ഫലസ്ഥീനികള്‍ക്ക് തങ്ങളുടെ നേതൃത്വത്തെ തന്നെയും മടുക്കുന്നുവോ
ഫലസ്ഥീനില്‍ ഇസ്രയേല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ ചരിത്രം ഏറെ ദൈര്‍ഘ്യമുളളതാണ്. അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിലവില്‍ രണ്ടാഴ്ചയിലേറെ വെസ്റ്റ് ബാങ്ക്, ദഫ, നാബുല്‍സ് തുടങ്ങിയ ഇടങ്ങളില്‍ ഇസ്രയേല്‍ ഉപരോധം തുടരുകയാണ്. വാസ്തവത്തില്‍ ഇസ്രയേലി ഉപരോധത്തില്‍ മാത്രമല്ല ഫലസ്ഥീനി നേതൃത്വത്തിന്റെ നിസ്സംഗതയിലും ഫലസ്ഥീനികള്‍ക്ക് മനം മടുത്തിട്ടുണ്ട് എന്ന് വേണം പറയാന്‍.
ജറൂസലം പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ തലക്കെട്ട് 'ദ ലെയിന്‍സ് ദെനും മറ്റു ഫലസ്ഥീനി ഗ്രൂപ്പുകളും ഇസ്രയേലിനും ഫലസ്ഥീന്‍ അതോറിറ്റിക്കും തലവേദനയാണ്' എന്നായിരുന്നു. ഈ ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് വിഖ്യാത ഫലസ്ഥീനി കോളമിസ്റ്റ് റംസി ബറൂദ് വിശകലനം ചെയ്യുന്നത് വെസ്റ്റ് ബാങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം കൂടുതല്‍ വ്യാപകമാകുന്നതിനെകുറിച്ച് ഇസ്രയേല്‍ സര്‍ക്കാരും ഫലസ്ഥീന്‍ അതോറിറ്റിയും ഒരേപോലെ ആശങ്കകുലരാണെന്നത് ശരിയാണെന്നാണ്. പുതുതായി രൂപീകരിച്ച നാബുല്‍സ് ആസ്ഥാനമായുള്ള, യുവാക്കള്‍ നയിക്കുന്ന ബിഗ്രേഡ് ലയണ്‍സ് ഡെന്‍ ആണ് ഇതിന്റെ കേന്ദ്രമെന്ന് ഇരുവരും സമ്മതിക്കുന്നു.
വെസ്റ്റ്ബാങ്കില്‍ വര്‍ധിച്ചുവരുന്ന ഈ സായുധ പ്രതിരോധം ടെല്‍അവീവിനും റാമല്ലയ്ക്കും മാത്രമല്ല തലവേദന ഉണ്ടാക്കുന്നത്, വെസ്റ്റ് ബാങ്കിലെയും പ്രധാന ഫലസ്ഥീന്‍ നഗരങ്ങളുടെയും അധിനിവേശത്തിന് ശേഷം ഈ പ്രതിഭാസം വളര്‍ന്നുകൊണ്ടിരിക്കുകയാണെങ്കില്‍ അത് ഫലസ്ഥീന്‍ അതോറിറ്റിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായേക്കാം.
പുതുതായി രൂപീകരിച്ച ഗ്രൂപ്പിന്റെ ശക്തിക്ക് ഇസ്രയേല്‍ സൈനിക മേധാവികള്‍ തുരങ്കംവെക്കുന്നത് തുടരുന്നുണ്ടെങ്കിലും അതിന്റെ വേരുകളെ കുറിച്ചോ സ്വാധീനമേഖലയെ പറ്റിയോ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചോ അവര്‍ക്ക് കൃത്യമായ ധാരണയില്ലെന്നതാണ് ശരി.
Read More: ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര ഫോര്‍മുലയെ പിന്തുണച്ച് ആന്‍ജല മെര്‍ക്കല്‍
ഇസ്രയേല്‍ പത്രമായ യെദിയോത്ത് അഹ്രനോത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി ബെന്നിഗാന്റ്‌സ് പറഞ്ഞത് ലയണ്‍സ് ഡെന്‍ 30 അംഗങ്ങളുടെ ഒരു ഗ്രൂപ്പാണെന്നാണ്. എന്നാല്‍ ലയണ്‍സ് ഡെന്‍ ഒരു ഒറ്റപ്പെട്ട കേസല്ല, മറിച്ച് വടക്കന്‍ വെസ്റ്റ് ബാങ്കില്‍ സ്ഥിതിചെയ്യുന്ന നാബുല്‍സ് ബ്രിഗേഡുകള്‍, ജെനീന്‍ ബ്രിഗേഡുകള്‍, മറ്റു ഗ്രൂപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന വലിയ സഖ്യകക്ഷിയുടെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞയാഴ്ച ജെനീനില്‍ മുറിവുകളേറ്റ് മരണത്തിന് കീഴടങ്ങിയ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെയുള്ള ഫലസ്ഥീനികളുടെ കൊലപാതകത്തിനെതിരെ പ്രതികരിക്കുന്നതില്‍ മറ്റു ഫലസ്ഥീന്‍ യൂണിറ്റുകള്‍ക്കൊപ്പം ഈ സംഘവും സജീവമാണ്. ഫലസ്ഥീന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ വെസ്റ്റ് ബാങ്കിലും ഗാസയിലും 170 ലധികം ഫലസ്ഥീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഫലസ്ഥീനി പ്രതികരണത്തില്‍ രണ്ട് ഇസ്രയേല്‍ സൈനികരുടെ കൊലപാതകങ്ങളുണ്ടായി, ഒന്ന് ശുഫാത്തില്‍ ഒക്ടോബര്‍ 8 നും മറ്റൊന്ന് ഒക്ടോബര്‍ 11 ന് നാബുല്‍സിന് സമീപവും. ഈ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഷുഫാത്ത അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണമായും അടച്ചു. ജെനീനിലും മറ്റ് ഫലസ്ഥീനിയന്‍ പട്ടണങ്ങളിലും സമാനമായ ഉപരോധങ്ങള്‍ തുടരുകയും ചെയ്തു.
ഇസ്രയേലിന്റെ ഹിബ്രു മാധ്യമത്തെ ഉദ്ധരിച്ച് ഫലസ്ഥീന്‍ അറബിക് ദിനപത്രമായ അല്‍ ഖുദ്‌സ് റിപ്പോര്‍ട്ട് ചെയ്തത് ഇസ്രയേല്‍ സൈന്യം വരും ആഴ്ചകളില്‍ ലയണ്‍സ് ഡെനെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കുന്നുമെന്നാണ്. വരാനിരിക്കുന്ന പോരാട്ടം മുന്നില്‍കണ്ട് ആയിരക്കണക്കിന് ഇസ്രയേല്‍ സൈനികരെ വെസ്റ്റ് ബാങ്കില്‍ വിന്യസിക്കുമെന്നാണ് ഇസ്രയേല്‍ മാധ്യമം വ്യക്തമാക്കുന്നത്. നാബുല്‍സില്‍ 30 ഫലസ്ഥീന്‍ പോരാളികളെ നേരിടാന്‍ ഇസ്രയേല്‍ തങ്ങളുടെ ഇത്രത്തോളം വലിയ സൈനികരെ അണിനിരത്തുന്നത് തന്നെ, ഈ സംഘത്തെ എത്രമാത്രം ആശങ്കയോടെയാണ് അവര്‍ നോക്കിക്കാണുന്നത് എന്ന് വ്യക്തമാക്കുന്നു.
ഇസ്രയേല്‍ മാത്രമല്ല ഫലസ്ഥീന്‍ അതോറിറ്റിയും ഈ വിഷയത്തില്‍ ആശങ്കാകുലരാണ്. ഒരു സറണ്ടര്‍ ഡീല്‍ (കീഴടങ്ങാന്‍ ആവശ്യപ്പെട്ട്‌കൊണ്ട്) മുന്നോട്ട്‌വെച്ച്‌കൊണ്ട് പോരാളികളെ വശത്താക്കാന്‍ ഫലസ്ഥീന്‍ അതോറിറ്റി ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഈ ഡീലിലൂടെ അവര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് ഔദ്യോഗിക ഫലസ്ഥീന്‍ അതോറിറ്റിയുടെ സൈന്യത്തില്‍ ചേരണമെന്നായിരുന്നു കരാര്‍. അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഫത്ഹിന്റെ അല്‍ അഖ്‌സ ബ്രിഗേഡുകളില്‍പെട്ട പോരാളികള്‍ക്ക് മുമ്പില്‍ മുന്‍കാലങ്ങളില്‍ ഇത്തരം കരാറുകള്‍ വാഗ്ദാനം ചെയ്യപ്പെടുകയും അവ വിജയിക്കുകയും ചെയ്ത അനുഭവത്തിലായിരുന്നു ഇത്തരം ശ്രമങ്ങള്‍ നടത്തി നോക്കിയത്. പക്ഷെ, ഇത്തവണ ആ തന്ത്രം ഫലിച്ചില്ല, ഫലസ്ഥീന്‍ അതോറിറ്റിയുടെ വാഗ്ദാനം സംഘം നിരസിച്ചു. ഫലസ്ഥീന്‍ അതോറിറ്റിയെ സംബന്ധിച്ചെടുത്തോളം അത് കനത്ത പ്രഹരം കൂടിയാണ്.
2021 മെയ് മാസത്തില്‍ സംഘടിപ്പിച്ച യൂണിറ്റി ഇന്‍തിഫാദ ഫലസ്ഥീനികളും പി.എയും തമ്മിലുള്ള ബന്ധത്തിലെ പ്രധാന വഴിത്തിരവായിരുന്നു. ലയണ്‍സ് ഡെനിന്റെയും മറ്റു ഫലസ്ഥീന്‍ ഗ്രൂപ്പുകളുടെയും ഉയര്‍ച്ച വെസ്റ്റ്ബാങ്കിലിപ്പോള്‍ നാടകീയ മാറ്റങ്ങള്‍ക്ക് സാക്ഷിയയിക്കൊണ്ടിരിക്കുകയാണ്. വെസ്റ്റ് ബാങ്ക് മാറുകയാണ്, 2000 മുതല്‍ 2005 വരെയുള്ള രണ്ടാം ഇന്‍തിഫാദയെ കുറിച്ച് ഓര്‍മയില്ലാത്ത പുതുതലമുറയാമ് അവിടെ വളര്‍ന്നുവരുന്നത്. പക്ഷെ അവരും വളര്‍ന്നു വന്നത് നാബുല്‍സിലെയും ജെനിനിലെയും ഹെബ്രോണിലെയും വര്‍ണ്ണ വിവേചനത്തിന്റെയും അധിനിവേശത്തിന്റെയും ഇരകളായിട്ട് തന്നെയാണ്.
അവരുടെ രാഷ്ട്രീയ വ്യവഹാരങ്ങളെയും മുദ്രാവാക്യങ്ങളെയും ചിഹ്നങ്ങളെയും കുറിച്ച് വിലയിരുത്തുമ്പോള്‍ ഈ തലമുറ ഫലസ്ഥീനികള്‍ക്കിടയിലുള്ള വിഭജനത്തിലും നിലവിലെ പ്രത്യയ ശാസ്ത്രങ്ങളിലും മടുത്തിരിക്കുന്നുവെന്ന് വ്യക്തമാണ്. വാസ്തവത്തില്‍ ലയണ്‍സ് ഡെന്‍ ഉള്‍പ്പെടെ പുതുതായി സ്ഥാപിതമായ ബ്രിഗേഡുകള്‍ ഹമാസ്-ഫതഹ് അടക്കമുള്ള മറ്റു പോരാളികളെയും ആദ്യമായി ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്ന ബഹുമുഖ ഗ്രൂപ്പുകളാണെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. സാധാരണ ഫലസ്ഥീനികള്‍ക്കിടയില്‍ ലയണ്‍സ് ഡെനടക്കമുള്ള പുതിയ പോരാളികളോടുള്ള ആവേശവും സ്‌നേഹവും ഇത് വ്യക്തമാക്കിതരികയും ചെയ്യുന്നു. ഉദാഹരണത്തിന് നാബുല്‍സിന്റെ പ്രാന്തപ്രദേശത്ത് പതിയിരുന്ന് ഇസ്രയേലിനോട് പോരാടി കൊല്ലപ്പെട്ട ഫലസ്ഥീന്‍ പോരാളിയായ സഈദ് അല്‍ കുനി ലയണ്‍സ് ഡെനിലെ അംഗമായിരുന്നു.
ഇനി പ്രതീക്ഷിക്കുന്നത്, ഇസ്രയേല്‍ ചെയ്യുന്നതെന്തും എപ്പോഴും ചെയ്യും, ഒരു പക്ഷെ കൂടുതല്‍ സേനയെ വിന്യസിക്കാം, ആക്രമിക്കാം, കൂടുതല്‍ പേരെ കൊലപ്പെടുത്താം, വിമതരുടെ ടൗണുകളും അഭയാര്‍ത്ഥി ക്യാമ്പുകളും തകര്‍ക്കാം, ഉപരോധിക്കാം, അങ്ങനെ എന്തും. പക്ഷെ ഇപ്പോഴെങ്കിലും പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യം വെസ്റ്റ്ബാങ്കില്‍ വളരുന്ന പോരാട്ടം ജെനീനിലെയും നാബുല്‍സിലെയും ഏതാനും പോരാളികള്‍ സൃഷ്ടിച്ചതല്ല, മറിച്ച് യഥാര്‍ത്ഥ ജനവികാരത്തിന്റെ ഫലമാണ്. പക്ഷെ ഇതിപ്പോഴും പലരും തിരിച്ചറിയുന്നില്ലെന്ന് മാത്രം.
ഫലസ്ഥീന്‍ പോരാട്ടത്തെ കുറിച്ച് ഒരു ഇസ്രയേലി കമാണ്ടര്‍ ഈയിടെ വിവരിച്ചത് ഇസ്രയേല്‍ മാധ്യമം പ്രസിദ്ധീകരിക്കുകയുണ്ടായി, അതില്‍ അദ്ധേഹം പറയുന്നു: ഞങ്ങള്‍ ജെനീനിലേക്ക് പ്രവേശിക്കുമ്പോള്‍ ആയുധധാരികളായ പോരാളികളും കല്ലെറിയുന്നവരും ഓരോ കോണിലും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന് ഞങ്ങള്‍ കയ്യില്‍ ഒന്നുമില്ലാത്ത ഒരു വൃദ്ധനെ കണ്ടു, അല്‍പ നേരം ആയുധമില്ലാത്ത ഒരാളെ കണ്ടതില്‍ അത്ഭുതപ്പെട്ടെങ്കിലും അദ്ദേഹം ഉടനെ ഒരു കാറിലേക്ക് വലിഞ്ഞ് കയറി ഒരു കാര്‍ഡ് ബോര്‍ഡ്‌പെട്ടി എടുത്ത് ഞങ്ങളെ നേരെ എറിഞ്ഞു'. ഈ അനുഭവം ജനങ്ങള്‍ വിപ്ലവം ഏറ്റെടുത്തതിന്റെ ആവേശമായിട്ടാണ് ഇസ്രയേല്‍ കമാണ്ടര്‍ വിശദീകരിക്കുന്നത്.
ഇസ്രയേല്‍ അധിനിവേശത്തെയും അതിനോട് സഹകരിക്കുന്ന നേതൃത്വത്തെയും ഫലസ്ഥീനികള്‍ക്ക് മുടത്തിട്ടുണ്ട്. ഈ നേതൃത്വത്തെ ഒഴിവാക്കാന്‍ അവര്‍ തയ്യാറാണ്. വാസ്തവത്തില്‍ ജെനീനിലും നാബുല്‍സിലും ഇതിനകം തന്നെ അത്തരം വികാരം വളര്‍ന്നിട്ടുണ്ട്. ഏതായാലും വരാനിരിക്കുന്ന ആഴ്ചകളും മാസങ്ങളും മുഴുവന്‍ ഫലസ്ഥീനികള്‍ക്കും പ്രത്യേകിച്ച് വെസ്റ്റ് ബാങ്ക് നിവാസികള്‍ക്കും തീര്‍ത്തും നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.
Leave A Comment