര്‍ത്തി പുരോഗതി കൈവരിക്കണമെന്നാണ് സമസ്ത പറഞ്ഞിട്ടുളളത്. എന്നാല്‍ പുത്തനാശയക്കാര്‍ അങ്ങനെയല്ല, അവര്‍ പാരമ്പര്യത്തെ കൈവെടിഞ്ഞു പുരോഗമനത്തിന്റെ പിന്നാലെ ഓടി. ഇതു സമുദായത്തിനു വലിയ നഷ്ടങ്ങളാണ് വരുത്തുന്നത്. നമ്മുടെ ആദര്‍ശവും മാര്‍ഗരീതിയും മറന്നുള്ള പോക്ക് ദീനിന്റെ യഥാര്‍ത്ഥ മാര്‍ഗത്തില്‍ നിന്നും തലമുറയെ അകറ്റാനേ കാരണമാകൂ.
മത ചിട്ടയോടെയുള്ള ജീവിതവും അതിനു നിര്‍ബന്ധമായ ശറഇയ്യായ വിദ്യാഭ്യാസവും നല്‍കുന്നതിലാണ് നമ്മുടെ ആദ്യ പരിഗണന. ശറഇനു വിരുദ്ധമല്ലാത്ത പുരോഗതിയെ ഉള്‍ക്കൊണ്ടിട്ടുമുണ്ട്. ഓത്തുപളളികളില്‍ നിന്നും മദ്‌റസാ പ്രസ്ഥാനത്തിലേക്കുള്ള മാറ്റം തന്നെയാണ് ഉദാഹരണം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഇന്നു രാജ്യത്തിനകത്തും പുറത്തും വലിയ സേവനം ചെയ്യുകയാണല്ലോ. പള്ളിദര്‍സുകള്‍ എന്ന നമ്മുടെ തനിമ നിലനിര്‍ത്തി തന്നെ അവിടെ ഭൗതിക പഠനത്തിനുള്ള അവസരങ്ങളുണ്ടായി. നേരത്തെ വെല്ലൂരിലും മറ്റും പോയി ബിരുദമെടുത്തവരാണല്ലോ നമ്മുടെ പഴയ ആലിമുകള്‍. ഇത്തരമൊരു അവസരം ജാമിഅ നൂരിയ പോലുളള സ്ഥാപനങ്ങള്‍ കെട്ടിപ്പെടുത്തു നാം കേരളത്തില്‍ നേടിയെടുത്തു. സമസ്തക്കു കീഴിലുള്ള സമന്വയ വിദ്യാഭ്യാസം പഠിപ്പിക്കുന്ന സ്ഥാപനങ്ങളെല്ലാം ഇന്നു വലിയ പ്രവര്‍ത്തനമാണ് ഏറ്റെടുത്തു നടപ്പാക്കുന്നത്.
തസവ്വുഫ് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണിന്ന്. സമസ്തയെ വളര്‍ത്തിയവരില്‍ സൂഫീ പണ്ഡിതന്‍മാരുടെ പങ്ക് വലുതാണല്ലോ. അതേസമയം ആത്മീയതയുടെ മറവിലുണ്ടായ വ്യാജകടന്നുകയറ്റം വിശ്വാസികളെ ഇത്തരം മേഖലയിലേക്ക് അടുപ്പിക്കുന്നതിനു മാര്‍ഗതടസമാവുകയല്ലേ?
ത്വരീഖത്തിന്റെ മശാഇഖുമാരും സൂഫീവര്യന്‍മാരും സമുദായത്തെ നേരായ വഴിയിലൂടെ നയിക്കുന്നവരാണ്. നമ്മുടെ അഖീദ (വിശ്വാസ മാര്‍ഗം) മനസ്സില്‍ അടിയുറപ്പിക്കുന്നതിനും പൈശാചിക പ്രേരണയില്ലാതെ ആത്മീയ അനുഭവം ലഭ്യമാക്കുന്നതുമാണ് തസവ്വുഫിന്റെ വഴി. ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയെന്ന ലക്ഷ്യമാണവര്‍ നിറവേറ്റുന്നത്. നമ്മുടെ മഹാന്മാരായ നേതാക്കന്‍മാരെല്ലാം ആ വഴിയേ ജനങ്ങളെ ഉപദേശിച്ചു വന്നവരാണ്. എന്നാല്‍ പലപ്പോഴും യഥാര്‍ത്ഥ ത്വരീഖത്തുക്കളുടെ പേരു ഉപയോഗിച്ചു വ്യാജന്‍മാര്‍ കടന്നുവരുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണക്കിടയാക്കുന്നുണ്ട്. യഥാര്‍ത്ഥ ആത്മീയതയെ തെറ്റിദ്ധരിക്കാതിരിക്കാന്‍ ഇക്കാര്യത്തില്‍ പണ്ഡിതന്‍മാര്‍ തങ്ങളുടെ ദൗത്യം നിറവേറ്റിയിട്ടുണ്ട്. കേരളത്തില്‍ വിവിധ സമയത്തു വന്ന വ്യാജ ത്വരീഖത്തുകള്‍ക്കെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനങ്ങളെ ബോധവല്‍ക്കരിച്ചിട്ടുണ്ട്. ത്വരീഖത്തുകളെ പാടെ എതിര്‍ക്കുന്ന പുത്തനാശയക്കാരുടെ നിലപാട് അബദ്ധമാണ്. ശരിയും തെറ്റും പരസ്പരം തിരിച്ചറിയുകയാണ് നാം ചെയ്യേണ്ടത്.
ഭൗതിക വികാസത്തിന്റെ പുതിയ കാലത്ത് തെറ്റായ പ്രവണതകളും വര്‍ദ്ധിച്ചു വരികയാണ്. ആത്മീയതയിലേക്കുള്ള തിരിച്ചുപോക്കിനു ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
തിരുനബി(സ)യുടെ സുന്നത്ത് മുറുകെ പിടിക്കുകയാണ് വിജയത്തിനുള്ള മാര്‍ഗം. പ്രവാചക മാര്‍ഗം നമ്മുടെ പ്രവൃത്തിയിലൂടെ കാണിച്ചു കൊടുക്കാന്‍ സാധിക്കണം. കേരളത്തിലെ ആദ്യ പ്രബോധകരായ മാലിക് ബ്‌നു ദീനാറും(റ)സംഘവും പുലര്‍ത്തിയ ആ ആദര്‍ശ വിശുദ്ധിയാണ് ദീന്‍ പ്രചരിപ്പിച്ചത്. എന്തു പ്രലോഭനങ്ങളുണ്ടായാലും ഹഖിന്റെ കൂടെ ഉറച്ചു നില്‍ക്കണം. ഏതു പ്രലോഭനമുണ്ടായാലും വഴിമാറാതെ പിടിച്ചു നില്‍ക്കുകയാണ് വേണ്ടത്. തിന്മയിലേക്കുള്ള സാഹചര്യം ചുറ്റുപാടുകളില്‍ വളരെ കൂടുതലാണ്. നമ്മുടെ ആദര്‍ശവും ജീവിതചിട്ടയും ഒരിക്കലും കളഞ്ഞുകുളിച്ചുകൂടാ. നാലാള്‍ കൂടുന്നിടങ്ങളിലെല്ലാം ആരെങ്കിലുമൊരാളെ കുറിച്ചുള്ള വിചാരണയാണ് ഇന്നു പലപ്പോഴും നടക്കുന്നത്. പരസ്പര വെറുപ്പും വിദ്വേഷവും കൂടപ്പിറപ്പായി കൊണ്ടുനടക്കുകയാണ്. ഇത്തരം ഘട്ടത്തില്‍ തെറ്റുകളില്‍ നിന്നകന്നു സൂക്ഷ്മതയോടെ ജീവിക്കാന്‍ കഴിയണം. സാമ്പത്തികമായും കുടുംബപരമായും ഉയര്‍ന്ന നിലയിലെത്തുന്നത് മറ്റുള്ളവരുടെ മേല്‍ അഹങ്കരിക്കാനായി മാറരുത്. പരസ്പര വിട്ടുവീഴ്ച ചെയ്തും സഹായിച്ചും സുഖദുഖങ്ങളില്‍ നമ്മളും പങ്കാളികളാവണം. വിശ്വാസികള്‍ ഒരുമിച്ചു കൂടിയാല്‍ അവിടെ നന്മയേ ഉണ്ടാകാവൂ. പരസ്പരം നന്മ ഉപദേശിക്കുന്നവരായി നമ്മള്‍ മാറണം. തെറ്റുകളും പാളിച്ചകളും കണ്ടാല്‍ അതു തിരുത്തണം. മറ്റൊരാള്‍ക്കുള്ള നന്മ നമ്മുടെ കൂടി സന്തോഷമാകണം. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്നവരായി നമ്മള്‍ മാറണം.
തൊണ്ണൂറാം വാര്‍ഷിക നിറവില്‍ സമസ്തയുടെ പ്രവര്‍ത്തകരോടു ഉസ്താദിനു പറയാനുള്ളത്?
സച്ചരിതരായ മഹാരഥന്‍മാര്‍ കൈമാറി തന്ന വഴിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മാര്‍ഗം. പഴയകാല ആലിമുകളുടെ ത്യാഗത്തിന്റെ പ്രവര്‍ത്തനഫലമാണ് നമ്മുടെ സംഘടനയുടെ ഈ വളര്‍ച്ച. സച്ചരിതമായ പാതയിലൂടെ മുന്നേറി പാരത്രിക വിജയം നേടുകയെന്നതാവണം നമ്മുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. ദീനിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന സമസ്തയുട സന്ദേശം മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരേ ഉള്ളവരിലേക്കു പകര്‍ന്നു കൊടുക്കണം. മറ്റുള്ളവര്‍ക്കിടയിലും ഈ സന്ദേശം നാം എത്തിച്ചു കൊടുക്കണം. സമസ്തയുടെ കീഴ്ഘടകങ്ങളെല്ലാം ഇതിനായി രൂപീകരിക്കപ്പെട്ടതാണ്. ഇഖ്‌ലാസ്വോടു കൂടിയാവണം നമ്മുടെ സംഘടനാ പ്രവര്‍ത്തനം. ഭൗതികമായ ഒരു നേട്ടവും നമ്മുടെ പ്രവര്‍ത്തനത്തിലുണ്ടാവരുത്. പരസ്പര ഐക്യത്തോടും സ്‌നേഹത്തോടും കൂടി ജീവിക്കണം. നിഷ്‌കളങ്കമായിരിക്കണം നമ്മുടെ പെരുമാറ്റം. പുതിയ തലമുറയിലേക്ക് നമ്മുടെ സന്ദേശം കൈമാറാനുള്ള ആത്മാര്‍ഥമായ സേവനങ്ങള്‍ക്ക് നാം രംഗത്തിറങ്ങണം. അല്ലാഹു സഹായിക്കട്ടെ, ആമീന്‍.
Leave A Comment