ശൈഖ് നൂറുദ്ധീൻ അല്‍റാനീരി: ജ്ഞാനോൽപാദന വീഥിയിലെ അതുല്യ പ്രതിഭ

ഇസ്‌ലാമിന്റെ വളര്‍ച്ചയിലും വിവിധ ദേശങ്ങളിലെ മതസംസ്‌കാരത്തിന്റെ വികാസത്തിലും അനൽപമായ പങ്കുവഹിച്ചവരാണ്  സൂഫിപണ്ഡിതന്മാര്‍. അത്തരത്തിൽ, പൗരസ്ത്യ ദേശത്തെ മലയൻ പൂർവേന്ത്യൻ മുസ്‌ലിം സാമൂഹിക സാംസ്കാരിക മേഖലകളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ നിസ്തുലമായ പങ്കു വഹിച്ച ഉന്നതപണ്ഡിതനാണ് ശൈഖ് നൂറുദ്ദീൻ അൽറാനീരി. ജനിച്ചത് ഇന്ത്യയിലെ ഗുജറാത്തിലാണെങ്കിലും പ്രധാന കർമമണ്ഡലം ഇന്തോനേഷ്യയിലെ ആച്ചെയായിരുന്നു. ജ്ഞാനോൽപാദന മേഖലയിൽ അതുല്യ സംഭാവനകള്‍ നല്കിയ ശൈഖ് അൽറാനീരിയും അദ്ദേഹത്തിന്റെ രചനാലോകവും ഇന്ന് അന്തർദേശീയ സർവകലാശാലകളിലെ  ഗവേഷണ വിഷയങ്ങളാണ്. ജീവിത കാലമത്രയും സമൂഹത്തിൽ അവസരോചിതവും ക്രിയാത്മകവുമായ ഇടപെടലുകൾ നടത്തി കടന്നുപോയ ഈ പ്രഗൽഭജ്ഞാനി, ഉലമാ സൂഫി ആക്റ്റിവിസത്തിന്റെ ഉത്തമ മാതൃക കൂടിയായിരുന്നു.

പ്രാരംഭകാലം

നൂറുദ്ദീൻ ബിൻഅലി ബിൻഹസൻജ് ബിൻമുഹമ്മദ് ഹമീദ് അൽറാനീരി  എന്നാണ് പൂർണ്ണ നാമം. യമനിലെ ഹളർമൗതിൽ നിന്ന് ഗുജറാത്തിലെത്തിയ ഖുറൈശി ഗോത്രത്തിലെ ഹാമിദ് കുടുംബത്തിലേക്കാണ് ശൈഖ് അൽറാനീരി  ചേർക്കപ്പെടുന്നത്. പിതാവ് പാരമ്പര്യമുള്ള ഹള്റമിയും മാതാവ് മലായിദേശക്കാരിയും ആണ്. ജനനവും പ്രാരംഭകാല ജീവിതവും ഗുജറാത്തിലെ പ്രസിദ്ധമായ തുറമുഖ പ്രദേശമായ റാനീരിൽ (ഇന്ന് റാൻഡർ എന്നപേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്) ആയതിനാൽ അൽറാനീരി  എന്ന പേരിൽ പ്രസിദ്ധനായി. അദ്ദേഹത്തിന്റെ കൃത്യമായ ജനന തിയതി അവ്യക്തമാണെങ്കിലും, പതിനാറാം നൂറ്റാണ്ടിന്റെ അവസാനകാലമാണെന്നാണ് അനുമാനിക്കപ്പെടുന്നത്.

