ഹരിയാന; ക്രമസമാധാനത്തിന്റെ മറവില്‍ ഒരുപ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നത് വംശീയ ഉന്മൂലനമെന്ന് ഹൈക്കോടതി

സംഘര്‍ഷത്തെ തുടര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ട ഹരിയാനയിലെ നൂഹ് ജില്ലയില്‍ ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ കഴിഞ്ഞ ദിവസം പഞ്ചാബ് ഹരിയാന കോടതി രൂക്ഷ പരാമര്‍ശമാണ് നടത്തിയത്. വംശീയ ഉന്മൂലമെന്നാണ് കോടതി സര്‍ക്കാര്‍ നടപടിയെ പരാമര്‍ശിച്ചത്. ക്രമസമാധാനത്തിന്റെ മറവില്‍ ഒരു പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചു നിരത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

നൂഹിലെ അനധികൃതമെന്നാരോപിച്ചുള്ള കെട്ടിടം പൊളിക്കല്‍ നിര്‍ത്തിവയ്ക്കാനും പഞ്ചാബ് ഹരിയാനാ ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് അഭിഭാഷകര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. നൂറുകണക്കിന് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്ന നടപടി നാലാം ദിവസത്തിലേക്ക് കടന്നതിനു പിന്നാലെയാണ് ഇടപെടല്‍. നിയമപ്രകാരമുള്ള നടപടി പാലിക്കാതെയാണ് സര്‍ക്കാര്‍ കെട്ടിടങ്ങളും വീടുകളും ഇടിച്ചുനിരത്തുന്നതെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ഇടിച്ചുനിരത്തല്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനു പിന്നാലെയാണ് അനധികൃത കൈയേറ്റമുണ്ടെന്ന് ചൂണ്ടിക്കാട്ടി 400 കുടിലുകളും നൂറിലേറെ കെട്ടിടങ്ങളും ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പൊളിക്കല്‍ നടപടിയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയെങ്കിലും ഉടമകള്‍ക്ക് നോട്ടിസ് നല്‍കാതെ കെട്ടിടങ്ങളും കുടിലുകളും ഇടിച്ചുനിരത്തിയ നടപടി പരക്കെ പ്രതിഷേധത്തിനിടയാക്കി. പൊളിച്ച കുടിലുകളും കടകളും ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേസുകളില്‍പെട്ടവരുടെ വീടുകളും കെട്ടിടങ്ങളും നിയമവിരുദ്ധമായി പൊളിച്ചുനീക്കുകയാണ് നൂഹില്‍ എന്നാണ് ഉയരുന്ന പരാതി.

നൂഹില്‍ കര്‍ഫ്യൂവില്‍ ഇളവുനല്‍കിയതിനെ തുടര്‍ന്ന് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി ജനങ്ങള്‍ പുറത്തിറങ്ങി. നഗരത്തിലും നഗരപ്രാന്തങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പൊലിസും അര്‍ധ സേനാ വിഭാഗവും ക്യാംപ് ചെയ്യുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter