തഫ്സീർ അബൂ സഊദ്- ഏറെ പ്രത്യേകതകളുള്ള ഖുര്‍ആന്‍ വ്യാഖ്യാനം

ഇർഷാദ് അഖ്ലു സലീം ഇലാ മിസായ അൽ കിതാബുൽ കരീം എന്നാണ് പേരെങ്കിലും തഫ്സീര്‍ അബൂ സഊദ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അബൂ സഊദ് മുഹമ്മദ് ബ്‌നു മുഹമ്മദ് ഹമ്മാദി അല്‍ഹനഫീ എന്നാണ് വ്യാഖ്യാതാവിന്റെ പൂർണ്ണ നാമം. അബൂ സഊദ് അഫന്ദി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഖതീബുൽ മുഫസ്സിരീൻ, മുഫ്തിൽ അനാമി വൽ മുഅമിനീൻ എന്നീ സ്ഥാനപേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. ഉസ്മാനിയ കാലഘട്ടത്തിൽ ഇസ്കിപ് എന്ന പട്ടണത്തിലാണ് മഹാനവർകൾ ഭൂജാതനാവുന്നത്. തുർക്കിയുടെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജൂറൂം എന്ന ജില്ലയിലെ ഒരു ഗ്രാമമാണ് ഇസ്ക്ലിപ്. 

ഹനഫീ കർമ ശാസ്ത്ര സരണിയിൽ ഖാളി, ഫഖീഹ്, മുദരിസ്, മുഫ്തി എന്നീ മേഘലകളിൽ സജീവ സാന്നിധ്യമായിരുന്ന അവര്‍ അറബി, പേർഷ്യൻ ഭാഷകളിൽ നൈപുണ്യമുള്ളവരുമായിരുന്നു. ഖുർആൻ വ്യാഖ്യാനമാണ് അദ്ദേഹത്തിന്റെ മികവുറ്റ രചനകളിൽ പ്രധാനം. മഹാനവർകളുടെ ജീവിതം പ്രധാനമായും മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു.
തദ്‍രീസ് എന്ന അധ്യാപന കാലമാണ് ഒന്നാം ഘട്ടം. ജ്ഞാനവും നന്മയും നിറഞ്ഞ സന്തുഷ്ട്ട കുടുംബത്തിലാണ് അബൂ സഊദ് അഫന്ദി പിറവി കൊള്ളുന്നത്. അക്കാലത്തെ പണ്ഡിതരിൽ ഒരാളായ മുഹ്‌യുദ്ദീൻ മുഹമ്മദ് എന്നവരായിരുന്നു പിതാവ്. പിതാവിൽ നിന്നാണ് ആദ്യ കാല വിജ്ഞാനങ്ങൾ ശേഖരിക്കുന്നത്. 1528 -ൽ സ്വഹ്‌നു സമൻ എന്ന മദ്റസയിൽ അധ്യാപകനായി നിയമിക്കപ്പെടുകയും അഞ്ചു വർഷം ആ സ്ഥാനത്തു തന്നെ തുടരുകയും ചെയ്തു.

തദ്‍രീസിന് ശേഷം ജയ്ശുൽ അസ്കറിലും തുടർന്ന് ഇസ്താംബൂളിലും അദ്ദേഹം ഖാളിയായി നിർണയിക്കപ്പെട്ട ശേഷമുള്ള ജീവിതത്തെ രണ്ടാം ഘട്ടമായി കാണാം. ശേഷം മുഫ്തിയായി നിയമിതനായത് മുതലുള്ളത് മൂന്നാം ഘട്ടവും. മുപ്പത് വർഷത്തോളം മുഫ്തി ആയി ഇസ്താംബൂളിൽ ചെലവഴിച്ചു. അന്നത്തെ പ്രമുഖനായ  രാജാവായിരുന്നു സുൽത്താൻ സുലൈമാൻ അൽ ഖാനൂനി. അദ്ദേഹം മഹാനവർകളുടെ അഭിപ്രായങ്ങളെ മാനിക്കുകയും അതിന് പ്രാധാന്യം നൽകുകയും ചെയ്തിരുന്നു. അങ്ങനെ തലസ്ഥാന നഗരമായ ഇസ്താംബൂളിൽ അബൂ സഊദ് അഫന്തി മുഫ്തി ആയി നിയമിക്കപ്പെട്ടു. 

സുൽത്താൻ ബായസീദ്, സുൽത്താൻ സലീം ഒന്നാമന്‍, സുൽത്താൻ സുലൈമാനുൽ ഖാനൂനി, സുൽത്താൻ സലീം രണ്ടാമന്‍ എന്നീ നാലു രാജാക്കന്മാരുടെ ഭരണകാലത്തും മഹാൻ ജീവിച്ചിട്ടുണ്ട്. അബൂ സഊദും സുൽത്താന്മാരും പരസ്പരം നല്ല ബന്ധം തന്നെ പുലർത്തിയിരുന്നു. ചോദ്യ കർത്താവിന്റെ ഭാഷക്ക് അനുസരിച്ചായിരുന്നു അവിടുന്ന് ഫത്‌വ നൽകിയിരുന്നത്. മഹനവർകള്‍ തന്റെ തഫ്സീർ പൂർത്തിയാക്കിയപ്പോൾ വിജ്ഞാന വൈഭവം കണ്ട് രാജാക്കന്മാർ അമ്പരക്കുകയും തഫ്സീറിന്റെ കോപ്പികൾ മറ്റു പട്ടണങ്ങളിലേക്ക് അയക്കാൻ കൽപ്പിക്കുകയും ചെയ്തിരുന്നു.

തഫ്സീറിന്റെ രീതികളും ചില സവിശേഷതകളും
വളരെ സരളമായ രീതിയിലാണ് ഈ തഫ്സീർ രചിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ഇത് ഒരു പോലെ സ്വീകാര്യമാണ്. യാതൊരു തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളോ തർക്കങ്ങളോ ഇല്ലാതെ സാരസമ്പൂർണ്ണമായ അർത്ഥ തലങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. 

ഖുർആനിലെ ആയത്തുകൾക്കും സൂറത്തുകൾക്കുമിടയിലുള്ള ബന്ധം, തൊട്ടു മുമ്പിലെ ആയതും ശേഷമുള്ള ആയതും തമ്മിലുള്ള ബന്ധം എന്നിങ്ങനെയുള്ളവ പ്രതിപാദിക്കുന്നതിന് (ഇല്‍മുല്‍ മുനാസബ) ഇതില്‍ ഏറെ പ്രാധാന്യം നല്കിയിരിക്കുന്നു. പല വ്യാഖ്യാതാക്കളും സൂക്ഷ്മത പാലിച്ച് കൊണ്ട് അധികം ചര്‍ച്ച ചെയ്യാതെ വിട്ട മേഖലയാണ് ഇതെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് തഫ്സീര്‍ അബൂസഊദ് കൂടുതല്‍ പ്രസക്തമാവുന്നത്. 

Read more: ഖുര്‍ആന്‍ വ്യാഖ്യാനം: എന്ത്? എങ്ങനെ?

ഓരോ ആയത്തുകളും ഇറങ്ങാൻ കാരണമായ പാശ്ചാതലങ്ങളെ കൂടി പരിഗണിച്ചാണ് അദ്ദേഹം വിധികളിലെത്തുന്നത്. അർത്ഥം അറിഞ്ഞുകൊണ്ടുള്ള ഖുർആന്‍ പാരായണത്തിന്ന് ഈ തഫ്സീർ ഏറെ സഹായകമാണ്. വ്യത്യസ്ത ഖിറാഅതുകളെ പരിചയപ്പെടുത്തുകയും അതിനു പിന്നിലുള്ള ചരിത്ര പശ്ചാത്തലങ്ങളെ ആധാരപ്പെടുത്തുകയും ചെയ്യുന്നു.
ഖുർആനിലോ ഹദീസുകളിലോ ഇല്ലാത്തതും എന്നാൽ പിൽകാലത്തു ചില തഫ്സീറുകളിൽ കടന്നു കൂടിയതുമായ കാര്യങ്ങൾക്കാണ് ഇസ്രാഇലിയ്യാത്ത് എന്ന് പറയുന്നത്. ചില സ്വാഹാബാക്കളും താബിഈങ്ങളും ഇസ്‌ലാമിലേക്കുള്ള മത പരിവർത്തനത്തിന് മുമ്പ് ക്രൈസ്തവരും ജൂതരുമായിരുന്നു. കഴിഞ്ഞു പോയ കാലങ്ങളിലെ ചരിത്രങ്ങൾ ബൈബിളില്‍നിന്നും പുരോഹിതന്മാരില്‍നിന്നും കേട്ട് പോന്നിരുന്നത് മുസ്‍ലിംകള്‍ക്കിടയിലും പ്രചരിച്ചാന്‍ ഇത് കാരണമായി. അത്തരത്തിലുള്ള ഇസ്രാഇലിയ്യാത്ത് വളരെ അപൂർവമായേ ഈ തഫ്സീറിൽ കാണാനാവൂ. അവ പറയുന്നിടത്ത് തന്നെ, പറയപ്പെട്ടു, ആരോ പറഞ്ഞു തുടങ്ങിയ ബലഹീനമായ വാദങ്ങളാണ് എന്ന് ദ്യോതിപ്പിക്കുന്ന പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതും.

സാഹിതീയ ഭാഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്തതായും ഈ തഫ്സീറിൽ കാണാം. സാഹിത്യ മേഖലയില്‍ എത്രതോളം അമാനുഷികമാണ് വിശുദ്ധ ഖുര്‍ആനെന്ന് ഇത് വ്യക്തമാക്കി തരുന്നു. തഫ്സീറിന്റെ അടിസ്ഥാന പരമായ ചർച്ചകളിൽ നിന്നും പുറത്തു കടന്ന അഭിപ്രായ വ്യത്യാസങ്ങളും മസ്അലകളും നന്നേ കുറവാണ്. തഫ്സീറിനെ തഫ്സീര്‍ മാത്രമായി അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നര്‍ത്ഥം. 
ഖുർതുബി ഇമാമിനെ പോലെ കര്‍മ്മശാസ്ത്ര മസ്അലകളും റാസി ഇമാമിനെ പോലെ തത്വശാസ്ത്ര കാര്യങ്ങളും മറ്റു വ്യാകരണ ചര്‍ച്ചകളും ചരിത്രങ്ങളും ഒന്നും തന്നെ അബൂ സഊദ് തന്റെ തഫ്സീറിൽ ഉൾകൊള്ളിച്ചിട്ടില്ല. അഹ്‌ലു സുന്നതി വൽ ജമാഅത്തിന്റെ വിശ്വാസത്തിന് ഏറെ പ്രാധാന്യം നൽകുകയും മുഅതസിലീ തർക്കങ്ങളെ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ തഫ്സീറിനെ കുറിച്ച്, അല്‍അസ്ഹര്‍ സര്‍വ്വകലാശാല അധ്യാപകനായ ഡോ. ദഹബി പറയുന്നത് ഇങ്ങനെ വായിക്കാം: അബൂ സഊദ് തന്റെ തഫ്സീറിൽ സമഖ്ശരിയുടെ കശ്ശാഫിനേയും തഫ്സീര്‍ ബൈളാവിയേയും അവലംബിച്ചിട്ടുണ്ടെങ്കിലും കശ്ശാഫിലുള്ളതു പോലെ മുഅതസിലീ ആശയങ്ങൾ ഒന്നും തന്നെ കൊണ്ടു വന്നിട്ടില്ല. ഹദീസുകളെ പറയുന്നിടത്തെല്ലാം അതിന്റെ മഹത്വങ്ങളെ കുറിച്ച് ഉണർത്തുകയും അതുപോലെ ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ലഭിക്കുന്ന പ്രതിഫലങ്ങൾ പറയുന്നതുമായ ഇദ്ദേഹത്തിന്റെ രീതി വായനക്കാർക്കും ഏറെ ഫലപ്രദം തന്നെ.

Read more: ഖുര്‍ആനിലെ ശാസ്ത്രീയ രഹസ്യങ്ങള്‍
ഹിജ്‌റ 982 ജമാദുൽ ഊല അഞ്ചിന് ഇസ്താംബൂളിൽ  വെച്ച് ഇമാം അബൂസഊദ് ഇഹലോകം വെടിഞ്ഞുവെങ്കിലും തന്റെ വിശ്രുതമായ ഈ കൃതിയിലൂടെ ഇന്നും മുസ്‍ലിം ലോകത്ത് അദ്ദേഹം ജീവിച്ചുകൊണ്ടേയിരിക്കുന്നു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter