ബുല്ലേ ഷാഹ്: സ്നേഹത്തിന്റെ ഭാഷയിൽ ഇസ്‍ലാമിനെ വായിച്ച സൂഫി കവി
“നീ കുറെയേറെ പഠിച്ചിട്ടുണ്ട്,
ഒരായിരം പുസ്തകങ്ങൾ വായിച്ചിട്ടുമുണ്ട്.
പക്ഷേ ഒരിക്കലെങ്കിലും നീ നിന്നെ വായിച്ചിട്ടുണ്ടോ?
അമ്പലങ്ങളും പള്ളികളും കുറേ കയറിയിറങ്ങിയില്ലേ നീ,
സ്വന്തം ആത്മാവ് ഇത് വരെ സന്ദർശിച്ചിട്ടുണ്ടോ നീ ?
സാത്താനുമായി തിരക്കിട്ട യുദ്ധത്തിലാണല്ലോ നീ,
സ്വന്തം ദേഹേച്ഛക്കെതിരെ ഒരിക്കലെങ്കിലും പൊരുതിയിട്ടുണ്ടോ?
നീലാകാശം വരെ എത്തിയിട്ടും
സ്വന്തം ഹൃദയത്തിലുള്ളതിലേക്കെത്താൻ നിനക്ക് കഴിഞ്ഞില്ല!”
1680 ൽ ഉച്ച് എന്ന പഞ്ചാബി ഗ്രാമത്തിലായിരുന്നു "ജനങ്ങളുടെ കവി" എന്ന പേരിൽ വിശുദ്ധനായ ബുല്ലേ ഷാഹ് എന്ന സൂഫീ വിപ്ലവ നായകൻ ജനനം കൊണ്ടത്. ആഴവും അർത്ഥവുമേറിയ അദ്ദേഹത്തിന്റെ വരികളത്രയും കാലദേശഭാഷകളുടെ അതിർത്തികൾ ഭേദിച്ച് ഇന്നും ആലപിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. സ്നേഹവും സഹിഷ്ണുതയും പരസ്പരമുള്ള മനസ്സിലാക്കലും പുലരുന്ന ഒരു സമൂഹത്തെ സ്വപ്നം കണ്ട ഷാഹ് അമിത മത യാഥാസ്ഥിതികതയെയും ആചാരബന്ധിതമായ കേവലവിശ്വാസത്തെയും നിശിതമായി തന്നെ വിമർശിച്ചിരുന്നു.
ഷാഹ് മുഹമ്മദ് ദർവേശ് എന്ന പണ്ഡിതന്റെ പുത്രനായി ഒരു സയ്യിദ് കുടുംബത്തിൽ പിറന്ന ഷാഹ് പഞ്ചാബിലെ പാണ്ടോക്കിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഖുർആനും ഹദീസും അറബി പേർഷ്യൻ ഭാഷ സാഹിത്യങ്ങളും വളരെ ചെറുപ്പത്തില്‍ തന്നെ പഠിച്ചുതുടങ്ങിയിരുന്ന ഷാഹ് പിന്നീട് ഉന്നതപഠനത്തിനായി കാസൂറിലേക്ക് വണ്ടി കയറി.
ബാല്യകാലത്തും ശേഷം കൗമാരത്തിലും ഉപജീവനത്തിനായി ഷാക്ക് ആട്ടിടനായി ജോലി ചെയ്യേണ്ടിവന്നിരുന്നു. ഖാദിരി-ചിഷ്തി സരണിയിലെ ഹസ്രത് ഗുലാം മുസ്ത്വഫ എന്ന പുണ്യത്മാവിന്റെ വിഖ്യാതമായ മതപാഠശാലയിൽ പഠിക്കുകയും പിന്നീട് പഠനാനന്തരം കുറച്ചുകാലം അവിടത്തെ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു അദ്ദേഹം.
പ്രാഥമികവിദ്യാഭ്യാസം കരസ്ഥമാക്കിയ ബുല്ലേ ഷാഹ് പിന്നീട് ലാഹോറിലേക്ക് യാത്ര തിരിക്കുകയും ഷാഹ് ഇനായത്ത് ഖാദിരി എന്ന ആധ്യാത്മിക ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. കുലമഹിമയില്‍ തന്നെക്കാൾ താഴെക്കിടയിലുള്ള ഇനായത്തെന്ന തോട്ടക്കാരനെ ഗുരുവായി സ്വീകരിച്ചപ്പോൾ കുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നുമുയർന്ന മുറുമുറുപ്പുകളെ വിജ്ഞാനദാഹിയായ ആ ശിഷ്യൻ വകവെച്ചില്ല. പിന്നീടുള്ള ഷാഹിന്റെ ആത്മീയ-കാവ്യ ജീവിതത്തിലുടനീളം ഇനായത്ത് എന്ന സമർത്ഥനായ ശൈഖിന്റെ സ്വാധീനം കാണാനാകും.
പഞ്ചാബി ഭാഷയിൽ, കാഫി എന്ന പദ്യരൂപത്തിലായിരുന്നു പലപ്പോഴും ബുല്ലേ ഷാഹ് തന്റെ ചിന്തകൾ കുത്തിക്കുറിച്ചിരുന്നത്. മനോഹരമായ കവിതകൾ മാത്രമല്ല, ലോകമാകെയും തന്റെ സ്നേഹസന്ദേശമെത്തിക്കാൻ തക്ക സ്വാധീനശക്തിയുള്ള ഗാനങ്ങളും ആ തൂലികയിൽ നിന്ന് വിരിഞ്ഞു. ദൈവിക വിലയനത്തെ കൊതിക്കുന്ന, മിസ്റ്റിസിസത്തിൽ പൊതിഞ്ഞ വരികൾ പക്ഷേ, യാഥാസ്തികമതത്തോടും കപടാദർശാചാരങ്ങളോടും നിരന്തരം കലഹിച്ചുകൊണ്ടേയിരുന്നു. ഷായുടെ വീക്ഷണങ്ങളെ കടുത്ത അതൃപ്തിയോടെ നോക്കി കണ്ട ചില മതമൗലികവാദികളുയർത്തിയ വധഭീഷണിയെ തുടർന്ന് ദാഫ്തുഹിലെ സിഖ് ഗുരുദ്വാരയിൽ അദ്ദേഹത്തിന് അഭയം തേടേണ്ടി വരെ വന്നിരുന്നു. സ്വന്തം കുടുംബമടക്കം കൈയൊഴിഞ്ഞ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലത്രയും സഹോദരി മാത്രമായിരുന്നു ഷാക്ക് പിന്തുണ നൽകിയിരുന്നത്.
1757 ൽ തന്റെ എഴുപത്തിഏഴാം വയസ്സിൽ ഇഷ്ടദേശമായ കാസൂറിൽ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. ഷായെ കാഫിറായി ഇസ്‍ലാമിന് പുറത്തേക്ക് ഭ്രഷ്ട് കല്പിച്ചിരുന്ന അതിയാഥാസ്ഥികർ അദ്ദേഹത്തിന്റെ മേൽ ജനാസ നിസ്കരിക്കാൻ വിസമ്മതിച്ചെങ്കിലും കാസൂറിലെ പ്രമുഖപണ്ഡിതനായിരുന്ന സാഹിദ് ഹമദാനി നിസ്കാരത്തിന് നേതൃത്വം നൽകി.
പരശ്ശതം ജനഹൃദയങ്ങളെ സ്നേഹമാണ് ഇസ്‍ലാമെന്ന് പരിചയപ്പെടുത്തിയ ആ സൂഫീകവി ലോകമാകെയുള്ള സംഗീതപ്രേമികളിലൂടെ ഇന്നും ജീവിക്കുന്നു. പാകിസ്താനിലെ അനവധി റോഡുകളും സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ സ്മരണാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്.
Leave A Comment