ഫലസ്തീനും ഖുദ്സും തന്നെയാണ് പ്രധാന പ്രശ്നം, അറബ് ഉച്ചകോടി

ഫലസ്തീനും ഖുദ്സും തന്നെയാണ് അറബ് രാജ്യങ്ങളുടെ പ്രധാന പ്രശ്നമെന്ന് പ്രഖ്യാപിച്ച് അറബ് ഉച്ചകോടി. അള്‍ജീരിയയില്‍ ചേര്‍ന്ന മുപ്പത്തിയൊന്നാമത് അറബ് ഉച്ചകോടിയാണ് അവസാന പത്രകുറിപ്പിലും ഫല്സതീന്റെയും ഖുദ്സിന്റെയും പ്രാധാന്യം പ്രത്യേകം എടുത്തു പറഞ്ഞത്. 

വിവിധ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചതിന് ശേഷം നടക്കുന്ന ആദ്യ അറബ് ലീഗ് ഉച്ചകോടിയായിരുന്നു ഇന്നലെ സമാപിച്ചത്. ചൊവ്വാഴ്ച തുടക്കം കുറിച്ച ഉച്ചകോടിയുടെ ആദ്യ സെഷനില്‍ തന്നെ അള്‍ജീരിയന്‍ പ്രസിഡണ്ടിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, നമ്മുടെ പ്രധാനവും പ്രാഥമികവുമായ പരിഗണന ഫലസ്തീന് തന്നെയാണ്, എല്ലാ ചോദ്യങ്ങളുടെയും മാതാവാണ് പലസ്തീൻ പ്രശ്നം. അത് രമ്യമായി പരിഹരിക്കുന്നതിന് തന്നെയാണ് നാം ഏറ്റവും മുന്‍ഗണന നല്കുന്നത്.

സമാധാനത്തോടെ ഫലസ്തീന്‍ പ്രശ്നം എത്രയും വേഗം പരിഹരിക്കുക, ഫലസ്തീന്‍ ജനതക്ക് എല്ലാ പിന്തുണയും നല്കുക, ഫലസ്തീന് ഐക്യരാഷ്ട്ര സഭയില്‍ പൂര്‍ണ്ണ അംഗത്വം നല്കുക,  അറബ് സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുക, അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇതരരുടെ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ലിബിയന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ എല്ലാവരും പിന്തുണ നല്കുക, യമനിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കുക, നിയമപരമായ സര്‍ക്കാരിന് പിന്തുണ നല്കുക, സിറിയന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സംയുക്ത ശ്രമങ്ങള്‍ നടത്തുക, ഇറാഖിലെ ഭരണഘടനാപരമായ നീക്കങ്ങളെ സ്വാഗതം ചെയ്യുക, ലബ്നാനിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുക, മിഡില്‍ ഈസ്റ്റിനെ അണുവായുധ വിമുക്ത പ്രദേശമാക്കുക, ഖത്തറിനെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കങ്ങളില്‍ നിന്ന് വിട്ട് നില്ക്കുക, ലോക കപ്പ് ഫുട്ബോള്‍ മല്സരങ്ങള്‍ക്ക് ആതിഥ്യമരുളുന്ന ഖത്തറിന് സര്‍വ്വ പിന്തുണയും നല്കുക തുടങ്ങിയവയാണ് ഉച്ചകോടിയുടെ പ്രധാന തീരുമാനങ്ങള്‍.   

അള്‍ജീരിയന്‍ പ്രസിഡണ്ട് അബ്ദുല്‍ മജീദ് തബൂന്റെ ആതിഥ്യത്തിലാണ് മുപ്പത്തിയൊന്നാമത് ഉച്ചകോടി ചേര്‍ന്നത്. അടുത്ത അറബ് ഉച്ചകോടിക്ക് ആതിഥ്യമരുളാന്‍ സൌദി അറേബ്യ മുന്നോട്ട് വന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter