അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം

"ഖുർആനിന്റെ അമാനുഷികതയിൽ മുൻകാല പണ്ഡിതന്മാരാരും എഴുതുകയോ പറയുകയോ ചെയ്യാത്ത പുതിയ ചർച്ചകളാണ് ഞാൻ അവതരിപ്പിക്കുന്നത്" എന്നു പറഞ്ഞാണ് ഏകദേശം അരമണിക്കൂർ വീതം വരുന്ന 30 ഹൽഖ (എപ്പിസോഡു)കളുള്ള ഈ സീരീസ് ഡോ. സഈദ് റമളാൻ അൽ ബൂഥ്വി ആരംഭിക്കുന്നത്. ഓരോ ഹൽഖകളുടെയും തുടക്കത്തിൽ ഇത് ആവർത്തിക്കുന്നുമുണ്ട്. തന്റെ സൂക്ഷ്മവായനയിലൂടെ മനസ്സിലായ, എന്നാൽ ഖുർആന്റെ അവതരണകാലം മുതൽക്ക് തന്നെ കാലം ഗർഭം ധരിച്ച് ഇക്കാലത്ത് മാത്രം പിറവി കൊണ്ട അമാനുഷികപാഠങ്ങളാണ് 'ജദീദ്' എന്നതു കൊണ്ടുള്ള വിവക്ഷ. ഓരോ ജദീദും തികച്ചും ബൗദ്ധികവും ശാസ്ത്രീയമായും സ്ഥിരപ്പെടുത്താവുന്നതാണെന്നും ബൂഥ്വി മനോഹരമായി തെളിയിച്ചു. 

അതിനാൽ, ബൂഥ്വി അവതരിപ്പിക്കുന്ന ഓരോ 'ജദീദും' കുറിക്ക് കൊള്ളുന്നത് ഖുർആനിനെ നബി തങ്ങളുടെ രചനയാണെന്ന വിമർശകരുടെ വാദങ്ങളിലാണ്. വിമർശകരിലൊരാളായി സങ്കൽപ്പിച്ചും ചിന്തിച്ചും വാദിച്ചും ബൗദ്ധിക സംവാദത്തിലേർപ്പെട്ട് ഖുർആനിന്റെ ആഴങ്ങളിലിറങ്ങിച്ചെന്ന് അവരുടെ ബുദ്ധിശൂന്യതയെയും അജ്ഞതയെയും തുറന്നുകാട്ടി വിമർശക പാളയത്തിൽ നിന്നും വിജയാശ്രീലനായി പുറത്തുവരുന്ന ബൂഥ്വിയെ നിങ്ങൾക്കീ പരമ്പരയിലുടനീളം കാണാം. എല്ലാ കാലങ്ങളിലും അതിജയിച്ച് അന്ത്യനാൾ വരെ നിലനിൽക്കുന്ന ഖുർആനിന്റെ അമാനുഷികത താൻ ജീവിക്കുന്ന, ശാസ്ത്രവും സാങ്കേതികവിദ്യയും ആധുനിക ചിന്താധാരകളും അതിദ്രുതം വളർച്ച പ്രാപിക്കുകയും ആഗോള മുസ്‍ലിം ലോകത്തെ ഛിദ്രതയും പരിഷ്കരണ വാദങ്ങളും പ്രചാരം നേടുകയും ചെയ്ത ആധുനിക യുഗത്തിന് മനസ്സിലാവുന്ന ഭാഷയിൽ പരിചയപ്പെടുത്തി കൊടുക്കുകയാണ് ബൂഥ്വിയെന്ന പാരമ്പര്യത്തോട് ചേർന്നുനിന്ന ഈ ആധുനിക പണ്ഡിതൻ.

തങ്ങളുടെ കാലക്കാരോട് അവരുടെ ചിന്തകളും വിമർശനങ്ങളും പഠിച്ച് ഖുർആനിന്റെ അമാനുഷിക പാഠങ്ങൾ ഓതിക്കൊടുത്ത മുൻകാല പണ്ഡിതന്മാരുടെ പാതയാണിതെന്ന് ബൂഥ്വി തന്നെ ആണയിട്ട് പറയുന്നുണ്ട്. മാനുഷിക വികാരങ്ങളുമായി സംവദിക്കുന്നതിൽ ഭാഷയ്ക്കുള്ള പരിമിതികളെ ഒരളവോളം നീട്ടിവെക്കുന്ന ആലങ്കാരിക പ്രയോഗങ്ങളും സംഗീതവും മുട്ടുമടക്കുന്നിടത്ത് അവയെ പരിപൂർണാർത്ഥത്തിൽ അഭിമുഖീകരിക്കുന്ന ഖുർആനിന്റെ അമാനുഷികത വെളിവാകുന്നുവെന്ന് ബൂഥ്വി സമർത്ഥിക്കുന്നു. അതിന് ഖുർആനിലെ പദപ്രയോഗങ്ങളെ തെളിവായി ഉദ്ധരിക്കുന്നു. ഓരോ അർത്ഥത്തെ സൂചിപ്പിക്കാനും ഖുർആൻ ഉപയോഗിച്ച പദത്തിന്റെ ഘടനയും ആശയസംവേദനവും രാഗവും പരിശോധിച്ച്, ഖുർആനിൽ പര്യായങ്ങൾ ഇല്ലെന്നും ഓരോ പദവും വ്യത്യസ്ത മനുഷ്യ- പ്രപഞ്ച വികാരങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെന്നും ഇത് ഖുർആനിന്റെ അമാനുഷികതയാണെന്നും ഈ പരമ്പരയിലെ ആമുഖത്തിൽ ഒന്നാമത്തെ ജദീദായി ബൂഥ്വി പറഞ്ഞുവച്ചതടക്കം അദ്ദേഹം പഠനവിധേയമാക്കിയ ഖുർആനിന്റെ അമാനുഷികതയുടെ അഞ്ചോളം വരുന്ന പുതിയ തലങ്ങളെയാണ് 30 ഹൽഖകളിലൂടെയുള്ള അനവധി ഉദാഹരണങ്ങളിലൂടെ മഹാനവർകൾ പരിചയപ്പെടുത്തുന്നത്. വേണമെങ്കിൽ 100 ഹൽഖകൾ പറയാൻ തക്കവിധത്തിലുള്ള പഠനങ്ങൾ എന്റെ കയ്യിലുണ്ടെന്നും ബൂഥ്വി പറയുന്നുണ്ട്.

രണ്ടാമത്തെ ജദീദായി അവതരിപ്പിച്ച 'ദൈവികതയുടെ മഹത്വ പ്രകടനത്തെക്കുറിച്ച്' (മള്ഹറു ജലാലി റുബൂബിയ്യ) ബൂഥ്വി തന്നെ പറയുന്നത് അത് 14 നൂറ്റാണ്ടുകളായി ഖുർആൻ പാരായണത്തിലൂടെ ഒരു നിശബ്ദ പ്രതിഫലനം ചെലുത്തിപ്പോന്നെങ്കിലും ആരും അതേക്കുറിച്ച് എഴുതാനോ പറയാനോ തയ്യാറായില്ല എന്നാണ്. പ്രകൃതിയും ജീവിത പരിസരവും സ്വഭാവ മൂല്യങ്ങളെ സ്വാധീനിക്കുന്നതിനാൽ സാഹിത്യത്തിൽ മറ്റൊരാളുടെ ശൈലി അനുകരിക്കുക എന്നത് അസംഭവ്യമാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളിക്കുന്ന 'സംസാരം സംസാരിക്കുന്നവന്റെ പ്രകൃതിയുടെ കണ്ണാടിയാണ്' എന്ന സർവ്വാംഗീകൃത തത്വത്തിലൂന്നിയുള്ള ഉദാഹരണങ്ങളായി ഖുർആനിലെ സൂക്തങ്ങളെടുത്ത് ഉദ്ധരിച്ചാണ് ഈ മള്ഹറു ജലാലി റുബൂബിയ്യത്തിനെ മനോഹരമായി ബൂഥ്വി അവതരിപ്പിക്കുന്നത്. ഇതു മുൻനിർത്തിയാണ്, ഖുർആനിന്റെ വെല്ലുവിളി കിടക്കുന്നത് അതിന്റെ ഉള്ളടക്കത്തിലും അവയെ അവതരിപ്പിക്കുന്നതിലുമാണെന്നും വിമർശകർ തെറ്റിദ്ധരിച്ച പോലെ ഖുർആനിന്റെ വാചകശൈലിയിൽ അല്ലെന്നും ബൂഥ്വി സമർത്ഥിക്കുന്നത്.

ഖുർആനിന്റെ നിയമനിർമാണത്തിലുള്ള അമാനുഷികതയെയാണ് മൂന്നാമതായി ബൂഥ്വി അവതരിപ്പിക്കുന്നത്. സാമൂഹ്യശാസ്ത്രം പറയുന്നതുപോലെ, ഒരു ക്രോഡീകൃത നിയമവ്യവസ്ഥകളെക്കുറിച്ച് ചിന്തിക്കാൻ പോലും സമയമാവാതിരുന്ന ഗോത്രാധിപത്യ അറേബ്യൻ സമൂഹത്തിൽ ഖുർആൻ അവതരിപ്പിച്ച നിയമനിർമ്മാണം ദൈവികമല്ലാതെ മറ്റെന്താണെന്ന് അതിനുള്ള വിമർശനങ്ങൾക്ക് കൃത്യമായ മറുപടി പറഞ്ഞു ബൂഥ്വി ചോദിക്കുന്നു.

നാലാമത്തെ ജദീദായി ബൂഥ്വി പഠിപ്പിച്ചുതരുന്നത്, ഖുർആൻ വിവരിക്കുന്ന അല്ലാഹുവിന്റെ പതിവുരീതികളെ (സുനനുല്ലാഹി) പുതിയകാലത്തെ യാഥാർത്ഥ്യവുമായി ബന്ധിപ്പിച്ചാണ്. "ഇനി, നിങ്ങള്‍ പിന്തിരിഞ്ഞു പോവുകയാണെങ്കില്‍ നിങ്ങളല്ലാത്ത മറ്റൊരു ജനപഥത്തെ അവന്‍ പകരം കൊണ്ടുവരും. പിന്നെ, നിങ്ങളെപ്പോലെയാകില്ല അവര്‍." (സൂറ: മുഹമ്മദ്‌,38) എന്നതും സമാനാർത്ഥം വരുന്നതുമായ പല സൂക്തങ്ങളും മുൻനിർത്തി അതിന്റെ സാക്ഷാത്കാരമായി ആധുനികകാലത്തെ മുസ്‌ലിം-അറബ് സമൂഹത്തിന്റെ ദയനീയാവസ്ഥയെയും അവർക്കു ബദലായി പടിഞ്ഞാറൻ രാജ്യങ്ങളിലെ തനതായ ഇസ്‍ലാമിന്റെ വളർച്ചയും ബൂഥ്വി ചൂണ്ടിക്കാട്ടുന്നു. ഇതര സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായി മുസ്‍ലിംകൾക്ക് ഇസ്‍ലാം മാത്രമാണ് വിമോചന മാർഗമെന്നും ഇസ്‍ലാമിക മൂല്യങ്ങളെ കൈവെടിഞ്ഞതാണ് മുസ്‍ലിം ലോകത്തിന്റെ ഇന്നത്തെ പരാധീനതയ്ക്ക് കാരണമെന്നും അതേസമയം ഇസ്‍ലാമേതര സമൂഹങ്ങളുടെ സാങ്കേതിക വളർച്ചയും വികാസവും ഭൗതികതയിൽ അവർ ആത്മാർത്ഥരായതിന്റെ ഫലമാണെന്നും അതാണ് ഖുർആൻ പരിചയപ്പെടുത്തുന്ന അല്ലാഹുവിന്റെ പതിവു രീതികളെന്നും ബൂഥ്വി വിവരിക്കുന്നു. "താങ്കളുടെ നാഥന്റെ ദാനത്തില്‍ നിന്ന് ആ വിഭാഗത്തിന്നും ഈ വിഭാഗത്തിന്നും നാം നല്‍കുന്നതാണ് - താങ്കളുടെ രക്ഷിതാവിന്റെ ദാനം നിരോധിക്കപ്പെടുന്നതായിട്ടില്ല." (സൂറ: ഇസ്‍റാഅ്) തുടങ്ങിയ ആയത്തുകളിലൂടെ ഈ യാഥാർഥ്യം ബൂഥ്വി ഉണർത്തുമ്പോള്‍, അതൊരു നവോത്ഥാന കാഹളം കൂടിയാണ്.

ഖുർആൻ അവതരിച്ച അറേബ്യയുടെ ജീവിത പരിസരങ്ങളുടെയും ഗോത്ര വംശീയതയുടെയും സ്വാധീനമില്ലാത്ത തികച്ചും മാനുഷിക പരിഗണനയോടെയുള്ള (യാ അയ്യുഹന്നാസ്) ഖുർആനിന്റെ അവതരണ ശൈലിയെ തന്റെ അഞ്ചാമത്തെ ജദീദായി ബൂഥ്വി അവതരിപ്പിക്കുന്നു.

ഓരോ യാഥാർത്ഥ്യങ്ങൾക്കും ബൂഥ്വി കൊണ്ടുവരുന്ന ഉദാഹരണങ്ങളുടെ കൃത്യതയും മതിപ്പും ആകർഷകമായ ബൂഥ്വിയുടെ ഭാഷയും ഈ ഹൽഖകൾക്ക് ഒഴുക്ക് പകരുന്നു. പരിശുദ്ധ ഖുർആനിന് നേരെ ഉയരുന്ന ഒരു വിമർശനവും ഞാൻ കണ്ടില്ലെന്ന് നടിക്കില്ലെന്ന് ആവേശത്തോടെ പറയുന്ന ബൂഥ്വി ഖുർആനിലെ സ്ത്രീ, ആവർത്തനം, ബഹുമുഖാർത്ഥ വ്യാഖ്യാനങ്ങൾ തുടങ്ങിയ ഏഴോളം വരുന്ന ഓറിയന്റലിസ്റ്റ് വിമർശനങ്ങളെയാണ് 25 മുതൽ 30 വരെയുള്ള ഹൽഖകളിൽ തികച്ചും യുക്തിഭദ്രമായി അനായാസം നേരിടുന്നത്.

ഇതു കേൾക്കുമ്പോൾ പല വായനയിലും സ്വാഭാവികമായും നമുക്ക് തോന്നാവുന്ന ചില സംശയങ്ങൾക്ക് കൂടി തൊട്ടടുത്ത ഖണ്ഡനത്തിൽ ബൂഥ്വി മറുപടി പറഞ്ഞുതരുന്ന അനുഭവമായിരിക്കും ഉണ്ടാവുക. ഖുർആനിന്റെ അമാനുഷികതകളെയെല്ലാം ആധുനികതയുമായി സംവദിച്ച് ആദർശവ്യതിയാനമോ ആശയചോരണമോ ഇല്ലാതെ തികച്ചും ഒരു അക്കാദമിക്കലായി അവതരിപ്പിക്കുന്ന ഒരു പാരമ്പര്യ പണ്ഡിതൻ എന്ന അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളാണ് ബൂഥ്വി. ആധുനിക പ്രവണതകളെ പഠിച്ച്, അതിന്റെ ബലഹീനതകൾ മനസ്സിലാക്കി നിഷ്പക്ഷമായ യുക്തിയിലൂടെ ഖുർആനിനെ കൃത്യമായി പ്രതിരോധിച്ചു നിർത്തി. എന്നാൽ ആധുനികതയുടെ കെണിയിൽ വീണുപോയി മുഅ്ജിസത്തിനെ (പ്രവാചകരുടെ അമാനുഷിക സംഭവങ്ങള്‍)യും വഹ്‍യി (ദിവ്യ ബോധനം)നെയും തള്ളിപ്പറഞ്ഞ് ഒരു വരണ്ട ഇസ്‌ലാമിനെ പ്രതിഫലിപ്പിക്കുന്ന പല പണ്ഡിതരുടെയും ശ്രമങ്ങള്‍ക്കെതിരെയും തന്റെ 'കുബറൽ യഖീനീയ്യാത്തി'ൽ ബൂഥ്വി രംഗത്ത് വരുന്നുണ്ട്. അറബി ഭാഷയെ അഭ്യസിക്കലാണ് ഖുർആനിന്റെ അമാനുഷികത മനസ്സിലാക്കാനുള്ള ഒരു പ്രധാന മാർഗ്ഗമെന്നും അതിലൂടെ വിമർശകർക്ക് തങ്ങളുടെ രോഗം ഭേദമാക്കാമെന്നും ബൂഥ്വി പ്രത്യാശിക്കുന്നു. 

ബൂഥ്വിയുടെ മാസ്റ്റർപീസ് രചനയായ കുബ്റൽ യഖീനിയ്യാത്തിന്റെയും ഇബ്നു അത്വാഉല്ല(റ)ന്റെ ഹികമിന്റെയും വിശദീകരണങ്ങളടക്കം ബൂഥ്വിയുടെ ഒരുപാട് ക്ലാസ്സുകളുടെ സിരീസുകൾ യൂട്യൂബിലും നസീമുശാമിലും (naseemalsham.com) ലഭ്യമാണ്.

▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb
Whatsapp Group:

https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter