ഞാൻ കണ്ട അറേബ്യ: മലയാളത്തിലെ ആദ്യ ഹജ്ജെഴുത്ത്

ഹജ്ജും ഉംറയും ലോകസാഹിത്യത്തിൽ തന്നെ മികച്ച രചനകള്‍ക്ക് വിഷയമായിട്ടുണ്ട്. മക്ക ലക്ഷ്യം വെച്ചുള്ള യാത്രകളാണ് ആധുനിക ലോകത്തെ നടന്നളക്കാന്‍ മുസ്‌ലിം സഞ്ചാരികളെ പ്രാപ്തമാക്കിയത്. ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി മുതല്‍ സിയാഉദ്ദീന്‍ സര്‍ദാര്‍ വരെയുള്ളവരുടെ ഹജ്ജ് സംബന്ധമായ രചനകള്‍ ലോകം ഏറെ താല്പര്യത്തോടെ വായിച്ചിട്ടുണ്ട്. മുഹമ്മദ് അസദിന്റെ റോഡ് ടു മക്ക, അലി ശരീഅത്തിയുടെ ഹജ്ജ്, മൈക്കല്‍ വുള്‍ഫിന്റെ ഹാജി തുടങ്ങിയ വിഖ്യാത ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത് ഹജ്ജെഴുത്തിന്റെ മലയാള സാധ്യതകൾ മനസ്സിലാക്കിയാണ്. യാത്രാവിവരണങ്ങൾ വായനക്കാരിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ചില വിവരണങ്ങൾ വായിച്ച് കഴിഞ്ഞാൽ അവിടം സന്ദർശിച്ച പ്രതീതിയുണ്ടാവും. ഓരോ യാത്രാവിവരണങ്ങളും ആ കാലത്തിന്റെ പരിസര ചരിത്രം കൂടി വിളിച്ചോതാറുണ്ട്.

മലയാളത്തിലെ സഞ്ചാര സാഹിത്യമേഖലയിൽ ഹജ്ജ് യാത്രാവിവരണങ്ങൾക്ക് സവിശേഷമായ സ്ഥാനമുണ്ട്. ഒരു പ്രത്യേക ഭൂവിഭാഗത്തിലേക്കു നടന്ന യാത്രകൾ പ്രമേയമായിവരുന്ന കൃതികളുടെ പട്ടികയിൽ ഹജ്ജ് യാത്രകളും ഹിമാലയൻ യാത്രകളുമാണ് എണ്ണത്തിൽ മുൻപന്തിയിലുള്ളത്. 

മതവും യാത്രയും തമ്മില്‍ മാത്രമല്ല, യാത്രാവിവരണസാഹിത്യവും മതസാഹിത്യവും തമ്മിലും അത്ഭുതകരമായ ബന്ധങ്ങളുണ്ട്. സഞ്ചാരസാഹിത്യരംഗത്ത് മലയാളത്തിലുണ്ടായ ആദ്യ രചനകളെല്ലാം മതപരമായ യാത്രാഖ്യാനങ്ങളായിരുന്നു എന്ന് കാണാം. ആദ്യം എഴുതപ്പെട്ട യാത്രാവിവരണവും ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട യാത്രാവിവരണവും മതപരമാണ്. പാറേമ്മാക്കല്‍ തോമാക്കത്തനാര്‍ എഴുതിയ 'വര്‍ത്തമാനപ്പുസ്തകം അഥവാ റോമായാത്ര'യാണ് മലയാളത്തിലെഴുതിയ പ്രഥമ യാത്രാവിവരണ കൃതി. ഇന്ത്യന്‍ പ്രാദേശികഭാഷകളില്‍ രചിക്കപ്പെട്ട ആദ്യ സഞ്ചാരമെഴുത്തും ഇതുതന്നെ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. 1785 ല്‍ എഴുതപ്പെട്ട ഈ കൃതി പിന്നീട് കണ്ടെടുത്ത് പ്രസിദ്ധീകരിക്കുന്നത് 1936 ലാണ്. എന്നാല്‍ ആദ്യം അച്ചടിച്ച യാത്രാനുഭവ ഗ്രന്ഥം പരുമല തിരുമേനി എന്ന ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ് എഴുതിയ ‘ഊര്‍ശ്ലേം യാത്രാവിവരണം’ (1895) ആണ് എന്നാണ് ചരിത്രം. രണ്ടും ക്രിസ്തുമതസംബന്ധമായ യാത്രകള്‍ തന്നെ.
 
എന്നാൽ ഇസ്‍ലാം മതവുമായി ബന്ധപ്പെട്ട് പിറവിയെടുത്ത യാത്രാവിവരണങ്ങളിൽ മിക്കതും ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ടായിരുന്നു. മലയാളത്തിലും അത്തരം ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട കൃതികൾ പുസ്തകങ്ങൾ സജീവമല്ലാത്ത കാലത്ത് തന്നെ വെളിച്ചം കണ്ടിട്ടുണ്ട്. വായനാട് തരുവണ സ്വദേശി പള്ളിയാൽ മൊയ്തു ഹാജി എഴുതിയ ഗ്രന്ഥമാണ് ഈ കൂട്ടത്തിലെ ആദ്യ മലയാള ഗ്രന്ഥമായി പരിഗണിക്കുന്നത്. സി.എച്ച്. മുഹമ്മദ് കോയ, കെ. ടി മാനു മുസ്‌ലിയാർ, യു.എ. ഖാദർ, യൂസഫലി കേച്ചേരി, ടി. അബ്ദുൽ അസീസ്, പ്രൊഫ. മങ്കട അബ്‌ദുൽ അസീസ്, നീലാമ്പ്ര മരക്കാർ ഹാജി, ടി.പി. കുട്ട്യാമു, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പ്രൊഫ. കെ.എ. റഹ്മാൻ തുടങ്ങിയവർ മലയാളത്തിൽ ഹജ്ജ് യാത്രാനുഭവങ്ങൾ എഴുതിയവരിൽ പ്രധാനികളാണ്.

പള്ളിയാൽ മൊയ്‌തുഹാജി: യാത്രയെ പേജിൽ പകർത്തിയവർ 


മുമ്പ് സൂചിപ്പിച്ചത് പോലെ മലയാളത്തിൽ ഹജ്ജുമായി ബന്ധപ്പെട്ട് ആദ്യ യാത്രാവിവരണമെഴുതിയത് വയനാട് തരുവണ സ്വദേശിയായ പള്ളിയാൽ മൊയ്തു ഹാജിയാണ്. ഭാഷയിലെ 'ഹജ്ജെഴുത്തിന്റെ പിതാവ്' എന്ന വിശേഷണത്തിനർഹനായ മൊയ്‌തുഹാജിയുടെ 'ഞാൻ കണ്ട അറേബ്യ' പുറത്തുവരുമ്പോൾ മലയാള സാഹിത്യത്തിലെ സഞ്ചാര മേഖല അത്ര തന്നെ സജീവമായിരുന്നില്ല. മലയാള സാഹിത്യത്തിൽ സഞ്ചാര മേഖലയെ കൂടുതൽ ജനപ്രിയമാക്കുന്നത് എസ്.കെ. പൊറ്റെക്കാട് തന്റെ 'കാപ്പിരികളുടെ നാട്ടിൽ' എന്ന ഗ്രന്ഥത്തിലൂടെയാണ്. എന്നാൽ പള്ളിയാൽ മൊയ്തു ഹാജിയുടെ ഗ്രന്ഥ രചനയുടെ ഒരു വർഷത്തിന് ശേഷമാണ് പൊറ്റക്കാടിന്റെ പുസ്തകമിറങ്ങുന്നത് എന്നതാണ് കൗതുകം!

രാഷ്ട്രീയ-സാമൂഹികമേഖലളിൽ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച മൊയ്തുഹാജി, നാട്ടുകാർക്ക് ഇംഗ്ലീഷ് മൊയ്‌തുഹാജിയായിരുന്നു. 1913-ൽ പള്ളിയാൽ അഹമ്മദ് ഹാജിയുടെ മകനായി ജനിച്ച അദ്ദേഹം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പഠിച്ച ശേഷം കോൺഗ്രസിന്റെ അനുഭാവിയായി രാഷ്ട്രീയത്തിൽ സജീവമായി.

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന്റെ മുമ്പ് തന്നെ മലബാർ മേഖല കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നുണ്ട്. വൈകാതെ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന യു.എൻ ധേബാറിന്റെ പ്രസംഗപരിഭാഷകൻ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനായി. പിന്നീട് മലബാറിലെത്തുന്ന ദേശീയ നേതാക്കളുടെ പ്രഭാഷണങ്ങൾ മൊഴിമാറ്റുന്ന ചുമതല അദ്ദേഹത്തിന്റേതായി എന്നു തന്നെ പറയാം. 23 വർഷക്കാലം വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ട് പദവിയിലിരുന്ന മൊയ്‌തുഹാജി, യൗവ്വനത്തിൽ തന്നെ ദേശീയ-അന്തർ ദേശീയതലങ്ങളിൽ അറിയപ്പെടുന്ന പ്രമുഖരുമായി സൗഹൃദബന്ധം സ്ഥാപിക്കാനും കത്തിടപാടുകളിലൂടെ അതു നിലനിർത്താനും ശ്രദ്ധിച്ചുപോന്നിരുന്നു.

രാഷ്ട്രീയ മേഖലയിൽ കഴിവ് തെളിയിച്ചത് പോലെ തന്നെ എഴുത്ത് മേഖലയിലും അദ്ദേഹം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അക്കാലത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായിരുന്ന 'ഡക്കാൻ ടൈംസി'ൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നു. 1946-ൽ ഹജ്ജ് യാത്രയ്ക്ക് പുറപ്പെടുമ്പോൾ അനുഭവങ്ങൾ എഴുതി അയക്കണമെന്ന് പത്രാധിപർ അദ്ദേഹത്തോട് ആവശ്യപ്പെടുന്നുണ്ട്. അതനുസരിച്ച് ഇംഗ്ലീഷിൽ രചന നടത്താനാണ് ഹാജി ഉദ്ദേശിച്ചിരുന്നത്. എന്നാൽ യാത്രാനുഭവം മലയാളത്തിലെഴുതാൻ സഹൃദയരായ ചില സുഹൃത്തുക്കൾ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും തദ്ഫലമായി 1948-ൽ 'ഞാൻ കണ്ട അറേബ്യ' വിരചിതമാവുകയും ചെയ്തു. ഞാൻ കണ്ട അറേബ്യ 69 പുറങ്ങൾ മാത്രമുള്ള ഒരു ലഘുഗ്രന്ഥമാണെങ്കിലും, മലയാള വായനക്കാർക്ക് തികച്ചും അപരിചിതമായ ഒരു അനുഭവമണ്ഡലം തന്നെ അതു തുറന്നുകൊടുക്കുന്നുണ്ട്. കോഴിക്കോട്ടെ പി.കെ. ബ്രദേഴ്‌സ് 1950-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത്.

1946 സെപ്റ്റംബർ 23-നാണ് മൊയ്തു ഹാജി ഹജ്ജ് യാത്ര തുടങ്ങുന്നത്. മൈസൂരിൽ നിന്നും മുംബൈ വരെ തീവണ്ടിയിലും അവിടെനിന്ന് മുഗൾലൈൻ കമ്പനിയുടെ 'എസ്.എസ്.അലവി' എന്ന കപ്പലിലുമായിരുന്നു യാത്ര. അക്കാലത്തെ പരിമിതമായ സൗകര്യങ്ങളും, ക്ലേശകരമായ ചുറ്റുപാടുകളും വച്ചു നോക്കുമ്പോൾ കാര്യമായ പ്രയാസങ്ങളൊന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്നില്ല. ഭാഷാപ്രാവീണ്യവും, ഊർജ്ജസ്വലതയും, കൈമുതലായി ഉണ്ടായിരുന്നതിനാൽ വിദേശരാജ്യങ്ങളിലെ പ്രമുഖരോടും ഉന്നത ഉദ്യോഗസ്ഥരോടും നേരിട്ടിടപഴകാനും പ്രശ്‌നങ്ങൾക്ക് സത്വരപരിഹാരം കാണാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

വർണ്ണനകളോട് കൂടി വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ രചന. ഉദാഹരണമായി, ആദ്യ കപ്പൽയാത്രയുടെ അനുഭവം അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്: 'അതിവിസ്തൃതമായി ഇന്ദ്രനീല വർണ്ണം പൂണ്ട്, അതിവിശാലമായ ആ മഹാർണവത്തിൽ തിരമാലകളുടെ അലതല്ലൽ മൂലം ആടിക്കുഴഞ്ഞുകൊണ്ട് ഞങ്ങളുടെ കപ്പൽ മുന്നോട്ട് ഓടിത്തുടങ്ങി... സൂര്യകിരണങ്ങളേറ്റു വിവിധ വർണങ്ങൾ പൂണ്ടും, മന്ദമാരുതനേറ്റ് ഓളം വെട്ടിക്കൊണ്ടും കളിച്ചും പുളച്ചും കൊണ്ടിരുന്ന ആ അറബി കടൽ കുറച്ചു കഴിഞ്ഞപ്പോഴേയ്ക്ക് സന്ധ്യാർക്കരശ്മിയേറ്റ് പ്രഭാപൂരിതമാവുകയും, അധികം കഴിയാതെ ചന്ദ്രികയിൽ മുങ്ങി പ്രശാന്ത രമണീയമായിത്തീരുകയും ചെയ്‌തു. ഇതെല്ലാം ഹൃദയാകർഷകമായ കാഴ്ചകളായിരുന്നു. ഞാൻ രാത്രി വളരെ സമയം വരെ കപ്പലിന്റെ മുകൾത്തട്ടിൽ നിമിഷം തോറും നവംനവമായ ഉന്മേഷത്തെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്ന ആ സമുദ്രപ്പരപ്പിന്റെ അത്യാശ്ചര്യകരമായ കാഴ്‌ചനോക്കിക്കൊണ്ടും നിരന്തരം വീശിക്കൊണ്ടിരുന്ന അതിശീതളമായ കടൽക്കാറ്റേറ്റു കൊണ്ടും കഴിച്ചുകൂട്ടി.' (പേജ് 11-12)

ഒരു സാധാരണതീർഥാടകൻ ആർജ്ജിക്കുന്ന ആത്മീയാനുഭൂതികൾക്കപ്പുറം, ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയസംഭവ വികാസങ്ങളെ അടുത്തറിയാനും, ചെറിയ തോതിലെങ്കിലും അതിലിടപെടാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.

ഭാഷയിലെ ആദ്യകാലായാത്രാവിവരങ്ങളിൽ കാണുന്ന ചില പരിമിതികൾ 'ഞാൻ കണ്ട അറേബ്യ'യിലും പ്രകടമാണ്. അപ്പോഴും, യാത്ര ചെയ്യുന്ന ഭൂവിഭാഗത്തെയും അവിടത്തെ ജനജീവിതത്തെയും സംസ്‌കാരത്തെയും സംബന്ധിച്ച ഒരു സാമാന്യ ധാരണ വായനക്കാരന് സമ്മാനിക്കുക എന്ന മൗലികമായ ധർമം കൃതി നിറവേറ്റുന്നുണ്ട്. അക്കാലത്ത് ഹാജിമാർക്കായി ഒരുക്കിയിരുന്ന സൗകര്യങ്ങളും അന്നത്തെ ഭരണാധികാരിയും ആധുനിക സൗദിയുടെ ശിൽപിയുമായ കിംഗ് ഇബ്നു സഊദിന്റെ പരിഷ്കാരങ്ങളുമെല്ലാം ഗ്രന്ഥകാരൻ പരാമർശിക്കുന്നുണ്ട്.

മക്കയിൽ അനുഭവിച്ച സമാധാനാന്തരീക്ഷം സൂചിപ്പിച്ചുകൊണ്ട്, അദ്ദേഹം എഴുതുന്നതിങ്ങനെയാണ്: 'റസൂൽ തിരുമേനി ഭൂജാതനായി 1374 സംവത്സരങ്ങൾ കഴിഞ്ഞ ശേഷമാണ് ഞാൻ ആ വിശുദ്ധനഗരിയിൽ പ്രവേശിച്ചതെങ്കിലും ആ നഗരിയിൽ കൊല നിഷിദ്ധമാക്കി, പരിശുദ്ധമാക്കി, നബി തിരുമേനി വിളംബരം ചെയ്‌ത അതേ ക്രമത്തിൽ ഇന്നും പരിപാലിച്ചുവരുന്നുണ്ടെന്നു കണ്ടതിൽ ഞാൻ ആനന്ദതുന്ദിലനായി (പേജ് 24). 

അനുഭവങ്ങളെ അനുഭൂതിയാക്കി മാറ്റുന്നതിലും, അവ അതേ അളവിൽ വായനക്കാരന് പകർന്നുനൽകുന്നതിലുമുള്ള മികവാണ് ഒരു സഞ്ചാരസാഹിത്യകാരന് അവശ്യം വേണ്ടത്. ആ രംഗത്ത് ലേഖകനുള്ള സിദ്ധി പലയിടത്തും തെളിഞ്ഞുകാണാം. 1982 ജനുവരി 29-ലാണ് പള്ളിയാൽ മൊയ്‌തു ഹാജി നിര്യാതനാകുന്നത്. ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളായി അദ്ദേഹം ബാക്കി വെച്ചത് മലയാളത്തിലെ ആദ്യ ഹജ്ജ് യാത്രാവിവരണമാണെന്നത് അദ്ദേഹം തന്നെ പണിത ഏറ്റവും വലിയ സ്മാരകമാണെന്ന് പറയാം. നാഥന്‍ സ്വീകരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter