വാഴ്ത്തപ്പെട്ട നവോത്ഥാനം: കേരളമുസ്‌ലിംകള്‍ക്കിടയില്‍ സംഭവിച്ചത് എന്തായിരുന്നു?

കേവലം മാനുഷിക യുക്തിയെ മാത്രം മാനദണ്ഡമാക്കി രൂപംകൊണ്ട നവോത്ഥാനത്തിന്റെ നൂറ്റാണ്ടാഘോഷിക്കുന്നവരുടെ വാദഗതികള്‍ ചര്‍ച്ചാ വിധേയമാക്കേണ്ടതുണ്ട്. പൊതുസമൂഹത്തിലെ ചെറുപക്ഷമെങ്കിലും ധരിച്ചതു പോലെ, കേരള മുസ്‌ലിം നവോത്ഥാന നായകരെല്ലാം നവീകരണ വാദികളാണെന്ന ചിന്ത ബോധമണ്ഡലങ്ങളില്‍ എങ്ങനെ സ്ഥിരപ്രതിഷ്ഠ നേടിയെന്നതിന് ഒരുപക്ഷേ, സുന്നി യാഥാസ്ഥിതിക പക്ഷത്തുനിന്നും വേണ്ടപ്പെട്ട അവസരോചിത ഇടപെടലുകളൊന്നും നടന്നിട്ടില്ലായെന്നതാവാം കാരണം. ഒരു സമൂഹം അതിന്റെ സാമൂഹിക സാംസ്‌കാരികമായ ആത്മവീര്യം ക്ഷയിച്ച് മറ്റൊരു സംസ്‌കാരത്തിനും ആധിപത്യത്തിനും വിധേയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് ആദര്‍ശപരമായ കരുത്ത് നേടിക്കൊടുക്കുകയെന്നതിലാണ് നവോത്ഥാനത്തിന്റെ കേവല പരികല്പന അന്വര്‍ത്ഥമാകുന്നത്. തികച്ചും ആധ്യാത്മിക ജീവിതം നയിച്ചിരുന്ന പാരമ്പര്യ പൈതൃകത്തിന്റെ അവകാശികളുടെ അസ്തിത്വത്തിലേക്ക് കയറിച്ചെന്ന് പരിഷ്‌കരണ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ആവലാതികളും വേവലാതികളും ചില നേരറിവുകളുടെ ഫലമാണ്. യൂറോപ്പില്‍ നിലനിന്നിരുന്ന വചന കേന്ദ്രിതമായ സംഹിതയെയും അതിലെ ജ്ഞാനവ്യവസ്ഥയെയും കൈയൊഴിഞ്ഞ് മനുഷ്യന്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയിറങ്ങി, ജ്ഞാനബോധവും മൂല്യബോധവും നേടിയെടുക്കുന്നതില്‍ നിന്നാണ് നവോത്ഥാനം പിറവികൊള്ളുന്നത്. പാശ്ചാത്യമാനദണ്ഡ വിലയിരുത്തല്‍ പ്രകാരം, ഒരു സംസ്‌കാരം നിലനില്‍ക്കുന്ന പ്രദേശത്തെ, സമൂഹത്തെ പരിഷ്‌കരിച്ച് പാശ്ചാത്യവല്‍ക്കരിക്കുക, പരമ്പരാഗതമായ ആയുധങ്ങള്‍ അടിയറവയ്ക്കുകയെന്നതാണ്. യഥാര്‍ത്ഥത്തില്‍ അത്തരമൊരു സമീപനമാണ് എട്ടുകാലി മമ്മൂഞ്ഞി ചമയുന്നവര്‍ കേരളത്തില്‍ ചേര്‍ത്തുവച്ചത്.

ആരൊക്കെയോ ചേര്‍ന്ന് എന്തൊക്കെയോ പരിഷ്‌കരണങ്ങള്‍ നടത്തിയതിനും മാറ്റത്തിരുത്തലുകള്‍ കുറിച്ചതിനും നവോത്ഥാനമെന്ന് പറയുന്നത് മൗഢ്യമാണ്. ഓരോ മേഖലയിലും നവോത്ഥാനം നടന്നിട്ടുണ്ടെന്നതിന്റെ നേര്‍ദിശയാണ് ഇന്ത്യന്‍ നവോത്ഥാന ശില്പിയായി രാജാറാം മോഹന്‍ റോയിയെയും ഹൈന്ദവ നായകനായി സ്വാമി ദയാനന്ദ സരസ്വതിയെയും ദേശീയ രാഷ്ട്രീയ നേതാവായി ബാലഗംഗാദര തിലകനെയും ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍, അതിലും ഭേതകമായ നവോത്ഥാനമാണ് കേരള മുസ്‌ലിമിന്റെത്. കാലാന്തരങ്ങളില്‍ ഉയര്‍ന്നുവന്ന പുതിയ വാദങ്ങളുടെ അതിപ്രസരണത്തില്‍ ചില വികല ചിന്താധാരകളും പുത്തന്‍ പ്രവണതകളും അന്തസംസ്‌കാരത്തെ സ്വീകരിച്ചപ്പോള്‍ അതിനെയൊക്കെ തിരസ്‌കരിച്ച് മുന്നേറിയ ചിത്രമാണ് നവോത്ഥാന നായകന്മാര്‍ക്കുള്ളത്. സമുദായത്തിന്റെ ചിരപരിചിതമായ നവോമണ്ഡലങ്ങളെ ആമൂലാഗ്രം പിഴുതെറിഞ്ഞ് പഴയതിനെ തള്ളിയും പുതിയതിനെ പ്രതിഷ്ഠിച്ചും മാളത്തിലൊളിക്കുന്ന സമീപനമാണ് നവോത്ഥാന കുത്തക അവകാശപ്പെടുന്നവര്‍ ഇന്നുവരെ സ്വീകരിച്ചുപോന്നത്. വാഴ്ത്തപ്പെടുന്ന 'പുണ്യ പുരുഷ'രുടെ യഥാര്‍ത്ഥ ചരിത്രം അവലോകനം ചെയ്താല്‍ നവോത്ഥാനത്തിന്റെ പേരിലുള്ള വ്യാജോക്തി തകര്‍ന്നു വീഴുമെന്നതിലുപരി, മുസ്‌ലിം നവോത്ഥാനത്തിന്റെ കാലഗണന 1920കളില്‍ തളച്ചിടുന്നതിന്റെ അര്‍ത്ഥശൂന്യതയും പ്രഭവകേന്ദ്രം കൊടുങ്ങല്ലൂരില്‍ കുറ്റിയടിക്കുന്നതിന്റെ താല്‍പര്യം മനസ്സിലാകും. ജീവിതത്തിന്റെ നിയോഗങ്ങളില്‍ വന്നുചേര്‍ന്ന പുത്തന്‍ പ്രവണതകളെ അന്യംനിര്‍ത്തി ഏകദൈവിക വ്യവസ്ഥയും തത്വസംഹിതയും ഭൗതികജ്ഞാനവും സംജ്ഞയായി രൂപപ്പെടുമ്പോള്‍ മാത്രമേ നവോത്ഥാനത്തിന്റെ കല്‍പിത അര്‍ത്ഥം യാഥാര്‍ത്ഥ്യമാവുന്നത്. ഇവിടെയാണ് പൊന്നാനി മഖ്ദൂമുമാരും ഉമര്‍ ഖാളിയും ചരിത്രത്തിലേക്കു വെളിച്ചം വീശുന്നത്. അവരിവിടെ ചെയ്തുപോയ പ്രവര്‍ത്തനങ്ങളില്‍ നവോത്ഥാനച്ചുവയുണ്ടായിരുന്നില്ലേ? അവരെഴുതിയ കൃതികളില്‍ പകര്‍ന്നത് നവജാഗരണത്തിന്റെ മഷിത്തുള്ളികളല്ലേ? നയിച്ച സമരങ്ങളില്‍ മുഴങ്ങിക്കേട്ടത് പുതുമയെ ലക്ഷീകരിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നില്ലേ... അന്യായങ്ങള്‍ പറഞ്ഞ് പുകമറ  സൃഷ്ടിച്ച് ഇത്തരം പണ്ഡിതരെ തിരശ്ശീലക്കു പിന്നിലൊളിപ്പിക്കുന്നതിന്റെ സാംഗത്യം പുറത്തുവരേണ്ടതുണ്ട്. വാഴ്ത്തപ്പെടുന്ന നവോത്ഥാനത്തിന്റെ അഗ്രിമസ്ഥാനത്ത് അപ്പോസ്തലന്‍മാരായി വക്കം മൗലവി, കെ.എം. മൗലവി തുടങ്ങിയവരെയൊക്കെ പുകഴ്ത്തിപ്പാടുന്നവര്‍ ഏതു നവോത്ഥാനത്തിന്റെ പൂമാലയാണ് അവരുടെ കഴുത്തില്‍ ചാര്‍ത്തുന്നതെന്ന ചോദ്യം ബാക്കിയാവുകയാണ്. ഇതിനു പിന്നില്‍ സാമ്രാജ്യത്വ ഭരണകൂട തന്ത്രങ്ങള്‍ എത്രകണ്ട് സ്വാധീനിച്ചു എന്നന്വേഷിച്ചറിയേണ്ടതുണ്ട്.

കെ.എം. മൗലവിയെ വീരനായകനാക്കി ചിത്രീകരിക്കുന്നവര്‍ അത്യന്തം വിചാരപ്പെടേണ്ട ചില വസ്തുതകളുണ്ട്. മലബാര്‍ കലാപം കേരളാഭ്യന്തര ദേശത്ത് രൂഢമൂലമാവുമ്പോള്‍, കലാപത്തിന്റെ പ്രഭവ മസ്തിഷ്‌കമെന്നു മുദ്രകുത്തി പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ആലി മുസ്‌ലിയാര്‍, കെ.എം. മൗലവി എന്നിവരെ അറസ്റ്റ് ചെയ്യാന്‍ അന്നത്തെ മലബാര്‍ കലക്ടര്‍ തോമസ് റെഡ്ഡിവാറണ്ട് പുറപ്പെടുവിച്ചു. അനന്തരം പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ ഒളിവില്‍പോയ മുസ്‌ലിംകളെ സമരസജ്ജരാക്കി. ആലി മുസ്‌ലിയാരെ വിചാരണക്കു വേണ്ടി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. വീരനായകനായ(?) കെ.എം. മൗലവി അറസ്റ്റിനെ ഭയന്നോടി ആദ്യം കരിപ്പൂരിലും പിന്നീട് പുളിക്കലിലും അഭയം പ്രാപിച്ചു. അപ്പോഴേക്കും എം.സി.സി. സാഹിബിന്റെ സന്ദേശം ലഭിക്കുക വഴി കെ.എം മൗലവി 'എല്ലാം സര്‍വശക്തനില്‍ സമര്‍പ്പിച്ച് നവോത്ഥാനത്തിന്റെ പ്രഭവ കേന്ദ്രമായി കൊണ്ടാടുന്ന കൊടുങ്ങല്ലൂരിലേക്കു മടങ്ങി. വെള്ളച്ചെകുത്താന്‍മാരുടെ തോക്കിനു മുമ്പില്‍ വിരിമാറ് കാണിച്ച് ശക്തിയുക്തം പോരാടിയ ധീരദേശാഭിമാനികളെ വകഞ്ഞുമാറ്റി ഭയവിഹ്വലനായി പിന്തിരിഞ്ഞോടിയവരെ പൂവിട്ടു പൂജിക്കുന്നത് അപഹാസ്യം തന്നെയാണ്. വാഴ്ത്തപ്പെട്ട നവോത്ഥാനത്തിന്റെ വീഴ്ചകളാണ് ഇത്തരമാളുകളെ അഗ്രിമസ്ഥാനത്ത് പ്രതിഷ്ഠിച്ച് കാണിക്കുന്നത്. നവോത്ഥാനത്തിന് പ്രാദുര്‍ഭവമെന്നു  ചിലര്‍ ചിലങ്ക കൊട്ടിഘോഷിക്കുന്ന 'ഐക്യസംഘം' ഉലകം കാണുന്നത് തന്നെ ആത്മീകമായ അകം വെളിച്ചത്തിന്റെ അഭാവത്തിലാണ്. 1920കളില്‍ കൊടുങ്ങല്ലൂരിലെ പ്രധാന പൗരാണിക കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രജ്ഞിപ്പിക്കുന്നതിനും സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനും വേണ്ടി എറിയാട്ടു ചേര്‍ന്ന വിവിധങ്ങളായ യോഗങ്ങളില്‍ നിന്നും ഉലകം കണ്ടതാണ് ഐക്യസംഘം.

മസോണിസത്തിന്റെ ചാരന്മാരായ ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. ഇസ്‌ലാമിനെ നശീകരണാടിസ്ഥാനത്തില്‍ ഉന്മൂലനം ചെയ്യാന്‍ പാശ്ചാത്യര്‍ വിലപറഞ്ഞു വാങ്ങിയ ജമാലുദ്ദീന്‍ അഫ്ഗാനി, റശീദ് രിള, മുഹമ്മദ് അബ്ദു എന്നിവരുടെ പൊള്ളവാദങ്ങള്‍ പഠിച്ച് വഹാബിസം തലക്ക് പിടിച്ച വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയായിരുന്നു പ്രഥമ യോഗാധ്യക്ഷന്‍. ഇദ്ദേഹം കേരള മുസ്‌ലിംകള്‍ക്കിടയിലെ പാശ്ചാത്യ ഏജന്റ് കൂടിയാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്. ഇവിടെ നിന്നും ഉയിര്‍ത്തെഴുന്നേറ്റതാണത്രെ കേരള മുസ്‌ലിം നവോത്ഥാനം! കുടുംബ അനൈക്യങ്ങള്‍ക്കു പരിഹാരം പ്രതിവചിക്കാന്‍ ഉയിര്‍കൊണ്ട പ്രസ്ഥാനമാണ് നവോത്ഥാനം കെട്ടിപ്പടുത്തതെന്ന വാദം ബുദ്ധിശൂന്യതയെയാണ് വെളിപ്പെടുത്തുന്നത്. നവോത്ഥാനത്തിന്റെ കുത്തക അവകാശപ്പെടുന്നവരുടെ വികല വിചാരങ്ങളും മൗഢ്യ വാദങ്ങളും തലനാരിഴ കീറി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ചരിത്രം വരച്ച നേര്‍രേഖയെയും പഠിപ്പിച്ച പാഠഭേതങ്ങളെയും അവഗണിച്ച് പുറമ്പോക്കിലേക്ക് തള്ളാനാവില്ലല്ലോ. ആത്മിക വശവും ഭൗതിക വശവുമായി വിദ്യാഭ്യാസത്തെ വകതിരിച്ച് ആത്മിക വിദ്യാഭ്യാസത്തെ തിരസ്‌കരിച്ചു. കേവലം വിദ്യാഭ്യാസത്തിന്റെ പുരോയാനത്തെ ലക്ഷീകരിക്കാന്‍ ഭൗതിക വിദ്യാഭ്യാസത്തെ പുരസ്‌കരിച്ചും ഭൗതികവല്‍ക്കരണത്തെ ആത്മികതയുടെ വശമായി ചിത്രീകരിച്ചും തസ്വവ്വുഫിന്റെ സാധുതയെ എടുത്തെറിഞ്ഞും നവനായകന്‍മാര്‍ സ്വയം കണ്ടെത്തലുകള്‍ക്കതീനമായി പുതിയ തിരുത്തലുകള്‍ സൃഷ്ടിച്ചു.

പരിഷ്‌കരണവാദികള്‍ സമുദായത്തിന്റെ പുരോയാനത്തിനു മതമൂല്യങ്ങളെ വലിച്ചെറിഞ്ഞുവെന്നതാണ് ചരിത്രസത്യം. പൈതൃക പാരമ്പര്യത്തെ നിരാകരിച്ച് സകലമാന ഇലാഹീ വൈശിഷ്ട്യങ്ങളെയും വിലകുറച്ച് വീക്ഷിച്ചതോടെ മതവിദ്യാഭ്യാസം ഭൗതിക താല്‍പര്യത്തിലേക്കു വഴിമാറുന്ന കാഴ്ചയായിരുന്നുവത്. വൈജ്ഞാനിക പാടവത്തില്‍ ഇലാഹീ ചിന്തയ്ക്കുള്ള സ്ഥാനത്തെ ചോദ്യം ചെയ്തു. വിശിഷ്ട സാംസ്‌കാരിക ബോധത്തിന്റെ ചൂടും ചടുലതയും ആര്‍ജിച്ചെടുത്ത കേരള മുസ്‌ലിംകള്‍ക്കിടയില്‍ അതിനെ ദൗര്‍ബല്യപ്പെടുത്താന്‍ ഭൗതികജ്ഞാനത്തെ ഉയര്‍ത്തിക്കാട്ടി സാമ്രാജ്യത്വ വിധേയത്വത്തിനടിമപ്പെടാന്‍ പാകപ്പെടുത്തിയെടുത്തു. പ്രധാന ഭൗതിക ഭാഷയായ ഇംഗ്ലീഷിനെ തൊട്ടുതീണ്ടാന്‍ ഭയന്ന മുസ്‌ലിംകള്‍ക്കിടയില്‍ ഇംഗ്ലീഷിനെ സാംസ്‌കാരിക ഭാഷയാക്കി മഹത്തരമായ പൈതൃകത്തെ വലിച്ചിഴച്ചു. ആധ്യാത്മികജ്ഞാനത്തിന്റെ നവസാധ്യതകളെ നിസ്സങ്കോചം വീക്ഷിച്ച് ഭൗതികവിദ്യയാണ് സര്‍വ ഉത്ഥാനങ്ങള്‍ക്കും ഹേതുവായത് എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അവസാനം, പരിഷ്‌കരണത്തിന്റെ പൊടിക്കൈകള്‍ വിദ്യാമേഖലയിലും ഇടപെടലുകള്‍ നടത്തിയപ്പോള്‍ പ്രാഥമികാധ്യാപനങ്ങള്‍ക്ക് മുരടിപ്പ് സംഭവിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാതെ സമുദായ മുസ്‌ലിമിനു മുന്നോട്ടുള്ള കാല്‍വയ്പ് അസാധ്യമാണെന്ന് പറഞ്ഞു പരത്തിയപ്പോഴും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിനു വിള്ളലുകളേല്‍ക്കാതെ തങ്ങളുടെ അഭിമാന പാരമ്പര്യത്തെ സംരക്ഷിക്കാന്‍ മാപ്പിളമാര്‍ സഹിച്ച ത്യാഗങ്ങള്‍ ചെറുതല്ല. സാമ്രാജ്യത്വ വിധേയത്വം ഹൃദയത്തിലേറ്റിയവര്‍ കേരളത്തില്‍ ഭൗതിക സ്ഥാപനങ്ങള്‍ക്കു ശിലയിട്ടു. സ്വാതന്ത്ര്യസമരങ്ങളുടെ മറവില്‍ ആധുനിക ജ്ഞാനത്തിന്റെ പ്രസരിപ്പ് വ്യാപകമാക്കി. വിദ്യാപുരോഗതിയെ മാനദണ്ഡമാക്കി മതവിദ്യയെ അപകീര്‍ത്തിപ്പെടുത്തുംവിധമുള്ള ലഘുലേഖകള്‍ വരെ അടിച്ചിറക്കി. നവോത്ഥാന സ്മാരകങ്ങളായി നിലകൊള്ളുന്ന പള്ളിദര്‍സുകളെ അവഗണിക്കാന്‍ അവര്‍ ലഘുലേഖകളില്‍ പുരട്ടിയ മഷിത്തുള്ളികള്‍ അത്യന്തം വിഷലിപ്തമായിരുന്നു. മുസ്‌ലിംകളെ പാരമ്പര്യത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ച് ഷണ്ഡീകരിക്കാന്‍ 'ഗവണ്‍മെന്റ് മാപ്പിള സ്‌കൂളു'കള്‍ സ്ഥാപിച്ചു. നൂറ്റാണ്ടുകളുടെ നവോത്ഥാന പ്രക്രിയകളിലൂടെ സംസ്‌കരിച്ചെടുത്ത മലയാളികളുടെ ചിന്താകേന്ദ്രങ്ങളില്‍ വലിയ സ്തംഭങ്ങളായി നിലകൊണ്ട ദര്‍സ് സംവിധാനത്തെ തകര്‍ക്കാമെന്ന ഗൂഢതന്ത്രങ്ങളുടെ ഭാഗമായി ചരിത്ര സത്യങ്ങളുടെ ബോധപൂര്‍വമായ ഈ തമസ്‌കരണം നടത്തിപ്പോന്നു. യഥാര്‍ത്ഥത്തില്‍, മുസ്‌ലിംകളുടെ ആത്മീയ അഭൂതപൂര്‍വ വളര്‍ച്ചയില്‍ മനംനൊന്ത് സര്‍വസത്യങ്ങളെയും മറച്ചുവച്ച് സാമ്രാജ്യത്വ ദാസ്യവേലക്കാര്‍ മതമൂല്യങ്ങള്‍ക്ക് അന്യം കല്‍പ്പിക്കുകയായിരുന്നു.

യൂറോപ്യന്‍ നവോത്ഥാനത്തെ വിലയിരുത്തിയതു പോലെ, മത വിരുദ്ധതയും നവീകരണവും ലക്ഷ്യംവച്ച സംരംഭങ്ങളെ മുസ്‌ലിം നവോത്ഥാനമായി കാണുന്നത് തീര്‍ത്തും തെറ്റാണ്. തുര്‍ക്കിയിലെ കമാല്‍ പാഷയെയും കെ.എം. മൗലവിയെയും മറ്റും നവോത്ഥാന നായകരാക്കി അവതരിപ്പിച്ചവര്‍ തന്നെയാണു മതത്തെ പൊളിച്ചെഴുതാന്‍ ശ്രമിച്ചുവെന്ന മാനദണ്ഡമുപയോഗിച്ച് ജമാലുദ്ദീന്‍ അഫ്ഗാനി, മൗദൂദി, വക്കം മൗലവി എന്നിവരെ നവോത്ഥാനക്കുപ്പായമണിയിക്കുന്നത്. മുസ്‌ലിംകള്‍ക്കിടയിലെ സാമ്രാജ്യത്വ ദല്ലാള്‍മാരെയും സയണിസ്റ്റ് ഏജന്റുമാരെയും പടിഞ്ഞാറിനു ദാസ്യവേല ചെയ്തവരെയുമൊക്കെ പിന്നീട് നവോത്ഥാന നായകരും സാമൂഹിക പരിഷ്‌കര്‍ത്താക്കളുമായി വാഴ്ത്തുന്നതാണ് ഇന്നത്തെ കാഴ്ച. പോയ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇസ്‌ലാമിക സമൂഹത്തില്‍ അഫ്ഗാനി, റശീദ് രിള, മുഹമ്മദ് അബ്ദു എന്നീ ത്രിമൂര്‍ത്തികള്‍ വിതച്ച വിനാശത്തിന്റെ കണക്കുകള്‍ പരിശോധിക്കുന്നത് ഒരുപക്ഷേ, പുതിയ സംവാദങ്ങള്‍ക്കുള്ള കാരണമായേക്കാം. മതത്തെ തകര്‍ക്കാന്‍ ജൂതലോബികള്‍ നിയോഗിച്ച ചാരന്‍മാരായിരുന്നു ഈ മൂവര്‍സംഘമെന്നത് ചരിത്രത്തിന്റെ പ്രധാന വഴിത്തിരിവ് തന്നെയാണ്.

തങ്ങളുടെ ദൗത്യനിര്‍വഹണത്തില്‍ ഒരു പരിധിവരെ വിജയിച്ചുവെന്നതിന്റെ ബാഹ്യമുദ്രയാണ് അവര്‍ക്ക് ചാര്‍ത്തിക്കൊടുത്ത നവോത്ഥാന നായകത്വത്തിന്റെ നെറ്റിപ്പട്ടം. ഇവര്‍ക്കു വഴിതെറ്റി സഞ്ചരിക്കാന്‍ പ്രേരകമായതും മതനവീകരണത്തിനു പ്രചോദനമായതും നജ്ദിലെ ഇബ്‌നു അബ്ദുല്‍ വഹാബായിരുന്നു. സത്യാദര്‍ശത്തിന്റെ ഉപരിതലത്തേക്ക് തിരിഞ്ഞുനോക്കി നിവര്‍ന്നു നില്‍ക്കുന്ന തനത് പാരമ്പര്യത്തെ നിരാകരിക്കാനാണ് ഇബ്‌നു അബ്ദുല്‍ വഹാബ് ശ്രമിച്ചത്. ആശയവൈകല്യം ബാധിച്ച ചിന്താധാരകള്‍ കേരളത്തില്‍ പ്രചുരപ്രചാരം നേടിയതു തന്നെ തുര്‍ക്കി ഖിലാഫത്തിന്റെ തകര്‍ച്ചയുടെ കാലത്താണ്. ഖിലാഫത്ത് പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാര ദണ്ഡുകളുപയോഗിച്ച് അടിച്ചൊതുക്കി, മതകേന്ദ്രങ്ങളും ആരാധനാലയങ്ങളും തകര്‍ത്ത് നിരപ്പാക്കിയ മുസ്തഫ കമാല്‍ അത്താതുര്‍ക്കിന്റെ പരിഷ്‌കരണവാദങ്ങള്‍ അബ്ദുല്‍ വഹാബില്‍ നിന്നും കടംകൊണ്ടതാണെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഖിലാഫത്ത് തകര്‍ച്ചയുടെ മനോവേദനകള്‍ കേരളത്തിലെ ഓരോ മുസ്‌ലിമിന്റേതുമായപ്പോള്‍ സ്വാഭാവികമായും ബ്രിട്ടന്റെ നടപടികള്‍ക്കെതിരേ കേരളത്തിലും പ്രക്ഷോഭം വെളിച്ചം കണ്ടു. ഈ പ്രതിസന്ധിയിലാണ് ഐക്യസംഘത്തിന്റെ പിറവിയും പ്രഥമ സമ്മേളനവും നടന്നത്. ബ്രിട്ടന്റെ പ്രസ്താവനകള്‍ മുസ്‌ലിംകളുടെ മാന്യരീതിയെ കൊഞ്ഞനം കുത്തിയപ്പോള്‍ പ്രസ്തുത പ്രസ്താവനകളെ എതിര്‍ത്തും അപലപിച്ചും മുസ്‌ലിംകള്‍ പുതിയ പ്രക്ഷോഭത്തിനു തയ്യാറാവണമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം ഐക്യസംഘത്തിന്റെ പ്രഥമ സമ്മേളനത്തില്‍ അബ്ദുറഹ്മാന്‍ സാഹിബ് അവതരിപ്പിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കിരാതമായ നടപടികള്‍ക്കെതിരേ രൂക്ഷമായ ആരോപണങ്ങളടങ്ങുന്ന പ്രമേയാവതരണം കേട്ട വഹാബികള്‍ നവോത്ഥാന പട്ടം തലയിലണിയിക്കുന്ന മൊയ്തു മൗലവി പ്രമേയത്തെ ഖണ്ഡിച്ച് മറ്റൊരു പ്രമേയം അവതരിപ്പിച്ചതും സാമ്രാജ്യത്വത്തിന്റെ തണല്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടതിനാലാണ്. കേരള മുസ്‌ലിമിന്റെ നവജാഗരണം 20ാം നൂറ്റാണ്ടിലാണെന്ന് എഴുതിയും പറഞ്ഞും നടക്കുന്നവര്‍ അറിയാതെ പോകുന്നതും കണ്ണടക്കുന്നതുമായ ചില സത്യങ്ങളുണ്ട്. 20ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ഖിലാഫത്തിനെ നിഷ്‌കാസനം ചെയ്തു, ബ്രിട്ടീഷ് പാദസേവക്കാരനായ അത്താതുര്‍ക്കിയെ എഴുന്നള്ളിച്ചു എന്നുള്ളതാണ്.

എന്നാല്‍, അത്താതുര്‍ക്ക് നടപ്പാക്കിയ പരിഷ്‌കരണത്തിന്റെയും മുസ്‌ലിം വിരുദ്ധ നയങ്ങളുടെയും തുടര്‍ക്കഥകളുടെ ദൂരവ്യാപകമായ പ്രതിഫലനമാണ് കേരളത്തില്‍ നവോത്ഥാനവാദികള്‍ സൃഷ്ടിച്ചത്. പിന്നീട്, പാശ്ചാത്യ ചിന്തകളുടെ കേരളത്തിലേക്കുള്ള വേലിയേറ്റമായിരുന്നു. ഇസ്‌ലാമിക പൈതൃകത്തെ തകര്‍ത്തെറിഞ്ഞ് പരിഷ്‌കരണങ്ങള്‍ക്കു വേണ്ടി വാദിച്ച അത്താതുര്‍ക്കിനെ, തുര്‍ക്കി പരമോന്നത സ്ഥാനത്ത് പ്രതിഷ്ടിച്ച് മുസ്‌ലിം വിരുദ്ധ പ്രമേയങ്ങള്‍ പാസാക്കുന്നതിലൂടെ പുതിയ സങ്കല്‍പ്പങ്ങള്‍ കൊണ്ടുവരുന്നതില്‍ വിജയിച്ചുവെന്ന തിരിച്ചറിവില്‍ നിന്നാണ് പുത്തന്‍വാദങ്ങള്‍ക്കു ചിറകു മുളച്ചത്. അതിനുവേണ്ടി സാമ്രാജ്യത്വശക്തികള്‍ ആശ്ലേഷിച്ചതാവട്ടെ വക്കം മൗലവി, കെ.എം. മൗലവി എന്നിവരെയും. സാമ്രാജ്യത്വത്തിന്റെ തണലും തഴുകലുമേറ്റ് കുളിരനുഭവപ്പെട്ടപ്പോള്‍ 'ലേറ്റസ്റ്റ് മോഡലിസ്റ്റു'കളായി പാരമ്പര്യത്തിന്റെ നടുവൊടിച്ചു. മേല്‍ പരാമര്‍ശിച്ച ത്രിമൂര്‍ത്തികളുടെ വികല ചിന്തകള്‍ അല്‍പ സ്വല്‍പമായി ബോധങ്ങളില്‍ ഇരുള്‍ വീശിതയോടെ സാമ്പ്രദായിക തിരസ്‌കരണത്തിന്റെ പുതിയ മാനങ്ങളെ തെരഞ്ഞെടുത്തു.

ഖുതുബയെ അനറബി വല്‍കരിച്ചും (മാതൃഭാഷ) സ്ത്രീ പള്ളി പ്രവേശം 'നിര്‍ബന്ധ'മാക്കിയും മറ്റും പൈതൃകത്തിന്റെ ശിലാഫകത്തെ എടുത്തുകളഞ്ഞതോടെ മതനവീകരണ പരിഷ്‌കരണങ്ങളിലൂടെ മതത്തിനു പുതിയ മുഖം പരിചയപ്പെടുത്തി. മനുഷ്യന്റെ ധൈഷണിക കഴിവുകള്‍ക്ക് ഇലാഹീ ജ്ഞാനത്തിന്റെ അനന്ത സാധ്യതകളെ ഉള്‍ക്കൊള്ളന്‍ സാധിക്കില്ലായെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടായിരുന്നു ഈ യുക്തിവാദത്തിന് അടിത്തറ പാകിയത്. അല്ലാഹുവില്‍നിന്നുള്ള വചനപ്രവാഹത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്താനാവാത്തത് യുക്തിയുപയോഗിക്കാന്‍ കാരണമായി കണക്കാക്കി. അല്ലാഹുവിലും യുക്തിവാദത്തിലും ഒരുപോലെ വിശ്വസിച്ച് മതത്തിന്റെ മൗലികതയെ ചോദ്യം ചെയ്തു; അങ്ങനെ ഖുര്‍ആനും ഹദീസും യുക്തിക്കനുസരിച്ച് വിചാരണചെയ്യപ്പെട്ടു. ആധുനികത (ഇസ്‌ലാമിന്റെ)യുടെ അടിത്തറ യുക്തിബോധമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. സമൂഹത്തിന്റെ മഹോന്നതമായ മൂല്യബോധത്തെയും അല്ലാഹുവിലുള്ള വിശ്വാസത്തെയും ചോദ്യം ചെയ്തുവെന്നുവേണം പറയാന്‍. മത വിധിവിലക്കുകള്‍ കേവലം പഴഞ്ചനാണെന്ന അപകര്‍ഷതാബോധം ജനമനസ്സുകളില്‍ വന്നതോടെ ഇസ്‌ലാമിക മൂല്യങ്ങള്‍ അപക്വവും അപകടകരവുമാണെന്ന് ധാരണയുണ്ടാക്കി.

യുക്തിചിന്തയ്ക്ക് പ്രാമുഖ്യം നല്‍കി മതത്തെ സമീപിക്കാന്‍ തയ്യാറായപ്പോള്‍ ഇസ്‌ലാമിക തത്വസംഹിതകളെ നിരാകരിക്കേണ്ടിയും വന്നു. ഇതിനെല്ലാം കൂടുതല്‍ പാത്രമായതും അടിമപ്പെട്ടതും ഖുര്‍ആനും തിരുചര്യയുമായിരുന്നു. പൈതൃക പാരമ്പര്യത്തിന്റെ നേരെഴുത്തുകളെ പടിഞ്ഞാറിന്റെ കോണിലൂടെ വീക്ഷിക്കാനുള്ള കല്‍പനകള്‍ യുക്തിയുടെ പൂര്‍ണതയ്ക്ക് സഹായകമാണെന്നു കരുതി. ഫിര്‍ഔനും കിങ്കരന്‍മാരും മൂസാ നബി(അ)മിനെ പിന്തുടര്‍ന്നപ്പോള്‍ അല്ലാഹുവില്‍ നിന്നുള്ള ആജ്ഞ പ്രകാരം കടലില്‍ വടി കൊണ്ടടിക്കുകയും കടല്‍ പിളര്‍ന്ന് രൂപപ്പെട്ട വഴിത്താരയെ നടപ്പാതയാക്കി മൂസാ നബി(അ) രക്ഷപ്പെട്ടതും ഖുര്‍ആനില്‍ സുവ്യക്തം പ്രതിപാദിച്ചിട്ടുണ്ട്. പക്ഷേ, യുക്തിചിന്തയ്ക്ക് പ്രാമുഖ്യം നല്‍കി. സി.എന്‍. അഹ്മദ് മൗലവി പ്രത്യുത സംഭവത്തെ വിവരിക്കുന്നുണ്ട്: 'ആ കാലങ്ങളില്‍ കടലിന് ആഴപ്പരപ്പ് കുറവാണെന്നും മണല്‍തരികളും കടല്‍വെള്ളവും അടുത്തുവന്നിരുന്നെന്നും ആദ്യമേയുള്ള (അവിടെ) വഴിയിലൂടെ നടന്നാല്‍ ആര്‍ക്കും രക്ഷപ്പെടാമായിരുന്നെന്നും' അദ്ദേഹം  എഴുതിച്ചേര്‍ത്തു!! ഇതോടെ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ അപരാധത്തിനുടമയുമായി സി.എന്‍. പ്രവാചക മുഅ്ജിസത്തിന്റെ സാധുതയെ വലിച്ചെറിഞ്ഞും ഖുര്‍ആന്‍ കൊണ്ടും തിരുസുന്നത്ത് കൊണ്ടും ചികിത്സിച്ചാല്‍ ഭേതമാകില്ലെന്നും ഗുളികയാണ് അത്യുത്തമമെന്നും യുക്ത്യാനുസൃതം പറഞ്ഞു പരത്തി. വിശുദ്ധ ഹദീസ് ഗ്രന്ഥമായ ബുഖാരിയിലെ പല ഹദീസുകളും യുക്തിമാനദണ്ഡമാക്കി വികലമായി ചിത്രീകരിച്ചു. 'ഈച്ച പാനപാത്രത്തില്‍ വീണാല്‍ മുക്കിയെടുക്കുക. ശമനം അതില്‍തന്നെയുണ്ടെ'ന്ന ഹദീസില്‍ പരിഷ്‌കരണം വരുത്തി. ഈച്ചയുടെ മറുചിറകില്‍ ശമനമുണ്ടെന്ന് ശാസ്ത്രം വിധിയെഴുതിയതോടെ സി.എന്നിന് അതംഗീകരിക്കാതെ കഴിഞ്ഞില്ല. തവസ്സുല്‍-ഇസ്തിഗാസയെ പരസ്യമായി ചോദ്യത്തിനു മുന്നില്‍ നിര്‍ത്തി. ഔലിയാക്കളുടെ കറാമത്തുകള്‍ അവമതിക്കപ്പെട്ടു. സാമ്രാജ്യത്വ ശക്തികളുടെ വിയര്‍പ്പു കണങ്ങള്‍ തുടച്ചുമാറ്റിയും യഥാര്‍ത്ഥ നവോത്ഥാന നായകരെയും അവരുയര്‍ത്തിയ പുരോയാന സംരംഭങ്ങളെയും തിരസ്‌കരിച്ചും ചരിത്രത്തിലിടം പിടിക്കാനുള്ള ചില വ്യാജനായകന്‍മാരുടെ ജീവിതചരിത്രത്തിലേക്കു വിരല്‍ചൂണ്ടേണ്ടതുണ്ട്. ഏറെ നൂറ്റാണ്ടുകളായി കേരള മുസ്‌ലിംകള്‍ ആര്‍ജിച്ചെടുത്ത സാമുദായിക സംഘശക്തിയെ അവഗണിച്ച് പുറമ്പോക്കിലേക്കെറിയുന്ന സമ്പ്രദായത്തിന്റെ ഉത്ഭവ വളര്‍ച്ചകള്‍ പരിശോധിച്ചാല്‍ നവോത്ഥാനത്തിന്റെ പേരില്‍ എട്ടുകാലി മമ്മൂഞ്ഞി ചമയുന്നവര്‍ അടിച്ചിറക്കിയ പുസ്തകങ്ങള്‍ പിന്‍വലിക്കേണ്ടിവരുന്ന സാഹചര്യം വിദൂരത്താകില്ല. 16ാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ അധിനിവേശ ശക്തികള്‍ക്കെതിരേ സന്ധിയില്ലാ സമരം നയിച്ച മഖ്ദൂം, മമ്പുറം തങ്ങള്‍, കുഞ്ഞാലി മരക്കാര്‍, ഉമര്‍ ഖാളി തുടങ്ങിയവരെ യാഥാസ്തിതികതയുടെ മറക്കു പിന്നിലൊളിപ്പിക്കാന്‍ വ്യാമോഹിക്കുന്ന ഇക്കൂട്ടരുടെ മുഖംമൂടികള്‍ ചരിത്രപരമായ വിശകലനത്തിലൂടെ വലിച്ചെറിയപ്പെടേണ്ടതുണ്ട്.

ചരിത്രപരമായ പിന്‍ബലം ഏറെ ചേര്‍ന്നു നില്‍ക്കുന്നതും സുന്നി യഥാസ്തിക പക്ഷത്താണ്. മലബാര്‍ മാന്വലിലെ വില്യം ലോഗന്റെ ഒട്ടുമിക്ക ആശയങ്ങളും നവോത്ഥാന വാദികള്‍ക്കെതിരേയുള്ള അമ്പെയ്ത്തുകളായി മനസ്സിലാക്കാന്‍ പറ്റും. ''മാപ്പിളമാര്‍ ഏതു കൃത്യവും ചെയ്യുന്നതിനു മുമ്പ് മമ്പുറം തറമ്മല്‍ ജാറത്തില്‍ ചെന്ന് പ്രാര്‍ത്ഥിക്കാറുണ്ടെ''ന്ന മലബാര്‍ മാന്വലിലെ പരാമര്‍ശം 19ാം നൂറ്റാണ്ട് വരെ കേരള മുസ്‌ലിംകള്‍ ആദര്‍ശശുദ്ധിയോടെ ജീവിച്ചിരുന്നു എന്നതിന്റെ അനല്‍പമായ തെളിവാണ്. കൂടാതെ, 'ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം വഹാബിസത്തിനു മുമ്പില്‍ നിരന്തരമായ വര്‍ത്തമാനമേയുള്ളള്ളൂ'വെന്ന് തന്റെ 'ഹറമിലേക്കുള്ള യാത്ര'യില്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ പറഞ്ഞതും കൂട്ടി വായിക്കുമ്പോള്‍ വഹാബിസത്തിന്റെ ഭാവി സാധ്യതകള്‍ നിര്‍വചിക്കാന്‍ സാധിക്കും. ഏതൊരു മുസ്‌ലിം നവോത്ഥാന പ്രസ്ഥാനവും തിരുചര്യയെ അടിസ്ഥാനപ്പെടുത്തിയാണ് വികസിക്കുന്നതെന്ന സാമാന്യ ബോധത്തെയും മറികടക്കാനുള്ള ചിന്തകളാണ് ഇന്നിന്റെ വര്‍ത്തമാനം നേരിടുന്ന വലിയ വെല്ലുവിളി. മൗലികമായ സാഹിത്യ രംഗങ്ങളെ പരിപോഷിപ്പിച്ചും സാമ്രാജ്യത്വ സായിപ്പന്‍മാരോട് കലഹിച്ചും ജിഹാദിന് വരെ ആഹ്വാനം ചെയ്തവര്‍ക്ക് ചരിത്രത്തിലിടമില്ലാതെപോയത് സാമ്രാജ്യത്വവിധേയത്വം കൊണ്ടു മാത്രമാണ്. 'തുഹ്ഫത്തുല്‍ മുജാഹിദീന്‍, സൈഫുല്‍ ബത്താര്‍, തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സുല്‍ബാന്‍' തുടങ്ങിയ കിതാബുകള്‍ നവജാഗരണത്തിന്റെ മുന്നോട്ടുള്ള ശമനത്തിന് അടിസ്ഥാനമായി വര്‍ത്തിച്ചിട്ടുണ്ട്. ഇവിടെ ചിലതെല്ലാം നഗ്‌നമായി വിളിച്ചുപറയുന്നുണ്ട്. ഇലാഹീ ജ്ഞാനത്തിന്റെ അനന്തസാധ്യതകള്‍ക്ക് മുമ്പിലെ മാനുഷിക ബുദ്ധി പരിമിതമാണെന്ന വിവേകത്തെ തിരിച്ചറിഞ്ഞ ചില നായകരെങ്കിലും(?) ആധ്യാത്മികജ്ഞാനത്തിന്റെ പ്രാമാണികതയെ അറിയാതെ അംഗീകരിച്ചിട്ടുണ്ട്. മൈസൂരിലും ഗുണ്ടല്‍പേട്ടയിലും മറ്റും ദീര്‍ഘകാലം ധ്യാനത്തിലിരുന്ന് ഇമാം ഗസ്സാലിയുടെ ഇഹ്‌യാഉലൂമുദ്ദീനില്‍ ലയിച്ച് ആത്മപ്രചോദിതനായി ഹജ്ജിനു പുറപ്പെട്ട മൗലവി അബുസ്സ്വബാഹിന്റെ ചരിത്രം വ്യക്തമാണ്.

ഹമദാനി തങ്ങളുടെ ത്വരീഖത്ത് ബന്ധം പരസ്യമായ രഹസ്യമാണ്. ഇമാം ഗസ്സാലിയുടെ കീമിയാ സആദ വിവര്‍ത്തനം ചെയ്ത് ആനന്ദത്തിന്റെ ആല്‍ക്കെമിയിലൂടെ ആത്മാവിന്റെ അനശ്വരതയിലേക്കു വക്കം മൗലവി എത്തിച്ചേര്‍ന്നതും അധ്യാത്മികതയുടെ അനര്‍ത്ഥങ്ങള്‍ അനാവരണം ചെയ്തതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ്. നവോത്ഥാനത്തിന് ഇസ്‌ലാമിക ദര്‍ശനത്തിന്റെ കലര്‍പ്പറ്റ അനുശീലനങ്ങളാണ് ആശ്രയിക്കേണ്ടതന്നെ തിരിച്ചറിവില്‍ നിന്നായിരിക്കാം ഇവരെല്ലാം ആത്മിക വിചാരത്തിന്റെ വിവേകപ്പൊരുള്‍ പകര്‍ത്തിയെഴുതിയത്. പിന്നീടു വന്ന നവ മൗലവിമാര്‍ (ലേറ്റസ്റ്റ്) ഇതറിയാതെപോയതില്‍ സഹതപിക്കാം. അനല്‍പമായ ബൗദ്ധിക വിചാരങ്ങളുടെ വേലിയേറ്റം സാമ്പ്രദായിക തിരസ്‌കരണത്തിന് ഹേതുവായിത്തീര്‍ന്നപ്പോള്‍ 1921നു മുമ്പ് കടന്നുവന്ന സാമൂഹിക വിപ്ലവങ്ങളെയും ഉത്ഥാനപ്രക്രിയകളെയും യാഥാസ്തികതയുടെ പേരില്‍ പുറന്തള്ളുന്ന പ്രവണത ഉയര്‍ന്നുവന്നു. പക്ഷേ, വഹാബിസത്തിന്റെ മതപരിഷ്‌കരണ വാദങ്ങളുടെ ഉത്ഭവവും ചരിത്രവും പഠനവിധേയമാക്കിയാല്‍-അഥവാ കൊടുങ്ങല്ലൂരില്‍ കുറ്റിയടിക്കുന്ന നവോത്ഥാനോ(?)ത്ഭവത്തിന്റെ ആദ്യനാളുകളില്‍-തുര്‍ക്കിയില്‍ പാശ്ചാത്യാശയങ്ങള്‍ക്കു വ്യാപ്തി നല്‍കിയ കമാല്‍ പാഷയെയും മുസ്‌ലിം സ്വത്വത്തെ സായിപ്പന്‍മാര്‍ക്കിടയിലേക്കു വലിച്ചുകീറാന്‍ പാകപ്പെടുത്തിക്കൊടുത്ത ഇബ്‌നു അബ്ദില്‍ വഹാബിന്റെയും ആശയങ്ങള്‍ തമ്മിലെ ബന്ധം ഗ്രാഹ്യമാകും. ഇതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ് പുതിയ രീതികളെ പ്രതിഷ്ഠിച്ച് ചരിത്രത്തിന്റെ 'പുതു' നിര്‍മിതിക്കുള്ള ശ്രമത്തിനിടെ പരിഷ്‌കരണ വിഭാഗത്തിന്റെ സാല്‍വേഷനിലെ '19ാം  നൂറ്റാണ്ടു വരെ കേരള മുസ്‌ലിംകള്‍ക്ക് ഖുര്‍ആനും ഹദീസും അറിയില്ലാ'യെന്ന അസംബന്ധ എഴുത്ത് പ്രദര്‍ശനം.

1920കള്‍ക്കു മുമ്പ് ജീവിച്ച് സമൂഹത്തിന്റെ പ്രയാണ നൗകയില്‍ ഊര്‍ജം പകര്‍ന്ന പണ്ഡിതന്‍മാര്‍ക്ക് ഇസ്‌ലാമികാശയ സംഹിതകള്‍ അറിയില്ലായെന്ന് വരുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ ഐക്യസംഘക്കാര്‍ക്ക് ആധ്യാത്മിക ജ്ഞാനങ്ങള്‍ ഇലാഹീ പ്രവാഹത്താല്‍ പൊടുന്നനെ ലഭിച്ചുവെന്നായിരിക്കുമല്ലോ എഴുത്ത് പ്രദര്‍ശനത്തിന്റെ താല്‍പര്യം!! ചരിത്രപരമായ വിശകലനങ്ങള്‍ തേടുമ്പോള്‍, യഥാര്‍ത്ഥത്തില്‍ നവോത്ഥാന വാദികള്‍ അവകാശപ്പെടുന്ന 1920 കാലഘട്ടം രാഷ്ട്രീയപരമായ ചേരിതിരിവിന്റെയും മരവിപ്പിന്റെയും നാളുകളായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലെ ആശയസംഘട്ടനവും അതിന്റെ പര്യവസാനം നടത്തിയ രാഷ്ട്രീയ സമരസപ്പെടലിന്റെയും അനുരജ്ഞനത്തിന്റെയും സാധ്യതകളെ മുസ്‌ലിം പണ്ഡിതര്‍ വിചാരപ്പെടാന്‍ തുടങ്ങിയ കാലം കൂടിയായിരുന്നു. രാഷ്ട്രീയ ലാക്കിന്റെയും ഭൗതിക താല്‍പര്യത്തിന്റെയും മറവില്‍ പോയകാലത്തിന്റെ പോരാട്ടങ്ങളെ മനപ്പൂര്‍വം അകറ്റി നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. 'കേരള മുസ്‌ലിം നവോത്ഥാനം' ഐ.പി.എച്ച്. പുറത്തിറക്കിയ പുസ്തകത്തില്‍  പറയുന്നത് 'ചേരമാന്‍ പെരുമാളില്‍ നിന്നും തുടങ്ങി മക്തി തങ്ങള്‍, കെ.എം. മൗലവി, എം.സി.സി. എന്നിവരിലവസാനിക്കുന്ന നവോത്ഥാന ശ്രംഖല' എന്നാണ്. ഇവിടെ ശ്രദ്ധയാകര്‍ഷിക്കേണ്ടത് മതനവീകരണ സംരംഭങ്ങള്‍ കൊണ്ട് ഒട്ടും ആത്മീയ വളര്‍ച്ച കൈവരിക്കാന്‍ ഒരു മതത്തിനും സാധിച്ചിട്ടില്ലായെന്നതാണ്. സ്വന്തം വേരുകളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ മാത്രമാണ് ഭാവിയിലേക്കുള്ള വളര്‍ച്ചയെ ലക്ഷീകരിക്കാനാവുക. പാരമ്പര്യത്തിന്റെ നൂലിഴകളില്‍ കത്തി വച്ച് പടിഞ്ഞാറന്‍ സെമിത്തേരിക്ക് മുമ്പില്‍ കൈ കൂപ്പാന്‍ ഒരു ജനതയെ വലിച്ചുകൊണ്ടുപോകുന്ന തെറ്റായ കീഴ്‌വഴക്കങ്ങളെ പുനപ്പരിശോധിക്കേണ്ടതുണ്ട്. ആത്മികമായ അകംവെളിച്ചത്തിന്റെ ആനന്ദാവേശം ആയുധമാക്കി രൂപപ്പെടുത്തിയെടുത്ത നവോത്ഥാനത്തെയും രാഷ്ട്രീയ സുസ്ഥിരതയെയും പഴഞ്ചനെന്നു പുച്ഛിച്ച് തള്ളിയവര്‍ പകരം വച്ചത് സാമ്രാജ്യത്വ ദാസ്യവേലകളുടെ സൃഷ്ടിപ്പുകളാണ്. ഇവിടെ വീണ്ടുവിചാരങ്ങള്‍ക്ക് ഇനിയും അവസരങ്ങള്‍ തുറന്നുവന്നില്ലെങ്കില്‍ രണ്ടു ലോകത്തും പരാജയപ്പെടുന്ന അന്ത്യമാണുണ്ടാവുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter