കാറ്റും കോളും മുന്നില്‍ കണ്ടുപോകുന്ന ഹജ്ജുയാത്ര
തിരൂരിനടുത്ത വാണിയന്നൂരില്‍ ദര്‍സ് നടത്തുന്ന കാലത്താണ് ഹജ്ജ് ചെയ്യാന്‍ അവസരം ലഭിക്കുന്നത്. 1974ല്‍ സര്‍ക്കാറിന്റെ കീഴില്‍ ഹജ്ജിനു അപേക്ഷ നല്‍കിയെങ്കിലും അത് തള്ളി. ശേഷം 1975ല്‍ വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ അതു സ്വീകരിച്ചു. അക്കാലത്ത് കൂടുതലും ആളുകള്‍ ഹജ്ജിന് പോയിരുന്നത് കപ്പല്‍ മാര്‍ഗമായിരുന്നു. അപേക്ഷക്കൊപ്പം കപ്പല്‍ കൂലിയായ 1800 രൂപ ആദ്യം അടക്കണം. അപേക്ഷ സ്വീകരിച്ചില്ലെങ്കില്‍ ആ കാശ് തിരിച്ചു ലഭിക്കും. തിരൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ബോംബെയിലേക്കും ശേഷം കപ്പല്‍ വഴി ജിദ്ദയിലേക്കുമായിരുന്നു യാത്ര.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ആ പുണ്യഭൂമി കാണാന്‍ ആഗ്രഹിക്കാത്തവരുണ്ടാവില്ല. മാസത്തില്‍ 150 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന എനിക്ക് കപ്പല്‍ കൂലി 1800 രൂപയും ഹജ്ജ് ചെലവ് 5000 രൂപയും ചേര്‍ന്ന് 6800 രൂപയെന്ന വലിയ തുകക്ക് സഹായം ചെയ്തത് നല്ലവരായ നാട്ടുകാരായിരുന്നു.
തിരൂരില്‍ നിന്നും യാത്രയയക്കാന്‍ ശിഷ്യരും നാട്ടുകാരുമടങ്ങുന്ന ഒരുസംഘം തന്നെയുണ്ടായിരുന്നു. തിരൂരില്‍ നിന്നും പുറപ്പെട്ട് ബോംബെയിലിറങ്ങുമ്പോള്‍ കൂലിക്കാര്‍(ഇന്നത്തെ കഫീല്‍) സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവിടെച്ചെന്ന് തന്റെ കൂലിക്കാരന്റെ പേരുപറഞ്ഞപ്പോള്‍ അയാളുടെ പ്രതിനിധികള്‍ വന്ന് സാധനങ്ങളും മറ്റും വാങ്ങി മുസാഫര്‍ഖാനയിലേക്ക് കൊണ്ടുപോയി. രണ്ടു മൂന്നു ദിവസം അവിടെ തങ്ങിയ ശേഷം ആ വര്‍ഷത്തെ അവസാന ഹജ്ജ് കപ്പലായ ‘അക്ബറില്‍’ ഞങ്ങള്‍ ജിദ്ദയിലേക്ക് തിരിച്ചു. മേലെ ആകാശവും ചുറ്റും വെള്ളവും കണ്ടുകൊണ്ട് പതിനൊന്ന് ദിവസം കപ്പലില്‍ കഴിച്ചുകൂട്ടി.
സംഘത്തിലെ ഏക മുസ്‌ലിയാര്‍ എന്ന നിലക്ക് ജമാഅത്തിന്റെയും മറ്റു ദീനി കാര്യങ്ങളുടെയും ചുമതല എനിക്കായിരുന്നു. യാത്ര അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ യലംലമിനോട് നേരിടുന്ന സ്ഥലത്ത് വെച്ച് ഹജ്ജിന് വേണ്ടി ഇഹ്‌റാം ചെയ്തു. ഹജ്ജും ഉംറയും നിര്‍വഹിക്കുമ്പോള്‍ ഏറ്റവും ശ്രേഷ്ഠ രൂപമായ ‘ഇഫ്‌റാദി’നെയാണ് ഞാന്‍ തെരഞ്ഞെടുത്തത്. മക്കയിലെ ചെലവുകള്‍ക്കാവശ്യമായ കാശ് മുംബൈയില്‍ അടച്ചാല്‍ ഡ്രാഫ്റ്റ് കിട്ടും. മക്കയില്‍ ചെന്നാല്‍ അതു മാറ്റി ഇന്ത്യന്‍ രൂപക്ക് പകരം റിയാല്‍ ലഭിക്കുമായിരുന്നു. സാധാരണ അന്ന് മുംബൈയില്‍ 5000 രൂപയായിരുന്നു അടക്കാറ്. റിയാലിന്റെ അന്നത്തെ മൂല്യം വെച്ചു നോക്കിയാല്‍ 2000 റിയാലാണ് 5000 രൂപക്ക് പകരം ലഭിക്കുക. അതില്‍ നിന്നാണ് മക്കയിലെ വാഹനം, ഭക്ഷണം, മറ്റു ചെലവുകളെല്ലാം കഴിക്കേണ്ടത്. ദുല്‍ഖഅദ് ആദ്യം പുറപ്പെട്ട ഞങ്ങള്‍ മക്കയിലെത്തുമ്പോള്‍ ഹജ്ജിനു 17 ദിവസം കൂടി ബാക്കിയുണ്ടായിരുന്നു. ആകെ 17 ദിവസവും മുഹ്‌രിമായിട്ടാണ് കഴിച്ചു കൂട്ടിയത്. ജിദ്ദയില്‍ കപ്പലിറങ്ങി നേരെ പോയത് ഞങ്ങളുടെ മുത്വവ്വിഫിന്റെ(ഹാജിമാരുടെ കാര്യങ്ങള്‍ പ്രത്യേകം കൂലിവാങ്ങി നോക്കി നടത്തുന്നയാള്‍) ഓഫീസിലേക്കായിരുന്നു. അവിടെ സാധനങ്ങളെല്ലാം ഇറക്കി വെച്ച് ഹറമില്‍ ചെന്ന് ഖുദൂമിന്റെ ത്വവാഫും സഅ്‌യും നിര്‍വഹിച്ചു.
അടുത്ത ലക്ഷ്യം താമസിക്കാന്‍ സൗകര്യമൊരുക്കലായിരുന്നു. കപ്പലിലെ പരിചയത്തിലൂടെ അബ്ദുറഹിമാന്‍ കാസര്‍ഗോഡ് തുടങ്ങിയവരുമായി ചേര്‍ന്ന് ഒരു റൂം വാടകക്കെടുത്തു. 400 റിയാലായിരുന്നു റൂം വാടക. ഒരാള്‍ക്ക് 100 റിയാല്‍. അന്നത്തെ കാലത്ത് മക്കയിലെ താമസക്കാര്‍ തങ്ങള്‍ ആവശ്യമില്ലാത്ത റൂമുകള്‍ ഹാജിമാര്‍ക്ക് വാടകക്ക് കൊടുക്കുമായിരുന്നു. ഹറമിന്റെ അടുത്ത് താമസിക്കാരനായിരുന്ന കൊടശ്ശേരി കുഞ്ഞാപ്പു ഹാജിയുടെ വീട്ടിലായുരുന്നു ഞങ്ങളുടെ റൂം. പഴയകാലത്ത് മുതഅല്ലിമായി മക്കയില്‍ ചെന്ന് അവിടെ നിന്നു തന്നെ വിവാഹം കഴിച്ച് സ്ഥിര താമസമാക്കിയവരായിരുന്നു കുഞ്ഞാപ്പ ഹാജി. ഹറമില്‍ അക്കാലത്ത് കള്ളന്മാരുടെ ശല്യം വളരെ രൂക്ഷമായിരുന്നു. ഇക്കാരണത്താല്‍ ആളുകള്‍ പണം സൂക്ഷിച്ചിരുന്നത് അരമാലി(പണം സൂക്ഷിക്കാന്‍ തുണികൊണ്ടുണ്ടാക്കിയ ഒരു അറ)യിലായിരുന്നു. അരയില്‍ കെട്ടിയ ശേഷം അതിന്റെ മുകളിലായിരുന്നു തുണി ഉടുത്തിരുന്നത്. ഭക്ഷണത്തിന് പുറത്തു നല്ല വിലയായതിനാല്‍ സ്വയം ഭക്ഷണം പാകം ചെയതു കഴിക്കുകയായിരുന്നു. അതിനായി ഒരു സ്റ്റൗവും പൊടിയരിയും പ്രത്യേകം കരുതിയിരുന്നു.
സുബ്ഹിക്കു മുമ്പ് തന്നെ എഴുന്നേറ്റു ഹറമിലേക്കും പോകും. അവിടെ നിസ്‌ക്കാരവും ഖുര്‍ആന്‍ പാരായണവും ദിക്‌റും തസ്ബീഹുമായി ഒമ്പത് മണിവരെ കഴിച്ചു കൂട്ടും. ശേഷം റൂമില്‍ ചെന്ന് കട്ടന്‍ ചായയുണ്ടാക്കി അവിലില്‍ ചുടുവെള്ളവും പഞ്ചസാരയും ചേര്‍ത്ത് വയറ് നിറയുവോളം കഴിക്കും. ശേഷം വീണ്ടും ഹറമിലേക്ക്. പിന്നീട് ളുഹ്‌റിനു ശേഷമായിരിക്കും റൂമിലേക്ക് മടങ്ങുക. ഉച്ചയ്ക്ക് അധിക ദിവസവും കൊണ്ടുപോയ പൊടിയരി വെച്ച് കഞ്ഞി കുടിക്കുകയാണ് ചെയ്തത്. ചിലപ്പോള്‍ ഹറമില്‍ വെച്ച് വിതരണം ചെയ്യുന്ന സൗജന്യ ചോറ് മുസ്വല്ലയുടെ അറ്റത്ത് വാങ്ങികൊണ്ടുവരും. ഭക്ഷണത്തിനു ശേഷം അല്‍പം വിശ്രമം.
അതുകഴിഞ്ഞാല്‍ വീണ്ടും ഹറമിലേക്ക്. ഇങ്ങനെ ഹജ്ജിന് മുമ്പുള്ള മക്കയിലെ താമസം ആരാധനകള്‍ കൊണ്ട് സജീവമാക്കാന്‍ സാധിച്ചു. അല്‍ഹംദുലില്ലാഹ്…അന്നത്തെ യാത്ര തിക്കും തിരക്കുമില്ലാത്തതിനാല്‍ ത്വവാഫിനും ഹജറുല്‍ അസ്‌വദ് മുത്താനും മറ്റു കര്‍മ്മങ്ങള്‍ക്കുമൊന്നും വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടവിന്നില്ല. എന്നാലും ഹജ്ജിനു വേണ്ടി 10-12 കപ്പലുകള്‍ ഇന്ത്യയില്‍ നിന്നുണ്ടായിരുന്നു. മക്കയില്‍ താമസിക്കുന്ന ദിനരാത്രങ്ങളില്‍ ധാരാളം ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചു. ഖദീദ ബിവി(റ)യും ഇബ്‌നു ഹജര്‍ തങ്ങളും(റ) സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളു(റ)മെല്ലാം അന്ത്യവിശ്രമം കൊള്ളുന്ന ജന്നത്തുല്‍ മുഅല്ലയില്‍ നടന്നു പോയി സിയാറത്തു ചെയ്തു. അതുപോലെ ഹിജ്‌റാ വേളയില്‍ പ്രവാചകനും(സ) അബൂബക്കര്‍(റ)വും ഒളിച്ചിരുന്ന ഗാര്‍സൗറിലും പോകാന്‍ സാധിച്ചു. ആദ്യം കഅ്ബയില്‍ ചെന്ന് പ്രത്യേക പ്രാര്‍ത്ഥന കഴിഞ്ഞ ശേഷമാണ് സൗറ് ഗുഹയിലേക്ക് പോയത്. കാരണം ബുദ്ധിമുട്ട് സഹിക്കാതെയും ഇലാഹിയ്യായ സഹായമില്ലാതെയും അങ്ങോട്ടെത്തിപ്പെടാന്‍ സാധിക്കുമായിരുന്നില്ല. ധാരാളം പേര്‍ക്ക് വളരെയധികം പ്രയാസങ്ങള്‍ നേരിട്ടുകൊണ്ട് മടങ്ങേണ്ടിവന്നെങ്കിലും അവിടെപ്പോയി പ്രാര്‍ത്ഥിക്കാനും സിയാറത്ത് ചെയ്യാനും സാധിച്ചു. അതുപോലെ നുബ്വ്വത്തിന്റെ മുന്നോടിയായി റസൂല്‍(സ) ഏകാന്തവാസമനുഷ്ഠിച്ച ജബലുന്നൂറും സിയാറത്ത് ചെയ്തു. ജബലുന്നൂര്‍ കയറുന്നതിനേക്കാള്‍ പ്രയാസകരമായിരുന്നു സൗറ് ഗുഹയിലേക്കുള്ള യാത്ര.
ആദം നബി(അ)യുടെ ഖബ്ര്‍ ഉണ്ടെന്ന് പറയപ്പെടുന്ന കഅ്ബയുടെ അടുത്തുള്ള ജബലുഹിന്ദിലും പോയി. 17 ദിവസം മുഹ്ര്‍രിമായി കഴിഞ്ഞെങ്കിലും ദുല്‍ഹിജ്ജ എട്ടിന് വേണ്ടി പുറപ്പെട്ടു. വാഹനങ്ങള്‍ക്ക് വലിയ ചെലവ് വരുന്നതിനാല്‍ യാത്രകളിലധികവും കാല്‍ നടയായിരുന്നു. ദുല്‍ഹിജ്ജ എട്ടിന് മിനയിലെത്തി. അവിടെ മലയാളികളായ ആളുകളുടെ സഹായസഹകരണങ്ങളോടെ ബാഫഖി തങ്ങളും മറ്റും സ്ഥാപിച്ച നൂസ്‌റത്തുല്‍ മസാക്കീന്‍ സംഘത്തിന്റെ ആസ്ബറ്റോസ് മേഞ്ഞ ഷെഡില്‍ കഴിച്ചുകൂട്ടി. ദുല്‍ഹിജ്ജ ഒമ്പതിന് രാവിലെ മിനായില്‍ നിന്ന് അറഫയിലേക്ക് പുറപ്പെട്ടു. ഗൈഡായിട്ടുണ്ടായിരുന്നത് മുത്വവ്വിഫിന്റെ ആളുകളായിരുന്നു. ഉച്ചയ്ക്ക് മുമ്പ് നമിറയില്‍ എത്തുകയും മസ്ജിദ് ഇബ്രാഹീമില്‍ വെച്ച് ളുഹ്‌റും അസ്വറും ജംആക്കി നിസ്‌കരിക്കുകയും ചെയ്തു. അവിടെ ഹജ്ജമീറിന്റെ പ്രസംഗം കേട്ടതിനുശേഷം അറഫയില്‍ പ്രവേശിച്ചു. ഒരു മരത്തണലില്‍ മുസ്വല്ലവിരിച്ച് പ്രാര്‍ത്ഥനയില്‍ കഴിഞ്ഞു. അന്നത്തെ ഹാജിമാര്‍ക്കുള്ള ഉച്ചഭക്ഷണം ഭരണാധികരിയായ ഖാലിദ് രാജാവിന്റെ വകയായിരുന്നു. ഇന്നത്തെ പോലെ സ്ഥലം തിരിച്ചറിയാന്‍ പ്രത്യേക ബോര്‍ഡുകളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. മഗ്‌രിബിന്റെ സമയമായപ്പോള്‍ മുസ്ദലിഫയിലേക്ക് റോഡ് മാര്‍ഗം നടന്നുപോയി.
അവിടെ മഗ്‌രിബും ഇശാഉും ജംആക്കി നിസ്‌കരിച്ചു. അന്ന് രാത്രി റോഡില്‍ കിടന്നുറങ്ങി. ഇവിടെ നിന്നാണ് ജംറകളിലേക്ക് എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചത്. 70 കല്ലുകള്‍ ശേഖരിച്ച് പ്രത്യേകം സൂക്ഷിച്ചു.
സുബ്ഹിക്ക് ശേഷം വീണ്ടും മിനയിലേക്ക് പോയി. ജീപ്പില്‍ കയറിയെങ്കിലും തിരക്കായതിനാല്‍ വാഹനം മുന്നോട്ടു നീങ്ങാത്തതിനാല്‍ ഇറങ്ങി നടന്നു മിനയില്‍ ജംറത്തുല്‍ അഖബയിലേക്ക് എറിഞ്ഞ് മുടികളഞ്ഞ് തഹല്ലുലായി. അന്ന് പെരുന്നാളായിരുന്നുവെങ്കിലും വിഭവം കഞ്ഞി തന്നെയായിരുന്നു. ശേഷം മസ്ജിദുല്‍ ഖൈഫില്‍ വന്ന് രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിക്കുകയും ഹറമില്‍ ചെന്ന് ഇഫാളത്തിന്റെ ത്വവാഫ് നിര്‍വഹിക്കുകയും ചെയ്തു. ഖുദൂമിന്റെ ത്വവാഫിന്റെ ശേഷം സഅ്‌യ് ചെയ്തിരുന്നതിനാല്‍ അന്നേരം സഅ്‌യ് ചെയ്യാതെ മിനയിലേക്ക് മടങ്ങി. മൂന്നു ദിവസത്തെ ഏറ് കഴിഞ്ഞതോടെ ഹജ്ജും അവസാനിച്ചു. ശേഷം മക്കയിലേക്കും അവിടെ നിന്ന് ഉംറക്ക് ഇഹ്‌റാം കെട്ടാന്‍ വേണ്ടി തന്‍ഈമിലേക്കും പോയി. ഇഹ്‌റാമിന്റെ രണ്ട് റക്അത്ത് നിര്‍വഹിച്ചത് മസ്ജിദുല്‍ ആഇശയില്‍ വെച്ചായിരുന്നു. മസ്ജിദുല്‍ ഹറമിന് പുറത്ത് ജീപ്പുകാര്‍ ”ബഢാ ഉംറ, ഛോട്ടാ ഉംറ” എന്ന് വിളിച്ചു പറയുന്നുണ്ടാകും. ബഢാ ഉംറക്ക് അഞ്ച് റിയാലും ഛോട്ടാ ഉംറക്ക് ഒരു റിയാലുമാണ് കൂലി. ജിഅ്ര്‍റാനത്തില്‍ ചെന്ന് ഇഹ്‌റാം ചെയ്യുന്നത് ബഢാ ഉംറയും തന്‍ഈമില്‍ ചെന്ന് ഇഹ്‌റാം ചെയ്യുന്നത് ഛോട്ടാ ഉംറയുമാണ്. ഒര ബഢാ ഉംറയും അനേകം ഛോട്ടാ ഉംറയും ചെയ്യാന്‍ ഈ അവസരത്തില്‍ എനിക്ക് സാധിക്കുകയുണ്ടായി. ഇഹ്‌റാം കഴിഞ്ഞ ത്വവാഫും സഅ്‌യും ചെയ്തു മുടി കളഞ്ഞു ഉംറയില്‍ നിന്ന് തഹല്ലുലാകും. ഇങ്ങനെ ധാരാളം ഉംറകള്‍ ചെയ്യുന്നതിന് കര്‍മ്മശാസ്ത്രപരമായി വിരോധമൊന്നുമില്ല.
പോയ കപ്പലില്‍ മാത്രമേ തിരിച്ചു നാട്ടിലേക്ക് വരാന്‍ പറ്റുമായിരുന്നുള്ളൂ. മുമ്പ് മടങ്ങണമെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണം. പോയത് അവസാനത്തെ കപ്പലായതിനാല്‍ കുറേ ദിവസം അവിടെ തങ്ങാന്‍ സാധിച്ചു. ആശൂറഉം താസൂറാഉം നോമ്പെടുത്തത് മക്കയില്‍ വെച്ചായിരുന്നു. തിരിച്ചുവരുന്നതിന്റെ പത്ത് ദിവസം മുമ്പ് വിദാഇന്റെ ത്വവാഫ് നിര്‍വഹിച്ച് മുത്വവ്വിഫിന്റെ ബസ്സില്‍ മദീനയിലേക്ക് തിരിച്ചു. പള്ളിയില്‍ താമസസൗകര്യമില്ലാത്തതുകൊണ്ട് 10 ദിവസം ഒരു അറബിയുടെ വീട്ടില്‍ റൂം വാടകക്കെടുത്തു താമസിച്ചു. അവിടെയെത്തിയത് അവസാനസമയമായതിനാല്‍ പള്ളിയില്‍ തിരക്ക് വളരെ കുറവായിരുന്നു. അതിനാല്‍ പ്രവാചകര്‍(സ) സ്വര്‍ഗപ്പൂന്തോപ്പായി എണ്ണിയ ഭാഗത്ത് വെച്ച് നിസ്‌കരിക്കാനും ദിക്‌റും ദുആയും ദലാഇലുമായി കഴിഞ്ഞു കൂടാനും സാധിച്ചു. റൗളയില്‍ മൂന്ന് ഖബറുകള്‍ക്ക് മീതെയും വിരിയിട്ടിരുന്നു. ചുറ്റുമുള്ള മതിലിന്റെ ദ്വാരങ്ങളില്‍ കൂടി റൗളയില്‍ നിന്ന് പുറപ്പെടുന്ന സുഗന്ധം പ്രത്യേക അനുഭൂതി പകര്‍ത്തിരുന്നു. സിയാറത്തിന്റെ സമയത്ത് നാരിയത്ത് സ്വലാത്ത് ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോഴും പോലീസുകാര്‍ അടുത്തുവന്നു. ‘ഇയാള്‍ ആലിമാണെ’ന്നു പറഞ്ഞു. അവിടെ നില്‍ക്കും. മദീന പള്ളിയില്‍ റൗളാ ശരീഫിനരികില്‍ കസേരയിലിരിക്കുന്ന ഒരു പണ്ഡിതനെ കുറിച്ച് പോലീസുകാരോട് അന്വേഷിച്ചു. അവര്‍ പറഞ്ഞു: അത് മദീനയിലെ ശൈഖുല്‍ ഹദീസാണ്. അദ്ദേഹത്തെ ദിവസവും സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കാന്‍ വസ്വിയ്യത് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു.
മദീനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജന്നത്തുല്‍ ബഖീഅ്, മസ്ജിദുല്‍ ഖുബാ, ബിഅ്‌റു ഉസ്മാന്‍, മസ്ജിദുല്‍ ഖിബ്‌ലതൈന്‍, ഖന്ദഖിലെ പള്ളി, മറ്റു ധാരാളം പള്ളികള്‍ തുടങ്ങിയവ സന്ദര്‍ശിക്കുകയും അവിടെയെല്ലാം സുന്നത്ത് നിസ്‌കരിക്കുകയും ചെയ്തു. മക്കയിലും മദീനയിലും ദര്‍സുകളുണ്ടായിരുന്നെങ്കിലും ഹജ്ജ് സീസണില്‍ അവക്ക് അവധിയായിരുന്നു. ഹജ്ജിനു ശേഷം മക്കയില്‍ തുടങ്ങിയ ദര്‍സ് കേള്‍ക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ‘വമാഖദറുള്ളാഹ ഹഖ ഖദ്‌രിഹി’ എന്ന ആയത്തോതി അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ എതിരാളികളും മതത്തെ പൊളിക്കുന്നവരുമാണെന്ന ആശയമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുത്തിരുന്നത്. ഇത്തരം അനുഭവങ്ങള്‍ വേദനാജനകമായിരുന്നു. ഹല്‍ഖകളിലും മറ്റും പുത്തനാശയങ്ങളായിരുന്നു പഠിപ്പിക്കപ്പെട്ടിരുന്നത്. സുന്നീ പണ്ഡിതന്മാര്‍ വാര്‍ധക്യമായതു കാരണം വീടുകളില്‍ വെച്ചായിരുന്നു ദര്‍സ് നടത്തിയിരുന്നത്. മദീന പള്ളിയുടെ പുറത്ത് ”സിയാറ സിയാറ” എന്ന് വിളിച്ച് പറയുന്ന ജീപ്പുകാര്‍ക്ക് 10 റിയാല്‍ കൊടുത്താല്‍ അധികപുണ്യസ്ഥലങ്ങളും കാണിച്ചു തരും. അങ്ങനെ ഉഹ്ദ്‌രണാങ്കണവും ഹംസ(റ) ശഹീദായ സ്ഥലവുമെല്ലാം കണ്ടു. 10 ദിവസത്തിനു ശേഷം മദീനയില്‍ നിന്നും ജിദ്ദയിലേക്ക് മടങ്ങി. മദീനയില്‍ മൊത്തം 40 ജമാഅത്തുകളില്‍ സംബന്ധിച്ചു. മടങ്ങുമ്പോള്‍ അവിടത്തെ ഈത്തപ്പഴ മാര്‍ക്കറ്റില്‍ നിന്ന് കാരക്കയും ഹറമില്‍ ചെന്ന് സംസം വെള്ളവും ശേഖരിച്ചു. ജിദ്ദയിലേക്ക് മടങ്ങുമ്പോഴാണ് ബദ്ര്‍ സന്ദര്‍ശിച്ചത്. ബദ്‌റിലെത്തിയപ്പോള്‍ പോലീസുകാരോട് ബദ്ര്‍ സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ചു. പെട്ടെന്ന് മടങ്ങണമെന്ന് പറഞ്ഞു അനുമതി തന്നു. അവിടെച്ചെന്ന ഉടനെ ഫാതിഹ വിളിച്ചു യാസീന്‍ ഓതി നീണ്ട ദുആ ചെയ്തു. ബസില്‍ നിന്നും കുറേ പേര്‍ ദുആക്ക് ഇറങ്ങി വന്നിരുന്നു. ബസിലുള്ള തമിഴന്മാര്‍ക്ക് ഇതില്‍ താല്‍പര്യമില്ലാത്തതിനാല്‍ അവിടെത്തന്നെ ഇരുന്നു. തിരിച്ചു ബസില്‍ വന്നതിനുശേഷം എല്ലാവരുടെയും അടുക്കല്‍ നിന്ന് ഓരോ റിയാല്‍ വാങ്ങി ബസ് ഡ്രൈവര്‍ക്ക് കൊടുത്തു. ജിദ്ദയില്‍ വന്ന് മുസാഫര്‍ഖാനയില്‍ ഒരു ദിവസം തങ്ങി.
പിറ്റേന്ന് തന്നെ കപ്പല്‍ ബോംബെയിലേക്ക് തിരിച്ചു വരുമ്പോള്‍ കടലില്‍ ശക്തമായ കാറ്റും കോളുമുണ്ടായതിനാല്‍ എല്ലാവരും ബേജാറിലായിരുന്നു. ദിക്‌റുകളും ദുആകളും പതിവാക്കാന്‍ ഇടക്കിടക്ക് നിര്‍ദേശം വന്നുകൊണ്ടിരുന്നു. വളരെ വിഷമം പിടിച്ച നാളുകളായിരുന്നു അത്. എങ്കിലും അല്ലാഹുവിന്റെ അനുഗ്രഹം കേടുപാടുകള്‍ കൂടാതെ ബോംബെയിലെത്തി. അവിടെ കൂലിക്കാരന്റെ ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കപ്പല്‍ ഇറങ്ങിയ ഉടനെ സാധനങ്ങള്‍ അവര്‍ മുസാഫര്‍ഖാനിയലേക്ക് കൊണ്ടുപോയി. ഇത്ര സമയം യൂസുഫ് ഹാജിയുടെ സുഹൃത്ത് തിരൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ശരിയാക്കിയിരുന്നു. ഒരു ദിവസത്തെ യാത്രക്കു ശേഷം തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ രാത്രി 12 മണിക്കു തീവണ്ടിയിറങ്ങുമ്പോള്‍ മുമ്പ് കമ്പിയടിച്ചു വിവരം നല്‍കിയിരുന്നതിനാല്‍ ദര്‍സ് വിദ്യാര്‍ത്ഥികളും നാട്ടുകാരുമടങ്ങുന്ന ഒരു സംഘം തന്നെ സ്വീകരിക്കാന്‍കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ കൂടെ ദര്‍സിലേക്ക് പോയി. പിറ്റേന്നാണ് വീട്ടിലേക്ക് തിരിച്ചത്.
ഇപ്പോള്‍ ധാരാളം ഹജ്ജ് ഗ്രൂപ്പുകള്‍ അമീറായി വിളിക്കുന്നുണ്ടെങ്കിലും അനാരോഗ്യം കാരണം അവയൊന്നും ഏറ്റെടുക്കാറില്ല. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍വഹിച്ച ഏക ഹജ്ജിന്റ അനുഭവങ്ങള്‍ ഏത് സമയത്തും ചിതറാതെ തികട്ടിവരാറുണ്ട്.
Leave A Comment