അജ്മീർ മുഗൾ രാജാക്കന്മാർക്ക് കീഴിൽ

ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജസ്ഥാനിലെ ചരിത്രമുറങ്ങുന്ന മണ്ണാണ് അജ്‌മീർ. ഖുത്ബുദ്ധീൻ ഐബക്കിന്റെ ഭരണം മുതൽ രാജ്യം സ്വാതന്ത്ര്യം നേടുന്നതുവരെ, ഡൽഹി ഭരിച്ച രാജാക്കന്മാർക്ക് രജ്പുത്താനയുടെ മേലുള്ള തങ്ങളുടെ അധികാരം ശക്തിപ്പെടുത്താനുള്ള ഒരു കേന്ദ്രമായി അജ്‌മീർ നിലനിന്നുപോന്നു. അജ്‌മീറിന്റെ കേന്ദ്രസ്ഥാനവും തന്ത്രപ്രാധാന്യവും ശത്രുക്കളിൽ നിന്ന് സുരക്ഷിതത്വം നൽകുന്ന മലനിരകളുമാണ് രജ്പുത്താനായിലെ പ്രധാന കേന്ദ്രമായി അജ്മീർ മാറിയതിന്റെ പിന്നിലെ ചില കാരണങ്ങൾ. ഖാജാ മുഈനുദ്ധീൻ ചിശ്തി തങ്ങളുടെ ദർഗയും ഹിന്ദു മതവിശ്വാസികളുടെ പുണ്യ ഭൂമിയായ പുഷ്കറും അജ്മീറിന്റെ പ്രാധാന്യം വർധിപ്പിക്കുകയും ദൂരദേശങ്ങളിൽ നിന്ന് പോലും തീർത്ഥാടകരെ ആകർഷിക്കുകയും ചെയ്തിട്ടുണ്ട്.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രജ്പുത് വംശത്തിലെ ചൗഹാൻ രാജാവായ അജയ് രാജ് ആണ് അജ്മീർ കണ്ടെത്തിയെതെന്ന് കരുതപ്പെടുന്നു. 1192ൽ രണ്ടാം തറൈൻ യുദ്ധത്തിൽ മുഹമ്മദ് ഗോറി പൃഥ്വിരാജ് മൂന്നാമനെ പരാജയപ്പെടുത്തുന്നത് വരെ ചൗഹാൻ രാജാക്കന്മാരായിരുന്നു അജ്മീർ ഭരിച്ചിരുന്നത്. പിന്നീട് അജ്മീർ ഡൽഹി സുൽത്താന്മാരുടെ കീഴിലായി. സുൽത്താൻ ബൽബാന്റെ മരണശേഷം, പ്രശസ്ത ചൗഹാൻ രാജാവായിരുന്ന ഹാമിർഡിയോ, പുഷ്‌കാറടക്കമുള്ള അജ്മീറിന്റെ എല്ലാ ഭൂപ്രദേശങ്ങളും കീഴടക്കുന്നുണ്ട്. 1301ൽ അലാവുദ്ധീൻ ഖിൽജി ഹാമിറിനെ പരാജയപ്പെടുത്തുന്നതോടെ, അജ്മീർ വീണ്ടും ഡൽഹി സുൽത്താന്മാരുടെ കീഴിലാവുന്നു. 1405ന് ശേഷം അജ്മീർ വ്യത്യസ്ത സമയങ്ങളിലായി മർവാർ രാജാക്കന്മാരുടെയും മേവാർ റാണകളുടെയും ഖിൽജികളുടെയും കീഴിലായിരുന്നു. പിന്നീട് മുഹമ്മദ് ഖാന്റെ കീഴിലുള്ള അക്ബറിന്റെ സൈന്യം ഹാസി ഖാനെ പരാജയപ്പെടുത്തുന്നതോടെയാണ് അജ്മീർ മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാവുന്നത്. മുഗൾ ഭരണത്തിന് കീഴിൽ അജ്മീറിന്റെ പ്രാധാന്യം ദൈനംദിനം വർധിക്കുകയും ലോകമൊട്ടാകെയുള്ള മുസ്‍ലിം സമൂഹം ചിശ്തി തങ്ങളുടെ ദർഗ സന്ദർശിക്കാനായി അജ്മീറിലെത്തുകയും ചെയ്തു.

