ഓത്തുപള്ളികളും സ്വാതന്ത്ര്യാനന്തര മലബാർ പുനർനിർമിതിയും
വിശുദ്ധ ഇസ്‍ലാം മനുഷ്യരുടെ കർമങ്ങളെയും ബോധങ്ങളെയും ജാഗ്രതയോടെയാണ് പരിരക്ഷിക്കുന്നത്. ഇതിന്റെ പ്രാരംഭഘട്ടമെന്നോണം ആദ്യമായി പ്രവാചകതിരുമേനി മുഹമ്മദ് (സ്വ) തങ്ങളെയും അവരിലൂടെ സർവ ലോക സ്രഷ്ടാവായ അല്ലാഹുവിനെയും സംബന്ധിച്ച് കുട്ടികൾക്ക് അവരുടെ ചെറുപ്രായത്തിൽ തന്നെ അറിവ് പകരാൻ ഇസ്‍ലാം നിർബന്ധബുദ്ധ്യാ കല്പിക്കുന്നുണ്ട്. തുടർന്ന് മതത്തിൽ നിശ്ചയമായും അറിഞ്ഞുവെക്കേണ്ട അടിസ്ഥാന തത്വങ്ങളെ കൂടി പഠിക്കണമെന്ന് ശഠിക്കുന്ന സ്‍ലാം, വിദ്യാഭ്യാസമെന്ന സാംസ്‌കാരിക പ്രക്രിയക്ക് മഹത്തായ ദൈവിക പരിവേഷം നൽകുന്നു.
ഇസ്‍ലാമിക ചരിത്രത്തിലുടനീളം വിദ്യാഭ്യാസ നവോത്ഥാനത്തിന് മാറ്റുകൂട്ടിയ സംരംഭങ്ങൾ തലയുയർത്തി നിൽക്കുന്നുണ്ടെന്ന വസ്തുത മുസ്‍ലിം സമൂഹത്തിന്റെ അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ നേർസാക്ഷ്യമാണ്. പ്രവാചകാനുയായി ആയിരുന്ന മാലിക് ദീനാറും സംഘവും കൊടുങ്ങല്ലൂരെത്തുകയും അവർക്ക് ദിവംഗതനായ ചേരമാൻ പെരുമാളിന്റെ സാമന്തൻ അദ്ദേഹത്തിന്റെ അന്ത്യോപദേശമായിരുന്ന വസിയ്യത്തനുസരിച്ച് പള്ളി പണിയാൻ അനുമതി നൽകുകയും ചെയ്തുവെന്ന ചരിത്രം തുഹ്‌ഫതുൽ മുജാഹിദീനിൽ സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ പ്രതിപാദിക്കുന്നുണ്ട്. പിൽകാലത്ത് ഇദ്ദേഹത്തിന്റെ പിൻഗാമികളും മറ്റു സത്യവിശ്വാസികളും ഒട്ടനവധി മസ്ജിദുകൾ കൂടി പണികഴിപ്പിച്ചു.
ഇസ്‍ലാമിന്റെ അടിസ്ഥാന കല്പനകളിലൊന്നായ വിദ്യാഭ്യാസം സംസ്ഥാപനം ചെയ്യേണ്ടതിന്റെ ആവശ്യകത വിശ്വാസികൾ മാലിക് ഇബ്നു ദീനാറിന്റെ ഉപദേശങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. തങ്ങൾക്ക് ദൈവം വരദാനമായി തന്ന വിജ്ഞാനം വരും തലമുറക്ക് കൂടി കൈമാറേണ്ടത് തങ്ങളുടെ ബാധ്യതയായി മനസ്സിലാക്കി അവർ ഓരോ പ്രാദേശിക പള്ളികളോടും ചേർന്ന് ഓത്തുപള്ളികളെന്ന് വിളിക്കപ്പെട്ടിരുന്ന വിദ്യാലയങ്ങൾ സ്ഥാപിച്ചു. മലബാറിലെ ഒട്ടുമിക്ക പള്ളികളോടും ചേർന്ന് ഓത്തുപള്ളികൾ ഉണ്ടായിരുന്നു.
ഓത്തുപള്ളി: നിഷ്പത്തിയും ഘടനയും
പാരായണം ചെയ്യുക, പഠിക്കുക ചൊല്ലുക എന്നൊക്കെയാണ് ഓത്ത് എന്ന മലയാള പദത്തിന്റെ അർഥം. കേരളത്തിലേക്ക് ഇസ്‍ലാം കടന്നു വരുന്നതിന് മുമ്പ് തന്നെ ഇവിടുത്തെ ബ്രാഹ്മണരും നമ്പൂതിരിമാരും മന്ത്രം ചൊല്ലുന്നതിനും വേദ പാരായണത്തിനും ഓത്ത് എന്ന പദം ഉപയോഗിച്ചിരുന്നു. പിൽകാലത്ത് മതഗ്രന്ഥമായ ഖുർആൻ, അറബി കിതാബുകൾ, ഇതിഹാസങ്ങളും കീർത്തനങ്ങളുമായ മാലമൗലിദുകൾ ഒക്കെ പാരായണം ചെയ്യുന്നതിന് ഈ വാക്കുപയോഗിച്ചുപോന്നു.
ആദ്യകാലത്ത് ബുദ്ധരുടെയും ജൈനരുടെയും ദേവാലയങ്ങളെയും പാഠശാലകളെയും പള്ളി എന്നായിരുന്നു വിളിച്ചുപോന്നിരുന്നത്. പിന്നീട് സെമിറ്റിക് മതസ്ഥരായ ജൂത ക്രൈസ്തവ ഇസ്‍ലാം വിശ്വാസികൾ ഇതേ പേര് തന്നെ തങ്ങളുടെ ആരാധനാലയങ്ങൾക്കും സ്വീകരിച്ചു. ഓതിപ്പഠിക്കുകയെന്ന രീതി ദീനുൽ ഇസ്‍ലാമിന്റെ ഭാഗമായതിനാലും പള്ളി എന്ന പേര് പൊതുവിൽ ആരാധനയാലയങ്ങൾക്ക് പറഞ്ഞു പോന്നിരുന്നതിനാലും തങ്ങളുടെ ദേവാലയത്തെയും മുസ്‍ലിംകൾ പള്ളി എന്ന് വിളിച്ചുവെന്ന് അനുമാനിക്കപ്പെടുന്നു. ഓതിപ്പഠിപ്പിക്കുന്ന ഏത് വിദ്യാലയത്തെയും ഓത്തുപള്ളിയെന്ന് വിളിക്കാമെങ്കിലും അതിനൊരു ഖര രൂപം തന്നെ പ്രചാരത്തിലുണ്ടായിരുന്നു.
മണ്ണുതറമേൽ വിറകുകാലുകൾ നാട്ടി ഓലമേഞ്ഞ മേൽക്കൂര സ്ഥാപിച്ച ചുറ്റും തുറസ്സായൊരു ചെറിയ കെട്ടിടമായിരുന്നു ഓത്തുപള്ളിയുടെ ഭൗതിക ഘടന. മൊല്ലാക്കമാരെന്ന് വിളിക്കപ്പെട്ടിരുന്ന നിസ്വാർത്ഥരായ മതപണ്ഡിതർ തങ്ങളുടെ സ്വന്തം പുരയിടത്തിലോ പളളിയോട് ചേർന്ന ചായ്പ്പിലോ പള്ളിയുടെ അടുത്ത് കൂര കെട്ടിയോ ഒക്കെ സ്ഥാപിച്ചിരുന്ന ഈ വിദ്യാകേന്ദ്രങ്ങളിൽ, കുറുക്കിയ ചെകിടിമണ്ണ് മരപ്പലകയിൽ പുരട്ടിയുണക്കിയുണ്ടാക്കിയ സ്‌ലേറ്റും ഉണക്കിയെടുത്ത മുളയുടെ അഗ്രഭാഗം കൂർപ്പിച്ചെടുത്ത തൂലികയും ആയിരുന്നു അന്ന് പഠനോപകരണങ്ങൾ. പരിമിത സൗകര്യങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ പ്രകൃതിയിൽ നിന്നുള്ള വസ്തുക്കളെ പരമാവധി ഉപയോഗിച്ചു കൊണ്ടുള്ള ഈ കെട്ടിടങ്ങളിൽ ബെഞ്ച് ഉണ്ടാക്കിയിരുന്നത് കല്ലുകൾക്ക് മുകളിൽ പലക നാട്ടിയായിരുന്നു.
പ്രവേശനം , പാഠ്യപദ്ധതി, പഠനരീതി
മുഹറം മാസത്തിലെ ആദ്യവാരത്തോടെയായിരുന്നു ഓത്തുപള്ളിയിലേക്കുള്ള അഡ്‌മിഷനുകൾ ആരംഭിച്ചിരുന്നത്. കുട്ടികൾക്ക് ആറു വയസ്സാകുന്നതോട് കൂടി ഓത്തുപള്ളിയിലേക്കയക്കാൻ രക്ഷിതാക്കൾ നിഷ്കർഷത പുലർത്തിയിരുന്നു. ചീര്ണി (മധുരം) വിതരണം ചെയ്ത് ചെറിയ രീതിയിലുള്ള ആഘോഷങ്ങളോടെയായിരുന്നു പലപ്പോഴും ഈ പ്രവേശനോത്സവം. ഒരു മൊല്ലാക്കയുടെ സേവനം മാത്രമായിരുന്നു മിക്ക ഓത്തുപള്ളിയിലും ഉണ്ടായിരുന്നത്. പരീക്ഷകളും ക്ലാസുകൾ തരം തിരിച്ചുള്ള അധ്യാപനവും ഇല്ലാതിരുന്നത് നികത്താനാകാത്ത പോരായ്മകളായിരുന്നു. ചില മൊല്ലാക്കമാർ കുട്ടികളെ അശാസ്ത്രീയമായ രീതിയിൽ കഠിന ശിക്ഷയ്ക്ക് വിധേയരാക്കിയത് ഓത്തുപള്ളി സമ്പ്രദായം തകരാനുള്ള കാരണങ്ങളിലൊന്നായി പലപ്പോഴും എണ്ണപ്പെടുന്നു.
കാര്യമാത്ര ഭൗതിക വിദ്യാഭ്യാസം നൽകിയിരുന്നില്ലെങ്കിലും ചിലയിടങ്ങളിൽ ഗണിതം, മലയാളം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചിരുന്നു. ഓത്തുപള്ളിക്ക് കൃത്യമായൊരു പാഠ്യപദ്ധതി ഉണ്ടായിരുന്നില്ല. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പോലുള്ള വ്യവസ്ഥാപിത പണ്ഡിത സഭയുടെ അഭാവമായിരുന്നു ഇതിന് കാരണം. മൊല്ലാക്കമാരുടെ താല്പര്യങ്ങൾക്കും സൗകര്യങ്ങൾക്കുമനുസരിച്ചായിരുന്നു അധ്യാപനമെങ്കിലും അഖീദ, ഫിഖ്ഹ്, അഖ്‌ലാഖ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ അറിവുകൾ വിദ്യാർത്ഥികൾക്ക് നിർബന്ധബുദ്ധ്യാ നൽകപ്പെട്ടിരുന്നു. മിക്ക ഓത്തുപള്ളികളിലും നിസ്‌കാരക്കണക്കും ചുരുക്കം ചിലയിടങ്ങളിൽ പത്തുകിതാബും പഠിപ്പിച്ചിരുന്നു.
അറബി അക്ഷരങ്ങൾ നാവിന് വഴങ്ങുന്നത് വരെ ആവർത്തിച്ച് പറയിക്കുക, പദ്യരൂപത്തിൽ അക്ഷരമാല ചൊല്ലിപഠിക്കുക, പുള്ളികൾ ഉള്ളതും ഇല്ലാത്തതുമായ അക്ഷരങ്ങളെ വേർതിരിച്ചും തൻവീനുകളും മദ്ധക്ഷരങ്ങളും ഹർകത്തുകളുമൊക്കെ കൃത്യമായി മനസ്സിലാക്കിയുമുള്ള പഠനരീതി തെറ്റ് കൂടാതെയുള്ള വിശുദ്ധ ഖുർആൻ പാരായണത്തിന് വളരെയേറെ സഹായകമായി. പേര് സൂചിപ്പിക്കുന്നത് പോലെ ഓത്തുപള്ളിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന് ഖുർആൻ ഓതിപ്പഠിക്കലായിരുന്നു.
മൊല്ലാക്കമാരും അധ്യാപനവും
സുഗമമായ പഠനത്തിന് ഓത്തുപള്ളികളിൽ മൊല്ലാക്കമാർ സ്വന്തമായൊരു ശബ്ദതാരാവലി തന്നെ വാമൊഴിയായി ഉപയോഗിച്ച് പോന്നിരുന്നു. അവരിൽ മിക്കപേർക്കും അന്ന് ഭൗതിക വിദ്യാഭ്യാസമില്ലാത്തതിനാലും ശുദ്ധ മലയാളം വശമില്ലാത്തതിനാലും അറബിയിലെ ഫത്ഹിനും കസ്‌റിനുമൊക്കെ പകരം വെട്ടറാപ്പ്, നീളെറാപ്പ് തുടങ്ങിയ പദപ്രയോഗങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.
ഓത്തുപള്ളിയിലെ മൊല്ലാക്കമാർക്ക് വ്യവസ്ഥാപിതമായൊരു വേതന സംവിധാനം ഇല്ലായിരുന്നു. ഓത്തിനിരുത്താൻ ചേർക്കുന്ന ദിവസം ഒരുറുപ്പിക, വ്യാഴാഴ്ച തോറും പുത്തനെന്ന പേരിൽ ഈടാക്കിയിരുന്ന മുക്കാൽ ഉറുപ്പിക, ഓരോ ജുസ്അ് കഴിയുമ്പോഴും ജുസ്ഇന്റെ വെള്ളി എന്ന പേരിൽ പിരിച്ചെടുത്തിരുന്ന പണം, പെരുന്നാട്ടരി എന്ന പേരിൽ വിശേഷ ദിവസങ്ങളിൽ നൽകിപ്പോന്നിരുന്ന അരി തുടങ്ങിയ ചെറിയ ചെറിയ സഹായങ്ങളായിരുന്നു മൊല്ലാക്കമാരുടെ ജീവിതോപാധി.
അറബി മലയാളവും മാപ്പിള സ്വത്വവും
നിർബന്ധ ബാധ്യതയായ മതപഠനം മാത്രമായല്ല മാപ്പിളമാർ വിദ്യാഭ്യാസത്തെ സമീപിച്ചത്. ഓത്തുപള്ളികളുടെ പഠനമാധ്യമമായി അവർ അറബി മലയാളമെന്ന പുതിയ ലിപി തന്നെ ആവിഷ്ക്കരിച്ചു. ഇസ്‍ലാം സ്വീകരിച്ചെങ്കിലും തങ്ങളുടെ മാതൃഭാഷയായ മലയാളം പൂർണമായും കയ്യൊഴിഞ്ഞ് അറബിയിലേക്ക് ചേക്കേറാൻ അവർ തയ്യാറായിരുന്നില്ല. അങ്ങനെയാണ്, പിൽകാലത്ത് മാപ്പിള അസ്തിത്വത്തിന്റെ അടിവേരായുറച്ച അറബി മലയാളം രൂപം കൊള്ളുന്നത്.
ഓത്തുപള്ളികളിൽ നിന്നും പഠിച്ചെടുത്ത അറബി മലയാളത്തെ മാപ്പിള തന്റെ സാമൂഹിക വ്യവഹാരങ്ങളുടെ ഉന്നമത്തിനായി വിനിയോഗിച്ചു. ഉറ്റവർക്കുള്ള കത്തുകളായും നോട്ടീസുകളായും പ്രമാണങ്ങളായും ആ ലിപി വ്യാപിച്ചു. പ്രസ്തുത ലിപിയിൽ പല രചനകളും നടന്നു. ഇന്ന് നാം കേൾക്കുന്ന മിക്ക പടപ്പാട്ടുകളും, പ്രധാനമായും മോയിൻകുട്ടി വൈദ്യരുടെ ഖിസ്സ, പടപ്പാട്ടുകൾ അറബി മലയാള ലിപിയിലായിരുന്നു എഴുതപ്പെട്ടത്.
അറബികളുടെ ഭാഷയിൽ നിന്ന് മാപ്പിള പല വാക്കുകളും കടമെടുത്തു. ബർകതും അദാലത്തും ഖിസ്മതും ബദലും മയ്യത്തുമൊക്കെ മലബാർ തീരങ്ങളിൽ നിത്യോപയോഗ വാക്കുകളായി. അവിടെ നിന്നും ആ വാക്കുകൾ മാപ്പിള മുസ്‍ലിമുകളുടെ സ്വന്തം ഡിക്‍ഷനറിയിലേക്ക് ചേർക്കപ്പെട്ടു. മലബാർ സമരകാലത്ത് പോരാളികൾ തമ്മിൽ രഹസ്യ സന്ദേശങ്ങൾ കൈമാറാൻ ഈ ലിപി ഉപയോഗിക്കപ്പെട്ടെങ്കിലും പിന്നീടതിന്റെ രഹസ്യ സ്വഭാവം നഷ്ട്ടപ്പെട്ടതോടെ ഈ നീക്കം കയ്യൊഴിയേണ്ടി വന്നു. മലബാറിലെ മുസ്‍ലിം സമൂഹത്തിന്റെ നിലനില്പിലും സ്വത്വനിർമിതിയിലും അതിജീവ പോരാട്ടങ്ങളിലും അറബി മലയാളമെന്ന പഠന മാധ്യമം വഴി ഓത്തുപള്ളികൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
ഓത്തുപള്ളിയും മതസ്വാതന്ത്ര്യവും
ഭാരതമാകെ പടർന്നുകിടന്നിരുന്ന ഹിന്ദു മതത്തിലേത് പോലുള്ള ജാതീയ വേർതിരിവുകൾ ഇസ്‍ലാം ശക്തിയുക്തം എതിർക്കുന്നുണ്ട്. അതിനാൽ തന്നെ സവർണർ മാത്രം അഭ്യസിക്കേണ്ട ഒന്നായല്ല മതമെന്ന സത്യത്തെ ഇസ്‍ലാം പരിചയപ്പെടുത്തുന്നത്. മതത്തിലെ അടിസ്ഥാനവസ്തുതകൾ എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കാൻ ആഹ്വാനം ചെയ്യുന്ന അല്ലാഹു, ഒരാൾ മതത്തിൽ എത്രത്തോളം പാണ്ഡിത്യം നേടുന്നുവോ ആ പഠിതാവിന് അത്രത്തോളം മഹത്വമുള്ളതായി പ്രഖ്യാപിക്കുന്നുണ്ട്.
"അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരാൾ പഠനവീഥിയിലേക്കിറങ്ങിയാൽ സ്വർഗത്തിലേക്കുള്ള വീഥി അയാൾക്ക് അല്ലാഹു എളുപ്പമാക്കി കൊടുക്കുമെന്നുള്ള" പ്രവാചക വചനം ഇതിനുപോൽബലകമാണ്. അനുവദനീയമെന്നതിലുപരി നിർബന്ധമാണ് ജ്ഞാനമെന്ന് കല്പിക്കുന്ന ഇസ്‍ലാം വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു. ഖുർആനിൽ ആദ്യമായി അവതീർണമായ അധ്യായം "നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ നീ വായിക്കുക" എന്ന വൈജ്ഞാനിക വിളംബരം മുഴക്കിക്കൊണ്ടാണ് തുടങ്ങുന്നത്. ശേഷം, "പേന കൊണ്ട് പഠിപ്പിച്ചവനാണവൻ, തങ്ങൾക്ക് അജ്ഞാതമായതിനെ കുറിച്ച് അവൻ മനുഷ്യന് വിജ്ഞാനം പകർന്നു" എന്ന സൂക്തങ്ങളും കാണാം.
മതവിദ്യാഭ്യാസം രക്ഷിതാക്കൾ മക്കൾക്ക് നിർവഹിച്ചു കൊടുക്കേണ്ട നിർബന്ധബാധ്യതയാണ് ഇസ്‍ലാമിൽ. മുമ്പ് പ്രസ്താവിച്ച പോലെ ഇദംപ്രഥമമായി പ്രവാചകൻ മുഹമ്മദ് (സ്വ) എന്നൊരാളുണ്ടെന്നും അദ്ദേഹം മക്കയില്‍ അയക്കപ്പെട്ടുവെന്നും മദീനാശരീഫിൽ ഖബറക്കപ്പെട്ടുവെന്നും നിസ്കാരം പഠിപ്പിക്കുന്നതിന് മുമ്പേ കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കണം
ഓത്തുപള്ളി : പരിഷ്കരണവും പരിവർത്തനവും
പൊതുജനങ്ങളുടെ പുരോഗമന ചിന്താഗതിയും ഭൗതിക വിദ്യാഭ്യാസം നിർബന്ധമാക്കാനുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ നീക്കവും മദ്രാസ് സംവിധാനത്തിന്റെ കടന്നുവരവുമൊക്കെയാണ് ഓത്തുപള്ളികൾ അന്യം നിന്നുപോകാനുള്ള പ്രധാന കാരണങ്ങൾ. മുമ്പ് സൂചിപ്പിച്ചത് പോലെ ഭൗതിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മാപ്പിളമാരുടെ സമരസ്വഭാവത്തിന് കാരണമെന്ന് നിരീക്ഷിച്ച ബ്രിട്ടീഷുകാർ അതിനെ ചെറുക്കാനുള്ള ആദ്യ പടിയെന്നോണം 1871 ലും പിന്നീട് 1894 ലും ഗവൺമെന്റ് വക ഗ്രാന്റുകൾ നൽകി ഓത്തുപള്ളികളെ നവീകരിച്ചു. 1921 ൽ ഓത്തുപള്ളികളിൽ സെക്കുലർ വിദ്യാഭ്യാസം നിർബന്ധമാക്കണമെന്ന് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചതോടെ ഓത്തുപള്ളികളെല്ലാം കൂട്ടത്തോടെ മാപ്പിള സ്കൂളുകളായി പരിവർത്തിക്കപ്പെട്ടു.
സർക്കാർ സ്ഥാപനങ്ങളിൽ മതകീയ ചടങ്ങുകളും മത വിദ്യാഭ്യാസവും പാടില്ലെന്ന സ്വതന്ത്ര ഭാരത ഭരണഘടനയിലെ ആർട്ടിക്കിൾ 28 പ്രാബല്യത്തിൽ വന്നതും ഓത്തുപള്ളികൾക്ക് തിരിച്ചടിയായി. കേരളത്തിൽ പ്രവാസം ക്രമാതീതമായി വർധിക്കുകയും അത് വഴി മലബാറിലേക്ക് ഗൾഫ് പണം ഒഴുകുകയും ചെയ്തത് മുസ്‍ലിം സമുദായത്തെ കൂടുതൽ പുരോഗനാത്മക വിദ്യാഭ്യാസ പ്രക്രിയയിലേക്ക് മാറാൻ പ്രേരിപ്പിക്കുകയും ചെയ്തു.
സംഗ്രഹം
ആയിരത്തി തൊള്ളായിരങ്ങളിലെ മലബാറിലെ വിദ്യാഭ്യാസ സാഹചര്യങ്ങളെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം. ആദ്യ കാലത്ത് സമുദായികമായ പല കാരണങ്ങളാൽ മാപ്പിളമാർക്ക് ഭൗതിക വിദ്യാഭ്യാസത്തിൽ ശ്രദ്ധയൂന്നാൻ കഴിഞ്ഞിരുന്നില്ല. വിദേശ ഭാഷകളോടും അവർ മുന്നോട്ട് വെക്കുന്ന പഠന രീതിയോടുള്ള വിരോധം, സമൂഹത്തിലുള്ള മത പണ്ഡിതരുടെ സ്വാധീനം തുടങ്ങിയവയൊക്കെ അതിനുള്ള കാരണങ്ങളായിരുന്നു. എങ്കിലും പ്രസ്തുത നിലപാടുകളെ അന്നത്തെ സമര സാഹചര്യങ്ങളോട് ചേർത്ത് വായിക്കുന്നതായിരിക്കും ഉചിതം.
വളർന്നുവരുന്ന തലമുറ ഭൗതിക വിഷയങ്ങളിലേക്ക് തിരിഞ്ഞാൽ മത വിഷയങ്ങൾ അവഗണിക്കപ്പെടുമോ എന്ന സ്വാഭാവികമായ ആശങ്കയും അവർക്കുണ്ടായിരുന്നു. ഓത്തുപള്ളികൾ പലപ്പോഴും നിർദിഷ്ട പഠന സമയത്തിന് ശേഷം ഗണിതം, മലയാളം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന സ്കൂളുകളായി പ്രവർത്തിച്ചു. വിദ്യാഭ്യാസകുറവാണ് മാപ്പിളമാരെ സമരമുഖത്തേക്ക് വലിച്ചിടുന്നതെന്ന് നിരീക്ഷിച്ച ബ്രിട്ടീഷ് സർക്കാർ അവർക്ക് വേണ്ടി വിദ്യാലയങ്ങൾ പണിയാനും ഓത്തുപള്ളികളെ സ്കൂൾ നിലവാരത്തിലേക്കുയർത്താനും തീരുമാനിച്ചു. ഇതിനായി അവർ ഗ്രാന്റുകൾ അനുവദിക്കുകയും മൊല്ലമാരെന്ന പേരിൽ അധ്യാപകരെ നിയമിക്കുകയും ചെയ്തു. ഇതുപോലെ മറ്റനേകം സാമൂഹിക കാരണങ്ങളാൽ ക്രമേണ ഓത്തുപള്ളികൾ ഹൈസ്കൂളുകളായി പരിവർത്തിക്കപ്പെട്ടു. ഇന്ന് മലബാറിലുള്ള ഒട്ടുമിക്ക സർക്കാർ ഹൈ സ്കൂളുകളുടെയും ചരിത്രം പരിശോധിച്ചാൽ അവ ഒരു കാലത്ത് ഓത്തുപള്ളികളായിരുന്നുവെന്ന് ബോധ്യപ്പെടും.
നിരക്ഷരതയുടെ അന്ധകാരത്തിൽ നിന്ന് സമൂഹത്തെ വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുകയെന്ന പ്രവാചകധർമമാണ് അന്നത്തെ മൊല്ലാക്കമാർ നിർവഹിച്ചത്. മാപ്പിളയെന്ന കേവലസത്വത്തിൽ നിന്ന് മുസ്‍ലിമെന്ന സത്യവിശ്വാസിയിലേക്കുള്ള പരിവർത്തനമായിരുന്നു ഓത്തുപള്ളി എന്നര്‍ത്ഥം. മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും വിധിവിലക്കുകളും പകരുന്നതോടൊപ്പം സ്വന്തമായൊരു സ്വത്വനിർമിതി കൂടി ഇതിലൂടെ സാധ്യമായി.
ധാർമികതയും സദാചാരവും പഠിച്ചതോടെ സ്വാഭാവികമായും മാപ്പിളമാരുടെ ജീവിത നിലവാരം ഉയർന്നു. ദൈവത്തെയും സ്വർഗ്ഗനരകങ്ങളേയും കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അവരുടെ ജീവിതം. ഓത്തുപള്ളി ഉള്ള ദേശവും ഇല്ലാത്ത ദേശവും സാംസ്‌കാരികമായി സ്വാഭാവികമായും അജഗജാന്തരം ഉണ്ടാകും. ദീനിബോധവും മതപ്രബുദ്ധതയും വിശുദ്ധവിശ്വാസങ്ങളും കൊണ്ട് അറിവ്കേടില്‍ കഴിഞ്ഞിരുന്ന ദേശങ്ങളെ സന്മാര്‍ഗത്തിന്റെ ശ്രീകോവിലാക്കാൻ മൊല്ലാക്കമാർക്ക് സാധിച്ചു. അത്കൊണ്ട് തന്നെ ഓത്തുപള്ളിയെ ചുറ്റിപറ്റി പുതിയൊരു സംസ്കാരം ഉടലെടുത്തു എന്ന പറഞ്ഞാൽ അതിശയോക്തിയാകില്ല.
ഒരു കാലത്ത് മാലമൗലിദുകളും റാതീബുകളുമൊക്കെയായി സമുദായത്തെ സജീവമാക്കുന്നതിൽ ഓത്തുപള്ളികളുടെ പങ്ക് അനിഷേധ്യമാണ്. കൃത്യമായൊരു സിലബസ് സംവിധാനമില്ലാത്തതിനാൽ കാലിക സാഹചര്യങ്ങളിൽ സ്വതന്ത്ര ഉദാഹരണങ്ങളോടെ വിധി പറയാൻ, ഫിഖ്ഹ് പഠിപ്പിക്കാൻ മൊല്ലാക്കമാർക്ക് സാധിച്ചിരുന്നു. അന്നത്തെ മാപ്പിളമാരിൽ ഭൂരിഭാഗം പേർക്കും മാലകളും മൗലിദുകളും കാണാപ്പാഠമായതിന് പിന്നിൽ മൊല്ലാക്കമാരുടെ അശ്രാന്തപരിശ്രമമായിരുന്നു.
സ്വന്തമായൊരു സ്വത്വനിർമിതി കൂടി ഓത്തുപള്ളിയിലൂടെ സാധ്യമായെന്ന് പറയുമ്പോൾ അതിന്റെ ചരിത്രം മലബാർ കലാപത്തോളം നീളുന്നുണ്ട്. വൈജ്ഞാനികമായി സമുദ്ധരിച്ച് നിൽക്കുന്ന വിശ്വാസിവൃന്ദത്തെ തങ്ങളുടെ സ്വത്വത്തെയും അസ്‌തിത്വത്തെയും കുറിച്ച് ബോധവാന്മാരാക്കിയത് മൊല്ലാക്കമാരും പള്ളിമിഹ്‌റാബുകളുമായിരുന്നു. തലമുറകൾ കൈമാറിപ്പോന്ന ബദറും ഉഹദും അറ്റനേകം ധർമസമരങ്ങളും ഓത്തുപള്ളികളിലൂടെ ജനമനസ്സുകളിൽ നിറഞ്ഞുനിന്നിരുന്നു. ഓത്തുപള്ളിയിൽ നിന്നും മൊല്ലാക്ക ഓതിപ്പഠിപ്പിച്ച അറബിമലയാളത്തിൽ മാപ്പിള ആവേശം ചിന്തുന്ന പടപ്പാട്ടുകളെഴുതി. കടൽ കടന്ന് വന്ന ബ്രിട്ടീഷ് കൊള്ളക്കാർ നാട് കീഴടക്കാൻ വന്നപ്പോൾ സർവം ത്യജിച്ച് അവർ പോരാട്ടവീഥിയിലേക്കിറങ്ങി. അടിമത്തത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് അടരാടി മലബാറിന്റെ ശുഹദാക്കളായി.
ദീൻ പഠിച്ച മാപ്പിളയെ സംബന്ധിച്ചിടത്തോളമുള്ള ഉറപ്പ് പോരാട്ടം ജയിച്ചാൽ അഭിമാനവും ശഹീദായാൽ ജന്നത്തുൽ ഫിർദൗസുമെന്നതായിരുന്നു. അതുകൊണ്ട് തന്നെ അതിജീവനപോരാട്ടങ്ങളിൽ മാപ്പിളമാരെ സജീവമാക്കിയതും മാപ്പിള എന്ന സ്വതം നിർമിച്ചെടുത്തതും സർവോപരി നിലവിലെ സമ്പന്ന ദീനി ചുറ്റുപാടിന്റെ പ്രധാന സംരംഭകരും ഓത്തുപള്ളിക്കളായിരുന്നുവെന്ന് നിസ്സംശയം പറയാം.
REFERENCES:
1. Qur’aan
2. SEA, COMMUNITY AND LANGUAGE: A STUDY ON THE ORIGIN AND DEVELOPMENT OF ARABI- MALAYALAM LANGUAGE OF MAPPILA MUSLIMS OF MALABAR
3. മതവിദ്യാഭ്യാസം: കാലം, ദേശം, സംസ്‌കാരം. ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സുവനീര്‍
4. Bastions of Believers: Madrasas and Islamic Education in India, Yogindar Sikand, Penguin Books.
5. Shamsudheen, K.O.. Mappila Malayalam. Kozhikode: Lipi Publications.
6. ഇസ്‍ലാമിക വിജ്ഞാന കോശം, ഐ.പി.എച്ച്
7. സമസ്തകേരള: മലപ്പുറം ജില്ലാ സുവർണ ജൂബിലി പതിപ്പ്
8. പ്രബോധനം സ്‌പെഷല്‍ പതിപ്പ് (1998)
9. തുഹ്ഫത്തുൽ മുജാഹിദീൻ, സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ
Leave A Comment