ആഫ്രിക്കയിലെ ഇസ്‌ലാം (ഭാഗം 6)
ഗിനിയ
എൺപത്തോഞ്ച് ശതമാനത്തോളം മുസ്‍ലിംകളുള്ള രാജ്യമാണ് ഗിനിയ റിപ്പബ്ലിക്. 12 ആം നൂറ്റാണ്ടിലാണ് ഇവിടെ ഇസ്‍ലാം പ്രചരിക്കുന്നത്. 1720 ൽ ഫൊതാജിലൂണിൽ ഇസ്‍ലാമിക ഭരണകൂടം സ്ഥാപിതമായതോടെ വളർച്ചക്ക് ആക്കംകൂടി. സുസു ഗോത്രക്കാരായ പ്രബോധകരും അറ്റ്ലാൻറ്റിക് തീരംവരെയുള്ള പ്രദേശങ്ങളിൽ ഇസ്‍ലാം പ്രചാരണത്തിന്റെ വാഹകരായി.
19 ആം നൂറ്റാണ്ടിൽ സെനഗലിലെ ഹാജി ഉമർ തീജാനിയുടെയും ഉമർ തീജാനിയുടെയും, ഗിനിയയിലെ ഇമാം സ്വമദിയുടെയും നേതൃത്വത്തിൽ നടന്ന മുന്നേറ്റത്തിൽ ധാരാളം പേർ ഇസ്‍ലാമിലേക്ക് കടന്നുവന്നിട്ടുണ്ട്. ഫ്രാൻസിന്റെ അധിനിവേശം കടന്നുവരുന്നത് ഈ കാലയളവിലാണ്. അധിനിവേശശക്തികൾക്കെതിരെ, ഗിനിയയിൽ മുസ്‍ലിംകൾ ഇമാം സ്വമദിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധം തീർത്തെങ്കിലും ഫ്രഞ്ച്ഭരണകൂടം അധികാരം പിടിച്ചെടുത്തു. നേതാവ് സ്വമദ് ബന്ദിയാക്കപ്പെടുകയും ഗാബോണിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. അവിടെ വെച്ച് അദ്ദേഹം ഈ ലോകംവെടിഞ്ഞു.
Also Read:ആഫ്രിക്കയിലെ ഇസ്‌ലാം (ഭാഗം 5)
പിന്നീട് അദ്ദേഹത്തിന്റെ മകൻ സേകൂത്തോറെയെ പോരാട്ടത്തിന്റെ കടിഞ്ഞാൺ ഏൽപ്പിച്ചതോടെ, പലതവണ അദ്ദേഹവും ജയിലിലടക്കപ്പെട്ടു. 1958 ൽ ഗിനിയ സ്വാതന്ത്ര്യം നേടിയപ്പോൾ സേകൂത്തോറ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം രാജ്യത്തെ സോഷ്യലിസ്റ്റ് ആശയത്തിലേക്ക് ചേർക്കാൻ ശ്രമിച്ചെങ്കിലും ശേഷം അദ്ദേഹം അതില്‍ നിന്ന് പിന്മാറി. ഇത് സൈന്യത്തിലും ജനങ്ങള്‍ക്കിടയിലും അവമതിപ്പുണ്ടാക്കി. അതേ തുടര്‍ന്നുണ്ടായ സൈനിക അട്ടിമറിയിൽ അദ്ദേഹത്തിന് ഭരണം നഷ്ടമായി.
പ്രസിഡണ്ടായിരുന്ന ആല്‍ഫ കോണ്ടെക്കെതിരെ പ്രതിഷേധങ്ങള്‍ പതിവായി. 2013 ല്‍ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യം ചെയ്ത് പ്രതിഷേധക്കാർ തെരുവിലിറങ്ങിയതിനെ തുടർന്ന് ഗിനിയയിൽ രാഷ്ട്രീയ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
തിരഞ്ഞെടുപ്പിന്റെ സുതാര്യതയില്ലായ്‌മയിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പിന്മാറാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം പ്രതിഷേധത്തിന് ആക്കം കൂട്ടി. പ്രതിഷേധത്തിനിടെ ഒമ്പത് പേർ കൊല്ലപ്പെടുകയും 220 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനിടെ, 2014 മാർച്ചിൽ എബോള വൈറസ് രോഗവും ഗിനിയയെ വരിഞ്ഞുമുറുക്കി.
2010 മുതല്‍ അധികാരത്തിലിരിക്കുന്ന കോണ്ടെ തന്നെയാണ് ഇപ്പോഴും ഗിനിയയുടെ അധികാരം കൈയ്യാളുന്നത്. 2020 ഒക്ടോബറിൽ നടത്തിയ തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തന്നെ സംശയം പ്രകടിപ്പിക്കുന്ന പ്രതിപക്ഷം ഇത്തവണയും ഫലം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
Leave A Comment