1500-നും 1516-നും ഇടയിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന പോർച്ചുഗീസ് ഉദ്യോഗസ്ഥനായ ദുവാർതെ ബാർബോസ റാൻഡര്‍ തുറമുഖത്തെ വിവരിച്ചത് ഇപ്രകാരമാണ്: 'അവിടെയുള്ള മൂർ നിവാസികൾ സ്വന്തമായി വ്യാപാരം നടത്തിയിരുന്ന വളരെ മനോഹരവും സമ്പന്നവുമായ പ്രദേശമാണിത്. മലാക്ക, ബെംഗുവാല, കാമറാസിം (ടെനസരിം), പെഗു എന്നിവയ്ക്കൊപ്പം മർതാബാമിലേക്കും സുമാത്രയിലേക്കും ഇവിടെനിന്ന്  കപ്പലുകൾ ഉണ്ടായിരുന്നു. വിവിധതരം സുഗന്ധവ്യഞ്ജനങ്ങളും മയക്കുമരുന്നുകളും സിൽക്കുകളും കസ്തൂരി, ബെൻസോയിൻ (അഥവാ സുഗന്ധദ്രവ്യമായും ഔഷധമായും ഉപയോഗിക്കപ്പെടുന്ന വ്യത്യസ്തയിനം മരങ്ങളുടെ പുറംതൊലിയിൽ നിന്ന് ലഭിക്കുന്ന ഒരു ബാൽസാമിക് റെസിൻ), പോർസലൈൻ (ചീനക്കളിമൺപാത്രങ്ങൾ) തുടങ്ങി നിരവധി ചരക്കുകളുടെ കേന്ദ്രമായിരുന്നു ഇവിടം. 1530-ൽ പോർച്ചുഗീസ് ക്യാപ്റ്റൻ അന്റോണിയോ ഡാ സിൽവേര റാൻഡറിനെ ചുട്ടുകളയുകയും നശിപ്പിക്കുകയും ചെയ്തു. അതിനുശേഷം പിന്നീട് ഒരു തുറമുഖ നഗരമായി റാൻഡർ വികസിച്ചിട്ടില്ല.

അൽറാനീരി  തന്റെ പ്രാരംഭ വിദ്യാഭ്യാസം നേടിയത് ജന്മ ദേശമായ റാനീരിൽനിന്നാണ്. ഐദറൂസി വംശത്തിലെ പ്രമുഖ പണ്ഡിതൻ അബൂഹഫ്സ് ഉമർ ബിൻ അബ്ദില്ല അൽതരീമി അൽഹള്റമിയായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ പ്രധാനഗുരുവര്യർ. പിന്നീടുള്ള പഠനം, തന്റെ പൂർവികരുടെ ദേശമായ ഹളർമൗതിലായിരുന്നു. 1620/21 കാലഘട്ടം, ഹജ്ജ് ചെയ്യാനായി മക്കയിലെത്തി. അവിടെ വെച്ച് വഹ്ദതുശ്ശുഹൂദ് ചിന്താധാരയുടെ വക്താവായി ഗണിക്കപ്പെടുന്ന ശൈഖ് മുഹമ്മദ്‌ യെമീനിൽനിന്നും, അമ്മാവൻ ശൈഖ് മുഹമ്മദ്‌ ജൈലാനിൽ നിന്നും വിജ്ഞാനം കരഗതമാക്കി.

ഇന്തോനേഷ്യയിലെ ആച്ചെ ദ്വീപിൽ

ശൈഖ് നൂറുദ്ദീൻ അൽറാനീരി  ഇന്തോനേഷ്യയിലെ ആച്ചെയിലെത്തിയ കാലഘട്ടം അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചരിത്ര ഗ്രന്ഥമായ  ബുസ്താനുൽ സ്വലാതീനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആച്ചെയിലെത്തിയ ശൈഖ് അൽറാനീരിയെ അവിടത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ ഇസ്കന്ദർ രണ്ടാമൻ ഭരണകൂടത്തിന്റെ ഔദ്യോഗിക മുഫ്തിയായും ശൈഖുൽ ഇസ്‍ലാമായും നിയമിച്ചു. 1638ൽ സുൽത്താൻ ഇസ്കന്ദർ രണ്ടാമന്റെ (1636 - 1641) നിർദേശ പ്രകാരം ശൈഖ് അൽറാനീരി ബുസ്താനുസ്വലാത്തീൻ ഫീ അഖ്ബാരിൽ അവ്വലീന വൽആഖരീൻ എന്ന ചരിത്ര ഗ്രന്ഥം രചിച്ചു. പരമ്പരാഗത മലായി സാഹിത്യ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രന്ഥമാണ് ഇത്.

ആധ്യാത്മിക രംഗത്തെ സംവാദങ്ങൾ

ശൈഖ് അൽറാനീരി  ആച്ചെയിലെത്തുന്ന സമയം, അവിടെ ഇസ്‍ലാമിക വൈജ്ഞാനികാധ്യാപന രംഗത്ത് ആധ്യാത്മിക പഠന രീതികൾ ആധിപത്യം പുലർത്തിയിരുന്നു. പ്രമുഖ സുമാത്രൻ സൂഫീപണ്ഡിതനും പാനന്തീസ്റ്റിക് (അഥവാ വഹ്‌ദതുൽ വുജൂദ്) ആശയങ്ങളുടെ വക്താവുമായിരുന്ന  ശൈഖ് ഹംസ ഫാൻസൂരിയുടെ വഹ്ദതുൽ വുജൂദ് മുൻനിർത്തിയുള്ള അധ്യാപനങ്ങൾ മുസ്‍ലിം സമൂഹത്തെ വഴിതെറ്റിപ്പിക്കുന്നതും, ഇസ്‍ലാമിന്റെ നേരായ വിശ്വാസ രീതിശാസ്ത്രത്തോട് വിരുദ്ധമായി തോന്നിപ്പിക്കുന്നതുമായിരുന്നു. അക്കാരണത്താൽതന്നെ ഫാൻസൂരിയുടെ ഇത്തരം ചിന്താധാരകളോട് അൽറാനീരി  വലിയ വിയോജിപ്പ് പ്രകടിപ്പിച്ചു.

ഇസ്‌ലാമിക ലോകത്തെ ആധ്യാത്മിക പണ്ഡിതന്മാർക്കിടയിലും കർമശാസ്ത്ര പരിജ്ഞാനികൾക്കിടയിലും ഒട്ടേറെ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിവെച്ച വീക്ഷണമാണ് വഹ്‌ദതുൽവുജൂദ്, അഥവാ ഏകോണ്മതത്ത്വം. ശൈഖ് ഇബ്നു അറബിയിലേക്കാണ് ഈ ചിന്തയുടെ അടിസ്ഥാനം ചേർക്കപ്പെടുന്നത്. തസവ്വുഫിന്റെ പാരമ്യതയിലെത്തി മഅ്‍രിഫതിന്റെ ആഴക്കടലിൽ മുത്തും പവിഴവും കോരിയെടുക്കുന്ന പ്രഗത്ഭ സൂഫീ മഹത്തുക്കൾ അല്ലാഹുവിനോടുള്ള ദിവ്യപ്രേമത്തിൽ സകലതിനെയും അകക്കണ്ണുകൊണ്ട് മാത്രം കാണുകയും, അത്തരത്തിൽ സ്വന്തം അസ്തിത്വത്തിൽ പോലും അല്ലാഹുവിന്റെ പരമമായ സാന്നിധ്യം അനുഭവിച്ചറിയുകയും ചെയ്യുമ്പോൾ പറയുന്ന വാക്യങ്ങളെ ആ ഒരർഥത്തിൽ മനസിലാക്കാനും ഉൾകൊള്ളാനും സാധാരണക്കാർക്ക് സാധിച്ചേക്കണമെന്നില്ല. ഇത് പലപ്പോഴും ഇത്തരം ആശയങ്ങളെ  ഹുലൂലിന്റെയും (അല്ലാഹു കല്ല്, മരം, മനുഷ്യൻ പോലെ ഏതെങ്കിലും വസ്‌തുവിൽ ഇറങ്ങി കുടികൊള്ളുന്നുവെന്ന വിശ്വാസം) ഇത്തിഹാദിന്റെയും (ലോകത്തെ ഏതെങ്കിലും ഒരു മനുഷ്യൻ അല്ലെങ്കിൽ വസ്‌തു തന്നെയാണ് അല്ലാഹു, അല്ലെങ്കിൽ ആ വസ്‌തു അല്ലാഹുവായി മാറി എന്ന വിശ്വാസം) ഇനത്തിൽ ചേർത്തു വെക്കപ്പെടുന്നത് പതിവാണ്. അത്തരത്തിൽ ഹംസ അൽഫാൻസൂരിയുടെയും ശംസുദ്ദീൻ അൽസുമത്രാനിയുടെയും അധ്യാപനങ്ങളിൽ വഹ്‌ദതുൽവുജൂദിന്റെ ആശയങ്ങൾ കടന്നു കൂടുകയും, അത് അവരുടെ ശ്രോതാക്കളായ സാധാരണക്കാരിൽ വിശ്വാസപരമായ ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ശൈഖ് നൂറുദ്ദീൻ അൽറാനീരി  ഇത്തരക്കാർക്കെതിരെ രംഗപ്രവേശം ചെയ്യുന്നത്. അക്കാലയളവിൽ വഹ്ദത്തുൽവുജൂദിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ എതിർത്തു കൊണ്ടും അഹ്‍ലുസ്സുന്നത്തി വൽജമാഅതിന്റെ ആശയാദർശങ്ങളെ നേരായരീതിയിൽ വിശദീകരിച്ചുകൊണ്ടുമുള്ള ഗ്രന്ഥങ്ങൾ അൽ റാനീരിയിലൂടെ വെളിച്ചം കണ്ടു.

സുൽത്താൻ ഇസ്‌കന്ദറുമായി അടുത്ത ബന്ധം സ്ഥാപിച്ചെടുക്കുന്നതിൽ ശൈഖ് അൽറാനീരി പൂർണമായും വിജയിച്ചു. വഹ്ദത്തുൽവുജൂദ് മുഖ്യധാരാ പ്രചാരകരായിരുന്ന ഹംസ അൽഫാൻസൂരിയുടെയും ശംസുദ്ദീൻ സുമത്രാനിയുടെയും ഇവ്വിഷയകമായ  ഗ്രന്ഥങ്ങളെല്ലാം കത്തിക്കാൻ സുൽത്താനിൽ നിന്ന് ഉത്തരവ് നേടിയെടുക്കാൻ അദ്ദേഹത്തിന് ആ ബന്ധം സഹായകമാവുകയും ചെയ്തു. ശംസുദ്ദീൻ അൽസുമത്രാനിയുടെ നിര്യാണത്തോടെ ശൈഖ് നൂറുദ്ദീൻ അൽറാനീരി  കൊട്ടാരപണ്ഡിതനായി നിയമിതനാവുകയും ചെയ്തു.

ആച്ചെയോട് വിട ചൊല്ലുന്നു

സുൽത്താൻ ഇസ്കന്ദർ ഥാനിയുടെ കാലശേഷം, അദ്ദേഹത്തിന്റെ ഭാര്യ താജുൽ ആലം സഫിയ്യതുദ്ദീൻ ഷാ (1641-1675) ആച്ചെയുടെ ഭരണാധികാരിയായതോടെ, ആച്ചെ ഭരണകോടതിയിൽ റാനീരിക്കുള്ള സ്വാധീനം നഷ്ടപ്പെട്ടു. അക്കരണത്താൽതന്നെ ക്രി.1644ൽ ജന്മദേശമായ ഗുജറാത്തിലെ റാനീരിലേക്ക് അദ്ദേഹം മടങ്ങി. 1658 ൽ ശൈഖ് ഇഹലോകവാസം വെടിയുകയുകയും ചെയ്തു.

1053 A.H./1643-ൽ ജാംബിയിലേക്കും ആച്ചെയിലേക്കും ട്രേഡ് കമ്മീഷണറായി വി.ഒ.സി (ഡച്ച് ഈസ്റ്റ് ഇന്ത്യകമ്പനി) അയച്ചത് പീറ്റർ സൗരിജി എന്ന ഡച്ച് ഓഫീസറെയായിരുന്നു. സൈഫുരിജാലും നൂറുദ്ദീൻ അൽറാനീരിയും തമ്മിൽ ആചെനീസ് കോർട്ടിൽ നടന്ന സംവാദം അദ്ദേഹം തന്റെ ഡയറിയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒറങ്കായയും (പ്രഭുക്കന്മാർ) സുൽത്താന താജുൽ ആലം സഫിയ്യതുദ്ദീൻ ഷായും ഉൾപ്പെടെ ആർക്കും തീർപ്പാക്കാനാവാത്ത വിധം കടുത്തതായിരുന്നു സംവാദം. ഒടുവിൽ സുൽത്താന വിഷയം ഉലീബലംഗിന്റെ (തെക്കുകിഴക്കൻ ഏഷ്യയിലെ മലായ് രാജ്യങ്ങളിലെ സൈനികപ്രഭുക്കന്മാർ) കൈകളിൽ ഏൽപ്പിച്ചു. സൈഫുരിജാലിനെ സുൽത്താന കോടതിയിലേക്ക് വിളിപ്പിച്ചു.  ഇതാണ് നൂറുദ്ദീൻ അൽറാനീരിയെ കോടതിയിലെ സ്ഥാനം ഉപേക്ഷിച്ച് ജന്മനാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനാക്കിയത്.

വിവിധങ്ങളായ ദേശങ്ങളിലെ ഇസ്‍ലാമിക സംസ്‌കാരത്തിന്റെ വളർച്ചയിലും  വികാസത്തിലും അതുല്യമായപങ്കുവഹിച്ചവരാണ് ഇത്തരം പൂർവ മനീഷികൾ. ഇസ്‌ലാമിക ചരിത്രത്തിൽ  അൽറാനീരിയും അദ്ദേഹത്തിന്റെ ജീവിതവും വിദ്യാഭ്യാസ പശ്ചാത്തലവും അവ്വിധം മലായിലോകത്തെ ഇസ്‍ലാമിക ചരിത്രത്തിൽ വലിയ സ്വാധീനം തീർത്തു. ആച്ചെക്ക്‌ പുറമെ ഇന്തോ മലായി ദേശത്തെ പ്രാദേശിക നാടുകളിൽ പോലും അൽറാനീരിയുടെ സ്വാധീനം ഉള്ളതായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ രീതിയിൽ അൽറാനീരിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഒരുദേശമാണ് പഹങ്. 1637ന് മുന്നേ തന്നെ അൽറാനീരി ആച്ചെയിലെത്തിയതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നുണ്ട്. അക്കാലത്ത്, ആച്ചെ ഭരിച്ചിരുന്ന ഇസ്കന്ദർ ഒന്നാമനുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കാൻ കഴിയാതെ വരികയും,  അൽറാനീരി  മലായി ദ്വീപ് സമൂഹത്തിലെ തന്നെ പഹങ്കിൽ തങ്ങുകയുമായിരുന്നു. ഇക്കാലഘട്ടത്തില്‍, അദ്ദേഹത്തിന് അവിടെ വലിയ രീതിയിൽ തന്നെ ഇസ്‍ലാമിക നവോത്ഥാന പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകാനും സാധിച്ചു.

രചനാലോകം

ശൈഖ് അൽറാനീരി  തന്റെ ജന്മദേശമായ ഗുജറാത്തിലെ റാനീരിൽ നിന്ന് തന്നെ മലായി ഭാഷകൈകാര്യം ചെയ്യാൻ പഠിച്ചിരുന്നതിനാൽ, അനായാസം തന്നെ മലായി സമൂഹവുമായി ഇടപെടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മലായി ഭാഷക്ക് പുറമെ, അറബിക്, ഫാരിസി, ഉർദു, തുടങ്ങിയ ഭാഷകളിലും ശൈഖ് അൽറാനീരിക്ക്‌ പ്രാവീണ്യമുണ്ടായിരുന്നു. മലായി, അറബി എന്നീ ഭാഷകളിലായിരുന്നു അദ്ദേഹത്തിന്റെ ഗ്രന്ഥ രചനകൾ.

ഫിഖ്ഹ്, ഹദീസ് തസ്വവുഫ്, അഖീദ, ഇൽമുൽ കലാം തുടങ്ങി അനേകം ഇസ്‍ലാമിക വിജ്ഞാന ശാസ്ത്രങ്ങളിൽ നിപുണനും പ്രാഗൽഭ്യമുള്ള ചരിത്രകാരനുമായിരുന്ന അൽറാനീരി  അമൂല്യമായ വൈജ്ഞാനിക സംഭാവനകൾ കാഴ്ചവെച്ചു. സുൽത്താൻ ഇസ്കന്ദർ രണ്ടാമന്റെ നിർദേശ പ്രകാരം രചിച്ച ചരിത്ര ഗ്രന്ഥം ബുസ്താനുൽ സ്വലാതീൻ ഫീ അഖ്ബാരിൽ അവ്വലീന വൽ ആഖരീൻ എന്ന കൃതി തന്നെയാണ് ഈ മേഖലയിലെ പ്രധാന സംഭാവന. ഏഴ് വാള്യങ്ങളിൽ ഉൾകൊള്ളുന്ന കൃതിയുടെ രചന സുൽത്താന്റെ കാലത്ത് ആരംഭിച്ചെങ്കിലും സുൽത്താന താജുൽ ആലമിന്റെ കാലത്താണ് പൂർത്തീകരണം സാധ്യമാകുന്നത്. പരമ്പരാഗത മലായ് സാഹിത്യത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രന്ഥമായ ഈ കൃതി ആഗോള മുസ്‌ലിം ചരിത്രത്തെയും സാഹിത്യത്തെയും കൃത്യമായി ചിത്രീകരിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ട മുഹമ്മദ് നബിയുടെ വംശാവലി ഇബ്‌നു ഇസ്ഹാഖിന്റെ സീറതു റസൂലില്ലാഹ്,  ഇബ്‌നു സഅദിന്റെ കിതാബു ത്വബഖാതുൽ കുബ്റാ എന്നിവയോട് സമാനമാണ്.
 
ആധ്യാത്മിക ദൈവ ശാസ്ത്രത്തിന്റെ ശരിയായതും തെറ്റായതുമായ വ്യാഖ്യാനങ്ങൾ തമ്മിൽ വേർതിരിച്ചെടുക്കാൻ അദ്ദേഹത്തിന്റെ രചനകളിലൂടെ സാധ്യമായി. നൂറുദ്ദീൻ അൽറാനീരിയുടെ പ്രപഞ്ചസൃഷ്ടിയെക്കുറിച്ചുള്ള ആഖ്യാനം ഹിജ്റ 1052/1642-ൽ എഴുതിയ അഖ്ബാറുൽആഖിറ ഫീ അഹ്‌വാലിൽഖിയാമ എന്ന കാലഗണനശാസ്ത്ര കൃതിയിലും കാണാം. മുഹമ്മദ് (സ്വ), ആദമിന്റെ സൃഷ്ടിപ്പ്, മരണം, അവസാന ദിവസത്തെ അടയാളങ്ങൾ, അവസാന ദിവസം, നരകം, സ്വർഗം എന്നിങ്ങനെ ഏഴ് അധ്യായങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.

ഇൽമുൽ കലാമിൽ മാത്രമായി മുപ്പതിലേറെ രചനകളുള്ള ശൈഖ് അൽറാനീരിയുടെ പ്രസ്തുത മേഖലയിലെ പ്രധാന ഗ്രന്ഥങ്ങൾ ഇവയാണ്. അസ്റാറുൽ ഇൻസാൻ ഫീ മആരിഫിർറൂഹി വർറഹ്മാൻ, അഖ്ബാറുൽ ആഖിറതി ഫീ അഹ്‌വാലിൽഖിയാമ, അല്ലാമ ഉമറുന്നസഫിയുടെ അൽഅഖാഇദിന്ന് ശർഹായി ദുർറത്തുൽ ഫറാഇളി ബി ശറഹിൽ അഖാഇദ്, ഇസ്‌ലാമിക കർമശാസ്ത്ര മേഖലയിൽ മലായി സമൂഹത്തെയും സംസ്‌കാരത്തെയും പ്രതിപാദിക്കുന്ന പ്രഥമഗ്രന്ഥമായ സ്വിറാതുൽ മുസ്‌തഖീം (കർമശാസ്ത്രം).

തീർത്തും സമാധാന മാർഗങ്ങളിലൂടെ മാത്രമാണ് ഇന്ത്യൻ മഹാ സമുദ്ര തീര ദേശങ്ങളിൽ ഇസ്‌ലാമിന്റെ വ്യാപനം നടന്നത്. പണ്ഡിതന്മാരുടെയും സൂഫികളുടെയും കച്ചവടവും മറ്റുമായും ബന്ധപ്പെട്ടുള്ള സഞ്ചാരങ്ങളാണ് ഈ ദേശങ്ങളിലെ ഇസ്‌ലാമിന്റെ പ്രസരണത്തിന്റെ പ്രഥമ നിദാനം. അത്തരത്തിൽ ശൈഖ് അൽറാനീരിയുടെ ആച്ചെനീസ് ദ്വീപിലേക്കുള്ള കടന്നുവരവ് അവിടെയുള്ള ഇസ്‍ലാമിക വേരോട്ടത്തിന് ആക്കം കൂട്ടി. ശൈഖ് അൽറാനീരിയുടെ വ്യക്തിത്വവും അദ്ദേഹത്തിന്റെ സാമൂഹിക സാംസ്കാരിക പരിസരത്തെ ക്രിയാത്മക ഇടപെടലുകളും ആധ്യാത്മിക രംഗത്തെ സംവാദങ്ങളും അനന്തമായ ജ്ഞാനോല്പാദനത്തിനു നിദാനമായ രചനാലോകവും ഇന്ത്യൻ മഹാ സമുദ്ര തീരദേശങ്ങളിലേയും  ദ്വീപ് നാടുകളിലേയും  ഇസ്‍ലാമിക വേരോട്ടത്തിന്റെ നാഴികക്കല്ലുകളായി മാറി എന്ന് തന്നെ പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter