പ്രണയവും ദൈവികതയും: ശീറാസിയന്‍ ഗസലുകളുടെ ആഖ്യാനസൗന്ദര്യം
ഇസ്‍ലാമിക സൂഫീ ശ്രേണിയിലെ അജയ്യമായ സാന്നിധ്യമാണ് മധ്യേഷ്യന്‍ സുഫീ ചിന്തകനായ ശംസുദ്ദീന്‍ മുഹമ്മദ് ഹാഫിളുശ്ശീറാസി. പതിനഞ്ചാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനുമിടയില്‍ ലോക മുസ്‍ലിം സാമൂഹികതയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹത്തിന്റെ ഗസല്‍ സമാഹാരമായ ദീവാന്‍.
മധ്യേഷ്യ മുതല്‍ ബാല്‍ക്കണ്‍ പ്രവിശ്യ വരെ നീണ്ടുനിന്ന പ്രബുദ്ധ ജനതയുടെ നിത്യജീവിത പ്രക്രിയകളിലെ അനിഷേധ്യ സാന്നിധ്യമായി ശീറാസിയുടെ ദീവാന്‍ നിലകൊണ്ടെന്നു മാത്രമല്ല അഫ്ഗാനിസ്ഥാനടങ്ങുന്ന അക്കാലത്തെ മുഗള്‍ ഭരണപ്രദേശങ്ങളിലും കൃതി വലിയ സ്വാധീനമുണ്ടാക്കി.
പില്‍ക്കാലത്ത് കൃതിയുടെ സ്വാധീനം കുറഞ്ഞു വന്നെങ്കിലും സൂഫീ ചരിത്രത്തിന്റെ ഏറ്റവും മഹത്തായ ഒരു ഘട്ടത്തെയാണ് ശീറാസിയുടെ ദീവാന്‍ അടയാളപ്പെടുത്തുന്നത്. കാവ്യാത്മകത നിറഞ്ഞുനില്‍ക്കുന്ന ഗസല്‍ വരികള്‍ മധ്യകാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന സജീവമായ ദൈവചിന്തകളുടെ മഹത്തായ ഒരു അനുസ്മരണം കൂടിയാണ്.
ഗസല്‍ എന്നാല്‍ പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളിലെ സമ്പുഷ്ടമായ കാവ്യരീതിയാണ്. ഒരു കാമുകന്‍ തന്റെ അതീവ സൗന്ദര്യവതിയായ പ്രണയിനിയോട് പറയുന്ന താളാത്മകമായ കാവ്യശകലങ്ങളാണ് ഗസലുകള്‍. ശീറാസിയുടെ ദീവാനില്‍ ഈ രീതിയിലുള്ള അഞ്ഞൂറില്‍പ്പരം ഗസലുകളുണ്ട്. പക്ഷെ ആ വരികള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രണയം മുഴുവനും ദൈവത്തോടാണ്. ഓരോ ഗസലുകളും പ്രതിനിധീകരിക്കുന്നത് ദൈവിക പ്രകീര്‍ത്തനങ്ങളില്‍ ഉന്മത്തരായ ഒരു കൂട്ടം ആത്മീയ സുഹൃത്തുക്കളെയാണ്. അവര്‍ ദൈവികതയില്‍ മുഴുകിക്കൊണ്ട് കോര്‍ത്തിണക്കുന്ന കാവ്യ ശകലങ്ങളാണ് ശീറാസിയിലെ ഗസലുകളായി പരിണമിക്കുന്നത്.
പ്രധാനമായും ഈ ആഖ്യാന ശൈലികള്‍ സ്വാധീനിച്ചത് പേര്‍ഷ്യന്‍, തുര്‍ക്കിഷ്, ഉര്‍ദു ഭാഷകള്‍ സംസാരിച്ചിരുന്ന മുസ്‍ലിം സമൂഹങ്ങളെയായിരുന്നു. ഇവരുടെ ഭൂപ്രദേശങ്ങളില്‍ ഹാഫിളുശ്ശീറാസിയുടെ വരികള്‍ പ്രകീര്‍ത്തനങ്ങളേറ്റുു വാങ്ങി. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ രചയിതമായ ദീവാനിന്റെ വ്യാഖ്യാനങ്ങളെഴുതിയത് രണ്ട് വിദൂര ദേശങ്ങളിലുണ്ടായിരുന്ന രചയിതാക്കളായിരുന്നു. അതിലൊന്ന് പാക്കിസ്ഥാനിലെ ലാഹോറിലെ അബുല്‍ ഹസന്‍ ഖതാമിയും മറ്റൊന്ന് ബാല്‍ക്കണ്‍ പ്രവിശ്യയിലെ സരായാവോയിലെ അഹ്‌മദ് സ്വദിയുമാണ്. ഇത് വ്യക്തമാക്കുന്നത് ഗസലുകളുടെ ദേശാന്തരമില്ലാത്ത സ്വീകാര്യതയെയാണ്.
ബാല്‍ക്കണ്‍ പ്രവിശ്യ മുതല്‍ ബംഗാള്‍ വരെയുള്ള ഭൂപ്രദേശങ്ങളില്‍ ദീവാന്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. ലിയണാര്‍ഡോ ലെവിസണ്‍ (leonardo lewisohn) എന്ന ചരിത്രകാരന്‍ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്: ''കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളിലുണ്ടായിരുന്ന പേര്‍ഷ്യന്‍ സാംസ്‌കാരിക മേഖലകളിലെ ഇസ്‍ലാമികത ഹാഫിസിയന്‍ ചിന്തകളിലധിഷ്ഠിതമായിരുന്നു (hafizocentric). 1950 വരെ, ഇറാനിലെയും അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും മുസ്‍ലിം വിദ്യാര്‍ത്ഥികളെ ആദ്യമായി ഖുര്‍ആന്‍ മന:പാഠമാക്കുന്നതോടൊപ്പം ശീറാസിയുടെ ദീവാനും പഠിച്ചിരുന്നു''.
ശീറാസിയുടെ കാലഘട്ടക്കാരനായിരുന്ന കഫേലി ഹുസൈന്‍ രചിച്ച റാസ്‌നാമ (രഹസ്യങ്ങളുടെ പുസ്തകം) യില്‍ പരാമര്‍ശിക്കപ്പെടുന്ന ഓരോ കഥകളും അവസാനിക്കുന്നത് ദീവാനിലെ ഗസല്‍ വരികള്‍ കൊണ്ടാണ്. ശീറാസിയുടെ എഴുത്തുകളിലടങ്ങിയിട്ടുള്ള ദൈവികമായ ആഖ്യാനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന അനേകം കൃതികളില്‍ പെട്ട ഒരു കൃതി മാത്രമാണ് റാസ്‌നാമ. അക്കാലത്ത് ദീവാന്‍ നേടിയ വ്യാപകമായ സ്വീകാര്യതയുടെ ഭാഗമായി ഇതിനെ ഗണിക്കാം.
ശീറാസിയുടെ ഓരോ ഗസലുകളും ആരംഭിക്കുന്നത് റെഡ് വൈന്‍ (ചുവന്ന കള്ള്) രുചിച്ച് ഉന്മത്തരായി നില്‍ക്കുന്ന തന്റെ സൗഹൃദ വലയത്തില്‍ നിന്നാണ്. മഹ്ഫിലെന്നും മജ്‌ലിസെന്നും അറിയപ്പെടുന്ന സാമൂഹിക സമ്മേളന വേദികള്‍ ദൈവിക ഉന്മാദത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഓരോ ഗസലുകളും ചെയ്യുന്നത്. ചില വരികള്‍ കാമത്തിന്റെ അതിതീക്ഷ്ണമായ പ്രതലങ്ങളെ സ്പര്‍ശിക്കുന്നവയാണ്. ഇസ്‍ലാമിക സമൂഹങ്ങളില്‍ നിലനിന്നിരുന്ന അത്യപൂര്‍വ്വ ദൈവികതയ്ക്ക് ദീവാന്‍ ഒരു ഹേതുവായെന്നതിലപ്പുറം വിമര്‍ശനങ്ങള്‍ക്ക് കൃതി വിധേയമായിട്ടില്ലെന്നത് അത്ഭുതകരമാണ്.
ഹാഫിളുശ്ശീറാസിയുടെ ഗസലുകളില്‍ അന്നത്തെ സാമൂഹിക സ്ഥിതികള്‍ പ്രധാന ഘടകമായിരുന്നു. അക്കാലത്തെ ഫഖീഹുമാര്‍, പ്രഭാഷകര്‍ എന്നിവര്‍ക്ക് മുകളിലാണ് സൂഫികളുടെ സ്ഥാനത്തെ അദ്ദേഹം കണക്കാക്കുന്നത്. അതിനുദാഹരണമാണ് അദ്ദേഹത്തിന്റെ ഈ വരികള്‍:
ഒരു ഫഖീഹ് നിന്നെ പ്രണയത്തെ തൊട്ട് വിലക്കുകയാണെങ്കില്‍
അവനും ഒരു കവിള്‍ വൈന്‍ നല്‍കിയിട്ട്,
അവന്റെ മനസ്സ് ശാന്തമാക്കാന്‍ പറയൂ. (ഗസല്‍392, ദീവാന്‍)
ഹാഫിളുശ്ശീറാസിയാല്‍ സ്വാധീനിക്കപ്പെട്ട സൂഫീ ഭക്തര്‍ അനേകമാണ്. നിസാമി, സഅ്ദി, അത്താര്‍, റൂമി, ജാമി എന്നിവരങ്ങടങ്ങുന്ന സൂഫീ സാന്നിധ്യങ്ങള്‍ ശീറാസിയന്‍ ഗസലുകളുടെ സജീവ പ്രസരണം നടന്ന പേര്‍ഷ്യ മുതല്‍ ബംഗാള്‍ വരെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ദൈവത്തോടുള്ള പ്രണയമാണ് ഇവരുടെ സൂഫീ ചിന്തകളുടെ അടിസ്ഥാന തത്വം. ജാമിയുടെ വീക്ഷണത്തില്‍ ലൗകികമായ പ്രണയങ്ങള്‍ അയാഥാര്‍ത്ഥികമാണ് (ഇശ്‌ഖേ മജാസി). അവ അനുഭവിച്ചവര്‍ക്ക് പരമ യാഥാര്‍ത്ഥ്യമായ ദൈവത്തോടുള്ള പ്രണയം പുലര്‍ത്താന്‍ സാധിക്കുമെന്നാണ് ജാമി വീക്ഷിക്കുന്നത്:
ലോകത്തുള്ളതെന്തും അനുഭവിച്ചോളൂ,
പക്ഷെ പ്രണയത്തേക്കാള്‍ മനോഹരമായ ഒന്നുമില്ല,
പ്രണയിക്കാതിരിക്കരുത്,
അതിനി എത്ര അയഥാര്‍ത്ഥമാണെങ്കിലും.
ഒരിക്കല്‍ ഒരു ഗുരുവിനോട് ശിഷ്യന്‍ വന്നു പറഞ്ഞു;
ഗുരൂ, എനിക്ക് സന്മാര്‍ഗ്ഗം സിദ്ധിക്കണം.
ഗുരു പറഞ്ഞു;
പോവൂ, ആദ്യം പോയി പ്രണയിക്കൂ,
പ്രണയിക്കാത്തവന് ദൈവത്തെ പ്രണയിക്കാനാവില്ല
(മസ്‌നവിയേ ഹഫ്ത്, സഅ്ദി)
ദൈവീക സന്ദേശങ്ങളെ കാവ്യാത്മകത കൊണ്ട് സമീപിക്കുന്ന ഈ രീതിയാണ് ഇസ്‍ലാമിലെ സൂഫിസത്തിന്റെ അതിമനോഹരമായ വശം. പൊതുജനങ്ങളെ ആകര്‍ഷിക്കാനും അതുവഴി സാമൂഹികമായ പലവിധ മാനങ്ങളെ രൂപീകരിക്കാനും സൂഫീ കാവ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരു കാലത്ത് അനിര്‍വചനീയമായ വിധത്തില്‍ ജനമധ്യത്തില്‍ സ്വാധീനം ചെലുത്തിയ ദീവാനടക്കമുള്ള കൃതികളെ കൂടുതല്‍ പഠന വിധേയമാക്കപ്പെടേണ്ടതുണ്ടെന്നാണ് അവ വായിക്കുമ്പോള്‍ വീണ്ടും വീണ്ടും മനസ്സ് പറയുന്നത്.
Leave A Comment