തഫ്സീറിലെ ഇസ്രായീലിയ്യാത്തുകള്‍: സാന്നിധ്യവും സമീപനവും
തഫ്സീര്‍ ഗ്രന്ഥങ്ങളുടെ വിശ്വാസ്യതക്കെതിരെയുള്ള ഏറ്റവും വലിയ ആരോപണമാണ് ഇസ്രായീലിയ്യാത്തുകളുടെ കടന്ന് കയറ്റം. ജൂത ക്രൈസ്തവ സ്രോതസ്സുകളില്‍ നിന്ന് ഇസ്‍ലാമിക പ്രമാണങ്ങളിലേക്കു കടന്നു കയറിയ കഥകളും നിവേദനങ്ങളുമാണ് ഇസ്രായീലിയാത്ത് എന്നതുകൊണ്ടുള്ള വിവക്ഷ. അഹ്ലു കിത്താബ് എന്ന പേരില്‍ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന മതവിഭാഗങ്ങളുടെ ജ്ഞാന ശേഖരത്തില്‍ നിന്നു കൈമാറ്റം നടത്തപ്പെട്ട ഇത്തരം നിവേദനങ്ങള്‍, ഇസ്‍ലാമിലേക്ക് കടന്നുവന്ന പുതുവിശ്വാസികള്‍ വഴിയായിരുന്നു പ്രധാനമായും മുസ്‍ലിം സമുദായത്തിലേക്ക് രംഗപ്രവേശനം ചെയ്തത്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും ഇവ കടന്നുകൂടാനിടവന്നത്, വിശുദ്ധ ഖുര്‍ആനിനും ഹദീസിനും സമാനമായ രീതിയില്‍ ഇസ്രാഈലീ നിവേദനങ്ങള്‍ക്കും ആധികാരികത കല്‍പ്പിക്കപ്പെടുന്ന സ്ഥിതി വിശേഷം കൈവരാന്‍ കാരണമായിത്തീര്‍ന്നു. ഇസ്രാഈലിയാത്തിനെക്കുറിച്ചും അവ തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ ചെലുത്തിയ സ്വാധീനത്തെയും കുറിച്ചുള്ള ഹ്രസ്വമായ ഒരു പഠനമാണിത്.
എന്താണ് ഇസ്രായീലിയാത്ത് ?
ഇസ്രാഈലിയ്യ എന്ന അറബി പദത്തിന്‍റെ ബഹുവചനമാണ് ഇസ്രാഈലിയാത്ത്. യഅ്ഖൂബ് നബിയുടെ സന്താനപരമ്പരയെ ബനൂ ഇസ്രാഈല്‍ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രാചകന്മാരായ മൂസാ നബിക്കും ഈസാ നബിക്കും അവതീര്‍ണ്ണമായ ഗ്രന്ഥങ്ങളാണ് തൗറാത്തും ഇഞ്ചീലും. ആ സമൂഹങ്ങളെ അഹ്‍ലുകിതാബ് (വേദം നല്കപ്പെട്ടവര്‍) എന്ന പേരിലും ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുണ്ട്. മേല്‍ സൂചിപ്പിച്ച പോലെ ജൂത ക്രൈസ്തവ സ്രോതസ്സുകളില്‍ നിന്ന് ഇസ്‍ലാമിക പ്രമാണങ്ങളിലേക്ക് കടന്നുവന്ന കഥകളും നിവേദനങ്ങളുമാണ് ഇസ്രാഈലിയാത്ത് എന്ന് പറയുമ്പോഴും ചില മുഫസ്സിറുകളും മുഹദ്ദിസുകളും വാദിക്കുന്നത് 'ഇസ്‍ലാമിന്‍റെ വിശ്വാസ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാനും ഇസ്‍ലാം പൊള്ളത്തരങ്ങളുടെയും കെട്ടുകഥകളുടെയും സാങ്കല്‍പ്പികതയുടെയും മതമാണെന്ന് വരുത്തി തീര്‍ക്കാനും വേണ്ടി ഇസ്‍ലാമിന്‍റെ ശത്രുക്കള്‍ ഘട്ടം ഘട്ടമായി യാതൊരു പ്രാമാണികതയും ഇല്ലാത്ത നുണക്കഥകള്‍ സന്നിവേശിപ്പിച്ചതാണ് ഇസ്രാഈലിയാത്ത്' എന്നാണ്.
ഇസ്രാഈലിയാത്തിനെക്കുറിച്ച് വിശദീകരിക്കുന്നതിന് മുമ്പ് ആത്യന്തികമായി ഖുര്‍ആനും മറ്റുദൈവിക ഗ്രന്ഥങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കല്‍ അനിവാര്യമാണ്. എല്ലാ ദൈവിക ഗ്രന്ഥങ്ങളും 'ദൈവം ഒന്നേയുള്ളൂ അത് അല്ലാഹുവാണ്' എന്നതാണ് മുന്നോട്ട് വെക്കുന്നത്. പ്രാര്‍ത്ഥനാ രീതികളിലും മറ്റും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാനപരമായി വിശ്വാസപ്രമാണങ്ങളെല്ലാം ഒന്നുതന്നെ. ശരീഅത് നിയമങ്ങള്‍ സ്വാഭാവികമായും കാലാനുസൃതമായി മാറുമല്ലോ. പരിശുദ്ധ ഖുര്‍ആനാണ് അവസാനമായി ഇറങ്ങിയ ദൈവിക ഗ്രന്ഥം. അത് തൗറാത്ത്, ഇഞ്ചീല്‍ പോലെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാകാതെ എക്കാലവും നിലനില്‍ക്കുമെന്നത് അല്ലാഹു തന്നെ വ്യക്തമാക്കിയതുമാണ്.
പരിശുദ്ധ ഖുര്‍ആന്‍ മുമ്പ് കഴിഞ്ഞുപോയ എല്ലാ ദൈവിക ഗ്രന്ഥങ്ങളെയും വാസ്തവീകരിക്കുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അഥവാ അവകളില്‍ പരാമര്‍ശിച്ചിട്ടുള്ള വിശ്വാസ പ്രമാണങ്ങളെയെന്ന് സാരം. (ആലു ഇംറാന്‍ 3).
ചരിത്ര പശ്ചാത്തലം
പ്രവാചക കാലഘട്ടത്തിനും മുമ്പേ തുടങ്ങുന്നതാണ് അറബ് സമൂഹത്തിലേക്കുള്ള ഇസ്രാഈലീ നിവേദന വ്യാപനം. ജാഹിലിയ്യ കാലത്തു തന്നെ നല്ലൊരു ശതമാനം ജൂതര്‍ അറബികള്‍ക്കൊപ്പം അധിവസിച്ചുപോന്നിരുന്നു. ക്രൈസ്തവ നേതാവായ സെന്‍റ് ടൈറ്റസിന്‍റെ പീഢനങ്ങളെത്തുടര്‍ന്ന് എ.ഡി. എഴുപത് മുതല്‍ക്കേ തുടങ്ങിയിരുന്നു അറേബ്യയിലേക്കുള്ള ജൂത കുടിയേറ്റം. തലമുറകളായി തങ്ങള്‍ വിശ്വസിച്ചുവന്നിരുന്ന വിചിത്രകഥകളും ഐതിഹ്യങ്ങളും പുരാണങ്ങളുമെല്ലാം അറബികളുമായുള്ള സഹവാസത്തിനിടെ ജൂതര്‍ കൈമാറ്റം നടത്തി. വാണിജ്യാര്‍ത്ഥം അറബികള്‍ നടത്തിയിരുന്ന ശൈത്യകാലത്തെ യമന്‍ യാത്രയും ഉഷ്ണകാലത്തെ ശാം യാത്രയും (ഇരുയാത്രകളെക്കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്) ഈ കൈമാറ്റ പ്രക്രിയയുടെ ഗതിവേഗം കൂട്ടി. ഇബ്നു ഖല്‍ദൂന്‍ മുഖദ്ദിമയില്‍ നിരീക്ഷിക്കുന്നതുപോലെ, അറബികള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന ജൂതരും അറബികളെപ്പോലെ നിരക്ഷരരായിരുന്നതിനാല്‍ ഏതൊരു ജൂതവിശ്വാസിക്കുമറിയുന്ന അടിസ്ഥാന വിവരങ്ങള്‍ മാത്രമേ ഇങ്ങനെ കൈമാറ്റം നടത്തപ്പെട്ടിരുന്നുള്ളൂ. ജൂത വിശ്വാസമായി അവര്‍ പരിചയപ്പെടുത്തിയ പലതും തങ്ങളുടെ കാലത്തു നിലനിന്നിരുന്ന വേദഗ്രന്ഥത്തോടുതന്നെ പൊരുത്തക്കേടുള്ളതുമായിരുന്നു. പ്രവാചക കാലത്തിനും മുമ്പുതന്നെ ഒട്ടനേകം ഇസ്രാഈലീ നിവേദനങ്ങള്‍ അറബികള്‍ സ്വീകരിച്ചിരുന്നുവെന്നത് നിഷേധിക്കാനാവാത്ത വിധം വ്യക്തമാണ്.
പ്രവാചക കാലഘട്ടം
മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തോടെ അറേബ്യയൊന്നടങ്കം പടിപടിയായി ഇസ്‍ലാം സ്വീകരിച്ചെങ്കിലും ഈ ചരിത്ര പ്രക്രിയയില്‍ വളരെ വൈകി, പരിമിതമായ തോതില്‍ മാത്രം ഭാഗഭാക്കായ ജനവിഭാഗമായിരുന്നു യഹൂദികള്‍. നബിയും അനുചരന്മാരും മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റ ചെന്നെത്തിയതോടെ മുസ്‍ലിം-ജൂത ഇടപെടലുകള്‍ക്ക് സജീവത കൈവന്നു. ബനൂ ഖൈനുഖാഅ്, ബനൂഖുറൈദ, ബനുന്നദീര്‍ തുടങ്ങിയ മദീനയിലെ ജൂതഗോത്രങ്ങളുമായുള്ള സ്വഹാബികളുടെ സഹവാസം ഈ ഗണത്തില്‍ ശ്രദ്ധേയമായിരുന്നു. മുസ്‍ലിം സമൂഹത്തിലേക്കുള്ള ഇസ്രാഈലിയ്യാത്തിന്‍റെ ആഗമനം പ്രവാചകര്‍(സ്വ)യുടെ കാലത്തു തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ഇതുസംബന്ധമായ തെളിവുകള്‍ വിശകലനം ചെയ്തശേഷം ഡോ. ഖലില്‍ ഇസ്മാഈല്‍ ഇല്‍യാസും ഇത് തന്നെയാണ് നിരീക്ഷിക്കുന്നത്.
ജൂതസമുദായത്തില്‍ നിന്ന് ഇസ്‍ലാമിലേക്കു കടന്നുവന്ന സ്വഹാബികളുടെയും താബിഈകളുടെയും കൂട്ടത്തില്‍ പൂര്‍വ്വവേദങ്ങളില്‍ അവഗാഹമുള്ള പണ്ഡിതന്മാര്‍ ധാരാളമുണ്ടായിരുന്നു. സ്വഹാബികളായ അബ്ദുല്ലാഹിബ്നു സലാം(റ), തമീമുദ്ദാരി അല്‍ അന്‍സ്വാരി(റ), താബിഉകളായ കഅ്ബുല്‍ അഹ്ബാര്‍(റ), വഹ്ബുബ്നു മുനബ്ബിഹ്(റ) എന്നിവര്‍ ഉദാഹരണം. മുന്‍കാല സമുദായങ്ങളെക്കുറിച്ചും ചരിത്രസംഭവങ്ങളെ കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ നടത്തിയ സംഗൃഹീത വിവരണങ്ങളുടെ വിശദാംശങ്ങളറിയാന്‍ സ്വഹാബികള്‍ ഇവരെ ആശ്രയിച്ചു. വിവിധ സംഭവങ്ങളുടെ വിശദാംശങ്ങളറിയാനുള്ള മാനുഷിക ജിജ്ഞാസ എന്നതിനപ്പുറം മതകീയമായ യാതൊരു മാനവും ഇത്തരം ഉദ്യമങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നില്ല എന്നത് കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
വിവിധ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് പൂര്‍വവേദങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ഇവര്‍ നല്‍കിയ വിശദീകരണങ്ങള്‍ ക്രോഡീകരിക്കപ്പെടുന്നതോടു കൂടിയാണ് വ്യവസ്ഥാപിത രീതിയില്‍ ഇസ്രാഈലിയ്യാത്ത് കടന്നാക്രമണം തുടങ്ങുന്നത്. അബൂഹുറൈറ(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വ്(റ) തുടങ്ങിയ സര്‍വാംഗീകൃത സ്വഹാബികളുള്‍പ്പെടെ ഇവരില്‍ നിന്ന് നിവേദനം ചെയ്തതിട്ടുണ്ട്. ഇത്തരം ക്രോഡീകരണങ്ങളെ അവലംബിച്ച് പില്‍ക്കാല തഫ്സീര്‍ പണ്ഡിതന്മാരും ഹദീസ് വിശാരദരും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും തയ്യാറാക്കുക കൂടി ചെയ്തതോടെ ഇസ്‍ലാമിക പ്രമാണങ്ങള്‍ തന്നെയാണ് അവയെന്ന് തെറ്റുധരിക്കപ്പെടുന്ന സ്ഥിതി സംജാതമായി. എന്നാല്‍, ഇസ്‍ലാമിക പ്രമാണങ്ങളിലും വിശ്വാസാചാരങ്ങളിലും ഇസ്രാഈലിയ്യാത്ത് കടന്നാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം അവ നിവേദനം ചെയ്ത സ്വഹാബികളിലോ താബിഉകളിലോ ചുമത്തുന്ന പ്രവണതയും തിരിച്ചറിയപ്പെടേണ്ടതാണ്. പൂര്‍വ്വവേദ പണ്ഡിതരില്‍ നിന്ന് തങ്ങള്‍ ശ്രവിച്ചവ നിവേദനം ചെയ്യുക മാത്രമായിരുന്നു അബൂഹുറൈറ(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വ്(റ) ഉള്‍പ്പെടെയുള്ള സ്വഹാബി പ്രമുഖര്‍ ചെയ്തിരുന്നത്. ഇത്തരം നിവേദനങ്ങളുടെ പേരില്‍ തിരുനബിയില്‍ നിന്നവര്‍ നിവേദനം ചെയ്തവ ഉള്‍പ്പെടെ സംശയിക്കപ്പെടണമെന്ന ഓറിയന്‍റലിസ്റ്റ് സമീപനവും ചെറുക്കപ്പെടേണ്ടതുതന്നെ. അബ്ദുല്ലാഹിബ്നു സലാം(റ), കഅ്ബുല്‍ അഹ്ബാര്‍(റ), വഹ്ബുബ്നു മുനബ്ബിഹ്(റ) തുടങ്ങിയ പൂര്‍വവേദപണ്ഡിതരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നിര്‍വാഹമില്ല. നിഷ്കളങ്കമായ ലക്ഷ്യത്തോടെ തങ്ങള്‍ക്കറിയാവുന്ന പൂര്‍വകാല ഉദ്ധരണികള്‍ കൈമാറ്റം നടത്തുക മാത്രമായിരുന്നു അവര്‍ ചെയ്തത്. പില്‍ക്കാലത്ത് പല വ്യാജ ഉദ്ധരണികളും തങ്ങളിലേക്ക് ചേര്‍ക്കപ്പെട്ടതിനും ഇസ്‍ലാമിക പ്രമാണങ്ങളായി അവ തെറ്റുധരിക്കപ്പെട്ടതിനും അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ.
ഇസ്രാഈലിയ്യാത്ത് അപഗ്രഥന വിധേയമാക്കുന്ന വിശകലനങ്ങളില്‍ പലതും കഅ്ബുല്‍ അഹ്ബാര്‍(റ), വഹ്ബുബ്നു മുനബ്ബിഹ്(റ), അബ്ദുല്ലാഹിബ്നു സലാം(റ) എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനാല്‍ ഈ മൂന്നു മഹദ് പ്രതിഭകളുടെയും ജീവിതചരിത്രം ഹ്രസ്വമായി അനാവരണം ചെയ്യുന്നത് പ്രസക്തമാണ്. യൂസുഫ് നബിയിലേക്കാണ് സ്വഹാബി പ്രമുഖനായ അബ്ദുല്ലാഹിബ്നു സലാം(റ)ന്റെ വംശപരമ്പര ചെന്നെത്തുന്നത്. മദീനയിലെ ബനൂഖൈനുഖാഅ് ജൂതഗോത്രത്തില്‍ പെട്ട അദ്ദേഹം പ്രവാചകന്‍റെ മദീനാഗമന വേളയില്‍ തന്നെ ഇസ്‍ലാം സ്വീകരിച്ചു. പ്രവാചകനുമായുള്ള ആദ്യ സമാഗമത്തില്‍ തന്നെ ഇസ്‍ലാം ആശ്ലേഷിച്ച അദ്ദേഹം പ്രവാചകന്‍റെ ഉറ്റ സ്വഹാബികളില്‍ ഒരാളായിരുന്നു. അന്‍സ്വാറുകളുടെ മാഹാത്മ്യം വിവരിക്കുന്നേടത്ത് അദ്ദേഹത്തിന്‍റെ മഹത്വം അടയാളപ്പെടുത്തുന്ന ഒരധ്യായം തന്നെ സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം. സൂറതുല്‍ അഹ്ഖാഫ് പത്താം സൂക്തത്തിലെ 'ബനൂ ഇസ്റാഈലിലെ ഒരാള്‍' എന്നതു കൊണ്ടുള്ള വിവക്ഷ അദ്ദേഹമാണെന്നും ഇമാം ബുഖാരി ഉദ്ധരിക്കുന്നു. ഹിജ്റ വര്‍ഷം 43ല്‍ നിര്യാതനായ അദ്ദേഹം മദീനയിലാണോ ഡമസ്കസിലാണോ മരണമടഞ്ഞതെന്നതില്‍ ഭിന്നാഭിപ്രായമുണ്ട്.
ജാഹിലിയ്യ കാലത്തു തന്നെ അറിയപ്പെട്ട ജൂതപണ്ഡിതനായിരുന്ന കഅബുല്‍ അഹ്ബാര്‍(റ) സ്വഹാബിയാണോ താബിഈ പ്രമുഖനാണോ എന്നതില്‍ ഭിന്നാഭിപ്രായമാണുള്ളത്. നബി(സ്വ)യുടെ കാലത്ത് അലി(റ) മുഖേനയാണ് അദ്ദേഹം ഇസ്‍ലാമിലേക്കു കടന്നുവന്നത് എന്നാണൊരഭിപ്രായം. അദ്ദേഹത്തെക്കുറിച്ച് വിശദപഠനം നടത്തിയ ശേഷം തന്‍റെ ഡോക്ടറല്‍ തീസിസ്, കഅ്ബുല്‍ അഹ്ബാര്‍ വഅസറുഹു ഫിത്തഫ്സീര്‍ എന്ന ഗ്രന്ഥത്തില്‍ ഡോ. ഖലീല്‍ ഇസ്മാഈല്‍ ഇല്‍യാസ് ഈ അഭിപ്രായത്തെയാണ് ബലപ്പെടുത്തുന്നത്. പ്രവാചക വിയോഗത്തിനു ശേഷമാണ് അദ്ദേഹം മുസ്‍ലിമായതെന്ന് ഇമാം ദഹബി 'സിയറു അഅ്‍ലാമിന്നുബലാഇല്‍' വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം താബിഈ പ്രമുഖനാണെന്നാണ് ഇവ്വിഷയകമായ പ്രബല ധാരണ. ഉമര്‍(റ), ഉസ്മാന്‍(റ), ഇബ്നുഅബ്ബാസ്(റ), മുആവിയ(റ) എന്നീ സ്വഹാബി പ്രമുഖരുമായി അടുത്ത സഹവാസമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നത് അവിതര്‍ക്കിതമാണ്. സ്വഹാബി പ്രമുഖരായ അബൂഹുറൈറ(റ), മുആവിയ(റ), ഇബ്നു അബ്ബാസ്(റ) എന്നിവര്‍ അദ്ദേഹത്തില്‍ നിന്ന് നിവേദനം ചെയ്തിട്ടുണ്ട്. അബുദാവൂദ്(റ), തിര്‍മിദി(റ), നസാഈ(റ) എന്നിവരും അദ്ദേഹത്തില്‍ നിന്ന് നിവേദനം ചെയ്തത് അദ്ദേഹത്തിന്‍റെ സ്വീകാര്യത അടയാളപ്പെടുത്തുന്നു.
താബിഈ പ്രമുഖനായ വഹ്ബുബ്നു മുനബ്ബിഹ്(റ) യമനിലെ ജൂതകുടുംബത്തിലാണ് ജനിച്ചത്. ജൂതപുരാണങ്ങളില്‍ ആഴത്തില്‍ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ഇവിഷയകമായി ഗ്രന്ഥരചനയും നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിലേക്കു ചേര്‍ക്കപ്പെടുന്ന നിവേദനങ്ങളില്‍ മിക്കതും പൂര്‍വകാല സംഭവങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അഗാധമായ വിജ്ഞാനം ദുരുപയോഗം ചെയ്ത് നിക്ഷിപ്ത താത്പര്യക്കാര്‍ കെട്ടിച്ചമച്ചതാണെന്നാണ് മനസ്സിലാവുന്നത്. ഇമാം ദഹബി, ഇമാം ബുഖാരി(റ) ഉള്‍പ്പെടെ പലരും അദ്ദേഹത്തില്‍ നിന്ന് നിവേദനം ചെയ്തത് അദ്ദേഹത്തിന്‍റെ സ്വീകാര്യത അടയാളപ്പെടുത്തുന്നതാണ്. ഹിജ്റ 110ലായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗമെന്ന് ഇബ്നുകസീര്‍(റ) രേഖപ്പെടുത്തുന്നുണ്ട്. (അല്‍ബിദായ വന്നിഹായ) "സ്വന്തം പ്രവാചകനിലും എന്നിലും വിശ്വാസം പുലര്‍ത്തിയ വ്യക്തിക്ക് ഇരട്ടപ്രതിഫലമുണ്ട്" (ബുഖാരി) എന്നതുള്‍പ്പെടെയുള്ള നിരവധി നബിവചനങ്ങള്‍ ജൂതമതത്തില്‍ നിന്ന് ഇസ്‍ലാമിലേക്കു കടന്നുവന്ന ഇത്തരം പണ്ഡിതപ്രതിഭകളുടെ നിരപരാധിത്വവും ഔന്നത്യവും അടയാളപ്പെടുത്തുന്നതാണ്. സ്വഹാബികളിലെയും താബിഉകളിലെയും പ്രമുഖരായ ഇവരെ തള്ളിപ്പറയുന്നതിനു പകരം മൂവരെയും അംഗീകരിക്കാനും അവരില്‍നിന്ന് നിവേദനം ചെയ്തപ്പെട്ടതെന്ന് പറയപ്പെടുന്ന ഇസ്രാഈലിയ്യാത്ത് വേറിട്ടു മനസ്സിലാക്കാനും അവയെ ഇസ്‍ലാമിക പ്രമാണങ്ങളിലേക്ക് ചേര്‍ത്തിപ്പറയാതിരിക്കാനുമാണ് സത്യവിശ്വാസി ശ്രമിക്കേണ്ടത്.
ഇസ്രാഈലിയ്യാത്തിന് സ്ഥിരീകരണം നടത്തുന്നതിനു പകരം തങ്ങള്‍ക്കറിയാവുന്നവ കൈമാറ്റം നടത്തുക മാത്രം ചെയ്ത ഇവരൊന്നും ഇത്തരം നിവേദനങ്ങള്‍ തിരുനബിയിലേക്ക് ചേര്‍ത്തിപ്പറയാനൊരിക്കലും ധൈര്യം കാണിച്ചില്ലെന്നതും ശ്രേദ്ധയമാണ്. പിന്നീട് വന്നവരില്‍ ഇസ്രാഈലിയ്യാത്ത് പ്രചരിപ്പിച്ചതില്‍ നിര്‍ണായക പങ്കു വഹിച്ചവരായി മുഹമ്മദ്ബിന്‍ സാഇബ് കല്‍ബി, അബ്ദുല്‍ മലിക് ബിന്‍ അബ്ദില്‍ അസീസ് ബിന്‍ ജുറൈജ്, മുഖാതില്‍ ബിന്‍ സുലൈമാന്‍, മുഹമ്മദ് ബിന്‍ മര്‍വാന്‍ സുദ്ദി എന്നീ പേരുകളാണ് പൊതുവെ പറയപ്പെടാറുള്ളത്.
നിവേദക പരമ്പരയുടെ അഭാവം
നിവേദക ശൃംഖല (സനദ്) പൂര്‍ണമായും പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ആദ്യകാലങ്ങളിലെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍. ഹദീസ് നിവേദനത്തിനു സമാനമായ കൃത്യതയും കണിശതയും തഫ്സീര്‍ രചനയിലും പുലര്‍ത്തിപ്പോന്നതിനാല്‍ ഹിജ്റ മൂന്നാം നൂറ്റാണ്ടുവരെയുള്ള തഫ്സീര്‍ ഗ്രന്ഥങ്ങളിലെ ഇസ്രാഈലിയ്യാത്ത് തിരിച്ചറിയുക താരതമ്യേന ലളിതമാണ്. ഇബ്നുജരീര്‍ ത്വബരി(റ), ഇബ്നു അബീഹാതിം(റ), ഇബ്നു മര്‍ദവൈഹി(റ), ഹാകിം(റ) എന്നിവരുടെ തഫ്സീര്‍ രചനകള്‍ നിവേദന പരമ്പര സഹിതമുള്ളവയാണ്. നബി(സ്വ)യില്‍ നിന്നും സ്വഹാബികളില്‍ നിന്നും താബിഉകളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടവ നിവേദകശ്രേണി സഹിതം ഉദ്ധരിക്കുക മാത്രമായിരുന്നു ഇക്കാലത്തെ ഖുര്‍ആന്‍ വ്യാഖ്യാന രീതി. എന്നാല്‍, ഹിജ്റ മൂന്നാം നൂറ്റാണ്ടിനു ശേഷമുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ മിക്കപേരും നിവേദക പരമ്പര ഒഴിവാക്കി. പൂര്‍വികരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട നിവേദനങ്ങള്‍ അപ്പടി രേഖപ്പെടുത്തുന്ന സമീപനരീതി സ്വീകരിച്ചത് വ്യാജ നിവേദനങ്ങളുടെ അതിപ്രസരത്തിന് വഴിയൊരുക്കി. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ഇസ്രാഈലിയ്യാത്ത് കടന്നുകൂടുന്നതിന് ഇത് വലിയ തോതില്‍ കാരണമായിത്തീര്‍ന്നു. പില്‍ക്കാല പണ്ഡിതരും മുസ്‍ലിം പൊതുസമൂഹവും ആധികാരികരേഖകളെന്നോണം ഇവ നോക്കിക്കാണാനും ഇസ്‍ലാമിക പ്രമാണങ്ങളായി അവയത്രയും വിലയിരുത്താനും തുടങ്ങിയതായിരുന്നു ഇതിന്‍റെ ഏറ്റവും വലുതും ദൂരവ്യാപകവുമായ പ്രത്യാഘാതം.
ഇസ്‍ലാമിക വിശ്വാസപ്രമാണങ്ങളുമായി നേര്‍ക്കുനേര്‍ ബന്ധമില്ലാത്ത കാര്യങ്ങളാണ് തഫ് സീര്‍ ഗ്രന്ഥങ്ങളിലെ ഇസ്രാഈലിയ്യാത്തുകളില്‍ മിക്കതും. പ്രാപഞ്ചിക രഹസ്യങ്ങള്‍, അന്ത്യനാളിന്‍റെ വിശദാംശങ്ങള്‍, സ്വര്‍ഗ നരകങ്ങളുടെ വര്‍ണന തുടങ്ങിയവയായിരുന്നു അവയിലെ ഉള്ളടക്കം. ഇത്തരം വിവരങ്ങള്‍ സ്രോതസ് വെളിപ്പെടുത്താതെ മറ്റുള്ളവര്‍ ഉദ്ധരിക്കുമ്പോള്‍ നബിയില്‍ നിന്ന് പഠിച്ചെടുത്തതാണെന്നു തെറ്റുധരിക്കാനിടവരുന്നു. ഈ തെറ്റുധാരണ തഫ്സീര്‍ ഗ്രന്ഥങ്ങളിലേക്കുള്ള ഇവയുടെ നുഴഞ്ഞുകയറ്റം സുഗമമാക്കിയതായി ഇമാം ഇബ്നു കസീര്‍(റ) ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിച്ചിട്ടുണ്ട്.
തഫ്സീര്‍ ഗ്രന്ഥങ്ങളിലുള്ള ഇസ്രായീലിയാത്തുകള്‍
തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ ഇസ്രാഈലിയാത്ത് പലനിലക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. അതിന്‍റെ വ്യതിരിക്തതയെ അടിസ്ഥാനമാക്കി വ്യത്യസ്തമായ രീതിയില്‍ അതിനെ നമുക്ക് തരം തിരിക്കാന്‍ സാധിക്കും.
1. സനദ്കളോട് കൂടെ ഇസ്രാഈലിയാത്ത് പരാമര്‍ശിക്കുകയും തുടര്‍ന്ന് നിരൂപണത്തിന് വിധേയമാക്കാതിരിക്കുകയും ചെയ്യുന്നവ: ഈ വിഭാഗത്തില്‍ പ്രധാനമായും വരുന്നത് ഇമാം ത്വബ്‍രിയുടെ ജാമിഉല്‍ ബയാന്‍ ഫീ തഫ്സീരില്‍ ഖുര്‍ആന്‍ ആണ്. അദ്ദേഹം കഅ്ബുല്‍ അഹ്ബാര്‍, വഹ്ബ്ബ്നു മുനബ്ബിഹ്, ഇബ്നു ജുറൈജ് തുടങ്ങിയവരില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവര്‍ അഹ്‍ലുകിതാബില്‍ നിന്ന് ഇസ്‍ലാമിലേക്ക് വന്നവരാണെന്ന് മുന്നേ പരാമര്‍ശിച്ചല്ലോ. ഒരു ഉദാഹരണത്തിന് സൂറത്തുല്‍ കഹ്ഫിലെ ഒരു ആയത്ത് പരിശോധിക്കാം.
ദുല്‍ഖര്‍നൈനിയുടെ വിഷയത്തില്‍ ഇമാം ത്വബ്‍രി കൊണ്ടുവന്ന വിശദീകരണം ദുല്‍ഖര്‍നൈന്‍ എന്ന് പറയുന്നത് മിസ്ര്‍കാരനാണ്. അദ്ദേഹത്തിന്റെ പേര് മുര്‍സബ ബ്നു മുര്‍ദബല്‍ യൂനാനി (നൂഹ് നബിയുടെ സന്താന പരമ്പരയില്‍പെട്ട) എന്നാണ്. മറ്റൊരിടത്ത് നൂഹ് നബിയുടെ കപ്പലിന്‍റെ നീളവും വീതിയും മറ്റു സവിശേഷതകളുംപരാമര്‍ശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി കഥകളും വിവരണങ്ങളും അദ്ദേഹത്തിന്‍റെ തഫ്സീറില്‍ നമുക്ക് കാണാം. പക്ഷേ ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളില്‍ അല്ലാതെ അവയെ നിരൂപണ വിധേയമാക്കുന്നില്ല.
2. സനദുകളോട് കൂടെ ഇസ്രാഈലിയാത്ത് പരാമര്‍ശിക്കുകയും പിന്നീട് അതിലുള്ള പൊള്ളത്തരങ്ങളെ ചെറിയ രീതിയില്‍ പരാമര്‍ശിക്കുകയും ചെയ്യുന്നവ: ഈ വിഭാഗത്തില്‍ പ്രധാനമായും കാണുന്നത് ഇമാം ഇബ്നുകസീറിന്‍റെ തഫ്സീറുല്‍ ഖുര്‍ആനില്‍അളീം ആണ്. ഒരു ഖുര്‍ആന്‍ വ്യാഖ്യാതാവ് എന്നതിലുപരി ഒരു ചരിത്രകാരനും കൂടിയായ അദ്ദേഹം ഇസ്രാഈലിയാത്തിനെ നിരൂപണ വിധേയമാക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ബനൂഇസ്രാഈലുകാര്‍ പശുവിനെ അറുത്തതും അതിന്‍റെ വാല്‍ കൊണ്ട് അടിച്ച് മരിച്ച ഒരാളെ ജീവിപ്പിച്ച കഥയും നമുക്ക് സുപരിചിതമാണ്. ഇമാം ഇബ്നു കസീര്‍ ഇവിടെ, ബനൂ ഇസ്രാഈലിന്‍റെ ഗ്രന്ഥങ്ങളില്‍ നിന്നും എടുത്തതാണെന്ന പരാമര്‍ശത്തോടെ മറ്റൊരു കഥ കൂടെ ഉദ്ധരിക്കുന്നുണ്ട്.
3. എല്ലാ തരത്തിലുള്ള ഇസ്രാഈലിയാത്തുകളും റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് നിരൂപണ വിധേയമാക്കാതിരിക്കുകയും ചെയ്യുന്നവ: മുഖാതിലുബ്നു സല്‍മാന്‍(റ)ന്റെ തഫ്സീറാണ് ഇതില്‍ പ്രധാനമായത്. അതില്‍ ഒരുപാട് ഇസ്രാഈലീ പൊള്ളത്തരങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. ഒരു ഉദാഹരണത്തിന്, മുത്വഫിഫീന്‍ സൂറതിലെ ആദ്യ സൂക്തം വ്യാഖ്യാനിക്കുന്നിടത്ത്, വൈല്‍ എന്നത് നരകത്തിലെ ഒരു താഴ്വരയാണ്, അത് 70000 വര്‍ഷം വഴിദൂരമുണ്ട്. അതില്‍ 70,000 ഗുഹകളുണ്ട്, ഓരോന്നിലും 70,000 കോട്ടകളുണ്ട്, ഇങ്ങനെ പോകുന്നു വിവരണം. മറ്റൊരിടത്ത് സ്വര്‍ഗ്ഗത്തെ വിവരിക്കുന്ന സ്ഥലത്തും ഇതുപോലെ ഒരു ശ്രേണി നമുക്ക് കാണാം. മറ്റൊന്ന് തഫ്സീര്‍ സഅ്ലബി എന്നറിയപ്പെടുന്ന അല്‍ കഷ്ഫുവല്‍ ബയാന്‍ അന്‍ തഫ്സീറി ഖുര്‍ആന്‍ ആണ് (തഫ്സീര്‍ സആലബി അല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക). ഉദാഹരണമായി 'ആദം നബിക്ക് അല്ലാഹു ഇറക്കി കൊടുത്ത ഒരു പെട്ടിയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതില്‍ എല്ലാ അമ്പിയാക്കളുടെയും അവരുടെ മക്കളുടെയും രൂപമുണ്ട്, അതില്‍ എല്ലാ പ്രവാചകന്മാരുടെയും എണ്ണത്തിനനുസരിച്ചുള്ള വീടുകളുണ്ട്, അതില്‍ അവസാനത്തെ വീട് മുഹമ്മദ് നബി(സ)യുടേത് ആണ്, നബിയുടെ വലതുഭാഗത്ത് സിദ്ധീഖ്(റ)വും ഇടത് ഭാഗത്ത് ഉമര്‍(റ)വും പിറക്ഭാഗത്ത് ഉസ്മാന്‍(റ)വും മുന്‍വശത്ത് അലി(റ)വും ഉണ്ട്, അവരുടെ ഓരോരുത്തരുടെയും നെറ്റിയില്‍ അവരുടെ വിശേഷണങ്ങളും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്, എന്നിങ്ങനെ പോകുന്നു. ചുരുക്കത്തില്‍ സഅ്ലബിയുടെയും മുഖാതിലിന്റെയും തഫ്സീറുകള്‍ പരിഗണന വിധേയമാക്കാനോ പിന്‍പറ്റാനോ പാടില്ലെന്ന് സാരം. കാരണം അതില്‍ വലിയൊരളവില്‍ കെട്ടുകഥകളും പൊള്ളത്തരങ്ങളും കടന്നു കൂടിയിരിക്കുന്നു എന്നതു തന്നെ.
4. സനദുകള്‍ ഇല്ലാതെ ഇസ്രാഈലിയാത്ത് പരാമര്‍ശിക്കുകയും ചിലപ്പോള്‍ അവയുടെ ദുര്‍ബലതയെ ചൂണ്ടിക്കാട്ടുമെങ്കിലും മറ്റു ചിലപ്പോള്‍ നിരൂപണ വിധേയമാക്കാത്തവ: ഇതില്‍ പ്രധാനപ്പെട്ടത് തഫ്സീര്‍ ഖാസിന്‍ ആണ്. തഫ്സീര്‍ ബഗ്‍വിയുടെ ഹ്രസ്വരൂപം ആണ് ഇത്. അതേസമയം ബഗ്‍വി, തഫ്സീര്‍ സഅ്ലബി ചുരുക്കിയതാണ്. അപ്പോള്‍ ഈ തഫ്സീറിലെ ഇസ്റാഈലീ സാധ്യത നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇവിടെ അദ്ദേഹം തന്‍റെ തഫ്സീറില്‍ അസ്ഹാബുല്‍ കഹ്ഫിന്‍റെ സംഘത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പക്ഷേ അത് ശരീഅത്തിനോട് വിരുദ്ധമാകാത്തത് കൊണ്ട് തന്നെ നിരൂപണ വിധേയമാക്കുന്നില്ല. അതുപോലെ ദാവൂദ് നബിയുടെ പാപ സുരക്ഷിതത്വത്തിന് കോട്ടം വരുന്ന തരത്തിലുള്ള വിവരണങ്ങളും അതില്‍ കാണാം.
5. പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും തുറന്ന് കാട്ടാന്‍ വേണ്ടി സനദോട് കൂടി ഇസ്രാഈലിയാത്ത് പരാമര്‍ശിക്കുന്നവ: റൂഹുല്‍ മആനീ എന്നറിയപ്പെടുന്ന തഫ്സീറുല്‍ ആലൂസി ആണ് ഇതില്‍ പ്രധാനപ്പെട്ടത്. ചുരുക്കത്തില്‍ ഇതില്‍ പറയുന്ന ഇസ്രാഈലിയാത്തുകള്‍ വിശ്വസിക്കാനല്ല മറിച്ച്, വിശ്വസിച്ചാലുള്ള ഭവിഷ്യത്തുകളെ ചൂണ്ടിക്കാട്ടുക്കുകയാണ് ഇതിലൂടെ ലക്ഷീകരിക്കുന്നത്. ഉദാഹരണമായി, തഫ്സീറുസഅ്ലബിയില്‍ ആദം നബിയുടെ പെട്ടിയെ കുറിച്ചുള്ള പരാമര്‍ശം ഇമാം ആലൂസി ഉദ്ദരിച്ച ശേഷം 'സ്വഹീഹായ ഹദീസില്‍ അത് തുറക്കാനുള്ള പൂട്ട് ഞാന്‍ കണ്ടില്ല' എന്ന് പരിഹാസരൂപേണ പറയുന്നുണ്ട്. തഫ്സീറുല്‍ മനാറിലും ഇസ്രാഈലിയ്യാതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇസ്രാഈലിയാത്തിന്‍റെ കടന്നാക്രമണത്തില്‍ നിന്ന് താരതമ്യേന മുക്തമായ തഫ്സീര്‍ ഗ്രന്ഥങ്ങളാണ് സമഖ്ശരിയുടെ കശ്ശാഫ്, ഇമാം റാസിയുടെ തഫ്സീറുല്‍ കബീര്‍, ബൈദാവി(റ)യുടെ അന്‍വാറുത്തന്‍സീല്‍ വ അസ്റാറുത്തഅ്‍വീല്‍ എന്നിവ. വിരളമായി മാത്രം ഇവയില്‍ നിവേദനം ചെയ്ത ഇസ്രാഈലിയാത്തില്‍ തന്നെ നല്ലൊരളവും അവയുടെ സത്യാവസ്ഥ വിശകലനം ചെയ്യുന്നതാണ്.
കൈകാര്യം ചെയ്യേണ്ടവിധം
ഖുര്‍ആനിക വ്യാഖ്യാനങ്ങളില്‍ കടന്നുകൂടിയ ഇസ്രാഈലിയ്യാത്തിനെ ഏതു രീതിയില്‍ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ആഴത്തില്‍ തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട് തഫ്സീര്‍ പണ്ഡിതന്മാര്‍. ഇസ്രാഈലിയ്യാത്തിനെ പൂര്‍ണമായും അംഗീകരിച്ച് വിശുദ്ധ ഗ്രന്ഥത്തിന്‍റെയും സത്യമതത്തിന്‍റെയും അന്തഃസത്ത നഷ്ടപ്പെടുത്തുന്നതും ഇസ്രാഈലിയ്യാത്തിന്‍റെ പേരില്‍ ഇസ്‍ലാമിക പ്രമാണങ്ങളുടെ മുഴുവന്‍ ആധികാരികതയെത്തന്നെ സംശയമുനയില്‍ നിര്‍ത്തുന്ന ഓറിയന്‍റലിസ്റ്റ് സമീപനവും ഒരുപോലെ പ്രതിരോധിക്കപ്പെടേണ്ടതാണ്. ഇസ്‍ലാമിക പ്രമാണങ്ങളുമായി ഒത്തുനോക്കി മൂന്നായി തരംതിരിച്ചാണ് ഇസ്രാഈലിയ്യാത്തിനെ സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യേണ്ടത്.
ഒന്ന്: ഖുര്‍ആനിനോടും പ്രാമാണിക ഹദീസിനോടും യോജിക്കുന്നവ. ഇസ്‍ലാമിക പ്രമാണങ്ങള്‍ സ്ഥിരീകരണം നല്‍കി എന്ന കാരണത്താല്‍ ഇവയില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്.
രണ്ട്: ഖുര്‍ആനിനോടും പ്രാമാണിക ഹദീസിനോടും വിയോജിക്കുന്നവ. ഇസ്‍ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഇവയെ തള്ളിക്കളയല്‍ നിര്‍ബന്ധമാണ്. പ്രവാചകന്മാരുടെയും മലക്കുകളുടെയും പവിത്രപദവിക്കും പാപസുരക്ഷിതത്വത്തിനും നിരക്കാത്ത കെട്ടുകഥകള്‍ ഇവയില്‍ പെടുന്നു.
മൂന്ന്: ഖുര്‍ആനിനോടും ഹദീസിനോടും യോജിപ്പോ വിയോജിപ്പോ ഇല്ലാത്തവ. ഇസ്‍ലാമിക പ്രമാണങ്ങള്‍ ശരിവെക്കുകയോ നിരാകരിക്കുകയോ ചെയ്യാത്ത ഇത്തരം നിവേദനങ്ങള്‍ ഉദ്ധരിക്കാതിരിക്കലാണ് ഉത്തമമെങ്കിലും ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്നതുമാണ്.
റഫറന്‍സ്
· ഇസ്രാഈലി ത്ത്: ഉല്‍ഭവം, അധിനിവേശം, പ്രതിരോധം - സുഹൈല്‍ ഹിദായ ഹുദവി
· തഫ്സീറുല്‍ ഖുര്‍ത്വുബി
· ഹാഷിയതു സ്വാവി അലാ തഫ്സീറില്‍ ജലാലൈനി
· തഫ്സീറുല്‍ ഖുര്‍ത്വുബി
· അല്‍ ഇസ്രായീലിയ്യാത്തു ഫി തഫ്സീരി വല്‍ ഹദീസ്
Leave A Comment