ബാബറിന്റെ ഭരണകാലത്ത് അജ്മീർ മേവാറിലെ റാണകളുടെ കീഴിലായിരുന്നു. ബാബറിന്റെ മരണശേഷം ഹുമയൂണിന് താൻ തുടക്കത്തിൽ നേരിട്ട ചില പ്രതിസന്ധികൾ കാരണം അജ്മീർ കീഴടക്കാൻ സാധിച്ചില്ല. 1558ൽ അജ്മീർ മുഗൾ സാമ്രാജ്യത്തിലേക്ക് ചേർക്കപ്പെട്ടെങ്കിലും, മറ്റു ചില പ്രധാന പ്രശ്നങ്ങളുടെ തിരക്കിലായതിനാൽ അക്ബർ ചക്രവർത്തിക്ക് അജ്മീറിലേക്ക് കാര്യമായ ശ്രദ്ധ കൊടുക്കാനായിരുന്നില്ല. 1562ൽ നടന്ന ഒരു സംഭവത്തിലൂടെയാണ് അക്ബർ ചക്രവർത്തി അജ്മീറിൽ ആകൃഷ്ടനാകുന്നത്. അബുൽഫസൽ തന്റെ അക്ബർ നാമയിൽ ഈ സംഭവം വിവരിക്കുന്നുണ്ട്. ഒരു രാത്രി വേട്ട കഴിഞ്ഞ് മടങ്ങവേ, ഫതഹ്പൂരിനടുത്തുള്ള മന്ദകാർ എന്ന ഗ്രാമത്തിൽ നിന്ന് ചില ഗായകർ ചിശ്തി തങ്ങളെ പുകഴ്ത്തിപ്പാടുന്നത് അക്ബർ കേൾക്കാനിടയായി. അവരുമായുള്ള സംഭാഷണത്തിൽ നിന്ന്, ഖാജയെ ആദരിക്കുന്ന ഏതൊരുത്തന്റെയും എല്ലാ ആഗ്രഹങ്ങളും ഖാജയുടെ അനുഗ്രഹം കൊണ്ട് പൂർത്തീകരിക്കപ്പെടുമെന്ന് അക്ബർ ചക്രവർത്തിക്ക് അറിയാൻ കഴിഞ്ഞു. അങ്ങനെ തന്റെ കാലങ്ങളായുള്ള ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടണമെന്ന ഉദ്ദേശ്യത്തിലാണ് അക്ബർ ചക്രവർത്തി ചിശ്തി തങ്ങളുടെ ദർഗ സന്ദർശിക്കാൻ തീരുമാനിക്കുന്നത്. 1562 ജനുവരി 14ന് അക്ബർ അജ്മീറിലെത്തുകയും ചിശ്തി തങ്ങളുടെ ദർഗ സന്ദർശിച്ചതിന് ശേഷം, തന്നെ കാത്ത് നിന്ന ജനങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ആദ്യ സന്ദർശനത്തോടെതന്നെ, അജ്മീറിലേക്കും തന്റെ രാഷ്ട്രീയ സ്വാധീനം വ്യാപിപ്പിക്കാൻ അക്ബർ ചക്രവർത്തി തീരുമാനിച്ചു.

1568ൽ ചിത്തോർ കീഴടക്കിയാൽ ചിശ്തി തങ്ങളുടെ ദർഗ സന്ദർശിക്കുമെന്ന് അക്ബർ പ്രതിജ്ഞയെടുത്തിരുന്നു. അദ്ദേഹം തന്റെ ഉദ്യമത്തിൽ വിജയിക്കുകയും, പ്രതിഞ്ജ നിറവേറ്റാനെന്നോണം ചിത്തോറിൽ നിന്ന് അജ്മീറിലേക്ക് കാൽനടയായി പുറപ്പെടുകയും ചെയ്തു. അങ്ങനെ അജ്മീറിലെത്തുകയും ചിശ്തി തങ്ങളുടെ മഖ്‌ബറ പ്രദക്ഷിണം ചെയ്യുകയുമുണ്ടായി. ഇതോടെ അക്ബർ ചക്രവർത്തിക്ക് ചിശ്തി തങ്ങളോടുള്ള ബഹുമാനവും ആദരവും പതിന്മടങ്ങ് വർദ്ധിച്ചു. ഒരു യുദ്ധത്തിന് പോകുന്നതിന് മുന്നോടിയായി ചിശ്തി തങ്ങളുടെ അനുഗ്രഹങ്ങള്‍ നേരുന്നത് അദ്ദേഹം പതിവാക്കി. ഇരുപത്തേഴ് വയസ്സായിരുന്നിട്ടും അകബറിന് ഒരു കുഞ്ഞില്ലായിരുന്നു. അദ്ദേഹം ചിശ്തി തങ്ങളുടെ അനുഗ്രഹം തേടുകയും തന്റെ ആഗ്രഹം പൂർത്തീകരിക്കപ്പെട്ടാൽ ആഗ്ര മുതൽ അജ്മീർ വരെ കാൽനടയായി സഞ്ചരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. 1569 ആഗസ്റ്റ് 30ന് അക്ബറിന് ഒരു ആൺകുഞ്ഞ് പിറന്നു. ഈ സംഭവം, ചിശ്തി തങ്ങളുടെ കഴിവിലുള്ള അക്ബർ ചക്രവർത്തിയുടെ വിശ്വാസം വർധിപ്പിക്കുകയും അജ്മീറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. അക്ബർ തന്റെ പ്രതിഞ്ജ നിറവേറ്റുകയും അജ്മീറിലെത്തിയയുടനെ ചിശ്തി തങ്ങളുടെ മഖ്‌ബറയുടെ കാൽക്കൽ തലവെക്കുകയും ചെയ്തു. അവിടെ അദ്ദേഹം കുറെ ദിവസങ്ങൾ ആരാധനകളിലായി കഴിഞ്ഞുകൂടി. ഇതു മുതൽ 1582 വരെയുള്ള എല്ലാ വർഷങ്ങളിലും അക്ബർ ചക്രവർത്തി അജ്മീർ സന്ദർശിച്ചിരുന്നു. 

അജ്മീറിൽ തന്റെ സ്ഥാനമുറപ്പിക്കാൻ ഒരു കോട്ട നിർമ്മിക്കണമെന്ന് അക്ബർ ചക്രവർത്തി തീരുമാനിച്ചു. ചിശ്തി തങ്ങളോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കാൻ ഒരു പള്ളി പണികഴിപ്പിക്കണമെന്നും അദ്ദേഹം കരുതി. 1570ൽ കോട്ടയുടെയും പള്ളിയുടെയും പണി ആരംഭിക്കുകയും മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാവുകയും ചെയ്തു. പിന്നീടുള്ള ഓരോ യുദ്ധങ്ങൾക്കൊടുവിലും അക്ബർ അജ്മീറിലെത്തി ദർഗ സന്ദർശിക്കുന്നുണ്ട്. അക്ബർ ചക്രവർത്തിയുടെ അജ്മീർ സന്ദർശനത്തിന് പിന്നിൽ മറ്റു ചില പ്രേരണകളുമുണ്ടായിരുന്നു. കലാപകാരികളായ രജ്പുതുകളെ നിയന്ത്രിക്കലായിരുന്നു ഈ സന്ദർശനങ്ങൾക്ക് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് ഡോ. ജഗത് നാരായണൻ നിരീക്ഷിക്കുന്നുണ്ട്. 1579 ആയപ്പോയേക്കും അക്ബർ ഈ പതിവിന് ഒരവസാനം കുറിക്കുകയും  തന്റെ പ്രതിഞ്ജ പൊളിക്കുകയും ചെയ്തു. മതത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ മാറുന്ന ചിന്തകളായിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണം. ഇബാദത് ഖാനയിൽ വെച്ച് നടന്ന സമ്മേളനങ്ങളും മറ്റു ചർച്ചകളും പ്രത്യേകിച്ചും ശൈഖ് മുബാറകിന്റെ ഉപദേശങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചത്. അദ്ദേഹം അജ്മീറിൽ നിന്ന് വിട്ടുനിന്നതിൽ ചില രാഷ്ട്രീയ കാരണങ്ങളുമുണ്ടായിരുന്നു. ശത്രുക്കൾ വർധിച്ചതിനാൽ തലസ്ഥാനത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായിവന്നു. രണ്ടാമതായി, എല്ലാ രജ്പുതുകളെയും തന്റെ കീഴിൽ കൊണ്ടുവന്നതോടെ, മതപരമായ ആവശ്യങ്ങൾക്ക് മാത്രമായി അജ്മീർ സന്ദർശിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയില്ല. 

തന്റെ പിതാവിന് ചിശ്തി തങ്ങളുടെ ദർഗ്ഗയോടുള്ളത്ര ആദരവ്, മകന്‍ ജഹാംഗീറിന് ഉണ്ടായിരുന്നില്ല. 1613 മുതൽ 1616 വരെയുള്ള അദ്ദേഹത്തിന്റെ അജ്മീറിലെ താമസത്തിനിടയിൽ ആകെ ഒമ്പത് തവണ മാത്രമാണ് ജഹാംഗീർ ചക്രവർത്തി ചിശ്തി തങ്ങളുടെ ദർഗ സന്ദർശിക്കുന്നത്. വേട്ടയിലായിരുന്നു ജഹാംഗീർ പ്രധാനമായും ആനന്ദം കണ്ടെത്തിയിരുന്നത്. അജ്മീറിലായിരുന്നപ്പോൾ അദ്ദേഹം സ്ഥിരമായി വേട്ടക്ക് പോകുമായിരുന്നു. അജ്മീർ ദർഗയിലേക്ക് സംഭാവന ചെയ്യാനായി ജഹാംഗീർ ഒരു വലിയ ചെമ്പ് നിർമിച്ചിരുന്നു. ഈ ചെമ്പിൽ ഭക്ഷണം പാചകം ചെയ്യാനും അജ്മീറിലെ എല്ലാ പാവപ്പെട്ട ജനങ്ങളെയും ഒരുമിച്ചുകൂട്ടി ഭക്ഷിപ്പിക്കാനും അദ്ദേഹം ഉത്തരവിട്ടു. അയ്യായിരത്തോളം പേരാണ് ഈ ഭക്ഷണം വയറു നിറയെ കഴിച്ചത്. 1614ൽ ജഹാംഗീർ രോഗം ബാധിച്ച് കിടപ്പിലാവുന്നുണ്ട്. ഈയൊരവസ്ഥയിൽ അദ്ദേഹം ചിശ്തി തങ്ങളുടെ ദർഗ സന്ദർശിക്കുകയും ശമനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം പൂർണമായും രോഗമുക്തനായി. തന്റെ ചില ആഗ്രഹങ്ങൾ പൂർത്തീകരിക്കാനെന്നോണം ചിശ്തി തങ്ങളുടെ ദർഗയിൽ ഒരു സ്വർണ്ണ ഇരുമ്പഴി നിർമ്മിക്കുമെന്ന് ജഹാംഗീർ പ്രതിഞ്ജ ചെയ്യുന്നുണ്ട്. ഒരു ലക്ഷം രൂപ ചെലവിലാണ് ജഹാംഗീർ ഈ ഇരുമ്പഴി നിർമ്മിക്കുന്നത്. 

തന്റെ പിതാവിന്റെയും പിതാമഹന്റെയും പാരമ്പര്യങ്ങൾക്കെതിരായി ഷാജഹാൻ അജ്മീർ സന്ദർശിച്ചത് ഒരു തീർത്ഥാടകനെന്ന നിലക്കോ ആനന്ദത്തിന് വേണ്ടിയോ ആയിരുന്നില്ല, മറിച്ച് ഒരു സാമ്രാജ്യവാദി എന്ന നിലക്കായിരുന്നു. 1613ൽ തന്റെ പിതാവിന്റെ കൂടെയാണ് ഷാജഹാൻ ആദ്യമായി അജ്മീർ സന്ദർശിക്കുന്നത്. 1627ൽ ജഹാംഗീറിന്റെ മരണവാർത്ത അറിയുന്ന ഷാജഹാൻ ചക്രവർത്തി നേരെ അജ്മീറിലേക്കാണ് പോകുന്നത്. അദ്ദേഹം കാൽനടയായി ചിശ്തി തങ്ങളുടെ ദർഗ സന്ദർശിക്കുകയും താൻ മുൻപ് ചെയ്ത ഒരു പ്രതിഞ്ജ പൂർത്തിയായതിന്റെ പേരിൽ ഒരു പള്ളി നിർമ്മിക്കാൻ ആജ്ഞാപിക്കുകയും ചെയ്തു. 

1644ൽ ഷാജഹാനേറ്റവും പ്രിയപ്പെട്ട മകളായ ജഹനാര രാജകുമാരി താൻ അണിഞ്ഞ ആഭരണങ്ങളിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേൽക്കുന്നുണ്ട്. വേദനിക്കുന്ന ശരീരവുമായി മഹതി നേരെ ചെല്ലുന്നത് ചിശ്തി തങ്ങളുടെ ദർഗയിലേക്കാണ്. ഒരു വർഷത്തിനുളിൽ മഹതിക്ക് പൂർണമായും സുഖപ്പെട്ടു. ഇതിന് കൃതജ്ഞതയെന്നോണം ജഹനാര രാജകുമാരി ചിശ്തി തങ്ങളുടെ ദർഗയിലേക്കുള്ള പ്രധാന കവാടമായ ബെഗാമി ദാലൻ നിർമ്മിക്കുന്നുണ്ട്. ചിശ്തി സരണി സ്വീകരിച്ചിരുന്ന മഹതി ഒരു സൂഫി വനിത കൂടിയായിരുന്നു. ഖാജാ മുഈനുദ്ധീൻ ചിശ്തിയെ പറ്റി രചിച്ച മുനീസുൽഅർവാഹ് എന്ന കൃതിയിൽ മഹതി ചിശ്തി തങ്ങളോടുള്ള തന്റെ ആദരവും സ്നേഹവും വ്യക്‌തമായി വിവരിക്കുന്നുണ്ട്. 

1659ൽ ഷാജഹാന് ശേഷം സഹോദരൻ ദാരാ ഷികോഹിനെ പരാജയപ്പെടുത്തി ഔറംഗസേബ് അടുത്ത മുഗൾ ചക്രവർത്തിയായി. അദ്ദേഹം ചിശ്തി തങ്ങളുടെ ദർഗ സന്ദർശിക്കുകയും ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് 1679 വരെയുള്ള ഇരുപത് വർഷത്തിനിടയിൽ മറ്റ് ഭരണപരമായ കാര്യങ്ങളിൽ വ്യാപൃതനായതിനാൽ ഔറംഗസേബിന് ഒരിക്കൽ പോലും അജ്മീർ സന്ദർശിക്കാനായില്ല. 1679ൽ ഔറംഗസേബ് ചിശ്തി തങ്ങളുടെ ദർഗ സന്ദർശിച്ചപ്പോഴുണ്ടായ ഒരു സംഭവം സാഖി മുസ്താദ് ഖാൻ തന്റെ മആസീരിൽ ആലംഗീരി എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്. ദർഗയിൽ പ്രവേശിച്ചപ്പോൾ, വിലപിടിപ്പുള്ള കല്ലുകളാൽ അലങ്കരിക്കപ്പെട്ടതും മേലെ വിതാനവുമുള്ളതായ ഒരു മഖ്‌ബറ അദ്ദേഹം കാണാനിടയായി. ആദ്യനോട്ടത്തിൽ ഇത് ചിശ്തി തങ്ങളുടേതാണെന്ന് ഔറംഗസേബ് തെറ്റിദ്ധരിച്ചു. യഥാർത്ഥത്തിൽ ഇത് നിസാമിന്റേതാണെന്ന് (ചൗസ യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടുമ്പോൾ ഹുമയൂണിന്റെ ജീവിതം രക്ഷിച്ചയാൾ) അറിയിച്ചപ്പോൾ, ആ മഖ്‌ബറയുടെ മേലുള്ള വിതാനവും അലങ്കാരങ്ങളും പൊളിച്ചുമാറ്റാൻ അദ്ദേഹം ആജ്ഞാപിച്ചു. 

മേവാറിലെ റാണകൾക്കെതിരെയും മർവാറിലെ റാത്തോർമാർക്കെതിരെയും യുദ്ധം ചെയ്യാനുള്ള സൈനികത്താവളമായിട്ടായിരുന്നു ഔറംഗസേബ് പ്രധാനമായും അജ്‌മീറിനെ ഉപയോഗിച്ചത്. അദ്ദേഹത്തിന് ചിശ്തി തങ്ങളുടെ ദർഗയോടുള്ള മതപരമായ ബന്ധം പരിമിതമായിരുന്നു. ഔറംഗസേബ് അജ്മീറിൽ പ്രത്യേക താല്പര്യം കാണിച്ചിരുന്നില്ല. 50 വർഷത്തെ ഭരണത്തിനിടയിൽ അജ്മീറിലോ ചിശ്തി തങ്ങളുടെ ദർഗയിലോ കാര്യമായ നിർമ്മാണങ്ങളൊന്നും അദ്ദേഹം നടത്തിയിരുന്നില്ല. പിൽക്കാലത്ത് അജ്‌മീറിനോടുള്ള മുഗൾ ചക്രവർത്തിമാരുടെ അഭിനിവേശം ക്രമേണ കുറഞ്ഞുവന്നു. അജ്മീറിനടുത്തുള്ള ദിയോറായി ഔറംഗസേബിനെന്നും ഭാഗ്യം സമ്മാനിച്ച മണ്ണായിരുന്നു. രണ്ട് നിർണ്ണായക വിജയങ്ങളാണ് അദ്ദേഹം ഇവിടെ വെച്ച് നേടിയത്. 1659ൽ തന്റെ സഹോദരൻ ദാരാ ഷിക്കോഹിനെതിരെയും 1681ൽ സ്വന്തം മകൻ മുഹമ്മദ് അക്ബറിനെതിരെയും വിജയം കൈവരിച്ചത് ഇതേ മണ്ണിൽ നിന്നായിരുന്നു. ഔറംഗസേബിന് ശേഷം മകൻ ബഹാദൂർഷായാണ് മുഗൾ ചക്രവർത്തിയായി സ്ഥാനമേൽക്കുന്നത്. 1708ൽ ഒരു യുദ്ധത്തിന് പോകുന്നതിന് മുമ്പായി അദ്ദേഹം അജ്മീറിലെത്തി ചിശ്തി തങ്ങളുടെ ദർഗ സന്ദർശിക്കുന്നുണ്ട്. പിന്നീട് വന്ന വർഷങ്ങളിൽ അജ്മീർ മേവാറിലെയും മർവാറിലെയും ജോദ്പൂരിലെയും രാജാക്കന്മാരുടെ കീഴിലായിരുന്നു.  1729ൽ അഭയ് സിംഗ് അജ്‌മീർ കീഴടക്കുന്നതോടെ, മുഗൾ സാമ്രാജ്യത്തിന്റെ അജ്‌മീറുമായുള്ള ബന്ധത്തിന് അന്ത്യമായി. 1818ൽ ഈസ്റ്റ് ഇന്ത്യ കമ്പനി അജ്മീറിന്റെ അധികാരം കയ്യാളുന്നുണ്ട്. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് വരെ അജ്മീർ ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നു.

ഖാജാ മുഈനുദ്ധീൻ ചിശ്തി തങ്ങളുടെ ദർഗയും തങ്ങളുടെ അതീന്ദ്രിയശക്തിയിലുള്ള മുഗൾ രാജാക്കന്മാരുടെ വിശ്വാസവും അജ്മീറുമായുള്ള അവരുടെ നിരന്തരബന്ധത്തിന് കാരണമായിത്തീർന്നു. രണ്ട് പ്രധാന മതങ്ങളുടെ തീർത്ഥാടനകേന്ദ്രങ്ങളുടെ സാന്നിധ്യവും അജ്മീറിന്റെ പ്രാധാന്യം വർധിപ്പിച്ചു. മുഗൾ ഭരണത്തിലുടനീളം ഹിന്ദു മതവിശ്വാസികളുടെ പുണ്യ ഭൂമിയായ പുഷ്‌കറിനോട് സഹിഷ്ണുതാനിലപാടായിരുന്നു എല്ലാ മുഗൾ രാജാക്കന്മാരും സ്വീകരിച്ചുപോന്നിരുന്നത്. അക്ബറിന്റെ കാലത്ത് പുഷ്‌കറിലെ പ്രധാന ക്ഷേത്രങ്ങളിലെ പൂജാരികൾക്ക് പണവും നൽകിയിരുന്നു. മുഗൾ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളാണ് അജ്മീറിലെ ഓരോ കെട്ടിടങ്ങളും. അക്ബർ ചക്രവർത്തിയാണ് ആദ്യമായി അജ്മീറിൽ ഒരു കോട്ട നിർമ്മിക്കുന്നത്. പിന്നീട് വന്ന ഓരോ രാജാക്കന്മാരും ആ വിശുദ്ധനഗരിയിൽ തങ്ങളുടേതായ സംഭാവാനകൾ സമർപ്പിച്ചു. ഇതിൽ പല കെട്ടിടങ്ങളും ഇന്നും അജ്മീറിൽ പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്നുണ്ട്. മതവിദ്വേഷം വളർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തും ജാതിമതഭേദമില്ലാതെ പതിനായിരക്കണക്കിനാളുകൾ ഖാജാ മുഈനുദ്ധീൻ ചിശ്തി തങ്ങളുടെ ദർഗ സന്ദർശിക്കാനായി അജ്മീറിലേക്ക് ഒഴുകിയെത്തുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter